ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ശങ്കിച്ചു നിന്നു.
അപ്പോഴേക്കും വിളി വന്നിരുന്നു.
“കാത്തൂ…. ”
ഗൗരവത്തിലാണ്. അടുത്തേക്ക് ചെന്ന ഉടനെ ചോദിച്ചു.
“അവനെന്തിനാ നിന്നെ വിളിക്കുന്നത് ”
“ആര്…? ”
ഞാൻ മനസിലാവാത്തതുപോലെ ചോദിച്ചു
“കാത്തൂ കളിക്കല്ലേ…ഐ ആം സീരിയസ് ”
“എന്നാൽ പറ മഹിയേട്ടന് ഉണ്ണിയേട്ടനോട് എന്തിനാ ഇത്രയും ദേഷ്യം? ”
“പിന്നെ എന്റെ പെണ്ണിനെ പ്രേമിക്കുന്നവനെ ഞാൻ കെട്ടിപിടിച്ചു അഭിനന്ദിക്കണോ? ”
ഞാനൊന്ന് ഞെട്ടി. മഹിയേട്ടന്, ഉണ്ണിയേട്ടനും ഞാനും തമ്മിലുള്ള സൗഹൃദത്തിൽ ചെറിയ കുശുമ്പ് ഉണ്ടായിരുന്നുന്നു അറിയാമായിരുന്നെങ്കിലും, ഇങ്ങനെ ഒരു തെറ്റിദ്ധാരണ ആളുടെ മനസ്സിൽ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.
” മഹിയേട്ടാ… എന്തൊക്കെയാ ഈ പറയുന്നതെന്ന് അറിയോ.. ഉണ്ണിയേട്ടന് ഞാൻ വീണയെ പോലെ തന്നെയാണ്… ”
“പ്രേമിച്ച പെണ്ണിനെ എങ്ങിനെയാ കാത്തു പെങ്ങളായി കാണുന്നെ.. ”
എനിക്ക് ശരിക്കും ദേഷ്യം വന്നു.
“ആരാ മഹിയേട്ടനോട് ഇങ്ങനെയൊക്കെ പറഞ്ഞത്, ഉണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ടോ എപ്പോഴെങ്കിലും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്….? ”
“ഉണ്ണി തന്നെയാണ് എന്നോട് പറഞ്ഞത്.. ”
എന്നിലുണ്ടായ നടുക്കം മഹിയേട്ടൻ തിരിച്ചറിഞ്ഞു.
“ഒരുപാട് മുൻപാണ് കാത്തു, നിന്നെയും മനസ്സിലിട്ട് ഞാൻ നടക്കുന്ന സമയത്താണ് ഉണ്ണി എന്നോട് വന്നു പറയുന്നത്, നിന്നെ അവന് ഒരുപാട് ഇഷ്ടമാണെന്നും അങ്ങനെ എന്തൊക്കെയോ. എനിക്ക് ആകെ ഭ്രാന്ത് പിടിച്ചു, ഞങ്ങൾ തമ്മിൽ വഴക്കായി. അന്നവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.കാത്തുവിനെ ഒരിക്കലും മഹിക്ക് കിട്ടില്ല, അവൾ ഉണ്ണിയുടേതാണെന്ന്. പിന്നീടൊരിക്കലും ഞങ്ങൾ ഈ കാര്യം സംസാരിച്ചിട്ടില്ല. ഉണ്ണിയുമായി ഒരു സൗഹൃദം പിന്നെ എനിക്കുണ്ടായിട്ടില്ല. പക്ഷേ നിങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ എനിക്കെന്തോ…. ”
മഹിയേട്ടൻ പകുതിക്ക് വെച്ചു നിർത്തി.
“മഹിയേട്ടന് എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണോ ”
“വിശ്വാസമില്ലാഞ്ഞിട്ടാണോടി പത്തു കൊല്ലം നിന്നെ ഞാൻ അമേരിക്കയിൽ കയറൂരി വിട്ടത് ”
എന്റെ മുഖം മാറിയതു കണ്ടപ്പോൾ മഹിയേട്ടൻ ഒന്ന് ചിരിച്ചു, പിന്നെ പറഞ്ഞു
“എവിടെ പോയാലും നീ തിരിച്ചു എന്നിലേക്ക് തന്നെ വരുമെന്ന് എനിക്കുറപ്പായിരുന്നു കാത്തു.. അതുകൊണ്ടല്ലേ ഞാൻ ഇവിടെ നിന്നെയും കാത്തിരുന്നത്. ഞാൻ നിന്നെ തിരഞ്ഞു വന്നിരുന്നെങ്കിൽ നീ പിന്നെയും എന്നിൽ നിന്ന് ഒളിച്ചോടാൻ ശ്രെമിച്ചേനെ ”
ഒരിക്കലും പരസ്പരം ഇഷ്ടമാണെന്നു തുറന്നു പറഞ്ഞിട്ടില്ല.
വല്ലപ്പോഴും പുറത്തു വരുന്ന ചില വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നു ഞങ്ങളുടെ പ്രണയം.
എന്നിട്ടും ചില വാക്കുകൾ മതിയായിരുന്നു അതിൽ കനൽ കോരിയിടാൻ… അകന്നു പോകാൻ…
“എടി ആ കുരുട്ടു തലയിൽ നീ ഇപ്പോൾ ചിന്തിച്ചു കൂട്ടുന്നതെന്താണെന്ന് എനിക്കറിയാം. മതി നിർത്തിക്കോ, കഴിഞ്ഞു പോയതെല്ലാം പറഞ്ഞു എന്നെ ഇനിയും അവഗണിക്കാനാണ് ഭാവമെങ്കിൽ ഈ മഹി ആരാണെന്ന് എന്റെ മോള് ശരിക്കും അറിയും ”
“അതേയ് ഈ സ്നേഹമെന്നു പറയുന്നത് മനസ്സിൽ വെക്കാനുള്ളതല്ല ഇടക്കൊക്കെ പ്രകടിപ്പിക്കാൻ കൂടെ ഉള്ളതാണ്.. ”
അങ്ങേര് മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു എന്റെ നേരെ വന്നപ്പോഴാണ് ഞാൻ നാവു കടിച്ചത്.
പെട്ടെന്നൊരാവേശത്തിനു പറഞ്ഞതാണ്…
“അതേടി, താലി കെട്ടി കൂടെ പൊറുക്കുമ്പോഴും എന്റെയീ സ്നേഹമൊക്കെ താങ്ങാനുള്ള പ്രാപ്തി ഉണ്ടായാൽ മതി മോൾക്ക്.. ”
“അതും ശരിയാ കാട്ടാളനല്ലേ എന്റെ കാര്യം പോക്കാ.. ”
“ആരാടീ കാട്ടാളൻ…? ”
എന്റെ അടുത്തെത്തും മുൻപേ ഞാൻ തിരിഞ്ഞോടി, സ്റ്റെപ്പുകളിറങ്ങുമ്പോഴും ആ ചിരി ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
ഹാളിൽ ഗായുവും വേദുo…
ഞാൻ പെട്ട്.. എന്റെ ഓട്ടവും ചുവന്ന മുഖവും കണ്ടതും രണ്ടുമൊന്നു തമ്മിൽ തമ്മിൽ നോക്കി, പിന്നെ ചിരി തുടങ്ങി.
” “എന്റെ ഏട്ടത്തി എന്തൊക്കെയായിരുന്നു വന്നപ്പോൾ നോക്കൂല, മിണ്ടൂല… എന്നിട്ടിപ്പോൾ അവളിതാ മൂക്കും കുത്തി വീണിരിക്കുന്നു അങ്ങേരെടെ നെഞ്ചത്തോട്ട് ”
“എടാ മോനെ വേദൂട്ടാ നീ വല്ലാതെ ചാടണ്ട, നിന്റെ കൊച്ചിന് ഒരു കാൾ, നിന്റെ വീര സാഹസിക കഥകൾ, നീ ഒരു ആസ്ഥാന കോഴിയായിരുന്നുന്നുള്ള കാര്യം, പിന്നെ നിന്റെ കാര്യം അവള് നോക്കിക്കോളും. കുട്ടിപിശാശ് ബാക്കിയുള്ളോന്റെ കഞ്ഞിയിൽ പാറ്റയിടാൻ നടക്കുവാ, ഒരു വിധത്തിലാ ഞാനീ സാധനത്തിനെ വളച്ചൊടിച്ചു വീണ്ടും കുപ്പിയിൽ
ആക്കിയത്.. ”
മഹിയേട്ടൻ എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നത് ഞാൻ കണ്ടിരുന്നില്ല.
എന്റെ ഭാവം കണ്ടു അങ്ങേരെന്നെ കണ്ണിറുക്കി കാണിച്ചു.
“എന്റെ വല്യേട്ടാ ചതിക്കരുത് അല്ലെങ്കിലേ അവളെന്നെ ഇടം വലം തിരിയാൻ സമ്മതിക്കൂല… ”
വേദ് ദയനീയമായി പറഞ്ഞു
ഞങ്ങളുടെ ചിരിക്കിടയിലാണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിർത്തിയത്.
ടീച്ചറമ്മ !!!
“നന്ദിനിയെ ഒന്ന് കാണണമെന്ന് തോന്നി, അതാണ് വയ്യെങ്കിലും വന്നത്.. ”
ഗായു ടീച്ചറമ്മയെ അകത്തേക്ക് കൂട്ടുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“അഭിയേട്ടൻ. …? ”
“അവന് നല്ല പനിയാണ് മോളെ, അവന്റെ കാര്യങ്ങളൊക്കെ ഗംഗയെ ഏല്പിച്ചിട്ടാണ് ഞാൻ പോന്നത് ”
ചിറ്റ കണ്ണടച്ചു കിടക്കുകയായിരുന്നു. ടീച്ചറമ്മ വിളിച്ചപ്പോഴേക്കും കണ്ണു തുറന്നു നോക്കി.
“സുഭദ്രാമ്മ.. ”
സംസാരത്തിനിടക്ക് ചിറ്റ അഭിയേട്ടനെക്കുറിച്ച് ചോദിച്ചു.
“അവനിപ്പോഴും ഒരു മാറ്റവുമില്ല നന്ദിനി. എനിക്ക് നൂറായിരം അസുഖങ്ങളാണ്, പക്ഷേ സമാധാനത്തോടെ കണ്ണടക്കാൻ പറ്റുമോ. ഇപ്പോഴിതാ ഗംഗയും. ഒരു പാട് കഷ്ടപെട്ടതാണെന്റെ മോള്. ചേർത്തു വെക്കണമെന്നുണ്ട് എനിക്ക്. പക്ഷേ അഭി… ”
“അവർ തമ്മിൽ… ”
ചിറ്റ ചോദിച്ചു.
“അഭി അവളോട് ദേഷ്യമൊന്നും കാണിക്കാറില്ല. പക്ഷേ വർഷമിത്രയായിട്ടും അവന്റെ മനസ്സിൽ…. ”
തുടരാനാവാതെ സുഭദ്രാമ്മ നിർത്തിയപ്പോൾ
ചിറ്റ പറഞ്ഞു
“സുഭദ്രാമ്മ ധൈര്യമായിരിക്ക്, അഭിയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും. അവനിങ്ങനെ കഴിഞ്ഞാൽ എന്റെ മോളുടെ ആത്മാവ് എന്നോട് പൊറുക്കില്ല ”
രണ്ടു പേരുടെയും കണ്ണൊക്കെ നിറഞ്ഞുവരുന്നത് കണ്ടു ഞാൻ വേഗം ടീച്ചറമ്മയോട് കാവ്യയുടെ കാര്യം പറഞ്ഞു.
“അറിഞ്ഞു കുട്ടി, മരിച്ചവരെ പറ്റി ദുഷിച്ചു പറയാൻ പാടില്ല എന്നറിയാതെ അല്ല പക്ഷേ ആ കുട്ടിയുടെ രീതികൾ ഒന്നും ശരിയില്ലായിരുന്നു. ”
ഞാനും ചിറ്റയും നോക്കുന്നത് കണ്ടപ്പോൾ ടീച്ചറമ്മ തുടർന്നു
“ആ കുട്ടി പണ്ടൊരിക്കൽ അഭിയെ കാണാൻ വന്നിരുന്നു. അഞ്ജുമോളെ പറ്റി എന്തെല്ലാമൊക്കെയൊ അഭിയോട് പറഞ്ഞു വഴക്കായി അവസാനം അഭി ഇറങ്ങി പോവാൻ പറഞ്ഞു. ആരും സന്തോഷത്തോടെ ഇരിക്കുന്നത് അവൾക്കിഷ്ടമല്ലന്നു അഭി പറഞ്ഞത് ഞാൻ ഓർക്കുന്നു ”
ഞാനും ചിറ്റയും മുഖത്തോട് മുഖം നോക്കി.
ടീച്ചറമ്മയെ യാത്രയാക്കി റൂമിലെത്തിയിട്ടും ഞാൻ ചിന്തയിൽ തന്നെയായിരുന്നു.
എന്തിനാണ് കാവ്യ അഞ്ജുവിന്റേയും അഭിയേട്ടന്റെയും ബന്ധം തകർക്കാൻ ശ്രെമിച്ചത്.
കേവലം അഞ്ജുവിനോടുള്ള ശത്രുത മാത്രമാവും കാരണം എന്നെനിക്ക് വിശ്വാസം വന്നില്ല.
ഉണ്ണിയേട്ടനെ പറ്റി മഹിയേട്ടൻ പറഞ്ഞ കാര്യങ്ങളും എനിക്ക് അവിശ്വസനീയം ആയി തോന്നി.
പക്ഷേ മഹിയെട്ടനും ഉണ്ണിയേട്ടനും തമ്മിൽ എന്തോ പ്രശ്നം ഉള്ളതായി എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.
ഹരിയേട്ടനോടും വേദ്നോടുമുള്ള അടുപ്പം ഉണ്ണിയേട്ടന് മഹിയെട്ടനോടില്ല.
പക്ഷേ ഉണ്ണിയേട്ടൻ ഒരിക്കലും മഹിയേട്ടനെ കുറിച്ച് ഒരിക്കലും എന്നോട് മോശമായി പറഞ്ഞിട്ടില്ല.
ഞാൻ എത്രത്തോളം മഹിയേട്ടനെ സ്‌നേഹിക്കുന്നുണ്ടെന്ന് ഉണ്ണിയേട്ടന് അറിയാവുന്നതുമാണ്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായിതന്നെയാണ് ഞാൻ രാവിലെ എഴുന്നേറ്റത്.
കുറച്ചു ഷോപ്പിംഗ് ഉണ്ട്, ഒന്ന് പുറത്തു പോണമെന്നു വേദിനെ പറഞ്ഞേൽപ്പിച്ചു ഞാൻ വേഷം മാറി വന്നു.
താഴെ വന്നപ്പോൾ അവനെ കണ്ടില്ല. എവിടെയെങ്കിലും നിന്ന് ഫോണിൽ കുറുകുന്നുണ്ടാവും..
തിരിഞ്ഞപ്പോഴാണ് എന്നെ അടിമുടി നോക്കി നിൽക്കുന്ന ആളെ കണ്ടത്.
“നീയെങ്ങോട്ടാ…? ”
കനത്തിലാണല്ലോ, ഇങ്ങേരെ രാവിലെ കട്ടുറുമ്പ് കടിച്ചോ, ഓരോ നിമിഷവും ഓരോ സ്വഭാവമാ..
കാട്ടാളൻ കണ്ണുരുട്ടുന്നത് കണ്ടു ഞാൻ പറഞ്ഞു.
“എനിക്കൊന്ന് പുറത്തു പോണം കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. വേദ് വരാന്നു പറഞ്ഞിട്ടുണ്ട്.. ”
“ഞാൻ പോവുന്ന വഴിക്ക് വിട്ടേക്കാം.. കാറിൽ കയറിക്കോ.. ”
“അത്.. ഞാൻ.. വേദ്.. ”
“അതെന്താ വേദ്ന്റെ കൂടെയേ നീ പോവുകയുള്ളോ…? ”
പിന്നെ ഒരക്ഷരം മിണ്ടാതെ ഞാൻ നേരെ കാറിനടുത്തേക്ക് നടന്നു.
അൺലോക്ക് ചെയ്തതും ഞാൻ കയറിയങ്ങിരുന്നു.
അടുത്ത് വന്നിരുന്നാളിന്റെ മുഖത്തൊരു ചിരി കണ്ടിരുന്നെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.
കാട്ടാളൻ ഡ്രൈവിംഗ്നിടക്കൊക്കെ എന്നെ നോക്കുന്നുണ്ട്. ഞാൻ മിണ്ടാൻ പോയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അങ്ങേര് പാട്ടു വെച്ചു.
പാട്ടിൽ ലയിച്ചു പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ഞാനോർത്തു.
എന്തെങ്കിലും കാരണം ഉണ്ടാക്കി മഹിയേട്ടന്റെ വണ്ടിയിൽ കയറാൻ ശ്രെമിച്ചിരുന്നത്. സഹായികളായി അഞ്ജുവും വേദുo ഉണ്ടായിരുന്നു.
കാട്ടാളൻ പിന്നെ അന്നേ മസിലുപിടുത്തത്തിന്റെ ആശാനായിരുന്നു. ആ തിരുവായ്മൊഴി ഒന്ന് പുറത്തേക്ക് വരാൻ വല്യ വിഷമം ആയിരുന്നു.
ഓരോന്നാലോചിച്ചു ഇരുന്നു, വണ്ടി നിർത്തിയപ്പോഴാണ് ഞാൻ ചുറ്റും നോക്കിയത്.
“നീ ഇറങ്ങിക്കോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം ”
ഇങ്ങേരും ഇനി എന്റെ കൂടെ വരുന്നുണ്ടോ ആവോ. ഈശ്വരാ ഞാൻ പെട്ടു..
വേഗം ഫോൺ എടുത്തു നിലീനയെ വിളിച്ചു ഞാൻ മഹിയെട്ടനോടൊപ്പമാണ് വരുന്നതെന്ന് അറിയിച്ചു.
ഞാൻ മാളിനുള്ളിലേക്ക് നടന്നതും ആള് പുറകെ എത്തി.
ലേഡീസ് സ്റ്റോറിൽ കയറി കുറച്ചു സാധനങ്ങളൊക്കെ ഞാൻ വാങ്ങി.
മാക്സിൽ ഉണ്ടെന്ന് അലീനയുടെ മെസ്സേജ് കണ്ടു ഞാൻ നേരെ അങ്ങോട്ട് നടന്നു.
ഫോണിൽ നോക്കിയിരുന്ന ആൾ നെറ്റി ചുളിച്ചെങ്കിലും എന്റെ കൂടെ തന്നെ വന്നു.
ഡ്രസ്സ് സെക്ഷനിൽ തിരിഞ്ഞു കളിക്കുമ്പോഴും എന്റെ കണ്ണുകൾ ചുറ്റും തിരയുകയായിരുന്നു.
നിലീന എവിടുന്നോ വന്നെന്റെ കൈയിൽ പിടിച്ചു, പുറകിൽ ഉണ്ണിയേട്ടനും.
ഞാനൊന്ന് തിരിഞ്ഞു നോക്കി. ഫോണിൽ നോക്കി നിന്നിരുന്ന ആൾ മുഖം ഉയർത്തുന്നത് ഞാൻ കണ്ടു.
നിലീനയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മഹിയേട്ടൻ എന്റെ അടുത്തെത്തി.
“മഹിയേട്ടാ, ഇത് നിലീന, ഉണ്ണിയേട്ടന്റെ ഫിയാൻസി ആണ്. ”
നിലീനയോട് ഹലോ പറയുമ്പോഴും പ്രേതീക്ഷിച്ച ഞെട്ടൽ മഹിയെട്ടനിൽ കണ്ടില്ല.
നിലീനയും ഞാനും സംസാരിക്കുമ്പോൾ കണ്ടു ഉണ്ണിയേട്ടനും മഹിയെട്ടനും മാറി നിന്ന് സംസാരിക്കുന്നത്.
ഉണ്ണിയേട്ടന്റെ കാര്യം അറിഞ്ഞു നിലീനയുടെ വീട്ടിൽ വല്യ പ്രശ്നം ആണത്രേ.
വീട്ടുതടങ്കലിൽ നിന്ന് ചാടി വന്നതാണ് ആള്.
കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. കാരണം ഒട്ടും ധൈര്യമില്ലാത്തവളാണ്.
പിന്നെയും കുറെ സമയം ഞങ്ങൾ സംസാരിച്ചു.
മഹിയേട്ടന്റെ മുഖത്ത് വല്യ തെളിച്ചമില്ലായിരുന്നെങ്കിലും ഉണ്ണിയേട്ടനോട് സംസാരിക്കുന്നൊക്കെ ഉണ്ടായിരുന്നു.
നിലീനയെ കൊണ്ടു വിട്ടിട്ട് തറവാട്ടിലേക്ക് വരാമെന്ന് പറഞ്ഞു ഉണ്ണിയേട്ടൻ അവളെയും കൂട്ടി പോയി.
“തീർന്നോ നിന്റെ ഷോപ്പിംഗ് ഒക്കെ… ”
പുച്ഛത്തോടെയുള്ള ചോദ്യം കേട്ടപ്പോഴേ മനസിലായി ആള് കലിപ്പിലാണെന്ന്.
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴും ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുകയായിരുന്നു കാട്ടാളൻ
അവസാനം സഹികെട്ടു ഞാൻ ചോദിച്ചു.
“മഹിയേട്ടാ ഉണ്ണിയേട്ടൻ എന്താ സംസാരിച്ചത്? ”
“നീയല്ലേ മീറ്റിംഗ് ഒക്കെ അറേഞ്ച് ചെയ്തത്, ചോദിക്കായിരുന്നില്ലേ… ”
അപ്പോൾ അതാണ് കാരണം. ഞാൻ ഒന്നും മിണ്ടിയില്ല.
അങ്ങേര് വണ്ടി സൈഡ് aആക്കി.
“കാത്തൂ ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം
പറയാം, ഇനി നമ്മൾക്കിടയിൽ ഒരു രഹസ്യവും ഉണ്ടാവാൻ പാടില്ല. എന്തും നിനക്കെന്നോട് തുറന്നു പറയാം.മറിച്ചായാൽ ഞാൻ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല. നിന്റെ കാര്യത്തിൽ ഞാൻ സെൽഫിഷും പൊസ്സസ്സീവും ഒക്കെയാണ്.. ”
എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് മഹിയേട്ടൻ അത് പറഞ്ഞത്. എനിക്ക് വാക്കുകൾ കിട്ടിയില്ല…
വീട്ടിൽ എത്തുന്നതിനു മുൻപേ എന്നോട് പറഞ്ഞു.
“ഉണ്ണി ആ കുട്ടിയെ ഇറക്കി കൊണ്ടു വരാനുള്ള പ്ലാനിൽ ആണ്. ശ്രീധരൻമാമ്മയും അമ്മായിയും ഒഴികെ മറ്റെല്ലാരും സപ്പോർട്ട് ആണ്. കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് എല്ലാരും ശ്രീലകത് എത്തുന്നുണ്ട്. ”
മുറ്റത്ത് കാറുകൾ കണ്ടു.
ഹാളിൽ ബാലമ്മാമയും പ്രവിയും ഹരിയേട്ടനും ഉണ്ടായിരുന്നു.
അവർക്ക് ചായയുമായി വന്ന ഗായു എന്നെ കണ്ടപ്പോൾ പറഞ്ഞു
“ചിറ്റക്ക് എന്തോ ഒരു വയ്യായ്ക, ഞാൻ വൈശാഖേട്ടനെ വിളിച്ചു വരുത്തിയിട്ടുണ്ട് ”
വേഗത്തിൽ ചിറ്റയുടെ റൂമിലെത്തിയപ്പോൾ വൈശാഖേട്ടൻ ചിറ്റയെ പരിശോധിക്കുകയായിരുന്നു.
“നാളെ എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടു പോണം മഹി, ഡീറ്റൈൽഡ് ചെക്ക് അപ്പ് വേണം. എനിക്ക് ചില സംശയങ്ങൾ ഉണ്ട്. ”
മഹിയേട്ടൻ ചോദ്യഭാവത്തിൽ നോക്കിയെങ്കിലും വൈശാഖേട്ടൻ ഒന്നും പറഞ്ഞില്ല.
രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാരും പൂമുഖത്തിരുന്നു സംസാരിക്കുകയായിരുന്നു.
പെട്ടന്നു ഫോണിന്റെ കാര്യം ഓർമ വന്നു. മുകളിലെ റൂമിലാണ്. മാളിൽ ഉള്ളപ്പോൾ വിവേക് വിളിച്ചിരുന്നു. തിരികെ വിളിക്കാമെന്ന് പറഞ്ഞു കട്ട് ചെയ്തതായിരുന്നു.
റൂമിലെത്തി വിവേകിനെ വിളിച്ചു, രേണു ആന്റിയോടു സംസാരിച്ചു വെച്ച ഉടനെ കറന്റ് പോയി.
എന്തോ ഒരു ഭയം എന്നെ പൊതിഞ്ഞു. റൂമിൽ മറ്റാരോ ഉള്ളത് പോലെ…
( തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission