നിമിഷങ്ങൾക്കകം പോലീസ് ജീപ്പ് പാഞ്ഞ് വന്ന് ബസിനെ വിലങ്ങി നിന്നു …
തമിഴ് നാട് പോലീസായിരുന്നു എത്തിയത് ..
SI മണിമാരൻ ജീപ്പിൽ നിന്ന് കുതിച്ചിറങ്ങി …
ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗത്തേക്ക് അയാൾ പറന്നു വീണു .. ഒപ്പം കോൺസ്റ്റബിൾസും ….
പോലീസിനെ കണ്ടതും ഡ്രൈവർ തല പുറത്തേക്കിട്ടു …. അയാൾക്ക് എന്താണ് കാര്യമെന്ന് മനസിലായില്ല …
അതേ സമയം സ്കോർപിയോയിൽ ഇരുന്ന ജോഷിയുടെ കണ്ണുകൾ ചടുലം സഞ്ചരിച്ചു …
പോലീസ് നിൽക്കുമ്പോൾ , ഷൂട്ട് ചെയ്തിട്ട് ഒരു ഫാസ്റ്റ് എസ്കേപ്പ് സുരക്ഷിതമല്ല …
ഇടക്കിടക്ക് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു …
രാത്രി കാലങ്ങളിൽ ആ വഴി കൂടുതലും ചരക്ക് ലോറികളാണ് …
ജോഷി മുരുകനെ ഫോൺ ചെയ്തു വിവരം പറഞ്ഞു ….
ഏത് വിധേനെയും തീർക്കണം എന്നാൽ പോലീസിന്റെ കൈയ്യിൽ പെടുകയുമരുത് എന്ന ആജ്ഞ മാത്രം അവിടുന്ന് കിട്ടി …
ബസിനുള്ളിൽ നിന്ന ചന്ദ്രന് അപകടം മണത്തു ..
അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല … ഇറങ്ങിയോടണോ .. അതോ കീഴടങ്ങണോ …
SI മണിമാരൻ , സെക്കന്റുകൾക്കുള്ളിൽ ഡ്രൈവറുടെ സീറ്റ് വലിച്ച് തുറന്ന് ,അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ചു ….
” എന്നടാ …. പൊമ്പള വ്യാപാരം പണ്ണ പാക്കിറിയാ …അയോഗ്യ നായെ.. വാടാ ഇങ്കെ…. ” അയാളുടെ ശബ്ദം വെടിക്കെട്ട് പോലെ മുഴങ്ങി …
ഡ്രൈവറെ ഒരട്ടയെ പോലെ ചുരുട്ടിക്കറക്കി വലിച്ചു താഴെയിറക്കി നിർത്തി മണിമാരൻ …
അയാളുടെ കറുത്തു തടിച്ച , രോമം നിറഞ്ഞ ഉരുക്ക് കൈ അവനെ അടിച്ചുരുട്ടിയെറിയാൻ വെമ്പൽ കൊണ്ടു …
കോൺസ്റ്റബിൾസിൽ ഒരാൾ മറുവശത്തെ ഡോറിലൂടെ ക്ലീനറെ പിടിച്ചിറക്കിക്കൊണ്ടു വന്നു ..
” സർ … ഞങ്ങൾ ഒന്നും ചെയ്തില്ല .. ഇത് കോളേജിൽ നിന്ന് പ്രോഗ്രാമിന് പോകുന്ന ബസാണ് ….. ” ഡ്രൈവർ ഈയൽ പോലെ വിറച്ചു ….
” അടാടാടാ …….. ക്രാ … തുഫ് …………” വായിൽ കിടന്ന മുറുക്കാൻ പത മണിമാരൻ റോഡിലേക്ക് ആഞ്ഞ് തുപ്പി ….
” എന്നടാ നടിക്കിരെ…. ഓട്ടുമൊത്ത എവിഡൻസും എൻ കിട്ടേ ഇരുക്ക്.. ഉന്നെ തൂക്കറുത്ത്ക്ക് താ വന്തിരുക്കെ……എങ്കിട്ടെ ഉൻ വേലയേ കാട്ടാതെ………” ഡ്രൈവറെ അയാൾ വലിച്ച് കോൺസ്റ്റബിൾസിന് എറിഞ്ഞു കൊടുത്തു …
” എല്ലവനെയും തൂക്കി ജീപ്പിലെ യേത്ത്…”
അഭിരാമിയും അദ്വൈതും പോലീസ് ജീപ്പിനടുത്തേക്ക് വന്നു ..
” അന്ത ഡോക്ടറോടെ മനൈവി നീങ്ക താനേ?.. ” മണിമാരൻ അഭിരാമിയെ നോക്കി മയത്തിൽ ചോദിച്ചു ..
” ആ ……” അഭിരാമി തല ചലിപ്പിച്ചു …
ചന്ദ്രന് അപകടം മണത്തു … സ്റ്റുഡൻസ് എല്ലാവരും ബസിലൂടെ തലയിട്ട് നോക്കാൻ തുടങ്ങി …
ചന്ദ്രൻ പെട്ടന്ന് ബസിനുള്ളിലൂടെ പിന്നിലേക്ക് പോയി ….
” യാരെടാ അന്ത ചന്ദ്രൻ …….” മണിമാരൻ ഉച്ചത്തിൽ ചോദിച്ചു കൊണ്ട് , പാസഞ്ചേർസ് ഡോറിന്റെ സൈഡിലേക്ക് വന്നു …
അടുത്ത നിമിഷം ചന്ദ്രൻ എമർജെൻസി എക്സിറ്റ് തകർത്തു , ബസിന് പിന്നിലൂടെ റോഡിലേക്ക് ചാടി ..റോഡ് മുറിച്ചു കടന്നു … സ്കോർപിയോയുടെ മറുവശത്തേക്ക് ഓടി …
അര നിമിഷങ്ങൾക്കുള്ളിൽ സ്കോർപ്പിയോ മെല്ലെ ഇളകി ,റോഡിലൂടെ ഒഴുകി പോയി …
റോഡിന്റെ വശത്തുള്ള ഘോരവനം ഇരുൾ മൂടി കിടന്നു ..
ചന്ദ്രന് പിന്നാലെ കുതിച്ച പോലീസ് വനത്തിന്റെ ഇരുളിലേക്കിറങ്ങിയോടി ….
സ്കോർപിയോ കയറ്റം കയറി എങ്ങോ മറഞ്ഞു …
വൈദ്യുതി വിളക്കിന്റെ നേരിയ വെളിച്ചത്തിൽ , മണിമാരൻ നടുക്കത്തോടെ ആ കാഴ്ച കണ്ടു …
മറുവശത്തെ റോഡിന്റെ വിളുമ്പിൽ , കൊഴുത്ത ചോര …..
മണിമാരൻ അങ്ങോട്ടു കുതിച്ചു ..
ചൂട് മാറാത്ത മനുഷ്യന്റെ ചോര ….!
* * * * * * * * * * * * * * * * * * * * *
അഭിരാമിയെയും സ്റ്റുഡൻസിനെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു .. ബസും ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലായി …
ചോദ്യം ചെയ്യലിൽ അവർ നിരപരാധികളാണെന്ന് മണിമാരന് മനസിലായി എങ്കിലും ,അവരെ അവർ കസ്റ്റഡിയിൽ തന്നെ വച്ചു …
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ DySP ആസാദ് ഷഫീഖും സംഘവും സഞ്ചരിച്ച ജിപ്സി പോലീസ് സ്‌റ്റേഷന്റെ മുറ്റത്ത് പൊടിപറത്തിക്കൊണ്ട് നിന്നു ..
വരാന്തയിൽ കുട്ടികൾക്കൊപ്പം നിന്നിരുന്ന അഭിരാമി , ജിപ്സിയിൽ നിന്ന് ചാടിയിറങ്ങിയ ആളെ കണ്ടു …
അവളുടെ കണ്ണിൽ മിന്നൽ പാഞ്ഞു…
ഇയാൾ … ഇയാളെ ഞാനെവിടെയോ …..?
അവൾ ആലോചിക്കുമ്പോഴേക്കും , അയാളുടെ ബൂട്സ് അണിഞ്ഞ കാൽ സ്റ്റേഷന്റെ കൽപ്പടവിൽ പടപടപ്പോടെ ചവിട്ടിയുരഞ്ഞു ….
അവളാ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി .. നെറ്റിക്കു മേലെ വെട്ടു കൊണ്ട പാട് ….
ഇയാൾ .. ഇയാളന്ന് വിനയേട്ടനെ കാണാൻ വന്ന പേഷ്യന്റ് അല്ലേ … ഇയാളെങ്ങനെ ഇവിടെ എത്തി ..
അവൾ അയാളെ തുറിച്ചു നോക്കവേ , അയാളുടെ കണ്ണുകളും അവളുടെ മുഖത്ത് ആയിരുന്നു ..
ഒരു കറുത്ത പാന്റും , മഞ്ഞ ടീ ഷർട്ടുമായിരുന്നു അയാളുടെ വേഷം .. അയാൾക്ക് പിന്നിൽ രണ്ട് പേർ കൂടിയുണ്ടായിരുന്നു ..
അഭിരാമിയുടെ തുറിച്ച നോട്ടത്തെ , ചുണ്ടിന്റെ കോണിൽ നിന്ന് അടർന്ന ഒരു പുഞ്ചിരിയാൽ നേരിട്ടു കൊണ്ട് ആസാദ് സ്റ്റേഷനിലുള്ളിലേക്ക് കയറി ..
വാതിൽക്കൽ നിന്ന പോലീസ് അയാളെ നോക്കി സല്യൂട്ടടിച്ചു …
അഭിരാമി മിഴിച്ചു നിന്നു ….
അയാൾ അകത്തേക്ക് കയറവേ , മറ്റ് കോൺസ്റ്റബിൾസും അയാളെ കണ്ട് എഴുന്നേറ്റ് സല്യൂട്ടടിച്ചു …
ഒടുവിൽ മണിമാരന്റെ റൂമിലേക്ക് അയാൾ സ്വാതന്ത്യത്തോടെ കയറിയതും , മണിമാരനും സീറ്റിൽ നിന്ന് എഴുന്നേറ്റ് സല്യൂട്ടടിച്ചു ….
സല്യൂട്ടടിച്ച മണിമാരന് നേരെ , DySP ആസാദ് ഷഫീഖ് ഹസ്ഥ ദാനത്തിനായി കൈ നീട്ടി …..
* * * * * * * * * * * * * * * * * * * * * * * *
ഡോ . ഫസൽ നാസർ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് രഹസ്യമായി , മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സ്പെഷ്യാലിറ്റി ബ്ലോക്കിലെത്തി …
ലിഫ്റ്റ് വഴി അവർ അഞ്ചാം നിലയിൽ ഇറങ്ങി ….
Dr . ഫസൽ നാസർ , ബെഞ്ചമിൻ എന്ന് രേഖപ്പെടുത്തിയ സത്താറിന്റെ അരികിലെത്തി ….
” എഴുന്നേൽക്കു … നിങ്ങൾക്ക് നടക്കാൻ പറ്റില്ലെ … ഒരു സ്കാനിംങുണ്ട് … ”
സത്താറിന്റെ കണ്ണൊന്നു പിടഞ്ഞു ..
” എന്നെ അഡ്മിറ്റ് ചെയ്ത ഡോക്ടർ ഒന്നും പറഞ്ഞില്ല .. കാഴ്ച മങ്ങലും തല ചുറ്റലും എനിക്ക് ഒട്ടും വയ്യ ഡോക്ടറെ ….” സത്താർ തളർച്ചയഭിനയിച്ച് പറഞ്ഞു ..
” അത് സാരമില്ല .. അറ്റൻഡർ കൂടെ വരും .. വേണമെങ്കിൽ സ്ട്രെച്ചർ എടുപ്പിക്കാം … ” ഫസൽ നാസർ പറഞ്ഞു ..
കേസ് ഷീറ്റിൽ പറഞ്ഞിരിക്കുന്ന അസുഖങ്ങളുടെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത പേഷ്യന്റാണ് ബെഡിൽ കിടക്കുന്ന ബെഞ്ചമിൻ എന്നത് ഫസൽ നാസറിൽ സംശയം ജനിപ്പിച്ചിരുന്നു ..
അതിനാൽ തന്നെ ആ കേസ് ഷീറ്റ് മുഴുവൻ അരിച്ചു പെറുക്കി പരിശോധിച്ച ഫസൽ നാസർ മറ്റൊരു കാര്യം കണ്ടു പിടിച്ചു ..
” നിങ്ങൾ ഡയാലിസിസ് ചെയ്യുന്ന വ്യക്തിയല്ലല്ലോ …..” ഫസൽ നാസർ ഒരിക്കൽ കൂടി ചോദിച്ചു ..
” അല്ല ഡോക്ടറെ …..” സത്താർ തളർന്ന ശബ്ദത്തിൽ പറഞ്ഞു …
” എഴുന്നേൽക്കൂ ……” ഫസൽ നാസർ അവന്റെ കൈക്ക് പിടിച്ചു ..
സത്താറിന് എന്തോ അപകടം മണത്തു ..
” സാറെ .. എന്നെ അഡ്മിറ്റ് ചെയ്ത ഡോക്ടർ വരട്ടെ സാറെ …..” അവൻ ശബ്ദം പരമാവധി നേർപ്പിച്ച് പറഞ്ഞു ..
” ഇപ്പോ എനിക്കാ ചാർജ് ………” അത്രയുമായപ്പോൾ ഫസൽ സ്വരം കടുപ്പിച്ചു …
സത്താർ എഴുന്നേറ്റു …
ഡ്യൂട്ടി നഴ്സുമാർ എന്തോ ആശങ്കയോടെ തന്നെ നോക്കി നിൽക്കുന്നത് സത്താർ ശ്രദ്ധിച്ചു …
അടുത്ത നിമിഷം ഫസലിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടിയിട്ട് സത്താർ ഐസിയു വിന്റെ ഡോറിന് നേർക്ക് ഓടി ..
ഫസൽ പിന്നോട്ട് മറിഞ്ഞു എങ്കിലും എങ്ങനെയോ ബാലൻസ് ചെയ്ത് നിന്നു … .
ഐസിയു വിന്റെ ഡോർ തുറന്ന് , പുറത്ത് വിശാലമായ അൺസ്റ്റെറയിൽ ഏരിയയിലേക്കിറങ്ങിയ സത്താർ ഞെട്ടിത്തെറിച്ചു ….
ആറേഴ് കാക്കി ധാരികൾ ….
ഒരാളുടെ കൈയിലിരുന്ന വിലങ്ങ് , നേർത്ത വെളിച്ചത്തിൽ തിളങ്ങി ..
അടുത്ത നിമിഷം പോലീസ് അവനെ വളഞ്ഞു പിടിച്ചു …… വിലങ്ങണിയിച്ചു … പുറത്തേക്ക് നടത്തി ..
ഫസൽ നാസർ അയാളുടെ കേസ് ഷീറ്റുമായി പിന്നാലെ ചെന്നു …
SI ഡോക്ടർക്കടുത്തേക്ക് വന്നു ..
” ഈ കേസ് ഷീറ്റിൽ , ഇയാളുടെ പഴയ ഹോസ്പിറ്റൽ രേഖകളിലെ മെഡിക്കൽ ഹിസ്റ്ററിയിൽ ഡയാലിസിസ് ചെയ്യുന്ന പേഷ്യന്റ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .. ബട്ട് ഇന്ന് അഡ്മിറ്റ് ചെയ്യുമ്പോൾ അത്തരത്തിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല … ”
” വിട്ടു പോയതൊന്നും അല്ലല്ലോ … അല്ലേ … ” SI ചോദിച്ചു ..
” നെവർ … അങ്ങനെയാണെങ്കിലും അയാളുടെ ശരീരത്തിൽ അത് കാണേണ്ടതാണ് .. ഇടത്തേ കൈയിലാണ് എവി ഫിസ്റ്റുല ചെയ്തിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് .. ബട്ട് ഇയാളുടെ ഇടത്തേ ആമിൽ ഒന്നുമില്ല … അതാണ് എനിക്ക് സംശയം തോന്നാൻ കാരണം .. ”
” ഒക്കെ ഡോക്ടർ … ഞങ്ങൾ അന്വേഷിക്കാം വിശദമായി .. ആൾമാറാട്ടമാണോ എന്ന് സംശയമുണ്ട് .. ഡോക്ടർ ഒന്ന് സ്‌റ്റേഷൻ വരെ വരേണ്ടി വരും .. ഈ റെക്കോർഡ്സുമായിട്ട് .. ”
” ഷുവർ …..” ഫസൽ നാസർ സമ്മതിച്ചു …
” താങ്ക്യൂ ഡോക്ടർ .. ”
* * * * * * * * * * * * * * * * * * * * * * * * *
കുട്ടികൾ പലരും , സ്റ്റേഷൻ വരാന്തയിലേക്ക് ചുമർ ചാരി ഇരുന്ന് കാൽ നീട്ടിവച്ച് ഉറക്കം തുടങ്ങി …
അഭിരാമിക്ക് ഇരിക്കാൻ ഒരു സ്റ്റൂൾ കിട്ടിയിരുന്നു …
കുട്ടികളുടെയെല്ലാം പാരന്റ്സ് എത്തിയിട്ടേ ,വിടൂ എന്ന് ആസാദ് ഷഫീഖ് അവളോട് പറഞ്ഞിരുന്നു .. കോളേജിൽ നിന്ന് പ്രിൻസിപ്പൽ ഉൾപ്പെടെ ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നും ആസാദ് പറഞ്ഞു ..
അവൾ കുട്ടികളുടെ നേർക്ക് നോക്കി …
ആദ്യത്തെ ഒരു പകപ്പിനപ്പുറം , കുട്ടികളെല്ലാം സ്ട്രോങ് ആയിരുന്നു എന്നത് അവളെ അത്ഭുതപ്പെടുത്തി ..
ഇപ്പോഴത്തെ കുട്ടികൾക്ക് പ്രശ്നങ്ങളെ നേരിടാൻ കഴിയില്ല എന്ന് പറയുന്നതൊക്കെ വെറും പൊള്ളത്തരമാണ് ..
തന്നേക്കാൾ മിടുക്ക് അവർക്കുണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി ..
പെട്ടന്ന് , ഒരു കാർ ഗേറ്റ് കടന്ന് മുറ്റത്തേക്ക് ഒഴുകി വന്നു …
വിനയേട്ടൻ …..!
അഭിരാമിയുടെ നെഞ്ച് തുടിച്ചു …
അവൾ എഴുന്നേറ്റു …
അവൻ കാർ നിർത്തി ഡോർ തുറന്നിറങ്ങി …
അവന്റെയരികിലേക്ക് ഓടിയണയാൻ വെമ്പി അവൾ നിന്നു ..
അവളുടെ കണ്ണ് നിറഞ്ഞു …
മനസിലേക്ക് ഒരു കുളിർമഴ പെയ്തിറങ്ങി ..
കുട്ടികളിലാരൊക്കെയോ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു …
അവൻ കയറി വന്നതും , അവളവന്റെയടുത്തേക്ക് ഓടിച്ചെന്നു …
അവൻ അവളെ പിടിച്ചു നിർത്തി … തോളിൽ തട്ടിയാശ്വസിപ്പിച്ചു …
” പേടിക്കണ്ട … ഞാൻ വന്നില്ലേ … ” അവൻ അലിവോടെ അവളുടെ കവിളിൽ തട്ടി …
” ഇനി എനിക്ക് പേടിയില്ല .. ഒട്ടും … ” അവൾ വിതുമ്പി ..
അവൻ അവളെ വിട്ട് , സ്റ്റേഷനുള്ളിലേക്ക് കയറിപ്പോയി ….
* * * * * * * * * * * * * * * * * * * *
പിറ്റേ പ്രഭാതം ഉണർന്നത് , കേരളത്തെ ഞെട്ടിക്കുന്ന വാർത്തയുമായിട്ടായിരുന്നു …
കോളേജ് സംഘത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സെക്സ് റാക്കറ്റിന്റെ ശ്രമം പരാജയപ്പെട്ട വാർത്തകൾ കൊണ്ട് മാധ്യമ കോളങ്ങൾ നിറഞ്ഞു …
റാക്കറ്റിലെ പല കണ്ണികളും രക്ഷപ്പെട്ടതും …, ചന്ദ്രൻ എന്ന കോളേജ് അദ്ധ്യാപകനെ തമിഴ് നാട് പോലീസിന്റെ മൂക്കിൻ തുമ്പിലൂടെ മറ്റാരോ കൊണ്ട് പോയി വെടി വെച്ച് കൊന്നു തള്ളിയത് കേരള ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രമുഖ നേതാക്കന്മാർ ട്രോളന്മാർക്കുൾപ്പടെ ചാകരയുണ്ടാക്കിക്കൊടുത്തു ..
ഡോ . ശബരിയെ കാണാതായതും , ഇതു വരെ കണ്ടെത്താൻ കഴിയാത്തതും കേരള പോലീസിനെ സമ്മർദ്ദത്തിലാക്കി ..
* * * * * * * * * * * * * * *
ഒന്നും കഴിക്കാതെ , കരഞ്ഞ് കരഞ്ഞ് ആദി ഒന്ന് രണ്ട് വട്ടം ശർദ്ദിക്കുകയും ചെയ്തു ..
രാവിലെ ഉണർന്നപ്പോൾ പപ്പയെയും മമ്മയെയും കാണാത്തത് അവനെ സങ്കടപ്പെടുത്തിയിരുന്നു … അതിനാൽ അവൻ ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചു ..
ഉച്ചയായിട്ടും രണ്ട് പേരെയും കാണാതായപ്പോൾ അവൻ കരച്ചിൽ തുടങ്ങി .. ശർദ്ദിച്ചതിൽ പിന്നെ പനിയും തുടങ്ങിയിരുന്നു ..
” അവരെപ്പോ എത്തും ചേട്ടാ .. ”
” ആ ചന്ദ്രനെ ആരോ വെടി വച്ച് കൊന്നത് കൊണ്ടാ വൈകുന്നേ .. പിന്നെ കുട്ടികളുടെ എല്ലാം പാരന്റ്സ് എത്തി , അവർക്കൊപ്പം വിട്ടിട്ടേ ആമിക്ക് വരാൻ കഴിയൂ ……”
ജനാർദ്ദനൻ പറഞ്ഞു ….
” ആദിയെ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം ചേട്ടാ ….”
” ആ എന്നാൽ നീ റെഡിയാക് …..”
സരള അപ്പോൾ തന്നെ ആദിയെയും കൊണ്ട് അകത്തേക്ക് നടന്നു ..
*****************
കുട്ടികളെയെല്ലാം പാരന്റ്സിനൊപ്പം വിട്ട ശേഷം അഭിരാമി വിനയ് യുടെ കൂടെ കാറിലേക്ക് കയറി …
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു ……
അത് വരെ അടക്കി വച്ചതെല്ലാം അവൾ ഇറക്കി വയ്ക്കുകയായിരുന്നു അവന്റെ നെഞ്ചിലേക്ക് …
കരയട്ടെ എന്ന് അവനും കരുതി .. അവളെ ചേർത്തണച്ച് മെല്ലെ തലോടി …
” ഇനി ഞാനെങ്ങോട്ടുമില്ല വിനയേട്ട .. കോളേജിൽ നിന്ന് റിസൈൻ ചെയ്യാൻ പോവാ … എനിക്ക് വയ്യ ഇനി … എനിക്ക് പേടിയാ … എനിക്ക് വിനയേട്ടന്റെ കൂടെ ജീവിച്ചാൽ മാത്രം മതി ……” അവൾ അവന്റെ നെഞ്ചിൽ മുഖമർപ്പിച്ചു പുലമ്പിക്കൊണ്ടിരുന്നു …
അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു … ഒരു പൂവിൽ മുത്തമിടുന്നത് പോലെ ആ നിറ മിഴിയിൽ അവൻ ചുംബിച്ചു ..
” ഞാൻ നിർബന്ധിച്ചോ നിന്നെ .. നിന്റെ ഇഷ്ടം പോലെ ചെയ്താൽ മതി … ങും…..” അവൻ അവളെ തഴുകി ആശ്വസിപ്പിച്ചു ..
* * * * * * * * * * * * * * * * * * * * * * *
രാത്രിയോടെ വിനയ് യും അഭിരാമിയും തിരിച്ചെത്തി … ആദി കരഞ്ഞ് തളർന്ന് ഉറങ്ങിയിരുന്നു ….
പ്രീതയും വിമലും ശ്രിയയും ഒക്കെ അവരെ കാത്തിരിപ്പുണ്ടായിരുന്നു ..
അഭിരാമിയെ കണ്ടതും പ്രീത ഓടി വന്ന് കെട്ടിപ്പിടിച്ചു … സരളയും ഇറങ്ങി വന്നു ..
പ്രീത അവളെ അകത്ത് കൊണ്ട് പോയി ചായ കൊടുത്തു .. വിനയ് ക്കും കൊടുത്തു …
കൂട്ടത്തിൽ വിവരങ്ങളെല്ലാം അവർ ചോദിച്ചറിഞ്ഞു …
ആദിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയ വിവരം ജനാർദ്ദനൻ പറഞ്ഞു …
മീഡിയക്കാർ പലരും വീട്ടിൽ വന്നിരുന്നെന്നും അവർ പറഞ്ഞു ..
അഭിരാമി വേഗം മുകളിലേക്ക് പോയി .. ആദി നല്ല ഉറക്കത്തിലായിരുന്നു .. നന്നായി പനിക്കുന്നുമുണ്ടായിരുന്നു ….
അവൾ അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു ….
അവളും വല്ലാതെ ക്ഷീണിച്ചിരുന്നു ……..
* * * * * * * * * *
വിനയ് വന്നു നോക്കുമ്പോൾ അഭിരാമിയും ആദിയും നല്ല ഉറക്കത്തിലായിരുന്നു ..
അവൻ ഫ്രഷായി വസ്ത്രം മാറ്റി വന്നു …. അഭിരാമിയുടെ അരികിലേക്ക് അവൻ കിടന്നു …
ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി അവളും ഉറങ്ങുന്നു …. അവൻ ആ കവിളിൽ ഒന്നു ചുംബിച്ചു …. പിന്നെ നെറ്റിയിലും …
നിന്നെ ഞാനാർക്കും വിട്ട് കൊടുക്കില്ല .. മരണത്തിന് പോലും … എനിക്ക് വേണം നിന്നെ … എന്നെന്നും എന്റെ മാത്രമായി …
അവൻ നിശബ്ദമായി അവളോട് പറഞ്ഞു ….
* * * * * * * * * * * * * * * * * * *
രാത്രിയിൽ ആദിയുടെ ഞരങ്ങുന്ന ശബ്ദം കേട്ടാണ് ആമിയുണർന്നത് …
വിനയ് യുടെ കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു ….. അവളതെടുത്തു മാറ്റി .. ആദിയെ നോക്കി ….
അവൻ കണ്ണ് തുറന്ന് വച്ചിട്ടുണ്ടായിരുന്നു .. പക്ഷെ കൃഷ്ണമണി മുകളിലേക്ക് കയറിപ്പോയിരുന്നു …
” വിനയേട്ടാ ……..” അഭിരാമി അലറി വിളിച്ചു ……
* * * * * * * * * * * * * * * * * *
ആദിയെ മെഡിക്കൽ കോളേജിൽ തന്നെ അഡ്മിറ്റ് ചെയ്തു … പനി കൂടി … ഒപ്പം ശർദ്ദിലും ….. ഭക്ഷണം കഴിക്കാതെയും അവനാകെ തളർന്നു പോയിരുന്നു .. പേടിക്കാൻ വേണ്ടിയൊന്നും ഇല്ലായിരുന്നു …
അഭിരാമി രാവിലെ ആദിക്ക് ഭക്ഷണം കൊടുത്ത ശേഷം കോളേജിലേക്ക് പോയി …
റിസൈൻ ചെയ്യുകയാണെന്ന അവളുടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു …
അവൾ പോയപ്പോൾ വിനയ് ആദിക്കൊപ്പം റൂമിലുണ്ടായിരുന്നു ….
സരള അവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് വരാനായി വീട്ടിലേക്ക് പോയി ….
അൽപ്പം കഴിഞ്ഞപ്പോൾ വിനയ് ക്ക് Dr . സിറിലിന്റെ കോൾ വന്നു …
കമിറ്റഡ് ആയ സർജറിക്കായി , പെട്ടന്ന് എത്താൻ പറഞ്ഞു … അതിന് മുൻപുള്ള രണ്ടെണ്ണം മാറ്റി വച്ചു എന്നറിയിച്ചു ..
അവനുടൻ ഫോണെടുത്ത് അഭിരാമിയെ വിളിച്ചു …
” നീയെവിടെയെത്തി ആമി … എനിക്കൊരു സർജറിക്ക് പോകണം … ” അവൻ പറഞ്ഞു …
” വിനയേട്ടൻ പൊയ്ക്കോ .. ഞാൻ എത്താറായി .. ഓട്ടോയിലാ .. ഒരു പത്ത് മിനിറ്റ് ….”
” ഒക്കെ …” അവൻ ഫോൺ വച്ചിട്ട് ബെഡിൽ കിടന്ന് ഉറങ്ങുന്ന ആദിയെ ഒന്ന് കൂടി നോക്കിയിട്ട് പുറത്തേക്കിറങ്ങി … ഡ്യൂട്ടി നർസിനോട് പറഞ്ഞിട്ട് അവൻ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് പോകാനിറങ്ങി …
ആ സമയം , ഇടനാഴിയുടെ അങ്ങേയറ്റത്ത് നിന്ന് അറ്റൻഡറുടെ വേഷത്തിൽ ഒരാൾ ഓക്സിജൻ സിലിണ്ടർ വലിച്ചുകൊണ്ട് ആദി കിടന്ന റൂം ലക്ഷ്യമാക്കി നടന്നു …
അയാളുടെ തലമുടി പറ്റെ വെട്ടിയിരുന്നു ..
അയാൾ റൂമിലേക്ക് കടന്നു ….
ബെഡിൽ കിടന്നുറങ്ങുന്ന ആദിയെ അൽപ നേരം നോക്കി നിന്നു …
പിന്നെ പോക്കറ്റിൽ നിന്ന് മരുന്ന് നിറച്ച സിറിഞ്ചെടുത്ത് സ്വന്തം കൈയിലേക്ക് കുത്തിയിറക്കി ..
പിന്നെ ഉന്മാദിയെപ്പോലെ തല ചരിച്ച് ആദിയെയും …
ശേഷം , അവന്റെ തലക്കു മുകളിലായി ഇരുന്ന ഓക്സിജൻ സാച്ചുറേഷനിൽ ലെവൽ അഡ്ജസ്റ്റ് ചെയ്ത് , സിലിണ്ടറുമായി കടുപ്പിച്ചു .. ശേഷം മാസ്ക് ആദിയുടെ മുഖത്തേക്ക് വച്ചു … സാച്ചുറേഷൻ ലെവൽ വീണ്ടും കൂട്ടി …
ആദി ഒരു വെട്ടലോടെ കണ്ണ് തുറന്നു …
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission