Skip to content

ഹൃദയസഖി – Part 15

ആദി ആരുഷി - ഹൃദയസഖി

ആരുഷിക്ക് തന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെടുകയായിരുന്നു,.. ആദിയെ കെട്ടിപ്പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ,. അവനിൽ നിന്ന് എന്നും അകന്ന് നിൽക്കാൻ കൊതിച്ച ആരുഷി അവിടെ ഇല്ലാതാവുകയായിരുന്നു,.. ആദിയും കരഞ്ഞുപോയി,..

എത്ര നേരം ഇരുന്ന് കരഞ്ഞുവെന്ന് രണ്ടാൾക്കും അറിയില്ല,.. ദേവൻ വന്നു വാതിലിൽ മുട്ടുമ്പോൾ,. കണ്ണ് തുടച്ച് ആദ്യമെഴുന്നേറ്റത് ആരുഷിയാണ്,… അവളുടെ കണ്ണുനീർ പതിയെ പുഞ്ചിരിയിലേക്ക് വഴി മാറി ആദിയും ചിരിച്ചു,…

“മോളെപ്പോഴാ വന്നത് ?”

“കുറച്ചു നേരായി അച്ഛാ,… ”

“മാധവന് ?”

“പപ്പ ഓക്കേ ആണ്,. ”

“ഇന്ന് തന്നെ തിരിച്ചു പോണുണ്ടോ മോൾ ?” അവൾ ആദിയെ നോക്കി അവന്റെ മുഖം മങ്ങി,…

“ഇല്ലച്ഛാ,.. ”

“എന്തെങ്കിലും സ്പെഷ്യൽ വാങ്ങിക്കണോ ?”

“ഹേയ് അതൊന്നും വേണ്ട,… ”

“അല്ല മോനെ ആദി,. നിന്റെ വായിലെന്താ പഴമാണോ ? മിണ്ടാതിരിക്കണത് ?”

തന്റെ കരഞ്ഞു വീർത്ത മുഖം അച്ഛനെ കാണിക്കാൻ അവൻ ഒട്ടും ആഗ്രഹിച്ചില്ല,..

“അത് അച്ഛാ ആദിയുടെ കണ്ണിലെന്തോ പൊടി പോയി,.. ചെക്കൻ വെറുതെ കരഞ്ഞു കുളമാക്കി ന്നേ !”
വഞ്ചകി. . ഞാൻ കരഞ്ഞൂത്രേ,..

“എന്റെ കണ്ണിൽ പൊടി പോയി ഞാൻ കരഞ്ഞതിന് ഇവളെന്തിനാ കരഞ്ഞതെന്ന് കൂടി ചോദിക്ക് അച്ഛാ !” അപ്പോളാണയാൾ അവളെ ശ്രദ്ധിക്കുന്നത്,..

“അത് പിന്നെ,. ഇവൻ കരയണ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നതാ അച്ഛാ !”

“എനിക്കാണ് തെറ്റ് പറ്റിയത്,. ഇപ്പോഴും കുട്ടിക്കളി മാറാത്ത രണ്ടെണ്ണത്തെ പിടിച്ചു കെട്ടിച്ചുപോയി,.. ” പ്രമീളയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും ആരുഷിയെ കണ്ടതും അത് മാഞ്ഞു,..

“അച്ഛാ ഞാനിന്ന് അടുക്കളയിൽ കേറട്ടെ,.. ”

“അത്രേം വേണോ ആരുഷി,. എനിക്കാണേൽ ഇന്ന് നല്ല വിശപ്പുണ്ട്,.. ”

“ഞാനൊറ്റക്കാ കേറണത് എന്നാരാ പറഞ്ഞേ ആദി,.. ആദി ഇല്ലേ ഹെൽപ് ചെയ്യാൻ ?”

“എടി അത് !”

“ഇവിടെ എല്ലാരും ഒരേപോലെയാ,. ആരുഷി മോൾക്കൊപ്പം ഇന്ന് ആദി അടുക്കളയിൽ കേറിയിരിക്കും,. ” ദേവനാരായണൻ പ്രഖ്യാപിച്ചു !

അടുക്കളയിൽ കേറി വല്ല്യ പരിചയമൊന്നും ഇല്ലായിരുന്നെങ്കിലും ആരുഷിയുടെ പാചകത്തിന്റെ കഴിവ് അസാധ്യമായിരുന്നു,. അവൾക്കൊപ്പം ചിലവഴിച്ച ഓരോ നിമിഷവും അവന് സ്വർഗ്ഗതുല്യമായിരുന്നു,. ഒടുവിൽ ദേവനാരായണനും സമരം പിൻവലിച്ച് പ്രമീളയും അടുക്കളയിലേക്ക് വന്നതോടെ അവിടെ ഒരു കല്യാണവീടിന്റെ ബഹളമൊക്കെ ആയി,..

“മോളേ,. സൂപ്പർ ” ദേവനാരായണൻ പ്രശംസിച്ചു,. അവൾ ടെൻഷനോടെ അമ്മയെ നോക്കി,.

“അല്ല ആരുഷി,. ഈ മീൻ കറിയുടെ റെസിപ്പി ഒന്ന് പറഞ്ഞു തരണേ,.. ” ആദിക്കും സമാധാനമായി, അമ്മയും അയഞ്ഞിരിക്കുന്നു,.

“അത് മീൻ വെട്ടിയത് ഞാനായത് കൊണ്ടാണമ്മേ !” ആദി അത് പറഞ്ഞതും എല്ലാവരും ചിരിച്ചു,..

എല്ലാവരും സന്തോഷത്തിലാണ്,.. ഒരാഴ്ച്ച കൂടി ആദിയും ഈ സന്തോഷങ്ങളുമെല്ലാം തനിക്കൊപ്പം ഉണ്ടാകും,. അത് കഴിഞ്ഞാൽ,. ഒരു വറ്റ് പോലും അവൾക്കിറങ്ങിയില്ല,. അതിന്റെ കാരണവും ആദിക്ക് മനസിലായി,.

“എന്ത് പറ്റി മോളേ ?”

“ഒന്നൂല്ലച്ഛാ എന്തോ കഴിക്കാൻ പറ്റണില്ല !”

“അതൊന്നും പറഞ്ഞാൽ പറ്റില്ല ! അല്ല ആദി നീയെന്ത് നോക്കിയിരിക്കുവാ , അങ്ങട് കഴിക്കന്നേ !”

“അല്ല പ്രമീ,. ഇനിയിവർ ഇതിൽ എന്തേലും ചേർത്ത് നമുക്ക് പണി തന്നതാവോ ? അതാണോ കഴിക്കാത്തത് ?”

“അയ്യോ അങ്ങനൊന്നും ഇല്ലാട്ടോ,. ”

“പിന്നെന്താ പ്രശ്നം ?”

“എനിക്ക് ആദി വാരി തന്നാൽ മതി !”

ദേവനാരായണൻ ഭാര്യയെ നോക്കി,. പ്രമീളക്ക് ഇഷ്ടമാവില്ലെന്നാണ് കരുതിയത്,.

“ഭർത്താവിന്റെ കയ്യിൽ നിന്നും ഒരുരുള ചോറ് വാങ്ങി തിന്നാൻ ഏതൊരു ഭാര്യയും കൊതിക്കും,.. ” പ്രമീള ആരുഷിയെ സപ്പോർട്ട് ചെയ്തു പറഞ്ഞു,.

ആദി അവൾക്ക് നേരെ ഒരുരുള നീട്ടി,. അത് കഴിച്ചതും ആരുഷിയുടെ മിഴികൾ നിറഞ്ഞൊഴുകി,..

“നല്ല എരിവ്,. ” ആരുഷി വാഷ് ബേസിനരികിലേക്ക് ഓടി,.

“അത്ര എരിവുണ്ടോ പ്രമീ ?”

“മുളക് വല്ലതും കടിച്ചു കാണും,. ശ്രദ്ധിക്കണ്ടേ ആദി ?” അവനും മതിയാക്കി എഴുന്നേറ്റു,.

****—****

ആദിയെ കണ്ടതും അവൾ മിഴികൾ തുടച്ചു,.

“ആദി എന്താ മതിയാക്കിയേ, കറികളൊന്നും ഇഷ്ടായില്ലേ ?”

“വിശപ്പില്ലായിരുന്നു ” അവൻ ബെഡ് ഷീറ്റും പില്ലോ കവറും എടുത്ത് സോഫയിൽ വെച്ചു,..

“സോഫയിലാണോ കിടക്കുന്നത് ?”

“ഹാ,. അതാണ് നല്ലത് !”

“ആദിക്കെന്നോട് ദേഷ്യമുണ്ടോ ?”

“ഉണ്ടെങ്കിൽ നിനക്കെന്താ ആരുഷി,. ഞാൻ ദേഷ്യപ്പെട്ടാലും സ്നേഹം കാണിച്ചാലും നീ കല്ലുപോലല്ലേ ?”

ആദിയുടെ പരാതി ന്യായമാണ്,. ആദിക്ക് നേരെ കണ്ണടച്ച് പിടിച്ചത്,. അവന്റെ നോട്ടത്തെപ്പോലും പേടി ആയത് കൊണ്ടാണ്,. വീണു പോയേനെ താൻ,.

“നിനക്ക് ആരതിയായിരുന്നു ആദി ചേരുക !”

“അതേ മണ്ടത്തരം പറ്റി പോയില്ലേ ? ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ല !”

“സമയം,.. ”

“വൈകിയിട്ടില്ല,. തൽക്കാലം ആദിദേവിന് ഭാര്യയുടെ ചേച്ചിയെ കെട്ടണ്ട ഗതികേടൊന്നും വന്നിട്ടില്ല !”

“ആദി ഞാൻ !”

“എന്റെ ആരുഷി… നീയിനി വിരലിലെണ്ണാവുന്ന ദിവസം കൂടെയേ കാണുള്ളൂ ഇവിടെ,. എന്റെ അടുത്ത് വഴക്കുണ്ടാക്കാൻ വന്നേക്കല്ല് ദയവ് ചെയ്ത് !”

ആരുഷി മിണ്ടാതിരുന്നു,. അവൻ ഉരുകുകയാണെന്ന് മറ്റാരേക്കാളും നന്നായി അവൾക്കറിയാമായിരുന്നു,. ആരുഷി അവനെ നോക്കിക്കിടന്നു,.

********

ആരുഷിയുടെ തീരുമാനം എല്ലാവരെയും വിഷമിപ്പിച്ചു,.

“യൂ എസിൽ മാത്രേ അവൾക്ക് എം ബി. എ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ ? ഇവിടൊക്കെ എത്ര നല്ല കോളേജ് ഉണ്ട് !” പ്രമീളയും രാധികയും ഒരേ അഭിപ്രായക്കാരായിരുന്നു,.

“ആരുഷിയുടെ ആഗ്രഹമല്ലേ ആന്റി ?”

“അഭിപ്രായം പറയേണ്ടത് നമ്മളല്ല അനൂപ്,. അവളെ താലി കെട്ടിയ ആളാണ് !”

എല്ലാവരുടെയും ശ്രദ്ധ ആദിയിലായി,..

“അവളുടെ ആഗ്രഹങ്ങൾക്കും,. അഭിപ്രായങ്ങൾക്കും മേലുള്ള വിലങ്ങുതടിയായി ഞാനാ താലിയെ കാണുന്നില്ല അങ്കിൾ,. അവളുടെ ഇഷ്ടമാണ് വലുത് !” ആദിയുടെ തീരുമാനവും എല്ലാവർക്കും അത്ഭുതമായി തോന്നി,..
*****—-******

എല്ലാവരോടും യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോഴും ആരുഷിയും ഞാനും ഒന്നും മിണ്ടിയില്ല,. കാരണം ഞാനവൾക്കൊരു ഭാരമായി തോന്നരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു,. ഞാനൊന്ന് വിളിച്ചിരുന്നെങ്കിൽ അവൾ പോവില്ലായിരുന്നു,. ഓരോ നിമിഷവും അത് കേൾക്കാനാണവൾ കൊതിച്ചിരുന്നതെന്ന് തോന്നി,. എന്റെ പ്രണയത്തിനൊരുപക്ഷേ അവളെ ഇവിടെ പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്ന് വരും,. എന്നാൽ മനസ്സിൽ അടച്ചുവെക്കേണ്ടി വരുന്ന ആഗ്രഹങ്ങൾ അവളെപ്പോലെ തന്നെ എന്നെയും കൊല്ലാതെ കൊല്ലുമെന്ന് ഉറപ്പായിരുന്നു.

“ആദി ഇന്നാണ് ആരുഷി മോൾ വരണത്.. നീ വരുന്നില്ലേ പിക്ക് ചെയ്യാൻ ?”

“ഞാനില്ല അച്ഛാ,. അത്യാവിശമായൊരു ബിസിനസ്‌ മീറ്റിംഗ് ഉണ്ട്,.. ”

കള്ളമാണ് പറഞ്ഞത്,. ഒരാഴ്ചത്തേക്ക് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞ ഞാനിനി എന്ത് ചെയ്യുമോ എന്തോ ? മറന്നു കാണുമോ അവളെന്നെ ?

ഏറെ നേരം വൈകി വീട്ടിൽ കേറി ചെന്നപ്പോൾ കറന്റ് പോയത് പോലെ ഡാർക്ക്‌ ആയിരിക്കുന്നു അച്ഛന്റെയും അമ്മയുടെയും മുഖം,..

“കഷ്ടമായിപോയി ആദി നീ വരാഞ്ഞത്,. അവൾ ചോദിച്ചു നീയെവിടെയെന്ന് !”

“നിങ്ങളെ കണ്ടപ്പോഴാകും അവൾ ഓർത്തിട്ടുണ്ടാകുക അല്ലേ ?” തിരിഞ്ഞതും പുറകിൽ ആരുഷി,… എങ്കിലും അവൾ ഇവിടേക്ക് വരുമെന്ന് കരുതിയില്ല,.

വല്ല്യ മാറ്റമൊന്നും ഇല്ല, രൂപത്തിലല്ലല്ലോ സ്വഭാവത്തിലല്ലേ മാറ്റം സംഭവിച്ചത്,..

അവളോട്‌ മുഖം വീർപ്പിച്ചു റൂമിലേക്ക്‌ നടന്നപ്പോൾ സങ്കടവും സന്തോഷവുമെല്ലാം ഒരുമിച്ച് ചേർന്നൊരവസ്ഥ ആയിരുന്നു എന്റേത്,..

ഒരിക്കലെങ്കിലും അവൾക്കെന്നെയൊന്ന് വിളിക്കാമായിരുന്നില്ലേ ? എന്ത് കൊണ്ട് ചെയ്തില്ല,. എന്റേത് വൺ സൈഡ് ലവ് ആയിരുന്നല്ലോ,. മാഡം ഇതുവരെ പറഞ്ഞിട്ടില്ല എന്നെ ഇഷ്ടമാണെന്ന്,.. സോ അവളുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല,. സത്യം പറയട്ടെ ഒരു നിമിഷത്തേക്ക് ഞാൻ പോലും വിചാരിച്ചുപോയി ഇവളെന്നെ മറന്ന് വല്ല സായിപ്പിനെ എങ്ങാനും കല്യാണം കഴിക്കുമോ എന്ന്,…

“ആദി,…. ”

“ആഹാ മാഡം എപ്പോ എത്തി ?”

“ആദി താഴേന്ന് കണ്ടിട്ടെന്താ മിണ്ടാതെ പോന്നത്,… ”

“നാല് വർഷങ്ങളായി മിണ്ടാതിരിക്കുന്നവരോട് പ്രേത്യേകിച്ച് എന്ത് മിണ്ടാനാ ?”

“അങ്ങനാണോ ഒന്നും ചോദിക്കാനില്ലേ ?”

“നീ വീട്ടിലൊന്നും പോയില്ലേ, ?”

“പോയിട്ടാ വന്നത് !”

“എങ്കിൽ പിന്നെ ലേറ്റ് ആവണ്ട,. കൊണ്ട് വിടാൻ എനിക്ക് തീരെ ടൈം ഇല്ല !”

“അയ്യോ അത്ര ബുദ്ധിമുട്ടണം എന്നൊന്നും ഇല്ല,. എനിക്ക് തന്നെ പോവാനറിയാം !”

“എന്നാ പിന്നെ ശരി,… ” ആദി ലാപ്ടോപ് തുറന്നു വെച്ചു,…

“ഇതെന്ത് പരിപാടിയാ ആദി ? നീ ഒരാഴ്ചത്തേക്ക് ഓഫീസിൽ നിന്ന് ലീവ് എടുത്തിട്ട് ഇന്ന് എവിടെ പോയതാ ?”

അതും ഇവളറിഞ്ഞോ,..

“അത് നിന്നെ ബോധിപ്പിക്കണമെന്നുണ്ടോ ?”

“നീ മാറിപ്പോയി ആദി !”

“അതേ ആരുഷി,. ചിലരൊക്കെ വല്ലാതങ്ങ് മാറുമ്പോൾ നമ്മൾ മാത്രം പഴഞ്ചനായിരിക്കുന്നതിൽ അർത്ഥമില്ലല്ലോ !”

“ഇപ്പോ എന്താ ആദി നിന്റെ പ്രശ്നം, എന്തിനാ എന്റടുത്ത് വഴക്കുണ്ടാക്കുന്നത് ?”

“നീ അവിടെ മലമറിക്കാൻ പോയതൊന്നും അല്ലല്ലോ… ഒന്ന് ഫോൺ എടുത്തെന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല,.. ഓ നിനക്കതിന് എവിടെയാ സമയം,. കണ്ട ജാക്കിന്റെയും നിക്കിന്റെയും ഒക്കെ കൂടെ കറങ്ങാനല്ലേ സമയം ?”

ആരുഷി ചിരിച്ചു,..

“എന്താ ചിരിക്കണേ ?”

“ആദി ചൂടാകുമ്പോഴാ ആദിയെ കാണാൻ രസം !”

“ഒന്ന് തമാശ കളയ് ആരുഷി ഐ ആം സീരിയസ് !”

ആരുഷി ലാപ്ടോപ് അടച്ചു വെച്ചു,.

“ഞാനും സീരിയസ് ആണ് ആദി,. ശരിയാ നിന്നെ ഞാൻ മനഃപൂർവം അവോയ്ഡ് ചെയ്തതാ,. ഒരു പക്ഷേ,. നിന്റെ കോൾ എടുത്തിരുന്നെങ്കിൽ,. നിന്റടുത്ത് സംസാരിച്ചിരുന്നെങ്കിൽ , ഈ കഴിഞ്ഞ നാല് വർഷങ്ങൾ എനിക്കവിടെ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല ” ആരുഷിയുടെ മിഴികൾ നിറഞ്ഞിരുന്നു,..

“എന്താ ആരുഷി നീ ഈ പറഞ്ഞതിൽ നിന്നും ഞാൻ മനസിലാക്കേണ്ടത് ?” ആദി അവളെ ചേർത്ത് പിടിച്ചു,.

“അത് ആദി ഐ,….. ”

ആരുഷിയുടെ ഫോൺ റിംഗ് ചെയ്തു,.. ആരതിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു,…
ഇത്തിരി റൊമാന്റിക് ആകാൻ പോലും സമ്മതിക്കൂല്ല അപ്പോഴേക്കും വരും ആരതിയുടെ കോൾ,… ആരുഷി പുഞ്ചിരിച്ചു,.

“ഹലോ,… ”

“അമ്മൂ,. ആദിയേട്ടൻ ഇപ്പോഴും ദേഷ്യത്തിലാണോ ?”

“മ്മ്,.. കുറച്ചു,.. അതൊക്കെ ഞാൻ റെഡി ആക്കിക്കോളാം,… അല്ല മിയക്കുട്ടി എവിടെ ?”

“ദാ അവളിന്ന് അച്ഛനേം കെട്ടിപ്പിടിച്ചു നേരത്തെ ഉറങ്ങി,… ”

“മ്മ്,. ഹരീഷേട്ടനോട് അന്വേഷണം പറയൂട്ടോ,… ”

“മ്മ്,. ഞാൻ വിളിച്ചത് നിനക്ക് ഡിസ്റ്റർബൻസ് ആയീല്ലേ ? ”

“ഇല്ലടി സത്യം,.. ”

“ഇവിടെ നിന്ന് നൂറേ നൂറിൽ പോയപ്പോഴേ ഞാൻ ആലോചിച്ചു,. വിളിക്കണോ എന്ന്, ഇന്നെങ്കിലും നീയൊന്ന് പറയുമോ അമ്മു !”

“എന്ത്‌ ?”

“ഇഷ്ടാണെന്ന്,.. ”

“നീയൊന്ന് പോയേ മാളു,. അതിന്റെ ഒന്നും ആവശ്യം ഇല്ല,.. ”

“നീയിതേ പറയൂ,. എന്നെനിക്കറിയാം !”

“എടീ,. ഒരാളോട് ഇഷ്ടമാണെന്ന് അറിയിക്കാൻ എപ്പോഴും ഐ ലവ് യൂ പറയണം എന്നില്ല,.. അതൊക്കെ മനസിലാക്കാൻ പറ്റുന്ന കാര്യമേ ഉള്ളൂ !” ആരുഷി ആദിയെ നോക്കി,..

“ആയിക്കോട്ടെ,. അപ്പോൾ പിന്നെ കൂടുതൽ ഡിസ്റ്റർബ് ചെയ്യുന്നില്ല,. സോ ഹാപ്പി ഫസ്റ്റ് നൈറ്റ്‌,.. ”

“ഫസ്റ്റ് നൈറ്റൊ ?”

“എന്തേ അല്ലേ ?”

“നീയൊന്ന് പോ മാളൂ,. നീ പോയി നിന്റെ കെട്ടിയോനെയും മോളെയും കെട്ടിപ്പിടിച്ചു കിടക്ക്,. ഞാനിവിടെ എന്റെ കെട്ടിയവന്റെ കഴിഞ്ഞ നാല് വർഷത്തെ പരാതി തീർക്കട്ടെ,.. ”

ആരുഷി കോൾ കട്ട്‌ ചെയ്തു,..

“ആരുഷി !”

“മ്മ് എന്താ ആദി,.. ” ആരുഷി അവനോട് ചേർന്ന് കിടന്നു,.

” എന്റെ ഓഫീസിലെ ജോബിന്റെ വൈഫ്‌ ഇന്നലെ പ്രസവിച്ചു,.. ഇരട്ടക്കുട്ടികളാ !”

“അതിന് ?”

“അതിന് ഒന്നൂല്ല്യേ ?”

“നോക്കാന്നെ !”

“എന്ത് ?”

“അല്ല ട്വിൻസിനെ !”

“സത്യം ?”

” മ്മ്,. അവരെ നമുക്ക് മാളു എന്നും അമ്മു എന്നും വിളിക്കാം !”

“എന്നിട്ട് ആദി എന്ന് പേരുള്ള പയ്യനെക്കൊണ്ട് കെട്ടിക്കാം !”

“ആരെ മാളുവിനെയോ അമ്മുവിനെയോ ?”

“എന്താ സംശയം മാളുവിനെ,. അമ്മുവിനെ കെട്ടിയ എന്റെ ഗതികേട് ആ പാവം ഉണ്ടാവണ്ടല്ലോ !”

“ഓഹോ എന്നാ പിന്നെ ഇപ്പോ തന്നെ തീരുമാനം ആക്കാം !”

“അയ്യോ വേണ്ടായേ,… ഒരു ഐ ഡബ്ലിയു നിന്റെ വായിൽ നിന്ന് കേൾക്കാനുള്ള ഭാഗ്യം ഈ ജന്മം എനിക്ക് കിട്ടുവോ ?”

“ചാൻസ് ഇല്ല മോനെ,… ”

“എന്റെ വിധി അല്ലാതെന്താ ”

“എന്നാ പിന്നെ സഹിച്ചോ !”

*******—*****

ആദി അവന്റെ ഹൃദയസഖിക്കൊപ്പം വഴക്കും പിണക്കവും അതിലേറെ പ്രണയവുമായി അവരുടെ പുതിയ യാത്രക്ക് തുടക്കം കുറിക്കുന്നു,… കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി,. ആരുഷിയെയും ആദിയെയും ഇഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്നു,.. അഭിപ്രായങ്ങൾ അറിയിക്കണേ !

(അവസാനിച്ചു )

അനുശ്രീ

 

Full Parts Here

4.5/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഹൃദയസഖി – Part 15”

Leave a Reply

Don`t copy text!