ഹാജിയാരുടെ സ്വന്തം അപ്പൂസ്
————————————————–
“ഡീ ജാനു, ആ പടിഞ്ഞാറേ മുറീന്ന് ചോളതവിടിങെടുത്തെ, ഞാൻ ചന്തയിൽ നിന്ന് ഹാജിയാരെ കണ്ടിരുന്നു. അവരിപ്പോൾ പറമ്പിലോട്ട് തെങ്ങ് കയറ്റിക്കാൻ വരും. അപ്പോഴേക്കും പശുക്കളെ വെള്ളം കൊടുത്തു പുറത്തു കേട്ടട്ടേ. ചെനയുള്ളതാ.. തെങ്ങുകയറ്റക്കാർ വന്നാൽ പിന്നെ ഉച്ചകഴിയും അവിടെ നിന്ന് വരാൻ”
കയ്യിൽ കവറിൽ ചാളയും മറ്റുമായി കേശവൻ ഭാര്യ ജാനുവിനോടായി വിളിച്ചുപറഞ്ഞു വീടിന്റെ പുറകുവശത്തെത്തി. പച്ചമടൽ വെട്ടി കീറികൊണ്ടിരുന്ന ജാനു വെട്ടുകത്തി നിലത്തിട്ടു കേശവന്റെ കയ്യിൽനിന്നും കവറുകൾ വാങ്ങി അകത്തു പോയി. വരുമ്പോൾ ചോളത്തവിടിന്റെ സഞ്ചിയുമായി ജാനു വന്നു.
ഹാജിയാർ നാട്ടിലെ പ്രമുഖരിൽ ഒരാളാണ്. ഒരുപാട് തെങ്ങിൻ തോപ്പുകളും കടകളും ഉള്ള ഒരു പണക്കാരൻ. അതിൽ ഒരു വലിയ തെങ്ങിൻതോപ്പ് നോക്കുന്ന പണി കേശവനാണ്. വീടിന്റെ അടുത്തുള്ള തോപ്പായതിനാൽ അവിടത്തെ കാര്യങ്ങൾ നോക്കിയാണ് കേശവൻ ജീവിച്ചിരുന്നത്. നല്ല മനസ്സുള്ള ഹാജിയാർ കേശവന്റെ കുടുംബത്തിന് ഒരു സഹായവുമായിരുന്നു.
പണ്ടുകാലത്തൊക്കെ ആരുടെ തോപ്പാണോ നോക്കുന്നത് അവർക്കു ആ തോപ്പിൽ തന്നെ കുറച്ചു സ്ഥലം വീടുവെക്കാനായി ആ തോപ്പിന്റെ ഉടമസ്ഥൻ അയാളുടെ പേരിൽ എഴുതിക്കൊടുക്കും. അങ്ങനെ കിട്ടിയതാണ് കേശവന് ഈ സ്ഥലവും.
“ഡീ അപ്പു ഇതുവരെ എഴുന്നേറ്റിട്ടില്ലേ? അവനെ വിളിച്ചുണർത്തി എന്തേലും കൊടുക്ക്. എന്നിട്ട് നീയും വാ തൊപ്പിലോട്ട്. അവിടെ വിറകുകൾ വാരിവെക്കാനുണ്ടാകും.”
“അവനെ ഇപ്പൊ ഞാൻ വിളിച്ചു വന്നേയുള്ളു. ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. കിടന്നോട്ടെ.
പിന്നേ കഴിഞ്ഞ പ്രാവശ്യം തന്നെ ചകിരി വേറെ ആർക്കോ ഹാജിയാർ കൊടുത്തു. ഇത്തവണയെങ്കിലും നേരത്തെ പോയി ചോദിച്ചോളണം. ഇവിടെ കത്തിക്കാൻ ഒരു വസ്തുവില്ല.”
കേശവൻ ഒരു തോർത്തുമുണ്ടുമെടുത്ത് തോപ്പ് ലക്ഷ്യമാക്കി നടന്നു. കേശവന്റെ പേരക്കിടാവാണ് അപ്പു. മകളുടെ മകൻ. ആറ് വയസ്സുകാരൻ. സ്കൂൾ ഇല്ലാത്തപ്പോൾ അമ്മയുടെയും അമ്മാച്ചന്റെയും കൂടെ നിൽക്കാനായി വരും. ഇവിടെയാണ് അപ്പുവിന് കളിക്കാൻ കുറെ കൂട്ടുകാരുള്ളതും. അതിനാൽ അവധി ദിവസങ്ങളിൽ വേഗം എത്തിക്കോളും.
തോപ്പിൽ തെങ്ങുകയറ്റം തുടങ്ങി. ഹാജിയാർ തലയിൽ വെള്ളമുണ്ട് കെട്ടി കയ്യിൽ ഒരു പുസ്തകവും പേനയുമായി നടക്കുന്നു. ഉറക്കമെഴുന്നേറ്റുവന്ന അപ്പു വീട്ടിൽ ആരെയും കാണാത്തതുകൊണ്ട് മുറ്റത്തോട്ടിറങ്ങി. തോപ്പിലതാ അമ്മമ്മ വിറക് പെറുക്കി കൂട്ടുന്നു. മുഖത്ത് കുറച്ചു വെള്ളമൊഴിച്ചു അപ്പു തോപ്പിലോട്ട് നടന്നു.
“അതാരാ കേശവാ ട്രൗസർ ഇട്ടോണ്ട് കുപ്പായം വായിൽ കടിച്ചുപിടിച്ചു വരുന്നത്”
അമ്മച്ചനോട് ഹാജിയാരുടെ ചോദ്യം.
“ഹാ.. അതെന്റെ പേരക്കിടാവല്ലേ ഹാജിയാരെ.. എന്റെ മൂത്ത മോളുടെ മകനാണ്. സ്കൂൾ ഇല്ലാത്തപ്പോൾ ഞങ്ങൾക്കൊരു തുണയായി ഇങ്ങോട്ട് വരും. ഇന്നലെ രാവിലെ വന്നതാണ്. ഹാജിയാർ ഇവനെ കണ്ടിട്ടില്ലല്ലേ”
ഹാജിയാരുടെ മുഖത്തോട്ട് നാണംകൊണ്ട് നോക്കി അമ്മാച്ചന്റെ അടുത്തൊട്ട് നടന്നു. അമ്മമ്മയും അമ്മാച്ചനും വിറകും ഓലയും തേങ്ങയും പെറുക്കി ഇടുന്നതുകണ്ട് അപ്പുവും സഹായിക്കാൻ തുടങ്ങി. തണലത്ത് ഇതെല്ലം നോക്കി ചെറുപുഞ്ചിരിയോടെ ഹാജിയാർ നോക്കി നിന്നു.
പ്രായത്തിൽ കവിഞ്ഞ പക്വതയും ചുറുചുറുക്കുംഖ് അപ്പുവിന് ധാരാളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവനെ ആരും ഇഷ്ടപ്പെടും. എന്തും തന്നെക്കൊണ്ട് ചെയ്യാൻ പറ്റും എന്നുള്ള ആത്മവിശ്വാസം അവനിൽ ഉണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ശരീരം പോലും നോക്കാതെ ഏർപ്പെട്ട ജോലി എന്ത് തന്നെയായാലും അവൻ ഭംഗിയായി ചെയ്തുതീർക്കും.
“ചന്ദ്രാ… എനിക്കൊരു ഇളനീർ ഇട്ടോളൂ.. ആ കൂടെ ദാ അവനും”
തെങ്ങു കയറുന്ന ചന്ദ്രനോട് ഹാജിയാർ പറഞ്ഞു. ചന്ദ്രൻ ഇട്ട ഇളനീർ ചെത്തി ഒന്ന് ഹാജിയാർക്കും ഒന്ന് അപ്പുവിനും കൊടുത്തു. തെങ്ങുകയറ്റം കഴിഞ്ഞു പോവാൻ നേരം ഹാജിയാർ അപ്പുവിനെ അടുത്തേക്ക് വിളിച്ചു.
“മോനെ.. ഹാജിയാർക്കു മോനെ പെരുത്തിഷ്ട്ടായി. എന്റെ വീട്ടിലും ഉണ്ട് മൂന്നാലെണ്ണം നിന്നെപ്പോലത്തെ. അവർക്കു ടീവിയും വീഡിയോഗെയിമും മാത്രേ ഉള്ളൂ. നേരം വെളുത്താൽ പല്ല് തേച്ചാൽ ആയി. നേരെപോയി ടീവീടെ മുന്നിൽ ഇരിക്കും. അമ്മാച്ചനെയും അമ്മമ്മയെയും സഹായിക്കുന്ന നിന്നെ കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. എന്നും ഇങ്ങനെ വേണംട്ടോ. എല്ലാരേം കൊണ്ട് നല്ലതു പറയിപ്പിക്കണം.”
ഹാജിയാർ അപ്പുവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. വിയർത്ത കണ്ണുകളുമായി അപ്പു സ്നേഹത്തോടെ ഹാജിയാരെ നോക്കി. എല്ലാം കണ്ട് കേശവനും ജാനുവും നിന്നുനോക്കി.
“ദാ.. ഇത് നിനക്ക് മിട്ടായി വാങ്ങാൻ ഹാജിയാരുടെ വക.”
ഹാജിയാരുടെ വെള്ള ജുബ്ബയുടെ പോക്കറ്റിൽ നിന്നും കയ്യിട്ട് നല്ല പെടക്കണ അൻപതിന്റെ ഒരു നോട്ടെടുത്തു അപ്പുവിന് കൊടുത്തു. അപ്പു അത് വാങ്ങാൻ വിസ്സമ്മതിച്ചുവെങ്കിലും ഹാജിയാർ നിർബന്ധിച്ചപ്പോൾ വാങ്ങി.
തെങ്ങുകയറ്റം കഴിഞ്ഞു.. തൊഴിലാളികളും ഹാജിയാരും പോവാൻ തുടങ്ങി. അപ്പു അപ്പോഴും ആ അൻപതുരൂപാ നോട്ട് കയ്യിൽ പിടിച്ചു ഹാജിയാരെ നോക്കിനിന്നു. ഇടക്ക് ആ നോട്ടൊന്നു മണത്തുനോക്കി. നല്ല അത്തറിന്റെ മനം. ഹാജിയാർ അപ്പുവിന്റെ തലയിൽ തൊട്ടപ്പോഴും ആ അത്തറിന്റെ മണം അപ്പുവിന്റെ മൂക്കിലടിച്ചിരുന്നു. അപ്പുവും അമ്മാമയും വീട്ടിലേക്കു നടന്നു.
സ്കൂൾ തുടങ്ങിയപ്പോൾ അപ്പു ആ അൻപതുരൂപയുടെ നോട്ട് നോട്ട്ബുക്കിന്റെ ഇടയിൽ വെച്ച് ക്ലാസ്സിൽ പോയി. കുട്ടികളുടെ ഇടയിൽ ചെന്ന് ആ നോട്ടെടുത്ത് വലിയ ആളായി കാണിച്ചു. അവർക്കിടയിൽ അപ്പു ഒരു വലിയവനാണ്. ഒന്നിന്റെയും രണ്ടിന്റെയും നാണയത്തുട്ടുകൾ കൊണ്ടുവരുന്ന കൂട്ടുകാർ അൻപതിന്റെ നോട്ട് കണ്ട് കണ്ണുതള്ളി. നോട്ട് കണ്ടു അപ്പുവിന്റെ തോളിൽ കയ്യിട്ട് നടക്കാൻ കുറെ പേരുമായി. എങ്കിലും അപ്പു തന്റെ കൂടെ ആദ്യം ഉണ്ടായിരുന്നവർ മാത്രമേ സ്വീകരിച്ചുള്ളൂ. കഴിവുകൾ കണ്ട് വരുന്ന സൗഹൃദം നല്ലതല്ല എന്ന് അവനറിയാമായിരുന്നു.
വീണ്ടുമൊരു സ്കൂൾ അവധിയിൽ അപ്പു അമ്മയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. 30 മിനുട്ട് നടന്നാൽ എത്തുന്നതാണ് അമ്മയുടെ വീട്.പാടത്തിന്റെ വക്കിലൂടെയും തെങ്ങിൻ തോപ്പിലൂടെയും ടെക്സ്ടൈൽസിന്റെ കവറിൽ ട്രൗസറും ഷർട്ടും കറക്കി കൊണ്ട് അപ്പു നടന്നു. ഹാജിയാരുടെ തോപ്പിന്റെ നടുവിലൂടെയുള്ള ഇടവഴിയിലൂടെയാണ് അമ്മമ്മയുടെ വീട്ടിലേക്ക് പോവുക. തോപ്പിന്റെ നടുവിലെത്തിയപ്പോൾ കുറച്ചു അകലെയായി എന്തോ വെളുത്ത രൂപം തെങ്ങിൽ ചാരി വെച്ചേക്കുന്നപോലെ തോന്നി. അപ്പു കുറച്ചുനേരം സൂക്ഷിച്ചുനോക്കി. അപ്പോൾ അതാ ഒരു ശബ്ദം “അള്ളാ…” അപ്പുവിന് ശബ്ദം കേട്ടപ്പോൾ അത് ഹാജിയാർ ആണെന്ന് മനസ്സിലായി. കയ്യിൽ ഉണ്ടായിരുന്ന കവർ വലിച്ചെറിഞ്ഞു തെങ്ങിൻ തോപ്പിലൂടെ അപ്പു ഓടി ഹാജിയാരുടെ അടുത്തെത്തി. ഹാജിയാർ ആകെ വിയർത്തിരുന്നു. സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് വ്യക്തമാകുന്നില്ല. കൈകൾ തണുത്തു മരവിച്ചപോലെ. അപ്പു വേഗം അമ്മാച്ചനെ വിളിക്കാൻ ഓടി. പശുവിനു വെള്ളം കൊടുത്തു നിന്നിരുന്ന അമ്മാച്ചൻ ഓടിവന്നു ഹാജിയാരെ എടുത്തു. അപ്പുറത്തെ തോപ്പിൽ കിളക്കാൻ വന്ന തൊഴിലാളികളും ചേർന്ന് പൊക്കിയെടുത്തു ആശുപത്രിയിൽ കൊണ്ടുപോയി.
ആശുപത്രിയിൽ ഹാജിയാരുടെ വീട്ടുകാരെല്ലാം എത്തി. അപ്പുവും അമ്മാച്ചനും ഒരു മൂലയിൽ നിൽക്കുന്നു. റൂമിൽ നിന്ന് ഡോക്ടർ പുറത്തു വന്നു.
“അദ്ദേഹത്തിന് ചെറിയൊരു അറ്റാക്ക് ആണ് കഴിഞ്ഞത്. ഇനി പ്രത്യേകം ശ്രദ്ധിക്കണം. ഇനി സംസാരിക്കേണ്ടവർക്കു പോയി സംസാരിക്കാം”
ഡോക്ടർ പോയി. ഹാജിയാരുടെ വീട്ടുകാർ ഉള്ളിലേക്ക് പോയി. അപ്പുവും അമ്മാച്ചനും വാതിലിൽ കാണാൻ വേണ്ടി ഉള്ള വട്ടത്തിലൂടെ നോക്കി.
ഹാജിയാരുടെ മൂത്ത മകൻ ഡോർ തുറന്ന് പുറത്തു വന്നു.
“അപ്പുവിനെ ഉപ്പ വിളിക്കുന്നുണ്ട്”
അപ്പുവും അമ്മാച്ചനും കൂടി ഡോർ തുറന്ന് അകത്തുകടന്നു. ഹാജിയാരുടെ ഭാര്യ കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരിക്കുന്നു.
അപ്പു മെല്ലെ ഹാജിയാരുടെ അടുത്തോട്ട് നടന്നു.എം
“ഇങ്ങു വാ അപ്പു.. നമ്മൾ ഓരോരുത്തരിലും ദൈവം ഉണ്ട്. പക്ഷെ അത് നമ്മൾക്ക് കാണാനോ അറിയാനോ സാധിക്കില്ല. എങ്കിലും നമ്മൾക്ക് എന്തെങ്കിലും അപകടം വരുമ്പോൾ നമുക്കു മുന്നിൽ ആ ദൈവത്തിന്റെ കാര്യങ്ങൾ പ്രത്യക്ഷപ്പെടും. എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അപ്പൂസിന്റെ കാരങ്ങളാണ്. എന്റെ ദൈവം അപ്പൂസാണ്. ”
അപ്പു പുഞ്ചിരിക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഹാജിയാർ തലയിൽ കൈവെച്ചു.
“നീ ഹാജിയാരുടെ സ്വന്തം അപ്പൂസാണ്”
ഇതും പറഞ്ഞു ഹാജിയാർ അപ്പുവിന്റെ കയ്യിൽ ഒരു അമ്പതുരൂപ നോട്ട് വെച്ചുകൊടുത്തു.എം
“മോൻ പോയി മിട്ടായി വാങ്ങിച്ചോട്ട”
അപ്പുവും അമ്മാച്ചനും ഇറങ്ങി നടന്നു.
ദിവസങ്ങൾ കഴിഞ്ഞു. ഹാജിയാർ പഴയപോലെ ഉഷാറായി. തോപ്പിൽ വരാൻ തുടങ്ങി. അപ്പുവിനെ കാണുമ്പോഴൊക്കെ സ്നേഹത്തോടെ ആ തലയിൽ തലോടി അമ്പതുരൂപയും കൊടുത്തു. അതൊരു പതിവായി.അപ്പുവും ഹാജിയാരും ഒരുപാട് അടുത്തു.
അങ്ങനെയാണ് വലിയ പെരുന്നാൾ വന്നത്. പെരുന്നാളിന്റെ തലേന്നാൾ ഹാജിയാർ തോപ്പിലേക്ക് വന്നത് ഒരു കവറും കയ്യിൽ പിടിച്ചിട്ടാണ്. തോപ്പിൽ ഹാജിയാർ നിൽക്കുന്നത് കണ്ടപ്പോൾ മുറ്റത്തു നിന്നിരുന്ന അപ്പു ഓടി ഹാജിയാരുടെ അടുത്തെത്തി.
“ദാ.. ഇതെന്റെ അപ്പുവിനുള്ള ഹാജിയാരുടെ പെരുനാൾകോടി. ന്റെ പേരക്കുട്ടികൾക്ക് എടുത്തപോലെ തന്നെ അപ്പുവിനും എടുത്തു. ആ പിന്നെ നാളെ നിനക്ക് ഉച്ചയൂൺ ഹാജിയാരുടെ വീട്ടിൽ. രാവിലെ അങ്ങോട്ട് എത്തിയേക്കണം. പിന്നെ ഇതാ എന്റെ വക സക്കാത്ത്കായി.”
ഹാജിയാർ അന്ന് അപ്പുവിന് ഡ്രസ്സും കൂടെ രണ്ട് അൻപതുരൂപ നോട്ടുകളും കൊടുത്തു.
പിറ്റെന്നാൾ ഹാജിയാർ കൊടുത്ത ഡ്രെസ്സുമിട്ട് അപ്പു അമ്മാച്ചന്റെ കൂടെ ഹാജിയാരുടെ വീട്ടിൽ പോയി. വലിയ വീട്. ആകെ ബഹളം. ഒരുപാട് പേരുണ്ട്. രണ്ടുമൂന്നു കാറും കിടക്കുന്നു. അമ്മാച്ചൻ തോർത്തും തോളിൽ നിന്നെടുത്തു ഉമ്മറത്ത് നിന്നു. കൂടെ അപ്പുവും.
“ഹാ ആരിത് ?, രണ്ടാളും വന്നോ. കേറി ഇരിക്ക് കേശവാ.. അപ്പു വാ ഇങ്ങു കേറിവാ.”
ചമ്മലോടെ അപ്പു അകത്തുകേറി. അകത്തു ഹാജിയാരുടെ പേരക്കുട്ടികൾ ഭക്ഷണം കഴിക്കാനായി മേശയിൽ ഇരിക്കുന്നു. ആരൊക്കെയോ വിളമ്പി കൊടുക്കുന്നു.
“മോളെ റാബിയ.. ഇവനെക്കൂടി അവരുടെ കൂടെ ഇരുത്തിക്കോ. എന്റെ സ്വന്തം ആളാണ്. വേണ്ടതൊക്കെ വിളമ്പി കൊടുക്ക്.
അങ്ങോട്ട് ചെല്ല് അപ്പു”
ഹാജിയാർ അകത്തോട്ട് നോക്കി പറഞ്ഞു. അപ്പു മെല്ലെ നടന്നു കസേരയിൽ ഇരുന്നു. നിലത്തിരുന്നു ഭക്ഷണം കഴിച്ചു ശീലിച്ച അപ്പുവിന് മേശയിലുള്ള ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായി. എങ്കിലും എന്തൊക്കെയോ നുള്ളി നുള്ളി കഴിച്ചു. അവസാനം സേമിയ പായസവും.
ഊണും കഴിഞ്ഞു ഒന്നുരണ്ട് സൊറപറച്ചിലും കഴിഞ്ഞു കേശവനും അപ്പുവും അവിടെനിന്നും ഇറങ്ങി. നടത്തത്തിൽ കേശവൻ അപ്പുവിനോട് ഹാജിയാരുടെ നല്ല മനസ്സിനെപ്പറ്റി വർണ്ണിക്കുന്നുണ്ടായിരുന്നു. എത്ര വർണിച്ചാലും പറഞ്ഞാലും തീരാത്ത അത്ര നല്ല കാര്യങ്ങൾ ചെയ്ത മനുഷ്യൻ. അതും ജാതിയും മതവും നിറവും നോക്കാതെ. അപ്പു എല്ലാം മിണ്ടാതെ കേട്ട് നടന്നു.
സ്കൂൾ തുടങ്ങി. അപ്പു സ്വന്തം വീട്ടിലേക്കു വന്നു. അന്നൊരു വെള്ളിയാഴ്ച സ്കൂൾ വിടാൻ നേരം വൈകും. വീട്ടിൽ വന്നപ്പോൾ അമ്മാച്ചൻ ഉമ്മറത്ത് ഇരിപ്പുണ്ട്. പതിവില്ലാതെ അമ്മാച്ചനെ കണ്ടപ്പോൾ അപ്പു സന്തോഷത്തോടെ ഓടി വന്നു. നാളെയും മറ്റന്നാളും സ്കൂൾ ഇല്ല. അതുകൊണ്ട് എന്നെ വിളിക്കാൻ വന്നതാകും. അപ്പു മനസ്സിൽ കരുതി.
“അപ്പു പുസ്തകം അകത്തു കൊണ്ടുവെച്ച് വായോ. നമുക്കുപോകാം”
അമ്മാച്ചൻ പറഞ്ഞതനുസരിച്ചു അപ്പു പുസ്തകം അകത്തു കൊണ്ടുവച്ചു. രണ്ടു ട്രൗസറും കുപ്പായവും ഒരു കവറിൽ എടുത്തു ഇറങ്ങി. അപ്പുവിന്റെ കയ്യിൽ അമ്മാച്ചൻ പിടിച്ചു നടന്നു. പൊതുവെ നടക്കുമ്പോൾ അമ്മാച്ചൻ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടാണ് നടക്കാറുള്ളത്. ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അപ്പു ഒന്നും ചോദിച്ചതുമില്ല.
അമ്മാച്ചന്റെ വീടെത്തി. അമ്മമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ട്. അപ്പുവിന്റെ കയ്യിൽ നിന്ന് അമ്മമ്മ കവർ വാങ്ങി വെച്ചു. അമ്മമ്മയുടെ മുഖവും എന്തിനോവേണ്ടി വിഷമിച്ചപോലെ അപ്പുവിനു തോന്നി. എങ്കിലും അപ്പു ഒന്നും ചോദിച്ചില്ല.
“വായോ അപ്പു.. നിന്നോട് ഹാജിയാർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. നിന്നെ ഒന്ന് കാണണമത്രേ. നമുക്ക് പോയിവരാം”
അമ്മാച്ചന്റെ കയ്യും പിടിച്ചു അപ്പു നടന്നു. ഹാജിയാരുടെ വീടിനടുക്കുംതോറും കുറെ വാഹനങ്ങളും ആൾക്കാരും അപ്പു കണ്ടു. ഒന്നും മനസ്സിലാവാതെ അപ്പു നടന്നു. വീടിന്റെ മുറ്റത്ത് ആകെ ആൾക്കാർ. അപ്പു ഓരോരുത്തരുടെയും മുഖവും വീക്ഷിച്ചു പേടിച്ചുകൊണ്ട് നടന്നു. ഉമ്മറത്ത് ഹാജിയാരുടെ മകൻ വിഷമത്താൽ ഇരിക്കുന്നു. അമ്മാച്ചൻ അകത്തോട്ട് നടന്നു കൂടെ അപ്പുവും.
സാമ്പ്രാണിയുടെയും ചന്തനത്തിരിയുടെയും മണം അപ്പുവിനെ വല്ലാതെ ഭീതിപ്പെടുത്തി. ഹാളിൽ ചില്ലിട്ട ഒരു പെട്ടിക്കുള്ളിൽ ഹാജിയാർ കിടക്കുന്നു. ചുവന്ന ചുണ്ടിലെ ആ പുഞ്ചിരിയോടുകൂടി. എല്ലാം അവസാനിച്ചു മടങ്ങുകയാണ് എന്നുള്ള സമാധാനവും സന്തോഷവും ആ മുഖത്തുണ്ട്. അപ്പുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. തന്റെ പ്രായമുള്ള ഹാജിയാരുടെ പേരക്കുട്ടികൾ അപ്പുറത്തെ റൂമിൽ ഗെയിം കളിച്ചു ശബ്ദമുണ്ടാകുന്നു. അവരെ നിയന്ത്രിക്കാൻ ആരോ ഇരിക്കുന്നു അവിടെ.
അപ്പുവും കേശവനും ഇറങ്ങി കയ്യാലയിലെ പടിയിൽ ചെന്നിരുന്നു. ഹാജിയാരെ പള്ളിയിലേക്ക് കൊണ്ടോവാൻ ആയി ആരൊക്കെയോ ഉള്ളിൽ കടന്നു. അപ്പുവും കേശവനും എഴുന്നേറ്റു. പള്ളിയിലെ ഉസ്താദുമാരും ബന്ധക്കാരും പുറത്തേക്കു വരുന്നു. പുറകെ ഹാജിയാരുടെ മകനും വേറെ ആളുകളും തോളിൽ മയ്യത്തുകട്ടിലിൽ ഹാജിയാരെ കിടത്തി പുറകെവരുന്നു.
ഗേറ്റ് കടന്നുപോയ അവരെ അപ്പു നോക്കി നിന്ന്. പുറകിൽ നിന്ന്
“മോനെ അപ്പു” എന്നുള്ള വിളികേട്ടു അപ്പു തിരിഞ്ഞു നോക്കി. ഹാജിയാരുടെ വീട്ടുജോലിക്കാരൻ രാഘവേട്ടൻ. അപ്പുവിന്റെ കയ്യിൽ ഒരു അമ്പതുരൂപയുടെ നോട്ട് വെച്ചുകൊടുത്തു പറഞ്ഞു
“ഇത് ഹാജിയാർ അപ്പുവിന് തരാൻ പറഞ്ഞതാ പോകുന്നതിനുമുമ്പ്”
രാഘവേട്ടൻ കരയുന്നു.
അപ്പു ആ നോട്ട് വാങ്ങി പുറത്തോട്ട് നോക്കി. മതിലിന്റെ മുകളിലൂടെ ആ മയ്യത്തുംകട്ടിൽ മാത്രം അപ്പുവിന് കാണാം. അപ്പു ആ നോട്ട് മണത്തുനോക്കി. ഹാജിയാരുടെ അത്തറിന്റെ മണം. ആ നോട്ട് മുഖത്ത് വെച്ച് അപ്പു പടിയിൽ ഇരുന്നു.
രചന
വിപിൻദാസ് അയിരൂർ.
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission