” ഹാപ്പി ബര്ത്ഡേ റ്റു യു … ഹാപ്പി ബർത്ത്ഡേ റ്റു യു … അമ്മുട്ട്യേ … ”
” ഹരി മാമാ ”
തനിക്കു മുന്നിലായി മെഴുകുതിരികൾ അലങ്കരിച്ച കേക്കുമായി നിൽക്കുന്ന വ്യക്തിയെ നോക്കി അവളുടെ ചുണ്ടുകൾ ചെറു വിറയലോടെ മന്ത്രിച്ചു .
” വാ അമ്മുട്ട്യേ , നമുക്ക് കേക്ക് കട്ട് ചെയ്യാം ”
” എന്താ ഹരി മാമ ഇതൊക്കെ ? ആരാ ഇവരൊക്കെ ? എന്തിനാ ഇവരെ കൊന്നത് ? ”
” ഇവരൊക്കെ നല്ല പേരുകേട്ട വാടക ഗുണ്ടകൾ ആണ് . മോളെ ഇങ്ങോട്ട് കൊണ്ടുവരാൻ വേണ്ടി ഏൽപ്പിച്ചതാണ് ഇവരെ , അവന്മാര് മോളെ ഉപദ്രവിച്ചത് കൊണ്ടല്ലേ ഹരി മാമ അവരെ കൊന്നത് ”
തനിക്കു മുന്നിൽ നിന്ന് നിഷ്കളങ്കമായ മറുപടി നൽകുന്ന ഹരിയുടെ മുഖം അവളിൽ ഭയം ഉളവാക്കി .
” ഹരിമാമേ , എനിക്ക് വീട്ടിൽ പോണം ”
” വാ മോളെ നമുക്ക് കേക്ക് മുറിക്കാ ”
ശ്രുതി പറഞ്ഞത് കേൾക്കാൻ നിൽക്കാതെ അയാൾ കേക്കുമായി അവൾക്ക് അരികിലേക്ക് വന്നു . അവൾ വല്ലാത്തൊരു ദേഷ്യത്തോടെ ആ കേക്ക് തട്ടിത്തെറിപ്പിച്ചു . തറയിൽ ചിതറിക്കിടക്കുന്ന കേക്ക് അയാൾ ദേഷ്യത്തോടെ നോക്കി നിന്നു .
” എനിക്ക് വീട്ടിൽ പോകണം ”
അയാൾക്ക് നേരെ അവളുടെ സ്വരം ഒരല്പം കടുത്തിരുന്നു .
” വീട്ടിലോ , ഏത് വീട്ടിൽ ? ”
” എന്റെ തറവാട്ടിൽ ”
” ഇവിടെ നിനക്ക് ആരുമില്ല , എനിക്കും . ”
” ഇവിടെ എന്റെ അച്ഛന്റെ കുടുംബവും അമ്മയുടെ കുടുംബമുണ്ട് . അവരെല്ലാം ഇപ്പോ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും എനിക്കങ്ങോട്ട് തിരികെ പോകണം . ”
” നടക്കില്ല . ഇത്രയും കാലം ഈ കുടുംബക്കാരൊക്കെ എവിടെയായിരുന്നു , ഇതുവരെയില്ലാത്ത ഒരു ബന്ധങ്ങളും നമുക്കിനി വേണ്ട . ”
” അത് ഹരിമാമ മാത്രം തീരുമാനിച്ചാൽ മതിയോ ”
ദേഷ്യത്തോടെ ഉള്ള അവളുടെ മറുപടി അയാളെ അസ്വസ്ഥനാക്കി .
” നോക്കു അമ്മുട്ട്യേ , നീ വെറുതെ വാശി പിടിക്കണ്ട , നിന്റെ അമ്മ മരിക്കുന്നതിനു മുമ്പ് ഞാൻ വാക്കു കൊടുത്തതാണ് . നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് . ”
” എന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹം പിരിഞ്ഞു നിൽക്കുന്ന ഇരു കുടുംബങ്ങളും തമ്മിൽ ഒന്നിക്കണം എന്നതായിരുന്നു . അതിനു വേണ്ടി മാത്രമാണ് ഞാൻ ഈ നാട്ടിലേക്ക് വന്നത് . ”
” ആ ആഗ്രഹം നീ നടത്തിയില്ലേ , നീ വന്ന കാര്യം നിറവേറി . ഇനി നീ ഈ നാട്ടിൽ നിൽക്കണ്ട . നമുക്ക് തിരിച്ചുപോകാം . ”
” എങ്ങോട്ട് ??? ”
” എങ്ങോട്ടെങ്കിലും ….. ”
” ഞാൻ എങ്ങോട്ടും വരില്ല . എനിക്ക് എല്ലാവരും വേണം . ”
” ഈ വെറുതെ വാശി പിടിക്കണ്ട , ഞാൻ നിന്നെ കൊണ്ടു പോയിരിക്കും . ”
” ഹരി മാമ ആണ് വെറുതെ വാശിപിടിക്കുന്നത് , എന്റെ പപ്പയ്ക്ക് പോലും ഇല്ല എന്റെ കാര്യത്തിൽ ഇത്രയും വാശി . ”
” നിന്റെ പപ്പ ആരാ , അവൻ ആരാ , മിണ്ടിപോകരുത് അവനെ കുറിച്ച് ”
ദേഷ്യത്തോടെ ശ്രുതിക്ക് നേരെ കുതിച്ചു ചാടുന്ന ഹരിയുടെ മുഖം അവളെ കൂടുതൽ ഭയപ്പെടുത്തി .
അവളുടെ മുഖത്തെ പേടി കണ്ടപ്പോൾ അയാൾ ഒന്നടങ്ങി .
” നോക്ക് ശ്രുതി നമുക്ക് തിരികെ പോകാം . നീ ഇവിടെ നിന്നാൽ എനിക്ക് എന്നെന്നേക്കുമായി നിന്നെ അവർക്കൊക്കെ വേണ്ടി വിട്ടു കൊടുക്കേണ്ടി വരും . അതുകൊണ്ട് നീ എത്ര വാശിപിടിച്ചാലും നിന്നെ ഞാൻ ഇവിടെ നിന്ന് കൊണ്ടു പോയിരിക്കും . ”
” ഹരി മാമ ഇത് എന്തൊക്കെയാ പറയുന്നത് ? എന്നെ എവിടെ കൊണ്ടു പോകും എന്നാണ് , എവിടെ പോയാലും എന്റെ പിറകെ എന്റെ പപ്പ ഉണ്ടാവും ”
” പപ്പ….. പപ്പ …. പപ്പ …. എപ്പോ നോക്കിയാലും ഒരു പപ്പാ . നിന്നിൽ ഒരുപാട് മാറ്റം ഉണ്ടായിരിക്കുന്ന ശ്രുതി . പണ്ട് അവനെ വെറുത്തിരുന്ന നീ എന്തിനാണ് ഏതു സമയവും അവനെ കുറിച് പറയുന്നത് . ”
” കാരണം അതെന്റെ പപ്പ ആയതുകൊണ്ട് . എത്ര അകറ്റി നിർത്തിയാലും എനിക്ക് ജന്മം തന്ന മനുഷ്യനാണത് . ”
ശ്രുതി യുടെ വാക്കുകൾ ഹരിയുടെ കാതിൽ തീ കോരിയിടുന്നതിന് തുല്യമായിരുന്നു . എന്നാൽ വിശ്വനാഥന്റെ മനസ്സിലേക്ക് മഴ പെയ്യുന്നത് പോലെയാണ് തോന്നിയത് . അയാൾ വല്ലാത്ത ഒരു ആനന്ദം ലഹരിയിലായിരുന്നു . എന്നാൽ ഹരി പൂർണമായും സമനിലതെറ്റിയവനെ പോലെയായിരുന്നു .
” ഇല്ല , അവൻ നിന്റെ ആരുമല്ല . നിന്റെ പപ്പയും അമ്മയുമൊക്കെ ഞാനാണ് . ഞാൻ അല്ലാതെ മറ്റൊരാൾ നിനക്ക് അവകാശിയായി വന്നാൽ കൊന്നുകളയും ഞാൻ അതിനെ ”
പെട്ടെന്നുണ്ടായ ഹരിയുടെ ഭാവം കണ്ട് ശ്രുതി പേടിച്ചുവിറച്ച് ഒരു മൂലയിലേക്ക് നിന്നു .
” ഹരിമാമക്ക് എന്താ ഭ്രാന്തായോ ? ”
” അതെനിക്ക് ഭ്രാന്തായിരുന്നു . നിന്റെ അമ്മ എന്ന ഭ്രാന്ത് – ശ്രീദേവി . എന്റെ ദേവി ”
ഇടറിയ സ്ഥലത്തോട് ആണെന്ന് പറഞ്ഞു നിർത്തിയതും എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു . ഹരി തന്റെ പഴയകാല ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു .
” ബാല്യത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥനായിട്ടാണ് വളർന്നത് . ആരുംതന്നെ കൂട്ട് ഉണ്ടായിരുന്നില്ല , എല്ലാവരും ചെറുപ്പംമുതലേ കളിയാക്കുകയും അകറ്റിനിർത്തുകയും ചെയ്തിരുന്ന ഹരിനാരായണന് ഉണ്ടായിരുന്ന ഏക ആശ്രയവും സുഹൃത്തും അവളായിരുന്നു . ‘ ശ്രീദേവി ‘. ബാല്യത്തിൽ എപ്പോഴാ കിട്ടിയ കളിക്കൂട്ടുകാരി . പിന്നീട് അവിടുന്ന് അങ്ങോട്ട് അവൾ മാത്രമായിരുന്നു തന്റെ ലോകം .
ബാല്യകാലം കൗമാര കാലത്തിലേക്ക് കടന്നപ്പോൾ എന്റെ ഉള്ളിലെ സൗഹൃദത്തിന് മറ്റൊരു നിറം കൈവരികയയിരുന്നു . എന്നാൽ പറയാൻ പേടിയായിരുന്നു , കണിമംഗലം കോവിലകത്തെ ഇളമുറക്കാരി തമ്പുരാട്ടിയെ നോക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് എന്ന് ഞാൻ എന്നോട് തന്നെ ഒരു നൂറു വട്ടം ചോദിച്ചു . പണത്തിനും തറവാട്ടുമഹിമ യുടെയും സൗന്ദര്യത്തിനും കാര്യത്തിൽ തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിൽക്കുന്ന ശ്രീദേവിയെ എന്നും ദൂരെനിന്ന് ആരാധനയുടെ നോക്കിയിട്ടേയുള്ളു .
പഠിച്ച് നല്ലൊരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ സ്വയം പ്രാപ്തി നേടിയതിനുശേഷം ഇഷ്ടം പറയാനായി കാത്തിരുന്നു വർഷങ്ങളോളം . എന്നാൽ എന്റെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് അവൻ ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വന്നു . ‘ വിശ്വനാഥൻ’ – നിന്റെ പപ്പാ . പലതവണ അവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല . അവസാനം അവളെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കണിമംഗലത്തെ കാരണവരെ കണ്ട് അവരുടെ ബന്ധം വീട്ടിൽ അറിയിച്ചത് . പക്ഷേ അവിടെയും എനിക്ക് പിഴച്ചു
‘ കണിമംഗലത്തെ കൊച്ചുതമ്പുരാട്ടി ചെമ്പകശ്ശേരി യിലെ കൊച്ചു തമ്പുരാനും ഒളിച്ചോടി ‘ എന്ന വാർത്ത കേട്ടുകൊണ്ടാണ് പിറ്റേന്ന് നേരം പുലർന്നത് . എവിടെ പോയെന്ന് അറിയാതെ അവരെ അന്വേഷിച്ചു നടന്നു നാടുമുഴുവൻ . ഒടുവിൽ രണ്ടുവർഷത്തിനുശേഷം നിന്റെ പപ്പയുടെ കോൾ വന്നു എനിക്ക് , അവരുടെ അടുത്തേക്ക് വരണം എന്നു പറഞ്ഞു . എനിക്കുള്ള ടിക്കറ്റും മറ്റും അവൻ ഇട്ടു തന്നിരുന്നു . കേട്ടപ്പോൾ വല്ലാത്ത ദേഷ്യം ആയിരുന്നു , പക്ഷേ പോകാൻ തന്നെ തീരുമാനിച്ചു .
അവിടെയെത്തിയപ്പോൾ കണ്ടു രണ്ടു വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ദേവി . പഴയ പട്ടുപാവാടയും ദാവണിയും എല്ലാം വിട്ട് സാരി യിലേക്ക് ഒതുങ്ങിയിരുന്നു അവൾ അവന്റെ ഉത്തമയായ ഭാര്യയായി , അവന്റെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്ന അമ്മയായി . ഓർക്കും തോറും മനസ്സിൽ ദേഷ്യവും വിഷമവും വന്നു നിറഞ്ഞു . ഒരു പൂ പോലെ അവളെ ഞാൻ പൂജിച്ച താണ് , എന്നാൽ ഇന്ന് അവൾ ഒത്തിരി വാടിയിരിക്കുന്നു . എല്ലാത്തിനും കാരണം അവൻ ‘ വിശ്വനാഥ് ‘ മനസ്സിൽ ഒരു തരം വെറുപ്പായിരുന്നു അവനോട് . അവൻ നേടിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് നശിപ്പിക്കണം എന്ന് തോന്നി . എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം അവന്റെ ബിസിനസ് തകർക്കാൻ ഞാൻ ശ്രമിച്ചു . പക്ഷെ ഒരിക്കൽ പോലും അവളുടെ വയറ്റിൽ വളരുന്ന നിന്നെ ഉപദ്രവിക്കാൻ ഞാൻ തുനിഞ്ഞിട്ടില്ല . കാരണം അവളുടെ കുഞ്ഞ് , അതിനെ സ്വന്തം കുഞ്ഞിനെപ്പോലെ ആണ് ഞാൻ കണ്ടത് . അവൾക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കാൻ ഞാനവനോട് മത്സരിക്കുകയായിരുന്നു . അവൾ എനിക്കൊരു സഹോദരന്റെ സ്ഥാനമാണ് നൽകിയതെന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത് .
എന്നാലും എന്റെ ജീവിതം തകർത്ത , അവന്റെ ബിസിനസ് ഒരറ്റത്തു നിന്ന് തകർത്തുകൊണ്ട് ഞാൻ സന്തോഷം കണ്ടെത്തി . നിന്റെ ജനനശേഷം അവനെ പൂർണമായി അവളിൽ നിന്നും അകറ്റാൻ ഞാൻ ശ്രമിച്ചു . എന്നാൽ അതൊന്നും ഫലം കണ്ടില്ല , അവർ തമ്മിൽ വഴക്കിടാൻ പലകാരണങ്ങൾ സൃഷ്ടിച്ചു . എന്നാൽ എല്ലാ വഴക്കിന് ഒടുവിലായി പണ്ടത്തേക്കാൾ ശക്തിയോടെ അവർ ഒന്നിച്ചു . പക്ഷേ അതിനിടയിൽ ഒരിക്കൽ പോലും ഞാൻ നിന്നെ വലിച്ചു വെച്ചിട്ടില്ല . അങ്ങനെയിരിക്കെയാണ് ദിവസം ബിസിനസ്സിൽ ലോസ് സംഭവിച്ച ദേഷ്യം അവൻ എല്ലാവരോടും ചൂടായി തീർക്കുന്നത് കണ്ടത് . അന്നാദ്യമായ് അവൻ ദേവിയോട് മുഖം കറുപ്പിച്ച് സംസാരിച്ചു . അത് അവൾ ഒത്തിരി വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അവൻ പുറത്തു പോയ സമയം നോക്കി അവർക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയത് .
ഹരിയുടെ മനസ്സിലേക്ക് ആ ദിവസം ഓടി വന്നു :
കുഞ്ഞിനെ ഉറക്കി കിടത്തി അടുക്കള ക്ലീൻ ചെയ്തു കൊണ്ടിരിക്കുകയാണ് ശ്രീദേവി . അപ്പോഴാണ് ഹരി അങ്ങോട്ട് കടന്നു ചെന്നത് .
” ഹരിയേട്ടൻ വല്ലതും കഴിച്ചോ ? ”
അവളൊരു സഹോദര സ്നേഹത്തോടെ അവനെ നോക്കി .
” മ്മ് ”
അവൻ ഒന്നിരുത്തി മൂളി അതല്ലാതെ മറ്റൊന്നും പറഞ്ഞില്ല .
” എന്താ ഹരിയേട്ടാ എന്നോട് എന്തെങ്കിലും പറയാനുണ്ടോ ? ”
” അത് പിന്നെ , വിശ്വനാഥനും നീയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ”
” ഹരിയേട്ടാ ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല . പിന്നെ ഇന്നലെ വിശ്വേട്ടൻ കുറച്ച് ചൂടായിരുന്നു . അത് അത്ര വലിയ കാര്യം ആക്കാൻ ഒന്നുമില്ല . ”
” എന്തോ എനിക്ക് തോന്നി അവൻ നിന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് , എന്തൊക്കെ പറഞ്ഞാലും നാടും വീടും ഉപേക്ഷിച്ച് അവന്റെ കൂടെ വന്നതല്ലേ നീ , അതെങ്കിലും അവൻ ഓർക്കണ്ടേ ”
” ഇന്നലെ എന്നോട് വഴക്ക് പറഞ്ഞതിന് ഇന്ന് വന്നാൽ വിശ്വേട്ടൻ എന്തായാലും സോറി പറയും . ആ മനസ്സ് എനിക്ക് നന്നായി അറിയാം . ”
” നീ എന്തിനാണ് ശ്രീദേവി എപ്പോഴും അവനെ ഇങ്ങനെ സ്നേഹിക്കുന്നത് ”
അല്പം ദേഷ്യവും നിരാശയും കലർന്ന തരത്തിലുള്ള ഹരിയുടെ ചോദ്യം കേട്ട് അവളൊന്നു ചിരിച്ചു .
” കാരണം ഒന്നേയുള്ളൂ , വിശ്വേട്ടൻ എന്റെ ജീവനാണ്. അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല , ഞാൻ ഇല്ലെങ്കിൽ അദ്ദേഹവും . ”
” അതൊക്കെ നിന്റെ ഒരു തോന്നലാണ് , അവൻ ബിസിനസ് ടൂർ എന്നും പറഞ്ഞു പോകുന്നത് മറ്റു പല സ്ത്രീകളെയും തേടി തന്നെയാണ് ”
” ഹരിയേട്ടാ ”
ഇത്തവണ ശ്രീദേവിയുടെ സ്വരം ഒരല്പം കടുത്തിരുന്നു.
” എന്തിന്റെ പേരിലായാലും എന്റെ ഭർത്താവിനെ കുറിച്ച് ഇനി ഇത്തരത്തിൽ ഒരു വാക്ക് ഹരിയേട്ടന്റെ നാവിൽ നിന്ന് അറിയാതെ പോലും വീഴരുത് ഞാനത് ക്ഷമിക്കില്ല . ”
അത്രയും പറഞ്ഞ് ദേഷ്യത്തോടെ മുഖം തിരിച്ചു ശ്രീദേവി സ്വയം അടുക്കളപ്പണി കളിലേക്ക് മുഴുകി കൊണ്ട് തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു . എന്നാൽ ഹരിക്ക് വിടാൻ ഉദ്ദേശം ഉണ്ടായിരുന്നു . സ്റ്റൂളിൽ കയറി നിന്ന് റാക്കിന്റ മുകളിലേക്ക് വലിയ പാത്രങ്ങൾ ഒതുക്കി വയ്ക്കുകയായിരുന്നു ശ്രീദേവി .
” ഞാൻ പറഞ്ഞതീനിത്ര ചൂടാവാൻ മാത്രം എന്താണുള്ളത് , എല്ലാ ആണുങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് . എല്ലാവരും എന്നെ പോലെ വിശ്വ പ്രണയം ആണെന്ന് കരുതിയോ ”
” ഹരിയേട്ടൻ അതിനും മാത്രം ആരെയാണാവോ പ്രണയിക്കുന്നത് ? ”
പുച്ഛം കലർന്ന സ്വരത്തിൽ ഉള്ള ശ്രീദേവിയുടെ ചോദ്യത്തിന് അയാൾ ചിരിച്ചു കൊണ്ട് മറുപടി നൽകി .
” ഞാൻ അന്നും ഇന്നും എന്നും ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു . അത് നീയാണ് ദേവി . ”
ഹരിയുടെ വാക്കുകൾ തീ കട്ടകൾ പോലെ ശ്രീദേവിയുടെ ചെവിയിൽ വന്ന് പതിച്ചു . അത് അവളുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉളവാക്കി , പെട്ടെന്ന് അവളുടെ കൈ തട്ടി അവിടെയുണ്ടായിരുന്ന പെട്രോൾ കാൻ അവളുടെ മേലേക്ക് മറിഞ്ഞു . അതുകണ്ട് ഹരിയും ആദ്യമൊന്നമ്പരന്നു , അപ്പോൾ തന്നെ കാലു തെന്നി താഴേക്ക് വീഴാൻ പോയ ശ്രീദേവിയെ ഹരി താങ്ങി പിടിച്ചു . എന്നാൽ ശ്രീദേവി വേഗം ഹരിയുടെ കയ്യിൽ നിന്നും കുതറി താഴേക്ക് മാറി .
” എന്താ ഹരിയേട്ടൻ പറഞ്ഞത് ? ”
കോപത്താൽ അവളുടെ സ്വരം ഇടറിയിരുന്നു , കണ്ണുകൾ ചുവന്നിരുന്നു .
” അത് , ദേവി … എനിക്ക് … ഇഷ്ടമായിരുന്നു നിന്നെ … കുഞ്ഞുനാൾ മുതൽ മനസ്സിൽ കൊണ്ടു നടന്നതാണ് ”
” മതി നിർത്ത് , ഇനി ഒരക്ഷരം മിണ്ടരുത് . ചേട്ടനെപ്പോലെ കൂടെ നിർത്തിയിട്ട് അപ്പൊ ഇതാണല്ലേ ഹരി ചേട്ടന്റെ മനസ്സിൽ , എല്ലാം ഇന്നത്തോടെ അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ തയ്യാറായികോളു ”
” ദേവി ഞാൻ പറയുന്നതൊന്നു കേൾക്ക് , അവനെക്കാൾ നന്നായി നിന്ന് നോക്കാതെ എനിക്ക് കഴിയും . നിന്നെയും മോളെയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം . നീ എന്റെ കൂടെ വരണം ”
അരി പെട്ടെന്ന് ശ്രീദേവിയുടെ കയ്യിൽ പിടിച്ച് കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ അത് അവളെ കൂടുതൽ അസ്വസ്ഥയാക്കി . പെട്ടെന്ന് ദേഷ്യത്തിൽ അവൾ ഹരിയുടെ മുഖം അടക്കി ഒന്ന് കൊടുത്തു .
” ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്നു , വിശ്വേട്ടൻ ഇങ്ങോട്ട് വരട്ടെ . എല്ലാം പറഞ്ഞുകൊടുക്കുന്നുണ്ട് ഞാൻ ”
കോപത്താൽ വിറയ്ക്കുന്ന ശ്രീദേവിയോട് ഹരി എന്തെല്ലാം പറഞ്ഞിട്ടും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല . അവളുടെ മനസ്സ് മുഴുവൻ അവനോടുള്ള ദേഷ്യം ആയിരുന്നു . എന്നാൽ വിശ്വനാഥൻ തിരിച്ചുവന്നാൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ ഓർത്തു ഹരിയുടെ ഉള്ള് പിടയുകയായിരുന്നു . പെട്രോൾ വീണ് നനഞ്ഞു ഒട്ടി നിൽക്കുന്ന വസ്ത്രം മാറാനായി അവൾ റൂമിലേക്ക് പോകാൻ തുടങ്ങിയതും ഹരി അവളെ തടഞ്ഞു .
” ശ്രീദേവി നീ ഒന്ന് ശരിക്ക് ആലോചിച്ചു നോക്ക് വരുന്നതിനുമുമ്പ് നമുക്ക് ഇവിടെ നിന്ന് പോകാം ”
ഇന്നലെ ശ്രീദേവി വെറുപ്പോടെ അയാളുടെ കൈ വിടുവിക്കാൻ ശ്രമിക്കുകയായിരുന്നു . അത് അവസാന ഒരു സംഘർഷത്തിൽ ചെന്നുനിന്നു . അപ്പോഴാണ് പുറത്ത് വിശ്വനാഥനെ കാറിന്റെ ശബ്ദം കേട്ടത് . ഹരിയെ പിടിച്ചു തള്ളി മാറ്റി ശ്രീദേവി ഓടാൻ ശ്രമിച്ചതും സാരി ചട്ടി വഴുതി വീണത് ഗ്യാസ് വച്ചിരിക്കുന്നു സ്ഥലത്തേക്ക് ആയിരുന്നു . കത്തിക്കൊണ്ടിരിക്കുന്ന ഗ്യാസടുപ്പിൽ മുകളിലേക്കാണ് ശ്രീദേവിയുടെ സാരിതുമ്പ് വീണത് . പെട്ടെന്ന് തന്നെ തീ അവളിലേക്ക് ആളിപ്പടർന്നു . ഒരു നിലവിളിയോടെ അവൾ ഓടി അകലാൻ ശ്രമിച്ചപ്പോൾ അഗ്നി അവളിലേക്ക് പടർന്നുകയറി . ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു പോയ ഹരി അവളെ രക്ഷിക്കാൻ തന്റെ പരമാവധി ശ്രമിച്ചെങ്കിലും അതിന് ഫലം കണ്ടില്ല . അപ്പോഴേക്കും അവളുടെ നിലവിളികേട്ട് വിശ്വനാഥൻ അങ്ങോട്ട് എത്തിയിരുന്നു . എന്നാൽ വിശ്വനാഥൻ തന്നെ കാണാതിരിക്കാനായി ഹരി കിച്ചണിലെ ജനവാതിൽ വഴി പുറത്തേക്ക് ചാടിയിരുന്നു .
വിശ്വനാഥനാ കാഴ്ച കണ്ട് അമ്പരന്നു . ശ്രീദേവിയെ അഗ്നി അപ്പോഴേക്കും ആവരണം ചെയ്തിരുന്നു . ആളിക്കത്തുന്ന അഗ്നിയെ അവഹേളിച്ചു കൊണ്ട് തന്റെ പ്രിയതമയെ മാറോട് ചേർക്കാൻ ശ്രമിച്ച വിശ്വനാഥനെ ശ്രീദേവി തള്ളിമാറ്റി . അത് കണ്ടു കൊണ്ടാണ് കുട്ടി ശ്രുതി കണ്ണ് തിരുമ്മി കൊണ്ട് അങ്ങോട്ട് വന്നത് . നിന്ന് കത്തുന്ന അമ്മയെ കണ്ട് അവൾ നിലവിളിച്ചു കരഞ്ഞു . ശ്രീദേവിയെ മരണത്തിനു വിട്ടു കൊടുക്കാൻ കഴിയാതെ വിശ്വനാഥൻ ചേർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ , ആ ശരീരം മുഴുവൻ വെന്തുരുകുന്ന സമയത്തും അവൾ ‘ മോള് ‘ എന്നാണ് അവസാനമായി പറഞ്ഞത് .
‘ വിശ്വേട്ടാ , മരിക്കുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് മരിക്കണം . എന്നിട്ട് ഒരുമിച്ച് ഒരു കുഴിയിൽ വേണം നമ്മളെ അടക്കം ചെയ്യാൻ . മരണത്തിനു പോലും നമ്മളെ വേർപിരിക്കാൻ കഴിയരുത് . ‘ ആദ്യ രാത്രി അവൻ തന്നെ നെഞ്ചോട് ചേർന്ന് കിടന്നു പറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ പ്രതിധ്വനിച്ചു . എന്നാൽ മരണം വന്നു വിളിച്ചപ്പോൾ അവൾ തന്നെ തനിച്ചാക്കി ഒറ്റയ്ക്ക് പോയി . കൂടെ ചെല്ലാൻ അനുവദിച്ചില്ല , താനും കൂടെ ചെന്നാൽ മക്കളെ നോക്കാൻ ആരും ഇല്ലാതാകുമെന്ന് അവൾ ഭയന്നു .
അവസാന സമയത്തും മകളെക്കുറിച്ച് ആണ് അവൾ ചിന്തിച്ചത് .
വിശ്വനാഥന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു . അയാൾക്കു ചുറ്റും നിന്നവരും കരയുകയായിരുന്നു . എന്നാൽ എല്ലാം കേട്ട് മരവിച്ചിരിക്കുകയായിരുന്നു ശ്രുതി . പെട്ടെന്ന് അവളുടെ കവിളിലൂടെ ചുടു കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി . ഹരിയും കരഞ്ഞിരുന്നു . അയാൾ ശ്രുതിയുടെ മുഖത്തേക്ക് നോക്കി .
” അമ്മ , എന്തിനാ ഹരിമാമേ എന്റെ അമ്മയെ കൊന്നത്. ”
പെട്ടെന്ന് ശ്രുതിയിൽ നിന്നുയർന്ന ആ ചോദ്യം കേട്ട് ഹരി ഞെട്ടലോടെ താഴെക്കിരുന്നു .
” മോളെ ഞാൻ ”
” എന്തിനാ ഹരിമാമേ എന്റെ അമ്മയെ കൊന്നത് ”
ഇത്തവണ ശ്രുതിയുടെ സ്വരം ഉയർന്നിരുന്നു . ഹരി ഒരു അപരാധി യെ പോലെ അവൾക്കു മുന്നിൽ നിന്നു . ശ്രുതി അപ്പോഴേക്കും എഴുന്നേറ്റു നിന്നു അയാളുടെ കോളറിന് പിടിച്ചിരുന്നു .
” എന്തിനാ ഹരിമാമേ അങ്ങനെ ചെയ്തത് , എന്തിനാ എന്റെ അമ്മയെ കൊന്നത് , എന്തിനാ എന്റെ അച്ഛനെ എന്നിൽ നിന്ന് അകറ്റിയത് , എന്തിനാ എന്ന ആരോരുമില്ലാത്ത ഒരു അനാഥായാക്കി മാറ്റിയത് , പറ എന്തിനാ ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്തത് . നിങ്ങളെ സ്നേഹിച്ചിട്ടേ ഉള്ളൂ എന്റെ അമ്മ , നിങ്ങൾ വിശ്വസിച്ചു എന്റെ പപ്പാ , എന്നിട്ടും നിങ്ങൾ … എങ്ങനെ തോന്നി ഇത്രയും വലിയൊരു ക്രൂരത ചെയ്യാൻ , എന്റെ അമ്മയുടെ ജീവിതം എന്തിനാണ് നശിപ്പിച്ചത് , ഞങ്ങളുടെ എല്ലാവരുടെയും സന്തോഷം എന്തിനാണ് തല്ലിക്കെടുത്തിയത് , എന്തിനാ……. ”
അവളുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ കഴിയാതെ അയാൾ തളർന്നു പോയി .
” ഇല്ല മോളെ ഞാൻ അല്ല , എനിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല ”
” എനിക്കൊന്നും കേൾക്കണ്ട … എന്റെ അച്ഛനെ പോലെയല്ലേ ഞാൻ നിങ്ങളെ സ്നേഹിച്ചത് , എന്നിട്ടും …. ”
വാക്കുകൾ മുഴുവനും പറയാൻ കഴിയാത്ത ശ്രുതി പൊട്ടിക്കരഞ്ഞു . അവളുടെ കണ്ണുനീർ അയാളുടെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു .
” മോളെ ഞാൻ … ”
അയാൾ എന്തോ പറയാനായി വന്നെങ്കിലും ശ്രുതി അയാളിൽനിന്നും വെറുപ്പോടെ മുഖം തിരിച്ചു കളഞ്ഞു .
” നിങ്ങളൊരു ചതിയനാണ് , ഇത്രയും കാലം നിങ്ങൾഎന്റെ പപ്പയെ എന്റെ ശത്രുവാക്കി മാറ്റി . എന്റെ അമ്മയെ ഇല്ലാതാക്കി . പപ്പയെ എന്നിൽ നിന്നും അകറ്റി കൊണ്ട് എന്നെ എല്ലാ അർത്ഥത്തിലും ഒരു അനാഥ ആക്കി മാറ്റി . നിങ്ങൾക്ക് ഒരിക്കലും മാപ്പ് തരാൻ കഴിയില്ല . ”
ശ്രുതിയുടെ വാക്കുകൾക്ക് മൂർച്ച കൂടുന്നത് എല്ലാവരെയും ഭീതിയിലാഴ്ത്തി . അവരുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊണ്ട് അഭിയും വിശ്വനാഥും കിച്ചുവും അങ്ങോട്ടു പുറപ്പെട്ടു . ഹരി പെട്ടെന്നാണ് ശ്രുതിയെ മുഖമുയർത്തി നോക്കിയത് , അവൾ തനിക്കു നേരെ തോക്കും പിടിച്ച് നിൽക്കുകയാണ് . കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ പക മാത്രമാണ് കാണുന്നത് . അയാൾ തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അവൾക്കു മുന്നിൽ തലകുനിച്ചു മുട്ടുകുത്തി നിന്നു കൊടുത്തു .
” കൊന്നോളു അമ്മുട്ട്യേ ”
അയാളുടെ സ്വരം ഇടറിയിരുന്നു . ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച്ചയെ മറച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു . അവളുടെ മനസ്സിലേക്ക് കുഞ്ഞുന്നാൾ മുതൽ ഉള്ള ഹരി മാമയുടെ ഓർമ്മകൾ വന്നു നിറഞ്ഞു .
അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു നിന്നു തന്നെ നോക്കിയ ഹരിമാമ . രാവിലെ തന്നെ ഉണർത്തി പല്ലുതേച്ച് കുളിപ്പിച്ച് ഒരമ്മയെ പോലെ ഭക്ഷണം വാരി തന്നിരുന്നത് , ഉറങ്ങുന്നവരെ തോളിലേറ്റി നടന്നിരുന്നത് , എടുത്ത് ലോകം മുഴുവൻ ചുറ്റി കാണിച്ചത് , എടുത്തു ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് സന്തോഷിപ്പിച്ചത് , മുറിവു പറ്റി വേദനയോടെ കരയുമ്പോൾ കൂടെ കരഞ്ഞത് , തന്നെ വേദനിപ്പിച്ച വരെ തിരിച്ചു തള്ളിയത് , എന്തിനും ഏതിനും ഒരു കൂട്ടുകാരനായി കൂടെ നിന്നത് , കരാട്ടെ പ്രാക്ടീസിനിടെ താഴെ വീണു മുട്ട് പൊട്ടി വലിയ വായിൽ നിലവിളിച്ചപ്പോൾ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിയത് , അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു നീണ്ട നിര തന്നെ അവളുടെ മുന്നിലേക്ക് തെളിഞ്ഞു വന്നു .
അപ്പോഴേക്കും അഭിയും കിച്ചുവും വിശ്വനാഥും ആ പൊളിഞ്ഞുവീഴാറായ ബിൽഡിങ്ങിൽ എത്തിയിരുന്നു . അവിടെ മൊത്തം മാറാല പിടിച്ചു കിടക്കുവായിരുന്നു . അവർ പതിയെ മുകളിലെ ഹാളിലേക്ക് സ്റ്റെപ് കയറിച്ചെല്ലുമ്പോൾ കണ്ടു ഹരിക്ക് നേരെ നീട്ടിപ്പിടിച്ച തോക്കുമായി നിൽക്കുന്ന ശ്രുതിയെ , അത് അവരുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിച്ചു . അവൾ എന്തു ചെയ്യുമെന്നറിയാതെ അവർ പകച്ചുനിന്നു . അപ്പോൾ തന്നെ അവൾ കണ്ണുകൾ തുറന്നു ഹരിയെ നോക്കി .
” ഇനി വൈയിക്കിക്കണ്ട , കൊന്നോളു . എന്റെ മോളുടെ കൈ കൊണ്ടുള്ള മരണം ഈ ഹരി മാമ പൂർണ മനസ്സോടെ തന്നെ സ്വീകരിക്കും . ”
എന്നാൽ അവിടെ നടന്നത് മറ്റൊന്നായിരുന്നു . അവളാ തോക്ക് വലിച്ചെറിഞ്ഞു .
” എന്നെക്കൊണ്ട് പറ്റില്ല . ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാൻ . എനിക്ക് കഴിയില്ല , ഇത്രയും കാലം സ്വന്തം അച്ഛനെ പോലെ കണ്ട് സ്നേഹിച്ച നിങ്ങളെ കൊല്ലാൻ , എനിക്ക് കഴിയില്ല …. ”
ഇരുകൈകൾകൊണ്ടും മുഖം പൊത്തി നിലത്തിരുന്ന് ശ്രുതി പൊട്ടി കരഞ്ഞു . ആ കാഴ്ച കണ്ടു നിന്നവരുടെ യും കണ്ണു നിറച്ചിരുന്നു .
” മോളെ …. ”
പെട്ടെന്ന് ശബ്ദം കേട്ട് ഹരിയും ശ്രുതിയും ഒരു പോലെ തിരിഞ്ഞു നോക്കി . തനിക്കരികിലായി നിൽക്കുന്ന വിശ്വനാഥനെ കണ്ടപ്പോൾ ശ്രുതി ഒരു ആർത്തനാദ തോടെ അയാളിലേക്ക് ഓടിയടുത്തുകൊണ്ട് ആ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു . അപ്പോഴേക്കും തന്റെ നെഞ്ചിൽ കിടന്ന് കരയുന്ന മകളേ അയൽ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞിരുന്നു . ആ കൈകൾക്കുള്ളിൽ അവൾ സുരക്ഷിതയാണെന്ന് അവളുടെ കാതോരമാരോ മന്ത്രിക്കുന്നത് പോലെ അവൾക്ക് തോന്നി . വർഷങ്ങൾക്ക് ശേഷം തനിക്ക് തിരികെ കിട്ടിയ മകളെ അയാൾ നിറകണ്ണുകളോടെ ആലിംഗനം ചെയ്തു . അവളുടെ മൂർദ്ധാവിൽ അയാൾ ഒന്ന് അമർത്തി ചുംബിച്ചു . അത് അവളിലെ എങ്ങലിന് ആക്കംകൂട്ടി . ആ കാഴ്ച കണ്ട് ഹരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു .
താഴെ മുട്ടു കുത്തി ഇരിക്കുന്ന ഹരിയുടെ നേർക്ക് കിച്ചുവും അഭിയും ദേഷ്യത്തോടെ അടുത്തിരുന്നു . ഹരിയെ തല്ലാനായി ഇരുവരും കയ്യോങ്ങിയപ്പോൾ വിശ്വനാഥൻ അവരെ തടഞ്ഞു .
” വേണ്ട അവനെ ഒന്നും ചെയ്യേണ്ട , നീ എന്നോട് ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ നിന്നെ കൊന്ന് കളയാൻ എന്റെ മനസ്സ് എന്നോട് ഒരായിരം തവണ പറഞ്ഞതാണ് . പക്ഷേ നിന്നെ കൊന്നു ജയിലിൽ പോകാൻ എനിക്ക് മനസ്സില്ല , എനിക്ക് ജീവിക്കണം . എന്റെ മകൾക്ക് വേണ്ടി , അവൾക്ക് വേണ്ടി മാത്രം . അതുകൊണ്ട് നിന്റെയി ശിഷ്ട ജീവിതം ഞാൻ നിനക്കായി തന്ന ഭിക്ഷയാണ് . അത് നിന്റെ ഇഷ്ടത്തിന് നിനക്ക് ജീവിച്ചു തീർക്കാം . പക്ഷേ നീ ഒന്നോർത്തോ , നീ ചെയ്തുകൂട്ടിയ പാപം ഭാരങ്ങൾ എന്നും നിന്നെ വേട്ടയാടി കൊണ്ടേയിരിക്കും . ”
മനസ്സു നൊന്തു കൊണ്ടുള്ള വിശ്വനാഥന്റെ വാക്കുകൾ ഒരു ശാപം കണക്കെ ഹരിയുടെ കാതുകളിലേക്ക് പതിച്ചു . അയാൾ അപ്പോഴും നിലത്ത് നോക്കി കരയുകയായിരുന്നു . ഇനിയും അവിടെ നിന്നാൽ ഹരിയെ തനിക്ക് കൊല്ലേണ്ടി വരും എന്ന് തോന്നിയതിനാൽ വിശ്വനാഥൻ ശ്രുതിയെ ചേർത്തു പിടിച്ച് അവിടെ നിന്ന് ഇറങ്ങി . അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അച്ഛന്റെ നെഞ്ചിലേക്ക് ഒട്ടികിടന്നു . അവരുടെ കാർ ആ കാട് വിടുന്നതിനു മുമ്പ് അവർ കേട്ടിരുന്നു ആ വെടിയൊച്ച . കിച്ചുവും അഭിയും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയെങ്കിലും വിശ്വനാഥൻ അവരോട് കാർ എടുക്കാൻ പറഞ്ഞു . അവരുടെ കാർ മുറിവുകൾ താണ്ടി യാത്രയായിരുന്നു . ഹരിനാരായണൻ എന്ന വ്യക്തി നാളത്തെ പത്രത്തിലെ ചരമക്കോളത്തിൽ ഒരു വാർത്തയായി ചുരുങ്ങിയിരുന്നു .
( തുടരും )
ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission