അയാൾ നേരെ നർസസ് സ്റ്റേഷനിൽ വന്നു .. അൽപ നേരം അവിടെ സംസാരിച്ച് നിന്നിട്ട് ഡ്യൂട്ടി റൂമിലേക്ക് കയറിപ്പോയി …
സമയം പിന്നെയും ഇഴഞ്ഞ് നീങ്ങി …
ഒന്നര മണി കഴിഞ്ഞപ്പോൾ അയാൾ വീണ്ടും പുറത്തേക്കിറങ്ങി വന്നു ..
നർസസ് സ്റ്റേഷനിൽ അനീറ്റ സിസ്റ്റർ ഉണ്ടായിരുന്നില്ല .. ഒരു പക്ഷെ ഇൻജക്ഷൻ റൂമിലേക്കൊ മറ്റോ പോയേക്കാമെന്ന് അയാൾ ഊഹിച്ചു .. നെസ്സി സിസ്റ്റർ നർസസ് ചാർട്ട് എഴുതുകയായിരുന്നു ..
അയാൾ മെല്ലെ വാർഡിലേക്ക് നടന്നു ..
ഫാൻ കറങ്ങുന്ന ശബ്ദം മാത്രമേ അവിടെ കേൾക്കാമായിരുന്നുള്ളൂ …
ശബ്ദമുണ്ടാക്കാതെ അയാൾ അകത്ത് കയറി ..
പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് വലിച്ചെടുത്തു ..
പിന്നെ നേരെ ആദ്യത്തെ ബെഡിനരികിലേക്ക് ചെന്നു ..
ഇടനാഴിയിൽ നിന്ന് വരുന്ന നേർത്ത വെളിച്ചം മാത്രമേ അവിടെയുണ്ടായിരുന്നുള്ളു .. ആ വെളിച്ചത്തിൽ ആരുടെയും മുഖം വ്യക്തമായിരുന്നില്ല ..
അയാൾ കൈ ഡ്രിപ്പ് സ്റ്റാൻഡിന് നേർക്ക് ഉയർത്തി …
ഡ്രിപ്പ് ബോട്ടിലിൽ നിന്ന് അമലാ കാന്തിയുടെ ശരീരത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന ദ്രാവകത്തിലേക്ക് അയാൾ എന്തോ ഒന്ന് ഇൻജക്ട് ചെയ്തു ..
പിന്നെ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ് നടന്നു …
അവളുടെ മെഡിക്കൽ റെക്കോർഡുകളിൽ രേഖപ്പെടുത്താതെ , അവളെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയാതെ , അവളെ ശിശ്രൂഷിക്കുന്ന നർസ്മാർ അറിയാതെ എന്തോ ഒന്ന് അവളുടെ ശരീരത്തിലേക്ക് ഒഴുകാൻ തുടങ്ങി ..
ഡ്രൂട്ടി റൂമിൽ വന്ന് അയാൾ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു ..
” എന്തായെടോ …. വല്ലോം നടക്കുവോ …..” മറുവശത്ത് നിന്ന് സ്ത്രൈണതയുള്ള ഒരു പുരുഷശബ്ദം വന്നു ..
” കഴിഞ്ഞു ഭായ് … പതിനെട്ടാം തീയതി വരെ അവളെന്തായാലും വായ തുറക്കില്ല .. അതിനുള്ളത് ഞാൻ ചെയ്തു കഴിഞ്ഞു …. ”
” ഓ …. കഴിഞ്ഞു ….. എടോ …. കാളിയുടെ കൈയിൽ ഞാൻ കൊടുത്തു വിട്ട മരുന്നല്ലേ താൻ കുത്തിവച്ചത് … തന്നേക്കാൾ വിവരമുള്ള ഡോക്ടർമാർ വിചാരിച്ചാൽ അതെന്താണെന്ന് കണ്ടു പിടിച്ച് മറു മരുന്ന് കൊടുക്കും …. ” മറുവശത്ത് നിന്ന് പരിഹാസ സ്വരം വന്നു …
” കണ്ടു പിടിക്കില്ല ഭായ് … ” അയാൾ പറഞ്ഞു ..
” കണ്ടു പിടിച്ചാൽ എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടുണ്ടോ താൻ … ” മറുവശത്ത് നിന്ന് ചോദ്യം വന്നു …
” അങ്ങനെയുണ്ടായാൽ നമുക്ക് മറ്റു വഴികൾ നോക്കാം ഭായ് ….. ”
” തേങ്ങാക്കൊല .. തനിക്കൊക്കെ ആരാടോ എംബിബിഎസ് തന്നത് … താനിത്രക്ക് മണ്ടനാണോ … എടോ ആ നർസ് പെണ്ണുങ്ങൾക്ക് തന്നേക്കാൾ വിവരോം ബുദ്ധിയും ഉണ്ടല്ലോടോ … എന്താ ബിൻസിയോ വിൻസിയോ .. ആ പെൻഡ്രൈവ് കണ്ട് പിടിച്ചവള് .. ഇപ്പോ വാർഡിലോട്ട് ഡ്യൂട്ടി മാറ്റിയവൾ….”
” ജിൻസി …….”
” ആ .. അവൾ നാളെ വന്ന് കണ്ട് പിടിച്ചു പറയും .. ആ പെണ്ണ്ന് ഇന്നലെ വരെ കണ്ട മാറ്റം ഇന്നില്ല ഡോക്ടറേന്ന് .. അപ്പോ തന്റെയാ കൂട്ടുകാരൻ ഡോക്ടർ വേണ്ടതൊക്കെ ചെയ്തോളും .. ചിലപ്പോ തന്റെ പണിയും തെറിക്കും …….”
ശബരി ദേഷ്യം കടിച്ചമർത്തി നിന്നു .. കണ്ട ഗുണ്ടകളൊക്കെ കേറി എടോ പോടോന്ന് വിളിക്കുന്നത് അവനൊട്ടും രസിച്ചില്ല … പക്ഷെ സംയമനം പാലിച്ചു നിന്നു ..
” അപ്പോ ഐസിയുലേക്ക് മാറ്റിയേക്കും ഭായ് .. അങ്ങനെയെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി ഈസിയാവും …..” ശബരി പറഞ്ഞു ..
” താനൊരു വൻ ദുരന്തമാണല്ലോടോ… എടോ അവിടെയും ഇല്ലേ .. ആ വിനയ് ഡോക്ടർക്ക് ഒരു മെസെഞ്ചർ .. ഷംന … ഒന്നും അറിഞ്ഞില്ലെങ്കിൽ പോലും അവനെത്ര ഭംഗിയായിട്ടാ കാര്യങ്ങൾ നീക്കിയതെന്ന് താനൊന്ന് ആലോചിച്ചു നോക്ക് … കോടികളുടെ പദ്ധതിയാ… ഇതെങ്ങാനും മുടങ്ങിയാലുണ്ടല്ലോ … താൻ കൊടുക്കണം ബോസിന് ആ തുക …… ”
ശബരി മിണ്ടിയില്ല ..
” ആ പെൻഡ്രൈവ് താനെങ്ങനെ കണ്ടെത്തുമെടോ …. അതെങ്ങാനും അവന്റെ കൈയിൽ കിട്ടിയാൽ അതോടെ കഴിയും എല്ലാം …..” മറുവശത്ത് നിന്ന് വന്ന ശബ്ദം കടുത്തു ….
” കിട്ടില്ല ഭായ് .. അതിനു മുൻപ് നമുക്ക് കണ്ടെത്താം .. കീ എന്റെ കൈയിലുണ്ട് .. അവന്റെ ഭാര്യയെ അവിടുന്ന് ചാടിച്ചിട്ടുണ്ട് ….”
” ആര് ചാടിച്ചു .. എടോ കിഴങ്ങൻ ഡോക്ടറെ , തന്റെ കൈയിൽ ഡ്യൂപ്ലീക്കേറ്റ് കീയുണ്ടല്ലോ .. അതുമായിട്ട് ചെന്ന് ആ വീട് തുറന്ന് അകത്ത് കയറി കൂട്ടുകാരന്റെ ബെഡ് റൂമിൽ ചെന്ന് നോക്ക് .. അയാൾ ഭാര്യേം കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് കാണാം …. ”
ശബരിയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി …
” നോ … അങ്ങനെ സംഭവിക്കില്ല … ”
” കോപ്പാണ് … എന്റെ പിള്ളേരുടെ നോട്ടം ആ വീട്ടിനുണ്ടെന്ന് തനിക്കറിയാല്ലോ .. രാത്രി കൃത്യം 10.45 ന് അവൻ പോയ് അവന്റെ ഭാര്യയേം വിളിച്ചോണ്ട് വന്നു .. അവന്റെയൊരു റിവഞ്ച് .. ” മറുവശത്ത് നിന്നയാൾ പരിഹസിച്ചു ..
ശബരിക്ക് മിണ്ടാട്ടമില്ലാതായി ..
” എടോ .. ഈ ഹോസ്പിറ്റലിൽ കിടക്കുന്ന പെണ്ണിനെയങ്ങ് തീർക്കാൻ പറ്റുമോ .. ?”
” അതത്ര ഈസിയായി പറ്റുന്ന കാര്യമല്ല ഭായ് .. ആയുർവേദവും ഹോമിയോയും ഒന്നുമല്ല .. മോഡേൺ മെഡിസിൻ ചികിത്സയാണ് .. എന്ത് സംഭവിച്ചാലും തെളിവ് സഹിതം പിടിക്കപ്പെടും .. നോക്കിയും കണ്ടുമേ കരുക്കൾ നീക്കാൻ പറ്റൂ .. വിനയ് യുടെ ശ്രദ്ധ തിരിക്കാൻ ഞാൻ മറ്റൊന്നുകൂടി ചെയ്തിട്ടുണ്ട് .. അവന്റെ മുൻ ഭാര്യയെ അവനെതിരെ നിർത്തിയിട്ടുണ്ട് .. അതിലവൻ കുറച്ചൊന്ന് ഉലയും .. പിന്നെ ഈ അമലാകാന്തിക്ക് ഒരു സർജറി കൂടി വേണ്ടി വരും .. പതിനെട്ടാം തീയതിക്ക് മുൻപ് അത് നടത്താനുള്ള വഴികൾ ഞാൻ നോക്കിക്കോളാം … ആ സർജറി നടന്നാൽ അത് അമലാ കാന്തിയുടെ മരണം മാത്രമായിരിക്കില്ല , ഡോ . വിനയ് ജനാർദ്ദനൻ എന്ന പ്രഗത്ഭനായ ന്യൂറോ സർജന്റെ പതനം കൂടിയായിരിക്കും … ” വിനയ് ക്രൗര്യത്തോടെ പറഞ്ഞു ..
” എടോ … ഞങ്ങൾക്ക് ആ ഡോക്ടറോട് യാതൊരു വിരോധവുമില്ല .. ഞങ്ങളുടെ ലക്ഷ്യം തനിക്കറിയാല്ലോ … അതിനിടയിൽ തന്റെ കുറച്ച് പേർസണൽ ഇൻട്രസ്റ്റ് കൂടി കയറ്റി വച്ചത് താനാണ് .. ബോസ് അത് സമ്മതിച്ചത് തന്നോടുള്ള താത്പര്യം കൊണ്ടാണ് .. ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ വച്ചും താൻ ചെയ്ത ഉപകാരങ്ങൾ ബോസിന് ഓർമയുണ്ട് .. അതിന്റെയൊക്കെ പ്രതിഭലം താൻ കൈപ്പറ്റിയിട്ടുണ്ട് .. അത് കൊണ്ട് ബോസ് അതൊക്കെയൊരു ഉപകാര സ്മരണയായിട്ട് കാലാകാലം കൊണ്ട് നടക്കും എന്ന് താൻ കരുതരുത് .. പറഞ്ഞ് വന്നത് പെൻഡ്രൈവ് എത്രയും പെട്ടന്ന് കണ്ടെത്തിയിരിക്കണം … അമലാകാന്തി നിശബ്ദയാകണം .. അറിയാമല്ലോ എല്ലാം ഭംഗിയായി നടന്ന് കഴിഞ്ഞാലും , ആ പെണ്ണ് എന്നെങ്കിലും നാവ് ചലിപ്പിച്ചാൽ എല്ലാം തകരുമെന്ന് ….”
” അറിയാം ഭായ് …. ” ശബരി കുറുക്കനെപ്പോലെ പറഞ്ഞു ..
” പിന്നെ മറ്റേക്കാര്യം എന്തായി ….”
” അത് അറ്റൻഡർ അരുൺ ശെരിയാക്കും … ”
” ങും … കുറഞ്ഞത് 3 എണ്ണമെങ്കിലും അവിടുന്ന് കിട്ടിയിരിക്കണം .. ”
” കാട്ടിയിരിക്കും ഭായ് ….” ശബരി ഉറപ്പ് കൊടുത്തു …
” ശരി …. ടേക് കെയർ ……” മറുവശത്ത് കോൾ കട്ടായി …
ശബരി തന്റെ ഫോണും പിടിച്ച് നിന്നു .. അഭിരാമിയെ വിനയ് തിരിച്ച് കൊണ്ട് വന്നത് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല .. അവന്റെ മുഷ്ടി മുറുകി …. കടപ്പല്ലു ഞെരിഞ്ഞു ..
* * * * * * * * * * * * * * * * * * * *
മൂന്നര മണി കഴിഞ്ഞപ്പോൾ നെസി സിസ്റ്റർ വാർഡിൽ വന്ന് ലൈറ്റിട്ടു ..
അമലാ കാന്തിയുടെ ഡ്രിപ്പ് തീരാറായിരുന്നു .. നെസി സിസ്റ്റർ കാത്ത് നിന്നു .. അമലാ കാന്തി നല്ല ഉറക്കമായിരുന്നു ..
ഏഴാമത്തെ ബെഡിലെ പേഷ്യന്റിന്റെ ഡ്രിപ്പും തീർന്നിരുന്നു … സിസ്റ്റർ പോയി അത് ഡിസ്കണക്ട് ചെയ്തു … പിന്നെ വന്ന് അമലാ കാന്തിയുടെതും …
ഡ്രിപ്പ് ബോട്ടിൽ കാനുലയിൽ നിന്ന് ഡിസ്കണക്ട് ചെയ്ത് കാനുലയടച്ചു ..
ബോട്ടിലുമെടുത്ത് സിസ്റ്റർ നർസസ് സ്റ്റേഷനിലേക്ക് നടന്നു ..
ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായി വച്ചിട്ടുള്ള വിവിധ നിറത്തിലുള്ള വേസ്റ്റ് ബാസ്ക്കറ്റുകളിൽ സിറിഞ്ചും ഡ്രിപ്പ് ബോട്ടിൽസും നിക്ഷേപിക്കുന്ന ബാസ്ക്കറ്റിലേക്ക് ഡ്രിപ്പ് ബോട്ടിൽ ഇട്ടു ..
* * * * * * * * * * * * * * * * * * * * *
അഞ്ച് മണിയായപ്പോൾ അനീറ്റ സിസ്റ്റർ ബിപി അപ്പാരറ്റസുമായി ഇറങ്ങി ..
വാർഡുകളിൽ ലൈറ്റുകൾ തെളിഞ്ഞു .. ബൈസ്റ്റാന്റേർസിൽ ചിലരും എഴുന്നേറ്റു .. പലരും ബാത്ത്റൂമിലേക്ക് നടന്നു ..എല്ലാവരും ഉണർന്ന് തിരക്കാവുന്നതിന് മുന്നേ പ്രാധമിക കർമ്മങ്ങൾ നിറവേറ്റി മാറാനുള്ള തിടുക്കത്തിലായിരുന്നു പലരും ..
അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് ഭക്തിഗാനം ഒഴുകി വന്നു ..
എട്ടു ദിക് പാലരും മുട്ടുകുത്തി തൊഴും
ഏറ്റുമാനൂരുഗ്ര മൂർത്തെ …
അഷ്ടമൂർത്തേ സർവ്വ താണ്ഡവമാടിടും ..
പുലർച്ചെ , സ്പെഷ്യാലിറ്റി ബ്ലോക്കിലുള്ളവർ കേട്ടുണരുന്ന ഗാനം അതാണ് ..
ക്ഷേത്ര റെക്കോർഡിൽ നിന്ന് ആ ഗാനം ഒഴുകി വരുമ്പോൾ പലരും വാച്ച് പോലും നോക്കാതെ തങ്ങളുടെ ഡ്യൂട്ടികളിലേക്ക് ഊളിയിടാറുണ്ട് ..
അനീറ്റ സിസ്റ്റർ വാർഡിലേക്ക് വന്നു .. ആദ്യം അമലാകാന്തിയുടെ അടുത്തേക്കാണ് വന്നത് …
സരസ്വതി ബൈസ്റ്റാന്റർക്കുള്ള ചെറിയ ബെഡിൽ എഴുന്നേറ്റിരിപ്പുണ്ടായിരുന്നു ..
” അമല രാത്രിയിലെപ്പോഴെങ്കിലും ഉണർന്നിരുന്നോ …”
” ഇല്ല സിസ്റ്ററേ ….”
” അമലാ …….” അനീറ്റ സിസ്റ്റർ അവളെ തട്ടി വിളിച്ചു …
അവൾ കണ്ണ് തുറന്നില്ല …
സിസ്റ്റർ വീണ്ടും തട്ടി വിളിച്ചു …
അവൾ ഒന്ന് മൂളുക പോലും ചെയ്തില്ല …
സിസ്റ്റർ പൾസ് പിടിച്ചു നോക്കി ..
പിന്നെ ബിപ്പി നോക്കാൻ തുടങ്ങി .. അതിനിടയിൽ തന്നെ ബെഡിന് മുകളിൽ ചുവരിലുള്ള അലർട്ട് സ്വിച്ച് അമർത്തി ..
നർസസ് സ്റ്റേഷനിൽ നിന്ന് ഇഞ്ചക്ഷൻ ബുക്ക് നോക്കി , അപ്പോൾ ഇഞ്ചക്ഷനുള്ളവർക്കുള്ളത് ലോഡ് ചെയ്ത് വയ്ക്കുകയായിരുന്ന നെസി സിസ്റ്റർ വേഗം വാർഡിലേക്ക് ചെന്നു ..
” ശബരി സാറിനെ വിളിക്കൂ .. അമല റെസ്പോണ്ട് ചെയ്യുന്നില്ല …. ” അനീറ്റ സിസ്റ്റർ പറഞ്ഞു ..
നെസി വേഗം നർസസ് സ്റ്റേഷനിലേക്ക് പോയി ..
സരസ്വതി ഭീതിയോടെ എഴുന്നേറ്റു …
കുറച്ച് കഴിഞ്ഞപ്പോൾ , ശബരിയും പിന്നാലെ നെസി സിസ്റ്ററും വന്നു ..
ശബരി വന്ന് അമലയെ നോക്കി …
” ബിപി …? ”
” 90 / 60 സർ ……”
ശബരി ഉള്ളിൽ ഊറി ചിരിച്ചു ..
” കുറച്ച് കൂടി നോക്കാം … ചിലപ്പോൾ മോർണിംഗ് ആയതു കൊണ്ടാവാം … ” ശബരി പറഞ്ഞു ..
അനീറ്റയും നെസിയും പരസ്പരം നോക്കി ..
ശബരി പുറത്തേക്കിറങ്ങിപ്പോയി …
” സിസ്റ്റർ ബിപി മോണിറ്റർ ചെയ്തോളു .. ഞാൻ വിനയ് ഡോക്ടറെ വിളിച്ചറിയിക്കാം .. ഐസിയൂവിൽ സിറിൽ സാറോ ഫസൽ സാറോ ഉണ്ടോന്ന് നോക്കട്ടെ … ” പറഞ്ഞിട്ട് നെസി നർസസ് സ്റ്റേഷനിലേക്ക് ഓടി ..
വിനയ് യെ വിളിച്ചിട്ട് കോൾ പോയതല്ലാതെ ആരും അറ്റൻഡ് ചെയ്തില്ല ..
ഐസിയുവിൽ സിറിലും രണ്ട് പിജിസും ഉണ്ടായിരുന്നു ..
സിറിലിന്റെ നിർദേശപ്രകാരം ഒരു പിജി ഡോക്ടർ വാർഡിലേക്ക് വന്നു ..
* * * * * * * * * * * * * * * * * * *
രാത്രി ഒരു പാട് വൈകിയാണ് വിനയ് യും ആമിയും കിടന്നത് … അവൾക്ക് പറയാനുള്ളത് മുഴുവൻ വിനയ് കഴിഞ്ഞ രാത്രി കേട്ടിരുന്നു ..
കോളേജിൽ വച്ചേ ശബരിയൊരു കോഴിയായിരുന്നു എന്ന് വിനയ് ക്ക് അറിയാമായിരുന്നു .. അവനൊരു ക്രിമിനൽ കൂടിയാണെന്ന് അഭിരാമി പറയുമ്പോഴാണ് വിനയ് അറിയുന്നത് ..
സ്വന്തം ഭാര്യയുടെ കാലെടുത്ത നീചൻ …
അവനെന്തു ചെയ്യാനും മടിയുണ്ടാകില്ലെന്ന് വിനയ് ക്ക് ഉറപ്പായിരുന്നു ..
വിനയ് ഉണരുമ്പോൾ ആറര മണി കഴിഞ്ഞിരുന്നു ..
ആദി അരികിൽ കിടന്ന് ഉറങ്ങുന്നുണ്ട് ..
അവൻ കുഞ്ഞിന് നേരെ തിരിഞ്ഞു കിടന്നു .. അൽപ നേരം മകനെ നോക്കി കിടന്നിട്ട് , അവനൊരു ഉമ്മയും കൊടുത്തിട്ട് എഴുന്നേറ്റു …
ടീപ്പോയിൽ നോക്കിയപ്പോൾ ഫോണില്ല .. അവൻ അവിടെ മുഴുവൻ നോക്കി .. ആമിയുടെ ഫോൺ ടേബിളിലുണ്ട് …
അപ്പോഴാണ് വിനയ്ക്ക് ഓർമ വന്നത് ഫോൺ കാറിലാണെന്ന് .. രാത്രി അതെടുക്കാതെയാണ് വീട്ടിൽ കയറിയത് ..
അവൻ കാറിന്റെ കീയുമെടുത്തു കൊണ്ട് താഴേക്കിറങ്ങി ..
അപ്പോഴേക്കും ഒരു കപ്പ് ചായയുമായി അഭിരാമി വന്നു ..
” എവിടെപ്പോകുന്നു വിനയേട്ടാ … ചായ കുടിച്ചിട്ട് പോ …..” അവൾ വിളിച്ചു ..
” ദാ … വരുന്നു ഫോണെടുത്തോട്ടേ … ”
അവൻ മുറ്റത്തേക്കിറങ്ങിപ്പോയി …
അഭിരാമി ഹാളിൽ കാത്ത് നിന്നു ..
അവൻ കാറിൽ നിന്ന് ഫോൺ എടുക്കുന്നതും , പിന്നെയാരോടോ സംസാരിക്കുന്നതും അവൾ വിൻഡോ ഗ്ലാസിലൂടെ കണ്ടു ..
അവൻ തിടുക്കപ്പെട്ട് തിരിച്ചു കയറി വന്നു ..
അവന്റെ മുഖം കണ്ടപ്പോൾ അഭിരാമിക്ക് പന്തികേട് തോന്നി …
* * * * * * * * * * * * * * * *
വിനയ് യുടെ ചോദ്യങ്ങൾക്ക് അനീറ്റ സിസ്റ്ററിനും നെസി സിസ്റ്ററിനും ഒന്നും പറയാനുണ്ടായിരുന്നില്ല ..
രാത്രി അമലാകാന്തിക്ക് ഒരു ഡ്രിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും തങ്ങൾ അത് മാത്രമേ കൊടുത്തിരുന്നുള്ളു എന്നും അവർ പറഞ്ഞു ..
ഡോ.ശബരി അമലയെ വേണ്ട രീതിയിൽ നോക്കിയില്ല എന്ന് അനീറ്റ സിസ്റ്റർ വെട്ടിത്തുറന്ന് പറഞ്ഞു ..
തങ്ങൾ ഐസിയുവിൽ ഉണ്ടായിരുന്ന ഡോ .സിറിൽ നെ അറിയിക്കുകയും സാർ പറഞ്ഞു വിട്ട പിജി വന്നിട്ടാണ് അമലയെ ഐസിയുവിലേക്ക് മാറ്റിയതെന്നും അവർ വിനയ് യെ അറിയിച്ചു ..
അമലയുടെ ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല ..
അവർ സംസാരിച്ചു നിൽക്കുമ്പോൾ , അതേ വാർഡിലെ മറ്റൊരു പേഷ്യന്റിന്റെ ബൈസ്റ്റാൻഡർ അങ്ങോട്ട് വന്നു …
” എന്താ … ” അനീറ്റ സിസ്റ്റർ ചോദിച്ചു …
” ആ ബെഡിൽ കിടന്ന കൊച്ചിന്റെ കാര്യം പറയാനാ … ”
” എന്താണ് .. പറഞ്ഞോളു ..”, വിനയ് പറഞ്ഞു ..
” അത് … രാത്രിയാരോ ആ കൊച്ചിന്റെ ബെഡിന്റെ അടുത്ത് വന്നായിരുന്നു .. ഞാനാ സമയത്ത് ഉണർന്നു കിടക്കുകയായിരുന്നു …..” ആ സ്ത്രീ അറിയിച്ചു …
വിനയ് അവരെ നോക്കി ..
” ആരാ വന്നത് ….”
” അതറിയില്ല സർ … കുറച്ച് വണ്ണവും പൊക്കവും ഒക്കെയുള്ള ആളാ … മുഖം കാണാൻ വയ്യായിരുന്നു … ” അവർ പറഞ്ഞു ..
” നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ …..” വിനയ് പെട്ടന്ന് ചോദിച്ചു ..
” ഏയ് .. ഇല്ല .. ആരാന്ന് എനിക്കറിയില്ല സാർ …” അവർ പറഞ്ഞു ..
അവരത് മറച്ചു വക്കുകയാണെന്ന് വിനയ് ക്ക് തോന്നി ..
” അയാളെന്തെങ്കിലും ചെയ്യുന്നത് കണ്ടോ ..”
” ആ ഡ്രിപ്പ് ബോട്ടിലിൽ തൊടുന്ന കണ്ടു …. ”
വിനയ് യുടെ കണ്ണുകൾ കുറുകി ..
” ശരി .. നിങ്ങൾ പൊയ്ക്കോളു .. ” വിനയ് പറഞ്ഞു ..
അപ്പോഴേക്കും അടുത്ത ഡ്യൂട്ടിക്ക് വേണ്ടി ജിൻസി സിസ്റ്ററും മറ്റുള്ളവരും എത്തിയിരുന്നു ..
ക്ലീൻ ചെയ്യുന്നവർ അവരുടെ ഡ്യൂട്ടി തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു …
” നിങ്ങൾ ഡ്രിപ്പ് ബോട്ടിലിൽ ബെഡ് നമ്പർ എഴുതിയിരുന്നോ … ” വിനയ് പെട്ടന്ന് ചോദിച്ചു ..
” യെസ് സർ … ഞാനെഴുതിയിരുന്നു … ” നെസി സിസ്റ്റർ പെട്ടന്ന് ഓർത്ത് പറഞ്ഞു …
” എങ്കിൽ ആ ബോട്ടിൽ എടുക്കാൻ പറ്റില്ലേ … വേസ്റ്റ് എടുക്കാൻ ആള് വന്നില്ലല്ലോ ….”
” വന്നില്ല സർ .. അതെടുക്കാം … ”
അപ്പോൾ തന്നെ അവർ അറ്റന്ററെ വിളിച്ചു .. വേസ്റ്റ് ബാസ്ക്കറ്റിൽ നിന്ന് ആ ഡ്രിപ്പ് ബോട്ടിൽ എടുപ്പിച്ചു ..
അതിൽ ഒരൽപം ഫ്ലൂയിഡ് അവശേഷിച്ചിരുന്നു ..
” ഇതിലുള്ളത് ഒരു സ്പെസിമെൻ ബോട്ടിലിലേക്ക് കളക്ട് ചെയ്ത് വച്ചേ …”
പറഞ്ഞിട്ട് വിനയ് ഫോണെടുത്ത് , ബയോകെമിസ്ട്രി ലാബിലേക്ക് വിളിച്ചു …
* * * * * * * * * * * * * * *
വിനയ് ഐസിയുവിലേക്ക് തിരിച്ചു വരുമ്പോൾ പുറത്ത് നാഗയ്യയും സരസ്വതിയുമുണ്ടായിരുന്നു ..
” ശാർ .. എന്നുടെ പൊണ്ണ് ….” നാഗയ്യയുടെ തൊണ്ടയിടറി …
” പേടിക്കണ്ട .. ഒന്നും സംഭവിക്കില്ല .. ” വിനയ് അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു …
പിന്നെ അകത്തേക്ക് പോകാൻ തുനിഞ്ഞിട്ട് പെട്ടന്ന് നിന്നു …
” ഈ അമല ഏത് കോളേജിലാ പഠിക്കുന്നേ …..” അവൻ ചോദിച്ചു ..
” ഇവിടെ എൻഎസ്എസിലാ സാറേ …….”
എൻ എസ് എസ് … അഭിരാമിയുടെ കോളേജിൽ ……
വിനയ് സരസ്വതിയുടെ മുഖത്തേക്ക് നോക്കി…..
( തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission