എന്റെ ഷർട്ടിലാകെ ചെളിപടർന്നു,.. കുട്ടികൾ വാൺ ചെയ്തതപ്പോൾ വെറുതെ ആയിരുന്നില്ല, അണിയറയിൽ ഇത്രവലിയൊരു പണി എനിക്കായി ഒരുങ്ങുന്നുണ്ടെന്ന് ഊഹിച്ചിട്ട് തന്നെയാകും,..
വല്ലാത്തൊരു നീറ്റൽ,. കൈമുട്ടിലെ പെയിന്റ് നന്നായി പോയിട്ടുണ്ട്,.. ചോരപൊടിഞ്ഞു തുടങ്ങിയിരുന്നു, ..
ഞാൻ ദേഷ്യമടക്കി എഴുന്നേറ്റു, ആരാണ് എന്നെ തള്ളിയിട്ട മഹാൻ എന്ന് കാണാനായി തിരിഞ്ഞു നോക്കി,.
സുമേഷ്, കൂടെ മറ്റൊരു പയ്യനും,. പ്രകാശിന്റെ കൊട്ടേഷൻ ആണോ, അതോ എന്നോടുള്ള വ്യക്തി വൈരാഗ്യമാണോ ഈ ഏറ്റുമുട്ടലിലേക്ക് ഇവരെ നയിച്ചത് എന്നൊരു സംശയം എന്നിൽ ഉടലെടുത്തു,.
പുറകിൽ നിന്നും കുത്താൻ പ്രകാശ് മിടുക്കനാണ്, പക്ഷേ നിവർന്ന് നിന്നത് ചെയ്യാനുള്ള ആരോഗ്യം അവനില്ല, പിന്നെ ഇവരുടെ കാര്യമെടുത്താൽ വ്യക്തിവൈരാഗ്യം, അതിന് സാധ്യതയുണ്ട്,.
ഈ സുമേഷിനെയാണ് ഞാനന്ന് മിനി ടീച്ചറോട് അപമര്യാദയായി പെരുമാറിയതിന് പിള്ളസാറിന്റെ ക്ലാസ്സിൽ നിന്നും വലിച്ചിറക്കി തല്ലിയത്, പിന്നെ രണ്ടാമൻ സാജൻ, സിബിയുടെ ക്ലാസ്സിലെ സ്റ്റുഡന്റ് ആണ്, അവനും എന്നോട് കലിയുണ്ട്,ആ സംഭവം ഇതിന് മുൻപ് ഞാനിവിടെ സൂചിപ്പിച്ചിരുന്നില്ലെന്ന് മാത്രം,
ഇവൻ സൽഗുണസമ്പന്നൻ ആണ്, അടുത്ത് ചെല്ലാൻ പോലും സ്ത്രീകൾ ഭയപ്പെടുന്നവൻ, ചിലപ്പോൾ കേറി പിടിച്ചെന്ന് വരെ വരും, പ്രായം പോലും നോക്കാതെ, ഒരിക്കൽ എക്സാം ടൈമിൽ കോപ്പിയടിച്ചുകൊണ്ടിരിക്കുന്ന ഇവന്റെ അരികിലേക്ക് ചോദ്യം ചെയ്യാനായി ചെന്ന പ്രവീണടീച്ചറുടെ മുൻപിലേക്ക് മുത്തുച്ചിപ്പി എറിഞ്ഞിട്ട് കൊടുത്തവനാണ്, അന്ന് ഞാനിവനെ വാണിംഗ് നൽകി വിട്ടിരുന്നു,…
ചിലപ്പോൾ രണ്ടിനും സാധ്യതയുണ്ട്, ഒരു പ്രശ്നമുണ്ടാക്കി എന്നെ എങ്ങനെയും ഇവിടെനിന്നും പുറത്താക്കണം അതാണിവരുടെ ലക്ഷ്യം, അതിന് വേണ്ടി ശത്രുപക്ഷങ്ങൾ ഒരുമിച്ചു എന്നതാവും സത്യം,… പ്രതികരിക്കാൻ തൽക്കാലം നിൽക്കേണ്ട എന്ന് തന്നെ മനസ്സ് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു അപ്പോൾ,.
ഷർട്ട് നേരെയാക്കി, നിലത്തു വീണുകിടന്ന ബുക്കിലെ ചെളിതുടച്ചു ഞാൻ മുന്നോട്ടേക്ക് നടന്നു,, അവർ എന്നെ തടഞ്ഞു നിന്നു,… ഞാൻ പ്രതികരിക്കുമെന്ന് തന്നെയാവും അവർ പ്രതീക്ഷിച്ചിരുന്നത്,… ഞാൻ ശാന്തമായി ചോദിച്ചു,…
“എന്താ നിങ്ങൾക്ക് വേണ്ടത്? ”
“ഞങ്ങൾക്ക് തന്റെ ഉദ്ദേശം അറിയണം,.. ” സാജനാണ് മറുപടി പറഞ്ഞത്,…
“എന്തുദ്ദേശം? ”
“അത് തന്നെയാ ഞങ്ങൾക്കും അറിയേണ്ടത്,.. എന്താ തന്റെ ഉദ്ദേശമെന്ന്,.. താനാ പാവം ടീച്ചറെ വഴിനടക്കാൻ സമ്മതിക്കില്ലല്ലേടോ? ”
അടുത്ത നിമിഷം എന്റെ ഷർട്ടിന്റെ കോളറിൽ സുമേഷിന്റെ പിടി വീണു… അപ്പോൾ ഇടയാൻ തന്നെയാണ് തീരുമാനം,…
എന്റെ സംശയങ്ങൾ ശരിയായി വരുന്നു, അപ്പോൾ സിബിക്കുള്ള വക്കാലത്തുമായുള്ള വരവാണ്,. ഉദ്ദേശം ഞാൻ പറഞ്ഞത് തന്നെ, എങ്ങനെയും എന്നെ പ്രവോക്ക് ചെയ്യിക്കുക, ഞാനവരെ തിരിച്ചു തല്ലണം, എന്നിട്ട് ആ കാരണവും പറഞ്ഞു പുറത്താക്കണം,..
ഞാനവന്റെ കൈകൾ പതിയെ എടുത്തു മാറ്റി,..
“നിങ്ങളിപ്പോൾ ക്ലാസ്സിൽ പോ,.. നമുക്ക് പിന്നീട് സംസാരിക്കാം !”
അവർ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല, ബലമായി വീണ്ടും എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു,.. കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടി വന്നു,..
“മക്കളേ, എന്റെ ഉദ്ദേശം എന്താണെന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിലും നിങ്ങളുടെ ഉദ്ദേശം എന്താണെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല,.. അത് കൊണ്ട് തന്നെ നീയെന്നെ തല്ലിയാലും,.. ഞാൻ തിരിച്ചു തല്ലാതെ,.. ദേ ഇതേപോലെ സമാധാനത്തോടെ നിന്നാ തല്ല് കൊള്ളും,… ”
എന്റെ പ്രതികരണം ഇരുവരിലും ഞെട്ടലുണ്ടാക്കി,.. രണ്ടു പേരും ഒന്ന് പതറിയെങ്കിലും തോൽവി സമ്മതിക്കാൻ മനസ്സില്ലാതെ എന്നെ വീണ്ടും ആഞ്ഞു തള്ളി,.. ബാലൻസ് തെറ്റിയെങ്കിലും മരത്തിൽ താങ്ങിപ്പിടിച്ചു ഞാൻ വീഴാതെനിന്നു,…
ഈ രംഗം കണ്ട് കൊണ്ടാണ് സിബി ഗേറ്റ് കടന്നു വന്നത്,…
“ഇനി താൻ ഞങ്ങടെ ടീച്ചറിനെയെങ്ങാനും ശല്ല്യം ചെയ്തെന്നറിഞ്ഞാൽ കൊന്നു കളയും പന്നി !” സാജൻ അലറി,…
അടുത്ത നിമിഷം അവനു നല്ലൊരു പ്രഹരമേറ്റു,.. കയ്യിലുണ്ടായിരുന്ന കുട ചുരുക്കി അവളവരെ തലങ്ങും വിലങ്ങും തല്ലി,..
“നിങ്ങളാരാടാ, എന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ? എന്റെ അപ്പനോ? ”
സിബിയെ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു,. അവർ സിബിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഏറ്റിരുന്നില്ല എന്നതായിരുന്നു സത്യം,… ദേഷ്യം തീരുന്നത് വരെ അവൾ തല്ലിക്കൊണ്ടിരുന്നു,…
“മിസ്സിനോടുളള ആത്മാർത്ഥ സ്നേഹത്താൽ നീതി വാങ്ങിത്തരാൻ വന്നേക്കുന്നു,… പൊയ്ക്കോണം എല്ലാവരും.. എന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ എനിക്കറിയാം,… ”
ആൾക്കൂട്ടങ്ങൾ ഓരോരുത്തരായി പിരിഞ്ഞു പോയി,. സാജന്റെയും സുമേഷിന്റെയും കണ്ണുകളിൽ എന്നോടുള്ള അടങ്ങാത്ത പക എരിയുന്നുണ്ടായിരുന്നു,.. സിബി ദേഷ്യത്തോടെ അവരെ ഒന്ന് നോക്കി സ്റ്റാഫ്‌റൂമിലേക്ക് നടന്നു,..
തീർച്ചയായും സിബിക്കെന്നോട് ഇഷ്ടമുണ്ട്,. അതുകൊണ്ടല്ലേ അവൾ കേറി ഇടപെട്ടത്,… ഇല്ലായിരുന്നെങ്കിൽ ഞാൻ തല്ലുകൊണ്ടോട്ടെ എന്ന് തന്നെ കരുതുമായിരുന്നു,..
ഞാൻ സിബിയുടെ പിന്നാലെ സ്റ്റാഫ് റൂമിലേക്ക് നടന്നു,…
എന്റെ ഷർട്ടിലും പാന്റിലുമെല്ലാം മുഴുവൻ ചെളിയായിരുന്നു,.. സിബിയും നനഞ്ഞിട്ടുണ്ട്,.
സിബി ബാഗ് ടേബിളിൽ വെച്ചതും ഞാൻ വിളിച്ചു,…
“സിബി ,,,, ”
സിബി ഇരുചെവിയും പൊത്തി തന്റെ സീറ്റിൽ ഇരുന്നു,….
“എനിക്കൊന്നും കേൾക്കണ്ട,… സാറൊന്നു പോയിത്തരാമോ? ”
ആ വാക്കുകൾ വെട്ടുകൽ ചീളുകൾ തെറിച്ചുവീണപോലെ എന്റെ ഹൃദയത്തെ മുറിപ്പെടുത്തി,…
“സിബി ഞാൻ !” ഞാൻ അപേക്ഷഎന്നവണ്ണം അവളെ നോക്കി,..
“എനിക്കൊന്നും കേൾക്കണ്ടാന്ന് പറഞ്ഞില്ലേ? ” അവൾ എഴുന്നേറ്റു പുറത്തേക്ക് പോയി,…
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു,. സിബി എന്നെ രക്ഷിച്ചത് എന്നോടുള്ള താല്പര്യം കൊണ്ടാണെന്നാണ് കരുതിയത്,.. പക്ഷേ ഇതിപ്പോൾ,… സ്റ്റാഫ് റൂമിലെ ടീച്ചേഴ്സിന്റെ എല്ലാം മുഖത്ത് എന്നോടുള്ള പുച്ഛഭാവം ഉണ്ടായിരുന്നു,…
“മിലൻ സാറെ !”
സേവ്യറാണ്,…
“എന്താ സേവ്യറെ? ” അയാളുടെ മുഖത്ത് ടെൻഷനുണ്ട്,…
“സാറെ, ഐ ടി സിക്ക് പുറത്ത് ഭയങ്കര അടി നടക്കുവാണ്,.. സാറിന്റെ ക്ലാസ്സിലെ പിള്ളേര് ആ സുമേഷിനേം സാജനെയും എടുത്തിട്ട് പൊരിക്കുന്നുണ്ട്,…. ”
പ്രശ്നം ഗുരുതരമാകുകയാണെന്ന് എനിക്ക് തോന്നി,.. ഞാൻ സേവ്യറിനൊപ്പം പുറത്തേക്ക് നടന്നു,.. ഓടിയെന്നു പറയുന്നതാവും ശരി,.. എല്ലാവരും നോക്കി നിൽക്കുകയാണ്,.. ആരും പിടിച്ചു മാറ്റാൻ കൂടി തയ്യാറാവുന്നില്ല,…
രണ്ടും കല്പ്പിച്ചു ഞാനടുത്തേക്ക് ചെന്നു,…
“അനിലേ,.. ഇനിയവരെ തല്ലരുത് !”
എന്റെ ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനായി,… നാട്ടുകാരടക്കം കൂടിയിട്ടുണ്ട്,.. അവർ എന്നെ നോക്കി അടക്കം പറഞ്ഞു തുടങ്ങി,…
“സാറിനെ ഇവർ,… ”
“സാരമില്ല,.. ഇനി തല്ലരുത്,.. വിട്ടേക്ക്,… ”
“സാറെ,.. പക്ഷേ,… ”
“വേണ്ടെന്ന് പറഞ്ഞില്ലേ? ”
മനസില്ലാമനസ്സോടെ അവർ തല്ലവസാനിപ്പിച്ചു,..
“നിന്നെയൊക്കെ പിന്നെ ഞങ്ങൾ എടുത്തോളാടാ !” ദേഷ്യമടക്കി അവർ എനിക്കൊപ്പം നടന്നു,….
കാര്യങ്ങളുടെ ഗൗരവം ഞാൻ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു,…
“ഓ,.. അപ്പോൾ സാറിനെ ഇവിടെ നിന്ന് പുറത്താക്കുക എന്നതാണവരുടെ മെയിൻ ലക്ഷ്യം അല്ലേ? ”
“മ്മ് !” ഞാൻ തലയാട്ടി,.. എന്റെ ഊഹാഭോഗങ്ങളെ ശരി വെയ്ക്കുന്ന രീതിയിൽ ഓഫീസിൽ നിന്നും ജേക്കബ് സാറിന്റെ വിളിയെത്തി,…
**********
ഞാനും കുട്ടികളും, ഒന്ന് രണ്ടു അദ്ധ്യാപകരും, സുമേഷും സാജനും പ്രിൻസിപ്പലിന്റെ ടേബിളിന് മുൻപിൽ നിരന്നു നിന്നു,..
“എന്താടോ താനീ കാണിച്ചു കൂട്ടണത്? താനിവിടെ കൊലക്കളമാക്കുമോ? ”
“അതിന് മിലൻ സാറല്ല, ഞങ്ങളാ ഇവരെ തല്ലിയത്,.. അനിൽകുമാർ ഇടയ്ക്ക് കേറി പറഞ്ഞു,..
“നിന്നോട് ഞാൻ ചോദിച്ചോ? ഇല്ലല്ലോ? ചോദിക്കുമ്പോൾ പറഞ്ഞാൽ മതി !” ജേക്കബ് സാർ അവനെ ശാസിച്ചു,..
“ഇനി ആവർത്തിക്കില്ല സാർ !” ഞാൻ പറഞ്ഞു,..
“എന്താവർത്തിക്കില്ലെന്ന്? തനിക്ക് ഞാൻ എത്ര വാണിംഗ് തന്നതാടോ,. ഇനി പറ്റില്ല തനിക്കെതിരെ നടപടിയെടുത്തെ തീരു,.. ”
“സാർ അതിന്, സാർ ഒന്നും ചെയ്തിട്ടില്ല, ഇവരാ സാറിനെ തല്ലിയത്, ഇവരെ തിരിച്ചു തല്ലിയത് ഞങ്ങളാ, പിന്നെ സാറിനെതിരെ എന്തിനാ നടപടി എടുക്കുന്നത്? ”
“നിങ്ങളോട് ഞാൻ മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞു, പറ്റില്ലെങ്കിൽ പുറത്തു പോ,. ”
ഞാൻ കുട്ടികളോട് ശാന്തരായി പുറത്ത് പോവാൻ പറഞ്ഞു,. അവർക്ക് തൽക്കാലം എന്നെ അനുസരിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല,..
“സാർ എന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ല, ഞാനവരെ തിരിച്ചു തല്ലിയിട്ടുമില്ല, പിന്നെ അവരെ തിരിച്ചു തല്ലിയത് എന്റെ ക്ലാസ്സിലെ കുട്ടികളാണ്, അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,.. ”
“താനൊന്നും പറയണ്ട,.. ഇനി താൻ ക്ലാസ്സിലും പോണ്ട,.. സ്റ്റാഫ് റൂമിൽ തന്നെയിരുന്നാൽ മതി,.. ”
ആരുടെയോ നിർദേശങ്ങൾക്കനുസരിച്ച് ചലിക്കുന്ന ഒരു യന്ത്രപ്പാവ മാത്രമാണ് ജേക്കബ് സാറെന്ന് അപ്പോൾ എനിക്ക് വ്യക്തമാവുകയായിരുന്നു,.
“റസീവർക്ക് പരാതി പോയിട്ടുണ്ട്,… ഉടനെ വിളിയുണ്ടാവും,.. ”
അപ്പോൾ കാര്യങ്ങൾ അവിടെ വരെയൊക്കെയായി,.. ഇനിയെനിക്കിവിടെ വോയിസ് ഇല്ല, തൽക്കാലം ജേക്കബ് സാറിനെ അനുസരിക്കാം,…
“ശരി സാർ !”
*******
എന്നെക്കണ്ടതും കുട്ടികൾ ചുറ്റും കൂടി,..
“സാർ എന്തായി കാര്യങ്ങൾ? ”
ജേക്കബ് സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ അവരോട് അവതരിപ്പിച്ചു,…
“വലിയൊരു ട്രാപ് ആയിരുന്നു ഇത് അല്ലേ സാർ? ”
“മ്മ് !”
“ഞങ്ങൾ കാരണമല്ലേ സാറിന്, ഇങ്ങനൊക്കെ? ”
“അതൊന്നും സാരമില്ല, ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവരവരുടെ ഉദ്ദേശം നടപ്പിലാക്കും,. നിങ്ങളിതിൽ ഇരയായിപ്പോയി അത്രമാത്രം,… ”
സിബി എല്ലാം കേട്ട് നിൽക്കുകയായിരുന്നു, ഞാനവളെ ശ്രദ്ധിച്ചതും ഒന്നും മിണ്ടാതെ അവൾ ക്ലാസ്സ് മുറിയിലേക്ക് കയറി,.. വല്ലാത്തൊരു ഭാരം മനസ്സിൽ കേറ്റി വെച്ചതുപോലെ തോന്നി എനിക്കപ്പോൾ,..
പിറ്റേന്ന് മുതൽ ക്ലാസ്സിൽ പോവാതെ ഞാൻ സ്റ്റാഫ് റൂമിൽ തന്നെ ഇരുന്നു തുടങ്ങി,… സിബി എന്നെ കണ്ടതായിപ്പോലും ഭാവിച്ചില്ല,.. അവളുടെ അവഗണന എനിക്ക് താങ്ങാവുന്നതിലും ഏറെയായിരുന്നു, ഓരോ നിമിഷവും എന്റെ മനസ്സ് അവളുടെ സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിന് വേണ്ടിപ്പോലും മുറവിളി കൂട്ടിക്കൊണ്ടിരുന്നു,..
മൂന്നാം ദിവസം എനിക്ക് റിസീവറുടെ നോട്ടീസ് വന്നു,.. ഉദ്യമങ്ങൾ വിജയിച്ചതിന്റെ എല്ലാ ആഹ്ലാദങ്ങൾ അധ്യാപകരുടെ മുഖത്ത് ഞാൻ തെളിഞ്ഞുകണ്ടു,.
“ഇപ്പോൾ എല്ലാത്തിനും പെട്ടന്ന് തന്നെ നടപടിയാവുന്നുണ്ടല്ലോ !” സിബിയും പ്രതികരിച്ചു,.. കൂരമ്പ് കണക്കെ അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു,….
എങ്ങനെ നിന്നെക്കൊണ്ട് കഴിയുന്നു സിബി നിന്റെ മനസ്സിങ്ങനെ കല്ലാക്കിവെയ്ക്കാൻ,.. എന്നെ കണ്ടില്ലെന്ന് നടിക്കാൻ,…. ചോദ്യങ്ങൾ മനസ്സിൽ ഒരുപാടായിരുന്നു,….
*********
സെന്റ് മേരീസ് പള്ളി തർക്കത്തിൽ ആയിരുന്നത് കൊണ്ട്, തീരുമാനങ്ങളെടുക്കാനുള്ള അധികാരങ്ങൾ റിസീവറിൽ നിക്ഷിപ്തമായിരുന്നു,
“താനാ പെണ്ണുങ്ങളേം കൊണ്ട് എത്ര ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെടാ? ”
ഓഫീസിലേക്ക് കയറിച്ചെന്നതും റസിവറുടെ പ്രതികരണം അതായിരുന്നു,… ദേഷ്യം ഇരച്ചു കയറി വന്നെങ്കിലും സംയമനം പാലിച്ചു ഞാൻ പറഞ്ഞു,…
“സാർ, പ്ലീസ്, കുറച്ചു കൂടെ മാന്യമായി സംസാരിക്കണം,… ”
അതയാളെ ചൊടിപ്പിച്ചു,..
“മാന്യമായി സംസാരിച്ചില്ലെങ്കിൽ താനെന്ത് ചെയ്യും? ”
“എന്നിൽ നിന്നും തിരിച്ചും അത്തരത്തിലുള്ള സംസാരം തന്നെ പ്രതീക്ഷിച്ചാൽ മതി,… ”
സഹപ്രവർത്തകർ അയാൾക്ക് എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു, അതോടെ അയാൾ ശാന്തത പാലിച്ചു,.. ഗുമസ്തൻ രണ്ടു കെട്ടു ഫയൽസ് അയാളുടെ ടേബിളിലേക്ക് എടുത്ത് വെച്ചു,…
“താനിത് കണ്ടോ? ”
“എന്താ ഇത്? ” ഞാൻ മനസിലാവാതെ അയാളെ നോക്കി,…
“തനിക്കെതിരെ വന്ന പരാതികളാ ഇതെല്ലാം,.. തനിക്ക് വേണേൽ വായിച്ചു നോക്കാം,… ” അയാൾ കെട്ടഴിച്ചതും നിലത്തേക്ക് ധാര ധാരയായി കടലാസുകൾ ഒഴുകി വീണു,..
“കണ്ടോ, നോക്ക് എന്തൊക്കെയാ എഴുതിയിരിക്കുന്നതെന്ന്,.. താൻ പ്രേമിച്ചു പ്രേമിച്ചു കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന് വരെയുണ്ട് ഇതിൽ ”
ഞെട്ടലിനെക്കാളേറെ പലതും എന്നിൽ ചിരിയാണ് ഉണർത്തിയത്,. ഇത്രമാത്രം പരാതികൾ,.. പലതും ഒരേ കയ്യക്ഷരം തന്നെ പലപല പേരുകൾ,.. നാട്ടുകാർ വരെ പരാതിക്കാരാണ്,…
“കണ്ടില്ലേ എന്തൊക്കെയാണെന്ന്,.. ഇതിൽ വല്ല സത്യവുമുണ്ടോ? ”
അയാൾ എന്നെ നോക്കി,.. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല,..
“ഇത്രയധികം പരാതികൾ വന്ന സ്ഥിതിക്ക് തന്നെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ല,… ”
അതിനും ഞാൻ മറുപടി പറഞ്ഞില്ല, എന്താണെങ്കിലും നേരിടാൻ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിയിരുന്നു,..
“രക്ഷപെടാൻ തനിക്ക് മുൻപിൽ ഒരു വഴിയേ ഉള്ളു,. സത്യങ്ങൾ തുറന്നു പറയുക,.. ”
“എന്താ നിങ്ങൾക്ക് അറിയേണ്ടത്? ”
അയാൾ മാറ്റിവെച്ച ഒന്നുരണ്ട് കടലാസുകൾ എനിക്ക് നേരെ നീട്ടി,..
“ഇത് താനെഴുതിയതല്ലേ? ”
സിബിക്ക് ഞാൻ നൽകിയ ലെറ്ററുകൾ ആയിരുന്നു അത്,..
“പറ താനെഴുതിയതല്ലേ? ”
“അതേ !”
“ഇനി പരാതിയിൽ പറയുന്ന കാര്യങ്ങൾ തനിക്ക് നിഷേധിക്കാൻ കഴിയുമോ? ”
ആരോപണങ്ങൾ പലതും കഴമ്പില്ലാത്തതായിരുന്നു, എങ്കിലും സിബിയെ മനപ്പൂർവ്വം കരിവാരിത്തേക്കണമെന്ന് കരുതി ഞാൻ ഒന്നും ചെയ്തിട്ടില്ല,…
“ഐ ലവ് ഹെർ !” ഒറ്റ വാക്കിൽ അയാൾക്ക് കൊടുക്കാൻ കഴിയുന്ന ഉത്തരം അതായിരുന്നു,…
“എന്തായാലും തനിക്ക് തോന്നിയ ആത്മാർത്ഥ പ്രണയം ആ സ്ത്രീയ്ക്ക് തന്നോട് ഉണ്ടായിരുന്നില്ലല്ലോ എന്നാലോചിക്കുമ്പോൾ,… ”
എന്റെ ഉള്ളൊന്ന് പിടഞ്ഞു ,..
“അല്ലേലും ഈ പെൺവർഗ്ഗം മൊത്തം ഇങ്ങനെയാ, മിലൻ, കണ്ണും കയ്യും കാണിച്ചു നമ്മളെയങ്ങ് വളച്ചെടുക്കും, അവർക്ക് മടുക്കുമ്പോൾ, അയ്യോ പ്രേമമോ, ഞങ്ങൾ തമ്മിലോ? എപ്പോൾ? എന്നൊക്കെ ചോദിച്ചങ്ങ് ഒഴിഞ്ഞുമാറും !”
“സാർ മൈൻഡ് യുവർ വേർഡ്‌സ്,… ” എന്റെ ശബ്ദമുയർന്നു,. അതയാളെ ഒന്ന് നിശ്ശബ്ദനാക്കി,. ഇനിയും സിബിയെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് കേട്ടു നിൽക്കാൻ എനിക്കാവില്ല,..
“എനിക്ക്,.. എനിക്ക് മാത്രമായിരുന്നു സിബിയോട് പ്രേമം, അവൾ ഒരിക്കൽ പോലും എന്നോടിഷ്ടമാണെന്ന് പറഞ്ഞിട്ടില്ല,. ”
അയാൾ ഒന്ന് ചിരിച്ചു,.. പിന്നെ സൗമ്യതയോടെ പറഞ്ഞു,…
“അത് തന്നെയല്ലേ ഞാനും പറഞ്ഞത്? ശരി തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടാവില്ല, എന്നാൽ അവളുടെ നോട്ടത്തിൽ നിന്ന്, പെരുമാറ്റത്തിൽ നിന്ന്, ഒരിക്കൽ പോലും തോന്നിയില്ലേ, സിബിക്ക് തന്നെ ഇഷ്ടമാണെന്ന്? ”
അയാൾ എന്റെ വായടപ്പിച്ച് കളഞ്ഞു,.. ഒരു തവണയല്ല, പല തവണ തനിക്ക് തോന്നിയ കാര്യം,..
“ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ തന്റെ ജോലി പോവും !”
“പൊക്കോട്ടെ സാർ,.. ഇനിയും എനിക്കവിടെ തുടരാനാവില്ല !”
“മണ്ടത്തരം കാണിക്കരുത് മിസ്റ്റർ മിലൻ, ഇത്ര നല്ലൊരു ജോലി ഒരു പെണ്ണിന് വേണ്ടി വേണ്ടാന്ന് വെക്കണോ, ഇവിടെ രണ്ടുപേരും കുറ്റക്കാരായ സ്ഥിതിക്ക് താൻ മാത്രം ശിക്ഷകളുടെ ഭാരം ഒറ്റയ്ക്ക് തലയിലേറ്റണ്ട !”
“സാർ എന്താ പറഞ്ഞു വരണത്? ”
” അവിടത്തെ നാട്ടുകാരടക്കം പറഞ്ഞു നടക്കുന്നത് താനവളെ പിഴപ്പിച്ചെന്നാ !”
അതെനിക്കൊരു ഞെട്ടലായിരുന്നു,…
“നോ,…. ”
“മുഴുവൻ പറയട്ടെടോ !”
തൽക്കാലം ക്ഷമയോടെ കേട്ടിരുന്നേ പറ്റു,..
“അത്കൊണ്ട് താനവിടെനിന്ന് പുറത്തിറങ്ങിലായാലും, നല്ല ആരോഗ്യത്തോടെ വീട്ടിലേക്ക് തിരിച്ചു പോവാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നുണ്ടോ? .. ”
ശരിയാണ്,. സാരമില്ല തല്ലേണ്ടവർ തല്ലട്ടെ, ഞാൻ തിരിച്ചൊന്നും ചെയ്യാൻ പോണില്ല,…
“തന്നെ രക്ഷിക്കാൻ എനിക്ക് കഴിയും മിലൻ, ഒരുപക്ഷെ എനിക്കേ അതിന് കഴിയൂ”
ഞാനയാളെ ആകാംക്ഷയോടെ നോക്കി,..
“താനെഴുതിയ ലെറ്ററുകൾക്ക് അവർ എന്തെങ്കിലുമൊക്കെ മറുപടി തന്നിട്ടുണ്ടാവില്ലേ? ”
“സോറി സാർ, ഞാനത് തരില്ല !”
“മുഴുവൻ കേക്കടോ,.. ചോദിച്ചതും താൻ കൊടുത്ത കത്തുകളെല്ലാം അവൾ എടുത്തു തന്നത് കണ്ടോ, രണ്ടാമതൊന്ന് പോലും ആലോചിച്ചില്ല, ഒരുപക്ഷേ താൻ കൂടി ആ ലെറ്ററുകൾ എനിക്ക് തരുമെങ്കിൽ, ചിലപ്പോൾ നിങ്ങളെ രണ്ടാളെയും ഒരുമിപ്പിക്കാൻ പോലും എനിക്കൊരുപക്ഷേ കഴിഞ്ഞേക്കും,… ”
അയാളുടെ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതൊന്നുലച്ചു, ഇനിയിപ്പോൾ സിബി വീട്ടുകാരെ പേടിച്ചിട്ടാണ് എന്നോട് അവഗണന കാണിക്കുന്നതെങ്കിലോ,. അങ്ങനെയെങ്കിൽ അവൾ ഉള്ളിൽ കരയുകയാവും,.. ഞാനാണ് അവളുടെ സന്തോഷമെങ്കിൽ, അവളെന്നെ തീർച്ചയായും ആഗ്രഹിക്കുണ്ടെങ്കിൽ.. അതിനു ഇതേ ഒരു വഴിയുള്ളുവെങ്കിൽ പിന്നെന്ത് ചെയ്യാനാണ്,…
ഞാൻ അയാൾക്ക് ഒന്നുരണ്ട് കത്തുകൾ നൽകി,.. അയാൾ അത് വായിച്ചു ചിരിച്ചു,…
“ഇഷ്ടമാണ് ഇഷ്ടമാണ്,.. ഇങ്ങനൊക്കെ ഒരു സഹോദരി സഹോദരനെ സ്നേഹിക്കുമോടോ? ”
അത് തന്നെയാണ് എന്റെ സംശയവും,…
“തൽക്കാലം ഇത് മതി, ബാക്കി ഞാനേറ്റു,… ”
“സാർ സിബിക്കൊരു പ്രശ്നവും ഇതുകൊണ്ട് ഉണ്ടാവില്ലല്ലോ? ”
“എന്ത് പ്രശ്നം,. രണ്ടു പ്രണയിതാക്കളെ ഒരുമിപ്പിക്കാൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ മാത്രം ! താൻ ധൈര്യമായിട്ട് പൊക്കോളൂ, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്,… ”
മനസ്സിന് വല്ലാത്തൊരു ശാന്തത തോന്നി,…
“മിലൻ,… ” അയാൾ വിളിച്ചു,…
“എന്താ സാർ? ”
“താനൊരു നല്ല ചിത്രകാരനാണുട്ടോ,. നേരത്തെ പറയാൻ വിട്ടുപോയി !” അയാൾ എന്റെ ലെറ്ററിൽ നോക്കിപ്പറഞ്ഞു,…
ഞാൻ വിരസമായൊരു പുഞ്ചിരി നൽകിക്കൊണ്ട് അവിടെനിന്നിറങ്ങി,..
*******—*******
എന്തൊക്കെയാണേലും ആ ലെറ്ററുകൾ കൊടുക്കേണ്ടിയിരുന്നില്ല,. സിബിയുടെ ഹൃദയമായിരുന്നു അത്, എനിക്ക് മുൻപിൽ തുറന്നു തന്നത്,. അത് ഞാൻ അയാൾക്ക് കാണിച്ചു കൊടുത്തത് തീരെ ശരിയായില്ല,.. സിബിയെ കണ്മുന്നിൽ കാണുമ്പോഴൊക്കെ ആ കുറ്റബോധം എന്നെ വേട്ടയാടി,…
പ്രശ്നങ്ങൾ ഗുരുതരമായിക്കൊണ്ടിരിക്കുകയായിരുന്നു ഐ ടി സി യിൽ പിറ്റേന്ന് മുതൽ കുട്ടികളുടെ നേതൃത്വത്തിൽ എനിക്ക് വേണ്ടി സമരം തുടങ്ങി,.. വഴക്കുണ്ടാക്കിയ മാന്യന്മാരെ വാണിങ് നൽകി വിട്ട്, എന്നെ മാത്രം ശിക്ഷിച്ചതിന്റെ പേരിലായിരുന്നു സമരം,…
“മിലൻ സാറേ !”
ഡെസ്കിൽ തലവെച്ചു കിടക്കുകയായിരുന്ന എന്നെ സേവ്യർ വന്നു വിളിച്ചു,…
“എന്താ സേവ്യർ? ”
“അത് പിന്നെ സിബി ടീച്ചറുടെ അപ്പച്ചൻ വന്നിട്ടുണ്ട്,…. ”
മകളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തരണമെന്ന് പറയാനാവും,…
“മ്മ്,.. ” ഞാനൊന്ന് മൂളുക മാത്രം ചെയ്തു,…
“ജേക്കബ് സാറിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു,… ”
അപ്പോഴേക്കും, പ്രതാപിയായ സിബിയുടെ അച്ഛൻ സ്റ്റാഫ് റൂമിലേക്ക് കേറി വന്നു,.. കൂടെ ഒന്ന് രണ്ടാളുകളുമുണ്ട്,..
എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ അയാൾ പുറത്തേക്കിറങ്ങി,.. മറ്റു ടീച്ചേഴ്സിനെ തിരക്കി വന്നതാവും,… ഞാൻ അനങ്ങാതെ അവിടെത്തന്നെയിരുന്നു,…
“ഞാൻ പോട്ടെ, സാറേ !”
സേവ്യർ അനുവാദം ചോദിച്ചു,.. ഞാൻ തലയാട്ടി, പിന്നെ പഴയത് പോലെ തന്നെ ഡെസ്കിൽ തലവെച്ചു കിടന്നു,..
കുറച്ചു നേരത്തിന് ശേഷം മൈക്കിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കേട്ടു,..
“പ്രിയപ്പെട്ട വിദ്യാർത്ഥികളെ,… ” അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്തു,. ഞാൻ എഴുന്നേറ്റ് വരാന്തയിലേക്കിറങ്ങി,..
കൂടെ ഖദർ ഇട്ട കുറേ ലോക്കൽ നേതാക്കളുമുണ്ട്,..
“ഇലെക്ഷൻ പ്രചരണം ആണ് സാറേ,.., ” ഒരു കുട്ടി പറഞ്ഞു,…
“മ്മ് !”
അദ്ദേഹം തുടർന്നു,. ഞാനൊരു തൂണിൽ ചാരി നിന്നു,..
“നിങ്ങളെല്ലാവരും എന്റെ വിദ്യാർത്ഥികളാണ്,. എന്റെ മക്കളാണ്,.. ഞാൻ കണക്ക് പഠിപ്പിച്ച എന്റെ കുട്ടികൾ,..
നിങ്ങൾക്ക് എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്, ഒരു അധ്യാപകനായോ, സ്ഥാനാർഥി ആയോ അല്ല ഞാൻ നിങ്ങൾക്ക് മുൻപിൽ നിൽക്കുന്നത്, കേവലം ഒരച്ഛനായാണ്,…
എന്റെ മകൾ നിരപരാധിയാണ്,. നിങ്ങൾക്ക് അറിയില്ലേ അവളെ? എവിടെ നിന്നോ വലിഞ്ഞുകേറിവന്ന ഒരു ചെറ്റയ്ക്ക് വേണ്ടി ഇന്ന് നിങ്ങളിവിടെ സമരം നടത്തുമ്പോൾ തകരുന്നത് എന്റെ മകളുടെ ജീവിതമാണ്,..
ഗുരുദക്ഷിണയായി എനിക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളു, ദയവ് ചെയ്ത് ഈ സമരം പിൻവലിക്കണം, എന്റെ മോളെ രക്ഷിക്കണം,… ”
അവിടെ നിശബ്ദത തളംകെട്ടി നിന്നു,… അദ്ദേഹത്തിന്റെ കണ്ണുകൾ എനിക്ക് നേരെ നീണ്ടു,.. ഞാൻ ഒന്നും മിണ്ടാതെ സ്റ്റാഫ് റൂമിലേക്ക് കേറിപ്പോയി,…
കുട്ടികളെ ഇമോഷണലി തളർത്തുന്നു,.. ഇപ്പോൾ അവർക്ക് ഞങ്ങളിലൊരാളെ തിരഞ്ഞെടുക്കേണ്ടതായി വന്നിരിക്കുന്നു,.. അവർക്കിടയിൽ ഒരു തടസ്സമായി ഞാനുണ്ടാവണ്ട,…
സമരനേതാക്കളെ ഓഫീസിലേക്ക് വിളിച്ച് അയാൾ സംസാരിച്ചിരുന്നു,.. കുറച്ചു നേരം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും വണ്ടികൾ ഐ ടി സിയിൽ നിന്നും പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടു,…
“സാറേ,.. ഒരു മിനിറ്റ് !”
ഉണ്ണികൃഷ്ണൻ വന്നെന്നെ പുറത്തേക്ക് വിളിച്ചു,… മരച്ചുവട്ടിൽ സമരക്കാർ കൂടിനിൽപ്പുണ്ടായിരുന്നു, ഒത്ത നടുവിലായി അനിൽ കുമാറും,.. മുദ്രാവാക്യങ്ങൾ ഉയർന്നു കേട്ടില്ല, പകരം മൂകത മാത്രം,…
“എന്തായി അനിൽ കുമാറേ, ഗുരുനാഥനുള്ള ഗുരുദക്ഷിണയുടെ കാര്യം? ” അവൻ മറുപടി പറഞ്ഞില്ല,.. നിരാഹാരം രണ്ടാമത്തെ ദിവസമാണ്,.. ഞാൻ കയ്യിൽ കരുതിയ വെള്ളം അവനു നേരെ നീട്ടി,…
“ഇനി എനിക്ക് വേണ്ടി ആരും സമരം ചെയ്യണ്ട,.. നിങ്ങളെ ബുദ്ധിമുട്ടിക്കാൻ എനിക്കൊട്ടും താല്പര്യമില്ല !”
“ആരാ പറഞ്ഞത് സാറിനോട്, ഞങ്ങൾ സമരം നിർത്തിയെന്ന്,.. സാറ് ഞങ്ങൾക്കൊരു ബുദ്ധിമുട്ടാണെന്നാണോ സാറ് കരുതുന്നത് ? അങ്ങനെയാണെങ്കിൽ ഒരിക്കലും, സാർ എതിർത്തിട്ട് പോലും ഞങ്ങളാരും ഇവിടെ സമരപ്പന്തലും വലിച്ചു കെട്ടി ഇരിക്കില്ലായിരുന്നു !”
“കുട്ടികളേ അത്,…. ”
“സാറൊന്നും പറയണ്ട,. നീതി കിട്ടുംവരെ ഞങ്ങൾ സമരം തുടരും !”
“അപ്പോൾ സിബിയുടെ അച്ഛൻ? അദ്ദേഹവും നിങ്ങളുടെ അധ്യാപകനാണ്, അദ്ദേഹത്തിന്റെ മനസ്സ് വിഷമിപ്പിച്ച് ആ ശാപം കൂടെ,.. ”
“എന്ത് ശാപമാണ് സാർ, അധ്യാപകനായിരുന്നു എന്നൊരു കാരണം പറഞ്ഞുകൊണ്ട്, ഞങ്ങളെ ഇമോഷണലി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു,.. ഞങ്ങൾ തീർച്ചയായും അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യുന്നുണ്ട്,. പക്ഷേ ഈ കാര്യത്തിൽ അദ്ദേഹം ഒരധ്യാപകന്റെ ധർമം മറന്നാണ് പ്രവർത്തിക്കുന്നത്,. അതിനെയൊന്നും സപ്പോർട്ട് ചെയ്യാൻ ഞങ്ങളെക്കൊണ്ട് പറ്റില്ല സാർ,… ”
കുട്ടികൾ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് വിശദീകരിച്ചു തന്നു,…
**********
“നാളെ 10 മണിക്ക് ഹിയറിങ് ഉണ്ട്, റിസീവർ വരും !”
ജേക്കബ് സാർ പറഞ്ഞു,… ആരും ഒന്നും മിണ്ടിയില്ല,. ജേക്കബ് സാർ തുടർന്നു,..
“നിങ്ങളീ സമരം പിൻവലിക്കണം,. പിന്നെ,… ”
“നിങ്ങളെ പഠിപ്പിച്ച ഒരദ്ധ്യാപകൻ ഇന്ന് നിങ്ങളുടെ മുൻപിൽ കൂപ്പുകയ്യോടെ നിൽക്കുകയാണ് ! അത് കണ്ടില്ലെന്ന് നടിക്കരുത് ” സിബിയുടെ അച്ഛൻ പറഞ്ഞു,..
നിശബ്ദതയ്ക്കു വിരാമമിട്ടത് അനിൽകുമാറാണ്,…
“സാറ് പറഞ്ഞുവരുന്നത്, സമരം പിൻവലിച്ചു ഞങ്ങൾ മിലൻ സാറിനെതിരെ മൊഴികൊടുക്കണമെന്നാണോ? ”
“അതേ,.. നിങ്ങൾ ഞങ്ങളുടെ കൂടെ നിൽക്കണം !”
“സാറ് ഞങ്ങളോട് ക്ഷമിക്കണം,… സാർ ഇങ്ങനൊരു പ്രതിഫലം പ്രതീക്ഷിച്ചാണ് ഞങ്ങളെ പഠിപ്പിച്ചതെന്ന് അറിയില്ലായിരുന്നു !”
“അനിൽ കുമാറേ,.. ” ജേക്കബ് സാർ ശാസിച്ചു,..
“പറഞ്ഞു കഴിഞ്ഞില്ല സാർ,
. സാർ പറഞ്ഞു ഞങ്ങളെ സാറ് കണക്ക് പഠിപ്പിച്ചിട്ടുണ്ടെന്ന്, മിലൻസാർ വലിഞ്ഞുകേറി വന്നവനാണെന്ന്, സാറ് ഞങ്ങളെ വർഷങ്ങളോളം പഠിപ്പിച്ചത് കണക്കാണെങ്കിൽ,.. ഈ ഒരു വർഷം കൊണ്ട് മിലൻസാർ ഞങ്ങളെ പഠിപ്പിച്ചത് ഒരു തൊഴിലാ, അതിലാണ് ഞങ്ങളുടെ ജീവിതവും,.. ഞങ്ങൾ സാറിന് വേണ്ടി ഈ സമരം നടത്തുന്നത് സാർ പറഞ്ഞിട്ടല്ല,.. സാറിന്റെ ഭാഗത്താണ് ശരി എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാ,… ”
ബാക്കിയുള്ളവർക്കും ആവേശം കേറി,…
“സാറിന്റെ മോള് സിബി ടീച്ചറും നൂറു ശതമാനവും സത്യസന്ധയൊന്നുമല്ല, ടീച്ചറും സാറിന് ലെറ്ററുകൾ എഴുതിയിട്ടുണ്ട്,.. അതിന് ദൂദ് പോയതും ഞങ്ങളൊക്കെത്തന്നെയാ,.. അത്കൊണ്ട് സാറ് മാത്രം ശിക്ഷിക്കപ്പെടുന്നത് കണ്ട് മിണ്ടാതിരിക്കാൻ കഴിയില്ല !”
“വീ ആർ സോറി സാർ !”
സിബിയുടെ അച്ഛൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു,…
********
കണ്ണുനീരിൽ എന്റെ കാഴ്ചകൾ മങ്ങി,.. എന്ത് പറയണമെന്നറിയാതെ ഞാൻ അവരെ നോക്കി നിന്നു,…
“ഞാൻ എന്താ,.. നിങ്ങളോട്,… ”
“സാറൊന്നും പറയണ്ട,.. സാറിന്റെ കൂടെ എന്നും ഞങ്ങളുണ്ടാവും,.. ”
********
ഇന്നാണ് റിസീവറുടെ ഹിയറിങ്,.. ഇന്ന് എന്നെയും സിബിയെയും കുട്ടികളെയുമൊക്കെ ചോദ്യം ചെയ്യും,. ഇവിടെ തുടരണോ, പോണോ എന്നുള്ള എന്റെ ഭാവി ഇന്ന് തീരുമാനിക്കപ്പെടും,..
പന്ത്രണ്ടര ആയപ്പോഴാണ് എന്നെ വിളിപ്പിച്ചത്,.. അപ്പോഴേക്കും അധ്യാപകരുടെയും കുട്ടികളിൽ ചിലരുടെയും ഹിയറിങ് പൂർത്തിയായിക്കഴിഞ്ഞിരുന്നു, സമരപ്പന്തലിൽ നിന്നും മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കാമായിരുന്നു,.. പുറത്തും ആള് കൂടിയിട്ടുണ്ട്,.. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്,.. ഇത്തരത്തിലുള്ള കാഴ്ചകളൊക്കെ അവിടത്തെ നാട്ടുകാർ ആദ്യമായി കാണുന്നതായിരിക്കും,…
സിബിയുടെ അച്ഛൻ വന്നിട്ടില്ല, പക്ഷേ ഖദർ ഇട്ട മൂന്നാലുപേർ കൂടി നിന്ന് അടക്കം പറയുന്നുണ്ട്,…
എന്നെ വിളിപ്പിച്ചു,…
“എന്താടോ തന്നോട് പ്രശ്നമൊന്നും ഉണ്ടാക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ? ”
“സാർ,…”
“അടുത്തത് സിബിയുടെ ഹിയറിങ് ആണ്,… അവർ എന്ത് പറയുന്നോ, അതാണ് തന്റെ ഭാവി !”
“അറിയാം സാർ,.. ”
“തൽക്കാലം താൻ പുറത്ത് നിൽക്ക്,… ”
ഞാൻ പുറത്തേക്കിറങ്ങിയതും സിബി അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു, ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു,… പിന്നെ അവൾ മുഖം തിരിച്ചു അകത്തേക്ക് കയറിയതും വാതിലുകൾ അടക്കപ്പെട്ടു,…
“നോക്കിക്കോ,. ഇന്ന് റിസീവർ സിബി മിസ്സിനെ എടുത്തിട്ട് പൊരിക്കും !”
ഞാൻ അവിടേക്ക് തിരിഞ്ഞു നോക്കി,.. ഒന്ന് രണ്ടു കുട്ടികളാണ്,…
“സിബി മിസ്സിന്റെ അച്ഛന്റെ, രാഷ്ട്രീയ ശത്രുവാ റിസീവർ,.. ഈ ഇഷ്യൂ അയാൾ ശരിക്കും മുതലെടുക്കും,… ”
ഞാൻ അപകടം മണത്തു,.. അയാൾ എന്നെ സഹായിക്കാമെന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു,..
മുറിയിൽ നിന്നും ഉച്ചത്തിലുള്ള ആക്രോശങ്ങൾ കേൾക്കാമായിരുന്നു,.. സിബിയുടെ പൊട്ടിക്കരച്ചിലും,.. ഇനിയും ഇതൊന്നും കണ്ടു നിൽക്കാനാവുമായിരുന്നില്ല,.. വാതിൽ ചവിട്ടിതുറന്ന് ഞാൻ അകത്തേക്ക് കയറി,..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission