തേടിനടന്നൊരു പെണ്ണ്
പ്രായം നാല്പതിനോടടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരു ന്നു…പക്ഷെ വീട്ടുകാർക്ക് അതൊരു വലിയ തല വേദനയായിരുന്നു… എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം…
അതിന് പ്രധാനപ്പെട്ട കാരണം ആയിരുന്നത് എന്റെ ജോലി തന്നെയായിരുന്നു…കാണാൻ തെറ്റില്ലാതിരുന്നിട്ടും ഒരു ജോലിയുടെ പേരിൽ പോയ്ക്കണ്ട ആലോചനകളൊക്കെ മുടങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു…
അപ്പോൾ നിങ്ങളാലോചിക്കും ഇത്ര മാത്രം കല്ല്യാണാലോചനകൾ മുടക്കിയ എന്റെ ആ ജോലി എന്താണെന്ന്?…
പറഞ്ഞാൽ ചിലപ്പോൾ നിങ്ങളും മൂക്ക് പൊത്തും..
“സെപ്റ്റിടാങ്ക് ക്ലീനിംഗ്”
പെണ്ണുങ്ങൾക്കൊക്കെ അറപ്പാണത്രേ…ഇങ്ങനെ ഒരാളോടൊത്ത് ജീവിക്കാൻ…
പലരും പറഞ്ഞതാണ് വേറെ എന്തെങ്കിലും പണിക്കു പോകാൻ…അമ്മയും പെങ്ങമാരും അത് പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി…
“ഏട്ടാ..ഇനിയെങ്കിലും ഈ പണി നിർത്ത് … മറ്റുള്ളോളരോട് പറയാൻ തന്നെ നാണക്കേടായി തുടങ്ങി..സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞതെന്തായി?”
ഇളയ പെങ്ങളുടെ വകയാണ് ആ ചോദ്യം…
മറുപടി എന്റെ നോട്ടത്തിൽ നിന്ന് അവൾക്ക് മനസ്സിലായി…
എന്റെ അച്ഛൻ അമ്മയേയും രണ്ടു പെങ്ങമാരേ യും എന്നെ ഏല്പിക്കുമ്പോൾ എനിക്ക് വയസ്സ് പതിനാല്…പാതിവഴിയിൽ പഠനമുപേക്ഷിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്ത്വം സ്വയം ചുമലിലേറ്റി പിന്നവിടന്ന് ഒരു ഓട്ടമായിരുന്നു…
ചെയ്യാത്ത ജോലികളില്ല..പക്ഷെ അതൊന്നും അച്ഛനുണ്ടാക്കിവച്ച കടങ്ങൾ വീട്ടാൻ പോലും തികഞ്ഞിരുന്നില്ല…
അങ്ങനെയിരിക്കെ ഒരു സുഹൃത്ത് മുഖേന ആണ് ഈ ജോലി തിരഞ്ഞെടുത്തത്..അധികമാരും ഏറ്റെടുക്കാത്ത ജോലിയായിരുന്നതിനാൽ വരുമാനവും കൂടുതലായിരുന്നു…
രാഘവേട്ടനോടോപ്പം ആദ്യമായി സെപ്റ്റിടാങ്കിലിറ ങ്ങിയ നിമിഷം എനിക്കിപ്പോഴും മറക്കാനായിട്ടില്ല…
അന്ന് ഞാൻ ഛർദ്ദിച്ചവശനായിരുന്നു… മദ്യം ഉപയോഗിച്ച് ശീലമില്ലാത്ത എനിക്ക് പക്ഷെ രണ്ടെണ്ണം അടിക്കേണ്ടി വന്നു പിന്നീട് അതിലേക്കിറങ്ങാൻ…
പക്ഷെ ഈ പണിക്കാണ് പോകുന്നതെന്ന് വീട്ടിലാരേയും ഞാൻ അറിയിച്ചിട്ടില്ലായിരുന്നു…
പിന്നീടെപ്പോഴോ എങ്ങനെയൊക്കെയോ അവരറിഞ്ഞു വന്നപ്പോഴേക്കും ആരുടെ മുന്നിലും തലകുനിക്കാതെ ജീവിക്കാവുന്ന നിലയിലേക്ക് അവരെ ഞാനെത്തിച്ചിരുന്നു..
വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമായി അച്ഛനുണ്ടാക്കിയ കടങ്ങളും തീർത്തു പെങ്ങന്മാരേയും കെട്ടിച്ചു വിട്ടു…
പലപ്പോഴും അവരെന്റെ അവസ്ഥയോർത്ത് സഹതപിച്ചിരുന്നു… അന്ന് ഏട്ടൻ ഞങ്ങളുടെ കൺകണ്ട ദൈവമാണ് എന്നുവരെ പറഞ്ഞിരു ന്നവർക്ക് ഇന്ന് എന്റെ ജോലിയോട് അറപ്പാണത്രെ…
എല്ലാവരേയും കരയ്ക്കെത്തിച്ചപ്പോഴും ഞാനാ സെപ്റ്റിടാങ്കിൽത്തന്നെയായി എന്നു മാത്രം…
അന്ന് രാവിലെ ബ്രോക്കർ വേലായുധേട്ടന്റെ വിളികേട്ടാണ് ഞാനുണർന്നത്…
“നീ വേഗം ഒന്നൊരുങ്ങിവാ നമുക്ക് ഒരിടം വരെ പോകണം”
പക്ഷെ എനിക്കെന്തോ ഇനി പെണ്ണുകാണാൻ പോകുന്നതിനോടുളള ഒരു താല്പര്യം അങ്ങട് പോയിരുന്നു…
“ഇനി..മതി ചേട്ടാ എത്രാന്നു വച്ചാ ഇങ്ങനെ നാണം കെടാ..ഇനിയും കോലം കെട്ടാൻ ഞാനില്ല..”
പക്ഷെ ചേട്ടൻ വിടാൻ ഉദ്ദേശമില്ലായിരുന്നു..
അങ്ങനെ എന്റെ അറുപത്തിനാലാമത്
പെണ്ണുകാണലിനായി ഞാൻ നന്നായിട്ടൊന്നൊരു ങ്ങിയിറങ്ങി..
കാരണം ഇനിയിതിനുവേണ്ടി ഒരിക്കൽ കൂടി മെനക്കെടാൻ എനിക്ക് താല്പര്യമില്ലായിരുന്നു …
“എടാ..ഞാൻ നിനക്ക് ക്ലീനിംഗ് സെക്ഷനിലാണ് ജോലി എന്നാണ് പറഞ്ഞിരിക്കുന്നത്.. നീയായിട്ടിനി അത് തിരുത്തണ്ടാ”
വേലായുധേട്ടൻ പറഞ്ഞ ആ കാര്യത്തിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിലും പക്ഷെ ആ സമയത്ത് എനിക്ക് അതനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുളളൂ..
അങ്ങനെ ഞങ്ങൾ പെണ്ണിന്റെ വീട്ടിലെത്തി.. വയസ്സായ ഒരു കാരണവരാണ് ഞങ്ങളെ സ്വീകരിച്ചത്.. കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചെന്നും ഒറ്റമോളാണെന്നും ഞാൻ ആ കാരണവരിൽ നിന്നും മനസ്സിലാക്കി….
എന്നത്തേയും പോലെ ഒരു പ്രതീക്ഷയുമില്ലാ തെയാണ് ഞാനന്നും ഇരുന്നത്…
കുപ്പിവളയിട്ട കൈകളാൽ ഒരു കപ്പ് ചായ എന്റെ നേരെ നീണ്ടപ്പോഴാണ് എനിക്ക് പരിസരബോധം വീണുകിട്ടിയത്…
ചായ തന്നയാളോട് നന്ദിപറയാനായിട്ടാണ് ഞാനാ മുഖത്തേക്ക് നോക്കിയത്…
നല്ല തുമ്പപ്പൂ പോലത്തെ പെൺകുട്ടി…എന്റെ സങ്കൽപ്പത്തിനപ്പുറം സുന്ദരിയായിരുന്നു അവൾ.. ആ മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല എനിക്ക്…
“നിങ്ങൾക്കെന്തെങ്കിലും സംസാരിക്കണേൽ ആവാം” വേലായുധേട്ടന്റെ ആ ചോദ്യമാണ് എന്നെ ഉണർത്തിയത്…
ഒന്നും മിണ്ടാതെ തലകുനിച്ച് നിന്നിരുന്ന അവളോട് എന്തു പറയണമെന്നറിയാതെ ഞാൻ വിയർത്തു..
“എന്താ പേര്?” ചെറിയൊരു വിറയലോടെ ഞാൻ ചോദിച്ചു..
“ലക്ഷ്മി”
അവൾ മറുപടി പറഞ്ഞു..
പിന്നെയും ഒന്ന് രണ്ട് ചോദ്യങ്ങൾ മനസ്സിലേക്ക് വന്നെങ്കിലും അതപ്പാടെ വിഴുങ്ങി ഞാൻ നേരെ കാര്യത്തിലേക്ക് കടന്നു…
“എന്നെ ഇഷ്ടമായോ?”
“ഉം”
ഒരു മൂളലിൽ അവൾ മറുപടിയൊതുക്കിയെ ങ്കിലും ഞാൻ ഞെട്ടിപ്പോയി.. ഒറ്റവാക്കിലാ മറുപടി ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു…
എനിക്കെന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി..അതോടൊപ്പം ചെറിയൊരു വിഷമവും…എന്റെ ജോലിയെപ്പറ്റി അവളെ അറിയിക്കാതിരിക്കുന്നത് അവളോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും എന്നെനിക്ക് തോന്നി…
രണ്ടും കല്പ്പ്പിച്ച് ഞാനാ സത്യം അവളോട് തുറന്നു പറഞ്ഞു..അവളുടെ മറുപടി ഞാനൂഹിച്ചിരുന്നത് ആവും എന്നതു കൊണ്ട് പ്രത്യേക ഭാവമാറ്റ മൊന്നും എനിക്കുണ്ടായതും ഇല്ല..
“എനിക്ക് അറിയാം..ഞാൻ ചേട്ടനെ മുന്ന് പലവട്ടം കണ്ടിട്ടുണ്ട്”
അങ്ങനെ ഒരു മറുപടി ഞാനൊട്ടും പ്രതീക്ഷിച്ചതല്ലായിരന്നു…അത്കൊണ്ട് തന്നെ എനിക്ക് പരിഭ്രമമായി… ഈശ്വരാ എവിടേലും ക്ലീനിംഗിനിടയിലാണോ ഇവളെന്നെ കണ്ടേക്കണത്….
“എവിടെ വച്ച്?” വിക്കി വിക്കി ഞാൻ ചോദിച്ചു…
“ഞാൻ ഹോം നഴ്സ് ആണ്..ജോലിയുടെ ഭാഗമായി പലവീടുകളിലും പോകേണ്ടി വന്നിട്ടുണ്ട് അവിടങ്ങളിൽ വച്ച് പലതവണ ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട്..”
ഞാനാശ്ചര്യത്തോടെ അവളെ നോക്കി…
“ആണോ പക്ഷെ ഞാനോർക്കുന്നില്ല…എന്നെ ഓർത്തിരിക്കാൻ എന്താ കാരണം?
“ഒരു തവണ ഒരു വീട്ടിൽ വച്ച് ഞാൻ ശുശ്രൂഷി ച്ചിരുന്ന വല്ല്യമ്മയാണ് ചേട്ടനെക്കുറിച്ച് എന്നോടാദ്യം പറഞ്ഞത്..ചേട്ടന്റെ കഷ്ട്ടപാടു കളെക്കുറിച്ചും ഈ ജോലി മൂലം ചേട്ടന് പെണ്ണു കിട്ടാത്തതിനെക്കുറിച്ചുമൊക്കെ…അന്ന് എനിക്കെന്തോ വലിയ വിഷമം തോന്നി ചേട്ടനെക്കുറിച്ചോർത്ത്…പിന്നെയും ഒരുപാട് തവണ മറ്റു വീടുകളിൽ വച്ചും വഴിയിൽ വച്ചുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്..”
എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു..
ഞാനവളെത്തന്നെ സൂക്ഷിച്ചുനോക്കി…
“അല്ലാ ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണോ എന്നെ ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞത്?”
അല്പം ആശങ്കയോടെയാണ് ഞാനാ ചോദ്യം ചോദിച്ചത്..
“അതെ…ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ…എന്റെ ജോലിക്കിടെയും ഒരുപാട് തവണ പലരുടേയും വിസർജ്യങ്ങൾ എനിക്ക് കഴുകേണ്ടതായി വന്നിട്ടുണ്ട്..അവരുടെ മക്കൾപോലും അറപ്പോടെ അതു ചെയ്യാൻ മടിക്കുന്നത് കാണുമ്പോൾ എനിക്കവരോട് പുച്ഛമാണ് തോന്നിയിട്ടുളളത്…മനസ്സിൽ വിസർജ്യം പേറി പുറമേ നല്ല വസ്ത്രം ധരിച്ച് വൈറ്റ് കോളർ ജോലി ചെയ്യുന്നവരേക്കാൾ എത്രയോ നല്ല മനസ്സാണ് ചേട്ടന്റെത്… എനിക്കിഷ്ടമാണ് ചേട്ടനെ… “
എന്റെ മനസ്സ് എനിക്ക് പിടിച്ചാ കിട്ടാത്തോടത്തേ ക്ക് പാഞ്ഞുപോയിരുന്നു അപ്പോൾ…അവളോട് എനിക്കെന്തെന്നില്ലാത്ത ബഹുമാനം തോന്നി അപ്പോൾ…
പണ്ട് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞതു പോലെ..”ഇതാണ് പെണ്ണ്..ഞാനിതുവരെ കണ്ടിരുന്നതൊക്കെ വെറും ശവങ്ങളായിരുന്നു”
പ്രവീൺ ചന്ദ്രൻ
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission