പ്രണയം മാത്രം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾക്കിടയിലെപ്പോഴോ മഹിയേട്ടൻ പറഞ്ഞു.
“ഷബീർ വിളിച്ചിട്ടാണ് ഞാൻ വന്നത്… ”
മഹിയേട്ടന്റെ ഗൗരവം കണ്ടപ്പോഴേ എനിക്ക് മനസിലായി കാവ്യയുടെ കാര്യം ആണെന്ന്j.
“കാവ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടാണെന്നാണെങ്കിലും അവളുടെ വലത് കൈയ്യിൽ ആഴത്തിൽ ഒരു മുറിവുണ്ടായിരുന്നത്രെ. നഖത്തിനടിയിൽ ഉണ്ടായിരുന്ന സ്‌കിന്നും , കൈയിൽ ഉണ്ടായിരുന്ന മുടിയിഴകളും ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഷബീർ പറഞ്ഞു. ”
ഞെട്ടലോടെ മഹിയേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി ഞാനിരുന്നു
പകപ്പോടെ ഇരിക്കുന്ന എന്നെ നോക്കി മഹിയേട്ടൻ പറഞ്ഞു.
“ആരോ കളിക്കുന്നുണ്ട് കാത്തൂ, നിനക്ക് നേരെ നടന്ന അറ്റാക്കും കൂടെ കൂട്ടി വായിക്കുമ്പോൾ… പക്ഷേ ആര്, എന്തിന് എന്നൊന്നും ഊഹിക്കാൻ പോലും പറ്റുന്നില്ല. ഷബീർ ഒരു സംശയം പറഞ്ഞു നിന്റെ വരവുമായി ഇതിനൊക്കെ എന്തോ ഒരു ബന്ധമുള്ളത് പോലെ. നീ പറഞ്ഞിരുന്നില്ലേ, കാവ്യ നിന്നോടെന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞുവെന്ന്. ഒരു പക്ഷേ അത് കൊണ്ടാണെങ്കിലോ അവൾക്കിങ്ങനെ സംഭവിച്ചത്… ”
എന്റെ കണ്ണുകളിലെ പേടി മഹിയേട്ടന് തിരിച്ചറിയാൻ ആവുമായിരുന്നു. മഹിയേട്ടൻ എന്റെ കൈയിൽ കൈ ചേർത്തു വെച്ചു പറഞ്ഞു.
“പേടിക്കണ്ട.. ഷബീർ പറഞ്ഞത് ഒരു സാധ്യത മാത്രമാണ്, എനിക്കും തോന്നിയതാണ് അത്. കാര്യങ്ങൾ എല്ലാം നീ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാണ് ഞാൻ. വൈശാഖേട്ടൻ ചില സംശയങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഷബീറിനോട് അത് കൂടി ഒന്ന് ചെക്ക് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്. സത്യമാവല്ലേ എന്നാണ് എന്റെ പ്രാർത്ഥന. ”
എന്റെ മുഖത്തേക്ക് നോക്കി മഹിയേട്ടൻ തുടർന്നു.
“എന്തു വന്നാലും നമ്മൾ നേരിടും കാത്തൂ ഒരുമിച്ച്… നമ്മൾ സ്വപ്നം കണ്ട ജീവിതം തട്ടി തെറിപ്പിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല… ”
ആ വാക്കുകൾ എന്റെ മനസ്സിന് ആശ്വാസമേകി. മഹിയെട്ടനോടൊപ്പമുള്ള ജീവിതം ഞാനും കൊതിച്ചു തുടങ്ങിയിരുന്നു.
രാത്രിയിൽ അത്താഴത്തിന് ഇരിക്കുമ്പോൾ വല്യമ്മായി പറഞ്ഞു.
“നാളെ എന്തായാലും ഡ്രെസ്സും ആഭരണങ്ങളുമൊക്കെ എടുക്കാൻ പോവണം, ഇനി അധിക ദിവസങ്ങൾ ഒന്നുമില്ല. രേണു എന്നെ വിളിച്ചിരുന്നു. അവർ നാളെ അങ്ങോട്ടെത്താം എന്ന് പറഞ്ഞിട്ടുണ്ട്. ലത മക്കളുമായി നാളെ വരും ”
“ശരി അമ്മേ നാളെ തന്നെ പോയേക്കാം ”
മഹിയേട്ടൻ പറഞ്ഞു.
കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടിയപ്പോൾ ആ ചുണ്ടിലെ ചിരി എന്നിലേക്കുമെത്തി. തൊട്ടടുത്തു നിന്ന് ഒരു ചുമ കേട്ടു നോക്കുമ്പോഴാണ് എന്റെ അടുത്തിരിക്കുന്ന വേദ്ന്റെ ആക്കിചിരി കണ്ടത്. അവനെ നോക്കി കണ്ണുരുട്ടുമ്പോൾ എന്റെ കണ്ണുകളെ പിന്തുടരുന്ന മഹിയേട്ടന്റെ നോട്ടവും അവനിലെത്തി. പിന്നെ അവൻ ഡീസന്റ് ആയി. പ്ലേറ്റ്ലേക്ക് തന്നെ നോക്കിയിരുന്നു ഭക്ഷണം കഴിക്കുന്ന അവനെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി മഹിയേട്ടൻ എന്തോ ഒരു പണി അവനിട്ടു കൊടുത്തിട്ടുണ്ടെന്ന്.
അമ്മായിയുടെയും ഗായുവിന്റെ കൂടെ അടുക്കളയിൽ എല്ലാം ഒതുക്കി വെക്കാൻ സഹായിച്ചു ചിറ്റയുടെ അടുത്തേക്ക് ചെന്നു. അമ്മായി പറഞ്ഞത് ശരിയാണ് ചിറ്റയ്ക്ക് നല്ല വ്യത്യാസം ഉണ്ട്. ക്ഷീണം ഒക്കെ കുറഞ്ഞിട്ടുണ്ട്.
പിന്നെ ഹാളിൽ ഗായുവും അമ്മായിയും ഒക്കെയായി സംസാരിച്ചിരുന്നു. വേദ് കൂടി വന്നപ്പോൾ അവനും ഗായുവും കൂടെ ചേർന്ന് എന്നെ കളിയാക്കി ഒരു വഴിയ്ക്കാക്കി.
പണ്ട് മഹിയേട്ടന്റെ ശ്രെദ്ധ കിട്ടാൻ വേണ്ടി അഞ്ജുവിന്റെ വാക്കുകൾ കേട്ടു ഞാൻ ചെയ്തു കൂട്ടിയ പൊട്ടത്തരങ്ങളും മഹിയേട്ടന്റെ പിന്നാലെ നടന്ന കഥകളുമൊക്കെ പറയവേ ഞാൻ ചൂളിയിരുന്നു
“ശരിക്കും തമാശ എന്താന്ന് വെച്ചാൽ അന്നേ ഇവൾക്കൊഴികെ എല്ലാർക്കുമറിയാം മഹിയേട്ടൻ ഇവളെ സ്‌നേഹിക്കുന്നുണ്ടെന്ന്.ഇവൾക്ക് മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ ”
ഗായു പറഞ്ഞത് കേട്ടു വേദ് ചിരിയോടെ പറഞ്ഞു
“എന്റെ ഏട്ടത്തി ഇവരുടെ ഏറ്റവും വലിയ ഐറ്റം ഏതായിരുന്നുന്നറിയോ. കോയിൻ ഇട്ടു നോക്കൽ, മഹിയേട്ടൻ ഇവളെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോന്ന്.അഞ്ജു പറയുന്ന പൊട്ടത്തരങ്ങളൊക്കെ ഇവള് ചെയ്യുമായിരുന്നു ”
“നീ പോടാ തെണ്ടി, നീയും അന്നെല്ലാത്തിനും സപ്പോർട്ട് ആയിരുന്നല്ലോ ”
ദേഷ്യത്തോടെ അവിടുന്ന് പോവാൻ തിരിഞ്ഞപ്പോളാണ് ഗോവണിയുടെ സൈഡിൽ ചാരി കൈയും കെട്ടി നിന്നു എന്നെ തന്നെ നോക്കി ചിരിക്കുന്ന ആളെ കണ്ടത്.
പകച്ചു പോയി എന്റെ വാർദ്ധക്യം വരെ.
അങ്ങേർക്ക് വേണ്ടി ഞാൻ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒക്കെ കേട്ടു നിൽക്കുന്ന കാട്ടാളനെ കണ്ടു ഭൂമി പിളർന്നു താഴേക്ക് പോവാൻ ആഗ്രഹിച്ചു പോയി.
എല്ലാരുടെയും ചിരിക്കിടയിൽ മുഖവും വീർപ്പിച്ചു മഹിയേട്ടനെ നോക്കാതെ അടുത്ത് കൂടി സ്റ്റെയർകേസ് കയറി ഞാൻ റൂമിലോട്ട് വെച്ചു പിടിച്ചു. മഹിയേട്ടനെ ഫേസ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു.
പക്ഷേ റൂമിലേക്ക് എത്തുന്നതിനു മുൻപേ തന്നെ ആളെന്റെ മുൻപിലെത്തി കൈ കെട്ടി നിന്നു. ആ ചിരി കൂടി കേട്ടപ്പോൾ എനിക്ക് കലി കയറി. മഹിയേട്ടനെ തള്ളി മാറ്റി പോവാൻ ശ്രെമിച്ചു. എവിടെ അനങ്ങുന്നില്ല കാട്ടാളൻ.
“എങ്ങോട്ടാണ് മാഡം ഇത്ര തിരക്കിട്ട്. നാലഞ്ച് ദിവസം കൂടെ കഴിഞ്ഞാൽ നിന്റെ കെട്ട്യോൻ അല്ലേടി ഞാൻ. ആ ഒരു ബഹുമാനം ഒക്കെ വേണ്ടേ എന്നോട് ”
ഞാൻ മഹിയേട്ടനെ നോക്കാതെ, ഒന്നും മിണ്ടാതെ തന്നെ നിന്നു.
“എന്റെ പെണ്ണെ ഇപ്പോൾ അവിടെ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലന്ന് കരുതിയോ നീ, നിന്നെ പ്രണയിക്കാൻ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ നിന്റെ ജീവിതത്തിൽ ഞാൻ അറിയാത്ത കാര്യങ്ങൾ ഒന്നുമില്ല ”
അറിയാതെ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കിയപ്പോഴും മഹിയേട്ടൻ ചിരിക്കുകയായിരുന്നു.
“ഗുഡ് നൈറ്റ് ബ്രോ, ഗുഡ് നൈറ്റ് ഏട്ടത്തിയമ്മേ ”
അടുത്ത് കൂടി പോയ വേദ്ന്റെ ശബ്ദം കേട്ടു ഞാൻ അവനെ നോക്കി. വേറെ ഒന്നും പറയാതെ തിരിഞ്ഞു നോക്കാതെ റൂമിലേക്ക് പോവുന്ന വേദ്നെ ഞാൻ അന്തംവിട്ടു നോക്കി നിന്നു.
“ഇന്നലെ രാത്രി രണ്ടു മണിക്ക് ബാൽക്കണിയിൽ നിന്നുള്ള അവന്റെ പ്രണയസല്ലാപം ഞാൻ കൈയോടെ പിടിച്ചു. അത്രേയുള്ളൂ കാര്യം ”
ഞാൻ മഹിയേട്ടനെ നോക്കി
“അതിനെന്താ അനുവിനോടല്ലേ, അവരുടെ കല്യാണമല്ലേ അടുത്ത മാസം? ”
“ചെറുക്കനേയ് ചെറിയൊരസുഖം, ആക്രാന്തത്തിന്റെ.. ”
“കഷ്ട്ടണ്ട്ട്ടോ മഹിയേട്ടാ… ”
“പിന്നെ.. ഇത്രയും വർഷം നിന്നെ പ്രേമിച്ചു നടന്നിട്ട് എനിക്ക് പോലും അവന്റെ ഡയലോഗ്സിന്റെ അടുത്ത്
എത്താനായിട്ടില്ല ”
ഇനിയുമിവിടെ നിന്നാൽ ശരിയാവില്ലന്നു മനസിലായതോടെ, പ്രതീക്ഷിക്കാത്ത നിമിഷത്തിൽ കാട്ടാളനെ തള്ളി മാറ്റി ഞാൻ റൂമിൽ എത്തി.
“അധികം താമസിയാതെ നിന്നെ എന്റെ കൈയിൽ കിട്ടുമല്ലോ. അന്ന് ഇതിനൊക്കെ ഞാൻ പകരം ചെയ്യുമെടി ”
വാതിൽ ലോക്ക് ചെയ്യുന്നതിനിടെ മഹിയേട്ടന്റെ വാക്കുകൾ ഞാൻ കേട്ടു.
ആമ്പൽ കുളത്തിനപ്പുറം കാവിനുള്ളിൽ, പുറകിലൂടെ വന്നു എന്റെ കഴുത്തിൽ മുറുകുന്ന ആ കൈകളിൽ നിന്ന് മോചനം കിട്ടാതെ പിടയുകയായിരുന്നു ഞാൻ. പൊടുന്നനെ ആ കൈകൾ അയഞ്ഞു.ശ്വാസം കിട്ടാതെ പിടഞ്ഞു താഴേക്ക് വീഴുമ്പോൾ കണ്ടത് ചോരയിറ്റുന്ന ഇരുമ്പ് വടിയും കൈകളിലേന്തി നിൽക്കുന്ന അഞ്ജുവിനെ ആയിരുന്നു, ആ കണ്ണുകളിൽ അഗ്നിയായിരുന്നു. തൊണ്ടയിൽ കുടുങ്ങിയ ഒരു നിലവിളിയോടെ ഞാൻ പിടഞ്ഞെണീറ്റു ലൈറ്റ് ഇട്ട് ചുറ്റും നോക്കി. ജഗ്ഗിലെ വെള്ളം പാതിയും കുടിച്ചു വീണ്ടും കിടന്നെങ്കിലും ഉറങ്ങാനായില്ല. മഹിയേട്ടൻ കാറിൽ വെച്ചു പറഞ്ഞതൊക്കെ ദഹിക്കാതെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു…..
രാവിലെ എണീറ്റിട്ടപ്പോഴും ആ സ്വപ്നം കൂടുതൽ മിഴിവോടെ മനസ്സിൽ തെളിഞ്ഞു നിന്നു എന്നെ അസ്വസ്ഥയാക്കി. വർഷങ്ങൾ എത്ര കഴിഞ്ഞാലും ചോരയൊലിക്കുന്ന ഒരു മുറിവായി അഞ്ജു എന്റെ മനസ്സിലുണ്ടാകും. ഓരോ ദിവസങ്ങളിലും ഞാൻ അവളെ മിസ്സ് ചെയ്യുന്നുണ്ട്.
ലത അമ്മായിയും ദേവുവും അനുവും രാവിലെ തന്നെ എത്തിയിരുന്നു. ഒരുങ്ങി ഇറങ്ങുന്നതിനു കുറച്ചേറെ മുൻപ് തന്നെ ഞാൻ മഹിയെട്ടനോട് പറഞ്ഞു. എനിക്കൊരാളെ കൂടെ വിളിക്കാനുണ്ടെന്ന്. മഹിയേട്ടന്റെ കൂടെ കാറിൽ അങ്ങോട്ട് പോവുമ്പോഴും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്റെ കൂടെ വരുമെന്ന്.
ശ്രീലകത്ത് തിരിച്ചെത്തി കാറിൽ നിന്നിറങ്ങുന്നത് വരെ ഗംഗയുടെ കൈയിൽ ഞാൻ പിടിച്ചിരുന്നു. നേരെ അവളെയും കൊണ്ടു ചിറ്റയുടെ അടുത്തെത്തി. ചിറ്റയുടെ അടുത്ത് കട്ടിലിൽ ഇരുന്ന അവളെ പുണരുമ്പോൾ, ചിറ്റയുടെയും ഗംഗയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“വരുന്നില്ലെന്ന് പറഞ്ഞതാണ് ചിറ്റേ. അഭിയേട്ടനും കൂടെ പറഞ്ഞപ്പോഴാണ് വരാന്ന് സമ്മതിച്ചത് ”
ഗംഗയുടെ കവിളിൽ തലോടി ചിറ്റ പറഞ്ഞു.
“മോളും പോണം കാത്തുവിന്റെ കൂടെ. അഞ്ജുവുണ്ടായിരുന്നെങ്കിൽ……… മോളെ ആ സ്ഥാനത്താണ് ഞങ്ങൾ ഇപ്പോൾ കാണുന്നത് ”
ഗംഗ തല താഴ്ത്തി ഇരുന്നതേയുള്ളു.
രണ്ടു കാറുകളിലായ് ഞങ്ങൾ യാത്ര തിരിച്ചു. ഷോപ്പിനു മുൻപിലായി തന്നെ രേണുആന്റിയും വിവേകും ഉണ്ടായിരുന്നു. ആദ്യം ഞാൻ മൈൻഡ് ചെയ്തില്ലെങ്കിലും ആന്റി വന്നു കെട്ടിപിടിച്ചപ്പോൾ എനിക്കും പിടിച്ചു നിൽക്കാനായില്ല. പക്ഷേ വിവേക് നോക്കിയപ്പോൾ ഞാൻ മുഖം തിരിച്ചു കളഞ്ഞു.
“എന്റെ അളിയോ ഈ സാധനത്തിനെ മെരുക്കിയെടുക്കാൻ അളിയൻ കുറച്ചു പാടു പെടും ”
വിവേക് മഹിയെട്ടനോടായി പറഞ്ഞു.
“എന്തു ചെയ്യാനാ അളിയാ പെട്ടു പോയിന്നു പറഞ്ഞാൽ മതിയല്ലോ ”
മഹിയേട്ടൻ പറഞ്ഞത് കേട്ടു ഞാൻ അങ്ങേരെ നോക്കി കണ്ണുരുട്ടി.
“ലക്ഷണം കണ്ടിട്ട് അങ്ങേരുടെ കൈ നിന്റെ മുഖത്തുന്നു എടുക്കാൻ സമയമുണ്ടാവില്ലല്ലോടി. പക്ഷേ അങ്ങേരുടെ ശരീരശാസ്ത്രമൊക്കെ കണ്ടിട്ട് നിനക്കതൊക്കെ വാങ്ങികൂട്ടാനുള്ള ആരോഗ്യം ഉണ്ടാവുമോന്നാ എന്റെ
സംശയം”
വിവേക് എന്നോടായി പതുക്കെ പറഞ്ഞു.
നനഞ്ഞ കോഴിയെപോലെ നടക്കുന്ന വേദ്നെ കണ്ടപ്പോൾ ചിരിയോടെ ഞാനോർത്തു. ഇതു വരെ ഇവനെക്കൊണ്ടായിരുന്നു. അവനൊന്നു ഒതുങ്ങിയപ്പോഴേക്കും അടുത്ത ഐറ്റം എത്തി.
അധികം താമസിയാതെ അനുവും വന്നെത്തി. പിന്നെ വേദ് ആളാകെ മാറി.
ചിരിയും കളിയുമായി ഷോപ്പിംഗ്ൽ മുഴുകുമ്പോഴും ആരുമറിയാതെ ഇടക്കിടെ മഹിയേട്ടന്റെ കണ്ണുകൾ എന്നെ തേടിയെത്തി.
റെഡ് കളർ പട്ടു സാരി മഹിയേട്ടൻ ആയിരുന്നു സെലക്ട് ചെയ്തത്. ഗംഗയ്ക്കായി ഞാനൊരു റെഡ് ക്രീം കളർ കോമ്പിനേഷൻ സാരി സെലക്ട് ചെയ്തു.ഇണക്കിളികൾ ഇടയ്ക്കിടെ സല്ലപിക്കാൻ പോയെങ്കിലും അനുവും വേദ് തന്നെ ആയിരുന്നു പ്രധാന താരങ്ങൾ കല്യാണച്ചെറുക്കന്റെ ഡ്രസ്സ് സെലക്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഗിരിയേട്ടനും ഭദ്രേട്ടനും കൂടെ എത്തി. എല്ലാം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. ഭക്ഷണം കഴിച്ചിട്ട് ആഭരണങ്ങൾ എടുക്കാൻ പോവാമെന്ന് തീരുമാനിച്ചു.
അനുവും വേദും ഗംഗയും ഞാനും ഒരു ടേബിളിൽ ആയിരുന്നു. മഹിയെട്ടൻ തൊട്ടടുത്ത ടേബിളിൽ ഇരുന്നു ഗിരിയേട്ടനും ഭദ്രേട്ടനും വിവേകും കൂടെ.
“എടി ഏട്ടത്തിയമ്മേ ഒരു കാര്യം പറയാതെ വയ്യ. കാര്യം എന്റെ വല്യേട്ടനാണെങ്കിലും നിന്റെ കാട്ടാളൻ ആള് ശരിയല്ല ”
ഞാൻ വേദ്നെ നോക്കി അവൻ തുടർന്നു.
“അങ്ങേര് ഞാനും ഇവളും ഫോണിൽ സംസാരിച്ചതൊക്കെ കേട്ടു എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നേടി ”
“എടാ ചെറുക്കാ നീയല്ലേ രാത്രി ബാൽക്കണിയിൽ വന്നു നിന്ന് പരിസരം മറന്നു അഡൾട്സ് ഒൺലി കളിച്ചത്, എന്നിട്ടിപ്പോ കേട്ടു നിന്നവർക്കയോ കുറ്റം ”
ഞാൻ പറഞ്ഞത് കേട്ടു വേദ് മുഖം ചുളിച്ചു.
“ഓ അപ്പോൾ അങ്ങേരു അതൊക്കെ ഇങ്ങെത്തിച്ചോ ”
ചിരിയോടെ ഞാൻ പറഞ്ഞു.
“രണ്ടു പേരും ചമ്മണ്ട. മഹിയേട്ടൻ നിന്നെ അവിടെ കണ്ടപ്പോൾ വന്നു നോക്കിയെന്നേയുള്ളൂ. നിങ്ങളുടെ ഡയലോഗ്സ് ഒന്നും കേട്ടിട്ടില്ല.അവന്റെ ഒരു സൈക്കോളജിക്കൽ മൂവ്..”
രണ്ടു പേരും ശ്വാസം വിട്ടത് കണ്ടു ഞാൻ ചിരിച്ചു.
ആഭരണങ്ങൾ ലോക്കറിൽ ഉണ്ടായിരുന്നത് കൊണ്ടു കുറച്ചെ എടുത്തുള്ളൂ.എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ആലിലത്താലി തന്നെയായിരുന്നു മഹിയേട്ടൻ എടുത്തത്. അനുവിനെയും ഗംഗയെയും വീട്ടിലാക്കി കൊടുത്തു. ടീച്ചറമ്മക്കും അഭിയേട്ടനുമുള്ള ഡ്രെസ്സുകൾ ഗംഗയുടെ കൈയിൽ കൊടുത്തു വിട്ടിരുന്നു.
തിരിചെത്തിയപ്പോഴേക്കും വൈകുന്നേരം ആയിരുന്നു.
ശ്രീലകത്ത് അതിഥികൾ ഉണ്ടായിരുന്നു. ശ്രീധരൻ മാമ്മയും ശാരദാമ്മായിയും ബാലമ്മാമ്മയുമെല്ലാം. ഹാളിൽ അവർക്ക് നടുവിലായി തലകുനിച്ചിരിക്കുന്ന ഉണ്ണിയേട്ടൻ. എല്ലാ മുഖങ്ങളിലെയും ടെൻഷൻ കണ്ടു, കൊണ്ടു വന്ന കവറുകൾ എല്ലാം റൂമിൽ കൊണ്ടു വെച്ച് ഞാൻ ചിറ്റയുടെ അടുത്തേക്ക് നടന്നു. ഉണ്ണിയേട്ടനെ തിരികെ കൊണ്ടു പോവാൻ വന്നതാണത്രേ. നിലീന ആത്മഹത്യക്ക് ശ്രെമിച്ചു ഹോസ്പിറ്റലിൽ ആണെന്ന് കേട്ടു ഞാൻ ഞെട്ടി പോയി. ഉമ്മറത്തു നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടു ഞാൻ പുറത്തേക്കിറങ്ങി.
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ഉണ്ണിയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നിലീന ആയിരിക്കും. ആര് എതിർത്താലും എനിക്കൊന്നുമില്ല ”
ഉണ്ണിയേട്ടന്റെ ശബ്ദം ഉയർന്നു. എല്ലാരും തരിച്ചു നിൽക്കുകയാണ്. ഇങ്ങനെ ഉണ്ണിയേട്ടനെ ആരും ഇത് വരെ കണ്ടിട്ടില്ല.
ആകെ തകർന്നു നിൽക്കുന്ന ഉണ്ണിയേട്ടനെ കണ്ടു സങ്കടം തോന്നി. മഹിയേട്ടൻ ഉണ്ണിയേട്ടനെയും കൂട്ടി മുറ്റത്തേക്കിറങ്ങി. എന്തെല്ലാമോ ഉണ്ണിയേട്ടനോട് പറഞ്ഞു. ഉണ്ണിയേട്ടൻ ആരോടും ഒന്നും പറയാതെ തിരികെ റൂമിലേക്ക് കയറി പോവുന്നത് കണ്ടു.
മഹിയേട്ടൻ തിരികെ വന്നു പറഞ്ഞു.
“ശ്രീധരൻ മാമ്മേ ഉണ്ണി വാശിയിൽ തന്നെയാണ്. ആരെതിർത്താലും അവളെ വിവാഹം കഴിക്കുമെന്നാണ് പറയുന്നത്. അത് നടത്തികൊടുക്കുന്നതല്ലേ നല്ലത്.വെറുതെ വാശി പിടിച്ചു ഉണ്ണിയെക്കൂടി നഷ്ടപെടുത്തണോ ”
ആദ്യമൊക്കെ കയർത്തു സംസാരിച്ചെങ്കിലും അവസാനം മനസ്സില്ലാമനസ്സോടെ ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും അർദ്ധസമ്മതം നൽകി മടങ്ങി. മഹിയേട്ടൻ നാളെ നിലീനയുടെ പേരെന്റ്സിനെ കണ്ടു സംസാരിക്കാമെന്ന തീരുമാനത്തിൽ എല്ലാരും പിരിഞ്ഞു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ ഉണ്ണിയേട്ടനിൽ പ്രകടമായ മാറ്റം കണ്ടു ആശ്വാസം തോന്നി.
ഡ്രെസ്സുകളും ആഭരണങ്ങളുമെല്ലാം ചിറ്റയെ കാണിച്ചു. അടുത്ത ബന്ധുക്കളെയും മഹിയേട്ടന്റെ ചില സുഹൃത്തുക്കളെയും മാത്രമേ കല്യാണം വിളിച്ചിട്ടുള്ളു.
എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു.
കിടക്കാൻ നേരം കണ്ണാടിയിൽ നോക്കി മുടി ചീകവേ ഓർത്തു നാലു ദിവസം കൂടി കഴിഞ്ഞാൽ മഹിയേട്ടന്റെ താലി ഈ കഴുത്തിൽ ഉണ്ടാവും സീമന്തരേഖയിൽ ആ സിന്ദൂരവും. മഹിയേട്ടനെ പ്രണയിച്ചു തുടങ്ങിയപ്പോഴേ മോഹിച്ചതാണ് ആ കൈ കൊണ്ട് കഴുത്തിൽ അണിയിക്കുന്ന ആലിലത്താലിക്കായി… കൈ വിട്ടു പോയെന്ന് കരുതിയിരുന്ന പ്രണയവും ജീവിതവും തിരികെ കിട്ടിയിട്ടും മനസ്സ് തുറന്നു സന്തോഷിക്കാൻ ആവുന്നില്ല… എന്തോ ഒരു പേടി. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ…
നിലീനയുടെ പേരെന്റ്സ്നോട് സംസാരിച്ചു കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാമെന്ന് പറഞ്ഞിട്ടാണ് മഹിയേട്ടൻ പോയത്. ഉച്ചയായപ്പോഴേക്കും മഹിയേട്ടൻ വിളിച്ചു. നിലീനയുടെ അവസ്ഥ കണ്ടപ്പോഴേ അവരുടെ മനസ്സ് മാറിയിരുന്നത്രെ. ഉണ്ണിയേട്ടന്റെ വീട്ടുകാരുമായി ആലോചിച്ചു ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് അവർ ഉറപ്പിച്ചു. വേദ്നോട് ഉണ്ണിയേട്ടനെ കൂട്ടി നിലീനയെ കാണാൻ ഹോസ്പിറ്റലിൽ ചെല്ലാൻ ഏല്പിച്ചു.
( തുടരും )
Click Here to read full parts of the novel
ഇനി രണ്ടു മൂന്ന് പാർട്ട് കൊണ്ട് തീരുംട്ടോ. ചോദിക്കേണ്ട, ലാസ്റ്റിലെ വില്ലൻ വരുള്ളൂ. അങ്ങേര് ടൂറിലാ 🙏😜😜😍😍😍
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission