“എപ്പോഴാ അവരോടൊക്കെ പറഞ്ഞത്? ”
കുറച്ചു ദൂരം പോയപ്പോൾ അന്ന ചോദിച്ചു.
“ഇന്ന് രാവിലെ പറഞ്ഞതേയുള്ളൂ പെണ്ണേ, അതല്ലേ തിരികെ പോവുമ്പോൾ ആ വഴി വരണമെന്ന് ഞാൻ പറഞ്ഞത് ”
“എന്നിട്ട്… എന്നിട്ട് എന്നാ പറഞ്ഞു എല്ലാരും?”
മടിച്ചു മടിച്ചാണ് അന്ന ചോദിച്ചത്.
“അതോ ആദ്യം എല്ലാവരും എന്നെ ഒരഞ്ചു മിനിറ്റങ്ങു വായും പൊളിച്ചു നോക്കി നിന്നു….കണ്ടിട്ട് , വഴിയേ പോയ വയ്യാവേലി എടുത്തു വീട്ടിൽ കൊണ്ടു വെക്കാൻ ഇവനെന്താ വട്ടാണോ, എന്നൊരു ലുക്ക് എനിക്ക് ഫീൽ ചെയ്തു കേട്ടോ.. പിന്നെ നിര നിരയായി നിന്ന് എല്ലാവരും എന്റെ ധീരതയെ അഭിനന്ദിച്ചു.. ”
രുദ്രന്റെ കണ്ണുകളിൽ കുസൃതി മിന്നി.
“അയ്യടാ, ഒരു അളിഞ്ഞ കോമഡി… ഹും ”
അവളുടെ വീർത്ത കവിളിൽ ചൂണ്ടു വിരൽ കൊണ്ടു പതിയെ ഒന്നമർത്തി രുദ്രൻ പറഞ്ഞു.
“നീ ഒരു കൊച്ചു ആറ്റം ബോംബല്ലേടി, നിർവീര്യമാക്കാൻ എനിക്കല്ലേ അറിയുള്ളൂ, അതാണ് ഞാനാ റിസ്ക്കങ്ങ് ഏറ്റെടുത്തത്..”
അന്ന ഒന്നും മിണ്ടാതെ, അവനെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. എങ്കിലും ഇടയ്ക്കിടെ ആ നോട്ടം തന്നിലെത്തുന്നതും കൂടെയുള്ള കള്ളചിരിയും അവളറിയുന്നുണ്ടായിരുന്നു…
ചിന്തകളിൽ നിന്നുണർന്നപ്പോഴാണ് ചുറ്റും നോക്കിയത്. ഇതെങ്ങോട്ടാ എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ തലയിലെ മഞ്ഞ ബൾബ് മിന്നി. ഓഹ് ബീച്ചിലോട്ടാണ്. രുദ്രനെ പുച്ഛത്തോടെ ഒന്ന് നോക്കി അവൾ പുറത്തേക്കു തന്നെ കണ്ണും നട്ടിരുന്നു. ബീച്ചിലെത്തിയിട്ടും ആള് ഇറങ്ങില്ല. അന്ന അനങ്ങാൻ പോയില്ല.
വായിൽ തോന്നുന്നതൊക്കെ പറഞ്ഞിട്ട്, രണ്ടു പഞ്ചാര വർത്താനം പറഞ്ഞാൽ അന്ന പിന്നാലെ ചെല്ലുമെന്നാ അങ്ങേരുടെ വിചാരം ഹും..
“സോറി… ”
ആ സ്വരം കാതിൽ പതിച്ചിട്ടും അന്ന നോക്കിയില്ല..
അപ്പോഴാണ് നേർത്ത ഒരു മൂളൽ കേട്ടത്… പിന്നെ…
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം………
അന്ന വിടർന്ന കണ്ണുകളോടെ രുദ്രനെ തന്നെ നോക്കിയിരുന്നു.. ഒന്ന് കണ്ണിറുക്കി കാണിച്ചു രുദ്രൻ അവളുടെ നേരേ തിരിഞ്ഞു സ്റ്റിയറിങ്ങിൽ തല ചേർത്തു വെച്ച് അവളെ നോക്കി പാടി. അന്നയുടെ ചുണ്ടിലും ചിരി വിടർന്നു, പതിയെ അവൾ തല താഴ്ത്തി ആ സ്വരത്തിനായി കാതോർത്തു..
തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻമേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ….
എന്തിനീ നാണം… തേനിളം നാണം…..
മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴംപൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ… നിൻ പാട്ടെനിയ്ക്കല്ലേ…
അന്ന മെല്ലെ കണ്ണുകളുയർത്തിയപ്പോൾ രുദ്രൻ അവളെ നോക്കി പുരികമുയർത്തി. അന്ന ചിരിച്ചു.
“പിണക്കം തീർന്നോ പെണ്ണേ…? ”
അന്ന മൂളിയതേയുള്ളൂ.. അവളുടെ മുഖം ചുവന്നിരുന്നു. ചുറ്റുമുള്ളതൊന്നും കണ്ണിൽ പെടുത്താതിരിക്കാനുള്ള കഴിവുണ്ട് പ്രണയത്തിനെന്നു അവൾ അറിയുകയായിരുന്നു. ആ നിമിഷത്തിൽ കണ്ണുകളിലും മനസ്സിലുമെല്ലാം അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ … അവനോടുള്ള പ്രണയവും….
ആദി പറഞ്ഞു കേട്ടിട്ടുണ്ട് ഏട്ടൻ നന്നായി പാടുമെന്നൊക്കെ.. പക്ഷേ അതിനെ പറ്റി അധികം ആലോചിച്ചിട്ടേയില്ല..
“അതേയ് പോവണ്ടേ..? ”
“പോവാം.. ”
അന്ന മറുപടി പറഞ്ഞതും രുദ്രൻ ചിരിയോടെ പറഞ്ഞു.
“രണ്ടാഴ്ച കൂടെ കഴിഞ്ഞോട്ടെ പെണ്ണെ, നിനക്ക് എന്റെ കൂടെ കൊതി തീരുവോളം ഇവിടെ ഇരിക്കാം….അപ്പോൾ എന്റേത് മാത്രമല്ലെ….പിന്നെ ആരുടേയും അനുവാദം വേണ്ടല്ലോ എനിക്ക് ”
അന്ന ചിരിച്ചതേയുള്ളൂ. ഇങ്ങനെ വാക്കുകൾ കിട്ടാതെ, ആ കണ്ണുകളിൽ നോക്കാനാവാതെ ഇരിക്കേണ്ടി വരുന്നത് ഈ ഭാവം ആ മുഖത്ത് വരുമ്പോൾ മാത്രമാണ്. ഈ തോൽവിയിലും ഒരു സുഖമുണ്ട്…
“രണ്ടു ദിവസം കൂടി കഴിഞ്ഞാൽ സൂസൻ ആന്റിയുടെയും ജോൺ അങ്കിളിന്റെയും വെഡിങ് ആനിവേഴ്സറി അല്ലേ, സർ വരില്ലേ? ”
“ഞാൻ വരണോ? ”
“ആന്റി ക്ഷണിച്ചിട്ടുണ്ടല്ലോ, അപ്പോൾ വരണ്ടേ? ”
“ഓഹോ അതു കൊണ്ടാണല്ലേ അല്ലാതെ എന്നെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ”
രുദ്രൻ ചിരിച്ചപ്പോൾ അന്നയിലും ഒരു പുഞ്ചിരി എത്തി.
വീടെത്തുന്നതിനു മുമ്പേയാണ് ചോദിച്ചത്.
“എടോ കല്യാണത്തിന്റെ ഡ്രസ്സ് എടുക്കാൻ പോണുണ്ട്, തിരക്ക് കൂട്ടുന്നുണ്ട് എല്ലാരും. നിന്നെയും വിളിക്കാൻ പറഞ്ഞു ഗൗരി അപ്പച്ചി… ആദിയും ഉണ്ടാവുമല്ലോ ”
“ഞാൻ… ഞാൻ.. വരുന്നില്ല ”
രുദ്രന്റെ മുഖം മങ്ങിയത് അന്ന കണ്ടു..
“എന്ത് പറ്റി..? ”
കുറച്ചു ഗൗരവത്തിലായിരുന്നു ചോദ്യം..
“അത് ഞാൻ.. എനിക്ക് ”
“എടോ തനിക്ക് ഈ വിവാഹത്തിൽ ഒട്ടും താല്പര്യം ഇല്ലേ? ”
അന്നയ്ക്കു ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി, വെപ്രാളത്തോടെയാണ് അവൾ പറഞ്ഞത്.
“അതല്ലാ… അങ്ങിനെയല്ലാ… ”
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങുകയായിരുന്നു. അന്ന രുദ്രന്റെ കൈയിൽ പിടിച്ചു, അവൻ മുഖത്തേയ്ക്ക് നോക്കിയതും ആ കണ്ണുകളിൽ നോക്കി.. അവൾക്കു എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു..
“പ്ലീസ്… ”
“ഇട്സ് ഓക്കെ, എനിക്ക് മനസ്സിലാവും. പക്ഷേ ഞാൻ അറിയുന്ന അന്ന ഇങ്ങനെ എല്ലാരിൽ നിന്നും, എല്ലാത്തിൽ നിന്നും ഒളിച്ചോടുന്നവൾ ആയിരുന്നില്ല ”
അന്ന ഒന്നും പറഞ്ഞില്ല.
“അതേയ് എന്റെ മനസ്സിലും കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയുണ്ട്. തിരിച്ചിങ്ങോട്ട് വല്ലപ്പോഴുമൊക്കെ എന്നെയും ഒന്ന് സന്തോഷിപ്പിക്കണം കേട്ടോടി ”
ആ കള്ളച്ചിരി വീണ്ടും കണ്ടതും അന്ന അവനിൽ നിന്ന് മിഴികൾ മാറ്റി.
ഗേറ്റിനു പുറത്തു വണ്ടി നിർത്തിയപ്പോൾ അന്ന രുദ്രനെ നോക്കിയിട്ട് ചോദിച്ചു.
“ഇറങ്ങിക്കോട്ടെ.. ”
മൂളിക്കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടു പറഞ്ഞു.
“വേണ്ട.. ”
ആ കണ്ണുകളിൽ അപ്പോഴും ചിരിയുണ്ടായിരുന്നു.
അന്ന പതിയെ സ്റ്റിയറിങ്ങിൽ വെച്ചിരുന്ന അവന്റെ വലം കൈ പിടിച്ചു ചുണ്ടോട് ചേർത്തു..
“ഐ ലവ് യൂ… ”
ആ മുഖത്തേക്ക് നോക്കാനാവാതെ അന്ന പുറത്തിറങ്ങി വേഗത്തിൽ ഗേറ്റിന് അടുത്തെത്തി. തിരിഞ്ഞു നോക്കിയപ്പോൾ വലം കൈയിൽ ചുണ്ടുകൾ ചേർത്ത് തന്നെ നോക്കിയിരിക്കുന്ന ആളെ കണ്ടു…
ഹാളിൽ ത്രേസ്യാമ്മ ഉണ്ടായിരുന്നു. ഒന്ന് ചിരിച്ചു കാണിച്ചു ഒരു മൂളിപ്പാട്ടോടെ തന്റെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് മുൻപിൽ തടസ്സമായി ആദിലക്ഷ്മി..
“എന്താണ് ഒരിളക്കം, കവിളൊക്കെ ചുവന്നു തുടുത്തിട്ടുണ്ടല്ലോ? ഏട്ടന്റെ കൈയിൽ നിന്ന് എന്തോക്കെയോ കിട്ടി ബോധിച്ച ലക്ഷണം ഉണ്ടല്ലോ കൊച്ചേ ”
“അതെ കൊടുത്തു ബോധിച്ചു… ”
ആദി മിഴിച്ചു നിൽക്കുന്നത് കണ്ടു അന്ന അവളുടെ തലയ്ക്കു കിഴുക്കി കൊണ്ടു പറഞ്ഞൂ.
“വായടച്ചു വെക്ക് കൊച്ചേ.. ഇങ്ങനെ ഒരാങ്ങളയും പെങ്ങളും.. ആ ദേവനങ്കിളിനെ സമ്മതിക്കണം..
അന്ന അവളെ കടന്നു റൂമിലേക്ക് നടക്കുന്നതിനിടെ കേട്ടു.
“അതേയ്, ഈ പറഞ്ഞ മൊതല് രണ്ടാഴ്ച കൂടി കഴിഞ്ഞാൽ താങ്കളുടെ സ്വന്തം കെട്ട്യോനാ…. അന്നയുടെ സ്വന്തം രുദ്രൻ.. ”
കല്യാണഡ്രസും ആഭരണങ്ങളും എടുക്കാൻ കൂടെ ചെല്ലാൻ ആദിയും നിമ്മിയും എത്ര നിർബന്ധിച്ചിട്ടും അന്ന പോയില്ല .അവർ പരിഭവത്തോടെ ആണ് പോയത്. ത്രേസ്യാമ്മ അവളോട് കൂടുതലൊന്നും പറഞ്ഞില്ല.
രുദ്രൻ വിളിച്ചപ്പോൾ അവളുടെ ഇഷ്ടങ്ങൾ ഒക്കെ ചോദിച്ചിരുന്നു. അന്ന പറഞ്ഞു.
“എല്ലാം ആദിയുടെ ഇഷ്ടം പോലെ വാങ്ങിയാൽ മതി. ആ കൈകൾ കൊണ്ടു എന്റെ കഴുത്തിൽ കെട്ടുന്ന മിന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ആ താലി അണിയുമ്പോൾ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കുന്നവരെല്ലാവരും കൂടെയുണ്ടായിട്ടും പലപ്പോഴും ഒറ്റയ്ക്ക് ആയിപ്പോവുന്ന എന്റെ മനസ്സിന് കൂട്ടാവണെന്നു മാത്രമേ ഞാൻ മോഹിക്കുന്നുള്ളൂ ”
അന്നയുടെ ശബ്ദത്തിലെ ഇടർച്ച തിരിച്ചറിഞ്ഞാണ് രുദ്രൻ പറഞ്ഞത്.
” കല്യാണം ആദിയുടേതല്ല എന്റെയാ. എന്റെ പെണ്ണിന് എന്തൊക്കെ വാങ്ങണമെന്നത് എന്റെ ഇഷ്ടമാ കേട്ടോടി ”
“ഓഹ് സമ്മതിച്ചു, എന്നാലേ കെട്ടാൻ പോവുന്ന ആള് എല്ലാം സ്വന്തം ഇഷ്ടത്തിനനുസരിച്ചു വാങ്ങിയാൽ മതി ”
“രണ്ടാഴ്ച…നിന്നെ നന്നാക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കെട്ടെടി ”
ചിരിയോടെയാണ് ഫോൺ വെച്ചത്.
അനാഥയാണെങ്കിലും സൗഭാഗ്യങ്ങളുടെ നടുവിലാണ് വളർന്നത്. ഇന്നിപ്പോൾ തന്റെ മനസ്സ് വാക്കുകളിൽ കൂടെ അറിയുന്നതിന് മുൻപേ തന്നെ മനസ്സിലാവുന്ന ആളെയും കർത്താവ് തന്നിരിക്കുന്നു. തനിക്ക് വേണ്ടി കാത്തു വെച്ചത് പോലെ…
താൻ ഒരിക്കലും ആ മനസ്സറിയാൻ ശ്രമിച്ചിട്ടില്ല…എന്നിട്ടും.. രുദ്രന്റെ ജീവന്റെ പാതിയാവാൻ അവൾ തയ്യാറെടുക്കുകയായിരുന്നു.. അവന് വേണ്ടി എന്തും സഹിക്കാൻ…
സൂര്യമംഗലത്ത് ദേവലക്ഷ്മി ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ മുറിയിൽ തന്നെയിരിക്കുകയായിരുന്നു. കുഞ്ഞുന്നാളിലേ രുദ്രേട്ടനെ വലിയ ഇഷ്ടമായിരുന്നു. കൗമാരത്തിലെപ്പോഴോ അത് പ്രണയമായി. ആള് ചൂടനായിരുന്നത് കൊണ്ടു പറയാൻ പേടിയായിരുന്നു. തന്നെ ഏട്ടനും വല്യ ഇഷ്ടമായിരുന്നു. ഇടക്കെപ്പോഴൊക്കെയോ താൻ തെറ്റിദ്ധരിച്ചു. അമ്മ അറിഞ്ഞപ്പോൾ ആദ്യം ചിരിയായിരുന്നു.പിന്നെ ഉപദേശമായിരുന്നു. തന്റെ വാശി കണ്ടിട്ടാണ് മനസ്സില്ലാമനസ്സോടെ അമ്മാവനോട് സംസാരിച്ചത്. കേട്ടപ്പോൾ രുദ്രേട്ടൻ ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു എന്ന് ശ്രീക്കുട്ടി പിന്നീട് പറഞ്ഞു.
മുറിയിൽ പേടിച്ചിരിക്കുന്ന തന്റെ അടുത്തേക്ക് കൊടുങ്കാറ്റ് പോലെയാണ് എത്തിയത്.
എങ്ങിനെ തോന്നിയെടി നിനക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ, ആദിയെ പോലെ തന്നെയല്ലേ എനിക്ക് നീയും ശ്രീക്കുട്ടിയുമൊക്കെ..
തന്റെ സ്വപ്നങ്ങൾ തകർന്നു പോയി. രുദ്രേട്ടൻ പഴയത് പോലെ അടുത്ത് പെരുമാറിയില്ലെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു… ഇവിടെ വന്നു ആ യക്ഷിയെ കാണും വരെ.. എന്ത് കണ്ടിട്ടാണാവോ ആ ക്രിസ്താനി പെണ്ണിനെ കെട്ടാൻ പോകുന്നത്. ബാംഗ്ലൂരിൽ വെച്ച് ഒരുപാട് പെൺപിള്ളേർ ഏട്ടന്റെ പുറകെ നടക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടും ഇവൾ…
ദേവ പല്ല് ഞെരിച്ചു… അന്നയോടുള്ള വെറുപ്പ് കൊണ്ടു ഭ്രാന്ത് പിടിക്കുകയായിരുന്നു അവൾക്ക്. ശ്രീക്കുട്ടി റൂമിൽ എത്തിയിട്ടും ദേവ ശ്രദ്ധിച്ചില്ല..
“ദേവേച്ചി, അമ്മയും അച്ഛനും താഴെ കാത്തിരിപ്പുണ്ട് ഭക്ഷണം കഴിക്കാൻ, തലവേദന ആണെന്ന് പറഞ്ഞു രാവിലെയും ഒന്നും കഴിച്ചില്ലല്ലോ ”
“എനിക്ക് വേണ്ട.. അച്ഛനും അമ്മയും എന്തേ പോയില്ല കല്യാണചെറുക്കന്റെ കൂടെ ഷോപ്പിങ്ങിന്? ”
“ചേച്ചിയ്ക്ക് അറിയില്ലേ അമ്മയ്ക്ക് ഈ കല്യാണം തീരെ ഇഷ്ടമല്ലെന്ന്? ”
“ഓഹ് അത് എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ലാലോ, ചെറിയമ്മയോടുള്ള സ്നേഹം കൊണ്ടല്ലേ.. ഭ്രാന്താണ് അവർക്ക്.. ”
“ചേച്ചി… ദേവേച്ചി എന്തൊക്കെയാണ് ഈ പറയുന്നത്. ചേച്ചി എന്തൊക്കെ ചെയ്താലും രുദ്രേട്ടൻ ഒരിക്കലും ദേവേച്ചിയെ വിവാഹം കഴിക്കാൻ പോണില്ലെന്ന് തീർത്തു പറഞ്ഞതല്ലേ. ചേച്ചി പിന്നെയും… ”
“നീ നോക്കിക്കോ ശ്രീക്കുട്ടി എന്തൊക്കെയാ നടക്കാൻ പോവുന്നതെന്ന് ”
ദേവാലക്ഷ്മിയുടെ മുഖം കനത്തിരുന്നു.
“എന്റീശ്വരാ… ന്റെ കുട്ടികൾ.. ”
അവരെ തിരക്കി റൂമിലേക്ക് വരികയായിരുന്ന സീതാലക്ഷ്മി നെഞ്ചത്ത് കൈ വെച്ചു.
ഷോപ്പിങ്ങിന്റെ വിശേഷങ്ങൾ പറയുകയും ഫോട്ടോസ് ഒക്കെ കാണിക്കുകയും ചെയ്തെങ്കിലും രണ്ടു പേരുടെയും പിണക്കം പൂർണ്ണമായും മാറിയില്ല എന്നറിയാവുന്നത് കൊണ്ടാണ് പിറ്റേന്ന് സൂസൻ ആന്റിയുടെയും അങ്കിളിന്റെയും പാർട്ടിയ്ക്ക് പോവുമ്പോൾ ആദിയോടും നിമ്മിയോടുമൊപ്പം അന്നയും സാരി ഉടുത്തു റെഡി ആയത്. പുറത്തിറങ്ങി കാറിൽ കയറുമ്പോൾ അപ്പച്ചനും അമ്മച്ചിയും ഇച്ചായന്മാരും എല്ലാം തന്നെ നോക്കുന്നതും ആ കണ്ണുകളിലെ തിളക്കവും അന്ന കണ്ടിരുന്നു.
അടുത്ത കുടുംബക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നയുടെ കല്യാണം തന്നെയായിരുന്നു പ്രധാന ചർച്ചാ വിഷയം. കുത്തിക്കുത്തി ചോദിച്ചവർക്കെല്ലാം അമ്മച്ചി വായടിപ്പിക്കുന്ന മറുപടി കൊടുക്കുന്നത് അന്ന കണ്ടു. ത്രേസ്യാമ്മയുടെ നാവിനെ ഭയന്ന് ആരും കൂടുതൽ ഒന്നും പറഞ്ഞില്ല.
ദേവനും ചാരുദത്തനും ഗൗരി ലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു. അവർ അടുത്ത് വന്നു സംസാരിക്കുമ്പോൾ കാണാൻ കൊതിച്ച ആളെ നോക്കി ചുറ്റും പരതുകയായിരുന്നു അന്നയുടെ കണ്ണുകൾ…
ഒടുവിൽ കേക്ക് കട്ടിങ്ങിന്റെ സമയത്താണ് തന്നെ നോക്കി നിൽക്കുന്ന ആളെ അന്ന കണ്ടത്. എന്താന്ന് പുരികം കൊണ്ടു ചോദിച്ചപ്പോൾ രുദ്രൻ ഒന്നുമില്ലെന്ന് തലയാട്ടി. പിന്നെയും ആ കണ്ണുകൾ തന്നിലാണെന്നു അറിഞ്ഞപ്പോൾ ചമ്മലോടെ അന്ന അകത്തേക്ക് നടന്നു. ഫോൺ റിംഗ് ചെയ്തു..
ചിത്രയാണ്.. അവളുടെ കോഴി ഫാമിന്റെ വിശേഷങ്ങൾ കേട്ടു കൊണ്ടാണ് മുകളിലേക്കുള്ള പടികൾ കയറിയത്. ബാൽക്കണിയിൽ ആരുമുണ്ടായിരുന്നില്ല.
എല്ലാവരും താഴെയാണ്..
സംസാരിച്ചു കഴിഞ്ഞതും ചുമലിൽ ആ മുഖം ചേർത്ത് ഇരുകൈകൾ കൊണ്ടും ചുറ്റി പിടിച്ചിരുന്നു. അന്നയ്ക്ക് ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. രുദ്രന്റെ നിശ്വാസത്തിന്റെ ചൂട് അവളുടെ പിൻ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു.
“ഇപ്പോൾ ഒരു പെണ്ണാണെന്നൊക്കെ തോന്നുന്നുണ്ട്, നമ്മുക്ക് ഈ വേഷം അങ്ങ് സ്ഥിരമാക്കിയാലോടി ”
അന്നയ്ക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…..
(തുടരും )
ഇനിയും റൊമാൻസ് എന്ന് ആരും പറയരുത് 🙏😜😜നമ്മുടെ രുദ്രൻ സാറിനും അന്നക്കൊച്ചിനും ഇത്രയൊക്കെ റൊമാന്റിക് ആകാനേ പറ്റത്തുള്ളൂ 😜😜😜😍
Click Here to read full parts of the novel
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission