Skip to content

ഹൃദയസഖി – Part 9

ആദി ആരുഷി - ഹൃദയസഖി

“നീയെങ്ങോട്ടാ ആദി ?” പ്രമീളയുടെ ചോദ്യത്തെ പാടെ അവഗണിച്ചുകൊണ്ട് ആദി ബൈക്ക് സ്റ്റാർട്ട് ചെയ്തു,… അവരവന്റെ പുറകെ ചെന്നു,..

“എവിടേക്കാണെന്ന് പറഞ്ഞിട്ട് പോടാ ?”

“ചവാൻ പോകുവാ,. എന്തേ ഒരു കമ്പനിക്ക് കൂടെ വരുന്നോ ?” ആദിയുടെ ബൈക്ക് ഗേറ്റ് കടന്നു പോയി,..

മകനിൽ നിന്നും എടുത്തടിച്ചത് പോലുള്ള ഇത്തരം ക്രൂരമായ വാക്കുകൾ കേട്ട ആ അമ്മ തളർച്ചയിൽ ഭർത്താവിനെ നോക്കി !

“നിങ്ങളവൻ പറഞ്ഞത് കേട്ടില്ലേ ?”

“കേട്ടു… ” ദേവനാരായണൻ അകത്തേക്ക് കയറി,…

“ഒന്നും പറയാനില്ലേ ?” അവർ പ്രതീക്ഷയോടെ ഭർത്താവിനെ നോക്കി,..

“എന്ത് പറയാൻ ?” അയാൾ സെറ്റിയിൽ ഇരുന്നു,..

“എല്ലാത്തിനും കാരണം അവൾ ഒറ്റ ഒരുത്തിയാ,. കണ്ടോ ഇപ്പോ സ്വന്തം അമ്മയോട് പോലും അവൻ എതിർത്തു പറയാൻ തുടങ്ങി !” അവരുടെ മിഴികൾ നിറഞ്ഞൊഴുകി,..

“നീയെന്തിനാ വെറുതെ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് ? അവളെന്ത് ചെയ്തിട്ടാ ?”

“അവളുടെ വലയിൽ വീണിരിക്കുവാ എന്റെ മോൻ,.. എന്ത് കൂടോത്രമാണോ ചെയ്തു വെച്ചേക്കുന്നത് ?” അവരുടെ ശബ്ദത്തിൽ അമർഷമുണ്ടായിരുന്നു !

“നീയൊരുമാതിരി കുലസ്ത്രീകളെപ്പോലെ സംസാരിക്കല്ലേ പ്രമീ,.. ഒന്നൂല്ലേലും നിനക്ക് വിദ്യാഭ്യാസമില്ലേ ?? ”

“സംസാരിക്കും ഞാൻ zനമ്മുക്ക് നമ്മുടെ മോനെ നഷ്ടപ്പെട്ടു !”

“അവനീ പറഞ്ഞിട്ട് പോയത് നമ്മുടെ വളർത്തുദോഷം,. അതെങ്ങനാ നിന്റെ വായിൽ നിന്ന് ഇതേപോലെ ഓരോന്ന് കേൾക്കുമ്പോൾ ആരായാലും പറഞ്ഞു പോകും,… ”

“ഓ കുറ്റം ഇപ്പോ,. എനിക്കായി അല്ലേ ?”
പ്രമീള മുഖം കറുപ്പിച്ചു,..

“നിന്റെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്,.. നീ ആരതിയെ മരുമകളായി ആഗ്രഹിച്ചു,. പക്ഷേ ആദി ഭാര്യയായി സ്വപ്നം കണ്ടത് ആരുഷിയെ,. അത് അംഗീകരിക്കാൻ നിന്നെക്കൊണ്ട് പറ്റുന്നില്ല,. അതാണ് പ്രശ്നം ?”

“ശരി സമ്മതിച്ചു,.. എന്നാലും അവൻ എന്ത് കണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത് ?”

“അതവനോട് ചോദിക്കണം,.. നിന്നെ പെണ്ണുകാണാൻ വന്നപ്പോൾ എനിക്ക് നിന്നെ ശരിക്ക് കാണാൻ പറ്റീല്ല,. അതോണ്ടാണിപ്പോ ഇങ്ങനൊരവസ്ഥ,… ” ദേവനാരായണൻ മനസ്സിൽ പറഞ്ഞു..

“എന്തേലും പറഞ്ഞാരുന്നോ ?”

“ഹേയ് ഇല്ല,… ”

“നിങ്ങളെന്തിനാ അവളെ ന്യായീകരിക്കാൻ നിൽക്കുന്നതെന്നാ എനിക്ക് മനസിലാവാത്തത് !”

“നീ ആദിയുടെ അമ്മയുടെ ഭാഗത്ത് നിന്ന് മാത്രമായി ചിന്തിക്കുന്നത് കൊണ്ടാണ് ഇത്രയും സ്വാർത്ഥ ആവുന്നത്,.. കാരണം നീ അടക്കവും ഒതുക്കവുമുള്ള മരുമകളെ ആണ് ആഗ്രഹിച്ചത്,.. എന്നാൽ ആരുഷിയോ,. അതിനൊക്കെ നേരെ ഓപ്പോസിറ്റും,.. നിന്റെ മകന് മേൽ പോലും ശബ്ദമുയർത്തി സംസാരിക്കാൻ അവൾ കാണിച്ച ധൈര്യത്തെ അവളുടെ തന്റേടമായി നിനക്ക് തോന്നി,. പൊതുവേ ഒരമ്മായിയമ്മയും ആഗ്രഹിക്കാത്ത മരുമകൾ,.. അതാണ് നിനക്കിത്ര ദേഷ്യം,.. ആരതിയോ പഞ്ചപാവവും,. നിനക്ക് തീർച്ചയായും നിരാശ ഉണ്ടാകും,… ”

പ്രമീള മറുപടി ഒന്നും പറഞ്ഞില്ല,.
” ഇനി ഞാൻ കണ്ട ക്വാളിറ്റി,.. സത്യം പറയാലോ പ്രമീ, നീയും അവളും തമ്മിൽ വല്ല്യ വ്യത്യാസമൊന്നും എനിക്കും തോന്നിയില്ല, ഒറ്റ കാര്യത്തിലൊഴിച്ചു,… ” അയാൾ ഒന്ന് നിർത്തി,… അതെന്താണെന്ന അർത്ഥത്തിൽ പ്രമീളയുടെ മിഴികൾ ഭർത്താവിന് നേരെ ഉയർന്നു,…

“ആരുഷി ആദിയോട് ശബ്ദമുയർത്തി സംസാരിച്ചത് അവൾ മനസുകൊണ്ടാഗ്രഹിച്ചിട്ടല്ല,. ആ അവസരത്തിൽ അവൾക്ക് രണ്ടിലൊന്ന് തിരഞ്ഞെടുക്കേണ്ടിയിരുന്നു,.. ഒന്ന് ആദി,.. മറ്റൊന്ന് അവളുടെ കുടുംബം,.. സഹോദരി,… ആ അവസരത്തിൽ അവൾ സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ചുകൊണ്ട് ആരതിയെ തിരഞ്ഞെടുത്തു,.. എത്ര വേദനിച്ചിട്ടുണ്ടാവും അവൾ ആ സിറ്റുവേഷനിലെന്ന് നീ ചിന്തിച്ചിട്ടുണ്ടോ ?? ഇല്ല, എന്നാൽ നിന്റെ മോനത് മനസിലായി,. അത്കൊണ്ടാണ് അന്നേരം മിണ്ടാതെ നിന്നതും,. ഇപ്പോൾ നിന്നോട് ഇങ്ങനെയൊക്കെ സംസാരിച്ചതും,.. പക്ഷേ വിധി അവളെ അമ്മയുടെ രൂപത്തിൽ തോൽപ്പിച്ചു കളഞ്ഞു,.. ആദിയായിരുന്നു അവളെ ചേർത്തു പിടിച്ചാശ്വസിപ്പിക്കേണ്ടിയിരുന്നത് നീയെന്താ ചെയ്തത് അതിനവസരം കൊടുക്കാതെ,. പിടിച്ചോണ്ട് പോന്നു,…. ”

പ്രമീള തല താഴ്ത്തി നിന്നു,..

“നീയിപ്പോൾ എന്റെ അടുത്തും ശബ്ദമുയർത്തി കുറേ ചോദ്യങ്ങൾ ചോദിച്ചില്ലേ ? അതൊന്നും തന്റേടമായി നിനക്ക് തോന്നിയില്ലേ ? എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോൾ നമ്മളെയും അവരുമായി ഒന്ന് തുലനം ചെയ്യുന്നത് നല്ലതായിരിക്കും,. ചിലപ്പോൾ അവരുടെതൊന്നും ഒരു കുറ്റമായേ നമുക്ക് തോന്നില്ല !”

ദേവനാരായണൻ പടികൾ കയറി . പ്രമീള വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല

“ഒരനാഥപെണ്ണിനെ എന്റെ മോൻ സ്വീകരിക്കണമെന്നാണോ ?”

“അനാഥയെന്ന ലേബൽ,. നമ്മളാണ് പ്രമീ, അവളെ അനാഥയാക്കിയത്,. ഒരുപക്ഷേ നമുക്ക് ആ കുട്ടികളെ തമ്മിൽ മാറിപ്പോയില്ലാരുന്നുവെങ്കിൽ ഇന്ന് രണ്ടു വീടുകളിൽ സന്തോഷം നിറഞ്ഞു തുളുമ്പിയേനെ !”

“അപ്പോൾ അവൾ അനാഥയാണെന്ന് മറച്ചുവെച്ചു നമ്മുടെ മോന്റെ തലയിൽ കെട്ടി വെക്കുന്നതിന് നിങ്ങൾക്ക് ഒരു വിഷമവും ഇല്ലേ ?”

“ഈ അനാഥത്വവും സനാതത്വവുമെല്ലാം മനുഷ്യന്മാർ ഉണ്ടാക്കുന്നതാ,. എല്ലാരുമുണ്ടായിട്ടും അനാഥരായി ജീവിക്കുന്നവർ ഇല്ലേ ? ”

“എനിക്ക് നിങ്ങളുടെ ഫിലോസഫി ഒന്നും മനസിലാവില്ല,. ” പ്രമീള ദേഷ്യത്തിൽ അടുക്കളയിലേക്ക് പോയി,..

ദേവനാരായണന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു,…

“ആരോട് പറയാൻ ? ആര് കേൾക്കാൻ ?” അയാൾ മുറിയിലേക്ക് നടന്നു,.

***********

“അമ്മേ, എന്തെങ്കിലുമൊന്ന് കഴിക്കമ്മേ,. ” ആരതി നിർബന്ധിച്ചു,…

“എനിക്കൊന്നും വേണ്ട,. എനിക്കെന്റെ മോളെ കണ്ടാൽ മാത്രം മതി !” ആരതി നീട്ടിയ സ്പൂൺ തട്ടി മാറ്റി രാധിക പറഞ്ഞു,.. അവരുടെ കരച്ചിലിന്റെ ആഴം കൂടിവന്നു ..

എല്ലാത്തിനും കാരണം താനാണെന്ന കുറ്റബോധം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു,.. ആരുഷിയുടെ കരച്ചിൽ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്,. തനിക്ക് ആദിയെ വിട്ട് തരാൻ തയ്യാറാണത്രേ,. പകരം ചോദിച്ചത്,.. ആരതി ശബ്ദമടക്കി കരഞ്ഞു,…

ഒരിക്കലും അവളെ ഇങ്ങനെ തളർന്നു കണ്ടിട്ടില്ല,. എല്ലാം താൻ കാരണമാണ്,. ആരുഷി ഈ വീടിന്‌ തീർത്തും അന്യയായി തീരാൻ കാരണം താനാണ്,..

****—***

മാധവൻ എല്ലാം നഷ്ടപ്പെട്ടവനേപ്പോലെ റൂമിനുള്ളിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു

“ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല പപ്പാ,.. ” ആരതി മിഴികൾ തുടച്ചുകൊണ്ട് അച്ഛനെ നോക്കി,…

അയാൾ മറുപടി ഒന്നും പറഞ്ഞില്ല,…

“എല്ലാത്തിനും കാരണം ഞാനാ പപ്പാ,. എനിക്കറിയാമായിരുന്നു ആദിയേട്ടനും ആരുഷിക്കും പരസ്പരം ഇഷ്ടാണെന്ന്,. എല്ലാം എന്റെ സ്വാർത്ഥത കൊണ്ടാ,.. എല്ലാം അറിഞ്ഞിട്ടും ഞാൻ മിണ്ടാതിരുന്നത് കൊണ്ടാ,. ” അവൾ കരഞ്ഞു പോയി,.. മാധവൻ അനങ്ങാതെ നിന്നതേ ഉള്ളൂ,.

“ആദിയേട്ടനെ സ്വന്തമാക്കാൻ വേണ്ടിയാ ഞാനതെല്ലാം ചെയ്തത്,. ആരുഷിയെയും ആദിയേട്ടനെയും തെറ്റിക്കാൻ വേണ്ടി ഞാനാ ജിൻസനെക്കൊണ്ട് ഗിറ്റാറിന്റെ കമ്പി മുറിപ്പിച്ചത്,. അതവൾ അറിഞ്ഞിട്ടു പോലും ആരോടും പറഞ്ഞില്ല,. ആരുഷി പാവമാണ് പപ്പ,. ഞാനാ തെറ്റുകാരി,. സ്വാർത്ഥ,.. എങ്കിലും അവൾ നമ്മുടെ ആരുമല്ലെന്ന് മാത്രം പറയല്ലേ, പപ്പാ ” ആരതി പൊട്ടിക്കരഞ്ഞു

ആദി എല്ലാം കേട്ട് മരവിച്ചു നിന്നു,..

മാധവൻ അടുത്തേക്ക് ചെന്നു,…

“വല്ല വിവരവും കിട്ടിയോ മോനെ !”

“ഇല്ല !” ആദി ദേഷ്യമടക്കാൻ ആവത് ശ്രമിച്ചു,.

” അയാം സോറി ആദിയേട്ടാ !” ആരതി അവന്റെ അരികിലേക്ക് ചെന്നു,..

ആദി മറുപടി പറഞ്ഞില്ല,. പകരം വിഷയം മാറ്റി,..

“എപ്പോൾ തൊട്ടാ അവൾ മിസ്സിംഗ്‌ ആയത് ?”

“മെറിൻ വീട്ടിൽ പോയ ശേഷം !” ആരതി പെട്ടന്ന് പറഞ്ഞു,..

“ശരി ഞാനൊന്ന് നോക്കട്ടെ,. ” ആദി തിരികെ ഇറങ്ങി,…

“മോനെ ഒരു നിമിഷം,.. ” മാധവൻ അവനൊപ്പം പുറത്തേക്കിറങ്ങി,..

ആരതി തളർച്ചയിൽ കട്ടിലിൽ ഇരുന്നു,…

*********
“എവിടെയാ നീയെന്റെ ആരുഷി ?” ആദി തളർന്നിരുന്നു,… പെട്ടന്നാണ് അവനാ ബുദ്ധി തോന്നിയത്,… അവൻ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു,…

“അഭിഷേക്,.. എനിക്കൊരു ഹെൽപ് വേണം ”

“എന്താ പറയടാ !”

“ഞാനൊരു നമ്പർ പറയാം അതിന്റെ ലാസ്റ്റ് ലൊക്കേഷൻ ഒന്ന് പറഞ്ഞു തരണം,… ”

“ശരി,. നീ വാട്സ്ആപ്പ് ചെയ്യ്, ഇപ്പോ അയക്കാം !”

ആദി വെയിറ്റ് ചെയ്തു… രണ്ടു മിനിറ്റിനകം കോൾ വന്നു,…

“എടാ അതിന്റെ ലാസ്റ്റ് ടവർ ലൊക്കേഷൻ,. കാണിക്കുന്നത്,.. ബി എൽ ജി റോഡ് ആണ്… എന്താടാ പ്രശ്നം ?”

ആദി ചുരുക്കത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു,..

“അളിയാ ഒന്നും തോന്നല്ലേ,.. അവിടെ അടുത്താടാ സൂയിസൈഡ് പോയിന്റ് !”

ആദിയുടെ ചങ്ക് കത്തിപ്പോയി,..

“ആരുഷി ഇനി വല്ല അബദ്ധവും ” അവൻ ബി എൽ ജി റോഡിലേക്ക് കുതിച്ചു,…

******
ആദി മല കയറി ചെന്നു,..

ഈശ്വരാ ആരുഷിക്ക് അബദ്ധമൊന്നും തോന്നരുതേ എന്നവൻ ആത്മാർഥമായി പ്രാർത്ഥിച്ചു !

സൂയിസൈഡ് പോയിന്റിന്റെ ഹൈപ്പിൽ ആരുഷി,… അവളുടെ കയ്യിൽ ബിയർ ബോട്ടിൽ,.. കാലുകൾ വേക്കുന്നുണ്ട്

“ആരുഷീ,… ” അവൻ ഉറക്കെ വിളിച്ചു,…

അവൾ തിരിഞ്ഞു നോക്കിയതും ഒരു കല്ല് ഉരുണ്ട് താഴേക്ക് വീണു,.. ആദിയുടെ ഉള്ള് കത്തി,..

“ഇതാരാ വന്നേക്കണത്,… വരണം വരണം മിസ്റ്റർ ആദിദേവ് ! ” ആരുഷി ചെറുതായൊന്ന് വേച്ചു,.. ആദിയുടെ നല്ല ജീവൻ പോയി,…

“ആരുഷി പ്ലീസ് !” അവൻ അടുത്തേക്ക് വരാൻ തുടങ്ങിയതും ആരുഷി ബിയർ ബോട്ടിൽ താഴേക്കിട്ടു,…

“അടുത്ത് വരരുത്,.. വന്നാൽ ഞാൻ ചാടും ഉറപ്പാ !”

ആദി ധർമ്മസങ്കടത്തിൽ അവളെ നോക്കി,.. മഴത്തുള്ളി അവന്റെ നെറ്റിയിൽ ഇറ്റ് വീണു

“ആരുഷി,.. മഴ പെയ്യാൻ പോകുവാ ! നീയിങ്ങ് വാ പ്ലീസ്,. ”

“ആദിക്ക് മഴ ഇഷ്ടല്ലേ ???” മഴത്തുള്ളികൾ ഒന്നൊന്നായി അവരെ പുണർന്നു,…

“സന്തോഷത്തിന്റെയാ ആദി,.. ദാ,.. ഇനി ഒരെണ്ണം കൂടി ഉണ്ട്‌,… ” പാറക്കെട്ടിൽ ചാരി വെച്ച ബിയർ ബോട്ടിലിലേക്ക് അവൾ വിരൽ ചൂണ്ടി,..

ആദി നിസഹായനായി അവളെ നോക്കി,….

“നിനക്ക് വേണ്ടേ ??? നീ കുടിക്ക്,.. നീ ആഘോഷിക്ക്,.. ഇന്ന് നിന്റെ ദിവസവാ,…. വൈ ബിക്വാസ്,. നിന്റെ മുന്നിൽ ഇന്ന് ആരുഷി തോറ്റു പോയി,…. നീ സന്തോഷിക്കണം,.. കാരണം നീ ജയിച്ചു,.. ഒറ്റ ദിവസം കൊണ്ട് ആരുഷിയെ നീ ഒന്നുമല്ലാതെ ആക്കി,.. എ ബിഗ് സീറോ,….. ”

മഴത്തുള്ളികൾ അവന്റെ കണ്ണീരിനെ കഴുകിക്കളഞ്ഞു,…

“പറ ആദി നിനക്കെന്ത് വേണം ? ഈ ആരുഷി തരും,.. ” അവൾ വേച്ചുവേച്ചവന്റെ അരികിലേക്ക് വന്നു,.. ആദി അവളെ വീഴാതെ പിടിച്ചു,.. ആരുഷി അവനോട് ചേർന്നു നിന്നു,. ഒരു കണക്കിന് അവന് ആശ്വാസം തോന്നി,…

“എന്താ വേണ്ടേ നിനക്ക് ഈ ആരുഷി തരും ??? ഡൂ യൂ വാണ്ണ കിസ്സ് മി ?? ജസ്റ്റ്‌ ഡൂ ഇറ്റ് !” ആദി അവളുടെ കയ്യിൽ നിന്നും ബിയർ ബോട്ടിൽ വാങ്ങി ദൂരെയെറിഞ്ഞു,….

“ഒന്നും വേണ്ട ആരുഷി,. നമുക്ക് വീട്ടിൽ പോകാം !”

“അത് പറഞ്ഞാൽ പറ്റൂല്ല,.. ഐ വാണ്ട്‌ ടു കിസ്സ് യൂ !” ആരുഷി മുഖമടുപ്പിച്ചതും,. ബീയറിന്റെ സ്മെൽ അവന്റെ മൂക്കിലേക്ക് അടിച്ചു കയറി,… ആദിക്ക് തല പെരുക്കുന്നത് പോലെ തോന്നി

ആരുഷി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു,… പിന്നെ നിഷ്കളങ്കതയോടെ അവനെ നോക്കി ചിരിച്ചു,.. അടുത്ത നിമിഷം അവൾ ഓക്കാനിച്ചു,…

“ഇതിലും വലിയ ശിക്ഷ ഒന്നും,. എനിക്കിനി കിട്ടാനില്ല മോളെ,… ” ആദി ഷർട്ട് ഊരി മാറ്റി,…

“ഉച്ചക്ക് മീൻ കറി ആണോ കഴിച്ചേ,.. വല്ലാത്ത നാറ്റം,… ”

ആദി അവളുടെ പുറം തിരുമി കൊടുത്തു,… തളർച്ചയിൽ ആരുഷി അവനെ ചാരിയിരുന്നു, ..

“നമുക്ക് പോണ്ടേ ആരുഷി ?”
അവൾ അവനോട് ചേർന്നിരുന്നു,..

“എന്റെ കാല് വേദനിക്കുന്നു. എന്നെ എടുക്കാവോ ?.. ”
അബോധാവസ്ഥയിൽ അവൾ പറഞ്ഞൊപ്പിച്ചു,..

“ഇത്രേം വലിയ മല വലിഞ്ഞു കേറാൻ നിനക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നല്ലോ,.. എന്റെ ഒരു വിധി ” ആദി അവളെ ഇരു കൈകളിലുമായ് കോരിയെടുത്തു…

“വാള് വെക്കാനുണ്ടേൽ പറയണം,.. എവിടേലും നിർത്തി തരാം.. ഇനിയും എന്റെ മേത്തേക്ക് വെക്കരുത്,… പുതിയ ഷർട്ടാരുന്നു,. ” നഷ്ടബോധത്തോടെ അവൻ പറഞ്ഞു.

, ആരുഷി ഒരിക്കൽ കൂടെ ഓക്കാനിച്ചു,….

“ബെർതെ,.. ” അവൾ ചിരിച്ചു,…

“മെലിഞ്ഞിരുന്നാലും മുടിഞ്ഞ വെയിറ്റ് ആട്ടോ നിനക്ക്,… ” ആരുഷി അവന്റെ നെഞ്ചിൽ ചാരിക്കിടന്നു,….

ഒരു വിധം അവൻ അവളുമായി മലയിറങ്ങി,…

“മദ്യപാനം ആരോഗ്യത്തിന് ഹാനീകരമെന്ന് പറയുന്നത് ചുമ്മാതല്ല !”

ആദിയുടെ ബൈക്കിന്റെ അരികിൽ പോലീസ് വണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു,…

“എന്താടാ ഇത് ?? ആരാ ഈ കൊച്ച് ? ഈ രാത്രി ഇവളുമായി നിനക്കെന്താ ഇവിടെ കാര്യം ???” ചോദ്യങ്ങളുടെ ഒരു പേമാരി തന്നെ ആയിരുന്നു,…

പണി പാലുംവെള്ളത്തിലാണ് കിട്ടിയിരിക്കുന്നതെന്ന് അവന് ഏറെക്കുറെ ഉറപ്പായി,…

(തുടരും )

 

Full Parts Here

3.8/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!