മാധുരിക്ക് ഒരാക്സിഡന്റ് എന്ന വാർത്തയാണ് കേട്ടത് …. ഹോസ്റ്റലിലെ സഹപാഠികൾ തമ്മിൽ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നു …
ഓരോ നിമിഷവും അഭിരാമിയുടെ നെഞ്ചിടിപ്പ് ഏറി വന്നു …
ഫ്രഷായി വസ്ത്രം മാറി , ഭക്ഷണം പോലും കഴിക്കാതെയാണ് അവൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിലേക്ക് ഓടിയത് …
അവിടെ എത്തുംമ്പോഴേക്കും അവളുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു …
റിസപ്ഷനിൽ മാധുരി ശബരി എന്ന പേഷ്യന്റിനെ കുറിച്ച് ചോദിച്ചു ..
സർജറി ഡിപ്പാർട്ട്മെന്റിലെ പേവാർഡ് നമ്പർ 216 ൽ ചെല്ലാൻ അവർ പറഞ്ഞു ..
ഓരോ കാലടിയിലും അവളുടെ നെഞ്ചിടിപ്പ് ഏറി ….
സർജറി ഡിപ്പാർട്ട്മെന്റ് ..
റൂം നമ്പർ 2 16 …
അഭിരാമി ചെന്ന് ഡോറിൽ മുട്ടി ..
അൽപം കഴിഞ്ഞപ്പോൾ ഡോർ തുറക്കപ്പെട്ടു ….
ശബരിയാണ് ഡോർ തുറന്നത് ..
” ആ ..ആമി …. കയറി വാ …..” അവൻ മുഖത്ത് ദുഃഖം നിറച്ച് പറഞ്ഞു …
അവൾ മെല്ലെ അകത്തേക്ക് കയറി ….
ബെഡിൽ അരക്കെട്ട് വരെ ബെഡ്ഷീറ്റ് പുതപ്പിച്ച് മാധുരിയെ ഇരുത്തിയിട്ടുണ്ട് …
അവളുടെ കണ്ണുകളിൽ കണ്ണുനീർ …
അവളുടെ ഇടം കൈ വയറിൻ മേലായിരുന്നു …
അഭിരാമി അകത്തേക്ക് വന്നതൊന്നും മാധുരി അറിഞ്ഞില്ലന്ന് തോന്നി ….
“മധൂ ….” അഭിരാമി മെല്ലെ വിളിച്ചു …..
മാധുരിയുടെ കൃഷ്ണമണികൾ ചലിച്ചു ..
ആ നോട്ടം ആമിയുടെ മുഖത്ത് പതിഞ്ഞു ..
പൊടുന്നനെ ഒരു വലിയ കണ്ണുനീർ തുള്ളി മാധുരിയുടെ കവിളിലൂടെ ഒലിച്ചിറങ്ങി ..
” എന്താ മധൂ … എന്താ നിനക്ക് പറ്റിയേ … ”
” ഇന്നലെ വൈകിട്ട് ഒരാക്സിഡന്റായി .. ” ശബരിയാണ് മറുപടി പറഞ്ഞത് ….
അഭിരാമി തിരിഞ്ഞ് ശബരിയെ നോക്കി …
അവന്റെ മുഖത്തെ ദുഃഖം ആ കണ്ണുകളിലില്ലെന്ന് അഭിരാമിക്ക് തോന്നി …
” ഞങ്ങളിന്നലെ ഒരു മൂവി കണ്ടിട്ട് തിരിച്ചു വരുന്ന വഴിയായിരുന്നു .. ഏഴെഴര മണിയായിക്കാണും .. മാധുരിയെ റോഡിൽ നിർത്തി , ഞാൻ രണ്ട് ഐസ്ക്രീം വാങ്ങാൻ ഹട്ടിലേക്ക് പോയി .. അപ്പഴാ ഓപ്പോസിറ്റ് നിന്ന് വന്ന ഒരു ആംബുലൻസ് ഇവളെ ഇടിച്ചത് … ഇവൾ പെട്ടന്ന് ഒഴിഞ്ഞ് മാറി … പക്ഷെ ……………” അവൻ ആതീവ ദുഃഖത്തോടെ മാധുരിയുടെ അരികിലേക്ക് വന്നു …
അഭിരാമി മാധുരിയെ സൂക്ഷിച്ചു നോക്കി ..
ഇല്ല തലയിൽ ഒരു വശത്ത് ഒരു കെട്ടൊഴിച്ചാൽ , കൈകളിലോ മറ്റോ പരിക്കുകളില്ല ..
” അവളുടെ കുഞ്ഞ് …..?” അഭിരാമി ശബരിയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി …
” ഇല്ല ….. കുഞ്ഞിനൊന്നും സംഭവിച്ചിട്ടില്ല … ”
അതിൽ ഒരു നിരാശ കലർന്നിരുന്നു …
അഭിരാമി ആശ്വാസത്തോടെ മാധുരിയെ നോക്കി …
” സാരമില്ലെടി .. കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ …. നീ വിഷമിക്കണ്ട … ” അഭിരാമി അവൾക്കരികിലേക്ക് ചെന്നു ….
” പക്ഷെ ……..” ശബരിയുടെ ശബ്ദം അഭിരാമിയുടെ പിന്നിൽ മുഴങ്ങി …..
അതൊരു ഗർജനം പോലെയാണ് അഭിരാമിക്ക് തോന്നിയത് ..
അവൾ അവനെ നോക്കി …
” മറ്റൊരപകടം സംഭവിച്ചു …. ” മുഖത്തെ അവന്റെ ദു:ഖഭാവത്തിനപ്പുറം ഒരു പ്രതികാര ജ്വാല അവളാ കണ്ണുകളിൽ കണ്ടു ..
അഭിരാമിയുടെ ഉടലിലൂടെ ഒരു മിന്നൽ പാഞ്ഞു …..
ശബരി മാധുരിയുടെ കാൽ ഭാഗത്തെക്ക് ചെന്നു .. പിന്നെ അരക്കെട്ടിന് മുകളിൽ നിന്ന് ബെഡ്ഷീറ്റ് വലിച്ചു മാറ്റി ……
ഒരേയൊരു നോട്ടം …. ഒരൊറ്റ നോട്ടം …
” മധൂ ……..” അഭിരാമിയുടെ നിലവിളി ആ മെഡിക്കൽ കോളേജിന്റെ സകല ചുമരുകളെയും പിടിച്ചു കുലുക്കി ..
അരക്ക് താഴെ , അവളുടെ വലതെ കാൽമുട്ടിന് താഴെ ശൂന്യം …..!
അഭിരാമിയുടെ കാലും കൈയ്യും വിറച്ചു …. വിറക്കുന്ന കൈകൾ കൊണ്ട് അവൾ വാ പൊത്തി …. അവളുടെ കണ്ണുകൾ തുറിച്ചു ….
ഭയം അവളുടെ നാഡി ഞരമ്പുകളെ കീഴ്പ്പെടുത്തി …
അടുത്ത നിമിഷം മാധുരിയിൽ നിന്നൊരു പൊട്ടിക്കരച്ചിലുയർന്നു …
അഭിരാമി ഞെട്ടിവിറച്ച് പോയി …
അവൾ രണ്ടടി പിന്നോക്കം വച്ചു …
അവളുടെ നോട്ടം ശബരിയുടെ മുഖത്തേക്ക് ചെന്ന് വീണു …
അതുവരെ അവനെ നേരിടുമ്പോൾ അഭിരമിയുടെ കണ്ണുകളിൽ ഒരഗ്നിയുണ്ടായിരുന്നു ..
ഇപ്പോൾ …. ഇപ്പോളത് കെട്ട് പോയിരിക്കുന്നു …
ഭയമായിരുന്നു അവൾക്ക് …..
അവന്റെ ചുണ്ടിന്റെ കോണിൽ ക്രൗര്യം നിറഞ്ഞൊരു ചിരി അവനൊളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു ..
” കാല് അറ്റുപോയി .. തുന്നിച്ചേർക്കാമായിരുന്നു .. അപ്പോൾ കിട്ടിയിരുന്നെങ്കിൽ .. പക്ഷെ സ്പോട്ടിൽ നിന്ന് ആ കാൽ എവിടെയോ മിസായി … മേ ബി ആ വേസ്റ്റ് കനാലിലേക്ക് വീണ് പുതഞ്ഞു പോയിട്ടുണ്ടാകാം .. രാത്രി കണ്ടെത്താൻ കഴിഞ്ഞില്ല …. ” ആ ശബ്ദത്തിൽ പകയുടെ ലഹരിയുണ്ടായിരുന്നു ..
അഭിരാമി പിന്നെയും പിന്നോക്കം നടന്നു … ഭിത്തിയിലിടിച്ച് നിന്നു …
ഒരു നിമിഷം മാധുരിയുടെ സ്ഥാനത്ത് അവൾ അവളെ തന്നെ കണ്ടു …
അടുത്ത നിമിഷം ഭാരമേറിയ കാലുകൾ വലിച്ച് വച്ച് അഭിരാമിയിറങ്ങിയോടി …
ആളുകളങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്ന ഇടനാഴിയിലൂടെ ആരെയൊക്കെയോ വകഞ്ഞ് മാറ്റി അവളിറങ്ങിയോടി …
എപ്പോഴോ ഒന്നു പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു , റൂം നമ്പർ 212 ന് മുന്നിൽ പകയുടെ തീക്കുണ്ഡമെരിയുന്ന കണ്ണുമായി തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ശബരിയെ ….
ശബരി പൊട്ടിച്ചിരിച്ചു …… ഇരുളിനെയും പകലിനെയും മാറി മാറി തുരന്ന് അവന്റെ പൊട്ടിച്ചിരിയുയർന്നു ….
” അവൾ .. അഭിരാമി …. ഹ ഹ ഹ ഹ …. അന്ന് മുതൽ അവളോടാൻ തുടങ്ങിയതാ എന്നെ പേടിച്ച് .. ” അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു …
” എന്നിട്ട് ഈ മാധുരിയിപ്പോ എവിടെയാ .. ജീവനോടെയുണ്ടോ ….” നിരഞ്ജന ചോദിച്ചു ..
” യെസ് …. ബാംഗ്ലൂരിൽ ഉണ്ട് … ”
” വിശ്വസിക്കാമോ …. ?” നിരഞ്ജന ചോദിച്ചു ..
” ശബരി കള്ളം പറയാറില്ല .. ”
” എന്നിട്ട് വന്നപ്പോ തന്നെ എന്നോട് കള്ളം പറഞ്ഞല്ലോ .. നീ സിംഗിൾ ആണെന്ന് …. നിങ്ങൾ ഡിവോസായോ ……?”
അവന്റെ മുഖം കറുത്തു ..
” ഞാൻ സിംഗിൾ ആണ് .. അവളെ എന്റെ ഭാര്യയായി എനിക്ക് വേണ്ട ….” അവൻ പ്രതികാരത്തോടെ പറഞ്ഞു ..
” പോലീസ് ഇടപെട്ട് നടത്തിയ കല്ല്യാണമല്ലേ .. നിയമസാധുതയുണ്ടല്ലോ .. ഡിവോസ് ആയോ നിങ്ങൾ …”
” അവൾ ഡിവോസ് തരില്ല … നാട്ടിൽ വന്ന് ഞാൻ വിവാഹം കഴിക്കാനിരുന്ന പെണ്ണിന്റെ വീട്ടിലേക്ക് പോലും അവൾ , ആ ഒറ്റക്കാലും വച്ച് കയറിച്ചെന്നു …… ”
” ചുരുക്കിപ്പറഞ്ഞാൽ മാധുരി നിന്നെ വേട്ടയാടുന്നു …. അതിന്റെ പകയാണോ നിനക്ക് അഭിരാമിയോട് …. ഇത്ര വർഷമായിട്ടും അത് തീർക്കാൻ നിനക്ക് കഴിഞ്ഞില്ലേ …. ? ” നിരഞ്ജന പരിഹാസത്തോടെ ചോദിച്ചു …
” അവളെ ഞാൻ ഇഞ്ചിഞ്ചായി ഉമിത്തീയിലിട്ട് നീറ്റിക്കൊണ്ടിരിക്കുകയാ … അവളുടെ തന്ത പണ്ടേ ചത്തു പോയതാ … തള്ളയാണ് വളർത്തിയത് .. ബാംഗ്ലൂരിൽ പഠനം പൂർത്തിയാക്കി വരുന്നത് വരെ ഞാനവളെയിട്ട് കളിപ്പിച്ചു .. ഈ പൂച്ച എലിയെയിട്ട് കളിപ്പിക്കില്ലേ അതുപോലെ … എന്നെ ഭയന്ന് ബാംഗ്ലൂർ നഗരത്തിലൂടെ , ക്ഷേത്രപ്പടവുകളിലൂടെ , കോളേജ് ഗ്രൗണ്ടിലൂടെ , ട്രെയിനിന്റെ കമ്പാർട്ട്മെന്റുകളിലൂടെ , റെയിൽപ്പാളത്തിലൂടെ എല്ലാം അവൾ ഓടിയിട്ടുണ്ട് … അവിടുന്ന് വന്ന് കഴിഞ്ഞും അവൾക്ക് വരുന്ന എല്ലാ വിവാഹാലോചനകളും ഞാൻ മുടക്കി … ഇവിടെയും അവൾക്കെന്നെ ഭയമായിരുന്നു … പക്ഷെ അതിനിടക്കാ .. നിന്റെ പഴയ ഭർത്താവ് അവളെക്കേറിയങ്ങ് കെട്ടാൻ തീരുമാനിച്ചത് …. ഇവിടെ മാത്രം എനിക്ക് പിഴച്ചു .. ഞാനറിഞ്ഞില്ല ഈ വിവാഹം ഇത്രത്തോളമെത്തിയത് … അവൾക്ക് വേണ്ടി ഞാൻ മറ്റൊരു വലിയ കെണി ഒരുക്കുന്ന തിരക്കിലായിരുന്നു .. എല്ലാം അറിഞ്ഞ് ട്രാൻസ്ഫർ ഒപ്പിച്ച് ഇവിടെ എത്തിയപ്പോൾ വൈകിപ്പോയി .. സാരമില്ല … ഇനിയാണ് നന്നായി കളി തുടങ്ങാൻ പോകുന്നത് .. ഉർവശ്ശി ശാപം ഉപകാരമെന്ന് നീ കേട്ടിട്ടില്ലേ …. പന്തിപ്പോ പൂർണമായും ശബരിയുടെ മാത്രം കോർട്ടിലാ ….” അവന്റെ കണ്ണുകൾ ജ്വലിച്ചു ..
” കൊല്ലാൻ പോകുകയാണോ …” നിരഞ്ജന ചോദിച്ചു …
” ഹേയ്….. ” ശബരി കൈയെടുത്ത് തടഞ്ഞു…
” കൊല്ലാനായിരുന്നെങ്കിൽ എനിക്കെന്നേയാകാമായിരുന്നു … ഒരെടുക്കാ ചരക്കിനെ എന്റെ ജീവിതത്തിൽ കെട്ടി വച്ചത് അവളൊറ്റയൊരുത്തിയുടെ മിടുക്കാ … അവളങ്ങനെയങ്ങ് ചത്തൊടുങ്ങാൻ പാടില്ല … ജീവിക്കണം .. ഒരോ നിമിഷവും ഭയന്ന് , ഇഞ്ചിഞ്ചായി നീറി , ഒരോന്നോരോന്നായി നഷ്ടപ്പെട്ട് അവളിനിയും ഭയന്നോടണം … അന്ധകാരത്തിന്റെയും വിചനതയുടെയും പേരറിയാത്ത ഊടുവഴികളുടെ മാറുപിളർന്നവൾ ഓടണം … എന്നെ .. എന്നെ …മാത്രം ഭയന്ന് … ഓടിയോടി ഒടുവിലവൾ വീഴണം .. എന്റെ … എന്റെയീ കൈകളിൽ തന്നെ …. ” അവന്റെ കണ്ണുകൾ ചുവന്നു …. ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു അവനപ്പോൾ …. അവന്റെ കൈകൾ വിറച്ചു …
” ശബരീ …..” അവന്റെ ഭാവമാറ്റത്തിൽ നിരഞ്ജന ഭയന്നു പോയി …
” നീ … നീ … ഡ്രഗ് അഡിക്ടാണോ ….” നിരഞ്ജന ചോദിച്ചു …
അതിനവൻ മറുപടി പറഞ്ഞില്ല … അവൻ തലമുടി വലിച്ച് പറിച്ചു ..
ടീപ്പോയിൽ അവൻ ജ്യൂസ് കുടിച്ച് വച്ച ഗ്ലാസിലേക്ക് അവൻ വലതു കൈയുടെ മുഷ്ടി ചുരുട്ടിയിടിച്ചു ..
ഗ്ലാസിനൊപ്പം ടീപ്പോയുടെ ഗ്ലാസ് പ്ലേറ്റ് കൂടി ഉടഞ്ഞ് വീണു …
നിരഞ്ജന പേടിച്ചു പിന്നോക്കം മാറി …
അവന്റെ കൈയിലൂടെ ചോര വാർന്നൊഴുകി കണ്ണാടി പോലെ കിടന്ന തറയിലേക്ക് വീണു ..
അടുത്ത നിമിഷം കാറ്റ് പോലെ ഇരച്ച് അവൻ പുറത്തേക്കിറങ്ങി നടന്നു .. അവളോടു പോലും യാത്ര പറയാതെ ..
നിരഞ്ജന സ്തംബ്ധയായി നിന്നു …
അവൻ …. അവൻ തങ്ങൾക്ക് പരിചിതനായ പഴയ ശബരിയല്ല … ഒരു പാട് മാറിയിരിക്കുന്നു .. ഒരുപാട് ഒരുപാട് …
* * * * * * * * * * * * * * * * *
” അവനിതുവരെ വന്നില്ലല്ലോ …” ക്ലോക്കിൽ പത്തടിച്ചിട്ടും ശബരിയെ കാണാത്തത് കൊണ്ട് വിനയ് പറഞ്ഞു ..
അഭിരാമിയൊന്നും മിണ്ടിയില്ല .. ഉറങ്ങാതെ തന്റെ ഒക്കത്ത് കയറിയിരുന്ന് കളിക്കുന്ന ആദിയിലായിരുന്നു അവളുടെ ശ്രദ്ധ ..
ശബരി വരരുതേ എന്നായിരുന്നു അവളുടെ പ്രാർത്ഥന …
എന്തായാലും വിനയേട്ടനോട് ബാംഗ്ലൂർ കാര്യങ്ങൾ എല്ലാം പറയണം .. ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം … അവൾ മനസിൽ കരുതി ..
വിനയ് ശബരിയുടെ നമ്പറിലേക്ക് വിളിച്ചപ്പോഴൊക്കെ സ്വിച്ച്ഡ് ഓഫായിരുന്നു …
” അവനുള്ള ഫൂഡ് വച്ചിട്ടില്ലേ നീയ് …”
” ഫ്രണ്ട്‌സിനെക്കാണാൻ പോയതല്ലേ .. കഴിച്ചിട്ടാവും വരുന്നേ … ” അവൾ താൽപ്പര്യമില്ലാതെ പറഞ്ഞു ..
” എന്നാലും നമ്മൾ കരുതാനുള്ളത് കരുതണം ….. ” വിനയ് പറഞ്ഞു ..
” വച്ചിട്ടുണ്ട് വിനയേട്ടാ …” അവൾ പറഞ്ഞു ..
” എനിക്ക് വിനയേട്ടനോട് ഒരു കാര്യം പറയാനുണ്ട് … ” അവൾ പറഞ്ഞു ..
” എന്താ .. ശബരിയെ ഇവിടുന്ന് പറഞ്ഞുവിടണമെന്നാണോ .. തനിക്കവൻ ഇവിടെ താമസിക്കുന്നത് തീരെ പിടിച്ചിട്ടില്ലെന്ന് എനിക്ക് മനസിലായി .. അവൻ നമ്മുടെ സ്വർഗത്തിലെ കട്ടുറുമ്പൊന്നുമാകില്ല .. ഒരു റൂം കിട്ടിയാ അവൻ പൊയ്ക്കോളും … ” വിനയ് ചിരിച്ചു കൊണ്ട് പറഞ്ഞു ..
” തമാശയല്ല വിനയേട്ടാ .. എനിക്കൊരു സീരയസ് മാറ്റർ സംസാരിക്കാനുണ്ട് ….” അവൾ പറഞ്ഞു ..
” പറയ് ….” അവൻ അവളുടെ അരികിൽ വന്നിരുന്നു …
” ഞാൻ മോനെയുറക്കിയിട്ട് പറയാം … ”
” ഒക്കെ ഡിയർ ….” പറഞ്ഞിട്ട് , അവൻ എഴുന്നേറ്റ് പോയി റാക്കിൽ നിന്ന് ഒരു പുസ്തകമെടുത്തു കൊണ്ട് വന്ന് ബെഡിലേക്ക് കയറി ചാരിയിരുന്ന് നിവർത്തി ..
അവൾ ആദിയെ നോക്കി ..
” ഉങ്ങണ്ടേടാ മുത്തേ …..” അവൾ അവന്റെ നെറ്റിയിലേക്ക് അവളുടെ നെറ്റിമുട്ടിച്ച് ചോദിച്ചു ..
അവൻ വശ്യമായൊരു ചിരി പാസാക്കി ..
” രാ …. രാ ….. റ്റാ …. ര…. ”
അതവൾക്കുള്ള സിഗ്നലാണ് .. അവന് വേണ്ടി പാട്ട് പാടാനുള്ള സിഗ്നൽ ..
ഇതിനോടകം തന്നെ അവൻ അവളുടെ പാട്ടിന്റെ ആരാധകനായി മാറിക്കഴിഞ്ഞിരുന്നു ..
” പാട്ട് പാടണോടാ ചക്കരെ ….” അവൾ കൊഞ്ചി ചോദിച്ചിട്ട് കുനിഞ്ഞ് അവന്റെ കുഞ്ഞിമൂക്കിന്റെ തുമ്പത്ത് വേദനിപ്പിക്കാതെ ഒരു കുഞ്ഞു കടി കൊടുത്തു ..
അവൻ കക്കടം പൊട്ടിച്ചിരിച്ചു .. എന്നിട്ട് എഴുന്നേറ്റ് അവളുടെ മടിയിൽ ആടിയാടി നിന്ന് ആ മൂക്കിലൊരു കടി വച്ച് കൊടുത്തു ..
അവന്റെ മുന്നിലെ രണ്ട് കുഞ്ഞിപ്പല്ലുകൾ അവളുടെ മൂക്കിനെ നോവിച്ചു ..
“ച്ചോ …. മമ്മക്ക് വേദനിച്ചൂലോടാ ചക്കരെ .. മമ്മ കൂട്ടില്ല … ” അവൾ മുഖം വീർപ്പിച്ചു …
അവൻ അവളെ സൂക്ഷിച്ചു നോക്കി ..
അവളും അവനെ ചുണ്ട് കൂർപ്പിച്ച് സൂക്ഷിച്ച് നോക്കി ..
” ഈ ……………….”
അത് പാട്ട് മര്യാദക്ക് പാടടീ എന്നാണ് .. ആദ്യത്തെ അപേക്ഷ മാറി .. ഇത് ആജ്ഞയാണ് ..
അവൾക്ക് ചിരി വന്നു …
” കൊരങ്ങൻ …. എന്നെ നോവിക്കണതാ ഇഷ്ടം …..” അവൾ അവന്റെ മുഖത്ത് മൂക്ക് കൊണ്ടുരസി….
അത് വിനയ് കേട്ടു … അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു …
” അവന് മാത്രമല്ല .. എനിക്കും ….” അവൻ കൈ നീട്ടി അവളുടെ മാറിൽ തൊട്ടു ..
” എനിക്കറിയാം …..” അവൾ പരിഭവം നടിച്ചു …
വിനയ് എഴുന്നേറ്റ് അവൾക്കരികിലേക്ക് നീങ്ങിച്ചെന്നു …
അവന്റെ വിരലുകൾ സ്പർശനം കൊതിച്ചു …
അവൾക്കത് മനസിലായി ..
” ഞാൻ മോനെ ഉറക്കട്ടെ … എന്നിട്ട് എനിക്ക് പറയാനുള്ള കാര്യവും കേട്ടിട്ട് മതി … ” അവൾ മുൻകൂർ ജാമ്യമെടുത്തു ..
” ഓ .. ആയിക്കോട്ടെ … ” അവൻ ചിരിച്ചു ..
അവൾ ആദിയെയും കൊണ്ടെഴുന്നേറ്റപ്പോൾ , അവൻ ലോബിയിലേക്ക് വിരൽ ചൂണ്ടി …
ഇന്നലത്തെപ്പോലെ അവളുടെ നെഞ്ചിൽ ചേർന്ന് അമ്പിളിമാമനും ആകാശവും കണ്ട് അവളുടെ താരാട്ടിന്റെ മാധുര്യത്തിൽ അവനുറങ്ങണം …
അവളവനെയും കൊണ്ട് അങ്ങോട്ടു നടന്നു …
അവന് ചിരിയും കളിയുമായിരുന്നു .. അവളുടെ പാട്ട് കേട്ട് കണ്ണുതുറന്ന് അവൻ രാത്രിയാസ്വദിച്ചു ..
പതിനൊന്നേകാലായിട്ടും അവൾ തിരിച്ചു വന്നില്ല ..
വിനയ് ചെന്ന് നോക്കുമ്പോൾ അവളപ്പോഴും ആദിയെയും നെഞ്ചിലിട്ട് താരാട്ടിന്റെ അകമ്പടിയോടെ ഉലാത്തുന്നുണ്ട് …
അവനിയ്ക്കിടെ തല പൊക്കി നോക്കുകയും എന്തൊക്കെയോ കലപില പറയുന്നുമുണ്ട് ..
വിനയ് തിരികെ വന്ന് ബെഡിൽ കിടന്നു ..
ആദിയെ ഉറക്കി തിരികെ വരുമ്പോൾ പന്ത്രണ്ടര കഴിഞ്ഞിരുന്നു ..
വായിച്ചു കൊണ്ടിരുന്ന പുസ്തകം നെഞ്ചിൽ വച്ച് വിനയ് ഉറക്കം പിടിച്ച് കഴിഞ്ഞിരുന്നു ..
ആദി ഉണരാതെ ശ്രദ്ധയോടെ അവൾ ബെഡിലേക്ക് കിടത്തി .. അവനെ പുതപ്പിച്ചിട്ട് വിനയ് യുടെ നെഞ്ചിൽ നിന്ന് പുസ്തകമെടുത്ത് മാറ്റി ..
ഇനിയിപ്പോൾ അവനെയുണർത്തണ്ട .. അവൾക്കും ഉറക്കം വരുന്നുണ്ടായിരുന്നു ..
ലൈറ്റ് ഓഫ് ചെയ്ത് അവൾ കിടന്നു …
ആ രാത്രി ശബരി വന്നില്ല ….
* * * * * * * * * * * * *
വാർഡിൽ ഫാനിന്റെ ഒച്ച മാത്രം കേൾക്കാം …
രോഗികളും കൂട്ടിരുപ്പുകാരും ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു ..
അമലാ കാന്തി ഇമകൾ മെല്ലെ തുറന്നു …
അവളുടെ ചുണ്ടുകൾ മെല്ലെ ചലിച്ചു ..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission