Skip to content

മിലൻ – Part 17

milan aksharathalukal novel

” ഐഷു,… ” ഞാനവളുടെ കൈകൾ മുറുകെ പിടിച്ചു,…

“ഐഷു എന്താ ഇവിടെ? ”

“ഒന്നൂല്ല അനു,… നീ പേടിക്കണപോലെ ഒന്നുമുണ്ടാവില്ല,… ”

എന്റെ കൈകൾ കോർത്തു പിടിച്ച് ഐഷു മുൻപോട്ടേക്ക് നടന്നു,…

“എന്ത് നല്ല മനുഷ്യനായിരുന്നു,… ”

അത് കൂടെ കേട്ടപ്പോഴേക്കും എന്റെ മനസ്സിലെ ഭയം ഇരട്ടിയായി,…

“ഐഷു എനിക്കെന്തോ വല്ലാതെ പേടിയാകുന്നു,… ”

“നീ ധൈര്യമായി ഇരിക്കനു നമുക്ക് ആരോടെങ്കിലും ചോദിച്ചു നോക്കാം,… ”

അവൾ അവിടെക്കണ്ട ഒരാളോട് കാര്യങ്ങൾ ചോദിച്ചു,..

“ചേട്ടാ ആരാ മരിച്ചത്? ”

നിങ്ങൾ ഇതൊന്നുമറിഞ്ഞ് വന്നതല്ലേ എന്ന അർത്ഥത്തിൽ അയാൾ ഞങ്ങളെ ഒന്ന് നോക്കി,..

“ഹക്കീംക്കാ,… ”

ദൈവമേ സാറിന്റെ വാപ്പാ,…

“എങ്ങനെ.. എന്താ പറ്റീത്? ”

“അത് അറ്റാക്ക് ആയിരുന്നു,… നിങ്ങള്? ”

“ഞങ്ങൾ മിലൻ സാറിന്റെ സുഹൃത്തുക്കളാ!”

“ആണോ? എന്നാ വേഗം ചെന്നോളി,.. മയ്യത്തെടുക്കാനായി,… ”

സാറിനെ ഞങ്ങൾ ദൂരെ നിന്നേ കണ്ടു,.. അതീവദുഃഖിതനാണെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ഒരു യന്ത്രം കണക്കെ ആരൊക്കെയോ പറയുന്നത് അനുസരിക്കുന്നു,….

“കഷ്ടമായിപ്പോയി അല്ലേ? ” ഐഷു എന്നെ നോക്കി,.. ഞാൻ എന്തുപറയണമെന്നറിയാതെ നിൽക്കുകയായിരുന്നു,.. അപ്പോഴാണ് സാർ എന്നെക്കണ്ടത്,…

എന്നെയിവിടെ ഒട്ടും പ്രതീക്ഷിച്ചുകാണില്ല.. അത് സാറിന്റെ മുഖഭാവം വെളിപ്പെടുത്തുന്നുമുണ്ട്,.. സാർ ഞങ്ങൾക്കരികിലേക്ക് വന്നു,..

“അനു,… ”

എന്ത് പറയണമെന്നറിയാതെ നിസ്സഹായയായി ഞാൻ സാറിനെ നോക്കി,..

“മിലു എവിടെ? വരാൻ പറയ്,… ” ആരോ വിളിച്ചു ചോദിച്ചു,.

“വരുന്നു കൊച്ചാപ്പാ !” പിന്നെ സാർ ഞങ്ങളെ നോക്കി,..

“അനു,.. തിരക്കില്ലെങ്കിൽ ഒന്ന് വെയിറ്റ് ചെയ്യാമോ? ടൈം ആയി അതാണ്,.. ”

ഞാൻ തലയാട്ടി,.. കരച്ചിൽ വന്നിട്ടും അടക്കിപ്പിടിച്ചത് സാറിന്റെ അവസ്ഥയോർത്തിട്ട് മാത്രമാണ്,… വാപ്പയെന്നാൽ ജീവനായിരുന്നു സാറിന്,…

പിതാവിന്റെ ശവമഞ്ചം ചുമലിലേറ്റുമ്പോൾ അടക്കിപ്പിടിച്ച കണ്ണുനീർതുള്ളികൾ കവിളിലേക്ക് ഇറ്റുവീണു,… ഹൃദയബേധകമായിരുന്നു ആ കാഴ്ച്ച,…

ഖബറടക്കം കഴിയുന്നത് വരെ കാത്തിരിക്കാൻ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു,.. ഞങ്ങൾ രണ്ട് കസേരകളിലായി ഇരിപ്പുറപ്പിച്ചു,..

എല്ലാവരും അപരിചിതർ,… സാറിന്റെ ഉമ്മയും സഹോദരങ്ങളും,.. നേരിൽ കണ്ടിട്ടില്ലെങ്കിലും എല്ലാവരുടെയും അവ്യക്തമായൊരു മുഖം മനസിലുണ്ട്,.. അകത്തായിരിക്കും അവരെല്ലാം ..

“അനു ഇങ്ങനൊരവസ്ഥയിൽ നമ്മൾ വന്ന കാര്യം ചോദിക്കുന്നത് ശരിയല്ല,… ”

“എനിക്കറിയാം ഐഷു,… സാറിനെ ഒന്നാശ്വസിപ്പിച്ച ശേഷം നമുക്ക് മടങ്ങാം,….”

പുര കത്തുമ്പോൾ വാഴ വെട്ടുന്നതെങ്ങനെയാണ്? കഥ എഴുതിയില്ലെങ്കിൽ എഴുതിയില്ലെന്നേ ഉള്ളൂ,…

ഖബർസ്ഥാനിലെ ആറടിമണ്ണിൽ എന്നെന്നേക്കുമായി ഉറങ്ങാൻ കിടക്കുന്ന വാപ്പയുടെ ഖബറിന് മുകളിലായി ഒരു കുഞ്ഞിമൈലാഞ്ചിച്ചെടി ഇപ്പോൾ സ്ഥാനം പിടിച്ചു കാണും,…

“അല്ല ഇങ്ങളെവിടെന്നാ? ” അടുത്ത് നിന്ന ഒരു സ്ത്രീ ചോദിച്ചു,..

“വായനാട്ടീന്ന്,… ”

“ഓ,.. മിലു ജോലി ചെയ്ത കോളേജിൽ നിന്നാണോ? ”

“അല്ല,.. ”

“അവിടെയൊന്നും ആരെയും അറിയിച്ചില്ലാന്നു തോന്നണു,, അല്ല മിലൂനെ പരിചയമുണ്ടോ നിങ്ങൾക്ക്? ”

“മ്മ്, സാർ വാടകയ്ക്ക് താമസിച്ചിരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു !”,

“ആണോ? ”

“അതേ !”

“ഒരു കട്ടൻ ചായ എടുക്കട്ടെ !”

“ഹേയ് വേണ്ട,.. നിനക്ക് വേണോ? ”

ഐഷു എന്നെ നോക്കി,.. ഞാനും വേണ്ടെന്ന് തലയാട്ടി,…

“ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ,. ക്ഷീണം കാണും,.. ഫാത്തിമാ !” അവർ ആരെയോ വിളിച്ചു,… ഒരു സ്ത്രീ ചായഗ്ലാസ്സുകളുമായി എത്തി,..

“വയനാട്ടീന്നാ, നമ്മളെ മിലു താമസിച്ചത് ഇവരുടെ വീട്ടിലായിരുന്നു !”

“ആണോ? നിങ്ങള് വെളുപ്പിനെ അറിഞ്ഞോ ? ” അവർ ചോദിച്ചു, .

“അത് !”ഐഷു എന്റെ കൈ തട്ടി,…

“ആ അറിഞ്ഞു,… “ഐഷു പെട്ടന്ന് പറഞ്ഞു,..

” ഇത് കുടിക്ക് !”

അവർ ഞങ്ങൾക്ക് നേരെ,… ചായഗ്ലാസ്സുകൾ നീട്ടി,.. അവരത്രയും നിർബന്ധിച്ചിട്ട് എടുക്കാതിരിക്കുന്നത് മോശമല്ലേ,.. അത്കൊണ്ട് മാത്രം ഞങ്ങളിരുവരും ഓരോ ഗ്ലാസ്‌ ചായയെടുത്തു,…

കൂടുതൽ സംസാരിച്ചപ്പോൾ അവർ സാറിന്റെ അമ്മായിയാണെന്ന് മനസിലായി,…

“ഞാനെന്നാൽ അകത്തോട്ടു ചെല്ലട്ടെ? ”

ഞങ്ങൾ തലയാട്ടി,…

“നീയെന്തിനാ ഐഷു കള്ളം പറഞ്ഞത്? ”

“പിന്നെന്താ സത്യം പറയണോ? സാറിന്റെ ലവ് സ്റ്റോറി കേൾക്കാൻ വന്നതാണ് നമ്മൾ എന്ന് പറയണോ? ”

എന്റെ ഉത്തരം മുട്ടിയിരുന്നു,..

അപ്പോഴാണ് എല്ലാവരും ഖബറടക്കം കഴിഞ്ഞെത്തിയത്,.. ഞങ്ങൾ പതിയെ കസേരയിൽ നിന്നും എണീറ്റു,…
പലരും സാറിനെ ആശ്വസിപ്പിക്കുന്നുണ്ട്,…

സാർ ഞങ്ങൾക്കരികിലേക്ക് വന്നു,..

“യൂ ഹാവ് ടു ബി സ്ട്രോങ്ങ്‌,.. വെറുതെ കരഞ്ഞ് മറ്റുള്ളവരെക്കൂടി വിഷമിപ്പിക്കരുത് !” ഐഷു ഓർമപ്പെടുത്തി,

സാറിനെ ഒന്ന് നോക്കാൻ പോലുമുള്ള ശേഷി എനിക്ക് നഷ്ടപ്പെട്ടിരുന്നു,..

“അനു വന്നത് വാപ്പാന്റെ മരണവാർത്ത അറിഞ്ഞിട്ടല്ലെന്ന് അറിയാം,.. പക്ഷേ വന്നപ്പോൾ,… ” സാറിന്റെ ശബ്ദമിടറി,..

“ആക്ച്വലി അയാം സോറി സാർ,… ”

“എന്തിനാ അനു സോറിയൊക്കെ? ”

“അത് ഞാൻ,.. ഇങ്ങനൊക്കെ സംഭവിക്കുമെന്ന് എനിക്ക്,.” എന്റെ വാക്കുകൾക്ക് പതർച്ചയുണ്ടായി,..

“അനു വന്നതിൽ തെറ്റൊന്നുമില്ല,.. പക്ഷേ എന്തോ, അള്ളാഹു ഇവിടെ ഒരുക്കിയത് ഇങ്ങനൊരു സാഹചര്യമായിരുന്നു,.. വിധി അല്ലാതെന്താ? അതിൽ അനുവിന്റെ തെറ്റൊന്നുമില്ല,.. ഇത്? ”

“ഇത് ഐഷു,.. എന്റെ ഫ്രണ്ട് !”

സാർ അവൾക്കൊരു പുഞ്ചിരി നൽകാൻ ശ്രമിച്ചു,…

“ഞങ്ങളെന്നാൽ ഇറങ്ങിക്കോട്ടെ? ,.. ”

“ഇത്ര പെട്ടന്നോ? ”

“ആ നേരം ഇരുട്ടിയില്ലേ,… ”

“വന്ന കാര്യം നടിക്കില്ലന്നറിഞ്ഞിട്ടാണോ? ”

“അയ്യോ അങ്ങനൊന്നും പറയല്ലേ സാർ !”

“എന്തായാലും ഇവിടെ വരെ വന്നതല്ലേ, ഞാൻ ഉമ്മാനെ പരിചയപ്പെടുത്തിത്തരാം !”

സാർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു,.. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഉള്ളിലേക്ക് നടക്കുമ്പോൾ ഇവർ ആരെന്ന നോട്ടം പലരിലും ഉണ്ടായിരുന്നു,.. ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു,…

ഉമ്മ അകത്തെ മുറിയിൽ കരഞ്ഞുതളർന്നവശയായി കിടക്കുകയായിരുന്നു,…

“ഉമ്മാ,… ” സാർ അലിവോടെ വിളിച്ചു,…

ഉമ്മ പതിയെ തലയുയർത്തി നോക്കി,…

“ഇത് അനു,… ഞാൻ പറഞ്ഞിട്ടില്ലേ,.. ”

ഉമ്മ തന്റെ സങ്കടം മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് തലയാട്ടി,..

“അനൂന്റെ വീട്ടിലാ ഞാൻ വാടകയ്ക്ക് നിന്നത് !”

“മിലു പറഞ്ഞിട്ടുണ്ട് !”

“നിങ്ങളെന്നാൽ സംസാരിച്ചിരിക്ക് ഞാൻ ഇപ്പോൾ വരാം !”

സാർ പുറത്തേക്കിറങ്ങി,..

തന്റെ ജീവന്റെ പാതി നഷ്ടപ്പെട്ട ആ ഉമ്മയെ എന്ത് പറഞ്ഞാശ്വസിപ്പിച്ചാലും അത് മതിയാവില്ലെന്നറിയാമായിരുന്നു ഞങ്ങൾക്ക്,… ഞങ്ങളുടെ ആ ബുദ്ധിമുട്ട് മനസിലാക്കിയിട്ടാവണം ഉമ്മ തന്നെ സംഭാഷണങ്ങൾക്ക് തുടക്കമിട്ടു,..

“നിങ്ങള് വന്നിട്ട് കുറേ നേരമായോ? ”

“ഇല്ലുമ്മാ,.. കുറച്ചു നേരമേ ആയുള്ളൂ !”

“എന്തെങ്കിലും കഴിച്ചിരുന്നോ? ”

“ഞങ്ങള് കഴിച്ചിട്ടാ ഇറങ്ങീത് ഉമ്മാ, പിന്നെ ഇവിടന്ന് ചായ കുടിച്ചു,.. “ഐഷു പറഞ്ഞു,..

“ആണോ? ” ഉമ്മ ചോദിച്ചു,..

ഞാൻ തലയാട്ടി,..

പിന്നീടുമ്മ വാപ്പാന്റെ കഥകൾ പറഞ്ഞു,.. ഇടയ്ക്കിടെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും അവരുടെ മുഖത്ത് അഭിമാനമുണ്ടായിരുന്നു, സ്വന്തം ഭർത്താവിനെയോർത്ത്..

അപ്പോഴാണ് സാർ റൂമിലേക്ക് കടന്നു വന്നത്,..

“എന്താ ഉമ്മാ രണ്ടാളെയും കത്തിവെച്ച് കൊന്നോ? ”

“ഒന്ന് പോ മിലു അവിടന്ന്,.. ഞാൻ അന്റെയും അന്റെ വാപ്പാന്റെയും ഒക്കെ കഥ പറഞ്ഞു കൊടുക്കായിരുന്നു കുട്ടികൾക്ക്,… ”

എത്രയൊക്കെ അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും സാറിന്റെ മിഴികൾ നിറഞ്ഞിരുന്നു,..

“അല്ല നിങ്ങൾക്ക് ഇന്ന് തന്നെ പോണന്നുണ്ടോ? ”

“പോണം സാർ !”

“നാട്ടിലേക്ക് തിരിച്ചു പോവോ അതോ? ”

“ഇല്ല ഇവിടെ റൂം എടുത്തിട്ടുണ്ട് !”

“ആണോ,.. എന്നാൽ ഞാൻ സജീറിനോട് പറഞ്ഞു വണ്ടി റെഡിയാക്കിയിട്ടുണ്ട്,.. നിങ്ങളെ കൊണ്ട് വിടാൻ !”

“അയ്യോ അതൊന്നും വേണ്ടിയിരുന്നില്ല സാർ !”

“സാരമില്ല,.. ഇങ്ങോട്ട് ചെയ്ത ഉപകാരങ്ങളുടെ ഏഴയലത്ത് പോലും എത്തില്ലെന്നറിയാം എങ്കിലും അവസരങ്ങൾ വരുമ്പോൾ ഇങ്ങനെങ്കിലും പ്രത്യുപകാരം ചെയ്യണ്ടേ? ”

“എന്താ സാർ ഇത്,… ”

“ഇക്കാ വണ്ടി റെഡി,.. ” സജീർ ആയിരിക്കണം,…

“ഇതാണ് സജീർ,.. അളിയനാ,.. സബീനയുടെ ഹസ്ബൻഡ് !”

സബീന ആരെന്നുള്ള ചോദ്യം ബാക്കിയായിരുന്നു,..

“ഓ,.. ഞാൻ അനൂനോട് പറഞ്ഞിട്ടില്ലല്ലോലെ,.. എന്റെ അനിയത്തിയുടെ ഭർത്താവ് !”

“ഓ,.. അല്ല ഇത്താത്തമാരെ കണ്ടില്ലല്ലോ ”

“എല്ലാവരും ഇവിടെ തന്നെയുണ്ട് ,.. ഓരോരോ വഴിക്കാണെന്നു മാത്രം,.. ”

“എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ ഉമ്മാ !”

ഉമ്മയുടെ ആലിംഗനം ഏറ്റുവാങ്ങുമ്പോൾ ആ ഉള്ളിലെ പിടച്ചിൽ ഞാനറിഞ്ഞു,..

അപ്പോഴേക്കും സാറിന്റെ സഹോദരങ്ങളും എത്തി,.. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങളിറങ്ങി,…

“പോട്ടേ സാർ,… ”

“മ്മ്,.. അനു തേടി വന്ന കാര്യങ്ങൾക്ക് ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല,.. ”

“സാരമില്ല സാർ,.. അതൊന്നും പറയാനുള്ള സാഹചര്യമല്ലല്ലോ ഇത്!”

“ശരിയാണ്,.. പക്ഷേ,.. ഇത് അനു കൈയ്യിൽ വെച്ചോ,… ”

“എന്താ സാർ ഇത്?”

“എന്റെ ഡയറിയാ, ഇതിൽ ഉണ്ട് എല്ലാ കാര്യങ്ങളും,… ”

ഞാൻ നിർവികാരയായി സാറിനെത്തന്നെ നോക്കി നിന്നു,…

“ഇത് വരെ വേറെയാർക്കും വായിക്കാൻ കൊടുത്തിട്ടില്ല,.. ഇപ്പോൾ അനുവിന് ഞാൻ തരികയാണ്,… ”

“മ്മ്മ് !”

“പിന്നൊരു കാര്യം എന്താണെന്ന് വെച്ചാൽ,.. തിരക്കിട്ടു പോന്നത്കൊണ്ട് ബുക്സ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല,.. ഐ മീൻ എന്റെ കളക്ഷൻസ് !”

“ഞാനത് എത്തിച്ചു തരാം സാർ !”

“അയ്യോ അതൊന്നും വേണ്ട,.. താനത് അവിടത്തെ ലൈബ്രറിക്ക് സ്പോൺസർ ചെയ്തേരെ,.. ചിതലരിച്ചു പോകുന്നതിലും ഭേതം ഇഷ്ടമുള്ളവർ വായിക്കുന്നതല്ലേ? ”

“ഞാനപ്പോൾ വായിക്കില്ലെന്നാണോ സാർ പറഞ്ഞത്? ”

“അങ്ങനല്ലടോ,.. എന്നെങ്കിലും തന്റെ പ്രശ്നങ്ങളൊക്കെ തീർത്ത് താൻ ജോലിത്തിരക്കുകളിലേക്ക് മടങ്ങുമ്പോൾ,. അനാഥപ്രേതങ്ങളെപ്പോലെ അവർ അനാഥരായിപ്പോകരുത് അത്ര മാത്രം !”

“സാർ അപ്പോൾ ഇനിയൊരിക്കലും മടങ്ങി വരില്ലേ? ”

“അങ്ങനൊരു മടക്കം തൽക്കാലം ഞാൻ ആഗ്രഹിക്കുന്നില്ലെടോ,.. ”

“ഞങ്ങളെയൊക്കെ അത്രമാത്രം സാർ വെറുത്തുപോയോ? ”

“അത്കൊണ്ടല്ല,.. ചിലതിൽ നിന്നൊക്കെ അകന്ന് നിൽക്കുന്നത് തന്നെയാണ് എന്ത്കൊണ്ടും നല്ലത് !”

സാർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമായില്ല,..

“ഞങ്ങളെന്നാൽ ഇറങ്ങട്ടെ? !”

“ശരി,.. വീണ്ടും കാണാം എന്നെങ്കിലും,… ”

“സാറിന് ഒരു ഫോൺ വാങ്ങിച്ചാലെന്താ? ”

“നോക്കാം,.. അനുവിന് എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ കോൺടാക്ട് ചെയ്യാൻ തൽക്കാലം വീട്ടിലെ ലാൻഡ് ഫോൺ നമ്പർ അതിൽ എഴുതിയിട്ടുണ്ട് !”

” എനിവേ താങ്ക് യൂ സാർ !”

“താങ്ക്സ് ഒന്നും പറഞ്ഞ് ഫോർമൽ ആവല്ലേ അനു,… ”

“എന്നാൽ പിന്നെ ഇറങ്ങട്ടെ !”

“ബൈ !” സജീർ വണ്ടി മുന്നോട്ടേക്കെടുത്തു,..

സാറിന് നേരെ ഞങ്ങൾ കൈ വീശി,… കണ്ണിൽ നിന്നും മറയും വരെ സാർ അവിടെത്തന്നെ ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു,..

പറഞ്ഞറിയിക്കാനാകാത്ത ഒരു വേദന അതെന്നെ വല്ലാതെ കാർന്നു തിന്നുണ്ടായിരുന്നു,. ഒരുപക്ഷെ കുറ്റബോധത്താലും നഷ്ടബോധത്താലും ഒക്കെയാവണം അത്,. ഞാൻ കണ്ണുകളടച്ചിരുന്നു,… ഐഷു സജീറിനെ കത്തിവെച്ചു കൊല്ലുന്നുണ്ടായിരുന്നു,..

*********

“അനു,… ”

ഐഷു എന്നെ തട്ടിവിളിക്കുമ്പോളാണ് ഞാൻ കണ്ണു തുറക്കുന്നത്,…

“ഹോട്ടൽ എത്തി,.. ഇറങ്ങുന്നില്ലേ? ”

ഉറങ്ങിപ്പോയിരുന്നു ഞാൻ,…

“ആ ഇറങ്ങാം,… ” ഡയറിയും മുറുകെ പിടിച്ചു കൊണ്ട് ഞാൻ ഹോട്ടൽ ലോബിയിലേക്ക് നടന്നു,…

“അനു,… ” ഐഷു എന്നെ പിന്നിൽ നിന്നും വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാൻ തോന്നിയില്ല,…

“അതവൾ ഉറക്കപ്പിച്ചിൽ ആയിട്ടാ,.. എനി വേ താങ്ക് യൂ സോ മച്ച് !”

അയ്യോ ഞാൻ സജീറിനോട് താങ്ക്സ് ഒന്നും പറഞ്ഞില്ലല്ലോ,.. ഐഷു പറഞ്ഞത് കേട്ടപ്പോഴാണ് എനിക്ക് സജീറിന്റെ കാര്യം ഓർമ വന്നത് പോലും,… ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും സജീർ പോയിക്കഴിഞ്ഞിരുന്നു,…

“നല്ല ആളാട്ടോ നീയ്യ്,.. ഇങ്ങനാണോ നമുക്ക് ഇത്രയും ഹെല്പ് ചെയ്ത ഒരാളോട് പെരുമാറുന്നത്? ”

“ഞാൻ ആ കാര്യം വിട്ടുപോയി ഐഷു,… ”

“എന്താ അനു നിന്റെ മനസ്സിൽ? ”

“അറിയില്ല ഐഷു,… ”

റൂമിൽ എത്തിയതും ഞാൻ ഡയറി തുറക്കാൻ ശ്രമിച്ചതും ഐഷു അത് തട്ടിപ്പറിച്ചു,… എനിക്ക് നല്ല ദേഷ്യം വന്നു,..

“നീയെന്താ ഐഷു ഈ കാണിക്കണേ? ”

“എനിക്കെങ്ങും വായിക്കേണ്ട നിന്റെ സാറിന്റെ ഡയറി,.. പക്ഷേ ഈ കിളി പോയ അവസ്ഥയിൽ നീ ഇത് വായിച്ചിട്ടെന്താ കാര്യം ആദ്യം പോയൊന്നു കുളിച്ചിട്ട് വാ,.. എന്നിട്ട് വായിക്ക് !”

ഐഷുവിന്റെ നിർബന്ധത്തിന് ബാത്‌റൂമിൽ കയറി ഒരുവിധം കുളിച്ചെന്ന് വരുത്തി,…

“ഡയറി എവിടെ? ”

“ഇത്ര പെട്ടന്ന് കുളിച്ചു കഴിഞ്ഞോ? ”

“നീയതിങ്ങ് താ !”

“ഇപ്പോൾ തരില്ല,.. നീയിന്ന് ആകെ കഴിച്ചത് സാറിന്റെ വീട്ടിൽ നിന്നും ഒരു ഗ്ലാസ്‌ ചായയാ !”

“കഷ്ടമുണ്ട് ഐഷു !”

“അതേ കഷ്ടമുണ്ട്,.. ആദ്യം നീ എന്തേലും കഴിക്ക്,… ”

ഞാൻ കുളിക്കാൻ കേറിയ സമയത്ത് അവൾ കഴിക്കാറുള്ളത് ഓർഡർ ചെയ്തിരുന്നു,.. ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി ഒരുവിധം ഞാൻ കഴിച്ചെന്നു വരുത്തി,..

“മതി ഐഷു !”

“ഒന്നും ആയില്ലല്ലോ,.. മൊത്തം കഴിക്ക് !”

അവൾ സി സി ടി വി ക്യാമറ പോലെ എന്നെയിങ്ങനെ നോക്കി നിൽക്കുമ്പോൾ എന്റെ കള്ളത്തരങ്ങളൊന്നും നടക്കില്ലായിരുന്നു,… രണ്ടു സ്പൂൺ കൂടെ ഞാൻ കഴിച്ചു മനസില്ലാമനസോടെ പിന്നെ നിർത്തി,..

“ശരിക്കും മതിയായിട്ടാ ഐഷു,.. ഇനി കഴിച്ചാൽ ഞാൻ ചിലപ്പോൾ !”

“എന്നാൽ പോയി വാഷ് ചെയ്തിട്ട് വാ !”

ഓ സമാധാനമായി,…

വാഷ് ചെയ്തു വന്നപ്പോഴേക്കും അവൾ മരുന്നെടുത്ത് വെച്ചിരുന്നു,…

“ഐഷു… ” ഞാൻ അപേക്ഷാഭാവത്തിൽ അവളെ നോക്കി,…

“നോ എക്സ്ക്യൂസ്,.. ഇനി കഥ വായിച്ചു നിനക്ക് വല്ല ടെൻഷനും കേറിയാൽ ഞാൻ പെട്ടു പോകും,.. സോ കഴിക്ക്,.. ”

അങ്ങനെ അവളെന്നെ നിർബന്ധിച്ചു മരുന്നും കഴിപ്പിച്ചു,…

“വീട്ടിലേക്ക് !”

“നീ വിളിച്ചാൽ മതി,.. ഡയറി താ ഐഷു !”

അവൾ ബാഗിൽ നിന്നും ഡയറി എടുത്തു,..

“കൊള്ളാം എന്തായാലും,.. ഇനി കുട്ടി ഇത് വായിച്ചു കഴിയുന്നവരെയും നിന്റെ ലോകത്ത് ഞങ്ങളാരും ഉണ്ടാവില്ലെന്നറിയാം,.. സോ ഗുഡ് നൈറ്റ് !”

“ഗുഡ് നൈറ്റ് !”

“ഹൗ എന്താ സന്തോഷം,.. ഇന്നാ !”

ഒരു ഡയറി വായിക്കാൻ എന്തൊക്കെ കഷ്ടപ്പാടാണോ എന്റെ ഈശ്വരാ,…

ഞാൻ കട്ടിലിൽ ചാരിയിരുന്ന് പതിയെ ഡയറി തുറന്നു,…

ഓരോ വാക്കിനിടയിലൂടെയും സാറ് പറഞ്ഞ കഥ ഞാൻ വായിച്ചു പോയി,… സാർ ടീച്ചർക്കും ടീച്ചർ സാറിനും കൈമാറിയ ലെറ്ററുകൾ എല്ലാം താളുകൾക്കിടയിൽ അതാതു ഡേറ്റിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്,…

*******

2 ഫെബ്രുവരി 2007,.. ഹേ അപ്പോഴിത് 12 വർഷങ്ങൾക്ക് മുൻപുള്ള കഥയാണോ?

സിബിയുടെ ക്ലാസ്സിലേക്ക് അടുക്കുംതോറും എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു,…

“മിലൻ സാറെ,… ” പുറകിൽ നിന്നൊരു വിളി,… നശിപ്പിച്ചു,.. ആരാണോ പുറകിൽ നിന്നും വിളിച്ചത്? പ്രകാശ്,.. അല്ലെങ്കിലും എന്ത് നല്ലകാര്യങ്ങൾക്ക് പോയാലും ഇവനുണ്ടാകും എല്ലാം നശിപ്പിക്കാൻ,..

“എന്താടോ? ”

“ഇന്നെന്റെ ബർത്ത്ഡേ ആണ് സാറെ !”

അയാൾ എനിക്ക് നേരെ ലഡുവിന്റെ ബോക്സ്‌ നീട്ടിപ്പിടിച്ചു,…

“എനിക്ക് വേണ്ട പ്രകാശ് സാറെ, ഞാനധികം മധുരം കഴിക്കാറില്ല,. !”

അയാളുടെ മുഖത്തൊരു മങ്ങൽ ഉണ്ടായി. സിബി കൊണ്ട് വന്ന കേക്ക് മുഴുവൻ കഴിക്കാമെന്ന് പറഞ്ഞ ഞാനാണ്,.. ഇന്ന് പ്രകാശിനോട് മധുരമിഷ്ടമല്ലെന്ന് പറയുന്നത്,.. എന്റെ നീരസം അയാളുമൊന്നറിയട്ടെ,…

“അതെന്താ? ”

“ഹേയ് ഒന്നുമില്ല,.. എന്തായാലും പിറന്നാൾ ആശംസകൾ !”

അയാളുടെ മറുപടിക്ക് കാക്കാതെ ഞാൻ മുന്നോട്ടേക്ക് നടന്നു,.. സിബിയുടെ ക്ലാസ്സ്‌ എത്താനായതും എന്റെ മുട്ടിടിച്ചു തുടങ്ങി,…

ഞാൻ രണ്ടും കല്പ്പിച്ചു ക്ലാസ്സിലേക്ക് നോക്കി,.. എന്റെ പ്രതീക്ഷകളെല്ലാം അവസാനിച്ചിരുന്നു അവിടെ വെച്ച്, സിബി സെറ്റ് സാരി ഉടുത്തിട്ടില്ല,…

എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി, ഞാനവിടെ നിന്ന നിൽപ്പ് നിന്നു,.. സിബിയും എന്നെ കണ്ടിരുന്നു.. ഒരുനിമിഷം എന്നെത്തന്നെ നോക്കി നിന്ന ശേഷം അവൾ പെട്ടന്ന് ബുക്കുകളിലേക്ക് തന്നെ മടങ്ങിപ്പോയി,..

പിന്നെ സിബി ആരോടൊക്കെയോ ദേഷ്യം തീർക്കുന്നത് പോലെയായിരുന്നു ക്ലാസ്സ്‌ എടുത്തിരുന്നത്,.. സ്കെയിൽ വെച്ച് ഡെസ്കിൽ അടിക്കുന്നു,.. കുട്ടികളോട് ദേഷ്യപ്പെടുന്നു,.. പിന്നെ ഒരു നിമിഷം പോലും എനിക്കവിടെ നിൽക്കാനായില്ല,..

ഒന്നും മിണ്ടാതെ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു,… ഞാൻ സിബിയോട് ദേഷ്യപ്പെട്ടിട്ട് ഇനി കാര്യമൊന്നുമില്ല,.. സത്യം അംഗീകരിക്കാൻ ഞാൻ തയ്യാറായേ പറ്റു,.. സിബിക്ക് എന്നോട് പ്രണയമില്ല,…

സ്റ്റാഫ്‌ റൂമിലേക്ക് കയറിയതും പലരുടെയും കണ്ണുകൾ എന്റെ നേർക്ക് നീണ്ടു വന്നു,.. ഒന്നും മിണ്ടാതെ ഞാൻ എന്റെ സീറ്റിൽ പോയിരുന്നു,…

ഇനി അധികം വൈകാതെ തന്നെ റെസിഗ്നേഷൻ കൊടുക്കണം എനിക്കിനി സിബിയെ ഫേസ് ചെയ്യാൻ വയ്യ,…

റെസിഗ്നേഷൻ ലെറ്റർ എഴുതാനുള്ള വൈറ്റ് പേപ്പർ എടുത്തപ്പോഴാണ് സേവ്യർ കടന്നു വരുന്നത്,…

“പോട്ടേ,.. സാറെ വിട്ടേക്ക്,.. സാരമില്ല !” അതും പറഞ്ഞയാൾ പുറത്തേക്കിറങ്ങി,.. എനിക്കൊന്നും മനസിലായില്ല,.. എന്ത് വിട്ടേക്കാൻ,…

“സാറെ,.. ”
ക്ലാസ്സിലെ ഒന്ന് രണ്ടു കുട്ടികൾ എന്നെ കൈ കാണിച്ചു വിളിച്ചു,.. എനിക്ക് ഇറങ്ങിചെല്ലാൻ തോന്നിയതേയില്ല,…

“സാർ !” അവർ വീണ്ടും വിളിച്ചു,.. എന്തെങ്കിലും കാര്യമില്ലാതെ അവരിങ്ങനെ വിളിക്കില്ല,.. ഞാൻ പുറത്തേക്കിറങ്ങിച്ചെന്നതും അവർ എന്റെ അരികിലേക്ക് വന്നു,..

“സാറെ,.. എല്ലാം ആ പ്രകാശ് സാർ ഒപ്പിച്ച പണിയാ,.. ”

അവരെന്താണ് പറയുന്നതെന്ന് മനസിലാവാതെ ഞാൻ അവരെ നോക്കി,…

“പ്രകാശ് സാർ സിബി മിസ്സിന്റെ വീട്ടിലേക്ക് ബസ് കയറിപ്പോകുന്നത് കണ്ടവരുണ്ട് !”

“സത്യാ സാറെ,.. മിസ്സ്‌ ഇന്ന് ശരിക്കും സെറ്റ് സാരി ഉടുക്കാനിരുന്നതാ,.. അയാളാ ഇടം കോലിട്ടത്,.. സാർ വേണേൽ ടീച്ചറുടെ ബ്ലൗസ് നോക്കി നോക്ക് !”

ആ തിരിച്ചറിവുകൾ എനിക്കൊരു ഞെട്ടലാണ് സംഭവിച്ചത്,.. ഞാനും സിബിയും മാത്രം വളരെ രഹസ്യമായി കൈമാറിയ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുന്നു,… അറിയാതെ പോയത് ഞാൻ മാത്രം,..

ഞാൻ ഒരിക്കൽ കൂടി സിബിയുടെ ക്ലാസ്സിലേക്ക് പാളി നോക്കി.. അതേ സിബി ഒരു കറുത്ത ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്,.. സെറ്റ് സാരിക്ക് മാച്ച് ചെയ്ത്,.. എന്നിട്ട് വേറെ സാരി മാറ്റിയുടുത്ത് വന്നിരിക്കുകയാണ്,…

. അപ്പോൾ പ്രകാശ് തന്നെയാണ് പണി പറ്റിച്ചത്,.. പക്ഷേ ഇതെല്ലാം എങ്ങനെ പ്രകാശ് അറിഞ്ഞുവെന്ന് ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ എന്റെ മുന്നിൽ നിന്നു,

ഞാൻ നേരെ ഓഫീസിലേക്ക് നടന്നു,.. രജിസ്റ്റർ എടുത്ത് പ്രകാശിന്റെ ഡേറ്റ് ഓഫ് ബർത്ത് നോക്കി,.. അയാളുടെ ബർത്ത്ഡേയ്ക്ക് ഇനിയും മാസങ്ങളുണ്ട്,.. അഡ്വാൻസ് ആയി നടത്തിയ ലഡുവിതരണം അപ്പോൾ എന്റെ തോൽവിയുടെ ആഘോഷമായിട്ടാണ്,..

ഞാൻ ഐ ടി സി മുഴുവൻ പ്രകാശിനെ തിരഞ്ഞു,.. അയാളുടെ പൊടിപോലുമുണ്ടായിരുന്നില്ല,… അധ്യാപകരുടെയും കുട്ടികളുടെയും അർത്ഥം വെച്ചുള്ള നോട്ടങ്ങളിൽ ഞാൻ ചൂളിപ്പോയി, ഞാൻ സ്റ്റാഫ്‌ റൂമിൽ തന്നെ പോയിരുന്നു,.. ബെല്ലടിച്ചിട്ടും ഞാൻ ക്ലാസ്സെടുക്കാൻ പോയില്ല,..

സംഭവമറിഞ്ഞാവണം ജേക്കബ് സാർ സ്റ്റാഫ്‌ റൂമിൽ വന്നു,…

“താനിന്ന് ക്ലാസ്സിൽ പോണില്ലേ? ”

ഞാനാകെ പുകഞ്ഞു കത്തുകയായിരുന്നു,..

“എനിക്ക് സൗകര്യമില്ല ക്ലാസ്സിൽ പോവാൻ !”

ആ പൊട്ടിത്തെറി എന്നിൽ നിന്നും അയാൾ പ്രതീക്ഷിച്ചു കാണില്ല,… ഒന്നും മിണ്ടാതെ അയാൾ മടങ്ങിപ്പോയി,..

അപ്പോൾ സിബിയുടെ ദേഷ്യത്തിന് കാരണം ഞാനാവും ഇത് പുറത്തു വിട്ടതെന്ന് കരുതിയാവണം,.. എങ്കിലും പ്രകാശിന് വേണ്ടിയവൾ എന്തിന് സ്വന്തം പ്രണയം മറച്ചു വെയ്ക്കണം?

ഞാൻ ഡ്രോയിൽ നിന്നും ബ്ലേഡ് എടുത്തു ഉള്ളം കയ്യിൽ അമർത്തി വെച്ചു,… ആ വേദനയിൽ എന്റെ മനസിന്റെ വേദന ഞാൻ ഇഴ ചേർത്തു,… ചോരത്തുള്ളികൾ പുസ്തകങ്ങളിലേക്ക് ഇറ്റു വീണു,.. എങ്കിലും ഒരു ഭ്രാന്തനെപ്പോലെ ഞാനാ വേദന ആസ്വദിച്ചു നിന്നു,…

(തുടരും )

Click Here to read full parts of the novel

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!