Skip to content

ശ്രുതി – 48

ശ്രുതി Malayalam Novel

റൂമിലെ ജനലിലൂടെ പ്രഭാത കിരണങ്ങൾ മുഖത്തേക്ക് അടിച്ചപ്പോഴാണ് ശ്രുതി ഉണർന്നത് . തെല്ലൊരു മടിയോടെ അവൾ എഴുന്നേറ്റിരുന്നു കണ്ണു തിരുമ്മി കൊണ്ട് റൂമിൽ നിന്നും വെളിയിലേക്ക് വന്നതും പെട്ടെന്ന് ഒരാളുമായി കൂട്ടിയിടിച്ചു . അപ്പോൾ തന്നെ അവൾ പാതിമയക്കത്തിൽ നിന്നു കണ്ണുതുറന്ന് നോക്കിയപ്പോൾ നെറ്റി ഉഴിഞ്ഞു നിൽക്കുന്ന അഭിയെ ആണ് കണ്ടത് . അവനെ കണ്ട പാടെ അവൾ മുഖം തിരിച്ച് റൂമിലേക്ക് തന്നെ തിരിച്ചു കയറാൻ തുടങ്ങി .

” ശ്രുതി ഒന്നു നിന്നെ ”

” എന്താ ? ”

അവനോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ ചോദിച്ചു .

” എന്താടോ തന്റെ പ്രശ്നം ? ”

” എന്ത് പ്രശ്നം ? എനിക്കൊരു പ്രശ്നവുമില്ല ”

” ഇല്ലേ ? ”

അവൻ അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷ്മമായി നോക്കി കൊണ്ട് ചോദിച്ചു .

” എന്റെ റൂമിലെ ഡോർ പൊളിഞ്ഞു കിടക്കുകയാണ് . അതുകൊണ്ട് എനിക്കൊരു പ്രൈവസി ഇല്ല . ആ ഒരു പ്രശ്നം മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ ”

” അത് … ഞാൻ … അങ്ങനത്തെ … ഒരു മാനസികാവസ്ഥയിലായിരുന്നു … ”

” അതുകൊണ്ട് ചവിട്ടിപ്പൊളിച്ചതാണോ ? ”

ശ്രുതി കുറച്ചു രൂക്ഷമായി തന്നെ അവന്റെ മുഖത്ത് നോക്കി ചോദിച്ചു . എന്നാൽ അവൾക്കു കൊടുക്കാൻ അവന്റെ കയ്യിൽ ഒരു മറുപടി ഇല്ലായിരുന്നു . അവൻ മൗനത്തെ കൂട്ടുപിടിച്ച് നിന്നു . അപ്പോഴാണ് ജാനകി അങ്ങോട്ട് വന്നത് .

” ആ ശ്രുതി , മോളു ഇതുവരെ കുളിച്ചില്ലേ ? ”

” ഇല്ല ചെറിയമ്മേ , ഞാൻ വേഗം കുളിച്ചു വരാം ”

ശ്രുതി ചെറിയമ്മയോട് അങ്ങനെ പറഞ്ഞുകൊണ്ട് റൂമിലേക്ക് ഓടി .

” ദേ അഭി ചെറിയച്ഛൻ ജോഗിങ് പോകാൻ നിന്നെ കാത്തു താഴെ നിൽപ്പുണ്ട് ”

” മ്മ് ”

അവന്റെ മൂളൽ കേട്ടപ്പോൾ തന്നെ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് ജാനകിക്ക് തോന്നി . ഈ ചെക്കന് ഇപ്പോൾ എന്താണാവോ പറ്റിയത് , ആരോടും ശരിക്കൊന്നു മിണ്ടുന്നു കൂടിയില്ല . എന്നാൽ എല്ലാവരോടും മൗനം പാലിച്ചിരുന്ന ശ്രുതി ഇപ്പോൾ എല്ലാവരുമായി നല്ല കൂട്ടാണ് . ഈ പിള്ളേരുടെ ഓരോ കാര്യങ്ങൾ . മനസ്സിൽ ഇത്രയും പറഞ്ഞു കൊണ്ട് ജാനകി അടുക്കളയിലേക്ക് ചെന്നു .

ശ്രുതി കുളിച്ച ഉടനെ പൂജാമുറിയിൽ പോയി പ്രാർത്ഥിച്ചു . അതിനുശേഷം ജാനകിയെ സഹായിക്കാനായി അടുക്കളയിലേക്ക് ചെന്നു . എന്നാൽ ജാനകി അവളെ അടുക്കളയുടെ പരിസരത്തേക്ക് പോലും അടുപ്പിചില്ല . അങ്ങനെ ബോറടിച്ച് ഇരിക്കുമ്പോഴാണ് നാരായണേട്ടൻ ചെടികൾ നനയ്ക്കാൻ പോകുന്നത് അവൾ കണ്ടത് . അവൾ വേഗം ഓടിച്ചെന്ന് നാരായണന്റെ കയ്യിൽ നിന്നും ഓസ് പിടിച്ചുവാങ്ങി .

” നാരായണേട്ടാ ഞാൻ ചെടികൾ നനചോളാ ”

അവൾ വളരെ നിഷ്കളങ്കതയോടെ അയാളെ നോക്കി ചോദിച്ചു .

” വേണ്ട കുഞ്ഞേ ഇത് ഞാൻ ചെയ്തോളാം ”

” വേണ്ട ഞാൻ ചെയ്തോളാം … നാരായണേട്ടൻ മറ്റെന്തെങ്കിലും പണി ചെയ്തോളു . പ്ലീസ് ”

ഒരു കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിക്കുന്ന ശ്രുതിയെ കണ്ടപ്പോൾ അയാൾക്ക് ചിരിയാണ് വന്നത് .

” ശരി . എന്നാൽ ഞാൻ പോയി കാറുകൾ കഴുകി ഇടാം ”

” ആ ആയിക്കോട്ടെ ”

ശ്രുതിയ്ക്ക് സന്തോഷമായി . അവൾ വേഗം ഓസ് എടുത്ത് ചെടികളെല്ലാം നനക്കാൻ തുടങ്ങി . ഇപ്പോൾ ആ പൂന്തോട്ടം ഒന്നുകൂടി മനോഹരമായിരിക്കുന്നു . നിറയെ പല നിറത്തിലും തരത്തിലുമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട് . ആമ്പൽ കുളത്തിൽ ഒരു ആമ്പൽ പൂമുട്ട് ഉണ്ടായിരുന്നു .

ജോഗിംഗ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് പൂന്തോട്ടത്തിൽ നിന്ന് ചെടി നനയ്ക്കുന്ന ശ്രുതിയെ അഭിയുടെ കണ്ണിൽ പെട്ടത് . അവളെ കണ്ട പാടെ ഷൂസ് ശരിക്ക് കെട്ടാൻ എന്ന രീതിയിൽ അവൻ നിലത്തിരുന്നു . എന്നിട്ട് മുന്നിൽ നിൽക്കുന്ന ചെറിയച്ഛനോട് അകത്തേക്ക് കയറി കൊള്ളാൻ പറഞ്ഞു . ചെറിയച്ഛൻ പോയെന്ന് ഉറപ്പായതും അവൻ വേഗം ശ്രുതിയുടെ അടുത്തേക്ക് നടന്നു .

ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഒരാഴ്ചയായി ഞങ്ങൾ തമ്മിൽ ശരിക്കൊന്നു മിണ്ടിയിട്ട് . അന്ന് ആ പ്രശ്നം നടന്നതിനുശേഷം അവളും തന്നോട് ഒന്നും മിണ്ടാറില്ല , എന്തിനേറെ പറയുന്നു തന്റെ നേരെ നോക്കുകയോ ചിരിക്കുകയോ പോലും ചെയ്യാറില്ല . എന്ത് പ്രശ്നമാണെങ്കിലും മനസ്സു തുറന്നു സംസാരിച്ചു പരിഹരിക്കാം എന്ന് വിചാരിച്ചാൽ തന്നെ അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടണ്ടേ , സംസാരിക്കാനായി . ഏത് സമയം നോക്കിയാലും അവളുടെ കൂടെ ആരെങ്കിലും ഒക്കെ കാണും . ഇപ്പോ എന്തായാലും അവൾ ഒറ്റയ്ക്കാണ് . അഭി പതിയെ ശ്രുതിയുടെ പിറകിൽ ചെന്നു ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചു .

പക്ഷേ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു , തന്റെ പിറകിൽ ആരുടെയും കാൽപെരുമാറ്റം മനസ്സിലാക്കിയ ശ്രുതി . പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി , അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഓസിൽ നിന്നും അവന്റെ ദേഹം മുഴുവൻ നനഞ്ഞു . പെട്ടെന്ന് അവൾക്ക് ആ ഹോസ് പിൻവലിക്കാൻ കഴിഞ്ഞില്ല . അത് അവന്റെ ദേഹത്തേക്ക് വെള്ളം ചീറ്റി കൊണ്ടിരുന്നു . പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ ശ്രുതി കയ്യിലിരുന്ന ഹോസ് നിലത്തേക്ക് ഇട്ടു . തന്റെ മുന്നിൽ വെള്ളത്തിൽ കുളിച്ചു നിൽക്കുന്ന അഭിയെ കണ്ടപ്പോൾ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി . തന്നെ കളിയാക്കി കൊണ്ട് നിർത്താതെയുള്ള അവളുടെ ആ ചിരി കണ്ടപ്പോൾ അവനും മനസ്സിൽ എന്തോ ഒരു സന്തോഷം തോന്നി . അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവൾ വേഗം തന്നെ ചിരി നിർത്തി കൊണ്ട് മുഖം തിരിച്ചു അവിടെനിന്ന് പോയി .

ഇനിയും ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല . അവളുടെ ഒടുക്കത്തെ ജാഡ . ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം . അഭിയും അവളുടെ പിറകെ തന്നെ വീട്ടിലേക്ക് പോയി . അവൾ നേരെ പോയത് റൂമിലേക്ക് ആയിരുന്നു , അവൾ അഭിയുടെ റൂമിൽ നിന്നും അവളുടെ റൂമിലേക്ക് കയറിയപ്പോഴാണ് അഭിയുടെ റൂമിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടത് . അവൾ വേഗം അവന്റെ റൂമിലേക്ക് വന്നു നോക്കിയപ്പോൾ ഡോർ അടച്ചു കുറ്റി ഇട്ടുകൊണ്ട് തന്നെത്തന്നെ നോക്കി നിൽക്കുന്ന അഭിയെ ആണ് കണ്ടത് .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇതേസമയം ഹോട്ടലിൽ വിശ്വനാഥനെ കാണാനായി കാശിനാഥന്റെ കൂടെ കാർത്തിക് വന്നിരുന്നു . അപ്പോൾ വിശ്വനാഥ് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു .

” വിശ്വ , നിനക്ക് ഇവനെ മനസ്സിലായോ ? ”

കാർത്തിക്കിന്റെ തോളിൽ പിടിച്ചു കൊണ്ട് കാശിനാഥ് ചോദിച്ചു . കാർത്തിക്കിന് മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ് വിശ്വനാഥ് .

” കിച്ചു ……. ”

” അതേടാ എന്റെ മകൻ കിച്ചു തന്നെ , കാർത്തിക് കാശിനാഥ വർമ്മ . ഇപ്പോൾ ഡോക്ടർ ആണ് . കഴിഞ്ഞവർഷം ശ്രുതിയും ഇവനും ഒരേ കോളേജിൽ ആയിരുന്നു . ”

” ആ എത്രകാലമായി ഇവനെ കണ്ടിട്ട് , ഇവൻ ഒത്തിരി വളർന്നു പോയി . ഞാൻ പോകുമ്പോൾ ഇങ്ങനെ രണ്ടു വയസ്സ് ഉണ്ടായിരുന്നുള്ളൂ . എന്റെ ശ്രുതി മോളെ കാൾ നാലു വയസ്സ് കൂടുതൽ . നിനക്കിപ്പോഴും ഈ ചെറിയച്ഛനോട് ദേഷ്യം ഉണ്ടോ മോനെ ? ”

ഒരല്പം വിഷമം കലർന്ന സ്വരത്തിൽ വിശ്വനാഥൻ കിച്ചുവിനോട് ചോദിച്ചു .

” ഇല്ല ചെറിയച്ചാ , പണ്ട് നല്ല ദേഷ്യം തോന്നിയിരുന്നു . മുത്തശ്ശിയും മുത്തശ്ശനും അവസാനമായി ചെറിയച്ഛനെ ഒന്ന് കാണണം എന്നേ പറഞ്ഞിട്ടുള്ളൂ . എന്നിട്ട് പോലും ചെറിയച്ഛൻ വീട്ടിലേക്ക് മടങ്ങി വരാത്തതിനാൽ എനിക്ക് നല്ല ദേഷ്യം തോന്നിയിരുന്നു . അതുപോലെ അന്ന് ശ്രുതി ആരാണെന്നുള്ള സത്യം എന്നിൽ നിന്നും മറച്ചു വെച്ചപ്പോഴും അവളോട് നല്ല ദേഷ്യം തോന്നിയിരുന്നു . ”

” അവൾ നിന്നോട് പറഞ്ഞിരുന്നില്ലേ ? ഒരു പക്ഷേ അവൾക്ക് നിന്നെ മനസ്സിലാക്കാത്തതിനാൽ ആകും ”

” അല്ല ചെറിയച്ഛാ , അവൾക്ക് ഞാൻ ആരാണെന്ന് വളരെ നന്നായി അറിയാമായിരുന്നു . അവൾ ആദ്യമൊക്കെ എനിക്കെതിരെ ആയിരുന്നു . പിന്നെ കോളേജ് രജിസ്റ്ററിൽ നിന്നും അപ്രതീക്ഷിതമായി എന്റെ അഡ്രസ്സ് കണ്ടപ്പോഴാണ് എന്നോടുള്ള വഴക്ക് ഒക്കെ മാറ്റി വെച്ചത് . അപ്പോഴെങ്കിലും അവൾക്ക് എന്നോട് പറയാമായിരുന്നു , പക്ഷേ അവൾ പറഞ്ഞില്ല . കോളേജിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും അവൾ എന്നോട് പറഞ്ഞില്ല . ഒരിക്കൽ അവളുടെ ഹരി മാമാ എന്നു പറയുന്ന ആൾ അവളുടെ ടിസി വാങ്ങാൻ അവിടെ വന്നപ്പോഴാണ് ഞാൻ അറിയുന്നത് അവൾ എന്റെ പെങ്ങൾ തന്നെയാണെന്ന് . വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ചെറിയച്ഛന്റെ മകളാണെന്ന് . ”

” എന്നിട്ട് അതിനുശേഷം നീ അവളെ കണ്ടില്ലേ ? ”

” കണ്ടിരുന്നു . ഒരിക്കൽ ഒരു ഉത്സവത്തിന് പോയപ്പോൾ , അന്ന് ഞാൻ അവളെ ഒരുപാട് വഴക്കുപറഞ്ഞു . കാരണമെന്തെന്നാൽ , ആ സമയത്ത് തന്നെയാണ് , നമ്മുടെ ബിസിനസ് ഗ്രൂപ്പ് പിടിച്ച ടെൻഡർ നമുക്ക് നഷ്ടമായത് . അപ്പോൾ ഞാൻ കരുതിയത് അവളും ചെറിയച്ഛനും ചേർന്നു നമ്മുടെ കുടുംബത്തിനോട്‌ പക പോകുകയാണ് എന്നാണ് . ”

” എന്നിട്ട് ??? ”

കാശിനാഥൻ കിച്ചു പറഞ്ഞത് മുഴുവൻ ഒരു അമ്പര പോടെ കേട്ടതിനു ശേഷം വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി . അയാൾ അപ്പോഴും ശാന്തനായി തന്നെ കിച്ചു പറയുന്നത് കേട്ട് നൽകുകയായിരുന്നു .

” ഇത്രയും കാലം നമ്മുടെ കുടുംബവുമായി ഒരു ബന്ധവുമില്ലാതെ ഇരുന്നവർ പെട്ടെന്ന് നാട്ടിലേക്ക് വന്നപ്പോൾ ഞാൻ ഒന്നു സംശയിച്ചു . അതിന്റെ കൂടെ ശ്രുതി അവൾ ആരാണെന്ന സത്യം എന്നിൽ നിന്നും മറച്ചു വെച്ചപ്പോൾ എന്റെ ദേഷ്യം കൂടി . അതുകൊണ്ട് അവസാനമായി ഞാൻ അവളെ കണ്ടപ്പോൾ കുറച്ച് രൂക്ഷമായി തന്നെയാണ് പെരുമാറിയത് . അന്ന് എനിക്ക് അവളുടെ മനസ്സ് ഒത്തിരി വിഷമിപ്പിക്കേണ്ടി വന്നു . ”

അതു കേട്ടതും കാശിനാഥൻ കിച്ചുവിനോട്‌ പൊട്ടിത്തെറിക്കാൻ തുടങ്ങി . ഒരു അപരാധം ചെയ്തവനെപ്പോലെ കിച്ചു അവർക്ക് മുന്നിൽ മൗനമായി തലകുനിച്ചു നിന്നു .

” നീയെന്താ കിച്ചു ചെയ്തത് ? ഒന്നുമില്ലെങ്കിലും അവൾ നിന്നെക്കാൾ ഇളയത് അല്ലേ ? എന്നിട്ട് അവനവളെ വഴക്ക് പറഞ്ഞ് വന്നിരിക്കുന്നു . ”

” കാശി , മതി അവനെ വഴക്കു പറഞ്ഞത് . അവന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവനെ തെറ്റുപറയാൻ പറ്റില്ല . ”

വിശ്വനാഥൻ കിച്ചുവിനെ വഴക്കു പറയുന്ന കാശിയെ തടഞ്ഞു . എന്നിട്ട് കിച്ചുവിന് വേണ്ടി സംസാരിക്കുകയും ചെയ്തപ്പോൾ കിച്ചു തന്റെ ചെറിയച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു .

” എന്നാലും അവൻ ചെയ്തത് തെറ്റല്ലേ വിശ്വ ? ”

” സാരമില്ല കാശി , അവൻ അറിയാതെ ചെയ്തതല്ലേ . ”

” കിച്ചു നിനക്കിപ്പോൾ അറിയുമോ ശ്രുതി എവിടെയാണെന്ന് ”

” ഇല്ല അച്ഛാ … ഞാൻ പിന്നെ അവളും ആയിട്ട് കോൺടാക്ട് ചെയ്യാൻ നിന്നിട്ടില്ല , എങ്കിലും ഞാൻ ഒരു വാക്ക് തരാം . ഞാൻ തന്നെ അവളെ നിങ്ങൾ കണ്ടു പിടിച്ചു തരാം ”

അതുവരെ നിരാശയോടെ വിഷമിച്ചിരുന്ന അവരുടെ രണ്ടു പേരുടെയും മുഖത്ത് അപ്പോൾ പ്രതീക്ഷയുടെ ഒരു ചെറിയ പ്രകാശം കിച്ചു കണ്ടു . അവൻ അവരോട് യാത്ര പറഞ്ഞ് ശ്രുതിയെ അന്വേഷിച്ചിറങ്ങി . അവന്റെ കൂടെ അവന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ രാഹുലും ഉണ്ടായിരുന്നു .

മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ അവൻ ശ്രുതിയെ അന്വേഷിച്ചു ചെന്നത് കൃഷ്ണദാസിന്റെ യും രാധാമണിയുടെയും വീട്ടിലേക്ക് ആയിരുന്നു . അതീവ സുന്ദരമായ ഗ്രാമത്തിലെക്കാണ് അവന്റെ ആ യാത്ര തുടങ്ങിയത് . യാത്ര ചെന്നെത്തുന്നത് പാടത്തിനു നടുവിലെ ഓടിട്ട ഒരു കൊച്ചു മാളിക വീട്ടിലേക്കാണ് . ആ വീടിന്റെ ചാണകം മെഴുകിയ മുറ്റത്ത് ഒരു പുൽപായയിൽ ചുവന്നമുളക് പരത്തി ഇട്ടിട്ടുണ്ടായിരുന്നു .

വീടിന്റെ വാതിൽ അടച്ചിട്ടിരിക്കുകയായതിനാൽ രാഹുലും കിച്ചുവും മുറ്റത്തുനിന്ന് ചുറ്റും നോക്കി. അവിടെയെങ്ങും ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ലെന്ന് അവർക്ക് തോന്നി . ഇനിയിപ്പോ എന്ത് ചെയ്യും എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് അവരുടെ മുന്നിലേക്ക് ഒരു പശുക്കുട്ടി ഓടി വന്നത് , അതിന്റെ പിറകെ ദാവണിയുടുത്ത ഒരു പെൺകുട്ടിയും പാടത്തിനു നടുവിലൂടെ ഓടുന്നുണ്ടായിരുന്നു . ആ പശുക്കിടാവ് വീട്ടു മുറ്റത്തെത്തിയപ്പോഴേക്കും അതിന്റെ കഴുത്തിലിട്ട കയറിൽ ആ പെൺകുട്ടി ഓടി വന്ന് പിടിമുറുക്കിയിരിക്കുന്നു .

അവൾ അടുത്തെത്തിയപ്പോഴാണ് അവർ അവളെ ശരിക്കും ഒന്ന് ശ്രദ്ധിക്കുന്നത് . ചുവപ്പും മഞ്ഞയും ചേർന്ന ദാവണി ആണ് അവളുടെ വേഷം . കണ്മഷി കൊണ്ടു നീട്ടി എഴുതിയ വിടർന്ന കണ്ണുകൾ , കട്ടികുറഞ്ഞ പിരികം , നെറ്റിയിൽ കറുത്ത കുഞ്ഞു പൊട്ട് . കുഞ്ഞു മൂക്കിലൊരു വെള്ള കല്ലിന്റെ മൂക്കുത്തി , ചുവന്ന ചുണ്ടുകൾ , കറുത്ത നീണ്ട കാർകൂന്തൽ . മൊത്തത്തിൽ കാണാൻ ഒരു ഗ്രാമീണ സൗന്ദര്യം . കിച്ചുവും ഒരു നിമിഷം ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നുപോയി . അവളാ പൈകിടാവിന്റെ കയറിൽ പിടിച്ചു കിതച്ചു കൊണ്ട് അതിനോട് സംസാരിക്കാൻ തുടങ്ങി .

” നിനക്ക് നല്ലൊണം ഞാൻ തരാട്ടോ പാറു , ഈയിടെയായി നിനക്ക് കുറച്ചു കുറുമ്പ് കൂടുന്നുണ്ട് ”

അവൾ അതും പറഞ്ഞു കൊണ്ട് പൈ കിടാവിനെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടി .

” അവളെ കാണാൻ തന്നെ എന്ത് ഐശ്വര്യമാണെന്ന് നോക്കടാ , ശരിക്കും സുന്ദരിയാണല്ലെ , അവളെ കണ്ടാൽ തന്നെ അറിയാം ഒരു പാവം നാട്ടുമ്പുറത്തുകാരി ആണെന്ന് . ഞാനെന്തായാലും അവൾക്ക് ഒരു ജീവിതം കൊടുക്കാൻ തീരുമാനിച്ചു ”

രാഹുൽ പതിഞ്ഞ ശബ്ദത്തിൽ കിച്ചുവിനോടായി പറഞ്ഞു .

” എന്റെ പൊന്നു രാഹുൽ , ഇവിടെയെങ്കിലും നിന്റെ കോഴിത്തരം ഒന്ന് കുറയ്ക്ക് . നമ്മൾ ഇവിടെ വന്നത് എന്റെ പെങ്ങളെ തിരിഞ്ഞാണ് . ”

“ഓഹ് , അതിന് ഞാനിപ്പോ എന്തുവേണം ? അല്ല പിന്നെ , എന്തായാലും നിന്റെ പെങ്ങളെ എനിക്ക് നോക്കാൻ പറ്റില്ലല്ലോ ? ”

” അവളെ നോക്കിയാൽ നിന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും ”

” ആ അതുകൊണ്ടു തന്നെയാണ് ഞാനും പറഞ്ഞത് , അവൾ എന്തായാലും നോക്കാൻ പറ്റില്ലല്ലോ എന്ന് . എനിക്ക് എന്തായാലും കുറച്ചു കാലം കൂടെ ജീവിക്കണം . അതുകൊണ്ട് റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല . പിന്നെ നിന്റെ പെങ്ങൾ എന്ന് പറഞ്ഞാൽ എന്റെ പെങ്ങളല്ലേ ”

” അതാ നിനക്ക് നല്ലത് , എപ്പോഴും ആ ബോധം മനസ്സിൽ ഉണ്ടായാൽ മതി ”

” അത് ഉള്ളതുകൊണ്ടല്ലേ ഞാൻ പറഞ്ഞത് . ഞാൻ ഇവളെ നോക്കിക്കോളാം , ഇവൾ ആകുമ്പോൾ ഒരു പാവം തൊട്ടാവാടി പെൺകുട്ടി ആയിരിക്കും . അതുകൊണ്ട് ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ പോകുവാ ”

” രാഹുൽ നീ വെറുതെ തല്ലു വാങ്ങാൻ നിൽക്കണ്ട ”

” ഒന്ന് പോടാ , നിനക്ക് അസൂയ അല്ലടാ , എന്റെ ഈ ഗ്ലാമർ കണ്ട് അവൾ വീഴുമോ എന്ന പേടി നിനക്ക് ഇല്ലെടാ , ഇവളെ എന്തായാലും എനിക്ക് തന്നെ വേണം . ഹേയ് നാച്ചുറൽ ബ്യൂട്ടി അയാം കമിങ് ”

എന്ന് പറഞ്ഞുകൊണ്ട് അവൻ അവന്റെ പോക്കറ്റിലുള്ള കറുത്ത കൂളിംഗ് ഗ്ലാസ് എടുത്തു മുഖത്ത് വെച്ചുകൊണ്ട് വളരെ സ്ലോ മോഷനിൽ അവളുടെ അടുത്തേക്ക് നടന്നടുത്തു .

” ഇവൻ ഇത് ചളം ആക്കും , മിക്കവാറും ഇവിടെ നിന്ന് തല്ലു വാങ്ങി പോകേണ്ടിവരും . അപ്പോഴേ അമ്മ പറഞ്ഞതാ ഈ കുരുത്തം കെട്ടവനെ കൂടെ കൊണ്ടു പോകേണ്ട എന്ന് , അതിന് എങ്ങനെയാ ഉടുമ്പ് പിടിച്ചപോലെ പിടിച്ചത് അല്ലായിരുന്നോ , ഇതിനാ പറയുന്നത് കണ്ടകശനി കൊണ്ടേ പോകൂ എന്ന് ”

കിച്ചു ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു . അപ്പോഴേക്കും രാഹുൽ ആ പെൺകുട്ടിയുടെ അടുത്തെത്തിയിരുന്നു .

” വാട്ട്‌ എ ബ്യൂട്ടി ”

അവളെ വായും പൊളിച്ചു നോക്കി നിന്നു കൊണ്ട് രാഹുൽ കുറച്ച് ശബ്ദത്തോടെ തന്നെ പറഞ്ഞു . അതുകേട്ട ഉടനെ അവൾ ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി .

” ആരാ ? ”

” ബൈ ദ ബൈ ആം രാഹുൽ , കുട്ടിയുടെ പേര് എന്താണ് ? ”

” കുട്ടിയോ ? ഏത് കുട്ടി ? ആരാടോ തന്റെ കുട്ടി ? ”

ആ പെൺകുട്ടി ഒരല്പം ദേഷ്യത്തോടെ തന്നെ രാഹുലിനോട് ചോദിച്ചു . അവൻ അത് കേട്ടപാടെ അവളുടെ അടുത്തേക്ക് നിന്ന് ഒലിപ്പിക്കാൻ തുടങ്ങി .

” കുട്ടി തന്നെയാണ് എന്റെ കുട്ടി ”

” എന്ത് ? ദേ വീട്ടിൽ കയറിവന്ന് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ , അടിച്ചു പല്ല് ഞാൻ കൊഴിക്കും ”

” ആഹാ കുട്ടി ദന്തിസ്റ്റ് ആണോ , എങ്കിൽ എന്റെ ഈ കോട്ടിലെ പല്ലു പറച്ച് തരുമോ , രണ്ടു ദിവസമായി ഭയങ്കര വേദന ”

അവൻ അവളെ നന്നായി ഒന്ന് ആക്കി പറഞ്ഞു . അതോടെ അവളുടെ മുഖം ബലൂൺ കണക്കിന് വിർത്തു വന്നു .

” ഡോ … ആളെ മെനക്കെടുത്താൻ നിൽക്കാതെ താൻ ഒന്ന് പോയേ ”

ഇവനോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് തോന്നിയത് കൊണ്ടാവും ആ പെൺകുട്ടി പായയിൽ വിരിച്ചിരിക്കുന്ന മുളകിന്റെ അടുത്തേക്ക് പോയി . എന്നിട്ട് അവൾ കാൽ അടുത്തുണ്ടായിരുന്ന ചാക്കിൽ തുടച്ചുകൊണ്ട് ദാവണിയുടെ ഒരു അറ്റം ഇടുപ്പിൽ ചിരിതൂകി കൊണ്ട് ആ മുളകിലെക്ക് ഇറങ്ങി , അത് കാൽ കൊണ്ട് ഇളക്കി മറിക്കാൻ തുടങ്ങി . അവളുടെ വെളുത്ത കാലുകളിൽ നല്ല വീതിയിലുള്ള വെള്ളി പാദസരം ഉണ്ടായിരുന്നു . അവളെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ അവൾ ഊരക്ക് കൈ കൊടുത്തു അവരെ തന്നെ നോക്കി നിന്നു .

” ഇയാൾ ഇതുവരെ പോയില്ലേ ? ”

അവളുടെ സ്വരം ഒരല്പം കടുത്തിരുന്നു . അതു മനസ്സിലാക്കിയിട്ടെന്നോണം കിച്ചു വേഗം രാഹുലിനെ പിന്നിലേക്ക് ആക്കി അവളുടെ അടുത്തേക്ക് നടന്നു . എന്നിട്ട് അവളോട് വളരെ സൗമ്യമായി സംസാരിക്കാൻ തുടങ്ങി .

” ഈ കൃഷ്ണദാസിന്റെയും രാധാമണിയുടെയും വീട് ഇത് തന്നെയല്ലേ ? ”

അതു കേട്ടപ്പോൾ ആ പെൺകുട്ടി മുളക് ചിക്കുന്നതിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി .

” വീട് ഇത് തന്നെയാണ് , നിങ്ങളാരാ ? ഇതിനുമുമ്പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ ? ”

” ഞങ്ങൾ കുറച്ച് ദൂരെ നിന്നു വരുന്നവരാണ് , ഞങ്ങൾക്ക് കൃഷ്ണദാസിനെ ഒന്നു കണ്ടാൽ കൊള്ളാം . ”

” ക്ഷമിക്കണം അച്ഛൻ ഇവിടെ ഇല്ല , അച്ചച്ഛന്റെ ശാരദം ആയതിനാൽ നാട്ടിൽ പോയിരിക്കുകയാണ് . അമ്മയാണെങ്കിൽ അനിയത്തിയുടെ സ്കൂളിൽ പോയതാണ് . ”

” എന്തെങ്കിലും അത്യാവശ്യ കാര്യം പറയാൻ വന്നതാണോ ? ആണെങ്കിൽ എന്നോട് പറഞ്ഞോളൂ. അച്ഛൻ തിരിച്ചു വരുമ്പോൾ ഞാൻ പറഞ്ഞോളാം ”

” ആഹാ , അപ്പോ കുട്ടി ഇവിടെ ഒറ്റയ്ക്കാണല്ലേ . എന്നാൽ ഇനി ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും വരുന്നതുവരെ നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം ”

അപ്പോഴേക്കും രാഹുൽ അവന്റെ തിരുവാ തുറന്ന് അബദ്ധങ്ങൾ വിളിച്ച് പറഞ്ഞുകൊണ്ട് അവരുടെ വീടിന്റെ കോലായിൽ കയറാൻ തുടങ്ങി . അത് കണ്ടതും അവൾ ദേഷ്യത്തോടെ തൊഴുത്തിലെ മുകളിൽ ഉണ്ടായിരുന്ന പുല്ലരിയാൻ ഉപയോഗിക്കുന്ന അരിവാൾ അവനു നേരെ വീശി . അത് കണ്ടതും അവൻ പേടിച്ചു കിച്ചുവിന്റെ പുറകിലേക്ക് ഓടി വന്നു .

” ദേ മര്യാദയ്ക്ക് ഇറങ്ങി പൊയ്ക്കോണം , ഒരു പെൺകുട്ടി തനിച്ചാണെന്ന് അറിഞ്ഞാൽ നിന്നെപ്പോലെ പല വമ്പൻമാരും വന്നാൽ അവർക്ക് മറുപടി കൊടുക്കാൻ ഉള്ളതാണ് ഈ അരിവാൾ . ഇതുകൊണ്ട് പുല്ലു മാത്രമല്ല , വേണ്ടി വന്നാൽ ഒരു മനുഷ്യന്റെ കഴുത്തു മറക്കാം ”

അവൾ അത് അവരുടെ മുഖത്തുനോക്കി ചങ്കൂറ്റത്തോടെ പറഞ്ഞു നിർത്തിയപ്പോൾ കിച്ചു ഒരു ചെറുപുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു . എന്നിട്ട് അവളുടെ അടുത്തേക്ക് ഒരു രണ്ട് സ്റ്റെപ്പും കൂടി നടന്നു . അതു കണ്ടപ്പോൾ അവൾ അരിവാൾ ഒന്നൂടെ മുറുക്കി പിടിച്ചു .

” ഞങ്ങൾ തന്നെ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല , ഒരാളെ കുറിച്ച് അന്വേഷിക്കാൻ വന്നതാണ് . തനിക്ക് പറ്റുമെങ്കിൽ ഞങ്ങളെ ഒന്നു സഹായിക്കണം ”

വളരെ സൗമ്യമായ ഉള്ള കിച്ചുവിന്റെ സംസാരം കേട്ടപ്പോൾ , അവൾ അരിവാൾ പിറകിലേക്ക് പിടിച്ചു .

” നിങ്ങൾ എന്തിനാ വന്നത് ? ആരെ അന്വേഷിച്ചു വന്നതാണ് ? എന്നെക്കൊണ്ട് പറ്റുന്ന കാര്യമാണെങ്കിൽ നിങ്ങളെ സഹായിക്കാം ”

” ഞാൻ അന്വേഷിച്ച് വന്നത് ഇവിടെ കുറച്ചു കാലം മുൻപ് വരെ ഉണ്ടായിരുന്ന ശ്രുതിയെ കുറിച്ചാണ് . ”

കിച്ചു അങ്ങനെ പറഞ്ഞതും അവളുടെ മുഖത്തൊരു ഞെട്ടലായിരുന്നു .

” ശ്രുതിയെ കുറിച്ചോ ? അതിന് നിങ്ങൾ എന്തിനാ അവളെ കുറിച്ച് അന്വേഷിക്കുന്നെ ? നിങ്ങളാരാ ”

” എന്റെ പൊന്നു പെങ്ങളെ , ഇത് അവളുടെ ഏട്ടനാണ് . ”

രാഹുൽ അവളോട് വളരെ ശാന്ത സൗമ്യതയോടെ പറഞ്ഞു . അത് കേട്ടതും അവൾ രാഹുലിനെ പരിഹസിക്കാൻ തുടങ്ങി .

” ഓഹോ … ശ്രുതിക്ക് ഞാനറിയാത്ത ഒരു ഏട്ടനോ … വിശ്വസിച്ചു … അല്ല ഈ ഏട്ടൻ ഇപ്പോൾ എവിടെ നിന്ന് പൊട്ടി മുളച്ചു വന്നതാണാവോ ”

” എന്താ ഞാൻ അവളുടെ ഏട്ടനാണ് എന്നുപറഞ്ഞിട്ട് വിശ്വാസമായില്ലേ ? ”

കിച്ചു ഒരല്പം ഗൗരവത്തോടെ അവളോട് ചോദിച്ചു .

” ഇല്ല … തെളിവുണ്ടോ ”

” ഞാൻ കാർത്തിക് കാശിനാഥ് വർമ്മ . ശ്രുതി വിശ്വനാഥ് വർമ്മയുടെ ഏട്ടൻ . ഇനി നിനക്ക് തെളിവാണ് വേണ്ടതെങ്കിൽ ഇതൊന്നു നോക്കൂ ”

അവനവന്റെ കയ്യിലെ മൊബൈൽ അവൾക്ക് നേരെ നീട്ടി . അതിൽ ശ്രുതിയും അവനും ഒരുമിച്ചുള്ള കുറച്ച് ഫോട്ടോസ് ഉണ്ടായിരുന്നു . പണ്ട് കോളേജിൽ വച്ച് നല്ല കൂട്ടായിരുന്നപ്പോൾ എടുത്തതാണ് . സത്യം പറഞ്ഞാൽ അത് ഇപ്പോഴാണ് ഉപകാരപ്പെടുന്നത് . അത് കണ്ടതും അവളുടെ മുഖത്ത് ശരിക്കും ഒരു ഞെട്ടലായിരുന്നു .

” ശരിക്കും നിങ്ങൾ അവളുടെ ചേട്ടൻ ആണോ ? ”

അവിശ്വസനീയമായി അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി .

” നിനക്ക് ഇതിൽ കൂടുതൽ തെളിവ് വേണോ ? ”

” വേണ്ട … വരൂ അകത്തേക്ക് ഇരിക്കാം ”

തല കുനിച്ചു കൊണ്ട് അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു . കിച്ചു അവളുടെ കൂടെ കോലായിലേക്ക് പ്രവേശിച്ചു കൊണ്ട് അവിടുത്തെ ചാരുപടിയിൽ കയറിയിരുന്നു . രാഹുലും ഒരു ചെറിയ പേടിയോടെ കിച്ചുവിന് പിറകെ കയറി . അപ്പോഴേക്കും അവൾ വേഗം ശ്രേയയോട് ചായ എടുക്കാൻ പറഞ്ഞു .

അവൾ ശ്രുതി അവിടെ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും കിച്ചുവിനോട് പറഞ്ഞു . ആർമിയുടെ ഉൾപ്പെടെ എല്ലാ കാര്യങ്ങളും . എല്ലാം കേട്ടതിനു ശേഷം കിച്ചു അവളെ ഒന്നു നോക്കി .

” തന്റെ പേരെന്താ ? ”

കിച്ചു അവളുടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു .

” സ്വാതി ……. ഞാനും ശ്രുതിയും വെറും കൂട്ടുകാർ മാത്രമല്ലായിരുന്നു . അവളെനിക്ക് മറ്റാരൊക്കെയോ ആയിരുന്നു . എന്നിട്ടും , എന്നോട് ഒരു വാക്കുപോലും പറയാതെയാണ് അവൾ ഇവിടെ നിന്ന് പോയത് ”

അതു പറഞ്ഞപ്പോഴേക്കും സ്വാതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . അതിൽ നിന്നുതന്നെ കിച്ചുവിന് മനസ്സിലാക്കാമായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം . ശ്രേയ അപ്പോഴേക്കും അവർക്കുള്ള ചായയുമായി വന്നു . സംസാര വിഷയം ശ്രുതി ആണെന്ന് മനസ്സിലാക്കിയതോടെ , അവൾ സ്വാതിയുടെ മുഖത്തേക്ക് നോക്കി .

” ശ്രുതി ചേച്ചി പറഞ്ഞു അയച്ചതാണോ ഇവരെ ? ”

അവൾ വളരെ നിഷ്കളങ്കമായി അടങ്ങാത്ത ആകാംക്ഷയോടെ സ്വാതിയോട് ചോദിച്ചു . അവളുടെ മുഖത്തെ ആ സന്തോഷം കണ്ടപ്പോൾ കിച്ചു അവളോട് അതെയെന്നു തലയാട്ടി . അത് കണ്ടപ്പോൾ സ്വാതി അവന്റ മുഖത്തേക്ക് നോക്കി .

” ശ്രുതി ചേച്ചിക്ക് സുഖമാണോ , ഞാൻ കരുതി ഞങ്ങളെയൊക്കെ മറന്നു പോയെന്ന് . ചേച്ചിയോട് പെട്ടെന്ന് തന്നെ ഞങ്ങളെയൊക്കെ കാണാൻ വരാൻ പറയണെ . ചേച്ചിയെ കാണാൻ കൊതിയാവുന്നു ”

ശ്രേയ പറഞ്ഞു നിർത്തിയപ്പോൾ , അവർ കുടിച്ച ചായ ക്ലാസ് അകത്തു കൊണ്ടുപോയി വെക്കാൻ സ്വാതി അവളോട് ആവശ്യപ്പെട്ടു . അത് അവളെ അവിടെ നിന്ന് മനപ്പൂർവ്വം ഒഴിവാക്കുകയാണ് എന്ന് കിച്ചുവിന് മനസ്സിലായി . ശ്രേയ പോയി എന്ന് ഉറപ്പായപ്പോൾ , സ്വാതി പതിയെ കിച്ചു വിനോട് ആയി ചോദിച്ചു .

” ശ്രുതിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ ? ”

” ഇല്ല … അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് ”

” എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങളെ കൂടെ അറിയിക്കണേ … ”

അവൾ വളരെ നിഷ്കളങ്കമായി കിച്ചുവിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു . ആ കണ്ണിൽ ഉണ്ടായിരുന്നു ശ്രുതി യോടുള്ള സ്നേഹവും കരുതലും . അവൻ ശരി എന്ന് തലയാട്ടി കൊണ്ട് അവരോട് യാത്ര പറഞ്ഞിറങ്ങി .

രാഹുൽ ആയിരുന്നു കാർ ഓടിച്ചിരുന്നത് . യാത്രയിലുടനീളം കിച്ചുവിന്റെ മനസ്സ് മുഴുവൻ ശ്രുതി ആയിരുന്നു . ശ്രുതി നീയെത്ര ഭാഗ്യവതിയാണ് , നിന്റെ സ്വന്തം അല്ലാഞ്ഞിട്ട് കൂടി നിന്നെ സ്നേഹിക്കാൻ എത്ര ആളുകളാണ് . നിനക്ക് വേണ്ടി എത്ര പ്രാർത്ഥനകൾ ആണുള്ളത് . ഇതു വല്ലതും നീ അറിയുന്നുണ്ടോ , നീ ഇപ്പോൾ എവിടെയാണ് ?
അവന്റെ മനസ്സ് ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ടിരുന്നു .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

” അയ്യോ , ഈ ആർമി ഇപ്പൊ എന്തിനുള്ള പുറപ്പാട് ആണാവോ എന്തോ ? ”

അവൾ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു . അവളുടെ ഉള്ളിനുള്ളിൽ ചെറിയൊരു ഭയം തോന്നി . അവൻ അവൾക്ക് നേരെ ഓരോരോ ചുവടുകൾ വച്ച് അടുക്കുമ്പോഴും അറിയാതെ തന്നെ അവളുടെ കാൽ പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു . എന്താ ശ്രുതി നീ ഈ കാണിക്കുന്നത് ആരെയും പേടിക്കാത്ത , ആർക്കുമുന്നിലും തോൽക്കാത്ത നീ എന്തിനാണ് ഇവനെ കണ്ട് പേടിച്ച് ഓടുന്നത് . അവൾ അവളോട് തന്നെ ചോദിച്ചു എങ്കിലും അതിനൊരു ഉത്തരം കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല .

ശ്രുതി ധൈര്യത്തോടെ തന്നെ ഉറച്ച കാൽവെപ്പുമായി അവനു മുന്നിൽ തന്നെ നിന്നു . എന്നാൽ അവൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് വന്നപ്പോൾ നിലത്തു കിടന്നിരുന്ന ശ്രുതിയുടെ ഷാൾ ചവിട്ടി അവളുടെ മുകളിലേക്ക് വഴുതി വീണു . അപ്രതീക്ഷിതമായ വീഴ്ചയായതിനാൽ ശ്രുതി കണ്ണുകൾ ഇറുക്കിയടച്ചു .

( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!