പാലക്കാട് നിന്ന് ഷൊർണ്ണൂർ വരെയുള്ള യാത്രകളിലാണ് ഞാനവളെ സ്ഥിരമായി കാണാറുള്ളത്. കയ്യിൽ നിറയെ വർണ്ണതൂവലുകൾ കൊണ്ട് അലങ്കരിച്ച പാവകളുമായി അവളെന്നും എന്റെ ട്രെയിൻ യാത്രയെ നിറം പകർത്തിയിരുന്നു..
മനോഹരമായ പാവകൾ എന്നും എനിക്ക് ഇഷ്ടമായിരുന്നത് കൊണ്ടാണ് അവളെയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. ശാന്തമായ പ്രകൃതം. മറ്റു കച്ചവടക്കാരെപോലെ ആരെയെങ്കിലും നിർബന്ധിച്ച് പാവകൾ വാങ്ങിപ്പിക്കുന്നത് ഞാനിതു വരെ കണ്ടിട്ടില്ല. നീളൻ കോലിൽ തൂക്കിയിട്ട പാവുകളുമായി ഓരോ കംപാർടുമെന്റുകൾ അവൾ കയറി ഇറങ്ങും. ആരെങ്കിലും ഇടയിൽ വാങ്ങിയാൽ ആയി.
ഉത്തരേന്ത്യയിൽ എവിടെയോ ആണ് അവളുടെ വീടെന്ന് ആ മുഖത്ത് നിന്ന് മനസിലാകുന്നുണ്ട്. പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ നിശബ്ദത തിങ്ങി നിൽക്കുന്ന ആ മുഖം എന്നെ വല്ലാതെ ആകർഷിച്ചു. അതുകൊണ്ടും കൂടിയാണ് ഞാൻ സ്ഥിരമായി പാവകൾ വാങ്ങാൻ തുടങ്ങിയത്.. ഓരോ ദിവസവും ഓരോ നിറത്തിലുള്ള തൂവലുകൾ നിറഞ്ഞ പാവകൾ എന്റെ കിടപ്പുമുറിയ്ക്ക് പ്രത്യേക ചാരുത നൽകി..
ദിവസവും വാങ്ങുന്ന ആളായിട്ട് പോലും അവളെന്നെ കാര്യമായി ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നും ഷൊർണ്ണൂർ എത്തുന്നതിന് ഒരു പത്തുമിനിറ്റ് മുമ്പ് അവൾ വാതിൽക്കൽ വന്ന് നിൽക്കാറുണ്ട്. ആ സമയങ്ങളിലെല്ലാം അവളുടെ ഇളം ചുവപ്പ് കലർന്ന മുടിയിഴകൾ കാറ്റിൽ ആരെയോ തേടി പറക്കുന്ന പോലെ തോന്നും. അപ്പോഴവൾ വിദൂരതയിലേക്ക് കണ്ണും നട്ട് എന്തൊക്കെയോ ആലോചിച്ച് കൂട്ടാറുണ്ട്.. വരയ്ക്കാൻ കഴിയുന്ന ആളാണെങ്കിൽ ഞാനാ ചിത്രം മനോഹരമായി വരച്ചേനെ.. കാരണം അത്രയും വ്യക്തമായി എന്റെ മനസിൽ അവളുടെ രൂപം പതിഞ്ഞു.
അവളോട് രണ്ട് വാക്ക് സംസാരിക്കണം, അവളുടെ സ്ഥലത്തെ കുറിച്ചറിയണം. പറ്റിയാലൊരു സൗഹൃദം വളർത്തിയെടുക്കണം എന്നൊക്കെ കരുതിയാണ് ഞാനന്ന് പോയത്. അവളോട് കൂടുതൽ സംസാരിക്കാൻ വേണ്ടി സീറ്റ് കിട്ടിയിട്ടും അതിനെ അവഗണിച്ച് വാതിൽ പടിയിൽ വന്ന് നിന്നു. എന്റെ താടി ട്രെയിനിന്റെ വേഗതയിൽ വിറയ്ക്കാൻ തുടങ്ങി.. പതിവുപോലെ ഒരു നീളൻകോല് എന്റെ മുന്നിലേക്ക് കടന്നുവന്നു, വർണതൂവലുകൾ നിറഞ്ഞ പാവകളുമായി. ഒരുവട്ടമേ അത് പിടിച്ചിരുന്ന പെൺകുട്ടിയിലേക്ക് നോക്കിയുള്ളു. അത് അവളായിരുന്നില്ല. അവളുടെ പ്രായത്തിലുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു.. പെട്ടെന്ന് എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു, ഞാൻ വാതിലിലൂടെ പുറത്തേക്ക് നോക്കി കണ്ണുനീർ ആരും കാണാതിരിക്കാൻ.. “സർ പാവ, കീചെയിൻ…” ഞാൻ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി. അവൾ നടന്നകന്നു..
എന്തിനുവേണ്ടിയായിരുന്നു എന്റെ കണ്ണ് നിറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല. ഓരോ ട്രെയിൻ യാത്രയിലും ഞാനവളെ തേടുകയാണ്. പക്ഷെ ഓരോ ആഴ്ചകളിലും ഓരോ പെൺകുട്ടികൾ മാറി മാറി വരുന്നു. അവളെ മാത്രം പിന്നീടൊരിക്കലും കണ്ടില്ല..
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission