“ഇത്താത്ത വാപ്പാക്ക്,…”
“മിലു, അത് !”
“ഇത്രയൊക്കെ സംഭവിച്ചിട്ടും എന്നെയെന്താ അറിയിക്കാഞ്ഞത്? ”
“അന്നെ അറിയിക്കണ്ടാന്ന് വാപ്പ തന്നെയാ പറഞ്ഞത് !”
“ഓ ഞാൻ അത്രമാത്രം വെറുക്കപ്പെട്ടവൻ ആയിരുന്നല്ലോ,.. ഞാനതങ്ങ് മറന്നു പോയി !”
“അങ്ങനല്ല മിലു,.. നീയറിഞ്ഞാൽ വെറുതെ ടെൻഷൻ ആവും,. പിന്നെ ഓടിപ്പാഞ്ഞ് ഇങ്ങോട്ടേക്ക് പോരും,. എന്നൊക്കെയാ പറഞ്ഞത് !”
എന്റെ ഉള്ളിലൊരു വിങ്ങലുണ്ടായി,..
“ഇപ്പോൾ എങ്ങനുണ്ട്? കുഴപ്പമൊന്നും ഇല്ലാലോ? ”
“കാലിലും കയ്യിലും ഇത്തിരി പൊള്ളലുണ്ട്,.. ഇപ്പോൾ ഉണങ്ങി വരുന്നുണ്ട് !”
“എന്നാലും അതെങ്ങനെ പറ്റീതാ? ”
“ഒന്നും പറയണ്ട മിലു,. ഷെൽഫിന്റെ മേലത്തെ തട്ടിലിരുന്ന ഗ്ലു എടുക്കാൻ വേണ്ടി നോക്കിയതാ പെട്ടന്ന് കാല് സ്ലിപ് ആയി,. ബാലൻസ് തെറ്റിയ വാപ്പാ നിലത്തേക്ക് വീണു,. വാപ്പാന്റെ കൈ തട്ടി ആസിഡും,.. എന്തോ ഭാഗ്യത്തിനാ മേത്തേക്ക് വീഴാഞ്ഞത്,. പക്ഷേ കയ്യിലും കാലിലും ഒക്കെ തെറിച്ചു !”
“ഹ്മ്മ് !” കേട്ടപ്പോൾ തന്നെ എനിക്കെന്റെ ശരീരമൊക്കെ പൊള്ളുന്നത് പോലെ തോന്നി അപ്പോൾ അനുഭവിച്ച വാപ്പാന്റെ കാര്യമോ,.. യാ അള്ളാഹ്…
“പേടിക്കാനൊന്നും ഇല്ല മിലു,. ഇപ്പോൾ നല്ല കുറവുണ്ട്,. പിന്നെ? ”
“എന്താ ഇത്താത്ത? ”
“വാപ്പാക്ക് അന്നെയൊന്ന് കാണണന്ന് പറഞ്ഞ്!”
“ഞാൻ വരാം ഇത്താത്ത,. ഇന്നിപ്പോൾ വെള്ളിയാഴ്ച,. മ്,.. നാളെയൊക്കെ ലീവ് അല്ലേ,.. സോ ”
“ആ ശരിയാ എന്നാൽ നീ വൈകിട്ട് അവിടന്ന് കേറിക്കോ,. പിന്നെ,.. തിങ്കളാഴ്ച രാവിലെ പോയാൽ മതീലോ !”
“പക്ഷേ ഇത്താത്ത,.. എന്റെ കയ്യിലിപ്പോ പൈസയൊന്നും ഇല്ല,.. സാലറി കിട്ടാൻ ഇനിയും ഒരാഴ്ച്ച പിടിക്കും,. !”
“നീ അവിടന്ന് തൽക്കാലത്തേക്ക് ആരോടെങ്കിലും ചോയ്ച്ചു നോക്ക് മിലു,.. തിങ്കളാഴ്ച കൊടുക്കാന്നു പറ !”
“ആ, ഞാനൊന്ന് നോക്കട്ടെ ഇത്താത്ത !”
“എന്നാ പിന്നെ ശരി മിലു !”
“മ്മ്മ് !”
എന്ത് ചെയ്യും ആരോട് ചോദിക്കും,.. സിബിയോട് ചോദിച്ചാലോ,.. വേണ്ട മോശമല്ലേ,.. സേവ്യറിനോടൊന്ന് ചോദിക്കാം,…. അയാളാണ് എന്റെ റിസേർവ് ബാങ്ക്,. ചിലപ്പോൾ കിട്ടിയേക്കും !”
ഞാൻ സേവ്യറിനെ അന്വേഷിച്ചുചെന്നപ്പോൾ സേവ്യർ മുറുക്കാനുള്ള ഒരുക്കമാണ്,..
“സേവ്യറേ !”
“ആ എന്താ മിലൻ സാറെ !”
“ഒരു മിനിറ്റ് !”
“എന്താ സാറെ !ആരാ വിളിച്ചേ വീട്ടീന്നാണോ? ” അയാൾ വെറ്റില വായിലേക്കിട്ടുകൊണ്ട് പുറത്തേക്കിറങ്ങി വന്നു,..
“ആം ഇത്താത്ത !”
“എന്നിട്ടെന്ത് പറഞ്ഞു? ”
“അത് പിന്നെ !” കാര്യം പറയാൻ ഞാനൊന്ന് മടിച്ചു,..
“കാര്യം പറ സാറെ !”
“എന്റെ വാപ്പയ്ക്ക് ഒരാക്‌സിഡന്റ് !”
“അയ്യോ എന്ത് പറ്റീതാ !”
“ഒന്ന് വീണതാ,.!”
“അയ്യോ എന്നിട്ടോ? ”
“കാലിന് ചെറിയ ഫ്രാക്ച്ചർ ഉണ്ട്,.. ” എല്ലാം വിശദീകരിക്കാൻ ഞാൻ നിന്നില്ല,..
“ശോ,. എന്നിട്ടിപ്പോൾ കുറവുണ്ടോ? ”
“ആ കുറവുണ്ട്,.. വാപ്പ എന്നെയൊന്നു കാണണമെന്ന് പറഞ്ഞു,.. ”
“എന്നാൽ പിന്നെ ഇന്ന് തന്നെ പൊക്കോ സാറെ !”
“ആ ഞാൻ വൈകിട്ട് പോവാന്ന് വെച്ചിരിക്കുകയായിരുന്നു,. പക്ഷേ,.. ”
“എന്താ സാറെ? ”
“അല്ല സാലറി അടുത്ത ആഴ്ചയല്ലേ കിട്ടൂ,,.. എന്റെ കയ്യിലാണേൽ പൈസയൊന്നുമില്ല,.. തന്റെ കൈയ്യിൽ എന്തെങ്കിലും ഉണ്ടാവോ? തിങ്കളാഴ്ച രാവിലെ തരാം !”
“അയ്യോ എന്റെ കയ്യിൽ ഒന്നും ഇരിപ്പില്ലലോ,.. സാറൊരു കാര്യം ചെയ്യ് സിബി ടീച്ചറോടൊന്ന് ചോദിച്ചു നോക്ക്,.. ”
സിബിയോട്,. ആരോട് ചോദിക്കണ്ട എന്നാഗ്രഹിച്ചുവോ അയാളുടെ പേര് തന്നെയാണ് സേവ്യറും പറയുന്നത് “അതൊന്നും ശരിയാവൂല്ല !”
“എന്നാൽ ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ,.. !”
“മ്മ്മ് ! താങ്ക് യൂ ”
എന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു,.. കുറവുണ്ടെന്ന് ഇത്താത്ത പറഞ്ഞെങ്കിലും വാപ്പാനെ നേരിൽ കാണാതെ ഒരു മനസ്സമാധാനവും കിട്ടില്ല,. എത്രയൊക്കെ വാഴക്കാണെന്നു പറഞ്ഞാലും വാപ്പ വാപ്പ തന്നെയാണ്,..
ക്ലാസ്സിൽ കുട്ടികളും ചോദിച്ചു എന്റെ മൂഡ്ഔട്ടിന്റെ കാരണമെന്തെന്ന്,. ചോദിച്ചാൽ കിട്ടുമായിരുന്നു എങ്കിലും, അവരോടാരോടും പൈസ കടം ചോദിക്കാൻ എനിക്ക് മനസ്സ് വന്നില്ല,.. തലവേദനയെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി,.. സേവ്യർ എന്തെങ്കിലും വഴി കണ്ടെത്താതിരിക്കില്ല,. വൈകുന്നേരത്തേക്കെങ്കിലും കിട്ടുമായിരിക്കും അല്ലെങ്കിൽ,..
******
അന്ന് വെള്ളിയാഴ്ച ആയിരുന്നത് കൊണ്ട് ഉച്ച കഴിഞ്ഞുള്ള രണ്ട് അവറും ഫ്രീ ആയിരുന്നു,. എനിക്ക് മാത്രമല്ല സിബിക്കും,. സ്റ്റാഫ് റൂമിൽ ഞങ്ങളിരുവരും തനിച്ചായിരുന്നു,.
എന്റെ ടെൻഷൻ കാണ്ടാവണം സിബി എന്റെ അരികിലേക്ക് വന്നു,..
“എന്ത് പറ്റി സാറെ ഒരു ടെൻഷൻ !”
“ഒന്നൂല്ല സിബി,.. ”
“ശ്ശേ,. പറയന്നെ !”
“അത് പിന്നെ വാപ്പായ്ക്ക് ഒരു ആക്‌സിഡന്റ് !”
“എന്നിട്ട് സാറ് പോണില്ലേ കാണാൻ !”
സിബിയുടെ മുഖത്ത് ഞെട്ടലൊന്നും ഇല്ല,. കൂൾ ആയാണ് ചോദിച്ചത്,. പകരം സഹതാപം മാത്രം,..
“സാറിന് പൈസ വല്ലതും വേണോ? ”
ഓ, അപ്പോൾ സിബി എല്ലാം അറിഞ്ഞിട്ടുണ്ട്, സേവ്യർ തന്നെയാവും പറഞ്ഞിട്ടുണ്ടാവുക,… അയാളെ ഞാൻ,.. എനിക്ക് നല്ല ദേഷ്യം വന്നു,..
“എനിക്ക് പൈസ വേണന്ന് സിബിയോട് ആരാ പറഞ്ഞത് !”
“അത് പിന്നെ,.. ” സിബി ഒന്ന് പരുങ്ങി,..
“പറയാൻ !”എന്റെ ശബ്ദമുയർന്നു,…
“സേവ്യറ് !” എന്റെ ദേഷ്യം കാണ്ടാവണം സിബി ഭയത്തോടെ എന്നെ നോക്കി,. ഞാൻ ദേഷ്യമടക്കി, സംസാരിക്കാൻ ശ്രമിച്ചു,. കാരണം സിബിയെ തെറ്റ് പറയാൻ പറ്റില്ല,. സിബിയോട് ഇങ്ങനൊരവസ്ഥ പറഞ്ഞപ്പോൾ മനുഷ്യത്വമുള്ള ആരും പെരുമാറുന്നത് പോലെയേ സിബിയും പെരുമാറിയിട്ടുള്ളു,..
“തൽക്കാലത്തേക്ക് എനിക്ക് പൈസ വേണ്ട !”
സിബിയുടെ മുഖം മങ്ങി,.. ഞാൻ അഹങ്കാരിയാണെന്ന് തോന്നിയാലും വേണ്ടില്ല,. സിബിയുടെ മുന്നിൽ തല കുനിക്കാൻ എനിക്ക് മനസ്സ് വന്നില്ല,..
വരാന്തയിലൂടെ സേവ്യറെ കണ്ടതും ഞാൻ പുറത്തേക്കിറങ്ങി ചെന്നു,..
“സേവ്യറെ !” എന്നെക്കണ്ടതും അയാളൊന്ന് പരുങ്ങി,. ഞാൻ എല്ലാമറിഞ്ഞെന്ന് അയാൾക്ക് തോന്നി, ഒരു ചെറിയ പതർച്ചയോടെ അയാൾ ചോദിച്ചു,.
“എന്താ മിലൻ സാറെ !”
“തന്നോട് ഞാൻ പറഞ്ഞാരുന്നോ എനിക്കാ പെണ്ണുമ്പിള്ളേടെ പൈസയൊന്നും വേണ്ടാന്ന് !”
“സാറെ,. അത് പിന്നെ ഞാൻ കുറേ സ്ഥലത്ത് അന്വേഷിച്ചു,.. കിട്ടിയില്ല,. അപ്പോൾ സിബി ടീച്ചറോടും കൂടെ ഒന്ന് ചോദിക്കാമെന്ന് കരുതി !”
“തന്നോട് ഞാൻ പറഞ്ഞതല്ലേ സിബിയോട് ചോദിക്കണ്ടാന്ന്, എന്നിട്ട് !”
“സാറിന്റെ അവസ്ഥ അങ്ങനെയായതുകൊണ്ടാ ഞാൻ !”
“ശ്ശേ,.. ഒന്ന് പോടോ !”
ദേഷ്യം കടിച്ചമർത്തി ഞാൻ തിരിഞ്ഞു,. പുറകിൽ സിബി,. എല്ലാം കേട്ട മട്ടുണ്ട്,..
“സിബി അത്,.. ”
സിബി ഒന്നും മിണ്ടാതെ സ്റ്റാഫ് റൂമിലേക്ക് കയറി,..
ശ്ശേ, വേണ്ടായിരുന്നു,.. നാണക്കേട് ഓർത്തു ചോദിക്കാതിരുന്നത് ഇപ്പോൾ അതിലും വലിയ നാണക്കേടായി,..
ഞാൻ ചെന്നപ്പോൾ സിബി പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു !
“സിബി പോവാണോ? ”
“ആ,. ലീവ് അല്ലേ ! വെറുതെയെന്തിനാ ഇവിടെയിരിക്കണേ? !”
” മ്മ്മ് !” ഞാൻ പറഞ്ഞതെന്തായാലും സിബിക്ക് ഫീൽ ചെയ്തിട്ടുണ്ട് !അതാ മുഖം കണ്ടാൽ അറിയാം,. ഒന്നും മിണ്ടാതെ ഞാൻ സീറ്റിൽ പോയിരുന്നു,..
“സാറെ ഞാൻ എന്നാൽ ഇറങ്ങുവാണെ !”
“മ്മ്മ് !” ഞാൻ തലയാട്ടി.
സിബി പോയതും,.. എനിക്ക് വല്ലാത്തൊരു ഏകാന്തത അനുഭവപ്പെട്ടു,.. വേണ്ടിയിരുന്നില്ല,.
മുന്നിലിരുന്ന ബുക്ക് വെറുതെ മറിച്ചു നോക്കുമ്പോൾ ആണ്, താളുകൾക്കിടയിൽ ഒരു അഞ്ഞൂറിന്റെ നോട്ട് കണ്ടത് കൂടെയൊരു കുറിപ്പും,. .
ഈ നോട്ട് അടിക്കണത് ഞാനൊന്നുമല്ല,. റിസേർവ് ബാങ്കാണ്,. അതുകൊണ്ട് തിരിച്ചു തന്നാൽ തീരാവുന്നൊരു കടത്തിന് ഇത്ര ജാടയിടേണ്ട ആവശ്യമൊന്നുമില്ല,.. ബൈ സിബി,… അങ്ങനെയായിരുന്നു കുറിപ്പ് ,.. വായിച്ചതും എന്റെ ചുണ്ടിൽ ചിരിയൂറി,..
ഞാൻ പുറത്തിറങ്ങി നോക്കി,.. സിബി ഏറെ ദൂരം നടന്നകന്നിരുന്നു,.. ആ ഇനി സിബിയുടെ പൈസ ആണെങ്കിൽ സിബിയുടെ പൈസ,.. തിങ്കളാഴ്ച കൊടുത്താൽ തീരാവുന്ന കടമല്ലേ ഉള്ളൂ ! ഇതെടുത്ത് പോവാം ആത്മാഭിമാനം നോക്കിയിരിക്കണ്ട,..
********
“വാപ്പാ !” എന്നെക്കണ്ടപ്പോൾ വാപ്പാന്റെ കണ്ണുകളും നിറഞ്ഞു,..
“ഇജ്ജെപ്പോഴാ വന്നത്? ”
“ഇപ്പോൾ എത്തീതെ ഉള്ളൂ വാപ്പ !”
“അന്റെ ടീച്ചറു ജോലിയൊക്കെ എങ്ങനെ പോണു? ”
“നന്നായി പോണു !”
“എല്ലാം അന്നെപ്പോലത്തെ പിള്ളേര് തന്നെ ആയിരിക്കും, അല്ലേ? ”
ഞാൻ മനസിലാവാതെ വാപ്പയെ നോക്കി,..
“അല്ല,. തരികിടകൾ !”
“ഓ അവരെ വെച്ചു നോക്കുമ്പോൾ ഞാൻ എത്ര ബേധവാ എന്റെ വാപ്പാ .. വല്ലാത്തൊരു ലോകമാണത്,.. പിള്ളേരും,.. ടീച്ചേഴ്സും ഒക്കെ,. എന്തൊക്കെയോ ടൈപ്പ് ആളുകളാണ് !”
“അനക്കവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ !” അത് ചോദിക്കുമ്പോൾ വാപ്പാന്റെ ശബ്ദമിടറി, .
“ഹേയ് ഇല്ല വാപ്പാ !”
എത്രയൊക്കെ അകറ്റി നിർത്തിയാലും വഴക്ക് പറഞ്ഞാലും വാപ്പാന്റെ മനസ്സിൽ എന്നോടുള്ള സ്നേഹമുണ്ട്,.. എന്നെയോർത്തുള്ള ആധിയുണ്ട്,.
“വാപ്പായ്ക്ക് വേദനയൊക്കെ കുറവുണ്ടോ? ”
“മ്മ്മ്,. എങ്കിലും ഉള്ളിലൊരു നീറ്റലാ,. കുത്തി നോവിക്കും പോലെ !”
ആ നോവും നീറ്റലുമെല്ലാം വാപ്പാന്റെ ശരീരത്തേക്കാളേറെ മനസിലാണെന്ന് എനിക്ക് തോന്നി … രണ്ടു ദിവസം വാപ്പയ്ക്കൊപ്പം കൂടിയപ്പോൾ തന്നെ മനസ്സിന്റെ ടെൻഷൻ പാതി കുറഞ്ഞു,..
പോകാൻ നേരം ഉമ്മ എന്റെ കൈയ്യിൽ ആയിരം രൂപ ഏൽപ്പിച്ചു,..
“ഇതൊന്നും വേണ്ടുമ്മാ. !”
“അന്റെ വാപ്പാ അനക്ക് തരാൻ പറഞ്ഞതാ മിലു,.. നീയാരോടൊക്കെയോ കടം വാങ്ങി പോന്നതല്ലേ,.. നാണക്കേടൊന്നും വിചാരിക്കണ്ട,. വാപ്പാ മനസറിഞ്ഞു തന്നതാ നീയിതു വാങ്ങിക്ക് !”
വാപ്പാന്റെ സ്നേഹം എത്രത്തോളം മഹത്തരമാണെന്ന് എനിക്ക് മനസിലായത് ആ ദിവസങ്ങളിൽ ആയിരുന്നു,.. പണം കണ്ടിട്ടല്ല,. കുറേ കാലങ്ങൾ കൂടി ആ സ്നേഹമൊന്ന് അനുഭവിച്ചപ്പോൾ,.. വാപ്പാക്ക് മിലൂനോട് മാത്രേ സ്നേഹമുള്ളൂ എന്ന് പറഞ്ഞ് ഇത്താത്ത പണ്ട് വഴക്കടിക്കുമായിരുന്നു,. പിന്നെ ഉപ്പാനെ വട്ടം പിടിച്ചിരുത്തി സ്നേഹമളക്കലായി,.. അതൊക്കെ ഒരു കാലം,..
*******
ഐ ടി സിയിൽ ചെന്ന് രാവിലെ സിബിയെ കണ്ടതും ഞാൻ പൈസ തിരികെയേൽപ്പിച്ചു,..
“ദാ ഇത്രയേ ഉള്ളൂ,. അതിനാണ് സാർ ഇത്ര ജാടയിട്ടത്,.. ”
ഞാൻ ചമ്മലിൽ സിബിയെ നോക്കി,.. ഇപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ചിരിക്കൊരു പ്രേത്യേക ഭംഗിയുണ്ട്,… വീണ്ടും അതേ സ്പാർക്ക്,.. ഞാനൊന്ന് പതറിപ്പോയി,..
” എന്നിട്ട് വാപ്പായ്ക്ക് എങ്ങനെയുണ്ട്? ” അവൾ ആകാംഷയോടെ ചോദിച്ചു,.
“കുറവുണ്ട് സിബി !”
പിന്നീട് സിബി എന്നോട് വീട്ടിലെ ഓരോരോ കാര്യങ്ങളും ചോദിച്ചു,.. ഉമ്മയെക്കുറിച്ച്, സഹോദരങ്ങളെക്കുറിച്ച് അങ്ങനെയോരോന്നും,..
അന്ന് മുതൽ ഞാനും സിബിയും തമ്മിലുള്ള സൗഹൃദവും, ആത്മബന്ധവും വളരുകയായിരുന്നു,. എന്റെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഷെയർ ചെയ്യാനുള്ള ഒരാളായി സിബി മാറുകയായിരുന്നു,….
*********
മിലൻ സാർ പറഞ്ഞു നിർത്തി,.. അത്രയും ആകാംക്ഷയോടെയാണ് ഞാൻ കേട്ടിരുന്നതും …
“എന്നിട്ട് !”
“സമയമെത്രയായെന്നാ അനു വിചാരം,.. നീയൊന്നു ക്ലോക്കിലേക്ക് നോക്ക്,… ”
ദൈവമേ,. രണ്ട് മണി,.. അറിഞ്ഞതുപോലുമില്ല,.. സിബി മിസ്സിന്റെയും മിലൻ സാറിന്റെയുമെല്ലാം ജീവിതം നേരിൽ കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്,..
“രണ്ടു മണിയല്ലേ സാർ ആയിട്ടുള്ളൂ,.. ബാക്കി കൂടെ പറയ്,.. സിബി മിസ്സ്, സാറിന്റെ ബെസ്റ്റി ആയി,.. എന്നിട്ട്,… ”
“എന്നിട്ടിനി പോയി കിടന്നുറങ്ങ് !”
“എനിക്കുറക്കം വരുന്നില്ല സാർ,.. ബാക്കി കൂടി പറയന്നെ പ്ലീസ്,.. ”
“കുട്ടിക്ക് നാളെ പകല് കിടന്നുറങ്ങാം,.. പക്ഷേ എന്റെ കാര്യമോ? ”
“സാറിന് ക്ലാസ്സിൽ പോയി, ഡെസ്കിൽ തല വെച്ചു കിടന്നുറങ്ങാലോ !”
“ആഹാ കൊള്ളാലോ,.. എന്റെ കഥ കേട്ട് എനിക്കിട്ട് തന്നെ വെയ്ക്കുന്നോ? ”
“ഫാൻ ഹോ ഗയി ഹൂ സാർ ആപ്കി !”
“ആണോ? ”
“മ്മ്മ് !” ഞാൻ സാറിനെത്തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു,.
” നല്ല കാര്യം, പക്ഷേ നാളെ ക്ലാസ്സെടുക്കാൻ നേരത്ത് ഞാൻ പോയി ഉറക്കം തൂങ്ങിയാൽ പിള്ളേരെന്നെ എടുത്തിട്ട് വാരും,. സോ മോള് പോയിപ്പോൾ കിടന്നുറങ്ങ് !”
“ഓക്കേ,.. ബട്ട് ഞാൻ കട്ട വെയ്റ്റിങ് ആണുട്ടോ !”
“ആയിക്കോട്ടെ,.. ”
“മിലൻ സാറിനെയും,.. സിബി മിസ്സിനെയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു,… ”
“ഗുഡ് നൈറ്റ് !”
“ഗുഡ് മോർണിംഗ് സാർ !”
സാർ പുഞ്ചിരിച്ചു, .
“സ്വീറ്റ് ഡ്രീംസ്,.. സിബി മിസ്സിനെയും സ്വപ്നം കണ്ടുറങ്ങിക്കോ,.. ”
സാറിന്റെ മുഖത്തെ ചിരി മാഞ്ഞു,..
“സിബിയെ ഞാൻ എപ്പോഴും കാണാറുണ്ട് അനു,. സ്വപ്നങ്ങളിൽ മാത്രമല്ല,.. ഉണർന്നിരിക്കുമ്പോഴും !”
എന്റെ മനസ്സിൽ ഒരു ഭയം ഏറി വന്നു,..
“സാറിവിടെ ട്വിസ്റ്റ് ഇട്ടതാണോ? ”
“എങ്കിലല്ലേ നിനക്ക് ബാക്കി കേൾക്കാൻ ഇന്ററസ്റ്റ് തോന്നു,.. ”
“അതും ശരിയാ,.. ”
“എന്നാൽ പിന്നെ ചെല്ല് !”
“ബൈ !” ഞാൻ മുറിയിലേക്ക് നടന്നു,.. യാമിനി ചേച്ചി നല്ല ഉറക്കം പിടിച്ചിരുന്നു,.. ചേച്ചിക്കപ്പോൾ കഥ കേൾക്കുന്നതിൽ വല്ല്യ ഇന്റെറസ്റ്റ് ഒന്നുമില്ല,. കാണാനാണിഷ്ടം,..
മനസിപ്പോൾ കൂൾ ആണ്,. ഒരു പോസിറ്റീവ് എനർജി ഒക്കെ ഫീൽ ചെയ്യുന്നു,. പക്ഷേ സാറിന്റെയും സിബി മിസ്സിന്റെയും ലൈഫിൽ പിന്നെന്ത് സംഭവിച്ചെന്നറിയാനുള്ള ആകാംഷയുമുണ്ട്,.. ഞാൻ ഫോണെടുത്ത് ഐഷുവിനെ വിളിച്ചു,..
“ഹലോ !” ഉറക്കപ്പിച്ചോടെ നീട്ടിയുള്ള അവളുടെ ഹലോ കേട്ടതും ഉറക്കപ്രാന്തി ഭൂലോക ഉറക്കത്തിലാണെന്ന് എനിക്ക് മനസിലായി,..
“ഗുഡ് മോർണിംഗ് ഐഷു,.. ”
“നീയിത് പറയാനാണോ ഈ പാതിരാത്രി വിളിച്ചത് !”
“അല്ല !”
“പിന്നെ? ”
“വീണ്ടും ഞാൻ എഴുതാൻ പോവാണെന്നു പറയാൻ !”
“അനു സത്യാണോ നീയീ പറയണത്? ” അവളുടെ ഉറക്കമൊക്കെ എങ്ങോ പോയെന്ന് തോന്നി,…
“മ്മ്മ് !”
“എപ്പോൾ? ”
“ദാ ഇന്ന്,.. ഈ നിമിഷം മുതൽ,… ”
“വൗ,.. നന്നായി,.. നീയെഴുത് അനു,.. കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വാർത്ത കേൾക്കാനായി,.. ”
“മ്മ്മ്,… ”
“എന്നിട്ട് എന്താണ് എഴുതാൻ പോണത്?.. പേരിട്ടോ നീ? ”
“യെസ്,.. ”
“എന്താ ഇട്ടത്? !”
“മിലൻ,…”
മറുവശത്ത് നീണ്ട ഒരു നിശ്ശബ്ദതയുണ്ടായി,…
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission