ഏറെ നേരം കഴിഞ്ഞു അന്ന മുഖമുയർത്തിയപ്പോൾ അവളുടെ കവിളിലെ കണ്ണീർ തുടച്ചു കൊണ്ടു രുദ്രൻ ചോദിച്ചു.
“ദേഷ്യം തോന്നുന്നുണ്ടോ നിനക്ക് സീതമ്മയോട്? ”
ഒരു നിമിഷം കഴിഞ്ഞാണ് അന്ന പറഞ്ഞത്.
“അറിയത്തില്ല. .. എനിക്കറിയത്തില്ല. .. വെറുക്കാനാവുന്നില്ല എനിക്കവരെ… സ്നേഹിക്കാനും.. ”
ഒന്ന് നിർത്തി അന്ന പറഞ്ഞു.
“പക്ഷെ, ആര്യലക്ഷ്മിയുടെ കുഞ്ഞായി ജനിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുന്നുണ്ട് ”
“എപ്പോഴും ഓരോരുത്തരും അവരവരുടെ വ്യൂ പോയിന്റിലൂടെയാണ് കാര്യങ്ങൾ കാണാറുള്ളത് . ഒരാളുടെ ശരികൾ മറ്റൊരാൾക്ക് തെറ്റായി തോന്നും. ഐസക്കിന് ആര്യലക്ഷ്മിയോട് ഉണ്ടായിരുന്ന പ്രണയം ആത്മാർത്ഥമായിരുന്നെന്ന് സീതമ്മയും ചെറിയച്ഛനും മനസിലാക്കാതെ പോയി. അവരുടെ മനസ്സിൽ അവർ ആര്യലക്ഷ്മിയുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുകയായിരുന്നു. ആര്യലക്ഷ്മിയുടെ ഉള്ളിൽ മറ്റൊരു ജീവൻ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ ഈ ദുരന്തങ്ങൾ സംഭവിക്കാതിരുന്നേനെ ”
അന്നയുടെ കൈകളിൽ തലോടി രുദ്രൻ തുടർന്നു.
“സീതമ്മ ചെയ്ത പ്രവൃത്തികളൊന്നും ന്യായീകരിക്കപ്പെടേണ്ടതല്ല. പക്ഷേ അതിനുള്ള ശിക്ഷ അവർ അനുഭവിച്ചു.. അല്ല ഇന്നും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു… ജീവിതാവസാനം വരെ.. ”
“അന്നത്തെ സംഭവങ്ങൾക്ക് ശേഷം സീതമ്മ മുഴുഭ്രാന്തിയെ പോലെ ആയിരുന്നു. താൻ ഗർഭിണി ആണെന്നത് അംഗീകരിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. ഒരുപാട് കാലത്തെ ചികിത്സയും വിനയനങ്കിളിന്റെ സ്നേഹവുമാണ് അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. വിനയനങ്കിളിനെ വിവാഹം ചെയ്യാൻ സീതമ്മ തയ്യാറായിരുന്നില്ല. അങ്കിൾ മാറ്റിയെടുത്തതാണ്.. ഓർമ്മകൾ തിരിച്ചു കിട്ടിയ ശേഷവും എല്ലാം അറിയാമായിരുന്നിട്ടും ഒരിക്കൽ പോലും തന്റെ കുഞ്ഞിനെ പറ്റി അവർ ചോദിച്ചിട്ടില്ല.. ”
അന്ന ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞു പതിയെ പറഞ്ഞു.
“ഈ പറഞ്ഞതൊന്നും എന്റെ കൂടെ കഥയാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നില്ല.. സമാധാനമാണിപ്പോൾ തോന്നുന്നത്. കാരണം രുദ്രദേവിനെ ഞാൻ അർഹിക്കുന്നില്ല എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു. അതു മാറി.. പിന്നെ, എനിക്കറിയാം എന്റെ മുഖമൊന്നു വാടിയാൽ എന്റെ അരികിൽ ഓടിയെത്തുന്ന, സ്വന്തം മക്കളെക്കാൾ കൂടുതലായി എന്നെ സ്നേഹിക്കുന്ന അപ്പച്ചനും അമ്മച്ചിയും ഉണ്ടെനിക്ക്…. പിന്നെ എന്നെ ജീവനായി സ്നേഹിക്കുന്ന….. ”
അന്ന ഒന്ന് ചിരിച്ചപ്പോൾ രുദ്രൻ പറഞ്ഞു
“പിന്നെ… പറയെടി… ”
അവനിൽ നിന്ന് അകന്നു മാറിക്കൊണ്ട് അന്ന പറഞ്ഞു.
“അയ്യടാ അങ്ങനെയിപ്പം പറയുന്നില്ല.. ”
രുദ്രൻ എഴുന്നേൽക്കുന്നത് കണ്ടു അന്ന അകത്തേക്കോടി.
“ആഹാ… അവിടെ നിൽക്കെടി, ആദ്യമായി കിട്ടിയ ആദ്യരാത്രിയും കൊളമാക്കിയിട്ട് അവളുടെ… ”
രുദ്രൻ അടുത്തെത്തുമ്പോഴേക്കും അന്ന ബാത്റൂമിൽ കയറിയിരുന്നു.
“അവിടെന്നു പുറത്തിറങ്ങി നീ എന്റെ അടുത്തേക്ക് തന്നെയല്ലേ വരിക.. ”
ഇത്തിരി കഴിഞ്ഞു പുറത്തിറങ്ങിയ അന്ന ഞെട്ടി. എന്റീശോയേ ഇങ്ങേരെന്താ ഈ ടി ഷർട്ട് ഒക്കെ അഴിച്ചിട്ടു മസിലും കാട്ടി നിൽക്കുന്നെ..
അവൻ കുസൃതി ചിരിയോടെ അവൾക്കരികിലേക്ക് നടന്നടുത്തു .
“ഇങ്ങിനെ മിഴിച്ചു നിന്നാൽ ആ ഉണ്ടക്കണ്ണ് പുറത്തോട്ട് തള്ളി വീഴുമെടി. നിന്നെ ത്രേസ്യാമ്മച്ചി അത്യാവശ്യം ബയോളജി ഒക്കെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതിയത്. ഇനി അതും ഞാൻ തന്നെ പഠിപ്പിക്കണമെന്നോർക്കുമ്പോഴാ.. ”
ഒരു ചുംബനത്തിനൊടുവിൽ രുദ്രൻ അവളുടെ മുഖം പിടിച്ചുയർത്തിയപ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ അന്ന മിഴികൾ താഴ്ത്തി. ചിരിയോടെ അവളെ കോരിയെടുത്തു കട്ടിലേക്കിട്ട് അന്നയ്ക്കരികിൽ കിടന്നു കൊണ്ടു രുദ്രൻ പറഞ്ഞു.
“ഇന്നെന്തായാലും നിന്നെ പീഡിപ്പിക്കാൻ എനിക്കുദ്ദേശമില്ല. അതുകൊണ്ട് അന്നക്കൊച്ചു കിട്ടിയ സമയത്ത് ഉറങ്ങിക്കോ. എന്റെ ആദ്യരാത്രി മുടങ്ങിയതിനു പലിശയും കൂട്ടുപലിശയുമൊക്കെ ചേർത്ത് ഞാനൊരു സമ്മാനം തരുന്നുണ്ട് നാളെ ”
രുദ്രന്റെ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ അന്നയുടെ മനസ്സിൽ ആ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ… ചെമ്പകപ്പൂമണം നിറഞ്ഞു നിന്നിരുന്നു അവിടമാകെ..
രാവിലെ അന്ന കുളിയൊക്കെ കഴിഞ്ഞു എത്തുമ്പോളും രുദ്രൻ ഉറക്കമായിരുന്നു. അവനെ ഉണർത്താതെ താഴേക്കെത്തിയപ്പോൾ അടുക്കളയിൽ നിന്ന് പുറത്തേക്ക് വരുന്ന ആദി അവളെ നോക്കി ഒന്നാക്കി ചിരിച്ചു. ആദിയെ നോക്കി കണ്ണുരുട്ടി അകത്തേക്ക് നടക്കുമ്പോൾ അന്നയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിക്കാൻ രുദ്രനെ വിളിക്കാനായി മുകളിലേക്ക് പോവാൻ തുടങ്ങുമ്പോഴാണ് പുറകിൽ നിന്നൊരു നേർത്ത ശബ്ദം അന്ന കേട്ടത്.
“ചേച്ചി.. ”
അന്ന തിരിഞ്ഞതും ദേവലക്ഷ്മി അവളെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
“എന്നോട്.. എന്നോട് ക്ഷമിക്കണം.. എനിക്കൊന്നും അറിയില്ലായിരുന്നു.. അച്ഛൻ പറഞ്ഞു എല്ലാം ”
ഒന്നും പറയാതെ അവളുടെ തലയിൽ തലോടുമ്പോൾ സ്റ്റെയർകേസ് ഇറങ്ങി വരുന്ന രുദ്രന്റെ കണ്ണുകൾ അവളുമായി ചേർന്നു. അവന്റെ ചുണ്ടിൽ മിന്നി മാഞ്ഞ പുഞ്ചിരി അന്നയിലും തെളിഞ്ഞു.
രുദ്രൻ യാത്രയുടെ കാര്യങ്ങൾ ശരിയാക്കാൻ ഉണ്ടെന്ന് പറഞ്ഞു രാവിലെ തന്നെ പോയിരുന്നു. ആദിയും ശ്രീകുട്ടിയും ഗൗരിയും മരുമകൾ വേണിയും എല്ലാം അന്നയ്ക്ക് ചുറ്റും ഉണ്ടായിരുന്നു.
ത്രേസ്യാമ്മയും മാത്തുക്കുട്ടിയും വിളിച്ചപ്പോൾ അന്നയുടെ ശബ്ദത്തിലെ സന്തോഷമറിഞ്ഞു അവരുടെ മനസ്സ് നിറഞ്ഞിരുന്നു.
വൈകുന്നേരത്തെ, ഫ്രണ്ട്സിനു വേണ്ടിയുള്ള പാർട്ടിയ്ക്കു ആദിയാണ് അന്നയെ റെഡി ആക്കിയത്. റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ശ്രീക്കുട്ടി വന്നു വിളിച്ചത്.
“രണ്ടുപേരോടും അമ്മ കാവിലേക്ക് ചെല്ലാൻ പറഞ്ഞു. വിളക്ക് വെക്കാൻ. രുദ്രേട്ടൻ താഴെയുണ്ട് ”
എല്ലാവരുമൊരുമിച്ച് കാവിൽ നിൽക്കുമ്പോഴും അന്നയുടെ കണ്ണുകൾ ഇടയ്ക്കിടെ സീതാലക്ഷ്മിയിൽ എത്തുന്നുണ്ടായിരുന്നു. രുദ്രൻ അവളെ നോക്കി ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു.
അവർ ഹോട്ടലിൽ എത്തുമ്പോഴേക്കും രുദ്രന്റ ഫ്രണ്ട്സ് എല്ലാവരും എത്തിയിരുന്നു.പിടക്കോഴികളുടെ കൂവൽ കേട്ട് അന്ന നോക്കുമ്പോൾ ചിത്രയും ഡെയ്സിയും വിദ്യയും എല്ലാം തിരക്കിട്ട വർക്കിൽ ആയിരുന്നു. രുദ്രന്റെ ഫ്രണ്ട്സ് ഒരു കാര്യമേ അന്നയോട് പറഞ്ഞുള്ളൂ.
“എന്നാലും കൊച്ചേ നീ ഇവനെ എങ്ങിനെ വളച്ചെടുത്തു? കോളേജിലെ പെൺപിള്ളേരുടെയൊക്കെ സ്വപ്നകാമുകൻ ആയിരുന്നുവെങ്കിലും ഒറ്റയെണ്ണം ഇവന്റെ അടുത്തേക്ക് അടുക്കാറില്ലായിരുന്നു.ഇവന്റെ സ്വഭാവം വെച്ച് ഏതെങ്കിലും ഒരു പെണ്ണ് ഇവനോട് പ്രേമം തുറന്നു പറയുമെന്ന് ഞങ്ങൾ വിചാരിച്ചില്ല ”
ചിരിയോടെ നിൽക്കുന്ന ആളിൽ നോട്ടമെത്തിയപ്പോൾ അന്ന കണ്ണിറുക്കി കാണിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് പോവുമ്പോൾ ആൽബിയും ആദിയും അവരോടൊപ്പം ഉണ്ടായിരുന്നു.
അന്ന റൂമിൽ എത്തിയപ്പോൾ രുദ്രൻ അവിടെ ഇല്ലായിരുന്നു. ആശ്വാസത്തോടെ ഷെൽഫിൽ നിന്നും നൈറ്റ് ഡ്രസ്സ് എടുത്തു കട്ടിലിൽ ഇട്ട് സാരിയിലെ സേഫ്റ്റി പിന്നുകൾ അഴിച്ചു മാറ്റുമ്പോഴാണ് ബാത്റൂമിലെ ഡോർ തുറന്നത്. ഒന്ന് പകച്ചെങ്കിലും അവനെ നോക്കാതെ കട്ടിലിൽ കിടക്കുന്ന ഡ്രെസ്സുമെടുത്ത് രുദ്രനരികിലൂടെ ബാത്റൂമിലേക്ക് നടക്കുമ്പോൾ അന്ന പറഞ്ഞു.
“അതേയ് ഈ സാരി പരിപാടി ഇന്നത്തോടെ നിർത്തി.. എനിക്ക് വയ്യ ഇതുമിട്ടോണ്ട് നടക്കാൻ.. ”
അവളുടെ വെപ്രാളം കണ്ടു ചിരിയോടെ രുദ്രൻ പറഞ്ഞു.
“അതിനെന്താ അന്നക്കൊച്ചേ ഞാനും സഹായിക്കാലോ.. ”
പറഞ്ഞതും സാരിയുടെ മുന്താണിയിൽ പിടുത്തം വീണതും ഒരുമിച്ചായിരുന്നു. അവന്റെ നെഞ്ചിൽ തട്ടി നിൽക്കുമ്പോൾ അന്നയുടെ മുഖം ചുവന്നിരുന്നു. അവളുടെ നാണം രുദ്രന്റെ കുസൃതികളുടെ ആക്കം കൂട്ടിയതേയുള്ളൂ.
ആ രാവിൽ രുദ്രൻ അന്നയെ സ്വന്തമാക്കുമ്പോൾ അങ്ങകലെ സർപ്പക്കാവിൽ ചെമ്പകപ്പൂക്കൾ വീണു കിടക്കുന്ന നാഗത്തറയിൽ കരിനാഗങ്ങൾ ചുറ്റി പിണയുകയായിരുന്നു..
രാവിലെ രുദ്രന്റെ കൈകളിൽ നിന്ന് കുതറി ഓടിയ അന്ന ചെന്നു പെട്ടത് ആദിയുടെ മുൻപിലാണ്. അന്നയുടെ കഴുത്തിൽ തിണർത്തു ചുമന്നു കിടക്കുന്ന ചെറിയ പാടിൽ കണ്ണെത്തിയതും ആദി പറഞ്ഞു.
“ആഹാ, ഏട്ടൻ ഏടത്തിയമ്മയെ സ്നേഹിച്ചു തുടങ്ങി അല്ലേ ”
ചൂളൽ മറക്കാനായി മനപ്പൂർവം ദേഷ്യം നടിച്ചു അന്ന പറഞ്ഞു.
“നീയെന്താടി എന്നെ സ്കാൻ ചെയ്യുവാൻ നടക്കുവാണോ , ചുമ്മാതല്ല നിന്റെ ഏട്ടൻ പറഞ്ഞത് നിന്റെ നാക്കിന്റെ നീളം കൂടിയെന്ന്, പൂച്ചയെപ്പോലിരുന്ന കൊച്ചാ ”
“നിങ്ങളുടെ അടുത്തൊക്കെ പിടിച്ചു നിൽക്കണ്ടേ എന്റെ നാത്തൂനേ ”
ആദിയുടെ ചിരി കണ്ടു അന്നയും ചിരിച്ചു പോയി.
സീതാലക്ഷ്മിയും കുടുംബവും ഇന്ന് തിരിച്ചു പോവുകയാണെന്ന് ഇന്നലെ ആദി അവളോട് പറഞ്ഞിരുന്നു.ഗൗരിയുടെയും ആദിയുടെയും കൂടെ ഇരിക്കുമ്പോഴാണ് രുദ്രൻ അവളെ വന്നു വിളിച്ചത്. സീതാലക്ഷ്മിയുടെ റൂമിനടുത്തെത്തിയപ്പോൾ അവൻ പറഞ്ഞു.
“സീതമ്മയ്ക്ക് നിന്നെ കാണണമെന്ന് പറഞ്ഞു ”
അവൻ പുറത്തു നിന്നതേയുള്ളൂ. അവനെ ഒന്ന് നോക്കി അന്ന അകത്തേക്ക് കടന്നതും ബാഗിൽ എന്തോ എടുത്തു വെക്കുകയായിരുന്ന സീത അവളെ കണ്ടു. അടുത്തെത്തി അന്നയുടെ കൈയിൽ പിടിച്ചു അവർ നിന്നു. ഇത്തിരി കഴിഞ്ഞാണ് അവർ പറഞ്ഞത്.
“അന്ന എനിക്കെന്നും എന്റെ രുദ്രന്റെ പെണ്ണായിരിക്കും.. അങ്ങനെയേ എനിക്ക് കാണാനാവൂ ”
ചിരിയോടെ അവരുടെ കൈയിൽ അമർത്തി ആ കണ്ണുകളിലേക്ക് നോക്കി അന്ന പറഞ്ഞു.
“സീതമ്മ എനിക്ക് എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട അച്ഛൻപെങ്ങൾ ആയിരിക്കും… എന്നും.. ”
കൂടുതലൊന്നും പറയാതെ അവളെ കാത്തു നിൽക്കുന്ന രുദ്രന്റെ കൈകളിൽ പിടിച്ചു അന്ന പുറത്തേക്ക് നടക്കുമ്പോൾ സീതാലക്ഷ്മി അവരെ നോക്കി നിൽക്കുകയായിരുന്നു…
എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറിയപ്പോൾ അന്നയെ നോക്കിയ സീതയുടെ കണ്ണുകളിലെ നനവ് അന്ന കണ്ടിരുന്നു. സീതയുടെ നോട്ടം രുദ്രനിൽ എത്തിയതും അവൻ കണ്ണുകൾ അടച്ചു കാണിക്കുന്നത് അന്ന കണ്ടു . അറിയാതെ കണ്ണുകളിൽ എത്തിയ ഒരു തുള്ളി കണ്ണീരിനൊപ്പം നേർത്തൊരു ചിരിയും അവളിൽ ഉണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം സൂര്യമംഗലത്തെ ഒരു വൈകുന്നേരം…..
കാറിന്റെ ശബ്ദം കേട്ടതും അന്ന പൂമുഖത്തെത്തിയിരുന്നു. കാറിൽ നിന്നിറങ്ങുന്ന രുദ്രനും പാറൂട്ടിയ്ക്കുമൊപ്പം ആൽബിയുടെയും ആദിയുടെയും മകൻ അബിനും ഉണ്ടായിരുന്നു. തുള്ളിച്ചാടികൊണ്ടു വന്ന പാറൂട്ടി ബാഗ് അന്നയുടെ കൈകളിലേക്കിട്ട് അകത്തേക്കോടുമ്പോൾ പിറകെ വന്ന രുദ്രൻ പറഞ്ഞു.
“അന്നക്കൊച്ചിന്റെ കാന്താരി ഇന്ന് ആ മിന്നുവുമായി വഴക്കിട്ടതെന്തിനാ എന്നൊന്ന് ചോദിച്ചേ ”
“എന്റീശോയേ ഇന്നും ഇവൾ പ്രശ്നമുണ്ടാക്കിയോ..എന്നതാടി കാര്യം? ”
അന്നയെ നോക്കി നിഷ്കു ഭാവം പുറത്തെടുത്തു പാറൂട്ടി തുടങ്ങി.
“അത്… അത്.. എന്നാന്നു വെച്ചാൽ ആ മിന്നു പറയുവാ അബിൻ ചേട്ടായിയെ അവൾക്ക് ഇഷ്ടമാണെന്ന്.. ”
“അവൾ അബിനെ ഇഷ്ടമാണെന്നു പറഞ്ഞേന് നീ എന്നാത്തിനാ കൊച്ചേ അവളെ അടിച്ചത് ”
അപ്പോഴാണ് ആ ശബ്ദത്തിന്റെ ഉടമയെ പാറൂട്ടി ശ്രദ്ധിച്ചത്. ദേവനരികെ സോഫയിൽ ഇരിക്കുന്ന മാത്തുക്കുട്ടിയെയും ത്രേസ്യാമ്മയേയും കണ്ടതോടെ അവൾ ഓടിച്ചെന്നു മാത്തുക്കുട്ടിയുടെ മടിയിൽ കയറിയിരുന്നു.
“അത്.. അബിൻ ചേട്ടായിയെ വേറെ ആരും ഇഷ്ടപെടണ്ട.. പാറൂട്ടിക്ക് അത് ഇഷ്ടല്ല ”
തൊട്ടടുത്തിരിക്കുന്ന അബിന്റെ കൈ പിടിച്ചു കക്ഷത്തിൽ വെച്ചു കൊണ്ടു അവൾ ഗൗരവത്തിൽ പറയുന്നത് കേട്ട് അന്ന തൊട്ടടുത്തു നിൽക്കുന്ന രുദ്രനോട് പറഞ്ഞു.
“മുട്ടേന്നു വിരിഞ്ഞിട്ടില്ല പെണ്ണ്.. അതെങ്ങനാ പപ്പയുടെ പഞ്ചാര അങ്ങനെ തന്നെ കിട്ടിയിട്ടുണ്ടല്ലോ ”
“പക്ഷെ നിന്റെ ആ കൂതറ സ്വഭാവം കൂടെയുണ്ട് അതാണ് എന്റെ പേടി . ”
അവളെ നോക്കി കുസൃതിച്ചിരിയോടെ രുദ്രൻ പറഞ്ഞു.
“മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ അന്നക്കൊച്ചേ ”
അന്ന രുദ്രനെ നോക്കി കണ്ണുരുട്ടി. എല്ലാം കണ്ടു കൊണ്ടു ചായയുമായി വന്ന ആദി പാറൂട്ടിയെ നോക്കി.
“നിന്റെ പപ്പയും മമ്മയും ഇപ്പോഴും കീരിയും പാമ്പും തന്നെയാണോ പാറൂട്ടി? ”
“ചുമ്മാ പറ്റിക്കുവാന്നെ.. ഇന്നലെ പപ്പാ മമ്മയോട് മിണ്ടത്തില്ലന്നു പറഞ്ഞു കിടന്നിട്ട് പാറൂട്ടിയെ ഉമ്മ വെച്ചപ്പോൾ മമ്മയ്ക്കും ഉമ്മ കൊടുത്തല്ലോ ”
നിഷ്കളങ്കതയോടെ വന്ന ഉത്തരം കേട്ട് രുദ്രനും അന്നയും ഞെട്ടി പരസ്പരം നോക്കി. ആദിയുടെ ആക്കിയുള്ള ചിരി വരുന്നതിനു മുൻപേ അന്ന അടുക്കളയിലേക്ക് വലിഞ്ഞു. പെട്ടെന്നോർത്ത പോലെ ഫോണും ചെവിയിൽ വെച്ച് രുദ്രൻ പുറത്തേക്ക് നടന്നു.
രാത്രി അന്ന പാറൂട്ടിയെ ഉറക്കിക്കിടത്തി എഴുന്നേറ്റപ്പോളാണ് പിറകിലൂടെ രണ്ടു കൈകൾ അവളെ വലയം ചെയ്തത്. തിരിഞ്ഞു നോക്കാതെ അന്ന പറഞ്ഞു.
“ദേ കൊച്ചു പറഞ്ഞതൊക്കെ കേട്ടല്ലോ. സ്നേഹപ്രകടനങ്ങളൊക്കെ മതി ”
“ആഹാ ഞാൻ റൊമാന്റിക് അല്ല എന്ന പരാതി ഒക്കെ തീർന്നോ എന്റെ ഭാര്യയ്ക്ക് ”
“താങ്ങാൻ പറ്റണ്ടേ രുദ്രൻ സാറേ ”
“ശരിക്കും…? ”
അന്നയുടെ മുഖം ഉയർത്തി രുദ്രൻ ചോദിച്ചപ്പോൾ അന്ന ഒരു ചിരിയോടെ ആ നെഞ്ചിൽ മുഖം ചേർത്തു.
അന്ന് രാത്രിയും രുദ്രന്റെ കൈകളിൽ കിടന്നുറങ്ങുമ്പോൾ സർപ്പക്കാവിലെ ചെമ്പകമരച്ചോട്ടിൽ ചേർന്നിരിക്കുന്ന അവ്യക്തരൂപങ്ങളെ അന്ന സ്വപ്നം കണ്ടു. ഒരു ചെറു പുഞ്ചിരി അന്നയുടെ ചുണ്ടുകളിലും ഉണ്ടായിരുന്നു….
സ്നേഹത്തോടെ സൂര്യകാന്തി💕….
നിങ്ങൾക്ക് ഈ കഥയെ കുറിച്ചുള്ള അഭിപ്രായം എന്ത് തന്നെയായാലും താഴെ കമന്റ് ബോക്സിൽ പറയാൻ മറക്കല്ലേ.. നിങ്ങളുടെ പ്രചോദനം ആണ് ഓരോ കഥയുടെയും ശക്തി..
വായനയ്ക്കും പ്രോത്സാഹനങ്ങൾക്കും ഒത്തിരി നന്ദി, സ്നേഹം💕….
പുതിയൊരു കഥയുമായി ഉടനെ എത്താം..
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super. Interesting story. 😍😍👌👌👌
Thanks
Interesting story, nannayi kondu poyittundu. Eniyum ithupolulla stories expect cheyyunnu, gud work
Super.heart touching💖💖👍👍👍
Always you are stories are very special to me. All the very best. Waiting for next story.
Ente ponne kidu oru rakshem illa. Rudrenem annayem oru paad ishtaayi
Super mutheee 🥰🥰
super story……