Skip to content

പുനർജ്ജനി – Part 21

aksharathalukal pranaya novel

അന്ന പതിയെ അവളെ ചുറ്റി പിടിച്ച കൈകൾ എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും രുദ്രന്റെ കരങ്ങൾ മുറുകിയതേയുള്ളൂ.

“എനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെയാണ് ഞാനിങ്ങനെ ചേർത്ത് പിടിച്ചിരിക്കുന്നത്. നീ കിടന്നു പിടഞ്ഞിട്ടൊന്നും ഒരു കാര്യോമില്ല പെണ്ണേ, എപ്പോൾ വിടണമെന്ന് ഞാൻ തീരുമാനിക്കും കേട്ടല്ലോ ”

ആ നിശ്വാസം ചെവിയിലെത്തിയതും രുദ്രന്റെ കൈകളിൽ അന്നയുടെ പിടുത്തം മുറുകി, അടുത്ത നിമിഷം അന്നയുടെ വലതു ചെവിയ്ക്ക് താഴെയായി ആ ചുണ്ടുകൾ അമർന്നു.
പ്ലീസ്..
അവൾക്കുള്ള മറുപടിയായി ഒരു ചിരിയോടെ രുദ്രൻ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി.

“വീരശൂര പരാക്രമിയായ അന്നക്കൊച്ച് ഇങ്ങനെ ലജ്ജാവിവശയായി എന്റെ മുൻപിൽ തല താഴ്ത്തി നിൽക്കുന്നത് ഈ ജന്മം കാണാൻ പറ്റുമെന്ന് കരുതിയതല്ല. ”

രുദ്രനെ തള്ളി മാറ്റി പോവാൻ ശ്രമിച്ചെങ്കിലും അവളെ ചേർത്തുപിടിച്ച കൈകൾ അനങ്ങിയില്ല.

“പറ്റില്ല മോളെ, ചുമ്മാ സ്വപ്നവും കണ്ടു നടന്ന എന്നെ പ്രകോപിപ്പിച്ചത് നീയാ ”

“ഞാൻ.. ഞാൻ എന്നാ ചെയ്തൂന്നാ? ”
നേർത്ത ശബ്ദത്തിൽ അന്ന ചോദിച്ചു.

“ആഹാ ഓർമയില്ലേ, കൊച്ചു രണ്ടു ദിവസം മുൻപ് എനിക്കൊരു സമ്മാനം തന്നായിരുന്നു എന്റെ വലം കൈയിൽ.. ”

വിരലുകളാൽ അവളുടെ മുഖം ഉയർത്തി രുദ്രൻ പറഞ്ഞു.

“അതെനിക്ക് തിരിച്ചു തന്നേ പറ്റൂ.അത് പക്ഷേ കൈയിലല്ല…. ”

അവന്റെ കള്ളനോട്ടവും ചിരിയും കണ്ടപ്പോൾ അന്ന വീണ്ടും കുതറാൻ ശ്രമിച്ചു. രുദ്രന്റെ മുഖം തന്നിലേക്കടുക്കുന്നത് കണ്ടു അന്ന കണ്ണുകൾ ഇറുകെ അടച്ചു.

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി രുദ്രൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. ആ വാക്കുകൾ അവളുടെ കാതിലെത്തി.

“സ്നേഹം…. ”

അറിയാതെ തന്നെ മിഴികൾ തുറന്നപ്പോഴും രുദ്രന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. അവൻ അവളെ നോക്കി പതിയെ പറഞ്ഞു.

“കാമമില്ലെന്ന് ഞാൻ പറയുന്നില്ല. ഒരാൾക്ക് തന്റെ ഇണയോട് തോന്നുന്ന എല്ലാ വികാരങ്ങളും എനിക്ക് തന്നോടുണ്ട്… പക്ഷേ അതെല്ലാം തന്റെ ആഗ്രഹം പോലെ തന്നെ ഈ കഴുത്തിൽ ഒരു മിന്നു ചാർത്തിയതിനു ശേഷം മാത്രം…”

അവളെ വിട്ടു തെല്ലു മാറി നിന്ന് രുദ്രൻ കൈകൾ നെഞ്ചിൽ പിണച്ചു നിന്നു അന്നയെ നോക്കി പറഞ്ഞു.

“ഇനി എന്റെ കൊച്ചൊന്നു ശ്വാസം വലിച്ചു വിട്ടേ.. ”

അന്നയുടെ കൂർത്ത നോട്ടം കണ്ടപ്പോൾ ഒരു കുസൃതി ചിരിയോടെ അവൻ തുടർന്നു.

“അതല്ല പെണ്ണേ, വല്ല അറ്റാക്കും വന്നു നീ തട്ടിപോയാൽ ഞാൻ ഒറ്റയ്ക്കാവില്ലേ അതുകൊണ്ട് പറഞ്ഞതാ ”

അന്നയുടെ, കൂട് വിട്ടു പോയ കിളികളെല്ലാം ഒറ്റ പറക്കലിന് തിരികെ ചേക്കേറി.

“ഞാൻ പോയാലെന്നാ ഈ കാമദേവന്റെ ചുറ്റും അപ്സരസുകൾ ഡാൻസും കളിച്ചോണ്ട് നടക്കുവല്ലേ ”

അവളുടെ മുഖത്തെ കുറുമ്പ് കണ്ടു ചിരിയമർത്തുന്നതിനിടയിൽ രുദ്രൻ പറഞ്ഞു.

“അതിനീ കാലമാടന്റെ സ്വഭാവം താങ്ങാൻ എന്റെ അന്നക്കൊച്ചിനല്ലെ പറ്റത്തുള്ളൂ ”

എന്റീശോയേ, എന്റെ വായീന്ന് എന്നതേലും വീണു പോയാൽ അതെനിക്കിട്ട് തന്നെ പ്രയോഗിക്കുകയാണല്ലോ ഈ കാട്ടുപോത്ത്…

അന്ന രുദ്രന്റെ അടുത്ത് നിന്നും പോകാൻ തുടങ്ങുമ്പോഴാണ് ആൽബിയും ആദിലക്ഷ്മിയും വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്.

“ആഹാ ഏട്ടനും ഏട്ടത്തിയമ്മയും ഇവിടെ റൊമാൻസും കളിച്ചു നിൽക്കുവാണല്ലേ ”

അന്നയെ നോക്കി ഒരു കള്ളച്ചിരിയോടെ ആദി പറഞ്ഞു.

“ദേ അളിയാ ഈ സാധനത്തിന്റെ നാക്കിന് അവിടന്ന് പോന്നതിൽ പിന്നെ ഇച്ചിരി നീളം കൂടിയിട്ടുണ്ടേ , ഒന്ന് ശ്രദ്ധിച്ചോ ”

രുദ്രൻ പറഞ്ഞത് കേട്ട് ആദി ചുണ്ട് കോട്ടി.

“പിന്നെ.. വെട്ടൊന്ന് മുറി രണ്ട് എന്ന സ്വാഭാവവുമായി നടന്നിരുന്ന രുദ്രദേവിനോട്‌ മിണ്ടാൻ പറ്റുമായിരുന്നോ. എന്റെ അന്നക്കൊച്ചു വന്നു ഒടിച്ചു മടക്കി കുപ്പിയിൽ ആക്കിയപ്പോഴല്ലേ ഇത്തിരി മനുഷ്യപറ്റൊക്കെ വന്നത് ”

ആദിയെ നോക്കി ഒന്ന് മൂളിയെങ്കിലും രുദ്രന്റെ നോട്ടം എത്തി നിന്നത് അന്നയിലായിരുന്നു. അവളുടെ ചിരി കണ്ടതും അവൻ പതിയെ പുരികമുയർത്തി എന്താടി എന്ന് ചോദിച്ചു.

ആൽബിയോടും ആദിയോടും സംസാരിച്ചു കൊണ്ടു രുദ്രനരികെ അവിടെ ചാരുപടിയിൽ ഇരിക്കുമ്പോഴും അന്നയുടെ കണ്ണുകൾ ഇടയ്ക്കിടെ രുദ്രനെ തേടിയെത്തി. അതറിഞ്ഞത് കൊണ്ടാവാം അവൾക്കായൊരു പുഞ്ചിരി രുദ്രനിലും ഉണ്ടായിരുന്നു.

അതേസമയം അനുഭവസമ്പന്നരായ മറ്റു രണ്ടുപേരും ഇതൊക്കെ കണ്ട്‌ ആസ്വദിക്കുകയായിരുന്നു. ആൽബിയും ആദിലക്ഷ്മിയും…

സൂസനും ഗൗരിയും സംസാരിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ത്രേസ്യാമ്മ അവർക്കരികിലേക്ക് എത്തിയത്.അവർ സംസാരിക്കുന്നത് സീതാലക്ഷ്മിയെ കുറിച്ചാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ത്രേസ്യാമ്മ ഗൗരിയോട് ചോദിച്ചതും.

“സീത വന്നില്ല അല്ലേ? ”

“ത്രേസ്യായ്ക്കു അറിയാലോ അവൾ ഇങ്ങോട്ട് വരില്ല എന്ന്. ആകെ ഒരു കൂട്ടുള്ളത് സൂസിയുമായാണ്. എന്നാലും ഇവിടെ എല്ലാവരും ഉണ്ടാവുമല്ലോ
അതോർത്താവും ”

“എന്നാലും കാലം ഇത്രേം ആയില്യോ, എന്നിട്ടും…? ”

“അവൾ സ്വന്തം മക്കളെപോലും ആരുവിനെ സ്നേഹിച്ചത് പോലെ സ്നേഹിച്ചിട്ടില്ല ത്രേസ്യാ. എന്തിന് ഞാൻ പോലും ആരുവിനോട് ഒരു പരിധിയിൽ കൂടുതൽ അടുക്കുന്നത് സീതയ്ക്ക് സഹിക്കില്ലായിരുന്നു.അവളുടെ അമിത സ്നേഹം തന്നെയായിരുന്നു എല്ലാത്തിനും കാരണം. പക്ഷേ അവളൊരു പാവമാണ് ത്രേസ്യാ, അവളും ഒരുപാട് അനുഭവിച്ചതല്ലേ ”

ആരും ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞാണ് ത്രേസ്യാമ്മ ചോദിച്ചത്.

“സീത അന്നയോട്….. ”

“ത്രേസ്യ പേടിക്കണ്ട, അന്നയോട് ഏറെ കാലമൊന്നും ദേഷ്യം കാണിക്കാൻ സീതയ്ക്കാവില്ല. അന്ന മോളെ ആരും ഇഷ്ടപ്പെട്ടു പോവും. അവിടെ തന്നെ വന്നു ചേരേണ്ടവളല്ലേ അവളും.. ഞാൻ നോക്കിക്കോളാം ”

ഗൗരി ത്രേസ്യാമ്മയുടെ കൈയിൽ പിടിച്ചു പറഞ്ഞു.

സൂര്യമംഗലത്തെ മുകൾനിലയിലെ ബാൽക്കണിയിൽ നിൽക്കുമ്പോൾ സീതാലക്ഷ്മിയുടെ മനസ്സിലും അവളായിരുന്നു. ആര്യലക്ഷ്മി.
സീതയുടെ തനിപ്പകർപ്പായിരുന്ന അനിയത്തിക്കുട്ടി….

വിനയേട്ടൻ പോലും തനിക്ക് അവളെ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലേക്കാണ് ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ അവനെത്തിയത്. ഐസക്ക്…

ആരും അറിഞ്ഞില്ലെങ്കിലും സംശയിച്ചില്ലെങ്കിലും ആരൂട്ടിയുടെ ഓരോ ഭാവങ്ങളും മനഃപാഠമായിരുന്ന താനതറിഞ്ഞു. ഐസക്ക് അവളെ ജീവനു തുല്യം സ്നേഹിക്കുന്നുവെന്ന് അന്ന് ആരൂട്ടി തന്റെ കാലു പിടിച്ചു പറഞ്ഞതാണ്. സത്യമാണെന്നു അറിയാമായിരുന്നിട്ടും മനസ്സിന്റെ ഒരു പാതി സമ്മതിച്ചില്ല.. തന്നെക്കാൾ കൂടുതൽ ആർക്കും അവളെ സ്നേഹിക്കാൻ കഴിയുമെന്ന് സമ്മതിച്ചു കൊടുക്കാൻ വയ്യായിരുന്നു… ഇപ്പോഴും…

ദിവസങ്ങൾ ഓടിപ്പോയതുപോലെ അന്നയ്ക്ക് തോന്നി.രുദ്രനും തിരക്കിലായിരുന്നു. കല്യാണം കഴിഞ്ഞു രണ്ടു മൂന്നു ആഴ്ച്ചയ്ക്കുള്ളിൽ ലണ്ടനിൽ ജോലിക്ക് ജോയിൻ ചെയ്യണം.

ഇന്നാണ് തന്റെ മിന്നു കെട്ട്…
വളരെ കുറച്ചു പേരെയേ ക്ഷണിച്ചിട്ടുള്ളൂ. കറിയാച്ചനും മേരിയമ്മയും എത്തിയിരുന്നു ഇന്നലെ തന്നെ. ആർക്കും അവരെ ക്ഷണിക്കാൻ താല്പര്യം ഇല്ലാതിരുന്നിട്ടും അന്നയുടെ നിർബന്ധമായിരുന്നു അത്. ആ കാര്യത്തിൽ ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും നിമ്മിയുടെ സങ്കടം അവൾക്കു മനസ്സിലായിരുന്നു.

രാവിലെ ജെസ്സിചേച്ചിയുടെയും നിമ്മി ഏടത്തിയുടെയും ആദിയുടെയുമൊക്കെ അഭിപ്രായങ്ങൾക്കനുസരിച്ചു ഒരുങ്ങുമ്പോഴും അന്നയുടെ മനസ്സിൽ എന്തിനെന്നറിയാത്ത ടെൻഷനായിരുന്നു.

പള്ളിയിൽ എത്തിയപ്പോൾ അന്നയുടെ ചെറുക്കനെ പറ്റിയുള്ള അഭിപ്രായങ്ങൾ പലയിടത്തുനിന്നായി അന്നയുടെ ചെവികളിൽ എത്തുന്നുണ്ടായിരുന്നു.

“ചുമ്മാതല്ലല്ലോടി കൊച്ചേ അവനെ കണ്ടപ്പോൾ നീ മൂക്കും കുത്തി വീണത്. എന്നാ ഒരു ലുക്കാ എന്റെ കർത്താവേ ”

നിമ്മിയുടെ ആങ്ങളയുടെ ഭാര്യയും രണ്ട് കൊച്ചുങ്ങളുടെ അമ്മയുമായ ലിസി ചേച്ചി അന്നയോട് പറയുന്നത് കേട്ട് അടുത്ത് നിന്നവരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു.

അടുത്ത നിമിഷം അരികെ വന്നു നിന്നയാൾ അവൾക്കു കേൾക്കാൻ പാകത്തിന് ഹലോ എന്ന് പറഞ്ഞപ്പോഴാണ് അന്ന അവനെ ഒന്ന് പാളി നോക്കിയത്, പുഞ്ചിരിയോടെ പതുക്കെ പറയുന്നത് കേട്ടു.

“ആഹാ അന്നക്കൊച്ചു സുന്ദരിയായിട്ടുണ്ടല്ലോ, ഇപ്പോൾ ഒന്ന് കല്യാണം കഴിക്കാനൊക്കെ തോന്നുന്നുണ്ട് ”

അന്ന അറിയാതെ തന്നെ ചിരിച്ചു പോയി.

മന്ത്രകോടിയിലെ നൂലിഴകളിൽ കൊരുത്ത താലി ആ കൈകളാൽ കഴുത്തിൽ ചേരുമ്പോൾ അന്നയുടെ മനസ്സിനൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

ത്രേസ്യാക്കൊച്ചിന്റെയും മാത്തുക്കുട്ടിച്ചായന്റെയും സന്തോഷം നിറഞ്ഞ മുഖങ്ങൾ അന്നയുടെ മനസ്സിനെ തണുപ്പിച്ചു.

അവന്റെ പേരെഴുതിയ മോതിരം അന്നയുടെ വിരലിൽ ഇടുമ്പോൾ രുദ്രൻ ആദ്യമായി അണിയിച്ച മോതിരത്തിൽ രണ്ടാളുടെയും നോട്ടമെത്തുന്നുണ്ടായിരുന്നു.

സീതാലക്ഷ്മിയുടെയും ദേവയുടെയും അസാന്നിധ്യം അന്നയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. വിനയനും ശ്രീലക്ഷ്മിയും വന്നിരുന്നു. ശ്രീക്കുട്ടി അന്നയുടെ അരികിൽ എത്തിയപ്പോൾ ആ കണ്ണുകളിൽ വെറുപ്പിന്റെ നേരിയ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.

ചടങ്ങുകളൊക്കെ കഴിഞ്ഞു തിരികെ അന്നയുടെ വീട്ടിലേക്കാണ് പോയത്. ആൽബിയും ആദിയുമായിരുന്നു കാറിൽ കൂടെയുണ്ടായിരുന്നത്. ആദി ആൽബിയോട് എന്തോ പറയുന്നതിനിടെയാണ് ആ ശബ്ദം കാതോരമെത്തിയത്.

“കൊണ്ടു പൊയ്ക്കോട്ടേ ഞാൻ ഇപ്പോൾ തന്നെ സൂര്യമംഗലത്തേയ്ക്ക് ”

അന്ന ചിരിച്ചതേയുള്ളൂ.

നാളെ കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾ കൂടി കഴിഞ്ഞിട്ട് സൂര്യമംഗലത്തേക്ക് പോവാം എന്നുള്ളത് ചാരുദത്തന്റെയും ഗൗരിയുടെയും അഭിപ്രായം ആയിരുന്നു. അതിനോടുള്ള രുദ്രന്റെ പ്രതിഷേധം മുഴുവൻ കേട്ടത് അന്നയായിരുന്നു.

രാത്രിയേറെ വൈകിയിട്ടും രുദ്രന്റെ ഫോൺ വിളിയ്ക്കായി കാതോർത്തിരിക്കുമ്പോഴും കഴിഞ്ഞു പോയതെല്ലാം ഒരു സ്വപ്‍നം പോലെ തോന്നുന്നുണ്ടായിരുന്നു അന്നയ്ക്ക്. താനിന്നൊരു ഭാര്യയാണെന്നത് മനസ്സിനെ ഓർമ്മിപ്പിക്കാനെന്നോണം അവൾ കഴുത്തിലെ താലി കൈയിൽ ചേർത്തു പിടിച്ചു കിടന്നു. പ്രതീക്ഷിച്ച വിളി വരാഞ്ഞതിൽ നിരാശ തോന്നി തുടങ്ങിയപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. ആദ്യ റിങ്ങിൽ തന്നെ കാൾ എടുത്തപ്പോൾ ചിരിയോടെ ആ ശബ്ദം ചെവിയിലെത്തി.

“എന്താടോ ഭാര്യേ ഉറങ്ങിയില്ലേ..? ”

“അത്… ഞാൻ.. ”

“ഇപ്പൊഴാടോ ഒന്ന് ഫ്രീ ആയത്. ഈ വിളിയ്ക്ക് കാതോർത്തു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് ലേറ്റ് ആയിട്ടും
വിളിച്ചത് ”

അന്ന ഒന്നും പറഞ്ഞില്ല, അപ്പോൾ കേട്ടു.

“ദേ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട്. ഈ വായാടിപ്പെണ്ണിനിത് എന്ത് പറ്റി.ചുമ്മാ കലപില കൂട്ടി നടന്ന ആ അന്നക്കൊച്ചു തന്നെയാണോ ഇത്. എന്താടി ഭാര്യയായതിന്റെ ജാഡയാണോ…”

അന്ന ചിരിച്ചു.

“എന്നാലിനി ഉറങ്ങിക്കോ, ഈ രാത്രി കൂടി കഴിഞ്ഞാൽ പിന്നെ എന്റെ കൂടെ തന്നെയല്ലേ. സ്വഭാവദൂഷ്യമൊക്കെ ഞാൻ മാറ്റിക്കോളാമെടി കൊച്ചേ ”

ചിരിയോടെ അന്ന പറഞ്ഞു

“ഗുഡ് നൈറ്റ്‌..

“ഗുഡ് നൈറ്റ്‌..
സ്വീറ്റ് ഡ്രീംസ്‌…

അന്നയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ എപ്പോഴോ ആണ് ഒന്നുറങ്ങിയത്.

ക്ഷേത്രത്തിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ രുദ്രനരികെ ഇരിക്കുമ്പോൾ അന്നയ്ക്ക് കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. മഞ്ഞചരടിലെ ആലിലത്താലി അവളുടെ കഴുത്തിൽ കെട്ടുമ്പോൾ ആ നിശ്വാസം അവളിലെത്തുന്നുണ്ടായിരുന്നു. ഒരു നുള്ള് കുങ്കുമം സീമന്ത രേഖയെ ചുവപ്പിച്ചപ്പോൾ അന്ന മിഴികൾ അടച്ചു. അവളുടെ കൈപിടിച്ച് രുദ്രനെ ഏൽപ്പിക്കുമ്പോൾ മാത്തുക്കുട്ടിയുടെ കണ്ണിലും നീർത്തിളക്കം ഉണ്ടായിരുന്നു.

കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒന്നും വരുന്നുണ്ടായിരുന്നില്ല അന്നയുടെ..

അപ്പച്ചനോടും അമ്മച്ചിയോടും മറ്റുള്ളവരോടുമൊക്കെ യാത്ര പറയുമ്പോൾ അന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു…അവളെ ചേർത്ത് പിടിച്ചിരിക്കുന്ന രുദ്രൻ മാത്തുക്കുട്ടിയെ നോക്കി കണ്ണടച്ച് കാണിച്ചു…

സൂര്യമംഗലത്ത് നിലവിളക്കുമായി ഗൗരി ലക്ഷ്മി ഉണ്ടായിരുന്നു. അകത്തേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ അന്നയെ തഴുകി പോയ കാറ്റിനും ചെമ്പക സുഗന്ധമായിരുന്നു…

അകത്തെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ രുദ്രൻ വിളിച്ചതനുസരിച്ചാണ് അവൾ പുറകെ പോയത്….

ചാരിയിട്ട വാതിൽ തുറക്കുമ്പോൾ ജനലരികിൽ നിന്നിരുന്ന ആൾ ഞെട്ടി തിരിഞ്ഞു . ആ കവിളിൽ കണ്ണീർ പാടുകൾ ഉണ്ടായിരുന്നു. രുദ്രൻ സീതാലക്ഷ്മിയുടെ കാലിൽ തൊട്ട് വണങ്ങിയപ്പോൾ അന്നയും അതു പോലെ ചെയ്തു. ഒരുമാത്ര ഞെട്ടിയെങ്കിലും രുദ്രൻ സീതമ്മേ എന്ന് വിളിച്ചപ്പോൾ അവർ അവനെ ചേർത്ത് പിടിച്ചു.രുദ്രൻ അന്നയുടെ കൈ പിടിച്ചു അവർക്ക് അരികിലേക്ക് ചേർത്തപ്പോൾ അവളുടെ മുഖത്ത് നോക്കാതെ സീത അന്നയുടെ നെറുകയിൽ മുഖം ചേർത്തു.അന്നയ്ക്ക് സന്തോഷം തോന്നി..

രുദ്രൻ അന്നയുടെ കൈ പിടിച്ചു പുറത്തേക്ക് നടക്കുന്നത് സീതാലക്ഷ്മി നോക്കി നിന്നു…..

അന്നയ്ക്ക് കൂട്ടായി ആദി സൂര്യമംഗലത്ത് ഉണ്ടായിരുന്നത് അവൾക്കു ആശ്വാസമായി തോന്നി. ആദി അവളെയും കൂട്ടി മുകളിലെ രുദ്രന്റെ റൂമിലെത്തി. വാതിൽ തുറന്നപ്പോൾ ആളവിടെ ഉണ്ടായിരുന്നില്ല.

“നാത്തൂനേ ഇവിടെയൊക്കെ മുൻപ് കണ്ടതാണെങ്കിലും അത് കണ്ടിട്ടില്ലല്ലോ ”

ആദിയുടെ നോട്ടം കണ്ടാണവൾ നോക്കിയത്
കട്ടിലിനു പിറകിലെ ചുമരിൽ രുദ്രന്റെയും അവളുടെയും വലിയൊരു ഫോട്ടോ…

അന്ന അതിശയത്തോടെ നോക്കുന്നത് കണ്ടു ആദി പറഞ്ഞു.

“ഏടത്തിയമ്മ ഇനി എന്തൊക്കെ കാണാനിരിക്കുന്നു. എന്തായാലും ഇനിയും എന്റെ ഏട്ടൻ റൊമാന്റിക് അല്ലെന്ന് പറയില്ലല്ലോ ”

ആഭരണങ്ങളും മുടിയിലെ മുല്ലപ്പൂവുമൊക്കെ അഴിച്ചെടുക്കാൻ സഹായിക്കുന്നതിനിടയിൽ ആദി പലതും പറഞ്ഞവളെ കളിയാക്കുന്നുണ്ടായിരുന്നു.

ഷെൽഫിൽ നിന്ന് അന്നയ്ക്ക് ഡ്രസ്സ്‌ എടുത്തു കൊടുത്തു കൊണ്ടു ആദി പറഞ്ഞു.

“എന്നാൽ അന്നക്കൊച്ചു കുളിച്ചു സുന്ദരിയായി താഴേക്ക് വാ ”

ആദി പുറത്തേക്ക് പോയതും അന്ന ചുറ്റുമൊന്ന് നോക്കി.മുൻപ് രണ്ടു തവണ ഇവിടെ വന്നത് അന്നയുടെ മനസ്സിലൂടെ കടന്നു പോയി. ഇപ്പോൾ താനും ഇതിന് പാതി അവകാശി ആയിരിക്കുന്നു.

ആൾ അരികിലില്ലെങ്കിലും ആ റൂമിൽ തങ്ങി നിൽക്കുന്ന ഗന്ധം അവിടെ അവന്റെ സാന്നിധ്യം ഉള്ളത് പോലെ തോന്നിപ്പിച്ചു.

കുളി കഴിഞ്ഞു അന്ന ഇറങ്ങിയപ്പോഴും രുദ്രൻ റൂമിൽ എത്തിയിട്ടില്ലായിരുന്നു. ആശ്വാസത്തോടെ ആദി എടുത്തു തന്ന സാരി ഞൊറിഞ്ഞുടുക്കുമ്പോൾ അന്ന പിറുപിറുത്തു.

“ഈശോയെ ഇനി ആ കാട്ടുപോത്ത് ശരിക്കും പറഞ്ഞതാണോ ഇത് സ്ഥിരം വേഷമാക്കാമെന്ന്,

മുടി കുളിപ്പിന്നൽ കെട്ടി, ഒന്ന് ശങ്കിച്ചു നിന്നാണ് അന്ന താഴേക്ക് നടന്നത്. ദേവലക്ഷ്മിയെ ഇത് വരെ കണ്ടില്ലല്ലോ എന്നോർത്താണ് ഗോവണിപ്പടികൾ ഇറങ്ങിയത്. സ്റ്റെയർകേസിനടുത്തുള്ള റൂമിന്റെ ചാരിയിട്ട വാതിൽ കടന്നുപോവുമ്പോഴാണ് ശരിക്കും അടയാതിരുന്ന ജനൽപ്പാളികൾക്കിടയിലൂടെ അന്ന എന്ന് പറഞ്ഞത് അവളുടെ ചെവിയിൽ എത്തിയത്. ആ ശബ്ദമാണ് ജനൽപ്പാളിയുടെ വിടവിലൂടെ അകത്തേക്ക് നോക്കാൻ അവളെ പ്രേരിപ്പിച്ചത്. രുദ്രനെ കാണാനായില്ലെങ്കിലും വിനയനെയും ചാരുദത്തനെയും അന്ന കണ്ടു. ദേവനും അവിടെ ഉണ്ടെന്ന് അന്നയ്ക്ക് മനസ്സിലായി. അപ്പോഴാണ് ആ വാക്കുകൾ അന്ന കേട്ടത്.

“സീതയുടെ സ്വന്തം രക്തമാണ് അന്നയെന്നു അവളറിഞ്ഞാൽ പിന്നീടൊരിക്കലും സീതയെ നമുക്ക് തിരിച്ചു കിട്ടില്ല. അന്ന സ്വന്തം മകളാണെന്നത് സീത ഈ ജന്മം അംഗീകരിക്കില്ല ”

വിനയന്റെ വാക്കുകൾ കേട്ട് ഇടി വെട്ടേറ്റത് പോലെ നിന്നു പോയി അന്ന.

“സീതമ്മ മാത്രമല്ല അന്നയും അതൊരിക്കലും അറിയില്ല.. അറിയാൻ പാടില്ല ”

രുദ്രന്റെ ശബ്ദം കേട്ടിട്ടും ചെവികളെ വിശ്വസിക്കാനാവാതെ നിന്നു പോയി അന്ന…

(തുടരും )

 

Click Here to read full parts of the novel

4.1/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പുനർജ്ജനി – Part 21”

Leave a Reply

Don`t copy text!