“എന്താ ഇത് ?”
“ഏത് ??”
“ഇതാരുടെ ഷർട്ടിന്റെയാ ?”
“അറിയില്ല അമ്മേ,.. ”
“ഇത് നിന്റെ മുറിയിൽ എങ്ങനാ വന്നേ ?”
“ഞാനെങ്ങനെ അറിയാനാ ?? ഏട്ടന്റെ എങ്ങാനും ആവും,. അലമാരയിൽ നിന്ന് എന്തേലും എടുത്തപ്പോൾ താഴെ വീണതാവും,.. ”
“അവന് ഇതേപോലത്തെ ബട്ടൺ ഉള്ള ഷർട്ട് ഉണ്ടോ,. ”
“അതിന് ഏട്ടനേതൊക്കെ ഷർട്ട് ഉണ്ടെന്നമ്മയ്ക്കറിയാമോ ? അതിന്റെ എല്ലാം ബട്ടണിന്റെ പാറ്റേൺ അറിയുമോ ?എനിക്കറിയില്ല,.. ആരുടേതാണെന്ന്,.. അല്ലേൽ തന്നെ സമയം വൈകി,.. ഞാൻ സ്കൂളിൽ പോകാനൊരുങ്ങട്ടെ, .. ”
മീര കൂടുതൽ ചോദ്യങ്ങൾക്ക് മുതിർന്നില്ല,.. അവരുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ കുടിയേറിയിരുന്നു,.
**********
കിഷോറിനെ താനിപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്,.. അവനില്ലാതെ ഒരു നിമിഷത്തെക്കുറിച്ചു ചിന്തിക്കുക എന്നത് പോലും അസഹനീയമാണ്,.. കിഷോറിന്റെ അമ്മയെ ഡിസ്ചാർജ് ചെയ്ത കാര്യം രാവിലെ അമ്മ പറഞ്ഞിരുന്നു,..
കിഷോറാണേൽ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല,.. “ഹൗ കാൻ യൂ ബിഹേവ് മി ലൈക് ദിസ് ?” ദുഖത്തിന്റെയും പ്രണയത്തിന്റെയും അരിശത്തിന്റെയും മൂർദ്ധന്യാവസ്ഥയിലാണ് താനിപ്പോൾ എത്തി നിൽക്കുന്നത്,..
“എന്നെ എന്തിനാ കിഷോർ ഇങ്ങനെ അവോയ്ഡ് ചെയ്യണത് ?? എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല,… ” അവളുടെ മിഴികൾ നിറഞ്ഞു,..
*******—*******
അവിക ധൈര്യം സംഭരിച്ചു മുന്നോട്ടേക്ക് നടന്നു,. തന്നെ കാണുമ്പോൾ കിഷോർ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല, എങ്കിലും തന്റെ വരവ് അവന് ഒരു സർപ്രൈസ് ആയിരിക്കുമെന്നത് തീർച്ചയാണ്,. എങ്കിലും ഇതുപോലൊരു ചേരിപ്രദേശത്ത് നിന്ന് താനെങ്ങനെ കിഷോറിന്റെ വീട് കണ്ടു പിടിക്കും,..
“ചേട്ടാ, അതേ ഈ കിഷോറിന്റെ വീടെവിടാ ?”
അയാൾ അവളെ ചൂഴ്ന്ന് നോക്കി കൊണ്ട് ഒരു പഫ് എടുത്തു,..
“ഏത് കിഷോർ ?”
“കിഷോർ മാധവ്,.. ഈ,.. ”
“മ്മ്മ്, കുറച്ചങ്ങ് നടന്ന് ഇടത്തോട്ട് തിരിയുമ്പോൾ കാണുന്ന രണ്ടാമത്തെ വീട്,.. ”
എല്ലാർക്കും അപ്പോൾ നന്നായി കിഷോറിനെ അറിയാം,. .
“താങ്ക്സ് ചേട്ടാ,.. ” അവൾ പുഞ്ചിരിച്ചുകൊണ്ട് കിഷോറിന്റെ വീട് ലക്ഷ്യമാക്കി നടന്നു,.
“പീസ്, കൊള്ളാലെ ഉദയാ,… ”
ഉദയന്റെ ഇരുണ്ട മുഖത്ത് ഒരു പ്രകാശം കണ്ടു,..
“നല്ല കാശുള്ള വീട്ടിലെ പെങ്കൊച്ചാന്ന് കണ്ടാലറിയാം,.. ഇവൻ ഇവളെയൊക്കെ എങ്ങനെ വളക്കുന്നു,.. ”
“നിന്നെപ്പോലെ അല്ലല്ലോ മനോജേ അവൻ, കാണാനും കൊള്ളാം, അവനതിനുള്ള കഴിവുമുണ്ട്,.. ”
ഉദയൻ ബീഡിക്കുറ്റി നിലത്തിട്ട് കാലു കൊണ്ട് ഞെരിച്ചു,. അതിന്റെ അർത്ഥമെന്തെന്ന് മനസിലാക്കിയത് കൊണ്ടാവാം, മനോജും, ബെന്നിയും പരസ്പരം നോക്കി, സ്വന്തം വീടുകളിലേക്ക് നടന്നു,..
********
“അല്ല ഇതാര് അവികയോ !” അഖില അവളെ കണ്ടതും പുഞ്ചിരിച്ചു,..
“കയറി വാ,. ”
അവികയ്ക്ക് ചെറിയൊരു ചമ്മലുണ്ടായിരുന്നു,..
“എന്താ ഈ വഴിക്കൊക്കെ ?”
“ഇവിടടുത്ത്, എന്റെ ഫ്രണ്ടിന്റെ വീടുണ്ട്,.. അവിടെ വന്നപ്പോൾ വന്നതാ,. കൂട്ടത്തിൽ അമ്മയെ ഒന്ന് കാണാമെന്ന് വെച്ചു,… ”
“അകത്തേക്ക് വാ,.. ”
അവിക ചെരിപ്പൂരാൻ തുടങ്ങിയതും അഖില തടഞ്ഞു,..
“അയ്യോ ചെരിപ്പൊന്നും ഊരണ്ട,. ഞങ്ങടത് ചാണകം മെഴുകിയ തറയാ അഴുക്കാവും.. ”
“അതൊന്നും സാരമില്ലന്നെ ”
അവളുടെ മനസ്സ് കിഷോറിനെ കാണാനുള്ള വ്യഗ്രതയിൽ തുടിച്ചു,.. അഖിലയോട് ചോദിക്കാൻ കഴിയില്ല,..
“അമ്മ ഉറങ്ങുവാ,. സാരമില്ല ഞാൻ വിളിക്കാം,.. ” അവികയ്ക്ക് നിരാശ തോന്നി, തനിക്ക് കിഷോറിനെയാണ് കാണേണ്ടത്,.. പക്ഷേ എങ്ങനെ ചോദിക്കും കിഷോറിനെ ഇവിടെയെങ്ങും കാണുന്നുമില്ലല്ലോ,..
“അമ്മ ഇത് ആരാ വന്നിരിക്കുന്നത് എന്ന് നോക്ക്,.. ” അവർ ഉണർന്നു അവളെ നോക്കി,..
“ആ മോളോ ? മോളെപ്പോഴാ വന്നത് ???”
“ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ അമ്മേ,.. ”
അവർ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി,..
“അയ്യോ വേണ്ടമ്മേ, എണീക്കണ്ട,.. ”
“ഞാൻ പൈപ്പിന്റെ ചോട്ടിൽ കുടം വെച്ചിട്ട് പോന്നതാ,.. നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇപ്പോൾ വരാം,.. ”
“എടി ആ ചുക്ക് കാപ്പി അവനെടുത്ത് കൊടുത്തിട്ട് പോ,.”
“ഞാൻ ഒന്ന് പോയിട്ട് വരട്ടെ അമ്മേ, ഇപ്പോൾ ചെന്നില്ലേൽ പിന്നെ രണ്ടു ദിവസം വെള്ളം നോക്കണ്ട,. ”
ചുക്ക് കാപ്പിയോ, അപ്പോൾ കിഷോർ ഇവിടെ ഉണ്ട്,.
“മോനുണ്ടേ അകത്ത്, ഇന്നലെ തുടങ്ങിയ പനിയാ,. ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞിട്ട് കേൾക്കണ്ടേ,.. ഒരേ കിടപ്പ്,.. ”
അവളുടെ ഉള്ളൊന്ന് പിടഞ്ഞു,..
“പിന്നെ എനിക്ക് ഓപ്പറേഷൻ കഴിഞ്ഞതായതോണ്ട് ഇങ്ങോട്ടേക്ക് വരാനും പറ്റില്ല,. ഇൻഫെക്ഷൻ ഉണ്ടാവുമെന്നാ പറയണേ,.. അവൻ ഈ ഡോക്ടർ ആവാനൊക്കെ പഠിച്ചതാണേ,. നല്ല ശ്രദ്ധയാ,.. എന്റെ കാര്യത്തിൽ ”
അവൾ പുഞ്ചിരിച്ചു,..
ഇതിലും നല്ല അവസരം വേറെയില്ല, .
“ചുക്ക് കാപ്പി ഞാനെടുത്തു കൊടുക്കാം അമ്മേ,.. ”
“അയ്യോ, മോൾക്ക് അതൊക്കെ ബുദ്ധിമുട്ടാവൂല്ലേ, സാരല്ല്യ അവൾ വന്നിട്ട് കൊടുത്തോളും, പിന്നെ എന്ത് തരം പനിയാണെന്ന് പറയാനും പറ്റൂല്ല,. ”
“അതൊന്നും സാരമില്ല,. ഒന്നൂല്ലേലും എന്റെ അമ്മ ഒരു ഡോക്ടർ അല്ലേ ???”
അവിക അടുക്കളയിൽ കയറി,.. ” മോളെ നല്ല ചൂടുണ്ടാവും, സൂക്ഷിച്ചു എടുക്കണേ,… ” അവർ ഓർമപ്പെടുത്തി,..
അവിക ഒരു ഗ്ലാസ്സിൽ ചുക്ക് കാപ്പി പകർത്തി അകത്തെ മുറിയിലേക്ക് നടന്നു,. എന്തോ ഹൃദയമിടിപ്പ് വല്ലാതെ കൂടി വരുന്നു,..
അവൻ മൂടിപ്പുതച്ചു കിടക്കുകയാണ്,.. അവിക ശബ്ദമുണ്ടാക്കാതെ ചുക്ക് കാപ്പി സ്റ്റൂളിൽ വെച്ചു, പതിയെ അവനെ തട്ടി വിളിച്ചു,..
“കിഷോർ,… ”
അവളുടെ സ്പർശനമേറ്റതും അവൻ ഞെട്ടലിൽ പിടഞ്ഞെഴുന്നേറ്റു,..
“അവീ നീയെന്താ ഇവിടെ ??”
അവൾ പരിഭവത്താൽ മുഖം തിരിച്ചു,..
“എനിക്കെന്താ വന്നൂടെ ? വിളിച്ചാലും ഫോൺ എടുക്കൂല്ല,. രണ്ടു ദിവസമായി സ്വിച്ച് ഓഫും,.. ഞാനെന്തു മാത്രം ടെൻഷൻ അടിച്ചൂന്നറിയുമോ കിഷോറിന്,.. ”
അവൻ സംസാരത്തിൽ ഗൗരവം വരുത്താൻ ഒരു ശ്രമം നടത്തി “ഞാൻ പറഞ്ഞില്ലാരുന്നോ, തിരക്കിലായിരിക്കുമെന്ന്,.. ”
“എന്നാലും,.. ഒന്ന് വിളിക്കുകയെങ്കിലും ചെയ്‌തൂടാരുന്നോ ?”
“എടോ,. ഫോൺ ചാർജ് തീർന്ന് ഓഫ് ആയിപ്പോയതാണ്,.. ”
അവികയുടെ കണ്ണ് നിറഞ്ഞു,..
“കരയാൻ മാത്രം ഞാനെന്താ പറഞ്ഞേ,. ദേ കണ്ണ് തുടക്ക്,.. ”
അവിക അവന്റെ നെഞ്ചിലേക്ക് ചേർന്നു,. കിഷോറിന്റെ ഉള്ളിലൊരു സ്പാർക് ഉണ്ടായി,. അവികയുടെ ഓരോ സ്പർശനത്തിലും അതുണ്ട്,.. കൊല്ലാതെ കൊള്ളുന്ന ഒരു മാജിക്കൽ ഫീലിംഗ്,.. പ്രണയതീവ്രതയുടെ ആണോ, അതോ കുറ്റബോധത്തിന്റേതാണോ എന്നറിയില്ല,.. അവൾ തൊടുമ്പോൾ ഉള്ള് പൊള്ളാറുണ്ട്,..
“എനിക്ക് പനിയാ അവി,.. മാറി നിൽക്ക് തനിക്ക് ക്ലാസ്സ് ഒക്കെ ഉള്ളതല്ലേ,.. ”
അവൾ അവനോട് കൂടുതൽ ചേർന്ന് നിന്നു,..
“അവീ,..”
“എന്നോടൊന്നും പറയണ്ട കിഷോർ,.. ഞാൻ മാറില്ല,… ”
അവൾ വാശിയിലാണെന്ന് അവന് തോന്നി,..
“നോക്ക് അഖിലയോ അമ്മയോ കണ്ടാൽ,.. ”
“കണ്ടാലെന്താ,.. കിഷോർ എന്റെ മാത്രവാ,.. ”
അവനെ അവളുടെ വാക്കുകൾ വല്ലാതെ ഉലച്ചു,.
“എന്താ ആലോചിക്കുന്നേ,.. ഈ ചുക്ക് കാപ്പി കുടിക്ക്,.. ” അവൾ ഒരു ഭാര്യയുടെ കടമയെന്നവണ്ണം അവന് നേരെ നീട്ടി,..
“കുറച്ചു എനിക്ക് തന്നേ,… ”
“ഞാൻ അഖിലയോട് പറയാം,.. ”
“എനിക്ക് കിഷോർ കുടിച്ചതിന്റെ ബാക്കി മതി,.. ”
“എടോ എനിക്ക് പനിയാണെന്ന്,.. ”
“കിഷോറിന്റെ പനിയൊക്കെ വിട്ടു, നന്നായി വേർക്കുന്നുണ്ടല്ലോ,.. കൈപ്പുണ്യം കണ്ടോ ഞാനൊന്ന് തൊട്ടപ്പോഴേക്കും പനി ഒക്കെ ആവി ആയി പോയത് കണ്ടോ ”
അവൻ ഒരിറക്ക് കുടിച്ചു…
“മതി മതി അടുത്ത സിപ് എനിക്ക് താ,.. ”
അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു,..
“എന്താ കിഷോർ, ഇങ്ങനെ നോക്കണേ, ഒരുമാതിരി വായിനോക്കികളെ പോലെ,.. ”
“ആരാ വായിനോക്കി എന്നൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കണ്ട,.. ”
അവിക തല താഴ്ത്തി,..
“ശരിയാ കിഷോർ, നിങ്ങളേം വായി നോക്കി നടന്ന സമയത്ത് നേരെ നടന്നിരുന്നേൽ ഒരുപക്ഷേ, ഞാനിന്ന് കന്യകയായിരുന്നേനെ !”
അവന്റെ മുഖം മങ്ങി,.. അവിക ടോപിക് മാറ്റാൻ ഒരു ശ്രമം നടത്തി,..
“യൂ ആർ സോ ഹോട് കിഷോർ,.. ”
അപ്പോഴാണ് അവൻ ഷർട്ട് ഇട്ടിരുന്നില്ലെന്ന ബോധം അവന് വന്നത് കിഷോർ കട്ടിലിന്റെ സൈഡിൽ അഴിച്ചിട്ട ഷർട്ട് വേഗം എടുത്തിട്ടു,..
“അച്ചോടാ,.. ഞാൻ ഒന്നും ഇതുവരെ കണ്ടിട്ടേ ഇല്ല,.. ”
അവൻ ഒന്നും ചെയ്യാനാവാത്ത അവസ്ഥായിലായി.. അവിക അവന്റെ കൈ പിടിച്ചു,..
കണ്ണുകൾ പലപ്പോഴും ഇരുവരുടെയും ഹൃദയത്തിന്റെ ആഴങ്ങളെ ചൂഴ്ന്നെടുക്കാറുണ്ടായിരുന്നു !!
അവിക അവന് നേരെ മുഖമടുപ്പിച്ചു ..
ഇരുവരുടെയും ശ്വാസഗതി വേഗത്തിലായി,… കിഷോറിന്റെ അധരങ്ങൾ അവികയുടെ അധരങ്ങളെ പൊതിഞ്ഞു,.. അവികയുടെ ഷാൾ ഊർന്ന് നിലത്ത് വീണു… അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു,.. അവൻ പതിയെ അവളെ കട്ടിലിലേക്ക് കിടത്തി,.
പാത്രം നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഇരുവരും പിടഞ്ഞെഴുന്നേറ്റു,.. അവിക ടെൻഷനിൽ കിഷോറിനെ നോക്കി,.അവൻ നിലത്ത് വീണ ഷോൾ അവികയ്ക്ക് എടുത്തു നൽകി,.. അവികയ്ക്ക് കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു,.. അരുതാത്തത് എന്തോ ചെയ്തെന്ന ഭാവം അവന്റെ മുഖത്ത് പ്രകടമായിരുന്നു,…
****—–******
അഖില മിഴിനീർ തുടച്ചു,.. അവളിൽ വെറുപ്പ് നുരഞ്ഞു പൊന്തുകയായിരുന്നു,.. ഒരു നിമിഷത്തേക്കവൾ താൻ നിലത്തെറിഞ്ഞുടച്ച പാത്രത്തിലേക്ക് നോക്കി,..
അവിക പുറത്തേക്കിറങ്ങി,. പുറകെ കിഷോറും,.. ചങ്കിടിപ്പിന്റെ ആഴം കൂടി വരുന്നതവളറിഞ്ഞു,..
“നിന്റെ പനി മാറിയോ മോനെ,.. ”
“അതൊക്കെ മാറും അമ്മേ,. മരുന്ന് കഴിക്കണമെന്നില്ല ചിലരുടെ ഒക്കെ സാമിപ്യം ഉണ്ടെങ്കിൽ തന്നെ രോഗം മാറും,.. ”
തന്നെ ഉദ്ദേശിച്ചാണ് അഖില അത് പറഞ്ഞതെന്ന് അവികയ്ക്ക് തോന്നി,.. അഖില എല്ലാം കണ്ടുവെന്ന് കിഷോറിന് ഉറപ്പായിരുന്നു,.. ലീല മകളെ ശാസനയോടെ നോക്കി,.. അഖില ദേഷ്യമടക്കാൻ പാട് പെട്ടു,.. അവന് അവികയുടെ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യം കിട്ടിയില്ല,…
“ഞാനെന്നാൽ ഇറങ്ങിക്കോട്ടെ,. എനിക്കിത്തിരി തിരക്കുണ്ട്,.. ”
അഖില ഇരുവരെയും അർത്ഥം വെച്ചൊന്ന് നോക്കി, ഇനിയും ഇവിടെ നിന്നാൽ രംഗം കൂടുതൽ വഷളാകുമെന്ന് അവികയ്ക്ക് തോന്നി,..
“ഞങ്ങടെ വീട്ടിൽ ആദ്യമായി വന്നിട്ട് , ഒന്നും കുടിക്കാതെ പോയാലെങ്ങനെയാ,.. ഞാൻ ചായ എടുക്കാം,.. ”
“വേണ്ട എനിക്ക് അൽപ്പം തിരക്കുണ്ട്,..ഞാൻ ഇറങ്ങിക്കോട്ടെ,. ”
കിഷോറിന്റെ നിശബ്ദത അവളെ കൂടുതൽ തളർത്തി,.. അവൻ അകത്തേക്ക് കയറിപ്പോയി,.. അവികയുടെ ഹൃദയത്തെ അത് കൂടുതൽ നോവിച്ചു,..
അഖില എല്ലാം കണ്ടതുകൊണ്ടാവാം ഇങ്ങനെ പെരുമാറുന്നത്,.. ഒരു നിമിഷത്തേക്ക് ഇരുവരും എല്ലാം മറന്നു എന്നത് സത്യമാണ്,.. എന്നായാലും അവർ അറിയേണ്ട, അംഗീകരിക്കേണ്ട കാര്യമല്ലേ? ഞങ്ങൾ ഒന്നാണെന്ന വിവരം,.. അവളുടെ മനസ്സ് മാറുമായിരിക്കും,.. എന്നാലും അത്ര വലിയ തെറ്റാണോ താനും കിഷോറും ചെയ്തത്,. അഖിലയുടെ മുഖത്ത് ഇത്ര ദേഷ്യത്തിന്റെ കാര്യമെന്താ,. ഒരുപക്ഷേ, ഞങ്ങൾ തമ്മിൽ പരിചയമുള്ള കാര്യം അവൾക്ക് അറിയാത്തത് കൊണ്ടാവാം,. ഇനി അതുമല്ലെങ്കിൽ ചേട്ടന്റെ പ്രണയചാപല്യങ്ങൾ നേരിൽ കണ്ട ഒരനിയത്തിയുടെ ചടപ്പുമാകാം,..
“ശരി അമ്മേ, . ”
“ശരി മോളെ.. ഇടയ്ക്ക് അമ്മേനേം കൂട്ടി, ഇറങ്ങൂട്ടോ,.. ”
അവൾ തലയാട്ടി,.. അവികയുടെ മിഴികൾ നിറഞ്ഞു,.. അഖില കാണാതെ അവളത് തുടക്കാൻ ശ്രമിച്ചു, .
കാലിലെ ചെരുപ്പിന്റെ വള്ളി ഇടുമ്പോഴാണ്,.. ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ച ഒരു ഫോട്ടോയിൽ അവളുടെ ശ്രദ്ധ പതിയുന്നത്,..
“ഇതാരാ ???” അവിക അഖിലയെ നോക്കി,…
“ഇതെന്റെ ചേച്ചിയാ, അമല,.. കിഷോറേട്ടന്റെ ഭാര്യ,… ”
അവികയുടെ ഉള്ളിൽ ഒരു വെള്ളിടി ആഞ്ഞു വെട്ടി,.. വിശ്വസിക്കാനാവാതെ അവൾ അഖിലയെ നോക്കി,.. അവികയ്ക്ക് ശരീരം തളരുന്നത്പോലെ തോന്നി.. വീഴാതെ അവൾ തൂണിൽ മുറുകെ പിടിച്ചു,…
(തുടരും )
അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission