Skip to content

നന്ദ്യാർവട്ടം – ഭാഗം 32

നന്ദ്യാർവട്ടം

കോളേജ് മുറ്റത്ത് , അവർക്ക് പോകുവാനുള്ള ബസ് കിടപ്പുണ്ടായിരുന്നു ..

അഭിരാമി നേരെ ഫൊക്വൽറ്റിയിലേക്ക് പോയി …

കുട്ടികളുടെ ലിസ്റ്റ് അവൾ അന്ന് പുസ്തകത്തിൽ വച്ചതാണ് .. അതിന് ശേഷം ലീവായിരുന്നത് കൊണ്ട് അവൾക്കത് എടുക്കാൻ പറ്റിയില്ല ..

അവൾ ചെന്ന് , തന്റെ സീറ്റിലിരുന്ന പുസ്തകം തുറന്ന് ലിസ്റ്റ് എടുത്തു …

അവളാ ലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു …

ചാന്ദ്നി എന്ന പേരിൽ അവളുടെ കണ്ണുടക്കി ..

ഒരിക്കൽ വിനയേട്ടൻ ആ പേര് പറഞ്ഞിട്ട് അറിയുമോ എന്ന് ചോദിച്ചത് അവളോർത്തു ..

അവൾ പെട്ടന്ന് ഫോണെടുത്ത് വിനയ് യുടെ നമ്പർ ഡയൽ ചെയ്തു .. കോൾ പോയെങ്കിലും അവൻ എടുത്തില്ല .. ഡ്രൈവിംഗിലായിരിക്കും എന്നവൾ ഊഹിച്ചു ..

അവൾ ലിസ്റ്റുമെടുത്തു കൊണ്ട് ബസിനടുത്തേക്ക് വന്നു ..

കുട്ടികളോരോടുത്തരായി എത്തിച്ചേർന്നിരുന്നു .. അവസാനവട്ട റിഹേർസൽ പോലെ അവർ കോളേജ് മുറ്റത്ത് നിന്ന് തന്നെ പ്രാക്ടീസ് ചെയ്തു നോക്കുന്നുണ്ടായിരുന്നു ..

ചന്ദ്രൻ സർ ഓടി നടന്ന് കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടായിരുന്നു ..

* * * * * * * * * * * * * * * * * *

റൂമിലിരുന്ന് ശബരി ലഗേജ് എടുത്തു വച്ചു ..തൊട്ടടുത്ത് അരുൺ ഉണ്ടായിരുന്നു ..

” നമ്മൾ ബോഡി കടത്തിയത് ആരെങ്കിലും കണ്ടു പിടിക്കുമോ സർ ….”

” ഒന്നുമില്ലടോ ….. ആരും കണ്ടു പിടിക്കില്ല .. ” ശബരി കൂളായി പറഞ്ഞു …

” അല്ല സാറേ ..എന്നാലും ഈ ബോംബ് പൊട്ടി മരിക്കുമ്പോ വലിയ അന്വേഷണങ്ങൾ ഒക്കെ വരില്ലെ .. സ്പോട്ടീന്ന് ഒള്ള സാമ്പിൾ ഒക്കെ പരിശോധിച്ചാൽ എല്ലാം പൊളിയൂലെ സാറെ …….”

” അതൊക്കെ അപ്പോ തന്നെ , ചാവേർ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തോളും .. പിന്നെ കൂട്ടത്തിൽ 14 പെൺപിള്ളേർക്കും വിനയ് ടെ ഭാര്യ അഭിരാമിക്കും മാത്രമേ പകരം കഡാവർ വയ്ക്കുന്നുള്ളു .. ബാക്കി മൂന്നാൺ പിള്ളേരും ബസ് ഡ്രൈവറും ക്ലീനറും ഒറിജിനലി ബോബ് പൊട്ടി ചാവും…… കടാവർ വയ്ക്കുന്നവരുടെ DNA സാമ്പിൾസ് ഒക്കെ റെഡിയാ .. കിട്ടാനുള്ളത് അഭിരാമിയുടെ മാത്രം .. അത് റിസോർട്ടിൽ വച്ച് എടുത്തോളാം ….” ശബരി ക്രൂരതയോടെ ചിരിച്ചു ..

” ഈ പെൺപിള്ളേരെയൊക്കെ നോർത്തിലോട്ട് ജീവനോടെയല്ലേ കടത്തുന്നേ .. ഇവളുമാരെങ്ങാനും എന്നെങ്കിലും തിരിച്ചു വന്നാലോ സാറേ … അത് പോലെ വിനയ് ഡോക്ടർടെ ഭാര്യ .. അവരൊക്കെ തിരിച്ചു വന്നാലുള്ള ഭൗഷ്യത്ത് സാറിന് ഊഹിക്കാൻ പറ്റുമല്ലോ .. ”

ശബരി പൊട്ടിച്ചിരിച്ചു ….

” അങ്ങനെയൊന്നും വരില്ലടോ…. ആ പെൺപിള്ളേര് വരാതെ അവര് നോക്കിക്കോളും …. പിന്നെ അഭിരാമി .. അവൾ .. അവളീ ജന്മം തിരികെ വരില്ല ……….” ശബരി വന്യമായി ചിരിച്ചു …

” സാറിന് അവരോട് പ്രേമമായിരുന്നോ സാറെ …..” അരുൺ ചോദിച്ചു ….

ശബരിയുടെ കണ്ണൊന്നു പിടഞ്ഞു ….

അവന്റെ കൺമുന്നിൽ ഒരു ഇരുപത് കാരിയുടെ രൂപം തെളിഞ്ഞു … ഇന്നും ഒളിമങ്ങാത്ത കാഴ്ചയായി …

ആക്സിഡന്റിന്റെ മുറിവുകൾ പൊറുത്ത് തിരികെ ബാംഗ്ലൂരിലെത്തിയ അഭിരാമി … കൂട്ടുകാരിയുടെ കാമുകനെ പരിചയപ്പെടാൻ ലാൽബാഗിലേക്ക് വന്ന കതിരു പോലൊരു സുന്ദരിക്കുട്ടി ..

അന്നാദ്യമായി ജീവിതത്തിൽ നിരാശ എന്തെന്ന് താനറിഞ്ഞു … പിന്നീടിങ്ങോട്ട് വർഷങ്ങളെത്ര കഴിഞ്ഞിട്ടും ആ നിരാശ തന്നെ വിട്ടൊഴിയാതെ കൂടെയുണ്ട് .. ഇന്ന് പക്ഷെ അത് ജീർണിച്ച് , പുഴുവരിച്ച് പൊട്ടി ചോരയൊലിക്കുന്ന വെറും പകയായി മാറിയിരിക്കുന്നു ..

അന്നാശുപത്രിയിൽ വച്ച് ആദ്യമായി അവളോട് താൻ വിവാഹം ചെയ്തോളാം എന്ന് പറഞ്ഞത് ആത്മാർത്ഥമായി തന്നെയായിരുന്നു … പക്ഷെ അവൾ തന്റെ മുഖത്തടിച്ചു ..

പിന്നീട് അതേ ആവശ്യവുമായി അവളെ പിൻതുടർന്നപ്പോഴൊക്കെ അവൾ ഭയന്നോടുകയാണ് ചെയ്തത് …

അവൾക്കു വന്ന വിവാഹങ്ങളെല്ലാം മുടക്കി ,അവൾക്ക് ചുറ്റും ഒരു വലയം തീർത്തത് എന്നെങ്കിലും മാധുരി എന്ന ക്യാൻസറിനെ വെട്ടിമാറ്റി അവളെ സ്വന്തമാക്കാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു …

അപ്പോഴേക്കും , തന്റെ കണ്ണൊന്ന് തെറ്റിയ നിമിഷത്തിൽ കൈയെത്തും ദൂരത്ത് തനിക്കവളെ നഷ്ടമായി .. അവനവളെ കൈവശപ്പെടുത്തി ..

അവന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞു ..

” സാർ അവരെ കൊണ്ട് പോയി കൊല്ലാൻ പോവാണോ …” നിശബ്ദനായി നിൽക്കുന്ന ശബരിയെ നോക്കി അരുൺ ചോദിച്ചു ..

ശബരി അവനെയൊന്ന് നോക്കി …

പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ലഗേജ് അടുക്കി വച്ചു …..

” അപ്പോ പറഞ്ഞതൊക്കെ തനിക്ക് ഓർമയുണ്ടല്ലോ … ഇന്ന് രാത്രി അമലാകാന്തിയെ സത്താർ തീർക്കും .. ഐസിയുവിൽ ഞാനവനെ അഡ്മിറ്റ് ചെയ്തത് അതിനാണ് … തന്റെയൊരു കണ്ണ് അവിടെ വേണം … അവന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കണം .. അവനെ കോഴിക്കോട് പോലിസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ഈ രാത്രി ഏതായാലും ഐസിയുവിൽ അവൻ സുരക്ഷിതനാണ് … ”

” എന്തിനാ സാറേ അവനെ കോഴിക്കോട് പോലീസ് അന്വേഷിക്കുന്നത് ……?” അരുൺ ചോദിച്ചു ..

ശബരി ഒന്ന് പുഞ്ചിരിച്ചു …

” അത് തത്ക്കാലം രഹസ്യമായിട്ടിരിക്കട്ടെ …. ” അവന്റെ മനസിൽ നിരഞ്ജനയുടെ മുഖമായിരുന്നു ..

അവളുടെ പ്രതിശ്രുത വരൻ …. ഇപ്പോ അവൻ ആശുപത്രിയിലെ കറങ്ങുന്ന ഫാനും നോക്കി കിടപ്പുണ്ട് .. ഇനിയൊരിക്കലും എഴുന്നേൽക്കാനാകാതെ ….
അവൻ മനസിൽ പറഞ്ഞു …

” അല്ല സാറെ .. സാറ് ഒരാഴ്ച ലീവല്ലേ .. അപ്പോ ഈ സത്താറിനെ നമ്മുടെ മറ്റ് ഡോക്ടേർസ് പരിശോധിക്കില്ലെ … അയാൾക്ക് ഐസിയുവിൽ കിടക്കാൻ മാത്രം കുഴപ്പം ഒന്നുമില്ലെങ്കിൽ അവർക്ക് സംശയമാകില്ലെ … ”

” അതിന് വേണ്ട മെഡിക്കൽ റെക്കോർഡ് ഒക്കെ ഞാൻ ശരിയാക്കി വച്ചിട്ടുണ്ട് .. ഹോസ്പിറ്റൽ റെക്കോർഡ്സിൽ അവന്റെ പേര് ബെഞ്ചമിൻ എന്നാണ് … അമലാകാന്തിയുടെ കാര്യം ക്ലോസായി കഴിഞ്ഞാൽ , അവനവിടുന്ന് സ്ഥലം വിടും .. അവനാണ് കൊലയാളി എന്ന് നാളെത്തന്നെ എല്ലാവർക്കും മനസിലാകും .. ഞാനവനെ അഡ്മിറ്റ് ചെയ്തത് , വ്യക്തമായ കാരണങ്ങൾ ഉള്ളത് കൊണ്ടാണ് .. ബെഞ്ചമിന്റെ ഹോസ്പിറ്റൽ രേഖകൾ അവിടെയുണ്ടല്ലോ .. സത്താറിനെ ആരുടെയും കൈയ്യിൽ പെടാതെ രക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ് .. അറിയാമല്ലോ അവൻ ബെഞ്ചമിനല്ല .. സത്താറാണെന്ന് ആരെങ്കിലും അറിഞ്ഞാൽ സംശയം എന്നിലേക്ക് വരും .. പിടിക്കപ്പെടും … ഞാൻ മാത്രമല്ല … ഇതു വരെ കൂടെ നിന്ന നീയും … സോ ബി കെയർ ഫുൾ ………” ശബരി അവനെ ഇരുത്തിയൊന്ന് നോക്കി …

അരുണിന് എന്തോ ഒരു ഭയം തോന്നി … ചെയ്തതൊക്കെ അബദ്ധമായോ എന്നവൻ ഭയന്നു …..

” ഈ ബെഞ്ചമിനെ പോലീസന്വേഷിക്കില്ലേ .. കൊലയാളി ബെഞ്ചമിനാണെന്ന് കരുതി …..” അരുൺ ചോദിച്ചു ..

” അന്വേഷിക്കും …. അന്വേഷിച്ച് എത്തുന്നത് ശവപറമ്പിലായിരിക്കും ….. അപ്പോഴേക്കും ഞാൻ ലീവ് കഴിഞ്ഞെത്തില്ലേ … എന്റെ ഭാഗം ഞാൻ ക്ലിയർ ചെയ്തോളാം .. ” ശബരി ഭയമേതുമില്ലാതെ പറഞ്ഞു …

അരുണിന് എന്തോ എല്ലാം പിടിക്കപ്പെടുമെന്ന് തോന്നി … –

ഇനി … ഇനി രക്ഷപ്പെടാൻ താൻ ശ്രമിച്ചാൽ ,ഈ നീചന്മാർ തന്നെയും കൊല്ലും …..

ശബരി അരുണിനെയൊന്ന് നോക്കി ..

” താനിനി പൊയ്ക്കോ ….. ഞാനിറങ്ങാൻ പോകുവാ ……..” ശബരി പറഞ്ഞു ..

അരുൺ തലയാട്ടി ….. പിന്നെ മെല്ലെ പുറത്തേക്ക് നടന്നു …

ശബരിയുടെ കണ്ണുകൾ ഒന്ന് കുറുകി …

അവൻ ഫോണെടുത്ത് മുരുകനെ വിളിച്ചു ..

” ഭായ് …. ആ അറ്റൻഡർ ചെക്കനില്ലേ .. അരുൺ .. അവന്റെ മേലൊരു കണ്ണ് വേണം .. അവന് എന്തോ ഒരു ചലനം പോലെ … ” ശബരി കുറുക്കനെ പോലെ പറഞ്ഞു …

” ങും .. ഞാൻ നോക്കിക്കോളാം .. താനിറങ്ങാറായോ …..”

” ഞാൻ റെഡിയാണ് .. ചന്ദ്രന്റെ കോളിന് വേണ്ടി വെയിറ്റിംഗ് ആണ് …….” ശബരി ആഹ്ലാദത്തോടെ പറഞ്ഞു …

” ഗുഡ് …. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാൽ ബസിനുള്ളിൽ മൊബൈൽ ജാമർ പ്രവർത്തിപ്പിക്കും .. . തന്റെ കാറ് ആ ജാമറിന്റെ പരിധിക്ക് പുറത്ത് കൂടി വേണം അവരെ ഫോളോ ചെയ്യാൻ … താനുമായിട്ടാവും ഞങ്ങൾ കണക്ട് ചെയ്യുന്നത് …ഒക്കെ …..” മറുതലക്കൽ മുരുകന്റെ ശബ്ദം ഒന്ന് കുറുകി ..

” അറിയാം ഭായ് … ” ശബരി കൗശലത്തോടെ ചിരിച്ചു ..

* * * * * * * * * * * * * * * * * * * * *

കുട്ടികളെല്ലാം ബസിൽ കയറിയിരുന്നു .. അഭിരാമി ഫോണെടുത്ത് വിനയ് യെ വിളിച്ചു നോക്കി .. ബെല്ലുണ്ടായിരുന്നെങ്കിലും ഫോണെടുത്തില്ല ….

ഹോസ്പിറ്റലിലെ തിരക്കിൽപ്പെട്ടു കാണും എന്നവൾക്ക് തോന്നി …

” എന്നാ പിന്നെ പോകാം മിസ്സേ … ” ചന്ദ്രൻ സാർ ചോദിച്ചു ..

” ങും ….” അഭിരാമി തലയാട്ടി …

അവരെ യാത്രയാക്കാൻ അവിടെ കൂടി നിന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും അവർക്ക് ആശംസകൾ നേർന്നു …

പോയി കപ്പടിച്ച് വരണമെന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിളിച്ച് പറഞ്ഞു ..

ഒപ്പം അവർക്ക് ജയ് വിളികളും കരഘോഷങ്ങളും മുഴങ്ങി ..

അഭിരാമിയും ചന്ദ്രൻ സാറും ബസിലേക്ക് കയറി …

അവർ ഒരിക്കൽ കൂടി എല്ലാ വിദ്യാർത്ഥികളും ഉണ്ടെന്ന് ഉറപ്പു വരുത്തി …

ബസിന്റെ ഡോറടഞ്ഞു….

ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്തു …

ഒരു ഈശ്വര പ്രാർത്ഥനയോടെ യാത്രയാരംഭിക്കാമെന്ന് ചന്ദ്രൻ സർ പറഞ്ഞു …

ഈശ്വര പ്രാർത്ഥന പാടാനായി ചന്ദ്നിയും ഗണ്യയും മാളവികയും സീറ്റിൽ നിന്നിറങ്ങി മുന്നോട്ടു വന്നു ..

ചന്ദ്രൻ സർ അവർക്ക് മൈക്ക് കൊടുത്തു ..

അവർ ചേർന്നു നിന്നു .. നടുക്കു നിന്ന ചാന്ദ്‌നി മൈക്ക് പിടിച്ചു …

എല്ലാവരും സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്നു ..

” വളരുക ജ്ഞാന നികേതനമേ …
വളരുക മമ വിദ്യാലയമേ ..
വരദയായി വരദയായി വളരുക നീ …
വിശുദ്ധ ജ്ഞാന നികേതനമേ …
താവക ബാലകരാമ്യങ്ങൾ ..
തവ മഹിമക്കായി പ്രാർത്ഥിപ്പൂ ..
തുണക്കണേ നീ ജഗദീശാ …..
തുണക്കണേ നീ ജഗദീശാ ……”

അവരുടെ പ്രാർത്ഥന ബസിനുള്ളിൽ മുഴങ്ങി .. പ്രപഞ്ചത്തിലെങ്ങോ ഉണ്ടെന്ന് വിശ്വസിക്കുന്ന ജഗദീശ്വരൻ അത് കേട്ടുവോ എന്ന് കാറ്റും , വെയിലും തിരമാലകളും ശങ്കിച്ചു നിന്നു ..

ബസ് കോളേജ് ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി ..

അവർക്ക് പിന്നിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും കൈവീശി യാത്രാമംഗളങ്ങൾ നേർന്നു ….

ബസിനുള്ളിൽ ഉച്ചത്തിലുള്ള സ്റ്റീരിയോ മുഴങ്ങി .. കുട്ടികൾ സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ അഭിരാമി അവരെ തടഞ്ഞു ..

” ഇത് പിക്നിക്കല്ല .. നമ്മൾ പ്രോഗ്രാമിന് പോവുകയാണ് .. ആർത്തു വിളിച്ചു തൊണ്ടയൊക്കെ പോയാൽ എങ്ങനെ പ്രോഗ്രാം ചെയ്യും .. എല്ലാവരും നിശബ്ദരായി ഇരുന്ന് ഉറങ്ങുകയോ മറ്റോ ചെയ്യു … അവിടെ ചെന്നാൽ റെസ്റ്റ് ചെയ്യാനൊന്നും കഴിഞ്ഞു എന്ന് വരില്ല .. കോസ്റ്റ്യൂംസ് ഒക്കെ ഇടേണ്ടതല്ലേ … ”

അവർക്ക് ചെറിയ നിരാശ തോന്നി …

” ഇതൊക്കെയൊരു രസമല്ലേ മിസേ .. വലിയ ബഹളമൊന്നുമില്ലാതെ ചെറുതായിട്ട് വേണമെങ്കിൽ ഡാൻസൊക്കെ ചെയ്തോളു …. ” ചന്ദ്രൻ സർ അവരെ സപ്പോർട്ട് ചെയ്തു ..

” ഹേയ് ……..” ബസിനുള്ളിൽ ആർപ്പുവിളിയുയർന്നു …

അഭിരാമി പിന്നെ ഒന്നും പറയാൻ പോയില്ല …

ചന്ദ്രൻ കൗശലത്തോടെ ഒന്ന് ചിരിച്ചു… അവരുടെയെല്ലാം ശ്രദ്ധ തിരിക്കേണ്ടതും , കുട്ടികൾ തളർന്നുറങ്ങേണ്ടതും അയാളുടെ ആവശ്യമായിരുന്നു ..

* * * * * * * * * * * * * * * * * * * * * * * *

വിനയ് തിരക്കൊഴിഞ്ഞ് ഡ്യൂട്ടി റൂമിൽ വന്നപ്പോൾ ഏഴ് മണിയായിരുന്നു ..

അവൻ ഫോണെടുത്ത് നോക്കി ..

അഭിരാമിയുടെ മൂന്ന് മിസ്ഡ് കാൾ ഉണ്ട് ..

അവൾ ആദ്യം വിളിച്ചപ്പോൾ താൻ സിഗ്നലിലായിരുന്നു ..

ഹോസ്പിറ്റലിൽ എത്തിയിട്ട് വിളിക്കാമെന്ന് കരുതിയിരുന്നതാണ് .. അപ്പോഴേക്കും ഒരു ആക്സിഡന്റ് കേസ് വന്ന് എമർജൻസി സർജറിക്ക് കയറി ..

ഇപ്പോഴാണ് തിരിച്ചിറങ്ങിയത് …

അവൻ അഭിരാമിയുടെ നമ്പറിലേക്ക് കാൾ ചെയ്തു .. കാൾ പോകുന്നില്ല .. ഒരു തവണ സ്വിച്ച്ഡ് ഓഫെന്നും , പിന്നെ പരിധിക്ക് പുറത്തെന്നും ഒക്കെ കേട്ടു ..

റെയ്ഞ്ച് ഉണ്ടാകില്ലെന്ന് അവന് തോന്നി …

പിന്നെയും ഹോസ്പിറ്റലിൽ കുറച്ച് സമയം കൂടി അവൻ ചിലവഴിച്ചു ..

ആമിയില്ലാത്തത് കൊണ്ട് ആദി വലിയ വഴക്കിലായിരിക്കുമെന്ന് അവനോർത്തു ..

അവൻ ഐസിയുവിൽ ചെന്ന് അമലയെ പരിശോധിച്ചു …

ഡ്യൂട്ടിയിൽ ഷംന സിസ്റ്റർ ഇല്ലാത്തത് കൊണ്ട് അവന് നേരത്തെ ഇറങ്ങാനും തോന്നിയില്ല ..

പിന്നെ ആദി തനിച്ചായത് കൊണ്ട് അവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നിസ്റ്ററിനെ , അമലാ കാന്തിയിൽ ഒരു പ്രത്യേക ശ്രദ്ധ വേണമെന്ന് പറഞ്ഞേൽപ്പിച്ചു ..

ഡോക്ടർ ഫസൽ നാസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് കൊണ്ട് അവന് പകുതി സമാധാനം ഉണ്ടായിരുന്നു ..

അവൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി ..

കാറിൽ കയറിയിട്ട് ഒരിക്കൽ കൂടി അഭിരാമിയെ വിളിച്ചു …

അപ്പോഴും ആ നമ്പർ പരിധിക്ക് പുറത്തായിരുന്നു …

* * * * * * * * * * * * * * * * * * * * *

ബസിനുള്ളിൽ എല്ലാവരും അങ്കലാപ്പിലായിരുന്നു …

ആരുടെ ഫോണിനും സിഗ്നൽ ഇല്ല …

ചന്ദ്രൻ സർ ഒന്നുമറിയാത്ത ഭാവത്തിൽ ബസ് ജീവനക്കാരോട് സിഗ്നൽ കിട്ടാത്തതിന്റെ കാരണം ചോദിച്ചു …

അവർക്കും വ്യക്തമായ ഒരുത്തരമില്ലായിരുന്നു …

ഈ ഭാഗത്തൊക്കെ സാധാരണ റെയ്ഞ്ചുള്ളതാണെന്ന് അവർ പറഞ്ഞു …

കുറച്ച് മുന്നോട്ടു വന്നിട്ട് , ഒരു കൊച്ച് ചായക്കടയോട് ചേർത്ത് ഡ്രൈവർ ബസ് നിർത്തി ..

കടയിൽ മുന്നിലെ ബഞ്ചിൽ ചിലരുണ്ടായിരുന്നു ..

ഡ്രൈവർ തല പുറത്തേക്കിട്ടു ..

” ചേട്ടാ … ഫോണിൽ സിഗ്നൽ കിട്ടുന്നുണ്ടോ … ” അയാൾ വിളിച്ചു ചോദിച്ചു ..

ചന്ദ്രൻ സാറിന്റെ നെഞ്ചിടിച്ചു …

ഡ്രൈവർ ഇങ്ങനെയൊരു ബുദ്ധി ചെയ്യുമെന്ന് ചന്ദ്രൻ പ്രതീക്ഷിച്ചില്ല …

പണി പാളുമോ എന്നയാൾ ഭയന്നു ..

” ആ ഉണ്ടല്ലോ …” ബെഞ്ചിലിരുന്നൊരാൾ ഫോൺ നോക്കാതെ പറഞ്ഞു ..

ഡ്രൈവർ തന്റെ ഫോണിലേക്ക് നോക്കി ..

” ഇല്ല … ഇല്ല .. റെയ്ഞ്ചില്ല ……. ” പെട്ടന്ന് ഫോൺ നോക്കിയ മറ്റൊരാൾ വിളിച്ചു പറഞ്ഞു …

പിന്നാലെ ഫോണെടുത്തു നോക്കിയ മറ്റുള്ളവരും ഇല്ല എന്ന് തന്നെ പറഞ്ഞു …

” മൊത്തത്തിലുള്ള പ്രശ്നം വല്ലതുമാവും അപ്പോ …..” ബസിലെ ക്ലീനർ പറഞ്ഞു ..

” ശരി ചേട്ടാ … ” ഡ്രൈവർ അവർക്ക് നന്ദി പറഞ്ഞു … ബസ് യാത്ര തുടർന്നു …

ചന്ദ്രന് സമാധാനമായി .. ബസ് കടയ്ക്കു മുന്നിൽ നിർത്തിയപ്പോൾ കടയിലിരുന്നവരും ജാമറിന്റെ പരിധിയിലായത് കൊണ്ട് രക്ഷപ്പെട്ടു എന്നയാൾ ഓർത്തു …

അഭിരാമിക്ക് സങ്കടം വന്നു ..

ആദിയെ ഓർത്തപ്പോൾ അവളുടെ നെഞ്ച് വിങ്ങി …

പാവം … തന്നെ കാണാഞ്ഞിട്ട് അവൻ സങ്കടത്തിലാവും എന്നവൾ ഓർത്തു ….

ഒന്ന് വീഡിയോ കോൾ ചെയ്ത് , അവനെ കാണാമെന്ന അവളുടെ ആഗ്രഹം പൊലിഞ്ഞു …

അവൾ ഫോണെടുത്തു ഗ്യാലറി തുറന്നു ….

ആദിയുടെ നൂറുകണക്കിന് ഫോട്ടോസ് കൊണ്ട് അവളുടെ ഗ്യാലറി സമ്പൂർണമായിരുന്നു …

അവൾ ഓരോന്നോരോന്നായി സ്വൈപ് ചെയ്ത് നോക്കൊണ്ടിരുന്നു …

അതേ സമയം വീട്ടിൽ ആദിയെയും വിനയ് അഭിരാമിയുടെ ഫോട്ടോ കാണിച്ചു സമാധാനിപ്പിക്കുകയായിരുന്നു …

അവൻ ഫോണിന്റെ സ്ക്രീനിലേക്ക് ഉമ്മ വച്ചു ..

വിനയ് അവന് കുറേശ്ശെ ഭക്ഷണം വായിൽ വച്ച് കൊടുത്തു …

വിനയ് വന്നപ്പോൾ ആദിയെ അവനെ ഏൽപ്പിച്ചിട്ട് സരളയും ജനാർദ്ദനനും പോയി കഴിഞ്ഞിരുന്നു ..

വിനയ് ആദിയെ ഭക്ഷണം കഴിപ്പിച്ച് വായ കഴുകിക്കൊടുത്തു … കടയിൽ നിന്ന് വാങ്ങിയ ചപ്പാത്തിയും കിഴങ്ങ് കറിയും കഴിച്ചിട്ട് വിനയ് ആദിയെയും കൂട്ടി മുകളിൽ പോയി ….

ആദി കളിച്ചു കൊണ്ടിരുന്നത് കൊണ്ട് വിനയ് അവനെ നിലത്ത് നിർത്തി വീണ്ടും അഭിരാമിയെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല …

മറ്റാരുടേയും നമ്പർ വാങ്ങാനും ഓർത്തില്ല എന്നതിൽ അവന് ദുഃഖം തോന്നി …

വിനയ് ക്ക് കുറച്ച് റഫർ ചെയ്യാനുണ്ടായിരുന്നു…

അവൻ ബുക്ക്സ് എടുത്തു ടേബിളിലേക്കിരുന്നു …

ആദി കുറച്ചു സമയം വിനയ് യുടെ അരികിൽ നിന്നിട്ട് , തത്തി തത്തി തന്റെ ടോയിസ് റൂമിലേക്ക് നടന്നു …..

അവിടെ പോയി അവനെക്കാൾ വലിയൊരു ടെഡി ബിയർ വലിച്ചുകൊണ്ട് തിരികെ വന്നു …

ശേഷം അവൻ വീണ്ടും ടോയിസ് റൂമിലേക്ക് പോയി ….

വിനയ് അത് നോക്കിയിട്ട് മിണ്ടാതിരുന്നു ..

ഇനി അവിടെയുള്ളതെല്ലാം വാരി ഇവിടെ കൊണ്ട് വന്ന് വയ്ക്കുമെന്ന് അവനറിയാമായിരുന്നു …

എന്തെങ്കിലും കുറുമ്പ് കാട്ടി നിൽക്കട്ടെ എന്നവൻ ഓർത്തു …

ഇല്ലെങ്കിൽ ആമിയെ ഓർമ വരുമ്പോൾ അവൻ കരച്ചിൽ തുടങ്ങും …

അടുത്തതായി അവൻ പോയൊരു പട്ടിയെ എടുത്തു കൊണ്ട് വന്ന് ടെഡി ബിയറിനരികിലായി വച്ചു …

പിന്നെ അവൻ അതിന് മുന്നിലിരുന്നു .. ആദ്യം ടെഡിബിയറിന്റെ പുറത്ത് ചവിട്ടുകയും കയറിയിരിക്കുകയും ഒക്കെ ചെയ്തു … പിന്നെ അതിന് ആദി ഉമ്മ കൊടുത്തു …

കൂട്ടത്തിൽ പട്ടിയുടെ വാലിൽ തൂക്കിയെടുത്ത് തറയിലൊരു അടി കൊടുത്തു …

അതിന്റെ വയറിൽ അടപ്പു പോലെയുണ്ടായിരുന്ന ഭാഗം ഇളകി തെറിച്ചു …

അതിനൊപ്പം ഒരു പെൻഡ്രൈവും ..

ആദ്യം വിനയ് അത് ശ്രദ്ധിച്ചിരുന്നില്ല ….

ആദി പെൻഡ്രൈവ് കൈയിലെടുത്തു …

പിന്നെയത് വായിൽ വച്ചു കടിച്ചു …

ഇത്തവണ വിനയ് അത് കണ്ടു …

ജിൻസി സിസ്റ്റർ ഏൽപ്പിച്ച പെൻഡ്രൈവ് …!

അവൻ വേഗം എഴുന്നേറ്റ് വന്ന് ആദിയുടെ കൈയിൽ നിന്ന് അത് പിടിച്ചു വാങ്ങി …

അവനത് വാങ്ങിയെടുത്തതും ആദി കരച്ചിൽ തുടങ്ങി ….

പെൻഡ്രൈവ് മേശമേൽ വച്ച് , വിനയ് ആദിയെ എടുത്ത് സമാധാനിപ്പിക്കാൻ ശ്രമിച്ചു ..

അവൻ കരച്ചിൽ നിർത്തിയില്ല …..

” മംമാ ……” അവൻ കരച്ചിലായി .. വാശിയായി …

വിനയ് ആമിയുടെ ഫോട്ടോ കാട്ടി അവനെ സമാധാനിപ്പിച്ചു ..

പിന്നെ എപ്പോഴോ അവൾ പാടി , അവൻ ഫോണിൽ റെക്കോർഡ് ചെയ്തു വച്ചിരുന്ന പാട്ട് അവൻ പ്ലേ ചെയ്തു കൊടുത്തു ..

ഇത്തവണ ആദി ഒട്ടൊന്നടങ്ങി ….

വിനയ് അവനെയും കൊണ്ട് ബാൽക്കണിയിലിറങ്ങി നടന്നു … അവനെ താരാട്ടിയുറക്കാൻ …

ഫോണിൽ അഭിരാമിയുടെ ശബ്ദത്തിൽ പാട്ട് കേട്ടുകൊണ്ടിരുന്നു …

” ഓരോ പൂവും ഒരോരോ രാവും ..
നീയെന്നുള്ളിൽ ശ്യാമ മോഹം ..
പാട്ടുമായി കൂട്ടിരിക്കാം .. ഒന്നു നീ കേൾക്കുമെങ്കിൽ ..
ഊഞ്ഞാലിൻ കൊമ്പിലെ … താരാട്ടിൻ ശീലുകൾ ..
പൊഴിയും വരങ്ങളായി ഞാൻ പാടാം നിന്മുന്നിൽ …
സ്നേഹത്തുമ്പി ഞാനില്ലേ കൂടെ … കരയാതെന്നാരോമൽ തുമ്പി …..

അവളുടെ സ്വരം അച്ഛന്റെയും മകന്റെയും ആ രാത്രിയെയും ധന്യമാക്കി ഒഴുകിക്കൊണ്ടിരുന്നു ..

(തുടരും )

 

Click Here to read full parts of the novel

4.1/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!