” ശ്രുതി താൻ ഒന്ന് വന്നേ പൂന്തോട്ടത്തിനടുത്ത് ദീപം തെളിയിച്ചിട്ടില്ല ”
എന്നു പറഞ്ഞുകൊണ്ട് അഞ്ജലി അവളുടെ കയ്യിൽ പിടിച്ച് പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു .
അപ്പോഴാണ് ചെറിയച്ഛൻ അവളെ വിളിച്ചത് .
” ശ്രുതി , മോള് ഒന്നു വേഗം വന്നേ ”
” ദാ വരുന്നു ചെറിയച്ഛാ ”
” അഞ്ജലി ഞാനിപ്പോൾ വരാം ചെറിയച്ഛൻ വിളിക്കുന്നുണ്ട് ”
അഞ്ജലി മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു കൊണ്ട് അവളോട് ശരി എന്ന് പറഞ്ഞു തലയാട്ടി . അപ്പോഴും അഞ്ജലിയുടെ ഉള്ളിൽ പകയുടെ കനൽ എരിയുന്നുണ്ടായിരുന്നു . അവൾ ശ്രുതിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു .
” എന്തിനാ ചെറിയച്ചാ വിളിച്ചത് ? ”
” നീ ഇതിൽ എന്റെയും ചെറിയമ്മയുടെയും കുറച്ചു ഫോട്ടോസ് എടുത്തു തരുമോ ? ”
ചെറിയച്ഛൻ ഫോൺ എന്റെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു .
” ഓഹ് അതിനെന്താ എടുത്ത് തരാലോ ”
ഞാൻ ചെറിയച്ചനും ചെറിയമ്മയും പല പോസ്റ്റിൽ നിർത്തിയതിനുശേഷം ഫോട്ടോഗ്രാഫിയിൽ ഉള്ള എന്റെ കലാവാസന അങ്ങ് കാണിച്ചുകൊടുത്തു .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഫ്ലാറ്റിൽ ഇരുന്ന് ബോറടിച്ചപ്പോൾ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി നോക്കി . അപ്പോൾ , മറ്റു ഫ്ലാറ്റിൽ ഉള്ളവരൊക്കെ ദീപം തെളിയിക്കുന്ന തിരക്കിലായിരുന്നു . കുട്ടികളാണെങ്കിൽ പൂത്തിരിയും മറ്റും കത്തിച്ച് രസിക്കുകയായിരുന്നു . അതു കണ്ടപ്പോൾ അയാൾക്ക് എന്തോ പോലെ തോന്നി . അപ്പോൾ തന്നെ അയാൾ പ്ലാറ്റിനകത്ത് വാതിൽ അടച്ചിരുന്നു .
ഷെൽഫിൽ നിന്നും ഒരു ബിയർ ബോട്ടിൽ എടുത്ത് അയാൾ ചാരുകസേരയിലേക്ക് ഇരുന്നു . എന്തുകൊണ്ടോ അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു . ഓർമ്മകൾ അയാളെ വേട്ടയാടുന്ന പോലെ തോന്നിയപ്പോൾ വിശ്വനാഥൻ മദ്യത്തിൽ അഭയം പ്രാപിച്ചു . കുടിച്ചുതീർത്തു മദ്യക്കുപ്പികൾക്ക് കണക്കില്ലായിരുന്നു . കുടിച്ചുകുടിച്ച് അവശനായപ്പോൾ അയാൾ ചാരുകസേരയിൽ കണ്ണുകളടച്ചു ഇരുന്നു .
ഓർമ്മകൾക്ക് ഒരിക്കലും മരണം ഇല്ല എന്നത് സത്യമാണ് അയാളുടെ കഴിഞ്ഞ് പോയ കാലം മനസ്സിലേക്ക് ഓടി വന്നു കൊണ്ടിരുന്നു . എത്രയൊക്കെ ഓർക്കരുതേ എന്ന് കരുതി അകറ്റി നിർത്താൻ ശ്രമിച്ചാലും ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് തിങ്ങിനിറയുന്നത് പോലെ തോന്നി അയാൾക്ക് . അയാളുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു .
നാട്ടിലെ ഉത്സവം വന്നാൽ വീട്ടുകാരെ കാൾ മുന്നിൽ കൂട്ടുകാരുമൊത്ത് പോയിരുന്ന കാലം . കൗമാരത്തിലെ കുസൃതിയും യൗവ്വനത്തിന് പ്രസരിപ്പും നിറഞ്ഞുതുളുമ്പുന്ന കാലഘട്ടം . അന്ന് മംഗലത്ത് കാവിലെ ഉത്സവം എന്ന് പറഞ്ഞാൽ നാടുമുഴുവൻ കൊണ്ടാടിയിരുന്ന ഒന്നായിരുന്നു . ഓർമ്മവെച്ച നാൾ മുതലേ മുടങ്ങാതെ ഉത്സവം കാണാൻ പോയിരുന്ന കാലം , മേള കാഴ്ചകളും തറ കളിയും മറ്റും കണ്ടു നടക്കുന്നതിനിടയിൽ ആരെയോ പോയി കൂട്ടിയിടിച്ചു . നെറ്റി ഉഴിഞ്ഞു നോക്കുമ്പോഴാണ് നിലത്ത് വീണ് പൊട്ടിയ കുപ്പി വളകൾ നോക്കി വിഷമിച്ചിരിക്കുന്ന പെൺകുട്ടിയെ കണ്ടത് .
അവളോട് സോറി പറഞ്ഞപ്പോൾ മുഖമൊന്നു ഉയർത്തി നോക്കിയതല്ലാതെ മറുപടിയൊന്നും തന്നില്ല . അപ്പോഴാണ് താൻ അത് ശ്രദ്ധിച്ചത് വാലിട്ടെഴുതിയ രണ്ട് ഉണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് . അതിനുമാത്രം താൻ ഒന്നും അവളെ ചെയ്തില്ലല്ലോ , ഇനി നിലത്തുവീണതിന് ആയിരിക്കുമോ , ഒരുപക്ഷേ ആശിച്ചു വാങ്ങിയ വള പൊട്ടിയതിനാൽ ആകും . എഴുന്നേൽക്കാൻ ആയി അവൾക്കുനേരെ ഒരു കൈ സഹായം തേടുമ്പോഴും അവൾ വേഗം എഴുന്നേറ്റ് കൈമുട്ടിലെ മണ്ണെല്ലാം തട്ടി എന്നെ ഒന്ന് നോക്കിയ ശേഷം മേള കൂട്ടിന് ഇടയിലേക്ക് പോയി നടന്നു .
കൂട്ടുകാരോടൊപ്പം ഉത്സവപ്പറമ്പ് മുഴുവൻ കറങ്ങി നടക്കുമ്പോഴും കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകൾ ആയിരുന്നു മനസ്സ് മുഴുവൻ . പിന്നെ ഒന്നും നോക്കിയില്ല നേരെ പൊട്ടും ചാന്തും കൺമഷിയും വിൽക്കുന്ന നാടോടികളുടെ അടുത്തേക്ക് നടന്നു . ചുവപ്പും കറുപ്പും നിറത്തിൽ ഉള്ള കുറച്ചു കുപ്പിവളകൾ വാങ്ങി . അവളെ തിരഞ്ഞു അവിടെ മുഴുവൻ അലഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല . നിരാശയോടെ കുപ്പിവള പൊതിയുമായി വീട്ടിലേക്കു മടങ്ങി .
പിന്നെയും നാളുകൾ കൊഴിഞ്ഞു പോയി , കോളേജിൽ സീനിയർ ആയി വിലസുന്ന കാലം . പാലക്കാട് മഹാരാജാസ് കോളജിന് മുന്നിൽ ‘നവാഗതർക്ക് സ്വാഗതം ‘ എന്ന വലിയ ഫ്ലക്സ് ഉയർന്നു . ഞാനും ഹരിയും പിന്നെ ഞങ്ങളുടെ ഗ്യാങ്ങുമായി കോളേജിൽ എത്തിയ നവാഗതരെ വളരെ നന്നായി തന്നെ സ്വീകരിച്ചിരുന്നു . ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ റാഗിംഗ് . നവാഗതർക്ക് സ്വാഗതം പ്രസംഗവും അധ്യക്ഷ പരിപാടിയും തുടങ്ങുന്നതിനുമുമ്പ് ഈശ്വര പ്രാർത്ഥനയ്ക്കായി പുതിയ കുട്ടികളിൽ നിന്നും ഒരു പെൺകുട്ടിയെ ടീച്ചർ വേദിയിലേക്ക് ക്ഷണിച്ചു . പണ്ടുതൊട്ടേ ഇതൊന്നും കേട്ടിരിക്കാൻ ഇഷ്ടമല്ലാത്തതിനാൽ ഓഡിറ്റോറിയം വിട്ടുപോകാൻ ഇറങ്ങിയപ്പോഴാണ് വേദിയിലേക്ക് കയറുന്ന ആ പെൺകുട്ടിയേ ശരിക്കൊന്നു കാണുന്നത് . അത് അവൾ അല്ലേ , അറിയാതെ മനസ്സ് മന്ത്രിച്ചു .
വേദിയിൽ കയറിയതിനു ശേഷം എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ കൈകൾ കൂപ്പി കണ്ണുകൾ അടച്ച് ഈശ്വരപ്രാർത്ഥന ആലപിക്കാൻ തുടങ്ങി. അവളുടെ ശബ്ദം എത്രത്തോളം മാധുര്യമേറിയതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല . കാണാനും അവൾ വളരെയേറെ സുന്ദരി ആയിരുന്നു . അതിനാൽ തന്നെ സകല കാട്ടുകോഴി കളുടെയും ദൃഷ്ടി അവളുടെമേൽ പതിച്ചിരുന്നു . പരിപാടി എല്ലാം കഴിഞ്ഞതിനു ശേഷം എല്ലാ പുതിയ കുട്ടികളെയും ക്ലാസ്സിലെത്തി ടീച്ചേഴ്സ് വിസിറ്റ് ചെയ്തു . ശേഷം അവരെല്ലാവരും സ്റ്റാഫ് റൂമിൽ ഹാജരായപ്പോൾ ഞങ്ങൾ ഇറങ്ങി . ഓരോ കുട്ടികളെയും വിശദമായ പരിചയപ്പെടാൻ , ഞങ്ങളുടെ റാഗിംഗ് ക്ലാസിൽ കയറിയായിരുന്നു . അപ്പോഴേ മുഴുവൻ കുട്ടികളെയും കയ്യിൽ കിട്ടു .
ആദ്യം തന്നെ അവളുടെ ക്ലാസ് തിരഞാണ് ഇറങ്ങിയത് . അവസാനം കണ്ടു പിടിച്ചു , ഞങ്ങൾക്കു മുൻപേ ഹരി ഗ്യാങ്ങുമായി അവിടെ എത്തിയിരുന്നു . പിള്ളേരെ മുഴുവൻ റാഗ് ചെയ്യുന്ന തിരക്കിലായിരുന്നു നമ്മുടെ ഗ്യാങ് ഫുൾ . ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ ഹരി അവളെ റാഗ് ചെയ്യാൻ തുടങ്ങുവായിരുന്നു .
” ഇന്നത്തെ പാട്ട് അസ്സൽ ആയിരുന്നു , ഒന്നുകൂടെ പാടിക്കെ കേൾക്കട്ടെ ”
അവളാണെങ്കിൽ പേടിച്ചുവിറച്ച് ഹരിയെ നോക്കി നിൽക്കുകയാണ് . പെട്ടെന്നാണ് അവരുടെ അടുത്തേക്ക് വന്ന എന്നെ അവൾ കണ്ടത് . എന്നെ കണ്ടപ്പോൾ അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . ‘ നോക്കണ്ട കൊച്ചേ നിന്റെ വളകൾ പൊട്ടിച്ച ആൾ തന്നെയാണ് ‘ എന്ന് എന്റെ മനസ്സ് അവളോട് മന്ത്രിക്കുന്ന പോലെ എനിക്ക് തോന്നി .
” പാട് കൊച്ചേ ”
” ഹരി വേണ്ട , വിട്ടേക്ക് ”
ഞാൻ അതും പറഞ്ഞ ഹരിയെയും കൊണ്ട് പുറത്തേക്ക് പോയി . ക്ലാസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഞാൻ അവളെ ഒന്നുകൂടി നോക്കി , അപ്പോൾ ഡസ്കിൽ കൈകുത്തി എന്നെ ഏന്തി ഒളിഞ്ഞുനോക്കുന്ന അവളെ ആണ് ഞാൻ കണ്ടത് . എന്നെ കണ്ടതും അവൾ പെട്ടെന്ന് തന്നെ ആമ തല വലിക്കുന്ന പോലെ വലിഞ്ഞു . അതിനുശേഷം അവളെ മറ്റു പല സ്ഥലങ്ങളിൽ വച്ച് കാണാനിടയായി . കോളേജിൽ ആർട്സ്ഫെസ്റ്റ് വന്നപ്പോൾ ഡാൻസും പാട്ടുമൊക്കെ അവൾ തന്നെയായിരുന്നു തിളങ്ങിയിരുന്നത് .
ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പല വമ്പൻമാരും അവളെ പ്രൊപ്പോസ് ചെയ്തിരുന്നു . എന്നാൽ അതെല്ലാം അവൾ വളരെ സൗമ്യമായി തന്നെ റിജക്റ്റ് ചെയ്തു എന്നാണ് അറിയാൻ സാധിച്ചത് . അതുകൊണ്ട് അവളെ പ്രൊപ്പോസ് ചെയ്യുക എന്ന സാഹസത്തിന് മുതിരാൻ ഭയമായിരുന്നു . പക്ഷേ എന്നും അവളെ കാണുമ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കഥ പറയുന്നത് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . ഇതെല്ലാം ഹരിയോട് ഷെയർ ചെയ്താലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് , പിന്നെ വേണ്ടെന്നു വച്ചു . അവനും അത്രയ്ക്ക് മോശം ഒന്നും അല്ല , മനസ്സിനുള്ളിൽ ഏതോ ഒരു പെൺകൊച്ചിനെ കൊണ്ട് നടക്കുന്നുണ്ട് . പക്ഷേ ഇതുവരെ ആർക്കും പിടി കൊടുത്തിട്ടില്ല . എല്ലാം സെറ്റ് ആയിട്ട് പറയാം എന്നാണ് അവൻ പറയുന്നത് .
നാളുകൾ അങ്ങനെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . ദിനം കഴിയുന്തോറും അവളുടെ മുഖം എന്റെ മനസ്സിൽ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയായിരുന്നു . അങ്ങനെയിരിക്കെയാണ് പുസ്തകങ്ങൾ അടുക്കി വച്ചിരുന്ന എന്റെ ഷെൽഫിൽ നിന്ന് അന്ന് ഞാൻ അവൾക്കു വേണ്ടി വാങ്ങിയ കുപ്പിവളകൾ കിട്ടിയത് . പിറ്റേദിവസം ഞാൻ അത് അവൾക്ക് കൊണ്ടുപോയി കൊടുക്കുമ്പോൾ അവളുടെ മുഖത്തു അത്ഭുതമായിരുന്നു . അവളാ കുപ്പിവളകൾ എന്റെ മുന്നിൽ വച്ച് തന്നെ അവളുടെ കൈകളിൽ അണിഞ്ഞു .
പിന്നീട് അവിടുന്നങ്ങോട്ട് ഞങ്ങൾ അടുക്കുകയായിരുന്നു , ആദ്യം നല്ല കൂട്ടുകാർ മാത്രം ആയിരുന്നു . പിന്നെ എപ്പോഴൊക്കെയോ ഇരുവരും പരസ്പരം സ്നേഹിക്കാൻ തുടങ്ങി . മറ്റു കാമുകി കാമുകന്മാരെ പോലെ പൈങ്കിളി അടിക്കാനോ ക്ലാസ്സ് കട്ട് ചെയ്യാനോ ഞാനോ അവളോ മുതിർന്നില്ല . അതിനാൽ തന്നെ ഞങ്ങളുടെ പ്രണയം കോളേജിൽ നിശബ്ദമായിരുന്നു . ഞങ്ങൾക്ക് അല്ലാതെ അത് മറ്റാർക്കും അറിയില്ലായിരുന്നു . അങ്ങനെയിരിക്കെ എന്റെ പഠിത്തം എല്ലാം തീർന്നു എനിക്ക് നല്ലൊരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചപ്പോൾ അവിടേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഞങ്ങളുടെ കാര്യം ഹരിയെ അറിയിച്ചിരുന്നു . അവനത് ശരിക്കും ഒരു ഷോക്ക് ആയിരുന്നു . എങ്കിലും അവൻ എന്നെ തന്നെ സപ്പോർട്ട് ചെയ്തു .
സത്യം പറഞ്ഞാൽ അവൾക്കു മറ്റൊരു പ്രൊപ്പോസൽ വരാതിരിക്കാനാണ് ഹരിയേ അറിയിച്ചത് , അത് വല്ലതും വന്നാൽ അവൻ മുടക്കി കൊള്ളും എന്ന പ്രതീക്ഷയിൽ . അങ്ങനെ അവളോട് യാത്ര പറഞ്ഞു ജോലിയിൽ പ്രവേശികാനായി നാട്ടിൽ നിന്നും തിരിച്ചു .
ജോലിയും താമസ സ്ഥലവും എല്ലാം ശരിയായതിനുശേഷം കിട്ടിയ ആദ്യ ലീവിൽ തന്നെ നാട്ടിലേക്കു പുറപ്പെട്ടു . അപ്പോഴേക്കും നാട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു . ഞങ്ങളുടെ റിലേഷൻ വീട്ടിൽ പിടിച്ചു , അവളുടെ വീട്ടുകാരും എന്റെ വീട്ടുകാരും അതിന്റെ പേരിൽ വഴക്കായി . ഞാൻ നാട്ടിൽ എത്തി എന്ന് അറിഞ്ഞ ഉടനെ തന്നെ അവർ അവളുടെ പഠിത്തം നിർത്തിച്ചു . അവളെ പുറംലോകവുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയിൽ അടച്ചിട്ടു . എന്നാൽ അവർക്കറിയില്ലല്ലോ , ഈ ഭൂമിയിൽ ഒരു ശക്തിക്കും പിരിക്കാൻ കഴിയാത്ത വിധം ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അടുത്തിരുന്നു എന്ന് . വീട്ടിൽ നിന്നും അവൾക്ക് നല്ല പ്രഷർ ഉണ്ടായിരുന്നു , എല്ലാ വീട്ടുകാരും ചെയ്യുന്നതുപോലെ തന്നെ അവളെക്കൊണ്ട് നിർബന്ധിച്ച് ഒരു വിവാഹം നടത്താനും അവർ ശ്രമിച്ചിരുന്നു . എന്നാൽ അവളുടെ ഉറച്ച തീരുമാനത്തിൽ മുന്നിൽ അവർ തോറ്റു പിന്മാറി .
ശരിക്കും പറഞ്ഞാൽ കാഞ്ചനയേയും മൊയ്തീനെയും പോലെ എത്രകാലം വേണമെങ്കിലും പരസ്പരം കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു . എന്നാൽ അതിനിടയിൽ എന്റെ വീട്ടുകാരും എനിക്കുവേണ്ടി വിവാഹാലോചനകൾ കൊണ്ടുവന്നപ്പോൾ എന്റെ നിലപാടിൽ തന്നെ ഞാൻ ഉറച്ചു നിന്നു . അവസാനം ഈ കുടുംബങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ആയപ്പോൾ എനിക്ക് അവളെയും കൊണ്ട് നാടുവിടേണ്ടി വന്നു . അന്ന് അവളുടെ കഴുത്തിൽ ഒരു മിന്നു കെട്ടുമ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ഇനിയൊരിക്കലും ആ നാട്ടിലേക്ക് പോകരുതെന്ന് . ഇവിടെ എത്തിയതിനു ശേഷം ഞാനും അവളും ഒരുപോലെ രാവിനെയും പകലാക്കി കഠിനപ്രയത്നം ചെയ്താണ് ഈ കാണുന്ന ബിസിനസ് സാമ്രാജ്യങ്ങൾ എല്ലാം ഉണ്ടാക്കിയെടുത്തത് . ഹരിയെയും ഞങ്ങൾ മുൻകൈയെടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു . അവന് നല്ലൊരു ജോലി ഉണ്ടാക്കിക്കൊടുത്തു .
വിവാഹം കഴിഞ്ഞ് രണ്ടു വർഷങ്ങൾക്കു ശേഷം ഞങ്ങൾക്ക് ഒരു മകൾ പിറന്നു . ഞങ്ങളുടെ ജീവിതത്തിലെക്ക് സർവ്വ സന്തോഷവുമായി വന്ന ഞങ്ങളുടെ മാലാഖ ‘ ശ്രുതി ‘ . അവിടന്നങ്ങോട്ട് ഞാനും ദേവിയും തമ്മിൽ മത്സരമായിരുന്നു മകളെ സ്നേഹിക്കാൻ , അവളെ താലോലിക്കാൻ , അണിയിച്ചൊരുക്കാൻ . മകളുടെ ഓരോ വളർച്ചയിൽ ഞങ്ങൾ ആഘോഷത്തോടെ കൊണ്ടായിരുന്നു . അതിനിടയിലെപ്പോഴോ , ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ തുടങ്ങിയിരുന്നു . പക്ഷേ എവിടെയാണ് എല്ലാത്തിനെയും തുടക്കമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല . ഒരു നൂറുകൂട്ടം സ്വപ്നങ്ങൾ ഉണ്ടായിരുന്നു , എല്ലാം തകർന്നടിഞ്ഞത് ഒറ്റ നിമിഷം കൊണ്ട് ആണ് . ദേവിയുടെ മരണം അക്ഷരാർഥത്തിൽ എന്നെ തളർത്തിയിരുന്നു . എന്റെ കൺ മുന്നിൽ വച്ചാണ് ദേവി…………..
അയാളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു . ഇത്രയും കാലം അടക്കിപ്പിടിച്ച സങ്കടങ്ങൾ അയാൾ ആ മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു തീർത്തു .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കൂടെയുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞതിനുശേഷം അഞ്ജലി വീണ്ടും എന്റെ അടുത്തേക്ക് വന്നു .
” ശ്രുതി താൻ ഫ്രീ ആയോ ? ”
” ഓഹ് , സോറി അഞ്ജലി ഞാൻ മറന്നു പോയതായിരുന്നു . വാ നമുക്ക് പോവാം ”
ഞാൻ അവളുടെ കൂടെ പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു . അവിടെ ഞാനും അവളും ചേർന്ന് ദീപങ്ങൾ തെളിയിക്കാൻ തുടങ്ങി . ശ്രുതിയുടെ ശ്രദ്ധ ദീപം തെളിയിക്കുന്നതിൽ മാത്രമാണെന്ന് മനസ്സിലായപ്പോൾ അഞ്ജലി അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് കുറച്ച് പുറകിലേക്ക് മാറി നിന്നു . എന്നിട്ട് അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി , ആരുമില്ലന്ന് ഉറപ്പായപ്പോൾ അഞ്ജലി ശ്രുതിയുടെ നിലത്തു കിടന്നിരുന്ന സാരി തല പതിയെ ചവിട്ടി വലിച്ചിട്ടു . എന്നിട്ട് അതിലേക്ക് ശ്രുതി അറിയാതെ അവളുടെ കയ്യിലെ എണ്ണ ഒഴിച്ചു കൊടുത്തു .
വിശ്വനാഥനു തന്റെ മകളെ ഒരു നോക്ക് കാണാനായി കിച്ചു മകന്റെ ഫോണിൽ ശ്രുതി അറിയാതെ അവളെ വീഡിയോ എടുക്കുവായിരുന്നു . അവന്റെ ഫോക്കസ് ഫുൾ ശ്രുതിയുടെ മേൽ ആയതിനാൽ അഞ്ജലി കാണിച്ചുകൂട്ടുന്നതൊന്നും അവൻ കണ്ടിരുന്നില്ല . എന്നാൽ അവന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഇതെല്ലാം റെക്കോർഡ് ആകുന്നുണ്ടായിരുന്നു .
ആരുംതന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ അഞ്ജലി ശ്രുതി അറിയാതെ നീണ്ടു കിടക്കുന്ന അവളുടെ സാരിയുടെ അറ്റത്തേക്ക് വിളക്കിൽ കത്തികൊണ്ടിരിക്കുന്ന ഒരു തിരി എടുത്തിട്ടു . അത് അപ്പോൾ തന്നെ ആളിക്കത്താൻ തുടങ്ങിയിരുന്നു . അത് കണ്ട ഉടനെ അഞ്ജലി പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിപ്പോയി . അഞ്ജലിയുടെ ഓട്ടം കണ്ടു സംശയം തോന്നിയ കിച്ചു ശ്രുതിയെ നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് . അവളുടെ സാരിയിലേക്കു തീ പടർന്നു പിടിക്കുന്നു .
സാരി കത്തി കരിഞ്ഞ മണവും പുകയും ഉയർന്നപ്പോഴാണ് ശ്രുതി തിരിഞ്ഞു നോക്കിയത് . സാരിക്ക് തീപിടിച്ചു എന്ന് മനസ്സിലാക്കിയ ഉടനെ അവൾ നിലവിളിക്കാൻ തുടങ്ങി . അവളുടെ ആർക്ക് കേട്ട ഉടനെ വീടിന്റെ മുന്നിൽ ദീപം തെളിച്ചു കൊണ്ടിരുന്ന എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി വന്നു . അപ്പോഴാണ് അവരത് കണ്ടത് . ആ കാഴ്ച കണ്ട ഉടനെ അഭി അവളെ രക്ഷിക്കാനായി ഓടി വന്നപ്പോൾ സുപ്രിയ അവനെ തടഞ്ഞു . എന്നാൽ അവൻ അവരെ പിടിച്ചു തള്ളി അവൾക്ക് നേരെ പാഞ്ഞടുത്തു .
“” ശ്രുതി “‘”
പൂന്തോട്ടത്തിനെ മറ്റൊരു ഭാഗത്തു നിന്നു കിച്ചുവും അവൾക്ക് നേരെ ഓടുകയായിരുന്നു . ഒരു നിമിഷം ആ കാഴ്ച കണ്ടുനിന്നവരെല്ലാം അന്താളിച്ചു പോയി . ശ്രുതിയുടെ സാരിയിലേക്കു പടർന്നു കയറിയ അഗ്നി അവളെ വിഴുങ്ങുന്നതായി കണ്ടു നിന്നവർക്ക് തോന്നി . അപ്പോഴേക്കും എല്ലാവരുടെയും നിലവിളികൾ അവിടെ ഉയർന്നു കേട്ടിരുന്നു .
( തുടരും )
ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission