കാലന് വാലും പൊക്കി ഓടണമെന്നുണ്ട്.. പക്ഷെ ഞാൻ വിടണ്ടേ.. “ഇരിക്ക് സഞ്ജുവേട്ടാ.. കഴിച്ചിട്ട് പതിയെ പോകാം..”
മനസില്ലാ മനസോടെ അവൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു.. പി ടി ഉഷയെ പോലെ അമ്മ അപ്പോഴേക്കും അപ്പം കൊണ്ട് വന്നു..
“ഇച്ചിരി ചിക്കൻ കൂടി വയ്ക്കട്ടേ ചേട്ടാ..” എന്റെ മുഖം കണ്ടാൽ താങ്ങുന്നതാന്ന് തോന്നേ ഇല്ല..
“വേണ്ട.. വെജ് കറി വല്ലതും..”
“അയ്യേ മോൻ ചിക്കൻ കൂട്ടൂലേ..”
“അമ്മ ഇങ്ങോട്ട് തന്നേ.. ഞാൻ കൊടുക്കാം..” പ്ളേറ്റ് പിടിച്ച് വാങ്ങി നല്ലൊരു ലെഗ് പീസ് തന്നെ വച്ച് കൊടുത്തു.. അവനാകെ വണ്ടറടിച്ച് ഇരിപ്പാ..
“കൊത്തിപെറുക്കാതെ ഇരുന്ന് തിന്ന് മനുഷ്യാ..”
എന്നേം അമ്മേം മാറി മാറി നോക്കി അവൻ അതൊക്കെ വിഴുങ്ങി.. എത്രേം പെട്ടെന്ന് അതിന് കൂട്ടില് കേറിയാ മതി.. “എന്നാ പിന്നെ ഞാനിനി അങ്ങോട്ട്..”
“ഹാ അത്ര ധൃതിയായോ.. നിരഞ്ജൻ ചേട്ടനും കൂടി വരട്ടെ സഞ്ജുവേട്ടാ, ഒരുമിച്ച് പോവാല്ലോ നിങ്ങക്ക്..”
അമ്മ ഒക്കെ മാറി നിന്ന് നോക്കുന്നു.. അത്ര രസമില്ലാത്ത നോട്ടം..
പെട്ടെന്നാ ഒരു കാറ് വരുന്ന ശബ്ദം.. അച്ഛനാ.. കാലൻ പെട്ടെന്ന് എന്റെ അടുത്തേക്ക് നീങ്ങി വന്നു, ഒന്ന് നീട്ടി കൂവണമെന്നുണ്ട് കോഴിക്ക്, പക്ഷെ അമ്മ നോക്കുന്നോണ്ട് മിണ്ടാനും വയ്യ.. അവസാനം കണ്ണ് കൊണ്ട് പ്ളീസ് എന്ന ഭാവം.. അല്ലേലും ഉടനെയൊന്നും അറക്കാൻ ഞാനും ഉദ്ദേശിച്ചിട്ടില്ല..
അച്ഛൻ അപ്പോഴേക്കും കുതിരയെ പുറത്തിട്ട് അകത്തേക്ക് കേറി.. ആഹഹഹാ എന്താ ഒരു തിളക്കം മുഖത്ത്.. തനിക്ക് ജനിക്കാതെ പോയ കോഴിക്കുഞ്ഞിനെ കണ്ട പോലെ..
“ഹാ സഞ്ജു ഇതെപ്പോ വന്നു.. എന്താ വിശേഷിച്ച്..”
“അതെന്താ അച്ഛാ അങ്ങനൊരു ചോദ്യം.. വല്ല വിശേഷം ഉണ്ടേല് മാത്രേ സഞ്ചുവേട്ടന് ഇവിടെ വരാവൂ എന്നുണ്ടോ..”
കേട്ടതും അച്ഛന്റെ ഡയഫ്രം അടിച്ച് പോയി.. കണ്ണും തള്ളിയൊരു നോട്ടം.. അൽ-കോഴി പിന്നെ നേരത്തെ അങ്ങ് പരലോകത്തെത്തിയത് കൊണ്ട് എന്നെയിനി അങ്ങേരെ കൊണ്ട് കെട്ടിച്ചാലും, അങ്ങേര് കൂവൂല..
“നിങ്ങള് ഇങ്ങോട്ട് വന്നേ..” അപ്പൊ തന്നെ അമ്മ അച്ഛനെ വലിച്ചെടുത്തോണ്ട് അകത്ത് പോയി.. എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്.. കുറച്ച് കഴിഞ്ഞ് രണ്ടും പുറത്ത് വന്ന് ഏതോ ഭീകരജീവികളെ പോലെ എന്നേം കോഴിയേം മാറി മാറി നോക്കുന്നു.. എന്താ ത്..
കോഴിയാണ് ശരിക്കും ആ നോട്ടം കണ്ട് പേടിച്ചത്.. “മാമാ, എന്നാ പിന്നെ ഞാനങ്ങോട്ട് ഇറങ്ങട്ടെ.. കുറച്ച് തിരക്കുണ്ട്.. ഏട്ടൻ വരും വരെ നിന്നാ ചിലപ്പോ ശരിയാവൂല..”
“ശരിയെടാ മോനെ.. എന്നാ നീ ഇറങ്ങിക്കോ.. ഞാൻ എന്തായാലും വൈകിട്ട് അങ്ങോട്ട് വരുന്നുണ്ട്..”
“എന്തിന്..!!” കോഴിക്കുഞ്ഞ് അടിമുടിയൊന്ന് പകച്ചു..
“വേറെന്തിന്.. കല്യാണത്തിന്റെ കാര്യം സംസാരിക്കാൻ തന്നെ..”
“അതായിരുന്നോ.. അത് മാമൻ എപ്പോഴാച്ചാ വന്നോ.. അച്ഛൻ അവിടെ തന്നുണ്ട്.. ഇന്ന് ജോലിക്ക് പോയിട്ടില്ല..”
“ഉവ്വോ.. അപ്പൊ ഒരു നാല് മണിയാകുമ്പോ ഞങ്ങള് എല്ലാരും കൂടി അങ്ങോട്ടിറങ്ങാം..”
അച്ഛൻ തലയാട്ടേണ്ട താമസം, കോഴി ചിറകും വിടർത്തി പറന്നു.. ഹ്മ് രക്ഷപ്പെട്ടെന്നാ വിചാരം.. പറന്നോ പറന്നോ, കൂടിപ്പോയാ സതീശൻ അങ്കിളിന്റെ ടെറസ് വരെ.. അപ്പോഴേക്കും വൈകിട്ട് ഞാനും അങ്ങെത്തും..
ലവൻ പോയിട്ടും അമ്മേം അച്ഛനും ഒടുക്കത്തെ സംസാരം.. ശെടാ ഇതിനും മാത്രം എന്തുവാ കിടക്കണേ ഈ സംസാരിക്കാൻ.. എന്നെയൊന്ന് മൈൻഡ് ചെയ്യണ പോലുമില്ല രണ്ടും.. ഇങ്ങനാണേൽ ഞാനാ കോഴിക്കുട്ടനെ വിടില്ലാരുന്നു, ഒന്നുമില്ലേലും ഇടക്കൊക്കെ പോയി ചൊറിയാല്ലോ..
ഉച്ച തിരിഞ്ഞ് ചൊറീം കുത്തി ഇരിക്കുമ്പോഴാ, ദേ വരുന്നു അടുത്ത വിരുന്നുകാർ.. നിരഞ്ജൻ ചേട്ടനും ചേച്ചിയും.. ലോകപര്യടനമൊക്കെ കഴിഞ്ഞ് പിള്ളേരെ സ്കൂളിലൊക്കെ വിട്ടിട്ടാണ് വരവ്.. വാ വാ ബോറടിച്ച് ഇരിക്കുവാരുന്നു, ഇനിയൊരു ചവിട്ടു നാടകം കാണാം..
സിറ്റൗട്ടിൽ എന്നെ കണ്ടതും അവളൊന്ന് ഞെട്ടി.. “ഏഹ് നീയിത് എപ്പോ വന്നു ലച്ചൂ.. നീ വൈകിട്ടേ വരൂന്ന് പറഞ്ഞല്ലേ പോയേ..”
“ഹിഹിഹി ഞാനില്ലേൽ നീയങ്ങ് നാട് വിടോ, കൊള്ളാല്ലോ.. അല്ലാ നിരഞ്ജൻ ചേട്ടൻ വഴീൽ തന്നെ നിക്കുവാണോ, കേറുന്നില്ലേ ഇങ്ങോട്ട്..”
എന്റെ ഭാവം കണ്ടിട്ടാകണം ചേട്ടന് ഏതാണ്ടൊക്കെ കത്തി.. “ധനു.. എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.. എനിക്ക് ഹോസ്പിറ്റൽ വരെയൊന്ന് അത്യാവശ്യമായി പോണം..”
“കുറച്ച് നേരം നിന്നാ ഇവളേം കൂടി കൊണ്ട് പോകാം ചേട്ടാ..”
അതോടെ ചേട്ടൻ നിന്ന നിൽപ്പിൽ വെള്ളമിറക്കി, വണ്ടിയുമെടുത്ത് സ്ഥലം വിട്ടു.. അങ്ങേർക്ക് വിവരമുണ്ട്.. പക്ഷെ ഈ പൊട്ടിക്കാളിക്ക് ഇനി കിട്ടാൻ കിടക്കുന്നെ ഉള്ളു..
“എന്നാലും നീ എങ്ങനാ ലച്ചൂ ഇത്രേം നേരത്തെ വന്നേ..”
“ഞാൻ പറന്ന് വന്നു.. എന്തേ..”
അപ്പോഴേക്കും ദാ വന്നല്ലോ വനമാല.. “ഓഹോ നീ വന്നോ.. എവിടാരുന്നെടീ ഇത്രേം നേരം..” നമുക്കിനി മാറിയിരുന്ന് കാണാം.. കിട്ടട്ടെ ലവൾക്ക്..
“അത് പിന്നെ അമ്മേ.. അമ്പലത്തില്.. ഞങ്ങള് പറഞ്ഞിട്ടല്ലേ പോയെ..”
“അത് തന്നാ ഞാനും ചോദിച്ചേ.. പോകുമ്പോ ഇവിടെ അടുത്തുള്ള ഏതോ കോവിലാണെന്നും പറഞ്ഞിട്ടല്ലേ രണ്ടും പോയെ.. എന്നിട്ടെന്താ നിനക്ക് മാത്രം ഇത്രേം നേരം.. ഇവള് രാവിലെ തന്നെ വന്നല്ലോ..”
തനു എന്നെ നോക്കി ചെറയുന്നുണ്ട്.. ഞാനെന്ത് ചെയ്തിട്ടാ, ഞാൻ അറിഞ്ഞൊ അങ്ങേരെന്നെ തിന്നാതെ വിടും ന്ന്..
“സത്യം പറഞ്ഞോ, കോവിലെന്നും പറഞ്ഞ് എങ്ങോട്ടാ ടീ നീ പോയെ.. കല്യാണം ഉറപ്പിച്ചെന്ന് കരുതി ഊര് ചുറ്റി നടക്കാമെന്നാ വിചാരം..”
“അയ്യോ അമ്മേ അമ്മയാണെ സത്യം, ഞങ്ങള് കോവിലിലാ പോയെ..”
“എങ്കി പറയെടീ.. ഏത് കോവിലിലാ പോയെ..”
ഇനി ഈ ചോദ്യമെങ്ങാനും എനിക്ക് നേരെ വരോ ഈശ്വരാ.. മതി കണ്ട് രസിച്ചത്, അകത്ത് കേറണതാ ബുദ്ധി..
മുങ്ങാൻ തുടങ്ങിയതും, “അമ്മേ..!” പടക്കോ ന്നൊരു കൊട്ട് തലയ്ക്ക്..
“എങ്ങോട്ടാ ടീ ഓടണെ.. നിന്നോടും കൂടിയാ ചോദിച്ചേ.. മര്യാദക്ക് പറഞ്ഞോ, ഏത് കോവിലിലാ പോയെ രണ്ടും..”
പണി പാളി..
തനു കുന്തം വിഴുങ്ങി നിപ്പാ.. ശവം..
വീണ്ടുമൊരു കൊട്ട് തലയ്ക്ക്.. ഞാനെന്താ ചെണ്ടയോ.. “പറയെടീ.. എവിടെയാ ടീ രണ്ടും പോയെ..”
“ഹോ അതിനെന്തിനാ ഇങ്ങനെ അടിക്കണേ.. ഞങ്ങള് പറഞ്ഞത് ഒള്ളതാ, കോവിലിൽ പോയി, പക്ഷെ അതിന്റെ പേരൊന്നും എനിക്ക് ഓർമയില്ല.. ഇച്ചിരി ദൂരം ഉണ്ടായിരുന്നു..” വായിൽ വന്നതൊക്കെ ഞാൻ കൂകി.. തനുവും തലയാട്ടി..
“കള്ളം പറയുന്നോ രണ്ടും.. സത്യം പറഞ്ഞില്ലേ ദേ ഞാനിപ്പോ നിങ്ങടെ അച്ഛനെ വിളിക്കും.. ഏത് കോവിലാന്ന് അറിയില്ല പോലും..”
“സത്യാ അമ്മേ പറഞ്ഞെ.. അമ്മക്കെന്താ ഞങ്ങളെ വിശ്വാസമില്ലേ.. പേര് അറിയില്ലന്നേ ഉള്ളു.. പക്ഷെ മൂർത്തി……”
ഇതിപ്പോ ആരുടെ പേരാ പറയാ.. കൊട്ടക്കണക്കിന് കൊറേ അങ്ങ് കിടക്കുവല്ലേ ദൈവങ്ങള്.. അതിലിപ്പോ കാലന്റെ താണ്ഡവം വച്ച് നോക്കുമ്പോ.. “ശിവനാ അമ്മെ….” നാവ് പുറത്തിട്ടതും തനു തൊള്ള തുറന്നു.. “കൃഷ്ണനാ അമ്മേ…”
നശിപ്പിച്ചു.. നിരഞ്ജൻ ചേട്ടനെ ആയിരിക്കും ശവം കൃഷ്ണനെന്ന് ഉദ്ദേശിച്ചേ..
അമ്മയാണേൽ ഒരു വധൂരി നോട്ടം.. ഇപ്പൊ വീഴും അടുത്ത കൊട്ട്..
“അയ്യോ..!! വിട്..” ചെവിയിൽ തന്നെ വീണു പിടി.. കയക്കി കയക്കി ഇന്ന് പിഴിഞ്ഞെടുക്കും.. ഭാഗ്യത്തിന് എന്നെ മാത്രമല്ല, രണ്ട് പേരേം പിടിച്ചിട്ടുണ്ട്..
“അമ്മേ ഒന്ന് വിട്.. ഞാൻ പറഞ്ഞത് സത്യാ.. അച്ഛനാണെ സത്യം, ഞങ്ങള് കൃഷ്ണന്റെ അമ്പലത്തില് പോയി..!!” തനു അലറി വിളിച്ചു..
“ചേച്ചി പറഞ്ഞത് സത്യാ.. ഞങ്ങള് ശിവന്റെ അമ്പലത്തില് ആദ്യം പോയി.. എന്നിട്ട് ഇവര് കൃഷ്ണന്റെ ക്ഷേതത്തില് പോയി.. പക്ഷെ ഞങ്ങള് അവിടെ പോയില്ല.. അതാ ചേച്ചി താമസിച്ചേ.. സത്യം.. അയ്യോ ഒന്ന് വിടമ്മേ..!!”
ഒടുവിൽ എന്നെക്കൊണ്ട് തന്നെ കഥയുണ്ടാക്കി പറയിച്ചു ദുഷ്ടി.. നട്ടുച്ചക്ക് കേറി വന്നിട്ട് അമ്പലത്തില് പോയി പോലും.. ആരേലും വിശ്വാസിക്കോ..
ചവിട്ടി തുള്ളി പോണുണ്ട് അമ്മ അച്ഛന്റെ അടുത്ത്.. തുടങ്ങി കിന്നാരം.. എന്തൊക്കെയാണോ ഈശ്വരാ ഈ പറഞ്ഞ് കൂട്ടുന്നത്.. കണ്ടിട്ട് ഒരു ഭൂകമ്പത്തിനുള്ള എല്ലാ സ്കോപ്പും കാണുന്നുണ്ട്..
ഞാനും മുറിയിലേക്ക് പോയി.. ലവളും ഉണ്ട് പിറകെ..
“നേരത്തെ വരുവാണേൽ നിനക്കൊരു വാക്ക് പറഞ്ഞൂടെ ലച്ചൂ എന്നോട്.. ഇനി ഇതിന്റെ പേരും പറഞ്ഞ് ഒരിടത്തും വിടൂല എന്നെ..”
“ഞാനറിഞ്ഞോ നീ കെട്ടി എഴുന്നള്ളുമ്പോ നേരം വെളുക്കും ന്ന്.. എന്തോ ചെയ്യുവാരുന്നു രണ്ടും കൂടി ഇത്രേം നേരം.. അമ്പലത്തില് പോയതൊക്കെ ഒള്ളതാണോ..”
“ദേ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. അല്ലാ നീയും അവനും കൂടി എങ്ങോട്ട് ഓടിയതാ..”
“അത് മാത്രം നിന്റെ കാതില് വീണില്ലേ.. ഒരു താണ്ഡവം കാണാൻ പോയതാ, ശിവന്റെ അമ്പലത്തില്… എന്തേ ഇനി വല്ലോം അറിയണോ..”
താണ്ഡവമാടി എല്ലാം കഴിഞ്ഞപ്പോ ബാക്കി വന്നത് കോഴിപ്പൂവാണെന്ന് മാത്രം..
ഠപ്പേ..!! വാതില് വലിച്ചടച്ച് അവളും പോയി..
വൈകിട്ട് സതീശൻ അങ്കിളിന്റെ വീട്ടിലോട്ട് പോകുമ്പോഴും അച്ഛനും അമ്മേം സംസാരത്തോട് സംസാരം തന്നെ.. ഇവർക്ക് ഇന്നാണോ സ്വാതന്ത്ര്യം കിട്ട്യേ.. വള്ളീം പുള്ളീം ഞങ്ങള് കേക്കാതെയാണ് പറച്ചിൽ.. ഇനി സതീശൻ അങ്കിളിന്റെ വീട്ടിൽ വല്ല ബോംബും ഇടാനാണോ..
വണ്ടി അങ്കിളിന്റെ വീട്ടിലെത്തിയതും, എപ്പോഴും പോലെ പരിവാരം ഞങ്ങളെ വരവേൽക്കാൻ റോഡിൽ കിടപ്പുണ്ട്.. ഇത്തവണ കോഴിയും നിന്ന് ചീണ്ടി പെറക്കുന്നു.. ഹും ഞാനൊന്ന് പുച്ഛിച്ച് ഉടുപ്പൊക്കെ പിടിച്ച് നേരെയിട്ടു.. അല്ല പിന്നെ..
അങ്കിളിനാണ് എന്നെ കണ്ടതിൽ കൂടുതൽ സന്തോഷം..
“അല്ല സതീശാ.. നീയിന്ന് നേരത്തെ വന്നെന്ന് സഞ്ജു പറഞ്ഞു.. എന്ത് പറ്റി കട അടയ്ക്കാൻ..”
“എന്ത് പറയാനാ ടാ.. കൊറേ കണക്കൊക്കെ നോക്കാൻ ഉണ്ടായിരുന്നു, അത് നോക്കുന്ന ചെക്കൻ ലീവാ.. അപ്പൊ പിന്നെ ഞാൻ വീട്ടില് വച്ച് നോക്കാമെന്ന് കരുതി ഇങ്ങ് പോന്നു.. ഹാ അതും പറഞ്ഞ് നിങ്ങള് അവിടെ തന്നെ നിക്കാതെ അകത്തോട്ട് കേറിയേ..”
“അല്ല അങ്കിളേ.. അങ്കിളിന് ഈ പലചരക്ക് കച്ചോടം നിർത്തീട്ട് വല്ല കോഴി കച്ചോടോം തുടങ്ങിക്കൂടെ.. അതാ ഇപ്പൊ ലാഭം..”
“ഹഹ നമുക്ക് നോക്കാമെടീ..”
കേട്ട പാടെ നിരഞ്ജൻ ചേട്ടനൊന്ന് പകച്ച് പോയി.. നിങ്ങളെ അല്ല മനുഷ്യാ.. അത് അങ്ങനൊരു സാധനം, എല്ലാം ഏറ്റ് പിടിക്കാൻ.. എന്നിട്ട് മറ്റേതിന് വല്ല കുലുക്കോം ഉണ്ടോന്ന് നോക്ക്.. മാനത്ത് നോക്കി കേൾക്കാത്ത ഭാവത്തിൽ നിൽപ്പാ..
ഞങ്ങളൊക്കെ കൂടി അകത്തേക്ക് കേറി.. അപ്പോഴേക്കും ചായയും പലഹാരവും വന്ന് ടേബിളിൽ നിരന്നു.. ഞാൻ ഓരോന്നായി കൊറിച്ചോണ്ട് കോഴിയെ നോക്കി.. ഹ്മ് എവിടെയോ ഒരു പുച്ഛഭാവം പോലെ..
“അപ്പൊ സതീശാ.. ഞങ്ങള് വന്നത് ഇവരുടെ കല്യാണത്തിന്റെ തീയതിയൊക്കെ അറിയിക്കാനാ.. ഞാൻ കണിയാനെ കണ്ടിരുന്നു.. നാളിനൊക്കെ എട്ട് പൊരുത്തമുണ്ട്.. ഈ മാസം തന്നെ നിശ്ചയോ കല്യാണോ എന്താച്ചാ നടത്താമെന്നാ പോറ്റി പറഞ്ഞെ.. പിന്നെ നമുക്ക് രണ്ട് കൂട്ടർക്കും സമ്മതമായത് കൊണ്ട്, ഒരു നിശ്ചയത്തിന്റെ ആവശ്യമൊക്കെ ഉണ്ടോ..”
“ഏയ് അതൊക്കെ എന്തിന്.. നമുക്ക് വേണേൽ ചെറിയൊരു മോതിരം മാറ്റം നടത്താം.. ബന്ധുക്കളെയൊന്നും വിളിക്കാൻ നിക്കണ്ട, നമ്മുടെ രണ്ട് വീട്ടുകാരും, വേണേൽ കുറച്ച് അയലോക്കക്കാരേം വിളിച്ച് ചെറിയൊരു ഫങ്ഷൻ.. എന്ത് പറയുന്നു..”
“ആ അത് മതി..”
സമാധാനം.. അങ്ങനെ അക്കാര്യത്തിൽ തീരുമാനമായി.. തനുവിന്റെ ഭാവം ഊഹിക്കാല്ലോ, രണ്ടും കൂടി അവിടെ അനുരാഗ കരിക്കിൻ വെള്ളം കുടിക്കുന്നു.. ഈ ലഡു പൊട്ടിക്കലിനൊക്കെ കൊട്ട് കിട്ടുന്നത് എനിക്കാണെന്ന് മാത്രം.. ഒരു ചിപ്സ് എടുത്ത് വായില് തിരുകി, വെറുതെ ഞാനൊന്ന് കോഴിയെ നോക്കി, ഓ അത് ഇപ്പോഴും ചീണ്ടി ചികഞ്ഞിരിക്കുന്നു..
“അവനെ നിനക്ക് പിന്നേം നോക്കാമെടീ കൊച്ചേ.. ഇപ്പൊ ഇരുന്ന് കഴിക്കാൻ നോക്ക്..”
അയ്യേ അങ്കിളാണോ അത് പറഞ്ഞെ.. അത് കേട്ട് കിണിക്കാൻ ബാക്കിയുള്ളോരും..
“അശോകാ.. ഇങ്ങനാണേൽ ഞാനൊരു ചങ്ങല കൂടി മേടിച്ച് തരും കേട്ടോ.. ”
ഈ അങ്കിള്..
“ചങ്ങലയല്ല.. അങ്കിള് പാകത്തിനൊരു കോഴിക്കൂട് തന്നെ പണിഞ്ഞോ..!!” പിന്നല്ല കൊറേ നാളായി കേൾക്കുന്നു.. ചങ്ങല പിടിക്കാൻ ഈ നാട്ടിലെന്താ വേറെ പെണ്ണുങ്ങളില്ലേ..
“ഇവളെ ഞാൻ.. ആർക്കാ ടീ കോഴിക്കൂട് പണിയേണ്ടത്.. മിണ്ടാതിരിക്കും തോറും നീ തലേ കേറാൻ വരുന്നോ..”
ന്റമ്മോ ഈ സാധനത്തിന് പിന്നേം ബാധ കേറിയാ.. “ആരേലും ഇതിനെയൊന്ന് തളച്ചെ.. ഇല്ലേൽ അതിപ്പോ പറന്ന് കൊത്തും..!!”
“നിന്നെ ഞാനിന്ന്.. പിന്നേം പിന്നേം ചൊറിയണ വർത്താനം..!!” അതും പറഞ്ഞവൻ കേറി പിടിച്ചത് എന്റെ ചെവിയിൽ.. അമ്മ കിഴുക്കിയ അതേ ഭാഗം..
“വിട് മനുഷ്യാ നീറുന്നു..!! അയ്യോ.. ഇവിടാരും ഇല്ലേ ഈ വെട്ടുപോത്തിനെ പിടിച്ച് മാറ്റാൻ…”
“വെട്ടുപോത്ത് നിന്റെ.. അടങ്ങി ഒതുങ്ങി നിക്കാമെന്ന് വിചാരിച്ചാ ഇങ്ങനുണ്ടോ ഒരു നാവ്..!!”
പിന്നേം കിഴുക്കുന്നു സാധനം.. വെപ്രാളത്തിൽ എനിക്ക് പിടി കിട്ടിയതോ ലവന്റെ തലയിലും.. രണ്ട് കയ്യും വച്ച് ഞാൻ മുടിയൊക്കെ ചവിട്ടി പിടിച്ചു, അപ്പോഴേക്കും മുരിങ്ങക്കാ പോലത്തെ എന്റെ കയ്യൊക്കെ അവൻ വളച്ച് സൈക്കിൾ ടയറ് പോലാക്കി.. കൊടുത്തു ഒരു കടി ചെവിയില്, എനിക്കും കിട്ടി ഒരു മാന്ത്.. പിന്നേം എന്റെ മുടിയിൽ പിടിച്ച് വലിക്കുന്നു സാധനം, ഞാനും വിട്ടില്ല അവന്റെ വയറ്റിന് ആഞ്ഞൊരു തൊഴി.. കീയോന്ന് വിളിച്ച് കോഴി പിറകോട്ട് വീണു.. ദാ വരുന്നു ചിറകും വിടർത്തി, ഇത് പറന്ന് കൊത്താൻ തന്നെ.. ഈശ്വരാ.. ഞാൻ താങ്ങൂല..
“നിർത്തുന്നുണ്ടോ രണ്ടും..!!!” അലറി വിളിച്ചത് ലതാന്റിയാണ്.. ബോധം വന്ന പോലെ ഞാൻ എല്ലാരേം നോക്കി, സഞ്ജുന് എന്റെ അതേ ഭാവം.. പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നേ ഉള്ളു എന്ന മട്ട്..
ബാക്കി ഉള്ളോരൊക്കെ നോക്കി നിന്ന് ഇളിക്കുന്നു.. ഇതെന്ത് സാധനങ്ങള്, ഇവിടൊരു യുദ്ധം നടന്നിട്ട് ഒന്ന് സഹായിക്ക പോലും ചെയ്യുന്നില്ല..
“നിങ്ങക്കൊക്കെ കണ്ണീച്ചോരയുണ്ടോ.. ഒക്കെ നോക്കി നിക്കുവാ..!!” അച്ഛനും അമ്മേം ആയി പോയി, ഇല്ലേൽ വേറെ വല്ലതും പറഞ്ഞേനെ..
“ഓ പിന്നേയ് നീ വല്യ അഭിനയമൊന്നും വേണ്ട.. ഞങ്ങക്ക് ഒക്കെ മനസ്സിലാകുന്നുണ്ട്.. ഏത് വരെ പോകുമെന്ന് നോക്കുവാരുന്നു ഞങ്ങള്..” അമ്മയാണ്.. ഇതാണോ ഈശ്വരാ അച്ഛന്റെ കാതിൽ തിരുകിയത്..
എല്ലാം കുടുകുടാ ചിരി തന്നെ.. അയ്യേ.. അങ്കിള് പിന്നെ വയറിന് കയ്യൊക്കെ കൊടുത്ത് തലകുത്തി ചിരി.. സ്വന്തം മോനൊരു പെണ്ണിനെ കൊല്ലാൻ നോക്കുന്ന കണ്ടിട്ട് അട്ടഹസിക്കുന്ന ഒരു തന്ത..
“അപ്പൊ അശോകാ.. ഈ രണ്ടിന്റേം കല്യാണോം കൂടി നമ്മള് ഉറപ്പിക്കുന്നു.. ഹഹഹഹ..”
ഇങ്ങേർക്ക് പിരാന്താണ് ഈശ്വരാ..
“ഹഹഹഹ..!!” പിന്നേം ചിരിക്കുന്നു കള്ളക്കെളവൻ..
എന്താ ഇവിടെ നടക്കണേ.. ഒന്നും കാണാനും പറ്റുന്നില്ല.. ഈശ്വരാ കണ്ണിലാകെ ഇരുട്ട് കേറുന്ന പോലെ.. പിന്നെ ഠപ്പേ ന്നൊരു വീഴ്ചയായിരുന്നു..
കണ്ണടയുന്നതിന് മുൻപ് കണ്ടതോ, ആ കാലൻ കോഴി നീട്ടി കൂവുന്നു..!
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission