സൂര്യമംഗലത്തെ പടിപ്പുരയിൽ എത്തിയതും അന്ന മനസ്സിൽ കരുതി. ചുമ്മാതല്ല ഈ വീടിനോട് ഇത്രയും അട്ട്രാക്ഷൻ തോന്നിയത്. ഭാവി കെട്ട്യോന്റെ വീടല്ലേ. മുൻപെപ്പോഴോ ത്രേസ്യാകൊച്ചിനോട് ഇവിടെ ഒന്ന് കയറി നോക്കാം എന്ന് ചോദിച്ചതിന് എന്നെ പൊരിച്ചെടുത്തില്ലെന്നേയുള്ളൂ. അന്ന ചിരിയോടെ ഓർത്തു.
കാവും കുളവും വലിയ മുറ്റവും പറമ്പിൽ നിറയെ മരങ്ങളുമൊക്കെയായുള്ള, ഇത്രയും വലിയൊരു തറവാട് വീട് അന്ന ആദ്യമായി കാണുകയായിരുന്നു.
ഇനി മ്മടെ ചെക്കൻ വല്ല ആറാം തമ്പുരാനും ആണോ എന്റീശോയേ. ഹേയ് അങ്ങനെ വരാൻ വഴിയില്ല. കണ്ടാൽ ഒരു തമ്പുരാൻ ലുക്ക് ഒക്കെയുണ്ടെങ്കിലും സ്വഭാവം തനി കൂതറയാണ്.
“ഹെലോ ഏട്ടത്തിയമ്മേ, വലത് കാൽ വെച്ച് തന്നെ കയറിക്കോ, ഞാൻ ആരതി എടുക്കണോ ”
“ഓഹ് എന്നാത്തിനാ, അതൊക്കെ അതിന്റെ സമയത്ത് എടുത്താൽ മതി കൊച്ചേ , ഇപ്പോൾ ഏട്ടത്തി ഇവിടെയൊക്കെ ഒന്ന് കാണട്ടെ, എത്ര നാളത്തെ ആഗ്രഹം ആണെന്നറിയോ ”
“എന്ത്? ”
“എടി പെങ്കൊച്ചേ നിന്റെ ചേട്ടായി എന്റെ മനസ്സിലോട്ട് ഇടിച്ചു കയറി വരുന്നതിന് മുൻപേ തന്നെ ഞാൻ ഈ വീട് നോട്ടമിട്ടതാണ് ”
“എന്തൊക്കെയാ ഈ പറയുന്നേ? ”
“ഒന്നുമില്ലെടി , അപ്പച്ചന്റെ തറവാട്ടിൽ വരുമ്പോഴൊക്കെ ഇങ്ങോട്ടൊന്നു വരാൻ ഞാൻ ആഗ്രഹിക്കുമായിരുന്നു. എനിക്കിതുപോലുള്ള വീട് ഒത്തിരി ഇഷ്ടമാ ”
“ആഹാ അപ്പം എന്റെ ഏട്ടന് പറ്റിയ കമ്പനിയാണ് ”
“എന്നതാ പറഞ്ഞെ? ”
“ബാംഗ്ലൂർ ഒക്കെയാണ് പഠിച്ചതും വളർന്നതുമൊക്കെയെങ്കിലും ഏട്ടന് ഇവിടത്തെ പച്ചപ്പും ഹരിതാഭയും ഊഷ്മളയും ഒക്കെയാണിഷ്ടം. ഇങ്ങോട്ട് വരാൻ പകുതി മനസ്സോടെ ഇരുന്ന അച്ഛനെ സമ്മതിപ്പിച്ചത് ഏട്ടൻ ഒറ്റയൊരാളാണ് ”
അപ്പോഴാണ് അന്നയ്ക്ക് അതു ഓർമ്മ വന്നത്.
“അതേയ് നിന്റെ ചേട്ടൻ എന്റടുത്തു കുറച്ചു ഡയലോഗ് ഒക്കെ അടിച്ചു വിട്ടായിരുന്നു. അങ്ങേരുടെ സങ്കല്പത്തിലെ പെണ്ണ് എന്നെപോലെയൊന്നുമല്ലന്നൊക്കെ. നേരാണൊടി കൊച്ചേ അങ്ങേര്ക്ക് അങ്ങനെയൊരു സങ്കല്പം ഒക്കെയുണ്ടോ ”
ആദി ചിരിയോടെ പറഞ്ഞു.
“അത് ചുമ്മാ പറഞ്ഞതാവുമെന്നെ. ഏട്ടന് അത്യാവശ്യം ബോൾഡ് ആയിട്ടുള്ള കുട്ടികളോടാണ് ഇഷ്ടം എന്നാണെനിക്കു തോന്നിയിട്ടുള്ളത് ”
“ങേ അങ്ങേര് അപ്പോൾ ആരെയാ ഇഷ്ടപ്പെട്ടത് അവിടെ? ”
“എന്റെ പൊന്നു നാത്തൂനേ ഏട്ടൻ പറയുന്നത് കേട്ട് എനിക്ക് തോന്നിയതാണ്. ബാംഗ്ലൂരിൽ ഏട്ടന്റെ ഫ്രണ്ട്സ് ഒക്കെ അടിപൊളി ആയിരുന്നെങ്കിലും ഏട്ടന് അധികം ഗേൾ ഫ്രണ്ട്‌സ് ഒന്നുമില്ലായിരുന്നു. അല്ലെങ്കിലും ആ കലിപ്പ് സ്വഭാവം വെച്ച് ഏതെങ്കിലും പെണ്ണ് അങ്ങേരെ പ്രേമിക്കുമോ? ”
അന്നയുടെ നോട്ടം കണ്ടു ആദി നാവു കടിച്ചു.
“ഇപ്പോഴേ നാത്തൂൻ പോര് എടുക്കരുത് പ്ലീസ് നിങ്ങൾ മെയിഡ് ഫോർ ഈച്ച് അദർ
ആണ് ”
കൈ കൂപ്പിയുള്ള ആദിയുടെ നിൽപ്പ് കണ്ടു അന്ന ചിരിച്ചു കൊണ്ടു പറഞ്ഞു.
“നീ നോക്കിക്കോടി നാത്തൂനേ അങ്ങേരെ ഞാനിതാ എന്റെ ഉള്ളം കൈയിൽ നിർത്തി ഡാൻസ് കളിപ്പിക്കും ”
“ഡാൻസ് കളിപ്പിക്കുന്നത് ഒക്കെ കൊള്ളാം ഏട്ടത്തിയുടെ കൈയും കാലുമൊക്കെ ബാക്കിയുണ്ടായാൽ മതിയായിരുന്നു ”
“അതേയ് ഞാനൊന്നു അകത്തോട്ടു കയറിക്കോട്ടേ കൊച്ചേ ”
“കയറിക്കോ, കയറിക്കോ, വലതുകാൽ വെച്ചു കയറിക്കോ ”
ചിരിയോടെ വലതു കാൽ വെച്ച് തന്നെയാണ് അന്ന അകത്തേക്ക് കയറിയത്. ആദ്യമായി വരികയാണെങ്കിലും എന്തോ ഒരടുപ്പം അന്നയ്ക്ക് ആ വീടിനോട് തോന്നിയിരുന്നു. രുദ്രന് ഈ വീടിനോടുള്ള അറ്റാച്ച്മെന്റ് അറിഞ്ഞത് കൊണ്ടാവാം. അന്ന ഓർത്തു.
എല്ലായിടത്തും കയറിയിറങ്ങവേ മുകളിലെ ഹാളിൽ നടുവിലായി വലിയൊരു ഫാമിലി ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് അന്ന കണ്ടു. അന്ന അതിനടുത്ത് എത്തി.
“മുത്തച്ഛനും മുത്തശ്ശിയും മക്കളും ”
അന്ന സംശയത്തോടെ നോക്കുന്നത് കണ്ടു ആദി പറഞ്ഞു.
“നടുവിലായി ഇരിക്കുന്നത് മുത്തച്ഛനും മുത്തശ്ശിയും. ആ സൈഡിൽ നിൽക്കുന്നത് അച്ഛന്റെ ഏട്ടൻ ചാരുദത്തൻ, കുടുംബത്തോടൊപ്പം ഡൽഹിയിൽ.അതിനപ്പുറത്ത് നിൽക്കുന്നത് അച്ഛന്റെ ചേച്ചി ഗൗരി ലക്ഷ്മി,ഭർത്താവും മക്കളുമൊത്ത് മുബൈയിൽ താമസിക്കുന്നു. ഇത് എന്റെ സീതമ്മ, സീതാ ലക്ഷ്മി, അച്ഛന്റെ തൊട്ട് ഇളയ ആൾ. എന്റെ അച്ഛന്റെ അടുത്ത് നിൽക്കുന്നത് ഏറ്റവും ഇളയയാൾ, ശിവദത്തൻ. ചെറിയച്ഛന്റെ അടുത്തുള്ളത് ആര്യ ലക്ഷ്മി. ഇരട്ടകളാണ് അവർ.രണ്ടു പേരും ഞാൻ ജനിക്കുന്നതിനും മുൻപേ മരിച്ചു പോയി. ഞാൻ കണ്ടിട്ടില്ല.”
ആദി പറഞ്ഞു നിർത്തിയിട്ടും അന്ന പിന്നെയും ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു. ജീവിതത്തിൽ ആദ്യമായി കാണുകയാണ് ഇവരെയെല്ലാം. പക്ഷേ…
ആദി വിളിച്ചപ്പോളാണ് അന്ന തിരിഞ്ഞു നോക്കിയത്.
“അതേയ് പ്രാണനാഥന്റെ പള്ളിയറ കാണണ്ടേ ”
“പിന്നേ..ഒന്നുമില്ലേലും എന്റെ മണിയറയല്ലേ കൊച്ചേ അത് ”
“എന്നാൽ വാ, പക്ഷേ പുറത്ത് നിന്ന് ഒന്ന് എത്തി നോക്കുന്നതായിരിക്കും നാത്തൂന്റെ ആരോഗ്യത്തിനു നല്ലതെന്നാണ് എന്റെ ഒരു ഇത്. അങ്ങേരുടെ മുറിയിൽ കയറി ഓരോന്നൊക്കെ എടുക്കുന്നതൊന്നും ഏട്ടന് ഇഷ്ടമല്ല. വൃത്തിപ്രാന്തനാണ് ”
“ഇവിടെ വരെ വന്നിട്ട് ആ മുറിയിൽ കയറാതെ പോവാനോ. ഇന്ന് തന്നെ ഇവിടെ പൊറുതി തുടങ്ങിയാലോന്നാ, പിന്നെ ആ കാലമാടൻ എന്റെ എല്ലൂരും എന്ന് ഉറപ്പുള്ളത് കൊണ്ടാ ”
“അനുസരണാശീലം തീരെ ഇല്ല എന്നറിയാവുന്നത് കൊണ്ടും ഏട്ടൻ തത്കാലം ഇവിടെ ഇല്ലാത്തതുകൊണ്ടും ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. സ്വപ്നം കണ്ടു അവിടെ അങ്ങ് നിൽക്കേണ്ട, ഏട്ടൻ എങ്ങാനും വന്നാൽ കൂടുതൽ ഉള്ള ആ എല്ലു അങ്ങേര് ഇങ്ങൂരിയെടുക്കും ”
“എടി…. ”
അന്ന അവളുടെ നേരെ ചെന്നപ്പോൾ ആദി ചിരിച്ചു കൊണ്ടു താഴേക്ക് ഓടിയിറങ്ങി
“ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം. കുറെ സമയം നിൽക്കണ്ട കേട്ടോ. പിന്നേയ് അവിടെ ഉള്ള എന്തേലും സാധനം ഒന്ന് മാറിയാൽ അങ്ങേർക്ക് കലിയിളകും, എനിക്ക് അനുഭവമുള്ളതാ ”
ആദി പോയത് കണ്ടു ചിരിയോടെ അന്ന രുദ്രന്റെ മുറിയിലേക്ക് കയറി.
“കർത്താവെ ആ രുദ്രദേവൻ ഒന്ന് മനസു വെച്ചിരുന്നെങ്കിൽ ഒരു മിന്നും കെട്ടി പാലുമായി എനിക്കിങ്ങോട്ട് കയറി വരാമായിരുന്നു. പക്ഷേ ആ മൊതലിനെ എങ്ങനെ വളയ്ക്കുമെന്നാ ”
സ്വയം പറഞ്ഞുകൊണ്ടു അന്ന ചുറ്റും നോക്കി.
നല്ല വൃത്തിയും വെടിപ്പുമുള്ള മുറി. ഇക്കണക്കിന് എന്റെ മുറിയെങ്ങാനും അങ്ങേര് കണ്ടാൽ ഹാർട്ട് അറ്റാക്ക് വരും. വലിച്ചു വാരിയിട്ട സാധനങ്ങൾ കണ്ടിട്ട് ത്രേസ്യാകൊച്ചിനോട് വഴക്ക് കിട്ടാത്ത ദിവസമില്ല.
ഒരു സൈഡിലെ ഷെൽഫ് നിറയെ ബുക്സ് കണ്ടു അന്ന ഒന്ന് ഞെട്ടി. ന്യൂസ് പേപ്പർ പോലും നാലു വരി തികച്ചു വായിക്കാൻ മടിയുള്ള ഞാനാ.ആഹ് അങ്ങേരിതൊന്നും അറിയാൻ പോണില്ലല്ലോ.അതാണ് ഒരു സമാധാനം.
അപ്പോഴാണ് അന്ന റൂമിൽ നിന്ന് പുറത്തേക്കൊരു വാതിൽ കണ്ടത്. അവൾ അങ്ങോട്ട് ചെന്നു നോക്കി. ബാൽക്കണിയിലേക്കുള്ള വാതിൽ ആയിരുന്നു അത്. ചട്ടിയിൽ നിറയെ ചെടികളും തൂണിലൂടെ ചുറ്റിയ മുല്ല വള്ളികളും സൈഡിലായുള്ള അക്ക്വേറിയവും അതിലെ കുഞ്ഞു മീനുകളുമൊക്കെ അവളിൽ കൗതുകമുണർത്തി.
അപ്പോൾ ഇതായിരിക്കണം അങ്ങേരുടെ ഫേവറിറ്റ് സ്പോട്. അവിടെ ഉണ്ടായിരുന്ന റോക്കിങ് ചെയറിലേക്ക് ഇരുന്നു അന്ന മനസ്സിൽ പറഞ്ഞു.
രുദ്രൻ അടുത്തുള്ളത് പോലെ അവൾക്കു തോന്നി. രണ്ടു മൂന്നു മിനുട്ട് കഴിഞ്ഞു അവൾ പതിയെ മുറിയിലേക്ക് നടന്നു. ഒന്ന് കൂടെ ചുറ്റും നോക്കി പുറത്തേയ്ക്കിറങ്ങാൻ പോവുമ്പോളാണ് അവൾ മേശയിൽ ഫ്രെയിം ചെയ്‌ത ഒരു ഫോട്ടോ കണ്ടത്. ദേവൻ അങ്കിളും ഒരു കുഞ്ഞിനെ എടുത്തു സുന്ദരിയായ ഒരു സ്ത്രീയും. രുദ്രനും അമ്മയുമാവും. ഒന്നെടുത്തു നോക്കി അന്ന അത് തിരികെ വെച്ചു.ബുക്സ് നിറയെ അടുക്കി വെച്ചിരിക്കുന്നുണ്ട്. ഒരു നോട്ട് പാഡും പെന്നും വെച്ചിരിക്കുന്നത് കണ്ടു അന്ന അത് തുറന്നു നോക്കി.ഒരു പേജിൽ മാത്രമേ എഴുതിയിട്ടുള്ളൂ.
“അരികിലെത്തീടാൻ ഇനിയും കാതങ്ങളേറെയുണ്ടെന്നാലും സഖീ
കാത്തിരിക്കാം നിനക്കായ്
ഒരു പുനർജ്ജനിക്കായ്…
നീയും ഞാനും
അത്രയേ എഴുതിയിട്ടുള്ളൂ.
എന്റെ കർത്താവെ ഇങ്ങേർക്ക് ഈ സൂക്കേടും ഉണ്ടോ. ചുമ്മാതല്ല ഞാൻ അങ്ങേർക്ക് ചേരില്ലെന്ന് പറഞ്ഞത്.
പക്ഷേ എന്റെ മനസ്സിൽ കയറി പോയില്ലേ. ഇനി എന്റേത് മാത്രമാണ്. അന്നയുടേത് മാത്രമായ രുദ്രൻ.
അപ്പോഴാണ് അടുത്തിരിക്കുന്ന ഡയറി അവൾ കണ്ടത്. അതിൽ കൈ വെച്ചതും വാതിൽ അടഞ്ഞതും ഒരുമിച്ചായിരുന്നു. ഞെട്ടലോടെ അന്ന തിരിഞ്ഞപ്പോൾ അടഞ്ഞ വാതിലിൽ ചാരി കൈ കെട്ടി അവളെ നോക്കി നിൽക്കുന്ന രുദ്രൻ. ഒരു മിന്നൽ പിണർ അവളുടെ ഉള്ളിലൂടെ കടന്നു പോയി. ഷോൾഡർ ബാഗ് അവനരികിലായി താഴെ കിടക്കുന്നത് അന്ന കണ്ടു.
എതിലേ ഓടണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന അന്നയ്ക്കരികിലേക്ക് രുദ്രൻ പതിയെ നടന്നടുത്തപ്പോൾ അന്ന അറിയാതെ തന്നെ പുറകോട്ട് നടന്നു. ചുമരിൽ തട്ടി നിന്നപ്പോൾ അന്ന ഒരിക്കൽ കൂടി ഞെട്ടി. അവളുടെ അടുത്തെത്തിയ രുദ്രൻ കൈകൾ അവളുടെ സൈഡിലായി വെച്ചു അവളെ നോക്കി. ആ നിശ്വാസം മുഖത്തു തട്ടിയപ്പോൾ അന്ന കണ്ണുകൾ ഇറുകെ അടച്ചു. ഒരു നിമിഷം കഴിഞ്ഞും അനക്കം ഒന്നുമില്ലാതായപ്പോൾ അന്ന പതിയെ കണ്ണുകൾ തുറന്നതും രുദ്രൻ അവളെ വലിച്ചു തിരിച്ചു നിർത്തി വലത് കൈ പുറകോട്ട് തിരിച്ചതും ഒരുമിച്ചായിരുന്നു.
“എത്ര പറഞ്ഞാലും നീ മനസ്സിലാക്കില്ല അല്ലേ. ഇനി ഈ വീടിന്റെ പരിസരത്തെങ്ങാനും നിന്നെ കണ്ടാൽ കൈയും കാലും ഞാൻ ഒടിച്ചെടുക്കും, കേട്ടോടി ”
അവളുടെ കാതോരം പറഞ്ഞിട്ട് രുദ്രൻ അവളെ മുൻപോട്ട് തള്ളി.
വേദന കാരണം അന്നയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.
കൈ തടവിക്കൊണ്ട് അവൾ പിറുപിറുത്തു.
“കാലമാടൻ എന്റെ കൈ ഒടിച്ചൂന്നാ തോന്നുന്നേ ”
“നോക്കിക്കോ നിങ്ങൾ എന്നെ പീഡിപ്പിക്കാൻ ശ്രെമിച്ചൂന്നു വിളിച്ചു കൂവാൻ പോവുകയാ ഞാൻ ”
വീറോടെ അന്ന പറഞ്ഞത് കേട്ട് രുദ്രൻ പിന്നെയും അവളുടെ നേരെ നടന്നടുത്തു.
“എന്നാൽ പിന്നെ ഞാൻ അതും കൂടി ചെയ്യാടി , എന്നിട്ട് നീ വിളിച്ചു കൂവ് ”
രുദ്രൻ ഷർട്ടിന്റെ ബട്ടണിൽ കൈ വെച്ചതും എന്റീശോയേ എന്ന് വിളിച്ചു രുദ്രനെ തള്ളി മാറ്റി അന്ന പുറത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു.
രുദ്രന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞുവോ ആവോ
“അതേയ് ഈ റൂം ഇനി എന്റേതും കൂടെയാ നിങ്ങളും. ഞാൻ ഇനിയും വരും ”
പറഞ്ഞതും അന്ന സ്റ്റെയർകേസ് ഓടിയിറങ്ങി. താഴെ എത്തിയതും മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളൊന്നു പതറി,മുഖം ചുവന്നു.
ദേവദത്തൻ, രുദ്രന്റെയും ആദിലക്ഷ്മിയുടെയും അച്ഛൻ.
“അങ്കിൾ… ഞാൻ മുകളിൽ.. ”
അപ്പോഴാണ് ഒരു ട്രേയിൽ ജ്യൂസ് നിറച്ച ഗ്ലാസ്സുകളുമായി ആദിലക്ഷ്മി എത്തിയത്.
“എന്തായി ആ എല്ലിന്റെ കാര്യത്തിൽ തീരുമാനം ആയോ ”
ട്രേ ആദി അന്നയുടെ നേരെ നീട്ടിയപ്പോഴാണ് സ്റ്റെയർകേസ് ഇറങ്ങി വരുന്ന ആളെ അന്ന കണ്ടത്.
“വേണ്ട കൊച്ചേ ഇനിയും നിന്നാൽ അങ്ങേര് എന്റെ കൈയും കാലും ഊരി നിങ്ങടെ ഷോകേസിൽ വെക്കും. അതിനു സമയം ആയിട്ടില്ല ”
ദേവനും ആദിക്കും നേരെ കൈ വീശി ഒരു വളിച്ച ചിരിയും കൊടുത്തു അന്ന പുറത്തേക്കോടി.
അന്നയെ നോക്കി നിന്ന ദേവന്റെ കണ്ണുകളിൽ വാൽത്സല്യത്തോടൊപ്പം പേടിയും നിറഞ്ഞു നിന്നു.
ആദിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി രുദ്രനോട് സംസാരിക്കണം. അന്ന വന്നത് വെറുതെയാവില്ല എന്ന് മനസ്സ് പറയുന്നു. ഇനിയും ദുരന്തങ്ങൾ താങ്ങാനാവില്ല സൂര്യമംഗലത്തിന്.. അവർക്കും…
ത്രേസ്യാകൊച്ചിന്റെ വായിൽ നിന്ന് കണക്കിന് വാങ്ങിക്കാൻ തയ്യാറായി തന്നെയാണ് അന്ന കയറി ചെന്നത്. പക്ഷേ അവിടെ എല്ലാവരും ഇരുന്നു സീരിയസ് ആയി എന്തോ ചർച്ചയിലായിരുന്നു.എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചു അന്ന റൂമിലേക്ക് നടന്നു. വാതിൽ അടച്ചിട്ടാണ് അവൾ കൈ നോക്കിയത്.
കാലമാടൻ, ഇങ്ങേർക്ക് എന്റെ കൈ ഒടിച്ചെടുക്കാമെന്ന് വല്ല നേർച്ചയും ഉണ്ടോ ആവോ. നല്ല വേദനയുണ്ട്.
ഡ്രസ്സ് ഒക്കെ മാറി വാതിൽ തുറന്നു അന്ന പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് മാത്തുകുട്ടിയും ത്രേസ്യാമ്മയും അവളുടെ മുറിയിലേക്ക് കയറി വന്നത്. എന്തോ കുഴപ്പമുണ്ടല്ലോ, ത്രേസ്യാകൊച്ച് എനിക്കെന്തോ പണിയുമായി വന്നതാ അതാണ് അച്ചായനെ കൂട്ട് വിളിച്ചത്. അവൾക്കുറപ്പായിരുന്നു.
“എന്നതാ കൊച്ചേ നീയിങ്ങനെ നേരാം വണ്ണം ഒന്നും കഴിക്കാതെ നടന്നാൽ എങ്ങിനെയാ ”
ത്രേസ്യാമ്മ പറഞ്ഞു തീരുന്നതിനു മുൻപേ അന്ന ചോദിച്ചു.
“എന്നതാ മാത്തുക്കുട്ടിച്ചായോ കാര്യം. അമ്മച്ചി കാര്യമായി പതപ്പിക്കുന്നുണ്ടല്ലോ ”
ത്രേസ്യാമ്മ മുഖം വീർപ്പിക്കുന്നതിനിടെ മാത്തുക്കുട്ടി പറഞ്ഞു.
“മിന്നു മോളുടെ ബർത്ത് ഡേയ്ക്കു എൽസ ആന്റി ഒരു ചെറുക്കന്റെ കാര്യം പറഞ്ഞില്യോ. അവരുടെ ആങ്ങളേടെ മോനാണ്. ആ കൊച്ചനങ്ങു ഓസ്ട്രേലിയയിൽ ആണ് ജോലി. അവൻ ലീവിന് വന്നിട്ടുണ്ട്. ഈ വരുന്ന ഞായറാഴ്ച അവരൊന്നു മോളെ കാണാൻ വരട്ടെയെന്ന് ചോദിച്ചായിരുന്നു ”
“എന്നതാ അപ്പച്ചൻ ഇത്. ഞാൻ പറഞ്ഞതല്ലെ എനിക്ക് പഠിച്ചു ഒരു ജോലി ഒക്കെയായിട്ട് മതി കല്യാണംന്ന് ”
അന്ന പറഞ്ഞത് കേട്ട് ത്രേസ്യാമ്മ ദേഷ്യത്തോടെ പറഞ്ഞു.
“പിന്നെ നീ പഠിച്ചു കളക്ടർ ആവാൻ പോവല്ലേ. കൊച്ചേ അവരെന്തായാലും നിന്നെ കാണാൻ വരും. കാണുകേം ചെയ്യും ”
“കാണാൻ വരുന്നവർക്ക് മുൻപിൽ അമ്മച്ചി അങ്ങ് പോയി നിന്നേച്ചാൽ മതി. ഞാനെങ്ങും പോവത്തില്ല ”
“തറുതല പറയുന്നോടി ”
അന്നയ്ക്ക് നേരെ കൈ വീശിയ ത്രേസ്യാമ്മയെ തടഞ്ഞു കൊണ്ടു മാത്തുക്കുട്ടി പറഞ്ഞു.
“കൊച്ചേ നീ ഒന്ന് പോയേ , ഞാൻ പറഞ്ഞോളാം അവളോട്.”
“അതെങ്ങനാ പുന്നാരിച്ച് തലേ കേറ്റി വച്ചിരിക്കല്യോ അപ്പനും ആങ്ങളമാരും. അനുഭവിച്ചോ ”
പിറുപിറുത്ത് കൊണ്ടു ത്രേസ്യാമ്മ പുറത്തു പോയതും മാത്തുക്കുട്ടി അന്നയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“കൊച്ചിന് അപ്പച്ചനോടെന്നെതോ പറയാനുണ്ടോ ”
മാത്തുക്കുട്ടി ചോദിച്ചതും അന്ന ഒരേങ്ങലോടെ അയാളുടെ നെഞ്ചിലേക്ക് വീണു.
കുറച്ചു സമയം കഴിഞ്ഞു പുറത്തേക്കിറങ്ങിയ മാത്തുക്കുട്ടി തീരുമാനങ്ങൾ എടുത്തിരുന്നു.
ത്രേസ്യാമ്മ ഇപ്പോൾ ഒന്നും അറിയണ്ട. ദേവനെ കാണണം, സംസാരിക്കണം. ഇനിയും കുടുംബത്തിൽ കണ്ണുനീർ വീഴരുത്.
പിറ്റേന്നും അന്ന പിന്നാലെ നടന്നെങ്കിലും ത്രേസ്യാമ്മ അവളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.
രുദ്രൻ ക്ലാസ്സിൽ വന്നെങ്കിലും അവളെ മൈൻഡ് ചെയ്തില്ല. നോട്സ് പറഞ്ഞു കൊടുത്തപ്പോൾ എല്ലാരും എഴുതാൻ തുടങ്ങിയെങ്കിലും അന്ന രുദ്രനെ നോക്കിയിരുന്നു.
“താൻ മാത്രം എന്താടോ നോട്സ് എഴുതാത്തത്. ഇതൊന്നും വേണ്ടാന്നുണ്ടോ ”
പുച്ഛത്തോടെയുള്ള ചോദ്യം കേട്ട് അന്ന പറഞ്ഞു
“അത് സർ ഇന്നലെ ഒരാൾ എന്റെ കൈയിനെ വല്ലാതൊന്നു സ്നേഹിച്ചായിരുന്നു. അനക്കാൻ വയ്യ. ഞാൻ പിന്നെ എഴുതി എടുത്തോളാം ”
രുദ്രൻ പിന്നെ അവളെ ശ്രെദ്ധിക്കാതെ നോട്സ് പറയാൻ തുടങ്ങി. പക്ഷേ അന്ന തന്നെ നോക്കിയിരിക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.
വൈകുന്നേരം സ്കൂട്ടി എടുക്കാൻ പോവുമ്പോഴാണ് ആദിയെ കണ്ടത്. അന്ന ഇന്നലത്തെ കാര്യം ചോദിക്കാൻ തുടങ്ങുമ്പോഴാണ് രുദ്രൻ വരുന്നത് കണ്ടത്. രുദ്രൻ നോക്കി പേടിപ്പിച്ചതും ആദി കാറിനടുത്തേക്ക് നടന്നു. അവളെ നോക്കാതെ നടക്കുന്ന രുദ്രനെ അന്ന വിളിച്ചു.
“അതേയ് ഞാൻ ഇന്നലെത്തെ പീഡനക്കഥ ആദിയോട് ഒന്ന് പറയുകയായിരുന്നു. ശരിക്കും ഇന്നലെ അവിടെ തന്നെ നിന്നാൽ മതിയായിരുന്നു അല്ലേ എന്നാൽ കാര്യങ്ങൾക്കൊക്കെ പെട്ടെന്നൊരു തീരുമാനം ഉണ്ടാവുമായിരുന്നു. ”
“എടി നിന്നെയൊക്കെ ഉണ്ടല്ലോ… അല്ലേൽ നാണവും മാനവുമില്ലാത്ത നിന്നോടൊക്കെ പറഞ്ഞിട്ട് എന്തിനാ”
“അതാണ്”
പറഞ്ഞിട്ട് രുദ്രനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ടു അന്ന വണ്ടി സ്റ്റാർട്ട് ചെയ്തു വിട്ടു…
(തുടരും )
Click Here to read full parts of the novel
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission