ചത്ത കിളിയെ പോലിരുന്ന് നോക്കുവാ രണ്ടും.. ആരേലും ഒന്ന് മിണ്ട്..
ഏഹേ ഒരനക്കവും ഇല്ല.. അവസാനം സഞ്ജുന്റെ നെഞ്ചത്തൂടെ ചവിട്ടി ഞാൻ തന്നെ ചാടിയെണീറ്റു.. “എടീ പണ്ടാരക്കാലീ..!!” അവൻ കിടന്ന് അലറുവാ..
“ടാ ടാ വേണ്ടാ..!!” അങ്കിളാ.. “ഇനീം നീ വല്ലോം മിണ്ടിയാലുണ്ടല്ലോ.. ആഞ്ജനേയാ..” അങ്കിള് കടിച്ച് പിടിച്ച് ഇരിക്കുന്നു..
പിന്നൊന്നും മിണ്ടാതെ സഞ്ജൂം പൊടി തട്ടി എണീറ്റു.. എന്നിട്ടും അച്ഛനും അങ്കിളും ഇപ്പോഴും നിലത്തിരിപ്പാ..
“മക്കളിങ്ങ് വന്നേ.. ഇവിടെ വന്നിരിക്ക്..” അങ്കിളാ.. അച്ഛനാണേൽ എന്നെ നോക്കുന്ന പോലും ഇല്ല..
ഞങ്ങളും അവരുടെ ഒപ്പം നിലത്തിരുന്നു.. അങ്കിളാ തുടങ്ങിയെ.. “അല്ലാ സഞ്ജു.. നീയൊരു ജോലിക്കാര്യം പറഞ്ഞിരുന്നില്ലേ.. ചെന്നൈലോ മറ്റോ..”
“ആ അവിടൊരു ആഡ് ഏജൻസീല്.. എന്താ അച്ഛാ..”
“അല്ല ഞങ്ങളിങ്ങനെ ആലോചിക്കുവാരുന്നു, നിനക്കൊരു ജോലി കിട്ടീട്ട് വെറുതെ ഞങ്ങളായിട്ട് അത് കളയാണോന്ന്..”
“അത് ഞാൻ അച്ഛനോട് അന്നേ പറഞ്ഞതല്ലേ.. എന്നിട് അച്ഛനല്ലേ എന്നെ വിടാത്തെ..”
“എന്ത് ചെയ്യാനാ ഞാനൊരു ട്യൂബ് ലൈറ്റായി പോയില്ലേ.. അന്ന് ഇത് വല്ലോം കത്തിയിരുന്നേൽ, ഞാൻ എപ്പോഴേ കടകം ചാടിയേനെ..”
അങ്കിളിന്റെ പിരി പിന്നേം പോയാ..
“അച്ഛനിപ്പോ ശരിക്കും എന്താ അറിയേണ്ടേ..”
“നിന്റെ ജോലിക്കാര്യം പറ.. നിനക്ക് ഇനി വേണേലും അവിടെ ജോയിൻ ചെയ്യാൻ പറ്റോ..”
“അതൊക്കെ പറ്റും.. ഈ മാസത്തിനകത്ത് എപ്പോ വേണേലും പോയി ജോയിൻ ചെയ്യാം..”
“ഹോ എന്റെ ദൈവങ്ങളെ നീ കാത്തു.. അപ്പൊ മോൻ നാളെ രാവിലെ തന്നെ പെട്ടീം കിടക്കേം എടുത്ത് ഇറങ്ങിക്കോ..”
“എങ്ങോട്ട്..”
“വേറെങ്ങോട്ട്, ചെന്നൈക്ക് തന്നെ.. നീ ഒരുപാട് ആശിച്ചതല്ലേ.. ഇനി ഞങ്ങളത് നടത്തി തന്നില്ലെന്ന് വേണ്ട.. അതോണ്ട് നീ നാളെ രാവിലെ തന്നെ പൊയ്ക്കോ..പിന്നെ, എന്നെയോ നിന്റെ അമ്മയോ കാണണം ന്ന് തോന്നുമ്പോ ഇങ്ങോട്ട് പറഞ്ഞാ മതി, ഞങ്ങള് നിന്നെ അങ്ങോട്ട് വന്ന് കണ്ടോളാം..”
“എന്ന് വച്ചാ..”
“ആഹാ നിനക്ക് ഇത്രേം പറഞ്ഞിട്ടും മനസിലായില്ലേ ടാ.. ഇനി ഞാൻ ശരിക്കും മലയാള ഭാഷ പുറത്തെടുക്കണോ.. ദേ പറഞ്ഞില്ലെന്ന് വേണ്ട, മര്യാദക്ക് നീ നാളെ സ്ഥലം വിട്ടോണം, വെറുതെ എന്നെ കൊണ്ട് പടിയടച്ച് വാഴ വപ്പിക്കണ്ട..”
“അച്ഛാ..!!!”
സഞ്ജു ചാടിയെണീറ്റ് നോക്കിയപ്പോ ദേ അച്ഛനും ഒപ്പം എണീറ്റ് നിക്കുന്നു.. “സഞ്ജു നീ വാ.. നമുക്ക് കുറച്ച് നേരം മാറി നിന്ന് സംസാരിക്കാം..”
ഇനി വല്ല ദേഹോപദ്രവം ആയിരിക്കോ.. ആ ഇനീപ്പോ രണ്ട് കിട്ടാനാണ് അങ്ങേർക്ക് വിധിയെങ്കി കിട്ടട്ടെ.. അപ്പോഴേക്കും അച്ഛൻ സഞ്ജുന്റെ തോളിൽ കയ്യിട്ട് കൂട്ടിക്കൊണ്ട് പോയി..
പാവം അങ്കിളാണേൽ ഇപ്പോഴും ക്രാവി ക്രാവി ഇരിപ്പാ.. “ഓ ഇത് വല്ലോം നേരത്തെ അറിഞ്ഞിരുന്നേൽ, ഞാൻ വെറുതെ കഷ്ടപ്പെടില്ലാരുന്നു..”
“അതിന് അങ്കിളെന്ത് കഷ്ടപ്പെട്ടു..”
“പിന്നല്ലാണ്ട് കടേല കണക്ക് ബുക്കും കൊണ്ട് ഞാൻ തേരാ പാരാ നടന്നത് വെറുതെയാന്നാ നിന്റെ വിചാരം.. അതിനൊക്കെ പാവം നമ്മടെ നിരഞ്ജനും തനുമോളും.. അതുങ്ങള് രണ്ടും ഞാൻ കൊടുത്ത ബുക്കില് ഓരോന്ന് എഴുതി പഠിച്ചു.. അങ്ങനെ വല്ലോം ആണാ നിങ്ങള്.. ഞാൻ മനസില് ചിന്തിക്കും മുൻപേ രണ്ടും മാനത്ത് കേറി കൊത്താൻ നിക്കുവല്ലേ ..”
“അയ്യേ അങ്കിളേ അങ്കിളിന് ഇനിയെങ്കിലും മതിയാക്കി കൂടെ ഈ നാരദന്റെ പണി..”
അങ്കിളൊരു നോട്ടം..
“ഹാ നിന്നേം പറഞ്ഞിട്ട് കാര്യമില്ല.. ഒക്കത്തിനും നിന്റെ അച്ഛനാ ടീ കാരണം.. നൂറ് നാവല്ലേ അവന് പെണ്മക്കളെ പറ്റി പറയുമ്പോ.. കശ്‌മലൻ.. അതൊക്കെ വിശ്വസിച്ച പാവം ഞാനൊരു മണ്ടൻ.. വായില് വിരലിട്ടാ കടിക്കില്ല പോലും.. എന്നിട്ടിപ്പോ ഒരുമാതിരി ഓടിച്ചിട്ട് കടിക്കണ ഡോബർമാനെ വാങ്ങിയ പോലുണ്ട്..”
“അങ്കിളേ..!!”
“നിന്നെ താങ്ങിയതല്ല ടീ കൊച്ചെ.. മനുഷ്യന് വക തിരിവ് വരുന്ന പതുക്കെയാ, അത് പറഞ്ഞതാ.. ഞാൻ വീട്ടില് ആ രണ്ട് മൊതലിനെ നോക്കാൻ പെട്ട പാട്.. ഹോ അതൊക്കെ നിങ്ങള് രണ്ടെണ്ണം വന്ന് കേറുമ്പോ തീരും ന്നാ ഞാൻ വിചാരിച്ചേ.. പക്ഷെ നിന്റെം ലവന്റേം പോക്ക് കണ്ടിട്ട്, എനിക്ക് പണി കിട്ടുന്ന എല്ലാം വഴിയും ഞാൻ കാണുന്നുണ്ട്..”
“ഹ ഞങ്ങള് അങ്ങനെ ചെയ്യോ അങ്കിളേ.. അങ്കിളെന്താ ഇങ്ങനെ..”
“മിണ്ടരുത് നീ.. ഒരു തെറ്റും ചെയ്യാത്ത എന്നെ ഒരു സിഗററ്റില് കുടുക്കിയവളാ നീ..”
“ഹ അത് ഞാൻ ഒറ്റക്കല്ലന്നേ.. ഞാനും സഞ്ചുവേട്ടനും കൂടി ചേർന്ന് സ്കെച്ചിട്ടതാ..”
“എന്തിന്.. എന്റെ മൂക്കില് പഞ്ഞി വക്കുന്ന കാണാനോ..”
ഹിഹി ഞാനൊന്ന് നോക്കി ഇളിച്ചു.. “അല്ലാ അങ്കിള് ഇതിന്റെ പേരിലിനി ഞങ്ങടെ കല്യാണമെങ്ങാനും വേണ്ടാന്ന് വക്കോ..”
“എന്റെ പൊന്നോ.. അങ്ങനെ വല്ലോം ചെയ്യും മുൻപ് ഞാൻ എനിക്കൊരു പെട്ടി ഓർഡർ ചെയ്യും..”
ആ അപ്പൊ വെളിവുണ്ട്.. ഞാൻ ഒന്നൂടി ചിരിച്ചു..
“വാ കൊച്ചേ താഴെ പോകാം.. അവിടെ എല്ലാരും വെയിറ്റ് ചെയ്യുവാ..”
“അപ്പൊ സഞ്ചുവേട്ടൻ..”
“ഹ അവര് വരുമെടീ കൊച്ചെ.. നിന്റെ തന്തയല്ലേ അവനെ കൊണ്ട് പോയെ.. എന്നെ പറ്റിച്ച പോലെ ആ ചെക്കനേം പറ്റിക്കുവായിരിക്കും അവൻ, നിന്നെ പോലെ അടക്കോം ഒതുക്കോം ഒള്ള വേറെ പെണ്ണ് ഈ ലോകത്ത് കാണില്ലാന്നും പറഞ്ഞ്.. ഹാ നിന്റെ അച്ഛനേം പറഞ്ഞിട്ട് കാര്യമില്ല, നീ വന്നാ സഞ്ജു നന്നാവും ന്ന് ഞാൻ വിചാരിച്ച പോലെ, ചിലപ്പോ അശോകനും വിചാരിച്ച് കാണും സഞ്ജുനെ കെട്ടിയാ നീയും നന്നാവുംന്ന്..”
ഓ അതിന്റെ ഇടയ്ക്കും നമുക്കിട്ടാ താങ്ങ്..
താഴെ ചെന്ന് ചേച്ചീടേം ചേട്ടന്റേം കൂടെ കുറെ നേരം നിന്നു.. കുറച്ച് കഴിഞ്ഞപ്പോ അങ്കിള് മാറി നിന്ന് ആരോടോ സംസാരിക്കാൻ തുടങ്ങി..
അപ്പോഴാ കണ്ടേ പടിയിറങ്ങി വരുന്നു സഞ്ജു.. കൂടെ അച്ഛനും.. ചിരിച്ച് കളിച്ചാ രണ്ടും വരവ്..
അച്ഛൻ നേരെ അങ്കിളിന്റെ അടുത്തേക്ക് നടന്നതും സഞ്ജു നിന്ന് എന്നെ നോക്കുന്നു.. എന്നിട്ട് വീണ്ടും മുകളിലേക്ക് കേറി പോകുന്നു..
കുറച്ച് നേരം നിന്ന് കറങ്ങി ആരും ശ്രദ്ധിക്കുന്നില്ലാന്ന് കണ്ടപ്പോ, ഞാനും മേലോട്ട് വച്ച് പിടിച്ചു..
ഓടി വന്ന് സഞ്ജുന്റെ മുറിയുടെ വാതിലിനരികിൽ എത്തിയപ്പോഴേക്കും കയ്യിൽ പിടിച്ചാരോ എന്നെ ഉള്ളിലേക്ക് വലിച്ചെടുത്തു.. ഒന്ന് നോക്കും മുൻപേ, അവനെന്നെ മുറുകെ കെട്ടിപ്പിടിച്ചു.. എന്നിട്ട് പെട്ടെന്ന് വിട്ട് മാറി എന്റെ കയ്യിലൊരു ഫോൺ വച്ചു സഞ്ജു.. “നമ്പർ താടീ പെട്ടെന്ന്..”
“അപ്പൊ നിങ്ങള് ശരിക്കും പോവാ നാളെ..”
ആദ്യമായി കണ്ണിലൊരു നോവ് പടരുന്ന പോലെ..
എന്നെ നോക്കിക്കൊണ്ടാ സഞ്ജു തലയാട്ടിയെ.. അപ്പോഴും അവന്റെ ഇടത് കൈ എന്റെ കവിളിൽ തഴുകുന്നുണ്ടായിരുന്നു.. “ഇനീം നിന്റടുത്ത് കണ്ടാ എന്നെ അപ്പൊ നാട് കടത്തും ന്നാ ഓർഡർ.. എന്തായാലും അത് വേണ്ട.. കുറച്ച് നേരം കൂടിയെങ്കിലും ഞാനിങ്ങനെ കണ്ടോട്ടെ..”
അവന്റെ ശബ്ദവും ഇടറുന്ന പോലെ..
“വേറെന്ത് പറഞ്ഞു അച്ഛൻ..”
“എന്തൊക്കെയോ പറഞ്ഞു.. ഒക്കെ നിന്നെ പറ്റിയാ.. നീ അത്ര പാവമൊന്നും അല്ല, അനുസരണയൊക്കെ കുറവാ, ചിലപ്പോ എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കും, അതൊക്കെ നിന്റെ ഇഷ്ടം കൊണ്ടാ, അങ്ങനെ ഒരുപാട് പറഞ്ഞു മാമൻ.. അതില് എനിക്കാകെ മനസിലായത് ഒന്നാ, നിന്നെയോർത്ത് ഒരുപാട് ടെൻഷനടിക്കുന്നുണ്ട് ആ മനുഷ്യൻ.. അതോണ്ട് പിന്നെ ഞാൻ പറഞ്ഞു, മാമൻ വെറുതെ പേടിക്കണ്ടാ, അവളെന്നെ കൊല്ലാൻ നോക്കാത്തിടത്തോളം കാലം ഞാനവളെ സ്നേഹിച്ച് കൊല്ലുംന്ന്..”
അപ്പോഴേക്കും ഒരു ചുടുചുംബനം എന്റെ നെറ്റിത്തടത്തിൽ പതിഞ്ഞിരുന്നു.. “ഇനി ഇതാരും കാണണ്ട ലച്ചൂ.. നീ പൊയ്ക്കോ താഴെ.. ഞാൻ പിറകെ വരാം..”
പോകാൻ തുടങ്ങുമ്പോഴാ ഒരു സംശയം.. “അല്ല മനുഷ്യാ ഇനീപ്പോ ചെന്നൈലൊക്കെ ആയോണ്ട് നിങ്ങളിനി ഫുൾ ടൈം തണ്ണി ആയിരിക്കോ..”
“ഷെയറിട്ടടിക്കാൻ നീയൊരുത്തി ഒള്ളപ്പോഴോ.. ഇല്ല ലച്ചൂ..”
പെട്ടെന്നൊരു മുത്തം സഞ്ജുന്റെ കവിളിൽ കൊടുത്ത് ഞാനോടി പടിയിറങ്ങി.. എന്നിട്ട് നേരെ വന്ന് ഒന്നുമറിയാത്ത മട്ടിൽ അച്ഛനെ ചുറ്റി പറ്റി നിന്നു.. അച്ഛൻ ആദ്യമൊന്നും മൈൻഡില്ല, പിന്നെ ഇടക്കൊന്ന് നോക്കിയപ്പോ ഞാനങ്ങോട്ട് ചേർന്ന് നിന്നു..
അത്ര മതി അച്ഛനൊന്ന് ചിരിക്കാൻ.. “സഞ്ജു നല്ല പയ്യനാ ടീ.. ഞാനന്നേ പറഞ്ഞില്ലേ..”
അപ്പൊ തന്നെ വന്നു ഫോണിലേക്ക് ഒരു കോൾ.. പക്ഷെ എടുക്കും മുൻപ് തന്നെ അത് കട്ടായി.. തിരിഞ്ഞ് നോക്കിയപ്പോ ഫോണും പിടിച്ച് പടിക്കെട്ടിറങ്ങി വരുവാ സഞ്ചുവേട്ടൻ.. നിറഞ്ഞ പുഞ്ചിരിയോടെ…..!!
അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ ഓടി മറഞ്ഞു.. സഞ്ജു ഇപ്പൊ ചെന്നൈയിലാണ്.. പോരാഞ്ഞിട്ട് ഒരിക്കൽ പോലും നാട്ടിലേക്ക് വരാൻ നല്ലവരായ ഞങ്ങടെ പിതാശ്രീകൾ സമ്മതിച്ചിട്ടില്ല പാവത്തെ..
അതിനിടയ്ക്ക് ചേച്ചിക്കും ചേട്ടനും ഒരു വാവ കൂടി ആയി.. അപ്പു..
ഇനി ഞാനൊരു ജോലി ഒപ്പിക്കണോ ല്ലോ ന്ന് ആലോചിച്ചിരിക്കുമ്പോഴാ, അങ്കിളിന്റെ അടുത്ത വരവ് കണക്ക് ബുക്കും കൊണ്ട്.. വീണ്ടും ബംഗാളി ലീവാത്രേ, കണക്ക് ഞാനെഴുതി കൊടുക്കണം പോലും..
“എന്നാ പിന്നെ ഇത് സ്ഥിരായി ഞാൻ തന്നെ ചെയ്യാം അങ്കിളേ.. അങ്കിളാ ബംഗാളിയെ പിരിച്ച് വിട്ടേക്ക്..”
പക്ഷെ അങ്കിള് അവിടേം ഇട്ടൊന്ന് പണിഞ്ഞു.. ബംഗാളിയെ പിരിച്ച് വിടാതെ എനിക്ക് പ്രൊമോഷൻ തന്നു.. ആ പണ്ടാരക്കട മൊത്തത്തിൽ എന്റെ തലയിലെടുത്ത് വച്ച്, അങ്കിള് റിട്ടയേർഡ് ആയി..
“അപ്പൊ ഇനി ജോലി ആയ സ്ഥിതിക്ക് ഞങ്ങളെ കെട്ടിക്കാല്ലോ അല്ലെ..” കേട്ടോണ്ട് നിപ്പുണ്ട് അച്ഛനും..
പിന്നെ തീരുമാനമൊക്കെ പെട്ടെന്നായി, ട്രാൻസ്ഫർ മേടിച്ച് സഞ്ചുവേട്ടനും പറന്നെത്തി..
അങ്ങനെ സ്വന്തം കല്യാണത്തിന് വേണ്ടി ഞാനും കെട്ടിയൊരുങ്ങി ഇറങ്ങി എടുത്താൽ പൊങ്ങാത്തൊരു സാരിയിൽ.. സഞ്ജുവാണേൽ ഒരു ഒട്ടിപ്പോ മുണ്ടിന്റെ ധൈര്യത്തിലും..
“ആരേലും പിടിച്ച് വലിച്ചാ ഇതെങ്ങാനും ഊരിപ്പോവോ മനുഷ്യാ..”
“ഇതിന് മറുപടി ഞാൻ നിനക്ക് രാത്രി തരാവേ ടീ വടയക്ഷീ..”
“വടയക്ഷി നിങ്ങടെ കെട്ട്യോളാ ടോ കോഴിക്കാലാ..”
“ആരാ ടീ നിന്റെ കോഴി..!!” അങ്ങേരെന്റെ കയ്യെ പിടിച്ച് തിരിക്കുന്നു.. “ന്റെ കൈ..!!”
നോക്കുമ്പോ നാട്ടുകാരുൾപ്പെടെ എല്ലാരും നോക്കി നിന്ന് ചെറയുവാ.. അച്ഛനും അമ്മയ്ക്കുമൊക്കെ വേറെന്തോ വികാരങ്ങൾ.. ഓ അവര് രക്ഷപ്പെട്ടല്ലോ..
പക്ഷെ അങ്കിളിനൊരു പന്തികേട് പോലെ.. അല്ലാ നന്നാവും നന്നാവും ന്ന് കരുതി പിടിച്ച് കെട്ടിച്ചതല്ലേ.. ഹിഹി പക്ഷെ ഞങ്ങളൊരു കാലത്തും നന്നാവൂല..
ആദ്യരാത്രിക്ക് ഗ്ലാസും പിടിച്ച് പടി കേറുമ്പോഴാ, ദോ ഓടി വരുന്നു ആന്റി.. “അയ്യോ ഇത് വെറും ഗ്ലാസ്സല്ലേ.. മോള് പാലെടുത്തില്ലേ..”
“പാല് ഞാൻ ആൾറെഡി റൂമിൽ കൊണ്ടോയി വച്ചു ആന്റി..”
“ആണോ എന്നാ ശരി..”
അല്ലാണ്ട് പിന്നെ പാലൂടി കുടിച്ചാ പിരിയും ന്ന് പറയാൻ പറ്റൂലല്ലോ..
സഞ്ചുവേട്ടന്റെ മുറീടെ വാതിൽ ഞാൻ തള്ളി തുറന്നു.. എന്റെ കണവൻ അവിടെ ത്രീ ഫോർത്തും ടീ ഷർട്ടും ഇട്ട് എന്തൊക്കെയോ അരിച്ച് പെറുക്കുവാ..
“അയ്യേ നീയെന്താ ടീ ഈ സാരീല്.. നിനക്ക് വേറൊന്നും കിട്ടീലെ..”
“അത് പിന്നെ സിനിമേല് നായകനൊക്കെ ഫസ്റ്റ് നൈറ്റില് സെറ്റ് സാരി തന്നെ വേണ്ടേ.. അതോണ്ട് ഉടുത്തതാ..”
“എന്തോന്ന്..”
“ഹോ ലതാന്റി ഉടുപ്പിച്ചതാ മനുഷ്യാ.. ദേ ഗ്ലാസ് ഇവിടെ ഇരിപ്പുണ്ട്.. നിങ്ങള് സാധനം സെറ്റാക്കി വയ്, ഞാൻ അപ്പോഴേക്കും ഇതൊന്ന് മാറ്റീട്ട് വരാം..”
അപ്പൊ തന്നെ വാഷ്റൂമിൽ കേറി ഞാനൊരു ത്രീ ഫോർത്തും ഇട്ട് പുറത്തേക്ക് ചാടി.. ഹായ് സഞ്ജു എല്ലാം ഒഴിച്ച് റെഡിയാക്കി വച്ചിട്ടുണ്ട്.. പോരാഞ്ഞിട്ട് കയ്യിലൊരു ഗ്ലാസ്സും പിടിച്ചൊരു നോട്ടവും.. എന്താ ഇപ്പൊ ഇങ്ങനെ നോക്കാൻ..
“സത്യം പറ മനുഷ്യാ.. ഞാനില്ലാത്ത നേരത്ത് നിങ്ങള് ഇതെടുത്ത് അടിച്ചാ..”
നോക്കുമ്പോ എന്റെ നേരെ പാഞ്ഞ് വരുവാ സാധനം.. ചുമരിൽ എന്നെ ഇടിച്ച് നിർത്തിയിട്ടൊരു ചോദ്യം.. “എന്താ ടീ സ്മെല്ലുണ്ടോ..”
“സ്മെല്ലില്ല എന്നാലും..” അപ്പോഴേക്കും അവനെന്റെ ചുണ്ട് കവർന്നെടുത്തു.. പാവം പച്ചയാ.. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു..
സഞ്ജു ഇടിപ്പിലൂടെ എന്നെ കോരിയെടുത്ത് ബെഡിലേക്ക് വീണതും, ഞങ്ങടെ തല്ല് പിടിത്തമൊക്കെ മറ്റൊരർത്ഥത്തിലേക്ക് നീങ്ങുകയായിരുന്നു…….!!
***********************
അഞ്ച് കൊല്ലങ്ങൾക്ക് ശേഷം…..
ആരുടെയോ അലർച്ച കേട്ടാ ഞാൻ കണ്ണ് തുറന്നെ.. ഈശ്വരാ എന്താ ഒരൊച്ച..
നോക്കുമ്പോ സഞ്ജുന്റെ മേത്താ ഞാൻ കിടക്കുന്നെ.. “സഞ്ചുവേട്ടാ ഒന്ന് എണീക്ക്.. സഞ്ചുവേട്ടാ..”
കുലുക്കി വിളിച്ചിട്ടും എണീക്കുന്നോന്ന് നോക്ക് സാധനം.. അവസാനം കൊടുത്തു ഒരു കടി കഴുത്തിൽ..
“ആഹ് അമ്മേ..!!” കഴുത്തും തടവി എണീക്കുവാ അവൻ.. “എന്താ ടീ പുല്ലേ.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലേ.. എത്ര നാള് കൂടിയാ ഒന്ന് സമാധാനത്തോടെ ഉറങ്ങിയതെന്നറിയോ..”
അതും ശരിയാ.. അത്രക്കൊള്ള പണിയല്ലേ ഞങ്ങള് രണ്ടും ചേർന്ന് ഉണ്ടാക്കിയെ..
നോക്കുമ്പോ അവൻ പിന്നേം കണ്ണടച്ച് എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നു..
“നിങ്ങളിവിടെ പിന്നേം കിടക്കുവാണോ.. ദേ പുറത്ത് ആരോ കിടന്ന് കീറി വിളിക്കുന്നുണ്ട് മനുഷ്യാ..”
“ഏഹ്..” അവൻ ഞെട്ടി ചാടിയെണീറ്റു..
നിലത്ത് കിടന്ന തുണിയൊക്കെ എടുത്തിട്ട് ഞങ്ങള് രണ്ടും ഇറങ്ങിയൊരോട്ടം..
“എന്താ എന്താ പ്രശ്നം..” സഞ്ജുവാ..
മുറ്റത്ത് തന്നെ നിപ്പുണ്ട് അപ്പുവും പിന്നെ ഞങ്ങടെ രണ്ട് കുരുപ്പുകളും.. അല്ലിയും അന്നയും.. ഇരട്ടകളാ ട്ടാ, അതിലും വല്യ പരട്ടകളും..
മൂന്നര വയസേ ഒള്ളെങ്കിലെന്താ, അതുങ്ങളെ കൂടെ നിക്കാൻ ആറ് വയസായ അപ്പൂന് തന്നെ പേടിയാ..
നോക്കുമ്പോ അപ്പു പിന്നേം നിന്ന് കീറി വിളിക്കുന്നു.. “എന്താ അപ്പു.. എന്തിനാ മോൻ കരയുന്നെ..” ഞങ്ങടെ സന്തതികളെ മാറി മാറി നോക്കിയാ ഞാൻ ചോദിച്ചേ..
“ആന്റീ.. ന്റെ ചോക്ലേറ്റ് കാണണില്ല..ങ്ങീ ങ്ങീ..”
ഈശ്വരാ ഇനി ഇവളുമാരെങ്ങാനും.. രണ്ടിനേം വിശ്വസിക്കാൻ കൊള്ളില്ല..
“അല്ലീ അന്നാ, നിങ്ങളെങ്ങാനും കണ്ടോ പിള്ളേരെ അപ്പൂന്റെ ചോക്ലേറ്റ്..”
“ഇല്ല ആന്റീ.. അവരും നോക്കി എല്ലായിടത്തും.. പക്ഷെ കിട്ടീല..” ശെടാ അപ്പു ഇത്ര കൃത്യായിട്ട് പറയുമ്പോ പിന്നെ അതെവിടെ പോകാനാ..
“അതിനെന്താ മോന് മാമൻ ചോക്ലേറ്റ് മേടിച്ച് തരാല്ലോ..” സഞ്ജു അപ്പോഴേക്കും മോനെ കയ്യിലെടുത്തു.. “ലച്ചൂ നീയൊരു ഷർട്ടെടുത്തോണ്ട് വാ.. ഞാൻ പോയൊരു ചോക്ലേറ്റ് മേടിച്ചിട്ട് വരാം..”
ഞാനോടി മുറിയിൽ ചെന്നപ്പോ ദേ എന്റെ വാലേ തൂങ്ങി നിക്കുന്നു അല്ലി.. ന്നിട്ടൊരു കള്ളച്ചിരിയും .. “പാവം അപ്പുവേത്തൻ.. നങ്ങള് കൊറേ നോക്കി അമ്മെ.. പസേ കിത്തീല..”
(പാവം അപ്പുവേട്ടൻ.. ഞങ്ങള് കൊറേ നോക്കി അമ്മെ.. പക്ഷെ കിട്ടീല..)
ഓ എന്തോ അത്ര വിശ്വാസം വരുന്നില്ല.. അതും ഇവള് നോക്കിയെന്ന് പറഞ്ഞാ.. “മോള് പറ ശരിക്കും എന്താ അവിടെ നടന്നേന്ന്.. അമ്മ കേൾക്കട്ടെ..”
“അത് നാൻ എന്തെ തോക്കളേറ്റ് നോക്കിയപ്പോ കന്തില്ല.. അപ്പൊ നാൻ അന്നെട തോക്കലേറ്റ് തിന്നു.. അപ്പൊ ണ്ട് അന്ന വന്നു.. അവള തോക്കലേറ്റ് കാണാത്തോണ്ട് നങ്ങള് അപ്പുവേത്തന്റെ തോക്കലേറ്റ് തിന്നു..”
(അത് ഞാൻ എന്റെ ചോക്ലേറ്റ് നോക്കിയപ്പോ കണ്ടില്ല അമ്മെ.. അതോണ്ട് പിന്നെ ഞാൻ അന്നേ ട ചോക്ലേറ്റ് എടുത്ത് തിന്നു.. അപ്പോഴുണ്ട് അന്ന വരുന്നു.. അവളുടെ ചോക്ലേറ്റ് കാണാത്തോണ്ട് ഞങ്ങള് രണ്ടും കൂടി അപ്പുവേട്ടന്റെ ചോക്ലേറ്റ് എടുത്ത് തിന്നു..)
“ദീ ദുസ്തീ.. എന്ത തോക്കലേറ്റ് തിന്നല്ലേ നീ .. നിന്ത തോക്കലേറ്റ് നാനാ ദീ തിന്നെ..”
( ടീ ദുഷ്‌ടീ.. എന്റെ ചോക്ലേറ്റ് തിന്നല്ലേ നീ.. നിന്റ ചോക്ലേറ്റ് ഞാനാ ടീ തിന്നേ..)
നോക്കുമ്പോ വാതിൽക്കൽ സഞ്ചുവേട്ടന്റെ തോളിലിരുന്ന് ചിലക്കുവാ അന്ന..
ഈശ്വരാ ഈ രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ചോക്ലേറ്റ് കട്ട് തിന്നതും പോരാ, എന്നിട്ട് പാവം ഒരു ചെക്കന്റെ ചോക്ലേറ്റ് കൂടി തിന്നേക്കുന്നു.. എന്നിട്ട് എല്ലാം കൂടി തിന്ന ചോക്‌ളേറ്റും തപ്പി നടന്നേക്കുന്നു.. അപ്പൂനെ പോലും വിശ്വസിപ്പിച്ചു സാധനങ്ങള്..
“എവിടുന്ന് കിട്ടുന്നോ ഈശ്വരാ ഇതിനൊക്കെ ഇതിനും മാത്രം കുരുട്ട് ബുത്തി..”
ഞാനവിടെ തലേ കൈ വച്ച് ഇരുന്ന് പോയി.. സഞ്ജുവാണേൽ കിളി പോയി നിപ്പാ.. പാവം നിന്ന നിൽപ്പിൽ മോളെ താഴെ വച്ച് എന്റൊപ്പം വന്ന് നിലത്തിരുന്നു.. “ഇത് ശരിക്കും നമ്മടെ പിള്ളേരാണാ ടീ..”
എന്ത് പറയാനാ.. ഞാൻ പാവ പോലിരുന്ന് തലയാട്ടി..
“ഇതൊക്കെ മൂന്ന് വയസിലേ ഇങ്ങനാണേൽ ഈശ്വരാ ഞാനിനി എന്തൊക്കെ കാണാൻ കിടക്കുന്നോ എന്തോ..”
“നീ കാണാൻ കിടക്കുന്നെ ഒള്ളെടാ..” ഒരു അശരീരി.. ഓ അങ്കിളാ വാതിൽക്കൽ.. ശവത്തേ കുത്താൻ വന്നതാ.. “ഹ്മ് ഞാൻ കരുതിയെ രണ്ട് ആൺമക്കളെ തന്ന് ദൈവം എന്നെയാ പരീക്ഷിച്ചേന്ന്.. പക്ഷെ ഇപ്പൊ മനസിലായി അതിലും വലിയ മുട്ടൻ പണിയായിരുന്നു അങ്ങേര് അശോകന് കൊടുത്തേന്ന്.. ഹഹഹഹ.. നിനക്കിത് വേണമെടാ, അത്രക്കാ നിങ്ങള് രണ്ടും കൂടിയെന്നെ വെള്ളം കുടിപ്പിച്ചെ.. ഇനി കുറച്ച് നാള് നിങ്ങള് കിടന്ന് വെള്ളം കുടിക്ക്.. അത് ഞാനൊന്ന് കാണട്ടെ..”
അതും പറഞ്ഞ് അങ്കിള് തിരിയാൻ തുടങ്ങുമ്പോഴുണ്ട്, “ഹാ വിട് പിള്ളേരെ.. അയ്യോ എന്റെ മുണ്ട്..” നോക്കുമ്പോ രണ്ട് കുരുപ്പുകളും കൂടി പിടിച്ച് വലിക്കുവാ അങ്കിളിന്റെ മുണ്ടേല്..
“ടാ സഞ്ജു.. വന്ന് എടുത്തോണ്ട് പോടാ ഇവറ്റകളെ..”
ചിരിയടക്കി ഞാനും സഞ്ചുവേട്ടനും കൂടി പിള്ളേരെ പിടിച്ച് മാറ്റേണ്ട താമസം, അങ്കിള് ജീവനും കൊണ്ടോടി.. “വിത്ത് ഗുണം പത്ത് ഗുണം.. ഹോ നശൂലങ്ങള്..”
പിള്ളേരെ കയ്യിലെടുത്ത് സഞ്ജു എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു.. “അല്ല ലച്ചൂ.. ഇതിന് പകരം നമുക്ക് രണ്ട് വാഴയങ്ങ് വച്ചാ പോരായിരുന്നോ ടീ..”
“രാത്രി വാ ട്ടോ.. അപ്പൊ ഞാൻ പറഞ്ഞ് തരാം നിങ്ങക്ക് ഇതിന്റെ മറുപടി..”
അവൻ ചിരിച്ചു കൊണ്ടെന്റെ ചുണ്ട് കടിച്ചെടുക്കാൻ തുനിഞ്ഞതും, “അയ്യോ അച്ചൻ ദാ അമ്മെ കൊല്ലുന്നേ..” കോറസിൽ കിടന്ന് അലറുവാ രണ്ടും..
പെട്ടെന്ന് രണ്ടിന്റേം വായ പൊത്തി ചിരിച്ചു പോയി ഞങ്ങള്.. എന്നാലും എന്റെ ദൈവമേ, ഇതൊരുമാതിരി ഒന്നൊന്നര പണിയായി പോയി..!!!
(അവസാനിച്ചു)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.oru story vayichitte ethramathram adhyamayitta chirikkunnathe super 👍💞💖💞💞💞💖💞💖
Chirichkond vayichu ethra pravasyam nn chothikkaruth soooper
സൂപ്പർ 👌👌👌ചിരിച്ചു വായിച്ചു പോയി….
അടുത്ത കാലത്തൊന്നും ഞാൻ ഇത്രയും ചിരിച്ചിട്ടില്ല – Thank you so much
chirichu chirichu mathy aayi.. writing style kollam.
Superb. chirichu chirichu vayattil neeru veenu