ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ?
പ്രണയമുണ്ടാകുന്നത്…
”നീയെന്റെ ഭാര്യ മാത്രമല്ല . നല്ല സുഹൃത്ത് കൂടിയാണ് . അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറയുന്നത് . എനിക്കിവിടെ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ട്. എന്തൊ, വല്ലാത്തൊരു ഇഷ്ടം തോന്നുന്നു .അവൾക്കും അറിയാം ഞാൻ മാരീഡാണ് രണ്ടു കുട്ടികളുടെ അച്ഛനാണ് എന്നൊക്കെ . എങ്കിലും ഞങ്ങൾക്ക് പരസ്പരം വിളിക്കാതിരിക്കാനോ സംസാരിക്കാതിരിക്കാനോ പറ്റുന്നില്ല…”
ഗൾഫിലുള്ള ഭർത്താവിന്റെ ആകുലത നിറഞ്ഞ സ്വരം കേട്ടപ്പോള് എനിക്ക് ചിരി വന്നു . ഇവിടെ എങ്ങനെയൊക്കെ പ്രതികരിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്. ഒന്നുകില് എന്റെ തന്നെ പല കഥാപാത്രങ്ങളേയും പോലെ നെഞ്ച് തല്ലിക്കരഞ്ഞ് ”നിങ്ങളെന്നെ ചതിച്ചല്ലേ ദുഷ്ടാ..”എന്ന് ആക്രോശിക്കാം.
അല്ലെങ്കില് പിണങ്ങിയും പരിഭവിച്ചും ചിണുങ്ങിക്കരയാം.
പിന്നെയുള്ളത് പ്രതിഷേധത്തിന്റെ സുദീർഘമൌനമാണ്.
ഏത് വേണമെന്ന് ചിന്തിക്കും മുൻപേ ഉള്ളിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ചിരി എന്നെ തന്നെ അത്ഭുതപ്പെടുത്തി.
”നീയെന്താ ചിരിക്കുന്നത്? ” അയാൾ അമ്പരന്നിട്ടുണ്ടാകണം.
”നിങ്ങൾക്ക് മറ്റൊരു പ്രണയമുണ്ടെന്നു കേൾക്കുമ്പോൾ ചിരിക്കാതെ പിന്നെ…”
ഞാൻ സാഹചര്യം ഒന്നുകൂടി തണുപ്പിച്ചു.
”മായാ.. ഞാൻ സീര്യസാണ്. ലൈഫ് ലോങ് അവളുടെയൊപ്പം ഉണ്ടാകുമെന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു”
കുറ്റബോധമുണ്ടോ വാക്കുകളിൽ?
തൊട്ടിലിൽ കിടക്കുന്ന ഇളയ മകളുടെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയി. നെഞ്ചിൽ പെരുകിയ അസ്വസ്ഥതയെ ഞാനൊരു ചിരിയാക്കി മാറ്റി.
”ഇനി ഞാനെന്തു വേണം എന്നാണ് നിങ്ങൾ പറയുന്നത്?” മനസ്സ് ശൂന്യമാക്കി പരുക്കൻ മട്ടിലാണ് ചോദിച്ചത്.
”എനിക്കറിയില്ല.നീയും കുഞ്ഞുങ്ങളുമില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ . പക്ഷേ ഇവിടത്തെ ജോലിയുടെ സ്ട്രെയ്നും ടെൻഷനുമൊക്കെ അവളോട് സംസാരിക്കുമ്പോഴാണ് തീരുന്നത്.
മായാ.. വീടും കുഞ്ഞുങ്ങളുടെ കാര്യവുമൊക്കെയായി നീ എപ്പോഴും തിരക്കാണ്. ഞാൻ വിളിക്കുമ്പോൾ ആവലാതികൾ മാത്രമേ പറയാനുള്ളു. നിന്റെ വാക്കുകളില് പ്രണയത്തിന്റെ കണികപോലുമില്ല. വേണമെന്ന് വച്ചിട്ടല്ല, എങ്കിൽക്കൂടിയും മാലതിയുമായി ഞാൻ അടുത്തത് അങ്ങനെയാണ് . ഇപ്പോൾ വല്ലാത്ത കുറ്റബോധം..”
ഫോണും പിടിച്ച് നിശ്ചലയായി നിൽക്കുമ്പോൾ എന്ത് മറുപടി പറയണം എന്നറിയാത്തൊരു സമസ്യയിൽ പെട്ടുപോയി ഞാൻ.
പ്രണയം തോന്നുക ഒരു തെറ്റല്ലല്ലോ.. അയാൾക്ക് മറ്റൊരുവളോട് പ്രണയം തോന്നുക എന്നാൽ അത് എന്റെ മാത്രം കഴിവുകേടായി തോന്നി .
പ്രണയിക്കാനറിയാത്തവൾ.. പ്രണയിക്കപ്പടാൻ യോഗ്യതയില്ലാത്തവൾ..
അന്നാദ്യമായ് ചുണ്ടിലെ ചിരിയിലേക്ക് ഒരുതുള്ളി കണ്ണീർ ഇറുന്ന് വീണു .
ചിങ്ങത്തിലെ ആയില്യം.. അദ്ദേഹത്തിന്റെ പിറന്നാളാണ്. വാട്ട്സാപ്പിൽ ആ പെൺകുട്ടിയുടെ_മാലതിയുടെ_ഗുഡ് മോർണിങ് മെസേജ്.
ഭർത്താവ് എല്ലാം എന്നോട് തുറന്നു പറഞ്ഞു എന്നറിഞ്ഞ ശേഷം അവളെന്നെ വിളിക്കാറുണ്ട്. വാട്ട്സ് ആപ്പിൽ മെസേജ് അയക്കാറുണ്ട്. ഞാൻ തിരിച്ചും.
അച്ഛനില്ലാത്ത ഒരു തമിഴത്തിക്കുട്ടി. കടബാധ്യത കൊണ്ടാണ് ഗൾഫിൽ പോയതത്രേ. അവിടെ വച്ച് പലതവണ ചതിവ് പറ്റി . സഹായിക്കാൻ അടുത്തുകൂടിയവരെല്ലാം അവളുടെ ശരീരത്തില് കണ്ണുവച്ചു.
‘അമ്മാ..നീങ്ക കൊടുത്തു വയ്ക്കണം ഇന്ത മാതിരി ഒരു പുരുഷനെ കെടക്കര്ത്ക്ക്.. അവ റൊമ്പ നല്ലവര്..’
മാലതിയുടെ സ്വരത്തിലെ ആത്മാർത്ഥത കേട്ട് ഞാൻ അന്നു മുഴുവന് ചിരിച്ചത് ഓർമ്മ വന്നു .
വാട്ട്സ് ആപ്പിൽ അയാളുടെ പേരിന്റെ താഴെ ആഗസ്റ്റ് പതിനഞ്ചിനയച്ചു തന്ന ത്രിവർണ്ണ പതാക.
പിറന്നാൾ ആശംസ അയക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു .
പിന്നെ മാലതിയുടെ പ്രൊഫൈൽ എടുത്ത് ഇംഗ്ളീഷില് ടൈപ്പ് ചെയ്തു .
‘മാലതി, എനക്ക് ഒരു ഹെൽപ് വേണം ‘
അൽപ്പം കഴിഞ്ഞ് അവളുടെ റിപ്ലേ വന്നു . ‘സൊല്ല് ..എന്ന വിഷയം ?’
ഒരു ഹാർട്ടിന്റെ ഇമോജി അയച്ച ശേഷം ഞാൻ കാര്യം പറഞ്ഞു
‘ഇന്നെക്ക് അവരുടെ ബെർത്ഡേ. ഒരു ചിന്ന ഗിഫ്റ്റ് വാങ്കി കൊടുത്ത് അവങ്കളെ വിഷ് പണ്ണണം..’
എക്സൈറ്റഡ് ആയ മട്ടില് അവൾ തുരുതുരാ കുറേ ഇമോജീസ് അയച്ചു .
‘കണ്ടിപ്പാ വിഷ് പൺറേൻ.. നീങ്കളും വിഷ് പണ്ണുങ്കൊ..’
വോയ്സ് മെസേജിനൊപ്പം അവൾ ഓൺലൈനിൽ നിന്ന് മാഞ്ഞു പോയി .
ഒരു മണിക്കുറിനുള്ളിൽ അയാൾ വിളിച്ചു .
‘മായ..’
‘ഉം..’
‘ഇന്നെന്റെ പിറന്നാളാണല്ലേ? അവൾ വിളിച്ചു വിഷ് ചെയ്തു .നീയല്ലേ ആദ്യം വിഷ് ചെയ്യേണ്ടത് ? എന്നോട് പറയാതെ അവളോട് പറഞ്ഞതെന്തിനാ?’
എന്തിന് എന്ന് ഞാനും കുറേ നേരമായി ആലോചിക്കുകയായിരുന്നു.
ഉത്തരം ആ നിമിഷത്തില് എനിക്ക് കിട്ടി .
‘പ്രിയപ്പെട്ടവർ വിഷ് ചെയ്യുമ്പോഴല്ലേ കൂടുതല് സന്തോഷം ? നിങ്ങൾ സന്തോഷമായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്..’
ഫോൺ വച്ച ശേഷം ഞാൻ സ്വയം ചിരിച്ചു
അതൊന്നുമല്ല കാര്യം .ഞാൻ വിഷ് ചെയ്താലും കുറച്ചു കഴിയുമ്പോൾ അയാൾ തന്നെ ബർത്ഡേയുടെ കാര്യം അവളോട് പറയും. അവൾ ഗിഫ്റ്റ് വാങ്ങി കൊടുത്താലുമായി.
ഇതിപ്പോൾ അവളുടെ ആശംസയിലും ഗിഫ്റ്റിലും അദൃശ്യമായെങ്കിലും ഞാനുണ്ട്.
അത് അയാളുടെ മനസാക്ഷിയെ കുത്തിനോവിക്കുക തന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു..
___________________
______________________
അദ്ദേഹത്തിന്റെ വാട്ട്സ് ആപ് സ്റ്റാറ്റസിൽ പിറന്നാളാഘോഷത്തിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ആലോചിച്ചത് എന്നെകുറിച്ചാണ്. വിവാഹം കഴിഞ്ഞ ശേഷം എനിക്ക് പിറന്നാൾ ഉണ്ടായിട്ടില്ലല്ലോ എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു .
അഞ്ച് കൊല്ലം പിറന്നാൾ ഇല്ലായിരിക്കുക എന്നാൽ അഞ്ചു വയസ്സ് കുറയുക എന്നാണോ?
കണ്ണാടി പറഞ്ഞു , പത്ത് വയസ്സ് കൂടുക എന്നാണ്!
ഫോണെടുത്ത് അമ്മയെ വിളിച്ചു .
പതിവില്ലാത്ത വിളിയായതിനാൽ അമ്മ പരിഭ്രമിച്ചിരിക്കണം.കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് പലയാവർത്തി ചോദിച്ചു .
വയ്ക്കാൻ നേരം ഒരു നിമിഷം ഞാൻ നിശബ്ദയായി.
‘അമ്മാ..’
‘എന്താ മക്കളെ?’
‘മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ..’
‘എന്തിന്?’ അമ്മയുടെ സ്വരത്തില് അത്ഭുതം നിറഞ്ഞു
‘അമ്മയുടെ പിറന്നാളെന്നാണെന്ന് എനിക്കറിയില്ല . ഇതുവരെ ഞാൻ ആശംസിച്ചിട്ടും ഇല്ല .അതുകൊണ്ട് ഇതുവരെയുള്ള എല്ലാ പിറന്നാളിനും കൂടി ആശംസകൾ..’ ജാള്യതയില്ലാതെ ഞാൻ പറഞ്ഞു .
‘എന്റെ പിറന്നാള് ഞാൻ തന്നെ മറന്നു പോയി. പക്ഷേ നിന്റെ പിറന്നാളിന് ഞാൻ മുടങ്ങാതെ അമ്പലത്തില് വഴിപാടിന് കൊടുക്കും. നിന്റെ മാത്രമല്ല , നിന്റെ അച്ഛന്റേം ചേട്ടന്റേം പിറന്നാളിനും..’
ഫോൺ വയ്ക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.
എന്റെ വീട്ടിൽ എനിക്ക് പിറന്നാളില്ലാത്തത് പോലെ എല്ലാ വീട്ടിലും ഉണ്ടാകും , പിറന്നാളില്ലാത്തൊരാൾ.
വീട്ടിലെ എല്ലാവരുടേയും പിറന്നാൾ ഓർമ്മിപ്പിക്കുകയും എന്നാൽ സ്വന്തം പിറന്നാൾ ഓർക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾ..
_____________________
ഏറെ നാളുകൾക്കു ശേഷം ഞാനിന്ന് എന്റെ സുഹൃത്തുകളേയും കൂടെ പഠിച്ചവരേയും എല്ലാം ഫോണിൽ വിളിച്ചു . വിവാഹശേഷം എവിടെയോ അപ്രത്യക്ഷയായ എന്റെ തിരിച്ചുവരവ് പലരെയും വിസ്മയിപ്പിച്ചു.
പ്രിയപ്പെട്ട സൌഹൃദങ്ങളെ ഞാനെത്രമാത്രം മിസ് ചെയ്തിരുന്നു എന്ന് ആ നിമിഷങ്ങളിലാണ് ഞാൻ മനസ്സിലാക്കിയത്.
ഭാരം കുറഞ്ഞ് ഒരു തൂവൽ പോലെ മനസ്സ് ..
അഞ്ജുവിനോട് സംസാരിച്ചപ്പോൾ കിട്ടിയ ആത്മധൈര്യമാണ് പഠനം തുടരുന്നതിനെ പറ്റി ചിന്തിപ്പിച്ചത്.
എന്തിനാണ് ഈ ഇരുണ്ട വീടിനുള്ളിൽ ഒരു ദുർഭൂതം കണക്കെ അടയിരിക്കുന്നത്?
പഠനം തുടരാൻ പോകുകയാണെന്നും പി എസ് സി കോച്ചിങ്ങിന് പോകാൻ തീരുമാനിച്ചു എന്നും ഭർത്താവിനെ അറിയിച്ചപ്പോൾ ഇളയ മകളെ പറ്റി അയാൾ വേവലാതി കൊണ്ടു . അവളെ ഉദരത്തിൽ നിക്ഷേപിച്ച ശേഷം രണ്ടാം മാസം വിദേശത്തേക്ക് പറന്നയാളാണ്.
മകൾക്ക് ഒരു വയസ്സ് തികയാൻ പോകുന്നു . ഇതുവരെ അവളെ നേരിട്ടു കണ്ടിട്ടുകൂടിയില്ലാത്തയാളുടെ വേവലാതി കേട്ട് എനിക്ക് പുച്ഛം തോന്നി .
പിറ്റേന്ന് മുതൽ മകനെ സ്കൂളിൽ വിട്ട ശേഷം മകളെ അമ്മയുടെ അടുക്കൽ ഏൽപ്പിച്ച് ഞാൻ പി എസ് സി കോച്ചിങ്ങിന് പോയി തുടങ്ങി .
എന്നോ മുരടിച്ചു പോയ ഞാനെന്ന ചെടിയിൽ അന്നൊരു പുതുമുള പൊട്ടി..
സ്വപ്നം കാണാൻ എനിക്കൊരു പുതിയ ലക്ഷ്യമുണ്ടായി!
അദ്ദേഹം വിളിക്കുമ്പോഴെല്ലാം ഞാൻ വാതോരാതെ സംസാരിച്ചു.
ഇങ്ങോട്ട് എന്തെങ്കിലും പറയാൻ അവസരം നൽകാതെ തിരക്കഭിനയിച്ച് ഫോൺ വയ്ക്കുമ്പോൾ ക്രൂരമായ ഒരാനന്ദം എന്നിൽ നിറഞ്ഞു .
പരീക്ഷകൾ ആവേശത്തോടെ എഴുതി.
എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന വാശി ചിന്തയിൽ നിറഞ്ഞു .
അമ്മമാർക്കുള്ള ഒരു കൂട്ടായ്മ തുടങ്ങിയത് അങ്ങനെയാണ് . ചെറിയ സമ്പാദ്യങ്ങൾ കൂട്ടിവയ്ക്കാനൊരു ഇടമൊരുക്കുക.
എന്റെ അമ്മയേയും അദ്ദേഹത്തിന്റെ അമ്മയേയും അതിൽ അംഗങ്ങളാക്കി.
അതിലുള്ളവരുടെ കൊച്ചു കൊച്ചാവശ്യങ്ങൾ നിറവേറ്റാൻ ചെറിയ വായ്പകൾ നൽകി തുടങ്ങി .
അദ്ദേഹം വിളിച്ചപ്പോൾ ഞാനൊരു സ്വയം തൊഴിൽ യൂണിറ്റിന് പദ്ധതിയിടുകയായിരുന്നു.
ആവേശത്തോടെ അതേപ്പറ്റി സംസാരിക്കുന്നതിനിടയിൽ അദ്ദേഹം മൌനം മുറിച്ചു. ‘മായ.. ഇപ്പോൾ നീ എന്നെ പറ്റി ഒന്നും ചോദിക്കാറില്ലല്ലോ.. സുഖമാണോ എന്ന് പോലും ?’
പെട്ടെന്ന് ഞാൻ നിശബ്ദയായിപ്പോയി.
ശരിയാണ് . ഇപ്പോൾ ചോദ്യങ്ങളൊന്നുമില്ല.മുൻപ് വിളിക്കുമ്പോഴെല്ലാം ചോദിച്ചുകൊണ്ടേയിരിക്കും, ആഹാരം കഴിച്ചോ? ജോലിക്ക് പോയില്ലേ, ശബ്ദം അടഞ്ഞിരിക്കുന്നതെന്താ.. സുഖമില്ലേ?
അന്നൊക്കെ എന്റെ ചോദ്യങ്ങളെ അവഗണിച്ചിരുന്ന ആളാണിത്..
‘മായ..’
‘പറയൂ..’
‘എന്നോട് ദേഷ്യമാണല്ലേ?’
‘എന്തിന്?’ ഞാൻ ചിരിച്ചു
‘മാലതി.. അവളോടെനിക്ക് ഇഷ്ടം തോന്നി എന്നത് ശരിയാണ് . പക്ഷേ അതൊരിക്കലും നിന്നെ മറന്നുള്ള ഇഷ്ടമായിരുന്നില്ല. ഇപ്പോൾ നീ ഒരുപാട് അകന്നു പോയത് പോലെ . ആ അകൽച്ചയിൽ മാലതിയുടെ പ്രസന്റ്സ് എന്നെ ശ്വാസം മുട്ടിക്കുന്നു.. അവളല്ല.. നീയാണ്.. എനിക്ക് നീ തന്നെയാണ് വലുത്. സ്റ്റിൽ ഐ ലവ് യൂ..’
ഒന്നും മിണ്ടാൻ തോന്നിയില്ല .
അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ട്. വാക്കുകളിൽ നനവുണ്ട്..
‘മായ..നീ എന്നെ വെറുത്തു കഴിഞ്ഞോ?’
അതിനുത്തരം പറഞ്ഞില്ല . പകരം അങ്ങോട്ടൊരു ചോദ്യം ചോദിച്ചു .
‘എല്ലാം മതിയാക്കി എന്നാണ് നാട്ടിലേക്ക് ?’
‘നീ പറഞ്ഞാൽ ഇപ്പൊ, ഈ നിമിഷം !’
‘എത്രയും പെട്ടെന്ന് ഇങ്ങ് പോര്.. എന്റെ പുതിയ ബിസിനസിന് ഒരു പാട്ണറെ ആവശ്യമുണ്ട്..’
‘പെണ്ണേ…’
‘ഉം..?’
‘ഒരുപാടുമ്മ..’
‘ആകട്ടെ. വരവ് വച്ചിരിക്കുന്നു..’
ഫോൺ വച്ചപ്പോൾ ഞാൻ പതിവില്ലാത്തവണ്
ണം ഉന്മേഷവതിയായിരുന്നു. തുടുത്ത കവിളുകൾ കണ്ട് കണ്ണാടി കളിപറഞ്ഞു, ഇപ്പോൾ ഒരഞ്ചുവയസ്സ് കുറഞ്ഞിട്ടുണ്ടല്ലോ..
തളിര് പൊട്ടിയ ചില്ലകളിൽ പ്രണയത്തിന്റെ പൂക്കൾ വിടരുന്നത് ഉന്മാദത്തോടെ ഞാൻ നോക്കി നിന്നു.
– Jwala Mukhi
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission