രാവിലെ തന്നെ കുളിച്ചൊരുങ്ങി കണ്ണാടിക്കു മുന്നിൽ നിൽക്കുകയാണ് അഭി . പെട്ടെന്ന് അവന് ശ്രുതിയെ ഓർമ്മവന്നു . അന്ന് അവസാനമായി കണ്ടത് അവളുടെ പപ്പയുടെ കൂടെ അവൾ കാറിൽ കയറി പോകുന്നതാണ് . ആ സംഭവങ്ങൾ എല്ലാം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . എല്ലാവരും മുൾമുനയിൽ നിന്ന നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തി . അവളെ നഷ്ടപ്പെട്ടു പോകുമോ എന്ന് പരിഭ്രമിച്ച മണിക്കൂറുകൾ . അവസാനം എല്ലാം സുഖമായി തന്നെ കലങ്ങി തെളിഞ്ഞു .
പെണ്ണിനെ കണ്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . അവളെ കാണാതെയുള്ള ഒരു മാസം ഒരു വർഷം പോലെയാണ് എനിക്ക് തോന്നുന്നത് . അച്ഛന് മകളെ തിരികെ കിട്ടിയ സന്തോഷത്തിൽ അമ്പലങ്ങൾ ആയ അമ്പലങ്ങളിൽ എല്ലാം മകളെയും കൊണ്ട് നേർച്ചയും കാര്യങ്ങളുമായി നടക്കുകയാണ് . ആ മനുഷ്യന് എന്തിന്റെ കേടാണാവോ ? സംഭവം ശരിയാ അങ്ങേരുടെ മക്കളൊക്കെ തന്നെ , എന്നു കരുതി ഇപ്പോഴും കൊച്ചുകുട്ടികളെപ്പോലെ കൊണ്ട് നടക്കണോ , മര്യാദയ്ക്ക് ഒന്ന് പ്രണയിക്കാൻ സമ്മതിക്കാത്ത മൂശാട്ട അമ്മായിയച്ഛൻ . അബി ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു .
” അഭി കുഞ്ഞിനെ താഴേക്ക് വിളിക്കുന്നു ”
അപ്പോഴാണ് വാതിൽ അടുത്തുനിന്ന് സീതമ്മയുടെ സ്വരം കേട്ടത് . അപ്പോൾ തന്നെ അഭി വേഗം താഴേക്കിറങ്ങി . എല്ലാവരും ഡൈനിങ് ടേബിളിൽ പ്രഭാത ഭക്ഷണം കഴിക്കാനായി ഹാജരായിരുന്നു .
” ഇന്ന് ഓഫീസിൽ എന്തെങ്കിലും അർജന്റ് മീറ്റിംഗ് ഉണ്ടോ ? ”
ലക്ഷ്മൺ അഭിയോട് ചോദിച്ചു .
” ഇല്ലല്ലോ ചെറിയച്ഛാ , എന്താ ? ”
” എന്നാൽ നീ ഇന്ന് ലീവ് പറഞ്ഞേക്ക് ”
” എന്തിന് ? ”
” അതൊക്കെയുണ്ട് ”
ലക്ഷ്മൺ അവനെ നോക്കി ഒന്ന് ചിരിച്ചു . എല്ലാവരുടെ മുഖത്തും ഒരു പ്രത്യേക സന്തോഷം അഭി അപ്പോഴാണ് ശ്രദ്ധിച്ചത് . ഇതിപ്പോ എന്ത് കാര്യത്തിനാണാവോ എന്നവൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് . ഉമ്മറത്ത് ആരോ ബെല്ലടിച്ച ശബ്ദം കേട്ടത് . ഗൗരി ആണ് വാതിൽ തുറന്നത് .
” ഹ അമ്പലദർശനം കഴിഞ്ഞോ ? ”
” ഉവ്വ് , എല്ലായിടങ്ങളിലും പോയി ”
ആ സ്വരം കേട്ടപ്പോഴാണ് അഭി തലയുയർത്തി നോക്കിയത് . രാവിലെ മുതലേ ഒന്ന് കാണാൻ മനസ്സ് ആഗ്രഹിച്ച വ്യക്തി അതാ തനിക്കു മുന്നിൽ കസവ് പട്ടുപാവാട ഒക്കെ അണിഞ്ഞു നാടൻ പെൺകൊടിയായി നിൽക്കുന്നു . അവൻ ഒരു നിമിഷം പരിസരം പോലും മറന്നു അവളെ തന്നെ നോക്കി നിന്നു . വായും പൊളിച്ചു ഉള്ള അവന്റെ ആ നോട്ടം കണ്ട ജാനകി അവനൊരു കൊട്ട് കൊടുത്തപ്പോഴാണ് അവൻ അവളിൽ നിന്നും കണ്ണ് എടുത്തത് . ഒരു ചമ്മിയ ചിരി അവന്റെ മുഖത്ത് വിരിഞ്ഞു . ഗൗരി അവരെ ആനയിച്ച് വേഗം കൊണ്ടുവന്നു . ശ്രുതിയെ അഭിക്ക് നേരെ ഓപ്പോസിറ്റ് ആയി കൊണ്ടിരുത്തി . എന്നിട്ട് അവർ എല്ലാവരും വിശ്വനാഥന് വളഞ്ഞു നിന്ന് വിശേഷങ്ങൾ ഓരോന്നായി തിരക്കാൻ തുടങ്ങി .
അഭിയുടെ കണ്ണെടുക്കാതെ ഉള്ള നോട്ടം കണ്ടപ്പോൾ ശ്രുതിക്ക് ചിരി വന്നു . എങ്കിലും അവൾ ഒന്നുമറിയാത്തതുപോലെ ഇരുന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റു . വന്നപ്പോൾ തൊട്ട് എല്ലാവരും ചക്കയുടെ മേൽ ഈച്ച പൊതിയുന്ന പോലെ അവളെ പൊതിഞ്ഞു വച്ചിരിക്കുകയാണ് . ഒന്ന് ശരിക്ക് കാണാൻ കൂടി കഴിഞ്ഞിട്ടില്ല . അവന്റെ മുഖത്തെ വിഷാദം മനസ്സിലാക്കിയിട്ട് എന്നോണം ജാനകി ഒരു സൂത്രം ഒപ്പിച്ചു .
” ശ്രുതി , എന്താ ചെറിയമ്മേ ”
” മോളെ അഭിയുടെ റൂമിൽ ഒരു ബ്ലൂ കളർ ഫയൽ ഉണ്ട് . മോള് അതൊന്ന് വേഗം പോയി എടുത്തു തരുമോ , ചെറിയമ്മക്ക് കാല് വേദനയുണ്ട് . സ്റ്റെപ്പ് കയറാൻ ചെറിയൊരു ബുദ്ധിമുട്ട് ”
” അതിനെന്താ ചെറിയമ്മ ഞാൻ പോയി എടുത്തിട്ട് വരാം ”
ശ്രുതി അതും പറഞ്ഞു മുകളിലേക്ക് ഓടിക്കയറി . കാര്യം മനസ്സിലാക്കിയ ഉടൻ അഭി ജാനകിയെ നോക്കി രണ്ടു കൈകൾ കൊണ്ടും ഉമ്മ കൊടുത്തു . ജാനകി അവന് നേരെ തംബ് ഉയർത്തി കാണിച്ചു . അവൻ പതിയെ ആരുടേയും കണ്ണിൽ പെടാതെ മുകളിലേക്ക് വെച്ച് പിടിച്ചു .
ശ്രുതി അഭിയുടെ ഷെൽഫിൽ ഫയൽ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . അപ്പോഴാണ് ആരോ കഥക് അടയ്ക്കുന്ന ശബ്ദം കേട്ടത് . ശ്രുതി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് റൂമിന്റെ ഡോർ അകത്തുനിന്നും ലോക്ക് ചെയ്തു കൈ കെട്ടി അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ആർമിയെയാണ് . പെട്ടെന്ന് അവനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു . അത് മറച്ചു കൊണ്ട് അവൾ വാതിലിനടുത്തേക്ക് നടന്നു .
” അതേയ് , ഇയാൾ ഒന്നു മാറിനിന്നെ , എനിക്ക് പോണം ”
” അതിന് തന്നെ ആരാ ഇവിടെ പിടിച്ചു വെച്ചത് ”
അത് കേട്ടപ്പോൾ ശ്രുതി അവനെ വകവയ്ക്കാതെ അവിടെ നിന്നും പോകാൻ തുടങ്ങി . അപ്പോൾ തന്നെ അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് അവളെ തന്നിലേക്ക് അടുപ്പിച്ചു . ആദ്യമൊക്കെ അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവനവളെ ഇരുകൈകൾകൊണ്ടും ബന്ധിച്ചിരുന്നു . പെട്ടെന്ന് അവളിൽ അതുവരെ ഇല്ലാത്തൊരു വികാരം വന്നു നിറഞ്ഞു . നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു . അവൾ തല താഴ്ത്തി താഴേക്ക് നോക്കി നിൽക്കുകയാണ് .
“ഏയ് ”
പെട്ടെന്ന് അവൻ അവളുടെ ചെവിയോരം ചുണ്ടടുപ്പിച്ച് വിളിച്ചു . അവന്റെ ശബ്ദം അവളുടെ ശരീരത്തിലൂടെ ഒരു പോസിറ്റീവ് തരംഗം തന്നെ സൃഷ്ടിച്ചു . മയിൽപീലി കണക്കെ വിടർന്നു നിൽക്കുന്ന അവളുടെ താമര പോലുള്ള കൺപീലികൾ ഒന്ന് രണ്ട് തവണ ഇളക്കിയതിനു ശേഷം പതിയെ അവൾ അവനു നേരെ നോക്കി . നാണത്താൽ കുനിഞ്ഞു നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ അവനിൽ വല്ലാത്ത ഒരു അഭിനിവേശം വന്നു നിറഞ്ഞു . തന്റെ ഉണ്ണിയാർച്ച തന്നെയാണോ തനിക്കു മുന്നിൽ നിൽക്കുന്നത് എന്ന് വരെ തോന്നി പോയി .
” ടോ എനിക്കൊരു കിസ്സ് തരോ ”
പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് ശ്രുതി അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി .
” എന്തേ ഇഷ്ടപ്പെട്ടില്ലേ ”
” ഇല്ല ”
” ഓ ഐ ആം സോറി ”
പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞുകൊണ്ട് സൈഡിലേക്ക് നോക്കി നിന്നു . അവൻ ഇപ്പോ എന്താ നോക്കുന്നത് എന്ന് അറിയാൻ അവളും നോക്കി , അപ്പോൾ തന്നെ അവൻ ചുവന്നു തുടുത്തു നിൽക്കുന്ന അവളുടെ കവിളിൽ ചുംബിച്ചു . തരിച്ചു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .
” കിസ്സ് തരാൻ തനിക്ക് മടി ആയതുകൊണ്ടല്ലേ ഞാൻ തന്നത് , ഇനി ഞാൻ തന്നത് തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരിച്ചു തന്നേക്ക് ”
അഭി അവളെ നോക്കി കണ്ണിറുക്കി കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ അവനല്ല നുള്ള് വച്ചു കൊടുത്തു .
” മതി മതി … ഇയാൾ അത്ര ശരിയല്ല ഞാൻ പോവാ ”
” ആഹാ താനാണ് കൊള്ളാലോ , എന്റെ കയ്യിൽ നിന്നും നല്ല ചൂടോടെ ഒരു ഉമ്മ വാങ്ങി അതൊന്നും തിരിച്ചു തരുക പോലും ചെയ്യാതെ എന്നെ കുറ്റം പറഞ്ഞു പോവുകയാണോ ”
” അയ്യടാ , ആ അടവൊക്കെ മനസ്സിൽ വെച്ചാൽ മതി . ”
” ഞാൻ ചോദിച്ചത് തരാതെ നീ ഇവിടെ നിന്ന് എങ്ങോട്ടും പോകില്ല ”
അവൻ ഒരു കുസൃതിച്ചിരിയോടെ അവളുടെ നേരെ നടക്കാൻ തുടങ്ങി .
” ഉറപ്പാണോ ”
അവൾ ഒരു ചെറിയ വെല്ലുവിളി ഉയർത്തും പോലെ അവനെ നോക്കി . അതു കേട്ടതും അവൻ അവളെ ചുംബിക്കാനായി ആയി മുന്നോട്ടു വന്നു .
” അയ്യോ ചെറിയമ്മേ ഓടി വായോ ”
പെട്ടെന്നുള്ള അവളുടെ നിലവിളി കേട്ടപ്പോൾ അവൻ ആകെ ഭയന്നു വിറച്ചു കൊണ്ട് അവളുടെ വായ പൊത്തിപ്പിടിച്ചു . അപ്പോഴേക്കും അവന്റെ റൂമിന്റെ ഡോറിൽ മുട്ടൽ തുടങ്ങിയിരുന്നു . അവൻ ആകെ പരിഭ്രമത്തോടെ അവളെ നോക്കി . അവൾ അവനെ നോക്കി ഒരു വിജയ ഭാവത്തിൽ ചിരിച്ചു .
” മോളെ എന്താ പറ്റിയത് ? ശ്രുതി വാതിൽ തുറക്ക് ”
റൂമിന് പുറത്തു നിന്ന് ബഹളം കേട്ടപ്പോൾ ശ്രുതി കരുതി അഭി ജനവാതിൽ വഴി ഇറങ്ങി ഓടുമെന്ന് . പക്ഷേ അവൾക്ക് തെറ്റി , അവൻ അവളെ ഒന്നു നോക്കിയതിനുശേഷം വാതിൽ തുറന്നു കൊടുത്തു . അപ്പോൾ തന്നെ സ്കൂൾ വിട്ടതുപോലെ പട മുഴുവൻ റൂമിലേക്ക് ഇടിച്ചുകയറി .
” എന്താ മോളെ എന്തുപറ്റി ? ”
മുത്തശ്ശിയും മുത്തശ്ശനും ആണ് ചോദിക്കുന്നത് . എന്തു പറയണമെന്നറിയാതെ അവൾ ആകെ കുഴങ്ങി . അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാതായപ്പോൾ പിന്നെ ചോദ്യം അഭിക്ക് നേരെയായി .
” എനിക്കറിയില്ല , അവളല്ലേ കിടന്നു നിലവിളിച്ചത് . അവളോട് തന്നെ ചോദിച്ചു നോക്കൂ ”
” എന്താ ശ്രുതി ? എന്തിനാ നീ നിലവിളിച്ചത് ”
വീണ്ടും മൗനം തന്നെ . എന്തു പറയണമെന്നറിയാതെ അവൾ എന്റെയും അവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അവിടെ കൂടി നിന്നവർക്കെല്ലാം ഏകദേശം കാര്യം പിടികിട്ടുന്നത് അവരുടെ ചിരിയിൽ നിന്നും എനിക്ക് മനസ്സിലായി .
” അത് … പിന്നെ … പാറ്റ ”
വിറച്ചു കൊണ്ടുള്ള അവളുടെ മറുപടി കേട്ടപ്പോൾ അവിടെ കൂടെ നിന്ന് എല്ലാവരും കാര്യമെന്താണെന്ന് ഉറപ്പിച്ചു . എല്ലാവരും ഒരു കുറ്റവാളിയെ നോക്കുന്നതുപോലെ എന്നെ നോക്കാൻ തുടങ്ങി . ഇങ്ങനെനോക്കി മറക്കാൻ മാത്രം ഞാൻ ഇപ്പൊ എന്താ ചെയ്തത് , എന്തെങ്കിലും ചെയ്തിട്ടാണ് ഇങ്ങനെ നോക്കുന്നതെങ്കിൽ കാര്യം ഉണ്ടായിരുന്നു . ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപോയി . അതോടെ എല്ലാവരും എന്നെ ഇട്ടിളക്കാൻ തുടങ്ങി .
അന്ന് വലിയ സീൻ ഒന്നും ഇല്ലാതെ അവർ വീട്ടിലേക്ക് തിരികെ പോയെങ്കിലും അന്ന് വൈകുന്നേരം തന്നെ ചെമ്പകശ്ശേരിയിൽ ഉള്ളവർ മുഴുവനായി കണി മംഗലത്ത് ഹാജരായിരുന്നു . വരുന്നവരെല്ലാം മുഖത്ത് എന്നെ നോക്കി വഷളൻ ചിരി ഉണ്ടായിരുന്നു . അതോടെ മൊത്തത്തിൽ ഞാൻ നാറി എന്ന് എനിക്ക് മനസ്സിലായി . അന്ന് രാത്രി വരെ വളരെ വലിയ ചർച്ച നടന്നു . ചർച്ചയുടെ അവസാനം ആണ് മനസ്സിലായത് കൃത്യം ഒരാഴ്ച കഴിഞ്ഞാൽ എന്റെയും ശ്രുതിയുടെ എൻഗേജ്മെന്റ് ആണെന്ന് . അപ്പോൾ തന്നെ കിച്ചുവിന്റെ യും സ്വാതിയുടെയും നടത്താം എന്നും കേട്ടു . അത് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കല്യാണം . അത് കേട്ടതും ഞാൻ മറ്റേതോ ലോകത്തായിരുന്നു . പെട്ടെന്ന് തന്നെ എന്റെയും കിച്ചുവിന്റെയും മനസ്സിൽ ലഡ്ഡു പൊട്ടി . അവർ പോകുന്നത് വരെ അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു ഞാൻ കൂടെ നിന്നു .
രാത്രി ഒരു പത്ത് മണി ആയപ്പോൾ ശ്രുതിയുടെ ഫോണിൽ നിന്നും കോൾ വരുന്നത് കണ്ട് എനിക്ക് ചിരി പൊട്ടി . ഞാൻ ചിരി അടക്കി പിടിച്ചു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു .
” ഹലോ ”
” സമാധാനമായല്ലോ ”
അവളുടെ സ്വരം കേട്ടപ്പോൾ തന്നെ എനിക്ക് ചിരി പൊട്ടി .
” ഉള്ള സമാധാനം കൂടിപ്പോയി , ഒരു മാസം കൂടി കഴിഞ്ഞാൽ എനിക്ക് ജീവപര്യന്തം കിട്ടുക അല്ലെ ”
ചിരി അമർത്തിപ്പിടിച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു . അതു കേൾക്കേണ്ട താമസം അവൾ ഫോൺ കട്ട് ചെയ്തു .
എൻഗേജ്മെന്റ് തിരക്കിലേക്ക് എല്ലാവരും അപ്പോഴേക്കും മുഴുകിയിരുന്നു . ശ്രുതിക്കും സ്വതിക്കും വെള്ളയിൽ ഗോൾഡൻ വർക്കോട് കൂടിയ ദാവണി സെറ്റാണ് എൻഗേജ്മെന്റിനായി വാങ്ങിയത് . അഭിക്കും കിച്ചുവിനും ഗോൾഡൻ കളർ കുർത്തയും വൈറ്റ് മുണ്ടും . ഇരു കുടുംബങ്ങള്ക്കും ഡ്രസ്സ് കോഡ് – അത് പിന്നെ നിർബന്ധമാണല്ലോ .
അങ്ങനെ ഇന്നാണ് ആ സുദിനം അവരുടെ എൻഗേജ്മെന്റ് ഡേ . ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ ശ്രുതിയും സ്വാതിയും ഒരമ്മപെറ്റ മക്കളെപ്പോലെ അണിഞ്ഞൊരുങ്ങി നിന്നു . അഭിയും കിച്ചുവും ഒട്ടും മോശമല്ലായിരുന്നു . പൂജാ വിധി പ്രകാരം പൂജാരിയുടെ നിർദ്ദേശത്തോടെ ഇരുവരും മോതിരങ്ങൾ കൈമാറി . ശ്രുതി അഭിക്കും സ്വാതി കിച്ചുവിനും മോതിരങ്ങൾ അണിയിച്ചു . അവർ തിരിച്ചും . അങ്ങനെ മോതിരം മാറൽ കഴിഞ്ഞതിനുശേഷം ഫോട്ടോ ഷൂട്ട് ആയിരുന്നു . പ്രീ വെഡിംഗ് ഫോട്ടോ ഷൂട്ട് & സേവ് ദ ഡേറ്റ് എന്നൊക്കെ പറഞ്ഞ് അവർ പല തരത്തിലുള്ള ഫോട്ടോസ് എടുപ്പിച്ചു .
എൻഗേജ്മെന്റ് ഡേ കഴിഞ്ഞതിനു ശേഷവും കുടുംബക്കാർ എല്ലാവരും കല്യാണ തിരക്കിലേക്ക് മുഴുകിയിരുന്നു . എന്നാൽ നമ്മുടെ നവദമ്പതികൾ പ്രീ വെഡിങ് & സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിൽ ആയിരുന്നു . നാലുപേരും ഒരുമിച്ചുള്ള ഫോട്ടോസും കപ്പിൾസ് ഫോട്ടോസും എടുത്തു . അതിനുശേഷം ഒരു വെറൈറ്റി വേണമെന്ന് പറഞ്ഞ് ശ്രുതി അഭിയെ പിന്നിലിരുത്തി ബുള്ളറ്റ് ഓടിക്കുന്ന വീഡിയോയും എടുത്തു . പക്ഷേ അപ്പോഴെല്ലാം ശ്രുതി അവനോട് ഒരു കൃത്രിമ ദേഷ്യം കാണിച്ചിരുന്നു . അവനും അത് ശരിക്കും എൻജോയ് ചെയതിരുന്നു .
ദിവസങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോയി . കല്യാണം അടുക്കുംതോറും ശ്രുതിയുടെ ഉള്ളിൽ ആശങ്കകൾ നിറഞ്ഞുകൊണ്ടിരുന്നു . അവൾ ഒരു ആശ്രയ ത്തിനായി എപ്പോഴും സ്വാതിയെ വിളിച്ചെങ്കിലും അവൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല . അവൾ ഫുൾ ഹാപ്പിയായിരുന്നു . ആ രണ്ടു വർഷം പ്രണയിച്ചു നടന്നതല്ലേ , പക്ഷേ നമ്മുടെ കാര്യം അങ്ങനെയാണോ , പ്രണയിക്കാൻ തുടങ്ങിയപ്പോഴേക്കും വീട്ടിൽ കയ്യോടെ പൊക്കില്ലേ . ഈശ്വരാ കാത്തോളണേ എന്നവൾ മനസ്സിൽ സ്മരിച്ചു .
കല്യാണത്തലേന്ന് ബ്യൂട്ടീഷൻ ആണ് ഇരുവരെയും വന്ന് ഒരുക്കിയത് . മൈലാഞ്ചി കല്യാണവും ഹൽത്തിയും എല്ലാം കാസിൻസിൻറെ പ്ലാനിങ് പോലെ തന്നെ ഗംഭീരമായി നടന്നു . രാത്രി മുഴുവൻ ഡിജെ പാർട്ടി ആയതിനാൽ കിച്ചുവിന്റെ അമ്മ ശ്രുതിയെ നേരത്തെ തന്നെ ആ ബഹളങ്ങളിൽ നിന്നെല്ലാം രക്ഷിച്ചു കൊണ്ട് റൂമിൽ ആക്കി പൂട്ടി . അവളാണെങ്കിൽ നാളത്തെ ദിവസം ഓർത്ത് ടെൻഷൻ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി . അപ്പോഴാണ് അവളുടെ റൂമിന്റെ ഡോർ തുറന്ന് കൊണ്ട് വിശ്വനാഥൻ റൂമിലേക്ക് കേറി വന്നത് .
” മോൾ ഇതുവരെ ഉറങ്ങിയില്ലേ ? ”
നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ ഉറക്കമില്ലാതെ നടക്കുന്ന ശ്രുതിയെ കണ്ട് അയാൾ ചോദിച്ചു .
” അത് അച്ഛാ ഉറക്കം വരുന്നില്ല ”
” അതെന്താ ഉറക്കം വരാത്തത് ”
” അത് … അത് … പിന്നെ എനിക്കിപ്പോ കല്യാണം കഴിക്കേണ്ട ”
പെട്ടെന്നുള്ള അവളുടെ മറുപടി അയാളിൽ ഒരു ഞെട്ടൽ ഉളവാക്കിയെങ്കിലും അയാൾ അതു പുറത്തു കാണിക്കാതെ അവളുടെ അടുത്ത് പോയിരുന്നു .
” എന്താ ഇപ്പോ എന്റെ മോൾക്ക് അങ്ങനെ തോന്നാൻ ”
” എനിക്കറിയില്ല , എനിക്കെന്താ പേടിയാവുന്നു . ഞാൻ ഒരുപാട് തവണ ശ്രീ മംഗലത്ത് താമസിച്ചിട്ടുണ്ട് . എങ്കിലും , നാളെ മുതൽ അവിടെ മരുമകളായി നിൽക്കുന്ന കാര്യം ആലോചിക്കുമ്പോൾ എന്തോ ഒരു പേടി . എനിക്ക് എവിടേയ്ക്കും പോകേണ്ട . എനിക്ക് പേടിയാകുന്നുണ്ട് ”
” എന്തിനാ എന്റെ മോള് പേടിക്കുന്നത് ”
” പപ്പാ അത് പിന്നെ …… ”
അവൾ പറഞ്ഞതു മുഴുവൻ ആക്കാൻ കഴിയാതെ നിർത്തി . അപ്പോൾ വിശ്വനാഥൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു :
” നീ ദൂരേക്ക് ഒന്നൂല്ല പോകുന്നത് , എന്റെ കണ്ണ് എത്തുന്ന ദൂരത്തിലാണ് . നിന്റെ അമ്മയുടെ കുടുംബത്തിലേക്ക് തന്നെയാണ് . അവർക്ക് ഞാൻ കാരണമാണ് അവരുടെ മകളെ നഷ്ടപ്പെട്ടത് . അതിനുപകരം ആയിട്ടല്ല എങ്കിലും അവർക്ക് നിന്നെ മകളായി തന്നെയാണ് ഞാൻ തിരികെ നൽകുന്നത് . പിന്നെ ഏതൊരു പെൺകുട്ടിക്കും ഉള്ള പേടിയും ടെൻഷനും തന്നെ എന്റെ മോൾക്ക് ഉള്ളൂ , നീ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല . എന്റെ മകൾ ആർക്കു മുന്നിലും തോറ്റു കൊടുക്കാത്ത , വിജയം മാത്രം നേടിയെടുക്കുന്ന ശ്രുതി വിശ്വനാഥ് ആണ് . എന്റെ മോളുടെ കൂടെ എന്നും പപ്പയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകും . നിന്റെ അമ്മ തന്നെ നിന്നോടൊപ്പം ഉണ്ടാവും . എന്റെ മോൾ ഇനി നല്ലൊരു മകളായി മരുമകളായി അതിലുപരി നല്ലൊരു ഭാര്യയായി അവിടെയാണ് ജീവിക്കേണ്ടത് . നിന്റെ സ്വർഗ്ഗം ഭർത്താവിന്റെ വീട് ആയിരിക്കണം . അവിടെ സ്വർഗ്ഗമാക്കി മാറ്റേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്. പിന്നെ നീ എനിക്ക് ഒരു വാക്ക് തരണം , മറ്റു പെൺകുട്ടികളെപ്പോലെ കരഞ്ഞുകൊണ്ട് നീ നാളെ പടി ഇറങ്ങരുത് . നിന്നെ പൊന്നുപോലെ നോക്കുന്ന ഒരാളുടെ കൈകളിലേക്കാണ് ഞാൻ നിന്നെ ഏല്പിക്കുന്നത് . അതുകൊണ്ട് ചിരിച്ചു കൊണ്ട് വേണം നാളെ എന്റെ മകൾ പോകാൻ . ”
ശ്രുതി ശരി എന്ന് തലയാട്ടി സമ്മതിച്ചു . പപ്പയുടെ വാക്കുകൾ അവളെ തെല്ലൊന്ന് ശാന്തമാക്കി . അവൾ അയാളുടെ മടിയിൽ കിടന്നു ശാന്തമായി ഉറങ്ങി . രാവിലെ കിച്ചുവിന്റെ അമ്മ വന്നു വിളിച്ചപ്പോഴാണ് ശ്രുതി ഉറക്കമുണർന്നത് . രാവിലെ അവളും കിച്ചുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ പോയത് . അവിടെ നിന്ന് കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം മടങ്ങിയെത്തിയ ഉടൻ ബ്യൂട്ടീഷൻസ് അവളെ ഒരുക്കാനായി കയറ്റി . ഒരുക്കം കഴിഞ്ഞു സ്വാതിയാണ് ആദ്യം മണ്ഡപത്തിൽ എത്തിയത് . 8 : 30 മുതൽ 9 : 30 വരെയാണ് അവരുടെ വിവാഹ മുഹൂർത്തം . സർവ്വാഭരണ വിഭൂഷിതയായ സ്വാതിയുടെ കഴുത്തിൽ കിച്ചു താലികെട്ടി . വലംവയ്ക്കലും ഫോട്ടോ ഷൂട്ടും എല്ലാം കഴിയുമ്പോഴേക്കും ശ്രുതിയും മണ്ഡപത്തിലേക്ക് എത്തി.
10 മുതൽ 11 വരെയാണ് ശ്രുതിയുടെയും അഭിയുടെ മുഹൂർത്തം . സർവ്വാഭരണ വിഭൂഷിതയായി ചുവന്ന പട്ട് സാരി ഉടുത്തു തലമുറയെ മുല്ലപ്പൂ ചൂടി മണ്ഡപത്തിലേക്ക് കയറുന്ന ശ്രുതിയെ നിറകണ്ണുകളോടെ വിശ്വനാഥ് നോക്കി നിന്നു . തനിക്ക് അരികിൽ വന്നിരുന്ന് ശ്രുതിയെ നോക്കാൻ മനസ്സ് വെമ്പിയിട്ടും അഭി മനസ്സിനെ കണ്ട്രോൾ ചെയ്തിരുന്നു . പൂജ എല്ലാം കഴിഞ്ഞ് അവൾക്ക് താലി കെട്ടുന്ന സമയം അവൻ ശരിക്കൊന്ന് അവളെ നോക്കി . കണ്ണുകൾ ഇറുക്കിയടച്ച് കൈകൾ കൂപ്പി എന്തോ വലിയ പ്രാർത്ഥനയിലാണ് . അവനവളുടെ കാതോരം ചേർന്നു പതിയെ മൊഴിഞ്ഞു ‘ ഐ ലവ് യു മൈ ഡിയർ വൈഫ് , വെൽക്കം ടു ഔർ ഫാമിലി ‘ അവന്റെ ശബ്ദം അവളുടെ ചെവിയിലേക്ക് ഒരു കുളിരായി പെയ്തിറങ്ങി . അവൾ പതിയെ കണ്ണുകൾ തുറന്ന് അവനെ നോക്കി . അവൻ അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി . താലി കെട്ടും മാലയിടലും മണ്ഡപം വലംവയ്ക്കലും എല്ലാം ഒന്നു വിടാതെ ക്യാമറയിൽ പകർത്തുകയാണ് നമ്മുടെ ക്യാമറാമാൻ . ഫോട്ടോഷൂട്ടിന്റെ സെക്ഷൻ വളരെ അടിപൊളിയായി തന്നെ അവസാനിച്ചു .
ഭക്ഷണത്തിനു ശേഷം ഇരു നവ ജോഡികളും ഗൃഹപ്രവേശത്തിന് ഒരുങ്ങി നിൽക്കുകയാണ് . നവദമ്പതികൾക്ക് എട്ടിന്റെ പണി നൽകാനായി അവരുടെ ഫ്രണ്ട്സ് നിരന്നു നിൽക്കുന്നുണ്ട് . ആദ്യത്തെ ഊഴം തന്നെ കിച്ചുവിനും സ്വാധീക്കും ആയിരുന്നു . അവരെ വീട് വരെ നടത്തിക്കൊണ്ടുപോകാൻ ആണ് ടീംസ് പ്ലാൻ ചെയ്തിരുന്നത് . പക്ഷേ കിച്ചു എല്ലാവരുടെയും കണ്ണുവെട്ടിച്ചു കൊണ്ട് സ്വാതിയെ ബുള്ളറ്റിൽ കയറ്റി സ്ഥലം വിട്ടു . അതുകൊണ്ട് ആ ചമ്മല് മറയ്ക്കാനായി റാഗിംഗ് ടീംസ് ശ്രുതിയുടെ അടുത്തേക്ക് വന്നു . അവർ ശ്രുതിയുടെ കൈയിലേക്ക് മോഡിഫൈ ചെയ്ത ഒരു ജീപ്പിന്റെ കീ വെച്ച് കൊടുത്തു. എന്നിട്ട് ഓടിക്കാൻ അറിയാമെങ്കിൽ എടുത്തോളാൻ പറഞ്ഞു , അല്ലെങ്കിൽ സൈക്കിളിൽ പോകണമെന്ന് . അത് കേട്ടപ്പോൾ അഭിക്ക് ചിരി പൊട്ടി , പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്
ശ്രുതി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു . അലങ്കരിച്ച ജീപ്പ് മുന്നോട്ടെടുത്തു . പലരും ആ വീഡിയോ ഷൂട്ട് ചെയ്ത ടിക്‌റ്റോക് ഇറക്കി .
ഗൃഹപ്രവേശ വും മധുരം നൽകുകയും എല്ലാം കഴിഞ്ഞു അവരൊന്നും ഫ്രീ ആയപ്പോഴേക്കും ബ്യൂട്ടീഷൻ വീണ്ടും വന്നു . വൈകുന്നേരത്തെ പാർട്ടിക്ക് അവരെ അണിയിച്ചൊരുക്കാൻ . ശ്രുതിക്ക് റെഡ് കളർ ഗൗൺ അഭിക്ക് റെഡ് വൈറ്റ് കോമ്പിനേഷൻ കോട്ട് & സ്യുട്ടും ആണ് വേഷം . സിമ്പിൾ മേക്കപ്പ് അണിഞ് റെഡ് കളർ ഗൗണ് ധരിച്ചുവരുന്ന ശ്രുതിയെ ഒരു പാവക്കുട്ടി യോട് എന്നപോലെ എല്ലാവരും നോക്കി നിന്നു . അവർ ഒരുമിച്ച് ചേർന്ന് റെഡ് വെൽവെറ്റ് കേക്ക് കട്ട് ചെയ്തുകൊണ്ട് ആഘോഷങ്ങൾക്ക് തിരി കൊളുത്തി . രാത്രി പത്തുമണി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഒടുവിൽ . ഇണക്കുരുവികളെ അവരുടെ മണിയറയിലേക്ക് എത്തിച്ചുകൊണ്ട് വീട്ടുകാർ അവരുടെ ഉത്തരവാദിത്തങ്ങൾ എല്ലാം മംഗളം ആയിത്തന്നെ പൂർത്തിയാക്കി .
ശ്രുതി അൽപം പരിഭ്രമത്തോടെ അഭിയുടെ റൂമിലേക്ക് പ്രവേശിച്ചു . അല്പസമയത്തിനുശേഷം റൂമിലേക്ക് കടന്നു വന്ന അഭിയുടെ കൈയിൽ പാൽ ക്ലാസ് കണ്ടപ്പോൾ ശ്രുതിയുടെ ചുണ്ടിലൊരു ചിരി പൊട്ടി തുടങ്ങിയിരുന്നു . അഭിയും ചെറിയൊരു ചമ്മലോടെ ക്ലാസ് മാറ്റിവെച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു . അവൻ ഓരോ ചുവടും മുന്നോട്ട് വയ്ക്കും തോറും അവൾ ഓരോ ചുവട് പിന്നോട്ട് പൊയ്ക്കൊണ്ടിരുന്നു . ഇനിയും പിന്നോട്ട് പോയാൽ ചുവരിൽ പോയി ഇടിക്കും എന്നു തോന്നിയതിനാൽ
അവൻ അവളുടെ കൈകളിൽ പിടിച്ചു നിർത്തി . പെട്ടെന്നൊരു വിറയൽ അവളുടെ ഉള്ളിലൂടെ കടന്നുപോയി . അതുകണ്ടു ചിരിച്ചുകൊണ്ട് അവൻ ഷെൽഫിൽനിന്നും ഒരു ജാക്കറ്റ് അവൾക്ക് നേരെ നീട്ടി അവൾ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി . അവൻ ഷെൽഫിൽ നിന്നും മറ്റൊരു ജാക്കറ്റ് എടുത്തണിഞ്ഞു . എന്നിട്ട് രണ്ടു പേർക്കും ഓരോ ഹെൽമറ്റ് വീതമെടുത്തു , ബാൽക്കണി വഴി പുറത്തേക്കിറങ്ങി .
എല്ലാവരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു . മതില് ചാടി നേരെ അവൻ വീടിനടുത്തുള്ള പറമ്പിലേക്ക് ആണ് പോയത് . ഈ ആർമിക്ക് എന്താ നട്ടപ്പാതിരക്ക് വട്ടായോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചുപോയി . അപ്പോഴാണ് ഇരുട്ടിന്റെ മറവിൽ നിന്നും അവൻ അവൾക്കു മുന്നിലേക്ക് ഒരു ബുള്ളറ്റുമായി എത്തിയത് . എന്നിട്ട് ബുള്ളട്ടിന്റെ ചാവി അവളുടെ കയ്യിൽ കൊടുത്തു . എങ്ങോട്ടാണെന്ന് അറിയില്ലേങ്കിലും അവൾ കയറിയിരുന്നു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു . ആ രാത്രിയിൽ ദൂരങ്ങൾ താണ്ടി അവരുടെ ബൈക്ക് കുതിച്ചു . അവൻ പറഞ്ഞത് അനുസരിച്ച് ആ വണ്ടി പോയി നിന്നത് പഴയ കണിമംഗലം കൊട്ടാരത്തിലായിരുന്നു .
അവിടെ എത്തിയതും അവർ ഒരുമിച്ചുള്ള പഴയ ഓർമ്മകൾ ശ്രുതിയുടെ മനസ്സിലേക്ക് വന്നു നിറഞ്ഞു . അവൻ അവളെ നേരെ മുകളിലുള്ള അവരുടെ റൂമിലേക്ക് ആണ് കൊണ്ടുപോയത് . ആ റൂമിന്റെ ഡോർ തുറന്നതും ശ്രുതി അത്ഭുതപ്പെട്ടു . ആ റും ശരിക്കും ഒരു മണിയറ കണക്കെ അലങ്കരിച്ചിരുന്നു . അവൾ അതിശയത്തോടെ ആ റൂമിലേക്ക് കാലെടുത്തുവെച്ചു . അപ്പോഴാണ് തനിക്ക് പിറകിലായി ഡോർ അടയുന്ന ശബ്ദം കേട്ടത് . പതിയെ അവന്റെ കാലൊച്ച അവളെ തേടിയെത്തി . അത് അവളുടെ മുഖത്ത് നാണത്തിന്റെ ആയിരം പൂത്തിരികൾ തെളിച്ചു . ഇത്രയും കാലം താൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം സഫലം ആയപ്പോൾ അവൻ അവളുടെ ചുവന്നു തുടുത്ത മുഖം തന്റെ കൈക്കുമ്പിളിൽ ആക്കി മതിവരുവോളം അവളെ ചുംബനങ്ങൾ കൊണ്ട് മൂടി . അവളും എന്നെന്നും അവന്റേത് മാത്രമാകാൻ ആഗ്രഹിച്ചിരുന്നു . പതിയെ ഇരുവരും സ്വയം മറന്നുകൊണ്ട് അവരുടേത് മാത്രമായ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു .
പുറത്തെ മരക്കൊമ്പിൽ രണ്ടിണ പ്രാവുകൾ രാത്രിയുടെ അന്ത്യയാമങ്ങളിൽ തണുപ്പിന്റെ തലോടൽ ഏറ്റുവാങ്ങിക്കൊണ്ട് ചുണ്ടുകൾ തമ്മിൽ കൊരുത്തുകൊണ്ട് പ്രണയം കൈമാറിക്കൊണ്ടിരുന്നു .
( ശുഭം )
ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.polichu