#സെലിബ്രിറ്റിസ്
കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയിലാണ് ശരണ്യ.
ബസിന്റെ വിൻഡോ സീറ്റിലിരുന്ന് കാണുന്ന സ്ഥിരം കാഴ്ച്ചകൾ അവൾ പതിവ് പോലെ ആസ്വദിച്ചു……..
ബസ്സിൽ ആവശ്യത്തിന് മാത്രമേ തിരക്കുണ്ടായിരുന്നുള്ളു എന്നാലും കണ്ടക്ടർ തന്റെ സ്ഥിരം പല്ലവി പാടി
”മുന്നോട്ട് കേറിനിക്കപ്പാ ഒരു ഫുട്ബാൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ ”
കുറച്ചുപേർ മുൻപോട്ട് കയറിനിന്നു
ശരണ്യയുടെ ശ്രദ്ധ പുറംകാഴ്ച്ചകളിൽ നിന്ന് പതിയെ ബസിനകത്തേക്കായി
നേരത്തെ മുൻപോട്ട് കയറിനിന്നവരിൽ ഒരു ഞെരമ്പനുണ്ടായിരുന്നു
അയാൾ തന്റെ മുൻപിൽ നിന്ന ചേച്ചിയോട് ചേർന്ന് നിന്നു
ബസിന്റെ മുകളിലുള്ള കമ്പിയിൽ പിടിച്ച ചേച്ചിയുടെ കയ്യിൽ അയാൾ തൊട്ടു
ചേച്ചി കൈ മുൻപോട്ട് നീക്കി
ആ ഒരു നിമിഷത്തിൽ തന്നെ ബസ് ഡ്രൈവർ സഡ്ഡൻ ബ്രേക്കിട്ടു.
ഞെരമ്പൻ ചേച്ചിയുടെ പുറകിലേക്കു നീങ്ങി തന്റെ മുഖംകൊണ്ട് ചേച്ചിയുടെ കഴുത്തിൽ സ്പർശിച്ചു .
”ഛേ ഇത് വല്ല്യ ശല്ല്യയല്ലോ ”
പുറകിലേക്ക് തിരിഞ്ഞു ചേച്ചി സ്വയം പ്രാകി.
ബസ് മുൻപോട്ടെടുത്തതും അയാൾ വീണ്ടും തന്റെ വികൃതികൾ ഓരോന്നായി ആരംഭിച്ചു
കുറച്ചുനേരമായി ഇതെല്ലം വീക്ഷിച്ചു കൊണ്ടിരുന്ന ശരണ്യയ്ക്ക് ദേഷ്യം വന്നു
അവൾ വേഗം ഫോണെടുത്ത് ഫേസ്ബുക്കിൽ കയറി ലൈവിൽ വന്നു. ഫോണിന്റെ ബാക്ക് ക്യാമറ ക്ലിക്ക് ചെയ്‌ത് ചേച്ചിയുടെ മുഖം പതിയാത്ത രീതിയിൽ സ്പർശന രംഗം നന്നായി ഷൂട്ട് ചെയ്തു .
ശരണ്യ ഷൂട്ട് ചെയ്യുന്നത് ബസിലെ കുറച്ചുപേർ ശ്രദ്ധിച്ചിരുന്നു .
”ശാലിനി ഒന്ന് മാറിക്കെ ”
തൊട്ടടുത്തിരുന്ന കൂട്ടുകാരിയെ മാറ്റി അവൾ സീറ്റിൽ നിന്നെഴുന്നേറ്റു
എന്നിട്ട് മുൻപോട്ട് നീങ്ങി അയാളുടെയും ചേച്ചിയുടെയുടേയും സൈഡിലെത്തി
”ചേച്ചി കുറച്ചു മുൻപോട്ട് നിൽക്കുമോ ”
ചേച്ചി മുൻപോട്ട് നീങ്ങി. ശരണ്യ ഫ്രണ്ട് ക്യാമറ ക്ലിക്ക് ചെയ്‌ത് അയാളെ കാണും വിധം മുൻപിൽ നിന്നു .
”നിങ്ങളെല്ലാവരും ഇയാളെ ശ്രദ്ധിക്കുക . ഇയാളുടെ പേരും നാടുമൊന്നും എനിക്കറിയില്ല പക്ഷെ ഞാനിയാളെ മൂന്ന് നാല് തവണ കണ്ടിട്ടുണ്ട് ഇത് തന്നെയാണ് മൂപ്പരുടെ ഹോബി. പ്രതികരിക്കാൻ പേടിയുള്ളത് കൊണ്ടും വലിയ ഇഷ്യൂസ് ഉണ്ടാവേണ്ടന്നും കരുതി കുറച്ചു ചേച്ചിമാർ ഈ പീഡനങ്ങളെല്ലാം സഹിച്ചിട്ടുമുണ്ട് . ഇത്തവണ സഹിക്കാൻ എനിക്ക് പറ്റിയില്ല അതാണ് ലൈവിൽ വന്ന് നിങ്ങളോട് കാര്യം പറഞ്ഞത് . ഈ മുഖം നോക്കിവെക്കുക ഇതുപോലെയുള്ള ബസുകളിൽ ഇയാളെ ഇനിയും കാണാം ഈ ഞെരമ്പൻ ……..”
”എടി ‘
ശരണ്യ പറഞ്ഞുതീരും മുൻപ് ഞെരമ്പൻ അവളുടെ കയ്യിൽ പിടിച്ചു
ഫോൺ നിലത്ത്‌വീണു
”തോന്നിവാസം പറയുന്നോടി ”
ഞെരമ്പൻ അവളുടെ കൈപിടിച്ചു തിരിച്ചു
”വിടഡോ ”
അവൾ വേദനയോടെ പറഞ്ഞു
ബസിലെ കോളേജ് കുട്ടികളും മദ്ധ്യവയസ്സരായ രണ്ടുപേരും അയാൾക്ക് നേരെ നീങ്ങി
”വിടടാ അവളെ ”
ചുറ്റും കൂടി നിന്നവർ പറഞ്ഞു .
രംഗം വഷളായതോടെ ഞെരമ്പൻ പിടിവിട്ടു
കണ്ടക്ടർ സ്ഥലത്തെത്തി
ശരണ്യ നിലത്ത് വീണ ഫോണെടുത്തു
”ഈ നായിന്റെ മോനെ ഇറക്കിവിടണം ”
”തോന്നിവാസം കാണിക്കുന്നോ ചെറ്റേ ”
യാത്രക്കാർ ഓരോന്നായി പറയാൻ തുടങ്ങി
”ഇവള് വെറുതെ ഒരോ ചെറ്റത്തരം പറയാണ് ഞാനൊന്നും ചെയ്തില്ല ”
”ചെയ്ത വീഡിയോ ഞാൻ കാണിക്കണൊ ”
ശരണ്യ അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു
അത് കേട്ടതും യാത്രക്കാരിൽ കുറച്ചുപേർ ഞെരമ്പനെ പെരുമാറാൻ ആരംഭിച്ചു കണ്ടക്ടർ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു
ഡ്രൈവർ വണ്ടി നിർത്തി
”മര്യാദക്ക് ഇറങ്ങി പൊക്കോ ഇല്ലെങ്കിൽ വണ്ടി നേരെ പോലീസ് സ്‌റ്റേഷനിലേക്ക് പോകും ”
”ഛീ ഇറങ്ങട ”
കണ്ടക്ടറും യാത്രക്കാരും കട്ടകലിപ്പായി
ഞെരമ്പൻ ദേഷ്യത്തോടെ പുറകിലേക്ക് നടന്നു
കോളേജ് പിള്ളേർ അയാളെ തള്ളി തള്ളി ബാക്ക് ഡോറിനടുത്തെത്തിച്ചു. അയാൾ വേഗം ബസിൽ നിന്ന് ചാടിയിറങ്ങി
”ആ ബസ് പോകട്ടെ ”
കണ്ടക്ടർ ബെല്ലടിച്ചു ബസ് മുൻപോട്ട് നീങ്ങി അയാൾ ദേഷ്യത്തോടെ ശരണ്യയെ നോക്കി
ശരണ്യ തിരിച്ചും അയാളെ നോക്കി
”കുഴപ്പമാകുമോ മോളെ ”
”ഇല്ല ചേച്ചി . വീഡിയോയിൽ ചേച്ചിയുടെ മുഖം കാണിക്കുന്നില്ല ഇയാളെ പോലുള്ളവരെ വെറുതെ വിടരുത് ”
”മോള് ചെയ്‌തത് വല്ല്യ കാര്യമാ..മിടുക്കി ”
പുറകിലെ സീറ്റിലിരുന്ന കാർന്നോര് പറഞ്ഞു.
അത് കേട്ടതും ബസിലെ കോളേജ് പിള്ളേരെല്ലാം കയ്യടിച്ചു
ശരണ്യ ചെറു പുഞ്ചിരിയോടെ തന്റെ വിൻഡോ സീറ്റിലിരുന്നു
______________________________ ____________
അരമണിക്കൂർ കഴിഞ് ശരണ്യ തന്റെ വീട്ടിലെത്തി
ബസിലെ കാര്യങ്ങൾ അച്ഛനോടുമമ്മയോടും പങ്കുവെച്ച ശേഷമവൾ റൂമിൽ കിടന്നുറങ്ങി
ഉറക്കം കഴിഞ്ഞു പഠിത്തം അതാണവളുടെ ശീലം..
പിന്നീട് ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ടാണവൾ എഴുന്നേറ്റത്.
വിളിക്കുന്നത് ജോസ് സാറാണ് കോളേജിലെ പ്രിൻസിപ്പാൾ. അവൾ ഫോണെടുത്തു
”ഹലോ ”
”പൊളിച്ചു മോളെ ഒന്നും പറയാനില്ല നീ ചെയ്തതാണ് ശരി ”
”ഹാ സാർ കണ്ടോ ആ വീഡിയോ ”
”ഹാ ഞാൻ മാത്രമല്ല നമ്മുടെ കോളേജിലും നാട്ടിലും എന്തിന് ഈ കേരളം മൊത്തം വൈറലായില്ലെ ”
”ഏഹ്ഹ് ”
ശരണ്യ അന്തം വിട്ട്നിന്നു
”നീയിതൊന്നും അറിഞ്ഞില്ലേ ഇന്നത്തെ സോഷ്യൽ മീഡിയയിലെ താരം നീയാണ് ”
”അയ്യോ സാർ അത് ഞാനെന്റെ ഫ്രണ്ട്ലിസ്റ്റിലുള്ളവർക്ക് കാണാൻ വേണ്ടിയാ വീഡിയോ അപ്ഡേറ്റ് ചെയ്‌തത് .എന്റെ ഫ്രണ്ട്സെല്ലാം ആ ബസിലാണ് പോകുന്നത് അതുകൊണ്ട് ”
”ഒന്നും പറയണ്ട എന്തായാലും സംഗതി പൊളിച്ചു നിന്നെ പോലുള്ള ഒരു കുട്ടിയെ പഠിപ്പിക്കാൻ പറ്റിയതിൽ എനിക്കൊരുപാട് അഭിമാനം തോന്നുന്നു ”
”സാർ തള്ളണ്ട ”
”സത്യം .ബാക്കി നാളെ കോളേജിൽ വെച്ച് പറയാം അൽപം തിരക്കിലാണ് പിന്നെ കാണാം ”
”ശരി സാർ ബൈ ”
ശരണ്യ ഫോൺ കട്ടാക്കി ഫേസ്ബുക്കിൽ കയറി
നോക്കുമ്പോൾ 50000ഓളം പേർ (50K) തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു.
അവൾ അതിശയത്തോടെ ഫേസ്ബുക്ക് മൊത്തം നോക്കി
ഇതാണ് യഥാർത്ഥ ഫെമിനിസം എന്ന് പറഞ്ഞു തന്റെ ഫോട്ടോ വെച്ചുള്ള ഒരു പോസ്റ്റ് വന്നിരിക്കുന്നു .
കണ്ണൂരിലെ പെണ്പിള്ളേരോട് വേണ്ട മോനെ നിന്റെ കളിയെന്ന് പറഞ്ഞു ക്യാപ്ഷനിട്ട അടുത്ത പോസ്റ്റുമവൾ കണ്ടു
ഒന്നും മനസ്സിലാകാതെ അവൾ വേഗം വാട്സാപ്പിൽ വന്നു
ജോസ് സാറിന്റെ സ്റ്റാറ്റസ് എടുത്തു
തന്റെ കുറച്ചു ഫോട്ടോസ് എഡിറ്റ് ചെയ്‌ത് സിംഗപെണ്ണെ എന്ന സോങ് കയറ്റിയുള്ള വീഡിയോയായിരുന്നു സ്റ്റാറ്റസിൽ
”ദൈവമേ ഇതൊക്കെ എപ്പോ”
അവൾ അത്ഭുതത്തോടെ തലയിൽ കൈവെച്ചു.
അന്നത്തെ ദിവസം ശരണ്യയായിരുന്നു സോഷ്യൽ മീഡിയയയിലെ താരം
ട്രോൾഗ്രൂപ്പുകളിലും ഓൺലൈൻ പേജുകളിലും യൂട്യൂബ് ചാനലുകളിലും അവൾ നിറഞ്ഞുനിന്നു
പിറ്റേന്ന് രാവിലെതന്നെ കുളിച്ചൊരുങ്ങി ശരണ്യ ബസ്‌സ്റ്റോപ്പിലെത്തി.
കൂട്ടുകാരി ശാലിനിയും അവൾക്കൊപ്പമുണ്ടായിരുന്നു
ബസ് വന്നു അവൾ ബസിൽ കയറി പതിവ് പോലെ വിൻഡോ സീറ്റിലിരുന്നു
”മോളെ ഇന്നലെ വീഡിയോ കണ്ടായിരുന്നു മോള് ചെയ്തതാണ് ശരി ”
ടിക്കറ്റ് കീറികൊണ്ട് കണ്ടക്ടർ പറഞ്ഞു
ശരണ്യ അയാളെ നോക്കി പുഞ്ചിരിച്ചു
ബസിലെ യാത്രക്കാരെല്ലാം ശരണ്യയെ തന്നെ നോക്കിയിരുന്നു
”മോള് ചെയ്തതാണ് ശരി ഈ വീഡിയോ കണ്ടെങ്കിലും ഇനി നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പ്രതികരിക്കാൻ പഠിക്കട്ടെ ”
മുൻസീറ്റിലിരുന്ന ഒരുചേച്ചി പറഞ്ഞു
പലരും ശരണ്യയോട് കുശലം ചോദിച്ചു അവൾ അതിനെല്ലാം പുഞ്ചിരിയോടെ മറുപടി കൊടുത്തു
ബസ് കോളേജിന് മുൻപിലെത്തി
ശരണ്യയും കൂട്ടുകാരിയും ബസിൽ നിന്നിറങ്ങി കോളേജിലേക്ക് കടന്നു.
അവളെ കണ്ടതും കോളേജിലെ പിള്ളേരെല്ലാം ആർത്തു വിളിച്ചു
”ദേഡാ കോളേജിലെ സെലിബ്രിറ്റി വന്നു ”
കുട്ടികളെല്ലാം അവളുടെ ചുറ്റും കൂടി
”ഇപ്പൊ ശരണ്യയാണ് താരം ഈ കോളേജിലെ ആദ്യ സെലിബ്രിറ്റി ”
ക്യാമ്പസ് ചെയർമാൻ അനിൽ പറഞ്ഞു
”പല തരത്തിലും സോഷ്യൽ മീഡിയയിലൂടെ ഫേമസ് ആയവരുണ്ട് ഫുക്രൂ,സതീശന്റെ മോൻ ,രജിത് സെർ ,കൃഷ്ണന്റെ വേഷം കെട്ടിയ വൈഷ്ണവ മുതൽ 2വയസ്സുള്ള കുഞ്ഞുട്ടൻ വരെ പക്ഷെ ഇതിൽ നിന്നെല്ലാം വിത്യസ്തമായാണ് ശരണ്യ സെലിബ്രിറ്റിയായത് ”
ക്ലാസ് ലീഡർ രോഹൻ പറഞ്ഞു .
ശരണ്യ മറുപടിയൊന്നും കൊടുക്കാതെ മിണ്ടാതെ നിന്നു .
അപ്പോൾ കൂട്ടത്തിലുള്ള ഒരു പയ്യൻ പറഞ്ഞു
”ഇപ്പൊ ആർക്ക് വേണമെങ്കിലും സെലിബ്രിറ്റിയാകാമെന്നെ ഇതിലൊന്നും വല്ല്യ കാര്യമില്ല ഈ അടുത്ത് തന്നെ ഒരു തടിയൻ തോക്കും പിടിച്ചു പറഞ്ഞ ഡയലോഗ് കേരളം മൊത്തം ഫേമസ് അല്ലെ പൊളി സാധനം മ ”
ചെയർമാൻ പയ്യന്റെ വായപൊത്തികൊണ്ട് പറഞ്ഞു
”ബാക്കി പറയണ്ട ”
അത് കേട്ടതും കുട്ടികളെല്ലാവരും പൊട്ടിച്ചിരിച്ചു ………
കുട്ടികളെല്ലാം അവളെ ഹാളിലേക്ക് ആനയിച്ചുകൊണ്ടുപോയി
ഹാളിൽ വെച്ച് പ്രിൻസിപ്പാളും മറ്റ് ടീച്ചർമാറും ശരണ്യയെ കുറിച്ച് വാ തോരാതെ പ്രശംസിച്ചു
അന്നുച്ചയ്‌ക്ക് അക്കൗണ്ട്ൻസി ടീച്ചർ ക്ലാസ് എടുക്കുന്നതിരക്കിലാണ്..
അപ്പോഴാണ് കോളേജ് പിയൂണിന്റെ വരവ്
ടീച്ചർ പിയൂണിന്റെ കയ്യിൽ നിന്ന് ലെറ്റർ വാങ്ങി വായിച്ചു
”ശരണ്യയെ ജോസ് സാർ വിളിക്കുന്നുണ്ട് ”
”ഇയാൾക്കിനിയും പ്രശംസിച്ചു
മതിയായില്ലേ ”
സ്വയം മന്ത്രിച്ചുകൊണ്ട് ശരണ്യ ബെഞ്ചിൽ നിന്നെഴുന്നേറ്റു പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി
ജോസ് സാർ നല്ല ദേഷ്യത്തിലായിരുന്നു
ശരണ്യ സാറിന്റെ റൂമിലെത്തി .
അയാളുടെ മുഖഭാവം കണ്ടപ്പോൾ അവൾക്കൊരു വല്ലായ്മ തോന്നി
”എന്തുപറ്റി സാർ ”
ശരണ്യയെ കണ്ടതും അയാളുടെ ദേഷ്യം കൂടി
”ഞങ്ങളെയൊക്കെ വിഡ്ഢികളാക്കിയിട്ട് നിനക്കൊക്കെ എന്ത് സുഖമാടി കിട്ടുന്നത് ”
ജോസ് സാറിന്റെ പെരുമാറ്റത്തിൽ ശരണ്യ വിറച്ചു പോയിരുന്നു
”എ ..എന്ത…..സാർ ”
”ഒന്നുമറിയില്ലല്ലേ ”
സാർ ടേബിളിലിരുന്ന ലാപ്ടോപ്പ് അവൾക്ക് നേരെ നീട്ടി
ശരണ്യയും ഞെരമ്പനും തൊട്ടടുത്ത് നിൽക്കുന്ന ഫോട്ടോയായിരുന്നു അത് ഒപ്പം
”ജനങ്ങളെ മൊത്തം വിഡ്ഢികളാക്കി സിംഗപെണ്ണ് ” എന്ന ക്യാപ്ഷനും
വാർത്ത കണ്ടതും ശരണ്യ ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം
”അയ്യോ …എനിക്കൊന്നുമറിയില്ല സാർ ”
അവൾ വിതുമ്പാൻ തുടങ്ങി
”എനിക്കൊന്നും കേൾക്കണ്ട രണ്ടിന്റെയും ഒത്തുകളിയായിരുന്നു അല്ലെ ഇത്. നാണമില്ലല്ലോ. ഇതിനേക്കാൾ അന്തസ്സ് ഓൺലൈൻ വന്ന് തെറിപറയുന്ന പെണ്കുട്ടികൾക്കുണ്ട് അവരാരെയും പറ്റിക്കാറില്ല ”
ശരണ്യ പൊട്ടിക്കരയാൻ തുടങ്ങി
”കോളേജിന് ചീത്ത പേരുണ്ടാക്കാനായിട്ട് ഇറങ്ങിപോടീ എന്റെ മുൻപീന്ന് ”
ശരണ്യ മുഖത്ത് കൈവെച്ചു കൊണ്ട് റൂമിൽ നിന്നിറങ്ങി നേരെ ക്ലാസ്സിലേക്കോടി
കണ്ണീരോടെ ക്ലാസ്സിലേക്ക് കയറിയ ശരണ്യയെ കണ്ടതും ടീച്ചറും കുട്ടികളും പരിഭ്രാന്തരായി . എന്തുപറ്റിയെന്ന് പലരും തിരക്കിയെങ്കിലും അവളൊന്നും മിണ്ടാതെ ക്ലാസ്സിലിരുന്ന് കരഞ്ഞു ..
എന്തോ പന്തികേട് തോന്നിയ ടീച്ചർ വേഗം പ്രിൻസിപ്പാളിനടുത്തേക്ക് ചെന്നു .
കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ശരണ്യ സംഭവിച്ച കാര്യങ്ങളോരോന്നായി പറയാൻ തുടങ്ങി ..
അങ്ങനെ 4മണിക്ക് കോളേജ് വിട്ടു
ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയതും കോളേജിലെ മറ്റ്കുട്ടികൾ അവളെ കളിയാക്കാനായി ഓടിയെത്തി
”അയ്യേ നാണമുണ്ടോടി നിനക്ക് നാടകം കളിച്ചു ഞങ്ങളെ വിഡ്ഢികളാക്കി സെലിബ്രിറ്റിയാകാൻ ”
”ആ ഞെരമ്പന് എത്ര ക്യാഷ് കൊടുത്തു ഇങ്ങനെ അഭിനയിക്കാൻ ”
”ഞാൻ അയാളെക്കാൾ നന്നായി അഭിനയിക്കും അടുത്ത വീഡിയോയിൽ എനിക്കൊരു ചാൻസ് തരോ ”
കുട്ടികളുടെ കമന്റടി അവൾക്ക് സഹിക്കാൻ പറ്റുന്നതിലുമപ്പുറമായി .
കണ്ണീർ അടക്കിപിടിച്ചവൾ ബസ് സ്റ്റോപ്പിലേക്കോടി
അവിടെയും പ്രശ്‍നം ഗുരുതരമായിരുന്നു കുട്ടികൾക്കൊപ്പം നാട്ടുകാരും ചേർന്നു അവളെ കളിയാക്കാൻ
5മിനുട്ട് കഴിഞ്ഞപ്പോൾ ബസ് വന്നു
അൽപാശ്വാസമെന്നോണം ശരണ്യ ബസിനടുത്തേക്കോടി പക്ഷെ
അവിടെയും വിധി അവൾക്കനുകൂലമായിരുന്നില്ല
കണ്ടക്ടറും മറ്റ് യാത്രക്കാരും അവളെ തടഞ്ഞു
”നിനക്ക് അഭിനയിക്കാൻ വേറെ ബസ്സൊന്നും കിട്ടിയില്ലേടി ഇനി മേലാൽ ഞങ്ങളുടെ ബസിൽ കേറിപോകരുത് ”
അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല എല്ലാവരുടെയും മുൻപിൽ വെച്ചവൾ പൊട്ടിക്കരയാൻ തുടങ്ങി .
എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ക്ലാസ് ലീഡർ അരുൺ ബൈക്കുമായി വന്നത്
”ശരണ്യ വേഗം കേറ് ”
രണ്ടാമതൊന്നാലോചിക്കാതെ അവൾ വേഗം അരുണിന്റെ ബൈക്കിൽ കയറി
ആൾകൂട്ടത്തിൽ നിന്ന് അരുൺ വേഗം ബൈക്ക് പറപ്പിച്ചു വിട്ടു ..
അവരങ്ങനെ വീട്ടിലെത്തി ശരണ്യ വേഗം കരഞ്ഞുകൊണ്ട് വീടിന്റെ കോലായിൽ നിന്ന അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു .
അച്ഛൻ ചാരുകസേരയിൽ നിന്നെഴുന്നേറ്റു
മകളെ ആശ്വസിപ്പിച്ചു
”സംഭവമെല്ലാം ഞങ്ങളറിഞ്ഞു മോളെ ഇപ്പൊ താരങ്ങളെ സൃഷ്ടിക്കുന്നതും സോഷ്യൽ മീഡിയ അവരെ കരിവാരിതേക്കുന്നതും സോഷ്യൽ മീഡിയ ”
അവൾ വിതുമ്പലോടെ പറഞ്ഞു
”ഞാനിനി കോളേജിൽ പോകുന്നില്ല ”
ശരണ്യയുടെ ആ പ്രതിജ്ഞ കേട്ട് അച്ഛനൊന്ന് ഞെട്ടി
കുറച്ചുനേരം മിണ്ടാതെ നിന്ന ശേഷം അരുൺ പറഞ്ഞു
”എന്നാൽ ഞാനിറങ്ങട്ടെ അങ്കിൾ ”
”ചായ കുടിച്ചിട്ടു പോകാം മോനെ ”
”വേണ്ട ചേച്ചി ഞാൻ പോകുവാ സമയമില്ല ”
അരുൺ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി
കുറച്ചു ദൂരം മുന്നിലേക്ക് പോയശേഷം ബൈക്ക് നിർത്തിയവൻ കൂട്ടുകാരനായ അനസിനെ വിളിച്ചു
”എന്തുപണിയാട നീ കാണിച്ചത് ഇത് കൂടിപ്പോയി അനസെ ”
”ഹ ഹ അരുൺ ഞാൻ ട്രോൾ കേരള ഗ്രൂപ്പ് അഡ്മിനാണ് .ഇത്തരം സംഭവങ്ങൾ പടച്ചുവിട്ടാലേ ഗ്രൂപ്പ് ഫേമസ് ആവുള്ളു ”
”അതിന് കള്ളത്തരം ചെയ്യണൊ ”
”പണ്ട് കോളേജിന് മുൻപിൽ നിന്ന് നീയെടുത്ത സെൽഫിയുടെ പുറകിൽ ഞെരമ്പനും ശരണ്യയും യാദൃശ്ചികമായി നടന്നു വരുന്നുണ്ടായിരുന്നു ആ ഫോട്ടോയിൽ നിന്ന് നിന്നെ കട്ട് ചെയ്‌ത് അവരെ രണ്ട്പേരെയും സൂം ചെയ്‌ത് നമ്മുടെ ഗ്രൂപ്പിന്റെ ലോഗോയും വെച്ച് കഥ അടിച്ചിറക്കി ഇതൊക്കെ സോഷ്യൽ മീഡിയയിൽ സർവ്വ സാധാരണം ”
”കോപ്പ് ”
അരുൺ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു
പിന്നീട് ഓൺലൈൻ പേജുകളാണ് ശരണ്യയെ ഏറ്റെടുത്തത് ഇല്ലാക്കഥകൾ ഹെഡിങ് കൊടുത്തവർ ലൈക്കിന്റെയും മെമ്പേഴ്സിന്റെയും സബ്സ്ക്രൈബിന്റെയും എണ്ണം കൂട്ടി
”ശരണ്യ എന്ത് കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കി അതറിയാൻ ഈ ലിങ്ക് തുറക്കു”
”ശരണ്യയും ഞെരമ്പനും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് കൂട്ടുകാരി ശാലിനി ”
”ശരണ്യ മനോരോഗിയാണെന്ന് അച്ഛൻ ദിവാകരൻ ”
”ശരണ്യ ഞെരമ്പനുമായി പ്രണയത്തിലാണെന്നും വീട്ടിലെതിർത്തപ്പോൾ കളിച്ച നാടകമാണിതെന്നും അമ്മ സുശീല ”
ഇത്തരം വ്യാജ വാർത്തകൾ പ്രചരിച്ചുകൊണ്ട് ഓൺലൈൻ മീഡിയകൾ ശരണ്യയെ വിറ്റു ജീവിച്ചു
______________________________ ____________
റൂമിനകത്ത് കയറി ശരണ്യ ഒറ്റയിരിപ്പായിരുന്നു …
ഫോൺ ബെല്ലടിച്ചുകൊണ്ടിരുന്നു വിളിക്കുന്നത് പരിചയക്കാരും പരിചയമില്ലാത്ത നമ്പറുകളും
അവൾ വേഗം ഫോൺ ഓഫ് ചെയ്‌ത് വെച്ചു എന്നിട്ട് ലാപ്ടോപ്പെടുത്ത് ഫേസ്ബുക്കിൽ കയറി
ഫേസ്ബുക്ക് ഓപ്പൺ ചെയ്തതും അവൾ കണ്ട പോസ്റ്റ്
ലൗവേഴ്സ് കമ്പനി ഗ്രൂപ്പ് അഡ്മിൻ ലക്ഷ്മി പ്രേം പ്രകാശിന്റെതായിരുന്നു
”നമ്മളെ ഒന്നടങ്കം വഞ്ചിച്ച ഇവളുടെ മുഖത്തിട്ടുള്ള അടിയാകട്ടെ നിങ്ങളുടെ ഒരോ ലൈക്കും ”
ആ പോസ്റ്റ് അവളെ മാനസികമായി തളർത്തിയിരുന്നു
ഇന്ന് നടന്ന സംഭവത്തെയോർത്ത് വീണ്ടും കരയാൻ തുടങ്ങി
”കോളേജിൽ പോയാൽ ടീച്ചർമാരുടെയും കുട്ടികളുടെയും വക കളിയാക്കൽ ,
കോളേജ് വിട്ടാൽ നാട്ടുകാരുടെ കളിയാക്കൽ, ബസിലും കയറ്റുന്നില്ല , സോഷ്യൽ മീഡിയ തുറക്കാനെ പറ്റുന്നില്ല , ഇനിയെന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കില്ല എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു എല്ലാത്തിനും പരിഹാരം ഒന്നേയുള്ളു എന്റെ മരണം ”
ശരണ്യ വേഗം മേശപ്പുറത്തിരുന്ന സെല്ലോടേപ് മുറിക്കുന്ന ചെറിയ കത്തിയെടുത്തു
എന്നിട്ടവൾ ലാപ്ടോപ്പ് തുറന്ന് ഫേസ്ബുക്കിൽ കയറി
തന്റെ ആത്മഹത്യാ കുറിപ്പ് കുറിച്ചു
”ഞാൻ ശരണ്യ
ഇന്നലെ ലൈവിൽ വന്ന് പ്രതികരിച്ചപ്പോൾ നിങ്ങളിൽ പലരും എന്നെ ധീരവനിതയും സിംഗപെണ്ണുമാക്കി
ഇന്ന് രാവിലെ ഞാനും അയാളും ഒരുമിച്ചുള്ള ഫോട്ടോ കണ്ടതോടെ ഞാൻ നിങ്ങൾക്ക് വഞ്ചകിയായി
എനിക്കിപ്പോഴുമറിയില്ല ആ ഫോട്ടോ ഏതാണെന്ന് ആ ഫോട്ടോ ആര് പോസ്റ്റ് ചെയ്തതെന്നും
താരങ്ങളെ സൃഷ്ടിക്കുന്നതും അവരെ കരിവാരി തേക്കുന്നതും സോഷ്യൽ മീഡിയയാണ് അവരുടെ ഇത്തരം പ്രവൃത്തികൾക്ക് എന്റെ മരണത്തിലൂടെ ഒരവസാനമുണ്ടാകട്ടെ ”
ആത്മഹത്യ കുറിപ്പവൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു
അപ്പോഴാണ് കൂട്ടുകാരൻ അരുൺ അരമണിക്കൂർ മുൻപ് ലൈവിൽ വന്ന നോട്ടിഫിക്കേഷനവൾ കണ്ടത് .
കത്തി ബെഡ്‌ഡിൽ വെച്ചിട്ട് ശരണ്യ അവന്റെ വീഡിയോയെടുത്തു
”ഹായ് ഫ്രണ്ട്സ് ഞാൻ അരുൺ കണ്ണൂരിലെ കോളേജ് ഓഫ് കോമേഴ്‌സിലെ ബികോം സ്റ്റുഡന്റാണ് ഞാനാദ്യമായാണ് ലൈവിൽ വരുന്നത് .വരുന്നത്
ശരണ്യയെ പറ്റി പറയാനാണ് അവളെ നിങ്ങൾക്കറിയാലോ നിങ്ങൾ തന്നെ വളർത്തിയെടുത്ത ധീരവനിത ഇന്ന് നിങ്ങൾക്കവൾ വഞ്ചകിയാണ്
എന്ത് കണ്ടിട്ടാണ് നിങ്ങളവളെ കുറ്റപ്പെടുത്തുന്നത് വെറുമൊരു ഫോട്ടോ കണ്ടിട്ടോ..?
ആ ഫോട്ടോ 6മാസം മുൻപ് ഞാനെടുത്ത സെൽഫിയാണ് അതിൽ അപ്രതീക്ഷിതമായി അവളും അവൾക്ക് പുറകെ അയാളും നടന്നുവന്നു 2പേരും ആ ഫോട്ടോയിൽ പതിഞ്ഞു ആ ഫോട്ടോ
അന്ന്തന്നെ ഞാനെന്റെ കവർ ഫോട്ടോയായി പോസ്റ്റ് ചെയ്തിരുന്നു സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് നോക്കാം അല്ലെങ്കിൽ ഈ ലൈവിന്റെ കമന്റിൽ ഞാനാ ഫോട്ടോയിടാം നിങ്ങൾക്ക് വേണമെങ്കിൽ ചെക്ക് ചെയ്യാം
ആ ഫോട്ടോയിൽ നിന്ന് എന്നെ കട്ട് ചെയ്‌ത് അവളെയും അയാളെയും സൂം ചെയ്‌ത് വ്യാജവാർത്ത പ്രചരിപ്പിച്ചത് നിങ്ങൾ സോഷ്യൽ മീഡിയ തന്നെയാണ് .
ഇതിൽ നിന്ന് നിങ്ങൾക്കൊക്കെ എന്താണ് കിട്ടുന്നത് എന്തിന് വേണ്ടിയാണ് ആ കുട്ടിയോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരാൾ പ്രശസ്തനായാൽ അയാളുടെ പഴയകാര്യങ്ങൾ കുത്തിപ്പൊക്കുന്നത് സോഷ്യൽ മീഡിയയിൽ പുത്തരിയല്ലല്ലോ അതെല്ലാം കണ്ണടച്ചു വിശ്വസിക്കാൻ നമ്മളും
ശരണ്യ ഞെട്ടലോടെ ലൈവ് മൊത്തം കണ്ടിരുന്നു എന്നിട്ട് വേഗം കമന്റിൽ കയറി ഫോട്ടോ നോക്കി .
അരുൺ പറഞ്ഞത് സത്യം തന്നെ
അവൾ സ്വയം പറഞ്ഞു
അവൾ ബാക്കടിച്ചപ്പോൾ കണ്ട കാഴ്ച്ച അതിലും ആനന്ദം നിറഞ്ഞതായിരുന്നു
ജോസ് സാർ തന്റെയും അരുണിന്റേയും ഫോട്ടോയെടുത്ത് പോസ്റ്റിട്ടിരുന്നു
”അഭിമാനം തോന്നുന്നു ഇങ്ങനെ 2കുട്ടികൾ എന്റെ സ്റ്റുഡന്റസ് ആയതിൽ ”
അവൾ സന്തോഷത്തോടെ മറ്റ് പോസ്റ്റുകളും ട്രോളുകളും നോക്കി
”കൂട്ടുകാരിയെ രക്ഷിച്ച ഈ പയ്യാനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ”
”കുറച്ചു നേരത്തേക്ക് നമ്മളെല്ലാവരും ശപിച്ച ശരണ്യയോട് ആദ്യമേ സോറി പറയുന്നു
ശരണ്യയുടെ നിരപരാധിത്യം തെളിയിച്ച അരുണിന് എല്ലാവിധ ആശംസകളും നേരുന്നു ”
”ഇതാകണം കൂട്ടുകാരൻ നമ്മുടെയെല്ലാവരുടെയും കണ്ണ് തുറപ്പിച്ച ഈ പയ്യനാണ് ഇന്നത്തെ താരം ”
”ഇന്ന് കേരളത്തിലെ 99%പെൺകുട്ടികളുമാഗ്രഹിക്കുന് നത് അരുണിനെ പോലെയുള്ള കൂട്ടുകാരനെയാണ് ”
പോസ്റ്റുകൾ കണ്ട സന്തോഷത്തിൽ ശരണ്യ കത്തിയെടുത്ത് ചുമരിലേക്ക് വലിച്ചെറിഞ്ഞു എന്നിട്ടുടനെ ഫേസ്ബുക്കിലെ പോസ്റ്റ് ഡിലീറ്റാക്കി ഫോൺ ഓൺ ചെയ്‌ത് അരുണിനെ വിളിച്ചു
സോഷ്യൽമീഡിയ മൊത്തം അരുണിനെ ഇന്നത്തെ സെലിബ്രിറ്റിയാക്കാനുള്ള തിരക്കിലായിരുന്നു
ഒപ്പം അവനെ അപമാനിക്കാൻ വേണ്ടി എന്തെങ്കിലിം ന്യൂസ് കിട്ടുമോന്നുള്ള പുറപ്പാടിലും
ശുഭം
#സമർപ്പണം
സോഷ്യൽ മീഡിയയിലൂടെ വളർന്നുവരികയും അപമാനിക്കപെടുകയും ചെയ്‌ത സെലിബ്രിറ്റികൾക്ക് വേണ്ടി
#രചന
Aneesh Manohar
#പോസ്റ്റർഡിസൈൻ
രാഹുൽ കൃഷ
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission