ഇന്നെന്റെ വിവാഹമാണ്………
ജാതകത്തിന്റെയും മറ്റും നൂലാമാലകൾക്കു ഇടയിൽ നീണ്ട കാത്തിരിപ്പിനു ഒടുവിൽ നടക്കാൻ പോവുകയാണ് എന്റെ വിവാഹം……..
പെണ്ണ് കാണാൻ ചെന്ന അന്നു എന്നെ പറ്റിയിട്ടു എല്ലാം അവളോട് തുറന്നു പറഞ്ഞു…… എല്ലാം ഒരു പുഞ്ചിരിയോടെ അവൾ കേട്ടു നിന്നു…….
അവൾക്കും ഇഷ്ടം ആയെന്നു പറഞ്ഞത് കൊണ്ടാവണം എല്ലാം പെട്ടെന്ന് നടന്നു…..
നല്ല ചേർച്ചയുള്ള ജാതകം ആണെന്ന് പറഞ്ഞത് കൊണ്ടു പിന്നെ ഒന്നും നോക്കിയില്ല ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു…..
കല്യാണ സമയം അടുക്കും തോറും ടെൻഷൻ കൂടി വന്നു….. ശരീരമാകെ വിയർത്തു ഒലിച്ചു തുടങ്ങി…..
കൊട്ടും കൊരവയും ആളുകളും എല്ലാം കൂടി ചുറ്റിലും ആകെ ബഹളമാണ്……
മുഹൂർത്തം ആയതോടെ കെട്ടാൻ പറഞ്ഞു താലി എടുത്തെന്റെ കൈയിൽ തന്നു…… അതോടെ കൈ വിറയ്ക്കാൻ തുടങ്ങി…….
അതു കണ്ടിട്ട് എന്താടാ രാവിലെ അടിക്കാഞ്ഞിട്ടാണോ കൈ വിറയൽ എന്നു ഏതോ ഒരുത്തന്റെ ഡയലോഗ് വന്നു ചുറ്റിലും നിന്നവർക്കൊക്കെ ചിരി പൊട്ടി……….
ഒടുവിൽ എങ്ങനെ ഒക്കെയോ ഒപ്പിച്ചു
അഗ്നിസാക്ഷിയായി അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി……
ചടങ്ങ് കഴിഞ്ഞതോടെ ഭക്ഷണത്തിനായുള്ള അങ്കത്തിൽ ആയി നാട്ടുകാരും ബന്ധുക്കളും……..
ടെൻഷൻ കാരണം രാവിലെ മര്യാദക്ക് ഒന്നും കഴിക്കാൻ പറ്റാത്ത കൊണ്ടാവണം എനിക്കും വിശന്നു തുടങ്ങി…….
ചടങ്ങ് കഴിഞ്ഞ സ്ഥിതിക്ക് ഇനി കഴിക്കാമെന്നു വിചാരിച്ചു നിൽകുമ്പോൾ ആണ് ഫോട്ടോ എടുക്കൽ പരുപാടി…………..
ഇതുവരെ കണ്ടിട്ടു പോലും ഇല്ലാത്തവരൊക്ക വന്നു ബന്ധുക്കൾ ആണെന്നും പറഞ്ഞു ഞങ്ങളുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ തുടങ്ങി……
ബീവറേജിൽ പോലും കുപ്പി മേടിക്കാൻ ഇത്രയും ക്യൂ ഞാൻ കണ്ടിട്ടില്ല…….
ഒരാൾ മാറുമ്പോൾ അടുത്തയാൾ പിന്നെ അവരുടെ ഫാമിലി, അവരുടെ വക സെൽഫി അങ്ങനെ മനുഷ്യന്റെ ക്ഷമ നശിപ്പിച്ചു……….
എന്റെ അവസ്ഥ കണ്ടിട്ട് ആണോ എന്നറിയില്ല മതി ഫോട്ടോ എടുത്തത് ഇനി പെണ്ണും ചെറുക്കനും പോയി കഴിക്കട്ടെ എന്നു അമ്മാവൻ പറഞ്ഞു……………..
ഇത്രയും നാൾ പിശാച് കുരിശു കാണുംപോലെ ഞാൻ കണ്ടിരുന്ന അമ്മാവൻ എനിക്കപ്പോൾ ദൈവ ദൂതൻ ആയി തോന്നി……..
ഒടുവിൽ കഴിക്കാൻ ഇരുന്നപ്പോൾ ക്യാമറയും തൂക്കി വീഡിയോ എടുക്കാൻ ഒരുത്തൻ……
നമ്മുടെ മുഖ്യമന്ത്രി പിണറായി സഖാവിനെ പോലെ കടക്കു പുറത്തെന്ന് അവനോട് പറഞ്ഞാലോ എന്നു വരെ തോന്നിപോയി……..
സ്വസ്ഥമായി ഒന്നു കഴിക്കാനും സമ്മതിക്കില്ല…….
എന്നായാലും എല്ലാം ഭംഗിയായി നടന്നു……..
പുത്തൻ പ്രതീക്ഷകളുമായി ഒരു പുതിയ ജീവിതത്തിലേക്കു ഞാൻ കടക്കുകയാണ്…… എന്റെ ആദ്യരാത്രിയിലേക്കു…..
നാണിച്ചു തലകുനിച്ചു കൈയിൽ പാൽ ഗ്ലാസ്സുമായി നിൽക്കുന്ന അവളെയും സ്വപ്നം കണ്ടു റൂമിൽ ചെന്ന എന്റെ മുന്നിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുമായി ഫോണും പിടിച്ചവൾ നിന്നു …..
കട്ടിലിന്റെ അറ്റത്തു ഒന്നും മിണ്ടാതെ അവൾ ഇരുന്നു…..
റൂം ലോക്ക് ചെയ്തു ഞാൻ അവളുടെ അടുത്തെത്തി കാര്യം തിരക്കി പക്ഷേ അവൾ ഒന്നും പറഞ്ഞില്ല………..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…….
സമാധാനിപ്പിക്കാൻ നോക്കിയിട്ട് ഒട്ടും നടന്നുമില്ല………
ഇനിയിപ്പോൾ ഇവളുടെ ഇഷ്ടപ്രകാരം അല്ലെ ഈ കല്യാണം നടന്നത്…….
ഇനി ഇവൾക്ക് വേറെ റിലേഷൻ ഉണ്ടാവുമോ ഒന്നും മനസ്സിലാവാതെ ആകെ ടെൻഷൻ ആയി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരുന്നു ഞാൻ നേരം വെളുപ്പിച്ചു……..
നേരം വെളുത്തു കോട്ടുവായും ഇട്ടു ഉറക്ക ക്ഷീണവുമായി ഇറങ്ങി വരുന്ന എന്നെ കണ്ടിട്ട് എല്ലാരും ഒന്നു ചിരിച്ചു……..
പുല്ല് ആകെ ചമ്മി പോയി……. അകത്തു സത്യത്തിൽ എന്താണ് നടന്നതെന്ന് എനിക്കല്ലേ അറിയൂ………..
അവൾ ആണെങ്കിൽ റൂമിനു പുറത്ത് ഇറങ്ങുന്നേ ഇല്ല……….
അതോടെ അമ്മയൊക്കെ അവളോട് ചെന്നു സംസാരിച്ചു കരഞ്ഞതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല………
ഞാൻ എന്തോ അവളെ റേപ്പ് ചെയ്തപോലെ എല്ലാവരും എന്നെ രൂക്ഷ ഭാവത്തിൽ ഒന്നു നോക്കി…….. പെണ്ണു കെട്ടാതെ നടന്നു ലാസ്റ്റ് കെട്ടിയപ്പോൾ ഞാൻ ആക്രാന്തം വല്ലതും കാട്ടി കാണും എന്നവർ സംശയിച്ചു കാണും………….
പെണ്ണിന് എന്തുപറ്റി എന്നാകെ വീട്ടിൽ ചർച്ചാ വിഷയമായി…….
പുല്ല് കല്യാണം കഴിക്കണ്ടായിരുന്നു എന്നു വരെ അപ്പോൾ തോന്നിപ്പോയി……….
ഉച്ചയോടെ അവളുടെ അമ്മയും അനിയനും വന്നു അവരുടെ കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു…….
മോളെ എന്നു അമ്മ വിളിച്ചപ്പോളേക്കും അവൾ ഓടിയെത്തി ബാഗും വാങ്ങി റൂമിലേക്ക് ഓടി………. ഒന്നും മനസ്സിൽ ആവാതെ നിന്ന ഞാൻ മെല്ലെ റൂമിലേക്ക് ചെന്നു നോക്കിയപ്പോൾ കണ്ടതു അവൾ ടെഡി ബിയറും നെഞ്ചോടു ചേർത്ത് കരഞ്ഞു കൊണ്ട് അതിനു ഉമ്മ കൊടുക്കുന്നതാണ്……..
കാലുമടക്കി ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്……
കോപ്പ് ഇതിനായിരുന്നോ ഇവൾ ഈ കണ്ട കരച്ചിൽ ഒക്കെ കരഞ്ഞു എന്നെയും ടെൻഷൻ ആക്കി ആദ്യരാത്രിയും കുളമാക്കിയത്…………
ഈശ്വരാ ആശിച്ചു മോഹിച്ചു കിട്ടിയതിനു വട്ടും ഉണ്ടോ…….
ഡി നീ ഈ കോപ്പിനു വേണ്ടിയിട്ടാണോ ഇന്നലെ തൊട്ടിരുന്നു മോങ്ങിയത്……..
അതിനും മാത്രം എന്താ ഇതിന് ഇത്ര പ്രേത്യേകത………..
ഞാൻ ചൂടായതു കണ്ടു അവൾ ഒന്നു പേടിച്ചു……..
ഏട്ടാ ഞാൻ…….
കോപ്പ് നിനക്കു വാ തുറന്നു പറഞ്ഞാൽ പോരെ ഇതാണ് കാര്യം എന്ന്….. പിന്നെ നിനക്ക് ടെഡി ബിയർ ഇഷ്ടം ആണെങ്കിൽ എത്ര എണ്ണം വേണമെങ്കിലും ഞാൻ വാങ്ങി തന്നേനെ……..
അതിനു നീ ഇങ്ങനെ കിടന്നു മോങ്ങണോ…………
ഏട്ടാ ഏട്ടൻ വിചാരിക്കും പോലെ അല്ല എനിക്കു ഈ ടെഡി ബിയർ എന്റെ ജീവനേക്കാൾ ഏറെ വിലപ്പെട്ടതാണ്……..
എന്റെ വാശിക്ക് മുന്നിൽ കീഴടങ്ങി എനിക്കു അഞ്ചു വയസ്സുള്ളപ്പോൾ ഇതെനിക്കെന്റെ അച്ഛൻ വാങ്ങി തന്നതാണ്……..
എനിക്കു ആറു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു…..
അച്ഛന്റെ മരണശേഷം ഇതെന്റെ ജീവനായി മാറി……
ഊണിലും ഉറക്കത്തിലും ഇതെനിക്ക് കൂട്ടായി എന്റെ ഒപ്പം ഉണ്ടാവും…….
എന്റെ അച്ഛന്റെ ആത്മാവ് ഇതിലുണ്ട് എന്നൊരു വിശ്വാസം കുഞ്ഞുനാളിൽ മനസ്സിൽ പതിഞ്ഞു പോയി……..
ഇതു അടുത്തുള്ളപ്പോൾ എനിക്കെന്റെ അച്ഛൻ കൂടെയുള്ള പോലെയാണ്…..
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഞാൻ ഇതിനോട് പറയാറുണ്ട്…….. ഇതുള്ളതു കൊണ്ടു ഒരിക്കൽ പോലും തനിച്ചാണെന്ന തോന്നൽ എനിക്കു ഉണ്ടായിട്ടില്ല…… അച്ഛൻ എന്റെ കൂടെയുണ്ട് എന്നൊരു തോന്നൽ ഉണ്ട്…….. അപ്രതീക്ഷിതമായി അച്ഛന്റെ സ്നേഹവും വാത്സല്യവും കുട്ടിക്കാലത്തു നഷ്ടമായ എന്റെ വേദന ഒരു പക്ഷെ ഏട്ടന് മനസ്സിലാവില്ല എന്നും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു………….
അതുകേട്ടു എന്റെ കണ്ണുകളും നിറഞ്ഞു…..
കുട്ടിത്തം മാറാത്ത ഒരു പൊട്ടി പെണ്ണിനെയാണ് ഞാൻ അപ്പോൾ അവളിൽ കണ്ടത് ………..
ഒരു ഭർത്താവ് എന്നതിനും അപ്പുറം അവൾക്കു നഷ്ടമായ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും കൂടി ഇനിയുള്ള കാലം അവൾക്കു നൽകണം എന്നുറപ്പിച്ചു കൊണ്ടു അവളെ എന്റെ മാറോടു ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു………
.
(സ്നേഹപൂർവ്വം… 💕ശിവ 💕)
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission