ശബരിയുടെ മുഖത്ത് കൊലച്ചിരി വിരിഞ്ഞു ..
” അതൊക്കെ ഞാൻ കൃത്യ സമയത്ത് എത്തിച്ചോളാം … ” ശബരി ഒരു വഷളൻ ചിരിയോടെ പറഞ്ഞു ..
” ആ അത് മതി ….. ” മറുവശത്തും ഒരുമർത്തിയ ചിരി കേട്ടു ….
* * * * * * * * * * * * *
ബയോകെമിസ്റ്റ്ട്രി ലാബിലേക്ക് വിനയ് അയച്ച സ്പെസിമന്റെ റിസൾട്ട് , അവന് മെയിൽ ചെയ്തിട്ടുണ്ടെന്ന് , ലാബിലെ സുഹൃത്ത് വിളിച്ചറിയിച്ചു ..
അവൻ ലാപ് എടുത്ത് ലോഗിൻ ചെയ്തു …
മെയിൽ തുറന്ന് , അവസാനം വന്ന ഇമെയിലിലൂടെ കണ്ണോടിച്ചു ..
അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു …
കോമയിൽ കിടക്കുന്ന പേഷ്യന്റിന്റെ ശരീരത്തിലേക്ക് , സെൻസറി നെർവുകളെ നിർജീവമാക്കുന്ന രാസവസ്തുക്കളുടെ കൂട്ട് കടത്തിയിരിക്കുന്നു ..
രക്തത്തിൽ നിന്നോ മറ്റോ കണ്ടെത്താനാകാത്ത തരത്തിൽ ഒരു പ്രത്യേക ഡ്രഗ് …
ഡ്രിപ്പ് ബോട്ടിലിൽ അവശേഷിച്ച ഡ്രോപ്സിൽ നിന്നാണ് അത് കണ്ടെത്തിയിരിക്കുന്നത് …
അവൻ ലാപ്പ് അടച്ച് , എഴുന്നേറ്റ് ഐസിയു വിലേക്ക് ചെന്നു ..
അമലാകാന്തിയുടെ കേസ് ഷീറ്റ് എടുത്ത് പരിശോധിച്ചു ..
അതിലൊന്നിലും രേഖപ്പെടുത്താത്ത ഒരു മെഡിസിൻ … ഡ്രിപ്പ് ബോട്ടിലിൽ ആരോ പർപ്പസ്ഫുള്ളി ഇൻജക്ട് ചെയ്തതാണെന്ന് അവന് ഉറപ്പായി …
നൈറ്റ് ഡ്യൂട്ടിയിൽ ഷംന സിസ്റ്റർ വരുമെന്ന് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാർ പറഞ്ഞപ്പോൾ അവന് അൽപം ആശ്വാസമായി ….
പക്ഷെ ….. ! അവളുടെ ജീവൻ അപകടത്തിലാണ് ….
ഉണ്ടായിരുന്ന തെളിവുകൾ വച്ച് , വിനയ് അപ്പോൾ തന്നെ ഹോസ്പിറ്റൽ സൂപ്രണ്ടിനും എച്ച്ഒഡിക്കും പരാതി നൽകുകയും ചെയ്തു ….
രാത്രി ഏകദേശം പത്തര മണി വരെ വിനയ് ഹോസ്പിറ്റലിൽ ചിലവഴിച്ചു …
ഷംന സിസ്റ്ററിനോട് അമലാകാന്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചു ..
കൂടാതെ എന്ത് എമർജൻസി വന്നാലും , അവളുടെ ശരീരത്തിലേക്ക് ഇൻജക്ട് ചെയ്യുന്ന മെഡിസിൻ കൃത്യമായി ഡോക്ടേർസ് ഓർഡറിൽ റേക്കോർഡ് ചെയ്യിപ്പിക്കണമെന്നും , മെഡിസിൻ ലോഡ് ചെയ്യുമ്പോൾ അത് കൺഫേം ചെയ്യണമെന്നും ഷംന സിസ്റ്റർക്ക് നിർദ്ദേശം നൽകിയിട്ടാണ് വിനയ് ഹോസ്പിറ്റലിൽ നിന്നിറങ്ങിയത് …
* * * * * * * * * * * * * * * * * * *
വിനയ് വരാറായപ്പോൾ തന്നെ അഭിരാമി പോയി ഗേറ്റ് തുറന്നിട്ടു …
ആദിയെയും കൊണ്ട് അവൾ സിറ്റൗട്ടിൽ കാത്ത് നിന്നു …
അൽപം കഴിഞ്ഞപ്പോൾ റോഡിൽ ഒരു വെളിച്ചം കാണായി …
” ദേ പപ്പ വരുന്നു ……….. ” അഭിരാമി ആദിയുടെ കാതിൽ പറഞ്ഞു ..
അവനത് മനസിലായി …
അവൻ അവളുടെ ഒക്കത്തിരുന്ന് കൈയ്യും കാലുമിട്ടിളക്കി … ചിരിച്ചു ….
വിനയ് യുടെ കാർ ഗേറ്റ് കടന്നു വന്നു , പോർച്ചിൽ നിന്നു …..
വിനയ് കാറിൽ നിന്നിറങ്ങി ഡോറടച്ചു .. ബാഗ് അഭിരാമിയുടെ കൈയിൽ കൊടുത്തിട്ട് അവൻ തന്നെ പോയ് ഗേറ്റടച്ചിട്ട് വന്നു ..
വിനയ് കയറി വന്നതും , ആദി രണ്ടും കൈയ്യും നീട്ടി പിടിച്ചു , അവന്റെ തോളിലേറാൻ ധൃതികൂട്ടി ….
അവൻ ആദിയുടെ കവിളിൽ തട്ടി .. ഹോസ്പിറ്റലിൽ മണിക്കൂറുകൾ ചിലവഴിച്ചിട്ട് വന്നത് കൊണ്ട് ഇൻഫെക്ഷൻ ആകണ്ട എന്നു കരുതി അവൻ കുഞ്ഞിനെ എടുത്തില്ല …
“പപ്പ ഫ്രഷായിട്ട് എടുക്കാല്ലോ …….” അവൻ കുഞ്ഞു വിരലിൽ തൊട്ടു കൊണ്ട് പറഞ്ഞു …
” ഇതെന്താ ഇന്ന് ഉറങ്ങാഞ്ഞെ ….” അവൻ അഭിരാമിയോട് ചോദിച്ചു ..
” ഉച്ചക്ക് ഉറങ്ങിയിട്ട് ലേറ്റായാ എഴുന്നേറ്റെ … അതാവും കള്ളന് ഉറക്കമില്ലാത്തത് ….” അവൾ ആദിയുടെ കവിളിൽ മൂക്ക് ഉരസിക്കൊണ്ട് പറഞ്ഞു …
അവൾ അവന് കഴിക്കാനെടുത്ത് വച്ചപ്പോഴേക്കും , അവൻ ഫ്രഷായി ഇറങ്ങി വന്നു …
ആദിയെയും മടിയിൽ വച്ചു കൊണ്ടാണ് അവൻ കഴിക്കാനിരുന്നത് ..
ചപ്പാത്തിയിൽ നിന്ന് അൽപം നുള്ളിയെടുത്ത് ആദിയുടെ വായിൽ വച്ചു കൊടുത്തു …
” അമലക്ക് എങ്ങനെയുണ്ട് വിനിയേട്ടാ ……..” അഭിരാമി അവൾക്കുള്ള ചപ്പാത്തിയും പ്ലേറ്റിലേക്ക് എടുത്തു വച്ചു , ഇരുന്നു കൊണ്ടു ചോദിച്ചു …
” ഐസിയൂലാണ് … ” അവൻ പറഞ്ഞു …
” ആ കുട്ടിയെ വാർഡിൽ മാറ്റിയെന്നാണല്ലോ ജാനകി മാം പറഞ്ഞേ … ” അവൾ നെറ്റി ചുളിച്ചു ..
” ഇന്ന് രാവിലെ വീണ്ടും ഐസിയുവിലേക്ക് മാറ്റി …. ” അവൻ പറഞ്ഞു …
” അയ്യോ…. അതെന്തു പറ്റി …..”
” ബിപി വേരിയേഷനുണ്ട് .. …… ” അവൻ മറ്റൊന്നും അവളോട് വിട്ട് പറഞ്ഞില്ല …
അവന്റെ മനസ് കലുഷിതമായിരുന്നു ….
ഒരു വശത്ത് അമലാ കാന്തി … മറുവശത്ത് നിരഞ്ജന എന്ന ഭീഷണി ….
കഴിച്ചു കഴിഞ്ഞ് , വിനയ് ആദിയെയും കൊണ്ട് ഹാളിൽ പോയി ഇരുന്നു …
അഭിരാമി കിച്ചണിലെ പണികൾ തീർത്ത് വേഗം വന്നു …
ഹാളിൽ ടിവി വച്ചിട്ടുണ്ടെങ്കിലും വിനയ് യുടെ ശ്രദ്ധ അതിലൊന്നുമല്ലെന്ന് അഭിരാമിക്ക് തോന്നി …
ആദി തറയിലിരുന്ന് തന്റെ ജെസിബിയിൽ കളിക്കുന്നു ..
അവൾ വന്ന് വിനയ് യുടെ പിന്നിൽ നിന്ന് നെറ്റിയിൽ തലോടി ….
” എന്ത് പറ്റി … വന്നപ്പോ തൊട്ടേ ഞാൻ ശ്രദ്ധിക്കുവാ … മുഖത്ത് ഒരു തെളിച്ചമില്ലല്ലോ …….”
അവൻ ഒന്നും മിണ്ടിയില്ല …
” അമലയുടെ കാര്യം ആണോ …? ” അവൾ ചോദിച്ചു …
” ഏയ് … അതൊന്നുമല്ല … ”
” അപ്പോ എന്തോ ഉണ്ട് … പറയ് വിനയേട്ടാ …. എന്നോട് പറയാൻ പറ്റാത്തതാണോ …..” അവൾ വീണ്ടും ചോദിച്ചു …
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ കോർട്ടിൽ പോകണം … അവളോട് മറച്ചു വച്ചിട്ട് കാര്യമില്ലെന്ന് അവന് തോന്നി …
” നീയിവിടെയിരിക്ക് …..” അവൻ അവളുടെ കൈ പിടിച്ച് , മുന്നിലേക്ക് കൊണ്ട് വന്നു …
അവൾ വന്ന് അവന്റെ അരികിലിരുന്നു …
” നിരഞ്ജന വക്കീൽ നോട്ടീസ് അയച്ചു …. ആദിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ടുകൊണ്ട് …” അവൻ പറഞ്ഞു…..
അഭിരാമി നടുങ്ങിപ്പോയി … അവൾ അവിശ്വസനീയതയോടെ അവനെ നോക്കിയിരുന്നു പോയി ..
അവൻ അവളുടെ കൈ പിടിച്ച് തന്റെ കൈ കൊണ്ട് മുറുക്കിപ്പിടിച്ചു
” അതെന്താ … വിനയേട്ടാ … ഇപ്പോ അങ്ങനെ …..” അവൾ ഇടർച്ചയോടെ ചോദിച്ചു …
” എന്റെ വിവാഹം കഴിഞ്ഞല്ലോ … അതൊക്കെ ഒരു റീസണായി പറഞ്ഞിട്ടുണ്ട് … കൂടുതൽ കാര്യങ്ങൾ , കോർട്ടിൽ ചെന്നാലെ അറിയാൻ കഴിയൂ …”
അഭിരാമിയുടെ കണ്ണ് നിറഞ്ഞൊഴുകി ..
അവൾക്കൊന്നും പറയാൻ കഴിയുന്നില്ലായിരുന്നു …
പെറ്റമ്മക്ക് മുന്നിൽ താനാര് ……. പക്ഷെ ആദി …. അവൻ തന്റെ കുഞ്ഞല്ലേ .. തന്റെ ഭർത്താവിന്റെ കുഞ്ഞ് ..
ഒരു വാക്ക് പോലും പറയാതെ അവൾ മിഴിനീരൊഴുക്കി …
വിനയ്ക്ക് അവളുടെ മനസ് മനസിലാകുമായിരുന്നു ..
” ആദി നമ്മുടെ മോനാ .. അവന്റെ മേൽ തനിക്കുള്ള അവകാശം , ഈ ലോകത്ത് മറ്റൊരു സ്ത്രീക്കുമില്ല … അതിന് ഞാൻ അനുവദിക്കില്ല …. ” വിനയ് അവളുടെ കൈപിടിച്ച് ഉറപ്പോടെ പറഞ്ഞു …
അതുവരെ പിടിച്ചു നിർത്തിയിരുന്ന അവളുടെ സങ്കടത്തിന്റെ കടൽ , അവന്റെ വാക്കുകൾക്ക് മുന്നിൽ അണപൊട്ടിയൊഴുകി ….
വിനയ് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു , തോളിൽ തട്ടി ആശ്വസിപ്പിച്ചു …
സത്യത്തിൽ അവന്റെ കണ്ണും നിറഞ്ഞിരുന്നു …
എത്ര വന്നാലും , നിയമത്തിന് മുന്നിൽ പൊക്കിൾക്കൊടി ബന്ധത്തിനാവും മുൻതൂക്കം …
സാധാരണ ഏതൊരമ്മക്കും സംഭവിക്കുന്ന പിഴവുകൾ പോലും , രണ്ടാനമ്മയുടെ കൈയിൽ നിന്ന് സംഭവിക്കുമ്പോൾ വിചാരണ ചെയ്യപ്പെടും …
അമ്മ എന്ന രണ്ടക്ഷരങ്ങൾക്കപ്പുറം പെറ്റമ്മയെന്നും പോറ്റമ്മയെന്നും ലോകം കൽപിച്ചു നൽകിയ രണ്ട് പരിവേഷങ്ങൾ .. നീതിയുടെയും നിയമത്തിന്റെയും മുന്നിൽ ആ രണ്ട് വാക്കുകൾ രണ്ട് തുലാസിലാടും ..
വാക്കുകൾ കൊണ്ട് , അഭിരാമിയെ അവർ കീറി മുറിച്ചേക്കാം….. അതോർത്തപ്പോൾ അവന്റെ മനസ് ഒന്ന് പിടഞ്ഞു ..
ഒരിക്കൽ താൻ അനുഭവിച്ചതാണ് .. പകുത്തു കൊടുത്ത സ്നേഹവും കരുതലും പോലും കോടതി മുറിയിൽ വളച്ചൊടിച്ച് തന്റെ നേർക്കയച്ച കൂരമ്പുകളായത് ..
” വിനയേട്ടാ …… ” അഭിരാമി നേർത്ത ശബ്ദത്തിൽ വിളിച്ചു …
” ങും ……..” അവൻ മൂളി …
” ഞാൻ കാരണാണോ വിനയേട്ടാ ആദിയെ നമുക്ക് നഷ്ടപ്പെടുന്നത് …” അത് ചോദിച്ചപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി …
” ഏയ് ….. ” അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു ..
” നമുക്കവനെ നഷ്ടപ്പെടില്ലടോ…… ” അവൻ പറഞ്ഞു …
അവൾ തലയുയർത്തി അവനെ നോക്കി ..
” സത്യാണോ വിനയേട്ടാ …….. ഞാനങ്ങനെ വിശ്വസിച്ചോട്ടെ ……..” അവൾ അവന്റെ മുഖം പിടിച്ച് തന്റെ നേർക്ക് വച്ച് ചോദിച്ചു …
” ങും ……..” ഉറപ്പൊന്നുമില്ലെങ്കിലും , അവളത്രയെങ്കിലും ആശ്വസിച്ചോട്ടെ എന്ന് കരുതി അവൻ പറഞ്ഞു …
ആദി വന്ന് അഭിരാമിയുടെ മടിയിൽ പിടിച്ചു നിന്നു ..
അവളവനെ വാരിയെടുത്ത് തന്റെ മാറിലേക്കണച്ചു പിടിച്ചു …
അപ്പോഴേക്കും അവൾ വിതുമ്പിപ്പോയി ..
” മമ്മേടെ മോനാട്ടോ ….. മമ്മേടെ മാത്രം ……..” അവളുടെ ശബ്ദം ചിലമ്പിച്ചു പോയി ..
അവൾ കരയുന്നതു കണ്ടിട്ടോ , ഉറക്കം വന്നിട്ടോ ആദിയും ചിണുങ്ങിക്കരയാൻ തുടങ്ങി ….
അവളവനെ തോളിലേക്ക് ചേർത്തണച്ചു , മുതുകത്ത് മെല്ലെ തട്ടി ….
” രാരാരാ………” അവൻ തലയുയർത്തി , മുകളിലേക്ക് വിരൽ ചൂണ്ടി കുഞ്ഞി ചുണ്ട് പിളർത്തി കരഞ്ഞു കാട്ടി ..
ബാൽക്കണിയിൽ പോയി , അമ്പിളിമാമനെ കണ്ട് മമ്മയുടെ പാട്ട് കേട്ട് ഉറങ്ങാനാണ് ….
അവൾ ആദിയെയും കൊണ്ടെഴുന്നേറ്റു ….
രണ്ടടി മുന്നോട്ട് വച്ചിട്ട് അവൾ നിന്നു … തിരിഞ്ഞ് വിനയ് യെ നോക്കി പറഞ്ഞു …
” എന്റെ സ്വാർത്ഥതയായിരിക്കും .. അവന്റെ പെറ്റമ്മേടെ മനസ് കാണാഞ്ഞിട്ടല്ല … എന്നാലും … എന്നാലും … ആദിയെ എനിക്ക് വേണം വിനയേട്ടാ .. ഇപ്പോ മാത്രല്ല .. ഇനിയെത്ര ജന്മങ്ങൾ പെണ്ണായ് പിറന്നാലും ആദിയെ എന്റെ മകനായി വേണം … വിനയേട്ടനെനിക്ക് തരുന്ന കുഞ്ഞായിട്ട് … ” ഒരു വിതുമ്പലോടെ അത്രയും പറഞ്ഞിട്ട് അവൾ ആദിയെയും കൊണ്ട് മുകളിലേക്ക് കയറിപ്പോയി …
ആകാശത്ത് അന്നും അമ്പിളിത്തെല്ലുണ്ടായിരുന്നു .. പക്ഷെ അതിന്റെ പാതി എങ്ങോ മറഞ്ഞിരുന്നു …
അമ്മയെ പറ്റിക്കാൻ മറഞ്ഞു നിൽക്കുന്ന കള്ള കുറുമ്പനെപ്പോലെ ….
” എന്ന തവം സെയ്തനൈ….. യശോദ……
എങ്കും നിറയി പരബ്രഹ്മം അമ്മ എൻട്രഴയിക……. ”
ഈരേഴു ഭുവനൻകൾ പടയിത്തവനെ
കയ്യിൽ
ഏൻട്രി സീരാട്ടി പാലൂട്ടി താലാട്ട് …….”
ആദിക്കു വേണ്ടി പാടാൻ തന്റെ നാവിലിനിയും താരാട്ടുകളനവധിയാണ് …
എങ്കിലും …. പൊന്നോമനക്കണ്ണൻ യശോദയെ വിട്ട് ദേവകിക്കരികിലേക്ക് പോകാനൊരുങ്ങുന്ന വേളയിൽ ഈയമ്മ മറ്റെന്ത് പാടാൻ …
* * * * * * * * * * * * * * * * * *
കളിയിക്കാവിളയിലെ , ഒരു തമിഴ് കോളനിയിലെ പഴയ വീട്ടിലായിരുന്നു ശബരിയും , മുരുകൻ എന്ന ഗുണ്ടയും …..
സേവകനായി കാളിയൻ എന്ന മറ്റൊരു ഗുണ്ടയും ….
” ഹോസ്പിറ്റൽ അതോറിറ്റി , രഹസ്യമായി ആ പെണ്ണിന് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടണം എന്ന് കൂടി അവൻ എച്ച്ഒഡിക്ക് അയച്ച റിക്വസ്റ്റിലുണ്ട് …… സൂപ്രണ്ടിനും കൊടുത്തു കാണും ……” ശബരി അമർഷത്തോടെ പറഞ്ഞു ….
” ഞാനപ്പഴേ പറഞ്ഞില്ലേ … ആ പെണ്ണിനെയങ്ങ് തീർത്തേക്കാൻ ….” മുരുകൻ പല്ല് കടിച്ചമർത്തി …
” അതൊന്നും അത്ര എളുപ്പം നടക്കില്ലടോ ….. മെഡിക്കൽ കോളേജാണ് …….. അല്ലെങ്കിൽ തന്നെ ഞാൻ പെട്ടിരിക്കുവാ … എച്ച്ഒഡിയും സൂപ്രണ്ടും നാളെ മീറ്റിംഗ് വിളിച്ചിരിക്കുവാ .. ആ നഴ്സ്മാർ , ഞാൻ ഈ പെണ്ണിനെ മര്യാതക്ക് നോക്കിയില്ല എന്നെങ്ങാനും പറഞ്ഞാൽ , ആ നിമിഷം സംശയം എന്റെ നേർക്ക് വരും …..” ശബരി തല കുടഞ്ഞു …
” താനപ്പോ ഉറക്കക്ഷീണത്തിലായിരുന്നു … എന്ന് പറഞ്ഞ് ഒരു വിശദീകരണം അങ്ങ് കൊടുക്കണം …..” മുരുകൻ കൂളായ് പറഞ്ഞു ..
” എഴീച്ചു പോടോ …… മെഡിക്കൽ നെഗ്ലിജൻസ് എന്ന് പറഞ്ഞ് എന്റെ പണി വരെ തെറിക്കും ….. ” ശബരി മുരുകനെ കലിയോടെ നോക്കി …
” ഹാ .. പിന്നെ ഇതെങ്ങാനും പിടിക്കപ്പെട്ടാൽ താൻ ഉണ്ട തിന്നും … അതും ജീവപര്യന്തം … പക്ഷെ ഇതങ്ങനെ പുറം ലോകം അറിയാൻ മാത്രം താൻ ബാക്കിയുണ്ടാവില്ല .. അറിയാല്ലോ ബോസിനെ ……” മുരുകന്റെ കണ്ണുകൾ കരിമ്പൂച്ചയുടേത് പോലെ തിളങ്ങി …
ശബരിയിൽ ഒരു ഭയം ഉടലെടുത്തു .. മുരുകൻ പറഞ്ഞതെന്താണെന്ന് അവന് മനസിലായി …
” ആരും ഒന്നും അറിയില്ല … ഹോസ്പിറ്റലിലെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം .. നിങ്ങളുടെ പ്ലാൻ എങ്ങനെയാണെന്ന് പറയ് …..” ശബരി പറഞ്ഞു …
” ഹാ അതൊക്കെ ആ ചന്ദ്രൻ സാറിനോട് അന്നേ പറഞ്ഞതല്ലേ … അയാൾ തന്നോട് ഒന്നും പറഞ്ഞില്ലേ … ”
” ഇല്ല .. പറയാൻ പറ്റിയില്ല …അതിനിടക്കല്ലേ ആ പെണ്ണ് ഒളിച്ചു നിന്ന് നിങ്ങളുടെ സംഭാഷണം ഫോണിൽ പിടിച്ച് , കോളേജിലെ കമ്പ്യൂട്ടർ ലാബിൽ കൊണ്ട് പോയി പെൻഡ്രൈവിലാക്കി , പോലീസിലേൽപ്പിക്കാൻ പോയത് .. ഞാനാ സമയത്തൊക്കെ മലപ്പുറത്തല്ലായിരുന്നോ .. ഫോണിൽ പറഞ്ഞാൽ സെയ്ഫല്ലാത്തത് കൊണ്ട് നേരിട്ടു കണ്ട് സംസാരിക്കാൻ ഇരിക്കയല്ലായിരുന്നോ ….? ” ശബരി ചോദിച്ചു ..
” ങും … നിങ്ങളുടെ മെഡിക്കൽ കോളേജിൽ നിന്ന് കടത്തുന്ന 3 കടാവറുകൾ ( മെഡിക്കൽ സ്റ്റുഡൻസിന് പഠിക്കാൻ വേണ്ടി എടുക്കുന്ന ശവ ശരീരങ്ങൾ ) ഉൾപ്പെടെ 18 കടാവറുകൾ , കമ്പംമേട്ടിലെ റിസോർട്ടിൽ പതിനാറാം തീയതി തന്നെ എത്തിക്കും … 18-ാം തീയതി കോളേജിൽ നിന്ന് തിരിക്കുന്ന എയർ ബസിൽ 17 പെൺകുട്ടികൾ , 3 ആൺകുട്ടികൾ പിന്നെ ചന്ദ്രൻ സാർ , തന്റെയാ ടീച്ചർ പെണ്ണ് …. കമ്പം മേട്ടിലെ റിസോർട്ടിൽ അവരെയിറക്കി കൊടുക്കുന്ന ഫുഡിൽ ഡ്രഗ്സുണ്ടാവും … തുടർന്നുള്ള യാത്രയിൽ ആ മൂന്ന് ആൺകുട്ടികളും , ബാക്കി പതിനെട്ടു കടാവറുകളുമാവും യാത്ര ചെയ്യുന്നത് … കടാവറുകളിൽ ഓരോന്നിലും ആ പെൺപിള്ളേരുടെ ശരീരത്തിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അണിയിച്ചിട്ടുണ്ടാവും .. തേനിയിലെ പാതയിൽ വച്ച് , ഒരു ബോംബ് ബ്ലാസ്റ്റ് …… ബസ് പൊട്ടി ചിതറും …. അകത്തിരിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ … സംഭവസ്ഥലത്ത് നിന്ന് ബോഡി ഐഡന്റിഫൈ ചെയ്യാൻ കളക്ട് ചെയ്യുന്ന DNA സാമ്പിൾസ് മാറ്റി , നമ്മൾ റിഹേർസൽ ടൈമിൽ ആ പിള്ളേരറിയാതെ കളക്ട് ചെയ്ത് , ഒരു തീ വീണാൽ അതൊക്കെ എങ്ങനെയാകുമോ , അതുപോലെയാക്കി മാറ്റിവച്ച സാമ്പിളുകൾ അയക്കും .. അതിലൊന്നും വലിയ കാര്യമുണ്ടാവില്ല .. വല്ലതും അവശേഷിക്കുന്നത് വാരി കെട്ടി കുടുംബത്തോട്ടയക്കും … ലോഹ വസ്തുക്കൾ നശിച്ചിട്ടില്ലെങ്കിൽ അതൊക്കെ വച്ച് ഒരൂഹത്തിലങ്ങ് അയക്കും … അതേ സമയം മറ്റൊരു വാഹനത്തിൽ ആ പതിനേഴ് കരിക്ക് പെൺപിള്ളേരും അങ്ങ് കൽക്കട്ടയിലോട്ടും ബോംബയിലോട്ടും .. അവിടുത്തെ അരമനകളിലെ ഉർവ്വശി മേനകമാരായിട്ട് …………” മുരുകൻ ആർത്തു ചിരിച്ചു …
” ആ പിന്നെ തന്റെയാ ടീച്ചർ പെണ്ണ് .. അവളെ താൻ കൊണ്ടു പോകുമല്ലോ ….” മുരുകൻ ചോദിച്ചു ..
” അവളെ എനിക്ക് വേണം ….. അത് ഞാൻ നോക്കിക്കോളാം …… ” ശബരി തന്റെ മീശയൊന്ന് തടവി …..
( തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission