ഞാനെന്റെ കൈകൾ ബലമായി ചുരുട്ടിപ്പിടിച്ചിരുന്നു,. പ്രകാശിനെ കൊല്ലാനുള്ള കലിയെനിക്ക് ഉണ്ടായിരുന്നെങ്കിലും ദേഷ്യമെല്ലാം അടക്കി ഞാനിരുന്നു,…
എന്തോ ഭാഗ്യത്തിന് എന്റെ ക്ലാസ്സിൽ നിന്നും പതിവ് ബഹളങ്ങൾ ഒന്നും തന്നെയുണ്ടായില്ല എല്ലാവരും നിശ്ശബ്ദരായിരുന്നു,..
ഇടയ്ക്കിടെ കുട്ടികൾ പലരും സ്റ്റാഫ് റൂമിലേക്കെത്തി നോക്കി ഞാൻ ഇവിടെത്തന്നെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയിരുന്നു,…
ഇന്റർവെൽ ആയിട്ടുപോലും സിബി സ്റ്റാഫ് റൂമിലേക്ക് വന്നില്ല,.. ആരും നേരിട്ടൊന്നും ചോദിച്ചില്ലെങ്കിലും അധ്യാപകർ പലരുടെയും സംസാരങ്ങളിൽ എന്നോടുള്ള പരിഹാസമുണ്ടായിരുന്നു,…
ഞാനാണ് നാണം കെട്ടത്,.. സിബിക്കെന്ത് നഷ്ടം,. വെറും വൺസൈഡ് ലവുമായി നടന്ന് സിബിയെ അപമാനിച്ചെന്ന പേരായി എനിക്ക്,.. ഈ നാണക്കേട് അതെനിക്ക് താങ്ങാൻ വയ്യ,…
ഉച്ചക്ക് ബാഗ് എടുക്കാനാണ് സിബി പിന്നെ സ്റ്റാഫ് റൂമിലേക്ക് വന്നത്,.. ലീവ് എടുത്തു പോകാനാണോ എന്നാദ്യം ഞാനൊന്ന് സംശയിച്ചു,..
കൂടെ വാല് പോലെ പ്രവീണ ടീച്ചറും മിനി ടീച്ചറുമുണ്ട് അവർ ലഞ്ച് ബോക്സ് എടുത്ത് പുറത്തിറങ്ങി സിബിയെ കാത്തു നിന്നു,… അപ്പോൾ പതിവുകൾ തെറ്റിച്ച് അവർക്കൊപ്പം ഫുഡ് കഴിക്കാൻ പോവാനാണ് ഉദ്ദേശം,…
ഞാനിത്രയും വേദനിക്കുമ്പോൾ തല്ക്കാലം സിബി മനസമാധാനത്തോടെ ഭക്ഷണം കഴിക്കണ്ട,.. സ്വാർത്ഥനായി മാറുകയായിരുന്നു ഞാനപ്പോൾ,..
ഞാൻ ഇടയിൽ കേറി തടസമായി നിന്നു,.. സിബിയടക്കം ആരുമത് പ്രതീക്ഷിച്ചിരുന്നില്ല,…
“സാറെ ഒരു പ്രശ്നമുണ്ടാക്കരുത് !” മിനി ടീച്ചർ അപേക്ഷയെന്നവണ്ണം പറഞ്ഞു,..
“തൽക്കാലം നിങ്ങള് പൊക്കോ,.. എനിക്ക് സിബിയോടൊന്ന് സംസാരിക്കണം !” ഞാൻ അൽപ്പം കനത്തിൽ തന്നെയാണ് പറഞ്ഞത്,..
സിബിയെ ഞാൻ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്നിട്ടാവണം അവർ അവിടെത്തന്നെ നിന്നു,.
“ഞാൻ സിബിയെ ഒന്നും ചെയ്യാനൊന്നും പോണില്ല, ഒന്ന് സംസാരിക്കണം അത്രമാത്രം !” അവർ ശ്വാസമടക്കി സിബിയെ നോക്കി,.. അവൾ അവരോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു,.. എന്നിട്ട് എനിക്ക് നേരെ തിരിഞ്ഞു,…
“സാറിനെന്താ പറയാനുള്ളത്? ”
“സിബി സെറ്റ്സാരി ഉടുത്തില്ലല്ലേ? ” അവൾ മറുപടി പറഞ്ഞില്ല,..
“ശരി, താൻ സെറ്റ് സാരി ഉടുത്തില്ലെങ്കിലും, എന്നെ പ്രേമിച്ചില്ലെങ്കിലും ഒന്നും എനിക്ക് യാതൊരു കുഴപ്പവുമില്ല, സിബിയോടുള്ള എന്റെ സ്നേഹം അത് സത്യസന്ധമായിരുന്നു, പക്ഷേ ഞാനിപ്പോൾ എല്ലാവരുടെയും മുൻപിൽ കോമാളിയായി,.. വെറും കോമാളി !”
“സാർ ഞാൻ അങ്ങനൊന്നും !” അവൾ ഒരു വിശദീകരണത്തിന് ശ്രമിച്ചു,.. എന്നാൽ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ,.. സിബിക്ക് നേരെ ഞാനെന്റെ കൈകൾ നീട്ടിപിടിച്ചു,…
സിബി ഞെട്ടലിൽ എന്നെ നോക്കി,… ചോരത്തുള്ളികൾ നിലത്തേക്ക് ഇറ്റ് വീണു,.. സിബി കരഞ്ഞുകൊണ്ട് കർചീഫ് എടുത്ത് എനിക്ക് നേരെ നീട്ടി,…
“ഈ സാർ ഇതെന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നേ? ”
ഞാനാ കർചീഫ് തട്ടി മാറ്റി,…
“കർചീഫ് ഒന്നും വേണ്ട,.. അങ്ങനെ തുടച്ചു നീക്കിയാൽ പോകുന്ന ഒന്നല്ല ഈ മുറിവ് !”
സിബി കരഞ്ഞതേയുള്ളു,…
“എനിക്കിനി സിബിയുടെ പ്രേമവും വേണ്ട ഒന്നും വേണ്ട,.. പക്ഷേ തോൽവി എന്നത് എനിക്ക് മരണതുല്യവാ,.. ഇന്നെന്നെ കളിയാക്കിയവരുടെ മുൻപിൽ ഒരിക്കലെങ്കിലും എനിക്കൊന്ന് ജയിക്കണം,.. ഒരു പക്ഷേ ഈ എന്നോട് തന്നെയെങ്കിലും ”
അവൾ മനസിലാവാതെ എന്നെ നോക്കി,.. “അതിന് സിബി നാളെ സെറ്റ് സാരിയുടുത്ത് വന്നേ മതിയാവൂ,…എന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞോളൂ എന്നെയിഷ്ടമല്ലെന്ന്, ഞാനിവിടന്ന് പൊക്കോളാം,. നിങ്ങൾക്കൊരു ശല്യമായി ഞാനിവിടെ തുടരില്ല ! ”
സിബി അമ്പരപ്പിൽ കേട്ട് നിന്നു,…
“നിങ്ങള് നാളെ സെറ്റ് സാരിയുടുത്തിട്ട് വന്നാൽ അതെന്നോടുള്ള പ്രേമമാണെന്നൊന്നും ആരും കരുതില്ല,.. ഇനി അങ്ങനെ അഥവാ ആരെങ്കിലും കരുതിയാലും അവരോടങ്ങ് പറഞ്ഞേക്ക് ഞാനെനിക്ക് ഇഷ്ടമുള്ള സാരിയുടുത്തു വരും അതിൽ നിങ്ങൾക്കെന്താ നഷ്ടമെന്ന് !”
സിബി കണ്ണുനീർ തുടച്ചു,…
“ഇനി സിബി ഉടുത്തിട്ട് വന്നില്ല എന്ന് വെയ്ക്ക്,.. ദാ എന്റെ കൈത്തണ്ടയിലൂടെ പോകുന്ന ഈ രണ്ട് വെയിൻ ഉണ്ടല്ലോ,.. അതിലൊന്ന് ഞാൻ കട്ട് ചെയ്യും, അതിലെ ബ്ലഡ് തനിക്കിങ്ങനെ കർചീഫ് ഉപയോഗിച്ച് തുടയ്ക്കാൻ കഴിഞ്ഞെന്ന് വരില്ല !”
“മ്മ്,.. എനിക്കിനി പോവാലോ അല്ലേ? ” ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു,.. ആ നോട്ടത്തിൽ ഞാനൊന്ന് പതറിപ്പോയി,..
സിബി പുഞ്ചിരിച്ചുകൊണ്ട് നടന്നകന്നു,..
ആ ചിരിയിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു സിബി നാളെ തീർച്ചയായും സെറ്റ് സാരിയുടുത്ത് വരുമെന്ന്,….
****—****
ഐ ടി സി യിൽ നിന്നും ഞാൻ നേരെ പോയത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു,…
“ഈ മുറിവിൽ ഒന്ന് മരുന്ന് വെച്ച് കെട്ടിത്തരണം സിസ്റ്റർ !” ഞാൻ പറഞ്ഞു,..
അവർ എന്നെയും എന്റെ മുറിവിലേക്കും മാറി മാറി നോക്കി,… ഇപ്പോഴും ചോരയൊലിക്കുന്നുണ്ട്,…
“എന്ത് പറ്റീതാ ഇത്? ” മുറിവ് ഡ്രസ്സ് ചെയ്യുമ്പോൾ അവർ ചോദിച്ചു,..
“അത് പിന്നെ,.. ഫാനിന്റെ ഇടയിൽ ഒന്ന് കൈ പോയതാണ് !” അവർക്കത് വിശ്വാസമായില്ലെന്ന് തോന്നി,…
“ഫാനിന്റെ ഇടയിൽ കൈ പോയാൽ ഇങ്ങനെയാണോ മുറിവുണ്ടാകുക? ” അവർ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു,…
“എന്റെ പൊന്നു സിസ്റ്ററെ,.. പറ്റുമെങ്കിൽ ഒന്ന് ഡ്രസ്സ് ചെയ്തു താ,… ഒരു പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളിൽ ഒന്നാണിത് !”
“എന്തായാലും മാരകം തന്നെ !” അവർ പുഞ്ചിരിയോടെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ച് തന്നു,…
ഇനി കാണേണ്ടത് അയാളെയാണ് ആ പ്രകാശിനെ,…. എന്നെപ്പേടിച്ചയാൾ ഓടിയൊളിച്ചിരിക്കുന്നു,.. അങ്ങനെ തന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട,..
പിന്നെ നേരെ പോയത്,… പ്രകാശും ഞാനും പണ്ടൊരുമിച്ച് താമസിച്ച ലോഡ്ജിലേക്കായിരുന്നു,..
*******
“ആഹാ ഇന്ന് കോളേജിൽ വല്ല സമരവും ആണോ? ”
ലോഡ്ജിലെ ഒരു പരിചയക്കാരൻ എന്നെക്കണ്ടതും ചോദിച്ചു,…
“അതെന്താ അങ്ങനെ ചോദിച്ചേ? ”
“അല്ല പ്രകാശ് സാറും പോയിട്ടില്ലല്ലോ,.. അത് കൊണ്ട് ചോദിച്ചതാ,..”
കോളേജിൽ പോയി ആഘോഷമെല്ലാം കഴിഞ്ഞു മടങ്ങി വന്നതാണവൻ എന്ന് പറയണമെന്നുമുണ്ടായിരുന്നു എനിക്ക്
“ഹേയ് സ്ട്രൈക്ക് ഒന്നുമില്ല !”
“സാറിന് സുഖം തന്നെയല്ലേ? !” അത്യാവശ്യകാര്യത്തിന് വരുമ്പോളാണ് അയാളുടെ ഒരു കുശലാന്വേഷണം,… എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും എല്ലാം ഞാൻ ഉള്ളിലൊതുക്കി,..
“ആ സുഖമാണ്,.. അല്ല പ്രകാശ് എന്തിയേ? ”
“പ്രകാശ് സാർ റൂമിലുണ്ടല്ലോ,.. വിളിക്കണോ? ”
“വേണ്ട ഞാൻ പോയി കണ്ടോളാം !”
പ്രകാശ് റൂമിന്റെ വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു,.. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ റൂമിലില്ലെന്ന് എനിക്ക് മനസിലായി,.. അടുത്ത റൂമിൽ നിന്നും പ്രകാശിന്റെ ഉച്ചത്തിലുള്ള ചിരിയും ഉറക്കെയുള്ള സംസാരങ്ങളുമെല്ലാം കേൾക്കാം,…
പ്രകാശ് ആഹ്ലാദത്താൽ അർമാദിക്കുകയാണ്,.. ചീട്ടുകളിയും മദ്യസേവയും,…
“ആ ഇതാരാ മിലൻ സാറോ? ” കൂടെയുണ്ടായിരുന്ന പ്രകാശിന്റെ സുഹൃത്തുക്കളിൽ ഒരാൾ ചോദിച്ചു,..
പ്രകാശ് അമ്പരപ്പിൽ എന്നെ നോക്കി,… അയാൾ ഇവിടെ നിന്ന് എങ്ങനെ മുങ്ങുമെന്ന് തന്നെയാവും ചിന്തിച്ചിട്ടുണ്ടാകുക,…
“സാർ എന്താ ഇവിടേക്കൊക്കെ? ”
“ഞാനീ പ്രകാശ് സാറിനെ ഒന്ന് കാണാൻ വന്നതാ,.. ഒരത്യാവശ്യ കാര്യമുണ്ടായിരുന്നു,…
“ആണോ,.. എന്നാൽ ചെല്ല് പ്രകാശ് സാറെ !”
എന്റെ ഇപ്പോഴത്തെ ശാന്തമായ പുഞ്ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഭീകരതയെ ഓർത്തയാൾ തീർച്ചയായും ഭയപ്പെട്ടിരിക്കണം,.. ഒരു വിറയലോടെ അയാൾ എഴുന്നേറ്റു,…
“നമുക്ക് ഇവിടെ വെച്ച് സംസാരിക്കണോ, അതോ റൂമിൽ ചെന്ന് സംസാരിക്കണോ? ”
എന്റെ ആ ചോദ്യത്തിൽ ദുരൂഹതകളെന്തെങ്കിലും പതിയിരിക്കുന്നുണ്ടോ എന്ന സംശയത്തിൽ കൂടെയുള്ളവർ എന്നെയൊന്ന് നോക്കി,…
” എക്സാം അല്ലേ വരുന്നത് അതിനെക്കുറിച്ചൊന്ന് സംസാരിക്കാനാണ് ! വാ സാറെ !”
എനിക്കരികിലേക്ക് നടക്കുമ്പോൾ അയാളെ അടിമുടി വിറയ്ക്കുകയായിരുന്നു.
പ്രകാശിനെ റൂമിലേക്ക് തള്ളി വാതിൽ അകത്ത് നിന്നും ഞാൻ കുറ്റിയിട്ടു,… അയാൾ ആകെ വിറളി പൂണ്ട് എന്നെ നോക്കി,..
“സാറെന്താ ഈ കാണിക്കണേ എനിക്ക് പുറത്ത് പോണം !” എന്നോടെതിരിട്ട് നിൽക്കാൻ തനിക്ക് കരുത്തില്ലെന്ന് അയാൾക്ക് വ്യക്തമായിരുന്നു അതുകൊണ്ടുതന്നെ വാതിലിന് നേരെ പായാൻ തുടങ്ങിയ അയാളെ ഞാൻ ബലമായി പിടിച്ചു നിർത്തി,..
“എന്താ സാറിന്റെ ഉദ്ദേശം? ”
ഒരുവിധം ധൈര്യം സംഭരിച്ച് അയാളെന്നോട് ചോദിച്ചു,..
“ഞാൻ സിബി ടീച്ചറെ പ്രേമിച്ചാൽ തനിക്കെന്താടോ കുഴപ്പം? ”
അയാളുടെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു,.. ഞാനവന്റെ കോളറിൽ ബലമായി കുത്തിപ്പിടിച്ചു !
“പറയാൻ,.. താനെന്തിനാ സിബിയുടെ വീട്ടിൽ പോയി അങ്ങനൊരു തെണ്ടിത്തരം കാണിച്ചത്? ”
“അത്,. അത് സിബി എനിക്ക് പെങ്ങളെപ്പോലെയാ,.. ” അയാളുടെ മറുപടി കേട്ട് എനിക്ക് ചിരി വന്നു,..
“പെങ്ങളെ സ്നേഹിക്കുന്ന ഏതൊരാങ്ങളയും പെങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടണമെന്നല്ലേ ആഗ്രഹിക്കൂ,.. എനിക്കെന്താടോ ഒരു കുറവ് ഞാൻ സിബിക്ക് ചേരില്ലേ? അതിനുള്ള ക്വാളിഫിക്കേഷൻ എല്ലാം എനിക്കില്ലേ? ”
“അത്, അതിന് സാറ് ഇസ്ലാം അല്ലേ? ”
“അതാണോ കുറവ്? ”
“കുറവായിട്ടല്ല,.. സിബിയുടെ വീട്ടിൽ സമ്മതിക്കില്ല !”
“ഓഹോ,.. ”
“അതാ ഞാൻ സാറിന് ആദ്യമേ വാണിംഗ് തന്നത്,.. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരിളക്കം സിബിയിൽ കണ്ടപ്പോൾ,.. സിബി വല്ലാതങ്ങ് മാറിപ്പോയപ്പോൾ അതെല്ലാം സാറിന്റെ വരവോടു കൂടെയായിരുന്നു,… ”
“അപ്പോൾ താനും പറയുന്നത് സിബിക്കെന്നെ ഇഷ്ടമാണെന്ന് തന്നെയാണ്,.. പിന്നെ താനെന്താടോ സിബിയെ സാരിയുടുക്കാൻ സമ്മതിക്കാഞ്ഞത്? ”
“അത് പിന്നെ സിബിയുടെ ഭാവിയെക്കരുതിയാ !”
“എന്തൊരു സ്നേഹം,.. എന്തായിരുന്നു സിബിയുടെ ഭാവിക്ക് വരാനിരുന്ന പ്രശ്നം? ”
. “അത് പിന്നെ,.. ഈ കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരുന്നു,.. നാട്ടുകാരെല്ലാം കാത്തിരിക്കുകയായിരുന്നു സിബി സെറ്റ് സാരിയുടുത്ത് പോകുന്നത് കാണാൻ,… അതുകൊണ്ടാ ഞാൻ !”
ഹോ, അപ്പോൾ ഇങ്ങനൊരു പ്രശ്നം കൂടെ ഉണ്ടായിരുന്നോ? അപ്പോൾ സിബി കരുതിക്കാണുക ഈ കാര്യങ്ങളെല്ലാം ലീക്ക് ആക്കിയത് ഞാനാണെന്നാവും,…
“ഇതെങ്ങനാ പുറത്തറിഞ്ഞതെന്നൊക്കെ എനിക്ക് നന്നായി അറിയാം,. പിന്നെ തനിക്കറിയാലോ എന്റെ വഴിയിൽ ഇടയ്ക്ക് കേറുന്നത് ആരാണെങ്കിലും എനിക്കത് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം തന്നെയാണ് .. അത് കൊണ്ട് തന്നെ ഇനി ഇടയ്ക്ക് കേറി പണിതാൽ ഒന്നും നോക്കില്ല, കൊന്നു കളയും ഞാൻ !”
അയാൾ എന്നെ ഭീതിയോടെ നോക്കി,…
“താൻ സിബിയിൽ കണ്ട ഇളക്കമില്ലേ? അത് എന്നോടുള്ള പ്രണയമാണെങ്കിൽ ആരെതിർത്താലും ഞാനവളെ കെട്ടുക തന്നെ ചെയ്യും,… ഹാ പിന്നൊരു കാര്യം കൂടി,.. നാളെ സിബി സെറ്റ് സാരിയുടുത്തിട്ട് വരും,… തനിക്ക് പോയി തടയാൻ പറ്റുമെങ്കിൽ തടഞ്ഞോടോ !”
ഞാൻ പ്രകാശിനെ കട്ടിലിലേക്ക് തള്ളി,.. ഡോർ തുറന്ന്,.. പ്രകാശിന്റെ കൂട്ടുകാർക്കൊരു ചിരിയും സമ്മാനിച്ചു സ്ലോ മോഷനിൽ നടന്നുപോന്നു,…
കാരണം എനിക്കുറപ്പായിരുന്നു സിബി നാളെ തീർച്ചയായും സെറ്റ് സാരി ഉടുക്കുമെന്ന് !
*****
ഇന്നെന്തോ എനിക്കൊട്ടും ടെൻഷൻ തോന്നിയില്ല ധൈര്യപൂർവം തന്നെ മുന്നോട്ടേക്ക് നടന്നു,… സിബിയുടെ ശബ്ദം കേട്ടപ്പോൾ മുട്ടിടിച്ചില്ല,… ക്ലാസ്സിന് മുൻപിലെത്തിയപ്പോൾ സിബിയെ ഞാനൊന്ന് പാളി നോക്കി,…
സെറ്റ് സാരിയിൽ സിബി വളരെയേറെ സുന്ദരിയായിരുന്നു,.. എന്നെക്കണ്ടതും സിബി ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് വീണ്ടും ക്ലാസ്സെടുക്കൽ തുടർന്നു,..
ഞാൻ തല ഉയർത്തിപ്പിടിച്ച് തന്നെ ഓഫീസിലേക്ക് നടന്നു,.. എന്നെ കളിയാക്കിചിരിച്ച പലർക്കും എന്റെ മുഖത്തേക്കൊന്ന് നോക്കാൻ പോലും ധൈര്യം ലഭിച്ചില്ല,…
ഞാൻ രെജിസ്റ്ററിൽ സൈൻ ചെയ്യാനായി നോക്കിയപ്പോൾ പതിവുകൾ തെറ്റിച്ച് സിബി സിബിയുടെ തന്നെ ഒപ്പിട്ടിട്ടുണ്ട്,.. അതെന്റെ ഉള്ളിലൊരു വിങ്ങലുണ്ടാക്കി,.
“സാറെ,.. ടീച്ചർ സാരിയുടുത്തൂല്ലേ? ” സേവ്യർ ചിരിച്ചുകൊണ്ട് ചോദിച്ചു,…
“മ്മ്,… ” എനിക്കെന്തോ തിരിച്ചു ചിരിക്കാൻ കഴിഞ്ഞില്ല,… ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു,…
പ്രകാശ് എന്റെ മുഖത്തേക്കൊന്ന് നോക്കുന്നു കൂടെയില്ല,.. അയാൾ തല താഴ്ത്തി ബുക്കിലും കണ്ണുംനട്ടിരിക്കുകയാണ്,…
അപ്പോഴാണ് പുറത്തൊരു വെടിക്കെട്ടിന്റെ ശബ്ദം കേട്ടത്,.. എന്റെ ക്ലാസ്സിലെ പിള്ളേരാണ്,.. അവരുടെ സാറ് ജയിച്ചതിന്റെ വിജയാഹ്ലാദം,.. ലഡുവൊന്നും കൊടുത്തില്ലെങ്കിലും ക്ലാസ്സായ ക്ലാസ്സുകൾ കേറിയവർ മിഠായികൾ വിതരണം ചെയ്തു,…
എന്നാൽ അതിന്റെ മധുരം അധിക നേരം നീണ്ടുനിന്നില്ല,.. വിജയാഘോഷങ്ങൾക്ക് ഞാൻ നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു,..
അന്നു മുതൽ സിബിയെന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങി,.. സ്റ്റാഫ് റൂമിൽ അധികം കേറാറില്ല,.. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ പുറത്തു പോകുന്നു,… ഞങ്ങൾ ഒരുമിച്ചുള്ള വെള്ളിയാഴ്ചത്തെ ഉച്ച കഴിഞ്ഞുള്ള ഫ്രീ അവറിൽ പോലും സിബി ലീവ് എടുത്ത് വീട്ടിൽ പോയി,.. എനിക്കൊന്ന് സംസാരിക്കാൻ പോലും അവൾ അവസരം തന്നില്ല,.. അതങ്ങനെ തുടർന്നുകൊണ്ടിരുന്നു,…
*****—-****
“എന്ത് പറ്റി എല്ലാവരും എന്താ ഗ്ലൂമി ആയിരിക്കുന്നത്? ” ക്ലാസ്സിലേക്ക് കേറിച്ചെന്നതും ഞാൻ ചോദിച്ചു,..
ആരും ഒന്നും മിണ്ടുന്നില്ല,.. പലരും താടയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്നു,..
“എക്സാം അല്ലേ സാർ വരുന്നത്!” ഉണ്ണികൃഷ്ണൻ ആണ് മറുപടി പറഞ്ഞത്,..
“അതിനാണോ ഇത്ര മൂഡ് ഔട്ട്? ”
“സാറിന് പറഞ്ഞാൽ മനസിലാവില്ല ഇത്തവണയും ഞങ്ങൾ പൊട്ടാൻ തന്നെയാ പോണത് !”
“അതെന്താ അങ്ങനെ പറയുന്നത്? ”
“എങ്ങനെ പഠിച്ചെടുക്കാനാണ് സാർ,.. ഇനിയിപ്പോൾ ഒരാഴ്ച്ച കൂടിയില്ല സപ്പ്ളി എക്സാമിന് !”
“അത് സാരമില്ല,.. ഞാൻ സ്പെഷ്യൽ ക്ലാസ്സ് എടുത്തു തരാം!”
“സ്പെഷ്യൽ ക്ലാസ്സ് കൊണ്ടൊന്നും ഒന്നും ആവുമെന്ന് തോന്നുന്നില്ല സാർ ! ”
“നമുക്ക് നോക്കാന്നെ, എന്നിട്ടും ജയിച്ചില്ലെങ്കിൽ,… ”
“ജയിച്ചില്ലെങ്കിൽ? ”
“നിങ്ങളെ എങ്ങനെയും ജയിപ്പിക്കാൻ ഞാൻ നോക്കും, എന്തേ? ”
അവർ എന്നെ അത്ഭുതത്തിൽ നോക്കിയിരുന്നു,..
***–***
സിബിയുടെ അവഗണന എന്നെ വല്ലാതെ തളർത്തിയെങ്കിലും, കുട്ടികളോടൊത്തിരിക്കുമ്പോൾ അതൊക്കെ മറക്കാൻ ഞാൻ ശ്രമിച്ചിരുന്നു,… കാരണം എന്റെ ലക്ഷ്യം അവരുടെ വിജയമായിരുന്നു,..
അങ്ങനെ എക്സാം ദിവസമെത്തി,.. സെന്റ് തെരേസ ഐ ടി സി പ്രൈവറ്റ് സെക്ടർ ആയതുകൊണ്ട്, ഒരു ഗവണ്മെന്റ് കോളേജിൽ വെച്ചായിരിക്കും എക്സാം,… ഇൻവിജിലേറ്ററും പുറത്ത് നിന്നുള്ള ഒരാൾ,..
എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് തൊട്ടടുത്തുള്ള ഗവണ്മെന്റ് കോളേജിൽ വെച്ചായിരുന്നു എക്സാം, അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു,..
കാരണം ഒരാഴ്ച്ച കൊണ്ടൊന്നും ടോപിക്സ് എവിടെയും എത്തിയിരുന്നില്ല,.. അവസാനമാർഗം എങ്ങനെയും ചോദ്യപേപ്പർ കടത്തുക എന്നുള്ളതായിരുന്നു,.
എന്നാൽ മോഷണത്തോട് ഒട്ടും താല്പര്യമില്ലായിരുന്നത് (എനിക്ക് )കൊണ്ട് തന്നെ ഞങ്ങൾ വേറെ വിദ്യ തേടി,..
അതിന് ഞങ്ങളെ സഹായിച്ചത് ഇൻവിജിലെറ്റേഴ്സ്ന് ചായ കൊടുക്കാൻ വരുന്ന പിള്ള ചേട്ടനായിരുന്നു,…
നിർദേശങ്ങളനുസരിച്ച് ചുരുട്ടിയെറിഞ്ഞ ചോദ്യപേപ്പറുമായി വരുന്ന അയാളെയും കാത്ത് ഞാൻ പ്രെസ്സിലിരുന്നു,…
പറഞ്ഞപോലെ അയാൾ എത്തി,.. തിരക്കിട്ടു ഞാൻ ഉത്തരങ്ങൾ എഴുതി പ്രിന്റ് എടുത്ത് അയാളുടെ കൈവശം തന്നെ കൊടുത്തുവിട്ടു,..
ഇൻവിജിലേറ്ററുടെ അബദ്ധങ്ങൾ മുതലെടുത്ത അയാൾ വിദഗ്ധമായി കുട്ടികളുടെ കൈകളിൽ ഉത്തരങ്ങൾ എത്തിച്ചു,..
ഒരധ്യാപകനായ ഞാനെന്തിന് കുട്ടികളുടെ കോപ്പിയടിയെ സപ്പോർട്ട് ചെയ്തു എന്ന് ചോദിച്ചാൽ, ഉത്തരം വളരെ സിമ്പിൾ ആയിരുന്നു,.. ഇതവരുടെ ഭാവിയുടെ പ്രശ്നമാണ്,.. ഇവിടേക്ക് കയറിവന്നപ്പോൾ വളരെ ബ്രില്യന്റ് ആയിരുന്ന കുട്ടികളെ പോലും വഴി തെറ്റിച്ച് ഇങ്ങനൊക്കെയാക്കിയ സ്ഥിതിക്ക് ഒരധ്യാപകനെന്ന നിലയിൽ അവരോട് ഞാൻ പ്രായശ്ചിത്തം ചെയ്തു അത്ര മാത്രം , അതിലെനിക്ക് വല്ല്യ കുറ്റബോധമൊന്നും തോന്നില്ല,..
മറ്റുള്ളവരുടെ പാപങ്ങളെ ഏറ്റെടുത്തു യേശുക്രിസ്തു കുരിശിലേറിയ പോലൊരു പ്രവർത്തി അത്രമാത്രം,.. കുട്ടികൾ വഴി തെറ്റിപ്പോകുന്നതിന്റെയും പഠിക്കാതിരിക്കുന്നതിന്റെയും വലിയൊരു ശതമാനം പിഴവ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും പകൽ പോലെ വെളിച്ചമേറിയ ഒരു സത്യം തന്നെയാണ്,.. പലരും അത് കണ്ണടച്ച് ഇരുട്ടാക്കുന്നെന്ന് മാത്രം,..
********
സിബി എന്നോട് മിണ്ടാതായിട്ട് രണ്ടാഴ്ച്ചകൾ കഴിഞ്ഞിരുന്നു,… ഇനിയും എന്നെക്കൊണ്ടത് താങ്ങാൻ കഴിയുമായിരുന്നില്ല,… ഒരു ദിവസം ഞാനവളെ പിടിച്ചു നിർത്തി,..
“എനിക്ക് തന്നോട് സംസാരിക്കണം !”
“സാറ് വഴി മാറ്, എനിക്ക് പോണം !”
“താനെന്തിനാ സിബി എന്നെയിങ്ങനെ അവോയ്ഡ് ചെയ്യുന്നത്? ഞാൻ തനിക്കൊരു ബുദ്ധിമുട്ടാണോ? ആണെങ്കിൽ പറയണം,.. തന്റെ അവഗണനയും സഹിച്ച് എനിക്കിവിടെ തുടരാനാകില്ല !”
“കഴിഞ്ഞോ? ”
“സിബി,… ”
“പറഞ്ഞു കഴിഞ്ഞോന്ന്? ” അവളുടെ മുഖം ചുവന്നിരുന്നു,…
“സാറിന് ജയിച്ചാൽ മതിയാരുന്നല്ലോ,.. ഇപ്പോൾ ജയിച്ചില്ലേ? ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ? ” സിബിയിൽ നിന്നും അത്തരത്തിലൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല,…
“എല്ലാവരും സ്വന്തം ജയവും സന്തോഷവും നോക്കുമ്പോൾ അതിൽ ഉരുകിതീരുന്ന പല ജീവിതങ്ങളും ഉണ്ടാകും,.. അതൊന്ന് ഓർത്താൽ മാത്രം മതി !” അതും പറഞ്ഞവൾ നടന്നകന്നു,…
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി,.. സ്നേഹത്തിന് ഞാൻ വിജയത്തിന്റെ വിലയിട്ടപ്പോൾ സിബി എനിക്ക് മുൻപിൽ തോറ്റു തന്നു,… ശ്ശേ,.. ഞാനിത്രമാത്രം നീചനായിപ്പോയല്ലോ,… പവിത്രമായ ഒരു സ്നേഹത്തെ ഞാനെത്ര ക്രൂരമായാണ് ചവിട്ടിയരച്ചത് !
വേണ്ട സിബിക്കിനിയൊരു ശല്യമാവാൻ എന്നെക്കൊണ്ടാവില്ല,..
“സാർ,…. ” പിന്നിൽ നിന്നും ആരോ വിളിച്ചു,…. ഞാൻ തിരിഞ്ഞു നോക്കി,.. ഉണ്ണികൃഷ്ണനും എന്റെ ക്ലാസ്സിലെ കുറച്ചു കുട്ടികളും,…
“എന്താ? ”
“ഞങ്ങള് സാറിനോടൊരു കാര്യം പറയാൻ വന്നതാ !”
“എന്താ ഉണ്ണികൃഷ്‌ണാ? ”
“സാറൊന്ന് സൂക്ഷിക്കണം !” എനിക്കത് വളെരെയേറെ വിചിത്രമായി തോന്നി,..
“സാറിനെതിരെ ഇവിടെ പല നീക്കങ്ങളും നടക്കുന്നുണ്ട്,.. അപകടപ്പെടുത്താൻ പോലും മടിക്കില്ല,… ”
“ഞാൻ ശ്രദ്ധിച്ചോളാം !” അവർക്കൊരു ആശ്വാസമായിക്കോട്ടെ,… അത്കൊണ്ട് പറഞ്ഞതാണ്,..
ആ രാത്രി എനിക്കുറക്കമേ വന്നില്ല,.. സിബിയുടെ ഓർമ്മകൾ എന്റെ മനസ്സിനെ കൊത്തിവലിച്ചു,. തെറ്റായിപ്പോയി,… വലിയ തെറ്റ്,… അവളെ മനസിലാക്കാതെ പോയത് തെറ്റ്,.. വാശിക്ക് സ്നേഹത്തേക്കാൾ വില കൊടുത്തത് തെറ്റ്,. എല്ലാം തെറ്റായിരുന്നു,…
********
പിറ്റേന്ന് നേരത്തെയെനിക്ക് ഐ ടി സിയിൽ എത്തേണ്ടിയിരുന്നു,.. രാവിലെതന്നെ നല്ല മഴയുണ്ടായിരുന്നു,.. ആകാശവും പ്രകൃതിയുമെല്ലാം ഇരുട്ട് മൂടി കിടന്നിരുന്നു,…
വഴിയരികിലൂടെ പതിയെ നടന്ന് ഞാൻ കോളേജിലേക്ക് പ്രവേശിച്ചു,.. ബംബ്ലൂസ് മരത്തിനു ചുവട്ടിലെത്തിയതും ആരോ എന്നെ പുറകിൽ നിന്നും ആഞ്ഞു ചവിട്ടി,…
അതിന്റെ ആഘാതത്തിൽ ബാലൻസ് തെറ്റിയ ഞാൻ ചെളിവെള്ളത്തിലേക്ക് കമിഴ്ന്നടിച്ചു വീണു,..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission