Skip to content

ശ്രുതി – 49

ശ്രുതി Malayalam Novel

ശ്രുതി ധൈര്യത്തോടെ തന്നെ ഉറച്ച കാൽവെപ്പുമായി അവനു മുന്നിൽ തന്നെ നിന്നു . എന്നാൽ അവൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് വന്നപ്പോൾ നിലത്തു കിടന്നിരുന്ന ശ്രുതിയുടെ ഷാൾ ചവിട്ടി അവളുടെ മുകളിലേക്ക് വഴുതി വീണു . അപ്രതീക്ഷിതമായ വീഴ്ചയായതിനാൽ ശ്രുതി കണ്ണുകൾ ഇറുക്കിയടച്ചു .

കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ശ്രുതിയുടെ മേൽ കിടക്കുകയാണ് ആർമി . അവരിരുവരും വീണത് ആർമിയുടെ കട്ടിലിലേക്ക് ആയിരുന്നു . അവൻ അവളെ തന്നെ മിഴിച്ചു നോക്കുകയാണ്.

” ഇതെന്തു നോക്കി നിൽക്കുവാ ”

” ഞാൻ അങ്ങനെ പലതും നോക്കി നിൽക്കും അതിന് നിനക്ക് എന്താടി ”

” മോൻ എന്തു വേണമെങ്കിലും നോക്കി നിന്നോ , പക്ഷേ അത് എന്റെ മേലെ നിന്ന് എണീറ്റതിനുശേഷം മതി ”

ശ്രുതി അങ്ങനെ പറഞ്ഞപ്പോഴാണ് അവൻ അവളുടെ മേലാണ് കിടക്കുന്നത് എന്ന ബോധം അവന് വന്നത് . അവൻ അപ്പോൾ തന്നെ ചാടിയെഴുന്നേറ്റു , എന്നിട്ട് അവളെ എഴുന്നേൽപ്പിക്കാനായി അവൾക്ക് നേരെ കൈ നീട്ടി . അവൾ അവന്റെ കയ്യിലേക്ക് ദേഷ്യത്തോടെ നോക്കിയതിനുശേഷം ആ കയ്യിൽ പിടിച്ച് എഴുന്നേറ്റു . എന്നിട്ട് അപ്പോൾ തന്നെ ആ കൈക്ക് ഒരു തട്ട് കൊടുത്തു .

” ആഹ് എന്താ ശ്രുതി ഇത് ? ”

” അത് തന്നെയാ എനിക്ക് നിന്നോട് ചോദിക്കാനുള്ളത് , എന്താ നീ ഇവിടെ കാണിച്ചു കൂട്ടിയത് ”

ശ്രുതിയുടെ ദേഷ്യത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ അഭി കൊച്ചുകുഞ്ഞിനെപ്പോലെ മുഖം താഴ്ത്തിയിരുന്നു .

” ഞാൻ എന്തു ചെയ്തെന്ന ”

” നീ ഒന്നും ചെയ്തില്ലേ ”

” ഇല്ല ”

” എന്നാൽ ശരി എനിക്കൽപ്പം തിരക്കുണ്ട് ഞാൻ പോകുന്നു ”

” ശ്രുതി നിക്ക് പോവല്ലേ , എനിക്ക് നിന്നോട് സംസാരിക്കണം ”

” എന്താന്ന് വച്ചാ പറഞ്ഞോ ”

” അത്… അതുപിന്നെ ശ്രുതി … സോറി ”

” എന്തിന് , നീയല്ലേ പറഞ്ഞത് നീ ഒന്നും ചെയ്തിട്ടില്ലെന്ന് . പിന്നെ സോറിയുടെ ആവശ്യമെന്താ ? ”

ശ്രുതി വീണ്ടും അവനിൽ നിന്നും മുഖം തിരിച്ച് അപ്പുറത്തേക്ക് പോകാൻ തുടങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു .

” ശ്രുതി പ്ലീസ് … നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യരുത് … എനിക്കെന്തു കൊണ്ടോ അത് സഹിക്കാൻ പറ്റുന്നില്ല … നീ എന്നോട് മിണ്ടാതെ ആയതിൽ പിന്നെ ഞാൻ ആരോടും മനസ്സുതുറന്ന് ചിരിച്ചിട്ടില്ല സംസാരിച്ചിട്ടില്ല സത്യം പറഞ്ഞാൽ ശരിക്കും ഉണ്ണാറില്ല , ഉറങ്ങാറു പോലുമില്ല … എന്നെക്കൊണ്ട് കഴിയില്ല നിന്നോട് മിണ്ടാതിരിക്കാൻ … അതെന്തുകൊണ്ടാണെന്ന് എന്നോട് ചോദിക്കരുത് അത് എനിക്കറിയില്ല … പക്ഷേ നീ ഇല്ലാതെ എനിക്ക് പറ്റില്ല ”

അഭി അത്രയും അവളുടെ കണ്ണിൽ നോക്കി തന്നെയാണ് പറഞ്ഞത് . അവൻ പറഞ്ഞ വാക്കുകൾ എല്ലാം അവന്റെ മനസ്സിൽ നിന്ന് വരുന്നതാണെന്ന് അവൾക്ക് തോന്നി . അവന്റെ സ്വരം ഇടറിയിരുന്നു . അത്രയും അവൻ പറഞ്ഞു നിർത്തിയപ്പോഴും തന്റെ കൈയിലെ പിടി വിട്ടിരുന്നില്ല . അവള് കയ്യിലേക്ക് തന്നെ നോക്കി നിന്നപ്പോൾ അവൻ അവളുടെ കൈകൾ അവന്റെ കൈകൾക്കുള്ളിലാക്കി .

” സോറി ശ്രുതി ”

വളരെ പതിഞ്ഞ സ്വരത്തിൽ മൃദുവായി അവനവളുട കാതോരം ചെന്ന് പറഞ്ഞു . അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു .

” അന്ന് എല്ലാവരും നോക്കി നിൽക്കെ സുപ്രീയ ആന്റി നിന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നിന്നെ രക്ഷിക്കാൻ എനിക്ക് മറ്റൊരു മാർഗം ഇല്ലായിരുന്നു . അതുകൊണ്ടാണ് തന്റെ സമ്മതം പോലും ചോദിക്കാതെ ഞാൻ അങ്ങനെ ചെയ്തത് . താൻ വിദേശത്ത് ജനിച്ചുവളർന്ന കുട്ടിയായതുകൊണ്ട് ഇതിലൊന്നും വലിയ വാല്യൂ കൊടുക്കില്ല എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത് . പക്ഷേ എന്റെ ആ പ്രവർത്തി നിന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കാൻ ഞാൻ ഒരൽപം വൈകി പോയി . ഐ ആം റിയലി സോറി ശ്രുതി . ഇനി ഞാൻ ഒരിക്കലും നിന്നെ ഇങ്ങനെ വേദനിപ്പിക്കില്ല . ഇത്തവണ എന്നോട് ക്ഷമിച്ചു കൂടെ പ്ലീസ് …. ”

അവൻ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളോട് ചോദിച്ചു . എന്നാൽ ശ്രുതിയുടെ മൗനം അവനെ ഒത്തിരി വിഷമിപ്പിച്ചു . അപ്പോഴേക്കും , ശ്രുതിയെ അന്വേഷിച്ച് ചെറിയമ്മ വന്നിരുന്നു . അവൾ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കു പോകുന്നതിനു മുമ്പ് അവനെ നോക്കി ഒരു ചെറുപുഞ്ചിരി മറുപടിയായി നൽകി റൂമിൽ നിന്നും പുറത്തേക്ക് പോയി . ശരിക്കും അത് കണ്ടപ്പോൾ അവൻ സന്തോഷത്തോടെ ഒന്ന് നിശ്വസിച്ചു .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ശ്രുതിയെ കുറിച്ച് എത്ര അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടാതെ ടെൻഷനടിച്ച് നിൽക്കുകയാണ് കിച്ചു .

” എന്റെ പൊന്നു കിച്ചു , നിന്റെ പെങ്ങളെ കണ്ടുപിടിക്കാൻ ഞാൻ ഒരു ഐഡിയ പറഞ്ഞു തരാം ”

” എന്താണാവോ നിന്റെ ഐഡിയ ? ”

” നമുക്ക് അവളുടെ ഫോട്ടോ സഹിതം പത്രത്തിൽ ഒരു വാർത്ത കൊടുത്താലോ , മിസ്സിംഗ് ആണെന്ന് പറഞ്ഞിട്ട് ”

” ആഹാ എന്തൊരു നല്ല ഐഡിയ , ഒന്ന് പോടാ അവിടുന്ന് മണ്ടത്തരം വിളിച്ച് പറയാതെ . മിസ്സിംഗ് ആണെന്ന് പറഞ്ഞു പത്രത്തിൽ കൊടുക്കണം പോലും ”

” വേണ്ടെങ്കിൽ വേണ്ട … നീ അവളെയും അന്വേഷിച്ചു നടന്നോ … അല്ല എവിടെയാണെന്ന് വെച്ചിട്ട നമ്മൾ ഇപ്പോൾ അവളെ തിരയാൻ പോവുക ? ”

” അവൾക്ക് ഈ നാട്ടിൽ ആരെയും പരിചയമില്ല . ”

” ഓ പിന്നെ , നിന്റെ പെങ്ങൾക്ക് ആരെയും പരിചയമില്ലഞ്ഞിട്ടാണോ അവളെ സംരക്ഷിക്കാൻ ഓരോരുത്തർ വരുന്നത് ”

” അവളെ ആരും സംരക്ഷിചെന്നാണാവോ നീ പറയുന്നത് ? എടാ നിനക്ക് അവളുടെ സ്വഭാവം ശരിക്ക് അറിയാഞ്ഞിട്ടാണ് . ”

” എടാ എനിക്കൊരു സംശയം , പക്ഷേ നീ എന്നെ തല്ലില്ല എന്ന വാക്ക് തന്നാൽ പറയാം ”

” അപ്പോ തല്ലു കിട്ടേണ്ട കാര്യമാണെന്ന് നിനക്ക് ഉറപ്പാണ് അല്ലേ ? മ്മ് തല്ലുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ല നീ കാര്യം പറ ”

” അത് വേറെ ഒന്നും അല്ലടാ , നിന്റെ പെങ്ങൾക്ക് ഇനി വല്ല കാമുകനോ മറ്റൊ ഉണ്ടായിരിക്കുമോ ? ”

” ഡാ …….. ”

” ഡാ നീ എന്നോട് കലിതുള്ളിയിട്ട് ഒരു കാര്യവുമില്ല , നമ്മൾ ഇന്നലെ പോയപ്പോള് സ്വാതി എന്ന് പറയുന്ന പെണ്ണ് ഒരു മിലിറ്ററിയുടെ കാര്യം പറഞ്ഞില്ലായിരുന്നോ ”

” മിലിറ്ററി അല്ല ആർമി ”

” ആ അവൻ തന്നെ . എനിക്ക് തോന്നുന്നത് നിന്റെ പെങ്ങൾ അവന്റെ കൂടെ ഉണ്ടെന്നാണ് . ”

” നീയൊന്ന് പോടാ , അത് അവളുടെ ഫ്രണ്ട് ആണ് . ”

” എന്നാലും നമുക്കൊന്ന് അതിനെക്കുറിച്ച് അന്വേഷിച്ചാലോ , ഈ കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ പ്രമാണം ”

” ഡാ നീ എന്റെ കയ്യീന്ന് വാങ്ങിക്കുവേ ”

” നിനക്കൊക്കെ നല്ല ബുദ്ധി ഉപദേശിച്ചു തരുന്ന എന്ന് വേണം പറയാൻ ”

” നീ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ”

” ഡാ നീ ഒറ്റ കാര്യം ആലോചിച്ചാൽ മതി , ശ്രുതി പോയതിനു ശേഷം ആ ആർമിയും മിസ്സിംഗ് ആണെന്നാണ് സ്വാതി പറഞ്ഞത് . അപ്പോ അവർ രണ്ടുപേരും ഒരുമിച്ച് മിസ്സിംഗ് ആയത് എങ്ങനെയാണ് . ഒരു പക്ഷെ രണ്ടും കൂടി ഒരുമിച്ച് നാടുവിട്ടത് ആണെങ്കിലോ ”

” അങ്ങനെയാണെങ്കിൽ അവനെ കുറച്ചുകൂടി അന്വേഷിക്കണം . ”

” പക്ഷേ എങ്ങനെ അന്വേഷിക്കാനാണ് , അവന്റെ ആ മിലിറ്ററി അല്ല സോറി ആർമി എന്ന പേര് മാത്രമല്ലേ നമുക്കറിയൂ . അതല്ലാതെ അവനെ കുറിച്ച് ഒരു തേങ്ങയും അറിയില്ല ”

” നീ വിഷമിക്കേണ്ട , ഞാൻ സ്വാതിയെ വിളിച്ചു ചോദിക്കാം ”

” ആഹ് ….. ഏ …. വിളിച്ചു ചോദിക്കാം എന്നോ ? അതിനു അവളുടെ നമ്പർ നിന്റെ കയ്യിൽ ഉണ്ടോ ”

രാഹുൽ കിച്ചുവിനെ ഒന്ന് ചൂഴ്ന്നു നോക്കി , അവനാണെങ്കിൽ ഒരു കള്ളച്ചിരി ചിരിച്ചു നിൽക്കുകയാണ് .

” മ്മ് ഉണ്ട് ”

” ഡാ കള്ള തെമ്മാടി , നീ എപ്പോഴാണ് അവളുടെ നമ്പർ ഒപ്പിച്ചത് . സത്യം പറഞ്ഞോ ”

” സത്യം പറയാൻ മാത്രം ഒന്നുമില്ല , ഞാൻ അവിടെ നിന്ന് പോരുന്നതിന് മുമ്പ് അവൾ തന്നെയാണ് അവളുടെ നമ്പർ എനിക്ക് തന്നത് . ”

” എന്തിന് ………. ???? ”

” അതൊക്കെയുണ്ട് ”

” ഡാ ചതിയാ വഞ്ചകാ , നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു . ”

” നീ ഇത് എന്ത് തേങ്ങയാ പറയുന്നത് ? ”

” ഞാൻ അവളെ നോട്ടമിട്ടു എന്ന് അറിഞ്ഞിട്ടും നീ അവളെ സെറ്റ് ആക്കി അല്ലേ സാമദ്രോഹി ”

” ഓഹോ അപ്പൊ അതാണല്ലേ കാര്യം , ഡാ പൊട്ടാ , ശ്രുതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അവളെ അറിയിക്കാൻ വേണ്ടിയാണ് അവൾ നമ്പർ തന്നത് ”

” സത്യമാണോഡാ ”

” ആട കോപ്പേ ”

” അല്ലെങ്കിലും എനിക്കറിയായിരുന്നെടാ , നീ എന്നെ ചതിക്കില്ലന്ന് . നീ എന്റെ ചങ്കല്ലേ ”

” തേങ്ങാക്കൊല … എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ … കുറച്ചു മുമ്പ് ഞാൻ കണ്ടു ചങ്കും ചങ്കിടിപ്പു ഒക്കെ ”

” അത് നിന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ”

എന്നു പറഞ്ഞു കൊണ്ട് അവൻ കിച്ചുവിന്റെ തോളിലേക്ക് ചാടി കയറി .

” ഉവ്വ് ഉവ്വേ …. ”

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

നാളെയാണ് ദീപാവലി . ജാനകിയും ശ്രുതിയും ചേർന്ന് ദീപാവലീയെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ചെയ്യുകയായിരുന്നു . മൺചിരാതുകളും വിളക്കുകളും ഇരുവരും ചേർന്ന് കഴുകി വൃത്തിയാക്കി തുടച്ച വച്ചു . അവരെ സഹായിക്കാനായി ലക്ഷ്മൺ മേനോനും കൂടെ കൂടിയിരുന്നു . അപ്പോഴാണ് അഭിയുടെ അമ്മ അങ്ങോട്ട് വന്നത് ശ്രുതിയെ കണ്ടപാടെ മുഖം തിരിച്ചു പോവുകയും ചെയ്തു . ഗൗരിയമ്മയുടെ ആ പെരുമാറ്റം ശ്രുതിയെ ചെറുതായൊന്ന് വേദനിപ്പിച്ചു . അതു മനസ്സിലാക്കിയിട്ടെന്നോണം ജാനകി വേഗം വിഷയം മാറ്റാൻ തുടങ്ങി .

” അല്ല ശ്രുതി , നീ ഇതുവരെ നിന്റെയും അഭിയുടെയും കഥ എന്നോട് പറഞ്ഞില്ലല്ലോ ? ”

അത് കേട്ടപ്പോഴാണ് ചെറിയച്ഛനും ഒരു കുസൃതി തോന്നിയത് . എന്തായാലും ജാനകി ഇപ്പോൾ ശ്രുതിയുടെയും അഭിയുടെയും ലൗ സ്റ്റോറി ശ്രുതി യിൽ നിന്നും അറിയാൻ ശ്രമിക്കുകയാണ് . അപ്പോൾ താൻ എന്തുകൊണ്ട് അഭിയിൽ നിന്നും അത് അറിഞ്ഞുകൂടാ … പെട്ടെന്ന് തന്നെ ചെറിയച്ഛൻ അവരുടെ അടുത്തു നിന്നും എഴുന്നേറ്റു അഭിയുടെ തിരഞ്ഞ് ഇറങ്ങി . അവൻ ബാൽക്കണിയിൽ ഇരിപ്പുണ്ടായിരുന്നു . ലക്ഷ്മണൻ മേനോൻ നേരെ അവന്റെ അടുത്തേക്ക് പോയിരുന്നു .

” എന്താ അഭി ഇന്ന് നല്ല ഹാപ്പി ആണല്ലോ ”

” ഏയ് അങ്ങനെയൊന്നുമില്ല ചെറിയച്ഛാ ”

” നീ ചുമ്മാ എന്നോട് കള്ളം പറയാൻ നിക്കല്ലേ , എന്താ കാര്യം എന്ന് വെച്ചാൽ പറയടാ ”

” അത് ചെറിയച്ചാ ഒന്നുമല്ല , കുറെ നാളുകൾക്കു ശേഷം ശ്രുതി ഇന്ന് എന്നോട് സംസാരിച്ചു ”

” ഓഹ് , അപ്പോൾ നിങ്ങൾ തമ്മിലുള്ള പിണക്കം മാറിയോ ? ”

” ഞങ്ങൾ തമ്മിൽ പിണക്കം ആണെന്ന് ചെറിയച്ഛനോട് ആരാ പറഞ്ഞത് ? ”

അവൻ തെല്ലൊരു അത്ഭുതത്തോടെ ലക്ഷ്മണനെ നോക്കി ചോദിച്ചു .

” ചക്കരയും അടയും പോലെ ഇരുന്നവർ പെട്ടെന്ന് സൈലന്റ് ആയാൽ കണ്ടുനിൽക്കുന്ന ഞങ്ങൾക്ക് മനസ്സിലാവില്ല എന്നാണോ നിങ്ങൾ വിചാരിച്ചത് ? ”

” ഏയ് അങ്ങനെയൊന്നും കരുതിയിട്ടില്ല , ഞാൻ കരുതി നിങ്ങൾ ആരും അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് ”

” മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കിലും നിങ്ങളുടെ കാര്യങ്ങൾ ഞാനും ചെറിയമ്മയും നന്നായി ശ്രദ്ധിക്കുന്നുണ്ട് ”

” അതെയോ , അല്ല എന്താണാവോ പെട്ടെന്ന് ഇങ്ങോട്ട് വരാൻ കാരണം ”

” പ്രത്യേകിച്ചൊന്നുമില്ല , ഞാൻ ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ നിന്റെ അടുത്തേക്ക് വന്നതാ ”

” ചെറിയച്ഛന്റെ ബോറടി മാറ്റാൻ ഞാൻ ഇപ്പൊ എന്താ ചെയ്യുക ”

” നമുക്കെന്തെങ്കിലും സംസാരിച്ചിരിക്കാം അപ്പോൾ ബോറടി മാറുമല്ലോ ”

” ഗുഡ് ഐഡിയ ചെറിയച്ചാ , പക്ഷേ നമ്മൾ ഇപ്പോൾ എന്താ സംസാരിക്കുക ”

” നീയെന്നോട് നിങ്ങളുടെ ലൗ സ്റ്റോറിയെ കുറച്ചു പറ ”

” ആ ആ ആ അപ്പൊ അങ്ങനെ വരട്ടെ കാര്യങ്ങൾ , അപ്പോ ഇതിനാണ് അല്ലേ ഇത്രയും നേരം വാല് പൊക്കി നിന്നത് ”

” ഒന്ന് പോടാ അവിടുന്ന് , അതൊക്കെ അറിയാൻ ഞങ്ങൾക്ക് അവകാശമില്ലേ ? ഇനി അതല്ല നിനക്ക് പറയാൻ താൽപര്യമില്ലെങ്കിൽ വേണ്ട ”

അങ്ങനെ പറഞ്ഞുകൊണ്ട് ചെറിയച്ഛൻ അവനോട് പിണക്കം അഭിനയിച്ചിരുന്നു . അത് കണ്ട് പാടെ അവൻ ചെറിയച്ഛനെ ചേർത്ത് പിടിച്ചു .

” അതൊക്കെ അറിയാൻ എന്റെ ചെറിയച്ഛന് അല്ലാതെ മറ്റ് ആർക്കാണ് അവകാശമുള്ളത് ”

” എന്നാ ഒന്നുപോലും വിടാതെ പറയാൻ തുടങ്ങിക്കോ . ആദ്യം നിങ്ങൾ എവിടെ വച്ചാണ് കണ്ടുമുട്ടിയത് ? ”

ലക്ഷ്മൻ അങ്ങനെ പറഞ്ഞപ്പോൾ അഭിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു . അവൻ ശ്രുതിയെ ആദ്യമായി കണ്ടുമുട്ടിയ ആ ദിവസം ഓർക്കാൻ തുടങ്ങി .

ശ്രുതി യിൽ നിന്നും ഒരു മറുപടിയും വരാതിരുന്നപ്പോൾ ജാനകി അവളെ ഒന്ന് തട്ടി വിളിച്ചു . അപ്പോൾ ഒരു ഞെട്ടലോടെ അവൾ ജാനകിയെ തിരിഞ്ഞു നോക്കി .

” എന്താ ചെറിയമ്മേ ? ”

” എന്താണെന്നോ ? അപ്പോൾ ഞാൻ ഇതുവരെ പറഞ്ഞതൊന്നും നീ കേട്ടില്ലേ ”

” ഐ ആം സോറി ചെറിയമ്മേ , ഞാൻ കേട്ടില്ല ”

” ഇതാ ഇപ്പോ നന്നായത് ”

” ചെറിയ എന്താ എന്നോട് നേരത്തെ ചോദിച്ചത് ? ”

” നീയും അഭിയും തമ്മിലുള്ള ലൗ സ്റ്റോറി പറയാൻ ”

ഈശ്വരാ പെട്ടല്ലോ , ഞങ്ങൾ തമ്മിൽ ഒരു കോപ്പും ഇല്ല എന്നു പറഞ്ഞാലോ . ശ്രുതി പെട്ടെന്ന് ചിന്തകളിൽ മുഴുകി . അത് കണ്ടപ്പോൾ അവൾക്ക് നേരെ വിരൽ ഞൊടിച് കൊണ്ട് ജാനകി സംസാരിക്കാൻ തുടങ്ങി .

” ശ്രുതി , നീയും അഭിയും എവിടെ വച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത് ? ”

ജാനകിയുടെ ആ ചോദ്യം ശ്രുതിയെ കുറച്ചു കാലങ്ങൾ പിന്നോട്ട് സഞ്ചരിപ്പിച്ചു . ആ തണുപ്പുള്ള ദിവസം അതിരാവിലെ കുറച്ച് തെമ്മാടികളിൽ നിന്നും രക്ഷപ്പെടാനായി ഓടിച്ചെന്നത് അവന്റെ നെഞ്ചിലേക്ക് ആയിരുന്നു . അന്ന് അവൻ അവരിൽ നിന്നും തന്നെ രക്ഷിച്ചു . അവിടുന്നങ്ങോട്ട് വീണ്ടും അവനെ കണ്ടുമുട്ടിയ ആ ദിനങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി .

ശ്രുതിയെ കുറച്ചു തെമ്മാടി ചെക്കൻ മാരിൽ നിന്നും രക്ഷിച്ചതും പിന്നീട് അവളെ കണ്ടുമുട്ടിയതും അവൾ താൻ ചെയ്ത സഹായത്തിന് വില പറഞ്ഞതും അതിന്റെ പേരിൽ അവളോട് ഉടക്കിയതും പിന്നീട് കാണുമ്പോഴൊക്കെ അവളെ മനപൂർവം അവോയ്ഡ് ചെയ്തതും പിന്നെ അപ്രതീക്ഷിതമായി അവളോട് കൂട്ടു കൂടിയതും ഉത്സവത്തിന് കണ്ടുമുട്ടിയതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ അഭിയുടെ ഓർമ്മകളിലേക്ക് തിങ്ങിനിറഞ്ഞു വന്നു .

അന്ന് ഉത്സവപ്പറമ്പിൽ വെച്ച് അഭിയെ വീണ്ടും കണ്ടുമുട്ടിയതും അവൻ തന്നെ കൊണ്ട് കള്ള് ഷാപ്പിൽ പോയതും അവിടെനിന്ന് കള്ളുകുടിച്ച് ബോധമില്ലാതെ ഒപ്പിച്ച ഓരോ കുറുമ്പുകളും അഭിയോട് തനിച്ച് മനസ്സുതുറന്നു സംസാരിച്ചതും ഓരോ പ്രശ്നങ്ങളിൽ നിന്നും അവൻ തന്നെ രക്ഷിച്ചതും സ്വാതിയെയും കൂട്ടി അവന്റെ കൂടെ നൈറ്റ്‌ റൈഡിനു പോയതും അങ്ങനെ അങ്ങനെ ഒത്തിരി നല്ല നിമിഷങ്ങൾ ശ്രുതി ജാനകിയുമായി പങ്കു വയ്ക്കാൻ തുടങ്ങി .

അഭി ശ്രുതിയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളിലുടെയും അവന്റെ ഉള്ളിൽ അവൾ എത്രത്തോളം ഉണ്ടെന്ന് ലക്ഷ്മൺ മനസ്സിലാക്കുകയായിരുന്നു . ലക്ഷ്മണൻ അഭിയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു .

” കടലോളം സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു നിൽക്കുകയാണ് അല്ലേ കള്ള കാമുകാ ”

ചെറിയച്ഛനിൽനിന്നും അങ്ങനെ ഒരു മറുപടി അവനെ ഒട്ടും പ്രതീക്ഷിച്ചില്ല , അതുകൊണ്ടുതന്നെ അവനെ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു . പെട്ടെന്ന് ലക്ഷ്മൺ ചിരിക്കാൻ തുടങ്ങിയപ്പോൾ അവനും കൂടെ ചിരിച്ചു .

ശ്രുതി പറഞ്ഞ ഓരോ വാക്കുകളും ഒരു ലൗ സ്റ്റോറി കാണുന്നതുപോലെ മനസ്സിൽ കണ്ടു നിൽക്കുകയാണ് ജാനകി . പെട്ടെന്നാണ് ശ്രുതി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ജാനകി ചോദിച്ചത് .

” അല്ല മോളെ , നിങ്ങളിൽ ആരാണ് ആദ്യം പ്രെപ്പോസ് ചെയ്തത് ? ”

അതിന് അവൾ ഒരു ചെറുപുഞ്ചിരി മാത്രം നൽകി .

” ചെറിയമ്മയ്ക്ക് എന്തു തോന്നുന്നു ? ”

” അവൻ തന്നെ ആയിരിക്കും ”

” അല്ല ”

” പിന്നെ നീ ആണോ , എങ്കിൽ പറ മോളെ , എങ്ങനെയായിരുന്നു ? ”

” അങ്ങനെ ഒരു പ്രൊപ്പോസൽ ഞങ്ങൾക്കിടയിൽ നടന്നിട്ടില്ല . ”

പെട്ടെന്നുള്ള ശ്രുതിയുടെ വെളിപ്പെടുത്തൽ ജാനകി യിൽ ഒരു ഞെട്ടൽ സൃഷ്ടിച്ചു . അവൾ ഇനി പറയാൻ പോകുന്ന വാക്കുകൾക്ക് കാതോർത്തു ജാനകി ശ്രുതിയുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു . അപ്പോഴാണ് ജാനകിയെ വിളിക്കാനായി ശ്രീലക്ഷ്മി അങ്ങോട്ട് വന്നത് . മനസ്സില്ലാമനസ്സോടെ ജാനകിക്ക് അവരുടെ കൂടെ അടുക്കളയിലേക്ക് ചെല്ലെണ്ടി വന്നു .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഈ സമയം സ്വാതിയെ കോൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു കിച്ചു . മൂന്നുനാല് റിംഗിംഗിന് ശേഷം സ്വാതി ഫോൺ അറ്റൻഡ് ചെയ്തു .

” ഹലോ … ”

സ്വാതിയുടെ കിളിനാദം പോലുള്ള ശബ്ദം കിച്ചുവിന്റെ ചെവിയിലേക്ക് തുളച്ചുകയറി . അവൻ കുറച്ചുനേരം മൗനമായി നിന്നു പോയി . മറുതലക്കൽ നിന്നും മറുപടിയൊന്നും വരാതായപ്പോൾ അവൾ വീണ്ടും സംസാരിച്ചു .

” ഹലോ … ഹലോ ആരാണ് ? ”

” ഹലോ , ഞാൻ കിച്ചു ഛെ , സോറി കാർത്തിക് ”

” ആ പറയൂ കിച്ചു വേട്ടാ ”

” താൻ എന്താ എന്നെ വിളിച്ചത് ? ”

” അത് പിന്നെ … ശ്രുതി അങ്ങനെയല്ലേ വിളിക്കാറ് , അതുകൊണ്ട് വിളിച്ചതാ , ഇഷ്ടമില്ലെങ്കിൽ അങ്ങനെ വിളിക്കില്ല ”

” ഏയ്‌ താൻ വിളിച്ചോ , അതൊന്നും കുഴപ്പമില്ല ”

” എന്തിനാ വിളിച്ചത് അവളെക്കുറിച്ച് വല്ല വിവരവും ? ”

” ആ ഒരുകാര്യം ചോദിക്കാനാണ് , ആരാണ് ആർമി ? ”

” അത് ശ്രുതിയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് എന്റെയും … ”

” അവന്റെ അഡ്രസ്സ് ഒന്ന് തരുമോ ? ”

” അയ്യോ എന്റെ കയ്യിൽ അഡ്രസ്സ് ഒന്നുമില്ല . ആകെയുള്ളത് ആർമിയുടെ ഫോൺ നമ്പർ മാത്രമാണ് ”

” എന്താ അവന്റെ ശരിക്കുള്ള പേര് ? ”

” അഭിറാം … എന്താ കിച്ചു ഏട്ടാ ? ”

” ഏയ് ഒന്നുമില്ല ചോദിച്ചെന്നേയുള്ളു , താൻ അവന്റ നമ്പർ ഒന്ന് തരുമോ ? ”

” ഓ അതിനെന്താ , ഞാൻ മെസ്സേജ് ചെയ്തു തരാം ”

” വളരെ നന്ദി സ്വാതി ”

” എന്നാ ശരി ”

സ്വാതി ഫോൺ കട്ട് ചെയ്ത അല്പസമയത്തിനുശേഷം അവളുടെ ഫോണിൽ നിന്നും കിച്ചുവിന്റെ ഫോണിലേക്ക് മെസ്സേജ് വന്നു . അഭിയേട്ടൻ എന്നെഴുതിയ നമ്പർ ആണ് വന്നത് . അവൻ ആ നമ്പർ എടുത്ത് അവന്റെ ഫ്രണ്ട് ആയിരുന്ന ആദിത്യന് സെന്റ് ചെയ്തുകൊടുത്തു . എന്നിട്ട് ആദിത്യന്റെ ഫോണിലേക്ക് വിളിച്ചു . ആദിത്യൻ സൈബർ പോലീസിൽ ആണ് വർക്ക് ചെയ്യുന്നത് .

” ഹലോ ആദി ”

” ആ പറയടാ എന്താ വിശേഷിച്ചു ? ”

” എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണം നീ തിരക്കിലാണോ ? ”

” ഏയ് അല്ല നീ പറ ”

” ഞാൻ നിന്റെ വാട്സപ്പ്ലേക്ക് ഒരു നമ്പർ സെന്റ് ചെയ്തിട്ടുണ്ട് . എനിക്ക് അതിന്റെ ലൊക്കേഷൻ അടക്കം ഫുൾ ഡീറ്റെയിൽസ് വേണം ”

” ദാ ഒരു ഫൈവ് മിനിറ്റ് വെയിറ്റ് ചെയ്യൂ , ഇപ്പോൾ തന്നെ തരാം ”

അല്പസമയത്തിനുശേഷം കിച്ചുവിന് ആദിത്യന്റെ കോൾ വന്നു .

” ഹലോ കാർത്തിക് ”

” ആ പറ ആദി ”

” താൻ പറഞ്ഞ ഫോൺ നമ്പർ ഒരു മിസ്റ്റർ അഭിറാം മേനോന്റെ ആണ് . ”

” ഒക്കെ , നിനക്ക് ലൊക്കേഷൻ കിട്ടിയോ ? ”

” ആ സിം കാർഡ് പാലക്കാട് ജില്ലയിൽ തന്നെയാണുള്ളത് . അതായത് നീ ഇപ്പോൾ നിൽക്കുന്ന ലൊക്കേഷനിൽ നിന്നും കഷ്ടിച്ച് ഒരു മണിക്കൂർ ദൂരത്തിൽ ”

” വാട്ട്‌ ????? ”

” എസ് കാർത്തി , ആ സിം കാർഡ് നിന്റെ അടുത്തുള്ള ലൊക്കേഷനിൽ തന്നെയുണ്ട് . അനിതിങ് സീരിയസ് ? ”

” നോ , ഇട്സ് ജസ്റ്റ്‌ പേഴ്സണൽ . എനിവേ ആ ലോക്കേഷൻ നീ ഒന്ന് എനിക്ക് വാട്സ്ആപ്പ് ചെയ്യുമോ . ? ”

” വൈ നോട് ”

” താങ്ക്സ് ഡാ ”

കിച്ചു ഫോൺ കട്ട് ചെയ്തു . ശ്രുതി ഞാനിപ്പോൾ നിന്റെ അടുത്ത് എത്താനായി . ഇനി അല്പം ദൂരം കൂടി മാത്രം . എന്റെ ഓണം പോലെ നിന്നെ അഭിറാം ബലമായി കൊണ്ടുപോയതണെങ്കിൽ , അവന്റെ ജീവനെടുത്തതിന് ശേഷം ആയിരിക്കും നിന്നെ ഞാൻ തിരിച്ച് കൊണ്ടുവരുക . നാളെ ദീപാവലി ആണ് , ദീപാവലിക്ക് ഒരു പ്രത്യേകതയുണ്ട് . സീതയെ അപഹരിച്ച രാവണന്റ്റെ വധം നടത്തിയതിനുശേഷം സീതയെ വീണ്ടെടുത്തപ്പോഴുള്ള ആഘോഷമാണ് ദീപാവലി . അതുപോലെ ശ്രുതിയെ നീ അപഹരിച്ചതാണെങ്കിൽ നിന്റെ ജീവൻ എടുത്തിട്ടെ ഈ കാർത്തിക് തിരിച്ചുവരു ……..

( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!