Skip to content

മിലൻ – Part 10

milan aksharathalukal novel

“എന്താടി? ”

“അല്ല നീയല്ലേ പറഞ്ഞത് മിലൻ സാറിന്റെ ലൈഫ് സ്റ്റോറി എഴുതില്ലാന്ന് എന്നിട്ടിപ്പോൾ എന്ത് പറ്റി? ”

“ഞാൻ പറഞ്ഞത് സാറിന്റെ പെർമിഷൻ ഇല്ലാതെ എഴുതില്ലന്നല്ലേ,. ”

“ആ ! ഇപ്പോഴോ? ”

“പെർമിഷൻ കിട്ടി,.. ”

“കൊള്ളാലോ,.. ഭീകരി നീ സാറിനെ വളച്ചു കുപ്പിയിലാക്കിയല്ലേ ? ”

“പോ ഐഷു അവിടെന്ന്,.. സാറ് തന്നെ വന്നു വീണതാ !”

“ഓ ഇനി അത് പറഞ്ഞാൽ മതീലോ പാവം സാറ് !”

“പാവമാണെന്നുറപ്പിക്കാൻ വരട്ടെ,.. സ്റ്റോറിയുടെ ഇന്റർവെൽ പോലുമായിട്ടില്ല,.. ഇനിയും നീണ്ടു കിടപ്പുണ്ട് ഫ്ലാഷ് ബാക്ക്, പിക്ചർ അഭി ബാക്കി ഹേ മേരി ജാൻ !”

“ഓ,.. അങ്ങനാണോ? ”

“യെസ് !”

“അല്ല അനു അന്റെ സാറ് മാരീഡ് ആണോ? ”

“ആവോ അറിയില്ല !”

“എങ്കിൽ ചോദിച്ചു നോക്ക് !”

“അയ്യടാ,. നിനക്ക് പണ്ടേ ഉള്ളതാ തോക്കിൽ കേറിയുള്ള വെടിപൊട്ടിക്കൽ,.. ഞാൻ ചോദിക്കൂല്ല,.. സസ്പെൻസ് പോവൂഡി !”

“ഓ അങ്ങനാണോ എങ്കിൽ വേണ്ട !”

“അതാണ് !”

“പക്ഷേ ഒരു കാര്യം അനു,… ”

“എന്താടി? ”

“അല്പം ഗ്യാപ് ഒക്കെയിട്ട് നിന്നോ,.. ”

“അതെന്തിനാ? ”

“ചിരിച്ചു കളിച്ചു നടന്നിട്ട് അവസാനം നീ കരയാൻ ഇടവരാതിരുന്നാൽ മതി,… ”

“ഞാൻ കരയാനോ? എന്തിന്? ”

“അല്ല സിറ്റുവേഷൻ അങ്ങനാണേ,.. നിന്റെയും സാറിന്റെയും ഏജ് ! പിന്നെ ഒരേ വീട്ടിൽ താമസിക്കുമ്പോൾ,. ”

“എന്താ നീ പറഞ്ഞു വരുന്നത്,. എനിക്ക് സാറിനോട് പ്രേമം തോന്നിയാലോ എന്നോ? ”

“എന്റെ അനു നീ ചൂടാവല്ലേ,. നിന്റെ ഒരു സാഹചര്യം വെച്ചു പറഞ്ഞതാ,.. ”

“എന്ത് സാഹചര്യം? ”

“അല്ലേ,.. നീയാണേൽ ഒരു ബ്രേക്കപ്പ് കഴിഞ്ഞ് ഡിപ്രെഷൻ അടിച്ചിരിക്കുന്നു,.. സാറാണേൽ ഒരു യുവസുന്ദരനും !”

“നിർത്ത് നിർത്ത്,… നിന്റെ ഇമ്മാതിരി പൊട്ടച്ചോദ്യങ്ങൾക്ക് ഉത്തരം തരാൻ എനിക്കൊട്ടും സമയമില്ല,. നീ വെറുതെ എന്റെ മൂഡ് കളയല്ലേ !

“അനു !”

“ബൈ ഐഷു !” അവൾ എന്തോ പറയാനായി തുടങ്ങിയതായിരുന്നു അതിന് മുൻപേ ഞാൻ കോൾ കട്ട്‌ ചെയ്തു,..

പിന്നേ ഇപ്പോൾ അവൾ പറയണപോലെയാണോ കാര്യങ്ങൾ,. എനിക്കെന്നെ നന്നായിട്ടറിയാം,.. സാറിനോട് എത്ര ക്ലോസ് ആയി പെരുമാറിയാലും എനിക്ക് സാറിനോട് പ്രേമമൊന്നും തോന്നാൻ പോണില്ല,…

എന്റെ നായിക സിബി മിസ്സ്‌ ആണ്,. നായകൻ മിലൻ സാറും,.. ഈ കഥയിലെ പ്രണയജോഡി അവരാണ്,.. സോ ഞാനിതിൽ ഒരു സപ്പോർട്ടിങ് കാസ്റ്റ് മാത്രം,….

എന്നാൽ പിന്നെ ഞാനെഴുതിത്തുടങ്ങട്ടെ,…

**********

“മോളേ,.. എണീക്ക് !”

രാവിലെ യാമിനി ചേച്ചി വന്നു തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…

“മോളിന്നലെ ഇവിടെയാണോ കിടന്നേ? ”

ഹേ,.. ഞാനെതെവിടെയാ കിടക്കണത്? ശ്ശേ, അല്ല ഇരിക്കണത്? ഞാൻ ചേച്ചിയെയും ഒരു മീറ്റർ അകലത്തിലുള്ള എന്റെ ബെഡിലേക്കും നോക്കി,.. ഓ ഇന്നലെ എഴുതിയെഴുതി കസേരയിൽ തന്നെയിരുന്ന് ഉറങ്ങിപ്പോയതാണ്‌ !…

“ചേച്ചി സാറെന്തിയെ? ”

“സാറ് രാവിലെയേ പോയല്ലോ മോളേ .. ”

രാവിലെയോ,.. അപ്പോൾ സമയമെത്രയായി,.. ഞാൻ ക്ലോക്കിലേക്ക് നോക്കി,.. വെരി ഗുഡ്,.. 10.30,.. സാറിന്നലെ പറഞ്ഞ എന്റെ പകലുറക്കത്തിന്റെ കാര്യം അക്ഷരംപ്രതി ശരിയായി,..

“ഇന്നലെ ഒത്തിരി താമസിച്ചാലേ കിടന്നത്? ”

“മ്മ്മ് !”

നിലത്ത് ഞാൻ ചുരുട്ടിയെറിഞ്ഞ കടലാസുകൾ ഓരോന്നായി പെറുക്കിയെടുത്തുകൊണ്ട് ചേച്ചി ചോദിച്ചു,….

“മോള് വീണ്ടും എഴുതാൻ തുടങ്ങിയോ ? ”

“മ്മ്മ് !” ഞാൻ തലയാട്ടി,…

ചേച്ചി ഒരു കടലാസെടുത്ത് നിവർത്തി നോക്കി,…

“ഇംഗ്ലീഷിൽ ആണല്ലോ !”

“ആ ചേച്ചി,… ”

“ഇതൊക്കെ ആവശ്യമുള്ളതാണോ? ഇങ്ങനെ എറിഞ്ഞിട്ടേക്കുന്നതെന്താ? … ”

“അതൊക്കെ വേസ്റ്റ് പേപ്പേഴ്സ് ആണ് ചേച്ചി,.. അവിടെയിട്ടേക്ക് ഞാൻ തന്നെ ക്ലീൻ ചെയ്‌തോളാം,.. ”

“അത് കുഴപ്പമില്ല മോളേ,. ഇവിടെനിക്ക് എന്തെങ്കിലുമൊക്കെ പണി വേണ്ടേ? ”

പലതും കുത്തിവരച്ചതായിരുന്നു,.. കുറച്ച് കാലത്തേക്ക് അക്ഷരങ്ങളോട് അകലം കാണിച്ചത് കൊണ്ടാവണം വാക്കുകളും എന്നോട് മൗനം പാലിച്ചു,.. ഒരു വൺ ലൈൻ പോലും രൂപപ്പെടുത്തിയെടുക്കാനാവാതെ ഞാൻ ഏറെ കഷ്ട്ടപ്പെട്ടു,.. ആ കഷ്ടപ്പാടിന്റെ പ്രതിരൂപവും പ്രതിഫലവുമാണ് നിലത്ത് ചിതറിക്കിടക്കുന്ന ഈ കടലാസ് കഷണങ്ങൾ,….

“ഞാൻ പണ്ട് ഈ മംഗളവും മനോരമയുമൊക്കെ വായിക്കുമായിരുന്നു,” അടിച്ചുവരുന്നതിനിടയിൽ ചേച്ചി പറഞ്ഞു,..

“ഞാനും വായിച്ചിട്ടുണ്ട് ചെറുപ്പത്തിൽ, അമ്മ കാണാതെ, പുസ്തകത്തിനിടയിൽ ഒളിപ്പിച്ച് വെച്ച്,.. ”

“എല്ലാവരും ഇങ്ങനൊക്കെത്തന്നെ ആയിരുന്നു അല്ലേ? ”

“പിന്നില്ലാതെ, എന്റെ എഴുത്തും അങ്ങനൊക്കെത്തന്നെയായിരുന്നു എല്ലാവരിൽ നിന്നും ഒളിച്ചു വെച്ച്,. കണ്ട് കഴിഞ്ഞാൽ പിന്നെ പറയണോ,.. അടിയായി, വഴക്കായി,… ഉപദേശമായി,. പിള്ളേര് ഇതൊന്നും വായിക്കരുത് ചീത്തയായി പോകുമത്രേ,.. ഇതൊക്കെയായിരുന്നു അമ്മയുടെ കണ്ടെത്തൽ !”

യാമിനി ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു,…

“ഇപ്പോൾ ചേച്ചി ഒന്നും വായിക്കാറില്ലേ? ”

“വായിക്കാനൊക്കെ എവിടെയാ മോളേ സമയം?,. തിരക്ക് പിടിച്ച ഓരോരോ പണികളല്ലേ,. ദാ ഇപ്പോൾ തന്നെ ഇവിടെ വന്നതിൽ പിന്നെയാ ഒന്ന് സ്വസ്ഥമായി ഇരിക്കുന്നത് പോലും !”

“ആ ഇനി ചേച്ചിക്ക് വായിക്കാൻ ടൈം ഉണ്ടല്ലോ !.. എന്റെ അടുത്ത് കുറച്ചു കളക്ഷൻസ് ഉണ്ട്,. പിന്നെ മിലൻസാറിന്റെ ലൈബ്രറിയിലും കാണും,.. ഇഷ്ടം പോലെ, നമുക്ക് ചോദിച്ചു നോക്കാം !”

“അയ്യോ സാറിനതൊന്നും ഇഷ്ടമാവില്ല,.. അന്ന് സീരിയൽ കണ്ടപ്പോഴും, മോളാ റൂമിൽ കേറിയപ്പോഴുമെല്ലാം എന്തായിരുന്നു !”

“അത് പഴയ മിലൻ സാറ്,.. ഇത് പുതിയ മിലൻ സാറ് !”

“അയ്യോ അതൊന്നും എനിക്കറിയില്ല,. എന്തായാലും എനിക്ക് സാറിനെ പേടിയാ !”

സാറൊരു കോഫിയിട്ടുകൊടുത്താൽ തീരാവുന്ന പേടിയേ ഉള്ളൂ യാമിനിചേച്ചിക്ക്,.. മിലൻ സ്പെഷ്യൽ,…. ആ വൈകുന്നേരം വരുമ്പോൾ പറയാം,…

ആ കോഫിയുടെ കാര്യം ഓർത്തപ്പോഴേക്കും ഉള്ളിൽ ഒരു എരിഞ്ഞുകേറലും തളർച്ചയുമൊക്കെ.. ഈശ്വരാ പത്തേമുക്കാലായി,.. ആ കുടല് കരിയുന്നുണ്ട്,… എനിക്ക് വിശക്കുന്നേ,…

” ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം,.. ചേച്ചി അപ്പോഴേക്കും ബ്രേക്ഫാസ്റ്റ് എടുത്ത് വെച്ചോട്ടോ നല്ല വിശപ്പ് !”

“എന്നാൽ വേഗം വാ !”

നല്ല സോഫ്റ്റ്‌ ദോശ ചൂട് ചമ്മന്തിയിൽ മുക്കി നാവിലേക്ക് വെച്ചപ്പോഴാണ് ജനാർദ്ദനൻ അങ്കിൾ വന്നത്,..

“ആഹാ നല്ല സമയത്താണല്ലോ എന്റെ ആഗമനം !”

“കേറി വാ അങ്കിളേ,. ദോശയും നല്ല ചൂട് ചമ്മന്തിയുമുണ്ട് !”

“ഞാൻ കഴിച്ചിട്ടാ മോളേ പോന്നത് .. ”

“എന്നാൽ പിന്നെ ഒരു ഗ്ലാസ്‌ ചായ എടുക്കട്ടെ ജനാർദ്ദനൻ ചേട്ടാ !”

“അതാണ് ചേച്ചി,.. എന്നാൽ പിന്നെ ആവാല്ലേ അങ്കിളേ? ”

“അതാവാം, മധുരമിടണ്ട ഷുഗറാ !”

“വല്ലപ്പോഴും ഇത്തിരി മധുരം കഴിച്ചെന്നു കരുതി ഷുഗറു കൂടാനൊന്നും പോണില്ലാട്ടോ !”

“എന്തിനാ മോളേ വെറുതെ !”

“അങ്കിളിന്റെ ഇഷ്ടം, എന്നിട്ട് എന്തൊക്കെയാ വിശേഷം,.. വീട്ടിൽ എല്ലാവരും എന്ത് പറയുന്നു? ”

“സുഖായി ഇരിക്കുന്നു മോളേ,.. ഞാൻ പിന്നെ വന്നതേ,.. ”

“എന്താ അങ്കിളേ? ”

“മോളൊരു വണ്ടി വേണന്നു പറഞ്ഞില്ലായിരുന്നോ? !”

“ആ, എന്നിട്ട് കിട്ടിയോ? !”

എപ്പോഴും ഓട്ടോ വിളിച്ചുള്ള പോക്ക് ബുദ്ധിമുട്ടായത് കൊണ്ടാണ്,.. അങ്കിളിനോട് ഒരു ടു വീലർ കിട്ടുമോ എന്നന്വേഷിച്ചത്,..

“ജഗന്ധന്റെ പഴയ സ്കൂട്ടർ വീട്ടിൽ ഇരിപ്പുണ്ടായിരുന്നേ,.. ഞാനത് പൊടിയൊക്കെ തട്ടി ഇങ്ങെടുത്തോണ്ട് പോന്നു,… ”

“ആ അത് മതി.. എനിക്ക് അത്യാവശ്യം പുറത്ത് പോവാനൊക്കെയല്ലേ? പിന്നെ വണ്ടി കണ്ടിഷനിൽ അല്ലേ? ”

“ആ ഞാൻ നോക്കിയിട്ട് കുഴപ്പമൊന്നുമില്ല, എങ്കിലും ഏതെങ്കിലും ഒരു വർക്ക്‌ ഷോപ്പിൽ ഒന്ന് കാണിച്ചേരെ,… ”

“ആ അത് നോക്കാം അങ്കിളേ,… ”

“ഞാൻ വന്നേനെ മോൾടെ കൂടെ,.. തോട്ടത്തിൽ പണിക്കാർ ഉള്ളത്കൊണ്ട് അനങ്ങാൻ പറ്റില്ല,.. ”

“അത് കുഴപ്പമില്ല അങ്കിളേ ഞാൻ പൊക്കോളാം !”

“മോൾക്ക് സ്ഥലമൊക്കെ അറിയാവോ? ”

“ചോയ്ച്ചു ചോയ്ച്ചു പോവാം !”

“മോള് വേണെങ്കിൽ ആ അപ്പുവിനെയും കൂട്ടിപ്പൊക്കോളുട്ടോ, അവനാകുമ്പോൾപിന്നെ സ്ഥലമൊക്കെ കറക്റ്റ് പറഞ്ഞു തരും,.. ”

“അപ്പുവോ? ”

“ആ അപ്പുറത്തെ വീട്ടിലെ ആ കൊച്ചില്ലേ? ”

“ഓ നമ്മുടെ ആൽഫ്രഡ് !”

“ആ അങ്ങനാണോ പേര് എന്നൊന്നും എനിക്കറിയില്ല,.. അവനെ വിളിച്ചാൽ മതി വന്നോളും !”

********

ആൽഫ്രഡ്‌ എന്നെയൊന്നു സൂക്ഷിച്ചു നോക്കി, പിന്നെ വണ്ടിയും,…

“എന്താ ഇങ്ങനെ നോക്കണേ? ”

“ചേച്ചിക്ക് ഈ പാട്ടവണ്ടിയെ കിട്ടിയോളു? ”

“പാട്ടവണ്ടിയോ ഒന്ന് പോയേ അവിടെന്ന്,.. പഴയ മോഡൽ ആണേലും നല്ല മൈലേജ് ആണ്,.. റോയൽ ലുക്കും !”

“ആ ജാംബവാന്റെ കാലത്തുള്ളതല്ലേ? മ്യൂസിയത്തിൽ വെക്കാം !”

“ഓഹോ,.. ഇപ്പോൾ അങ്ങനായോ,.. എങ്കിൽ നീ വരണ്ട ജാംബവാന്റെ വണ്ടിയിൽ,.. ഞാനൊറ്റക്ക് പൊക്കോളാം !”

അബദ്ധമായോ,.. ഇനി ഈ കുട്ടിസ്രാങ്ക് നീ പോടീ എന്നും പറഞ്ഞ് സ്ലോ മോഷനിൽ നടന്നു പോകുമോ?

“ഹേയ് തന്നെയൊന്നും പോണ്ട,.. ഞാൻ വരാം,.. പക്ഷേ,… ”

ഇവനും പക്ഷേയോ?

“ഞാനിന്ന് ഭയങ്കര ബിസിയാന്നെ !”

“നീയോ? ”

“അതെന്താ എനിക്ക് ബിസി ആയിക്കൂടെ? !”

“ആവാം ആവാം,… ” ചെക്കന് എവിടെയോ കളിക്കാൻ പോകാനുണ്ട്, അതാണിത്ര ബിസി,…

“ഞാൻ വരാന്നെ പക്ഷേ,… ” ദേ പിന്നെയും,.. ഇനിയെന്താണാവോ?

“പക്ഷേ?,… ”

“വെറുതെയൊന്നും വരൂല്ല,.. കാര്യമായിട്ടെന്തെങ്കിലും ചിലവ് ചെയ്യണം !”

“ഓ സമ്മതിച്ചു പൊന്നേ,.. നീയൊന്ന് വന്നാൽ മതി,.. ”

അങ്ങനെ ഒരു ചോക്ലേറ്റ് ഷേക്കിനും, ചിക്കൻ ബർഗറിനും അവൻ ഡീൽ ഉറപ്പിച്ചു,…

“ചേച്ചി പച്ചക്കറിയെന്തേലും വാങ്ങിക്കാനുണ്ടോ? ”

“വേണ്ട മോളേ,.. ജനാർദ്ദനൻ ചേട്ടൻ എന്തൊക്കെയോ കൊണ്ടുവന്നു വെച്ചിട്ടുണ്ട്,… ”

“എന്നാൽ പിന്നെ ഞാൻ പോയിട്ട് വരാട്ടോ !”

“ആ ശരി ,.. ”

********

“ഈ പെൺപിള്ളേരുടെ കൂടെ വണ്ടിയിൽ കേറിയാൽ ഇങ്ങനെയാ,.. തുഴഞ്ഞു തുഴഞ്ഞ് എപ്പോൾ എത്താനാണെന്റെ കർത്താവെ? ”

ഹേ,.. കുരുട്ട് കൊള്ളാലോ,.. വന്നു വന്നിപ്പോൾ എനിക്കിട്ട് ശരിക്കുമവൻ താങ്ങുന്നുണ്ട്,..

“മോനെ ഈ ഗട്ടറിൽ കൂടെ ഞാനെന്താ പറക്കണോ,.. ആദ്യം ഈ റോഡ് ഒന്ന് നന്നാക്കാൻ പറ നിങ്ങടെ വാർഡ് മെമ്പറോട്,.. എന്നിട്ടെന്റെ തുഴച്ചിലിനെ നീ കുറ്റം പറയ് !”

“അത് ഇപ്പോഴൊന്നും നോക്കണ്ട,.. ഇനി അടുത്ത ഇലെക്ഷൻ ആവണം !”

ഇലെക്ഷൻ,.. എന്താലേ, പിള്ളേരൊക്കെയങ്ങ് പുരോഗമിച്ചു,..

“ആഹാ ഇലെക്ഷൻ എന്താണെന്നു നിനക്കറിയാവോ? ”

“പിന്നേ, വെള്ളമുണ്ടും ഷർട്ടുമൊക്കെ ഇട്ട് ചിരിച്ചോണ്ട് കുറേ പേർ ഞങ്ങക്ക് വോട്ട് തരണം ഞങ്ങൾ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞു വരുന്നതല്ലേ ! പിന്നെ ഈ വഴിക്ക് കാണണമെങ്കിൽ ഇതേപോലെ അടുത്ത ഇലെക്ഷൻ വരണം ”

എന്തായാലും സമ്മതിക്കണം ഒരു എട്ടുവയസുകാരന്റെ വിവരം,..നല്ല കാര്യഗൗരവമുണ്ട്, സ്ഥാനാർത്ഥികളുടെ കള്ളത്തരങ്ങൾ വീട്ടുകാര് പറഞ്ഞു കേട്ടിട്ടാണെങ്കിലും പിള്ളേർക്ക് വരെ മനസിലായിത്തുടങ്ങിയിട്ടുണ്ട്,… ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഇനി ഇവനൊക്കെ വലുതായി വരുമ്പോൾ എന്തായിരിക്കും,…

“എടാ അതിനാണ് പറയുന്നത് നല്ല സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം എന്ന്,.. ഞങ്ങടെ കാലിക്കറ്റ്‌ ഒക്കെ കണ്ടില്ലേ,. എന്തൊക്കെ ഡെവലപ്പ്മെന്റാ? ”

“എന്നാൽ അവിടെത്തന്നെയങ്ങ് നിന്നാൽ പോരായിരുന്നോ,. എന്തിനാ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത് മനുഷ്യനെ മെനക്കെടുത്താൻ !”

ഓ ഞാൻ അറിഞ്ഞോണ്ട് ഈ സിംഹത്തിന്റെ മടയിൽ പോയി കേറരുതായിരുന്നു,.. എല്ലാം എന്റെ തെറ്റാണ്, വടി കൊടുത്തടി വാങ്ങിച്ചു,…

“എന്താ മിണ്ടാത്തെ? ”

“ഒന്നൂല്ലടാ, . ”

“ദേ പിന്നെ ഈ വഴിയൊക്കെയൊന്ന് നോക്കി വെച്ചേക്ക്,… തിരിച്ച് ഒറ്റയ്ക്ക് വരാനുള്ളതാ !”

“ഹേ,.. അപ്പോൾ നീയെവിടെ പോവാ? ”

“എനിക്ക് കളിയുണ്ട്,.. വോളിബോൾ ടൂർണമെന്റ് !’

“നീ കളിക്കുവോ? ”

“കളി കാണാൻ പോവാനാ,.. ചേട്ടന്മാരുടെ !”

“എങ്കിൽ ഞാനും വരട്ടെ? ”

“വായി നോക്കാനല്ലേ? വെറുതെ എന്റെ വില കളയരുത് !”

അവനെന്റെ വായടപ്പിച്ചു കളഞ്ഞു,.. എന്നാലും അവനെന്നെയൊരു വായിനോക്കി ആയി ചിത്രീകരിച്ചു കളഞ്ഞല്ലോ,…

“എന്താ? ”

“എന്നാലും നീയെന്നെ അങ്ങനെ വിളിച്ചില്ലേ വായിനോക്കി എന്ന് !”

“നന്നായിപ്പോയി,.. ആരേം വായിനോക്കാത്ത ഒരാള് വന്നേക്കുന്നു !”

“എന്റെ പൊന്നുമോനെ കഴിഞ്ഞ ജന്മം നിന്നോട് ഞാൻ കാര്യായിട്ട് എന്തോ ദ്രോഹം ചെയ്തിട്ടുണ്ടെന്നാ തോന്നണേ അല്ലേൽ ഈ ജന്മം നീയെന്നോട് ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യുവോ? ”

ആദ്യം വർക്ക് ഷോപ്പിൽ കൊണ്ടുപോയി വണ്ടി കൊടുത്തു,…

“ഒരു നാലു മണിക്ക് വാട്ടോ,.. അപ്പോഴേക്കും ശരിയാക്കി വെക്കാം,… ”

“ഓക്കേ താങ്ക് യൂ,… ”

നാലു മണിയാവാൻ ഇനിയും രണ്ടുരണ്ടര മണിക്കൂർ എടുക്കും,…

ഞങ്ങൾ ഒരു കൂൾബാറിലേക്ക് നടന്നു,. അവന് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു,.. ചിക്കൻ ബർഗറും ചോക്ലേറ്റ് ഷേക്ക്‌ എന്നും പറഞ്ഞിട്ട് അവനിപ്പോൾ വേണ്ടാത്തതായി ഒന്നുമില്ല,.. ഒരുവിധത്തിലാണ് അവനെയുംകൊണ്ട് ഞാൻ കടയിൽനിന്നിറങ്ങിയത്,…

ഇനിയും ഉണ്ട് സമയം, അത് കൊണ്ട് ഞാൻ ആൽഫ്രഡിനൊപ്പം മാച്ച് കാണാൻ പോയി,…

“ഡാ നാലു മണി,.. നീ വരുന്നില്ലല്ലോല്ലേ? ”

“ഇല്ല പൊക്കോ,.. ഞാൻ കിച്ചു ചേട്ടന്റെ കൂടെ വന്നോളാം,… ”

“അമ്മയോട് പറഞ്ഞിരുന്നോ? ”

“ഓ !”

“എന്നാൽ ഞാൻ പോകുവാണേ !”

അവൻ എന്നെ ശ്രദ്ധിക്കുന്നുകൂടെയില്ല,.. കളിയിൽ മുഴുകിയിരിക്കുന്നു,. വർക്ക്‌ ഷോപ്പിൽ പോയി വണ്ടിയും വാങ്ങിച്ച് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് മിലൻ സാറിനെ കണ്ടത്,..

ഞാൻ റോഡരികിൽ വണ്ടിയൊതുക്കി .

“സാർ !” ഞാൻ കൈ വീശിക്കാണിച്ചു,.. സാർ നടന്ന് എന്റെ അരികിൽ എത്തി,…

“അനുവായിരുന്നോ? ഇതേതാ വണ്ടി !”

“അതൊക്കെ ഒപ്പിച്ചു ! അല്ല സാറ് എന്നും നടന്നാണോ വരാറ് !”

“ഇവിടന്ന് കുറച്ചല്ലേയുള്ളൂ, നടക്കണതല്ലേ സുഖം, ഒരു മോർണിംഗ് വാക്കും, ഈവെനിംഗ് വാക്കുമൊക്കെയായില്ലേ? . ”

“എന്തായാലും ഇന്നത്തെ ഈവെനിംഗ് വാക്ക് ഒഴിവാക്കിക്കോ,.. വാ ഞാൻ ഡ്രോപ്പ് ചെയ്യാം !”

“കുറച്ചല്ലേയുള്ളൂ,. അനു പൊയ്ക്കോ ഞാൻ നടന്നോളാം !”

“ഹേയ് അതൊന്നും ശരിയാവൂല്ല,. എനിക്ക് വീട്ടിൽ ചെന്നിട്ട് ബാക്കി സ്റ്റോറി കേൾക്കാനുള്ളതാ,.. ”

“ഈ അനൂന്റെ ഒരു കാര്യം !”

“കേറന്നെ !”

സാറ് സ്കൂട്ടിക്ക് പുറകിൽ കയറി,…

“സാറ് ക്ലാസ്സിൽ പോയിട്ടിന്ന് ഉറക്കം തൂങ്ങിയോ? “,

“ചെറുതായിട്ട്,… ”

“ഞാനിന്നെണീറ്റപ്പോൾ പത്തരയായി !”

“ഞാനിന്നലെയെ പറഞ്ഞില്ലേ,.. എനിക്ക് തോന്നിയിരുന്നു,… ലേറ്റ് ആവുമെന്ന് !”

“അതാണ് !”

“എന്നിട്ട് എഴുതിത്തുടങ്ങിയോ? ”

“ചെറുതായിട്ട്, രാത്രിയിൽ ! പിന്നെ ഇന്ന് ഫുൾ ബിസി,.. വണ്ടിയുമായി ഒന്ന് വർക്ക് ഷോപ്പിലൊക്കെ പോയി !”

“എന്നിട്ട് പറഞ്ഞില്ലല്ലോ,.. വണ്ടി ആരുടേതാണെന്ന്? ”

“ജഗന്തനങ്കിളിന്റെ,.. അത്യാവശ്യം പുറത്ത് പോകാനൊക്കെ വേണ്ടി എടുത്തതാ !”

“എന്തായാലും കൊള്ളാം !”

“ചെറിയൊരു നൊസ്റ്റു അടിക്കുന്നുണ്ടോന്നൊരു ഡൗട്ട് ,. പണ്ട് ഇതേപോലത്തെ വണ്ടിയിലെങ്ങാനും സിബി മിസ്സിനെ പുറകിലിരുത്തി പോയിട്ടുണ്ടോ?

“ഹേയ് !”

പണി കഴിഞ്ഞ് കേറി വരുന്ന തോട്ടംതൊഴിലാളികൾക്കിടയിലൂടെ സാറുമായി സ്‌കൂട്ടറിൽ ചെന്നിറങ്ങിയപ്പോൾ പലരും അർത്ഥം വെച്ച് ഞങ്ങളെത്തന്നെ നോക്കുകയും പരസ്പരം അടക്കം പറയുകയും ചെയ്യുന്നുണ്ടായിരുന്നു,..

(തുടരും )

Click Here to read full parts of the novel

3.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!