ഇനിയിപ്പോ ആരോടാ ഈ പുല്ലൊന്ന് പറയാ.. അങ്ങേരുടെ കയ്യിലിരിക്കും തോറും ആപത്താ.. എന്തേലും ചെയ്തേ പറ്റൂ..
ആവശ്യമില്ലാതെ ആ കോപ്പനെ കൊറേ ചീത്തേം വിളിച്ചു.. ഒന്നും വേണ്ടാരുന്നു.. നാശം പിടിക്കാൻ.. തൽക്കാലം തനു വിചാരിച്ചാലേ വല്ലോം നടക്കൂ..
നേരെ ഞാൻ അടുക്കളയിൽ ലാൻഡ് ചെയ്തു.. നമ്മുടെ തനു അവിടെ പാത്രങ്ങളോട് ഗുസ്തി പിടിക്കുന്നു..
“ചേച്ചീ….”
ക്ടിം.. ഒരു കിണ്ണം താഴെ വീണ് പൊട്ടി..
“പുറത്ത് വല്ല പിച്ചക്കാരും വന്നാ ടീ..”
“ഏയ് ഞാൻ തന്നെ നിന്നെ വിളിച്ചതാ തനു..”
അവളൊരു അടി മുടി നോട്ടം.. “എന്തോ ഉണ്ടല്ലോ.. വല്ല ടോപ്പും മേടിക്കാനാണേൽ ആ വെള്ളമങ്ങ് വാങ്ങി വച്ചേരെ..”
ഇങ്ങനൊരു സാധനം..
“മനുഷ്യനിവിടെ പ്രസവ വേദനയെടുത്ത് നിക്കുമ്പോ തന്നെ വേണം തനു നീ ഇങ്ങനൊക്കെ പറയാൻ..”
“പ്രസവ വേദനയാണെലെ നീ അങ്ങോട്ട് നീങ്ങിയിരുന്ന് പെറ്.. ഒരു പ്രസവ വേദനക്കാരി വന്നേക്കുന്നു ഹും.. എത്ര നാള് കൂടിയിട്ടാ ഞങ്ങളൊരു അഞ്ച് മിനിറ്റ് സ്വസ്ഥമായിട്ട് സംസാരിച്ചതെന്നറിയോ.. അവിടേം വന്നേക്കുന്നു രണ്ടും നശിപ്പിക്കാൻ..”
“ഇതൊക്കെ എന്റെ കൊഴപ്പാ.. ആ മൊതല് കിടന്ന് ചാടി കടിച്ചതൊന്നും നീ കണ്ടില്ലേ.. അല്ലേൽ തന്നെ അതിനേം കെട്ടി എഴുന്നള്ളിച്ചോണ്ട് വരേണ്ട കാര്യം എന്തുവാ..”
“നീ പിന്നെ വായില് വിരലിട്ടാ പോലും കടിക്കാത്ത ഇനം, പേപ്പട്ടി ആയിരുന്നല്ലോ.. എന്നെ കൊണ്ടൊന്നും പറയിക്കണ്ട.. ഞങ്ങള് ഇച്ചിരി നേരം മിണ്ടിക്കൊണ്ടിരിക്കാം എന്ന് വിചാരിച്ചാ അതെങ്ങനാ, നിങ്ങളെ പിടിച്ച് മാറ്റാനല്ലേ ഞങ്ങക്ക് നേരമുള്ളൂ.. മനുഷ്യന്റെ തൊലി ഉരിഞ്ഞു..”
ഹ്മ്.. എന്റത് ഉരിയാൻ കിടക്കുന്നെ ഉള്ളു..
“എന്റെ തനു.. അങ്ങേരിക്ക് പ്രാന്താ ടീ..”
ഇത്തവണ പുച്ഛിച്ചത് തനു ആണ്..
“പ്രാന്ത് അവനോ അതോ നിനക്കോ.. രണ്ടും കൂടി എന്തായിരുന്നു അവിടെ കുറ്റിക്കാട്ടില്..”
“അയ്യേ ഏത് കുറ്റിക്കാട്ടില്..”
“ദേ എന്നോട് കള്ളം പറയാനൊന്നും നിക്കണ്ട.. ഞങ്ങളും അതിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. നിങ്ങടെ നിലവിളി കേട്ടിട്ടാ ഞങ്ങള് എണീറ്റ് വന്നേ..”
“അല്ലാ നിങ്ങള് രണ്ടും കൂടി ആ കുറ്റിക്കാട്ടില് എന്തെടുക്കുവാരുന്നു..”
“അ അ അത് പിന്നെ.. ഞങ്ങളോരോ കാര്യങ്ങളും പറഞ്ഞ്… അതാണോ ഇപ്പൊ ഇവിടത്തെ വിഷയം.. നീ ഞാൻ ചോദിച്ചതിന് ഉത്തരം പറയെടീ.. നീ അവിടെ എന്തോ എടുക്കുവാരുന്നു അവന്റെ കൂടെ..”
“അതേ ടീ ഞാനവിടെ ഉമ്മ വച്ച് കളിക്കുവാരുന്നു.. എന്തേ നിനക്ക് വല്ല ചേതോം ഉണ്ടോ..”
തനു ഒന്ന് ഞെട്ടി.. പക്ഷെ നോക്കി നിൽക്കുന്നത് എന്നെയല്ല, എന്റെ പിറകിലാ.. പിറകിൽ ഇനി ഏത് കുരിശാണോ, തിരിഞ്ഞപ്പോ എല്ലാം കേട്ടോണ്ട് നിൽക്കുന്നു എന്റെ മാതാശ്രീ..
വാഴ കൃഷിയൊക്കെ കഴിഞ്ഞ് കാണും ലേ….. ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ഒച്ച മാത്രം പുറത്ത് വന്നില്ല..
എന്നെയാണ് നോട്ടം.. “എന്താ ടീ പറഞ്ഞെ.. ആര് നിന്നെ ഉമ്മവച്ച് കാര്യാ ഇപ്പൊ നീ പറഞ്ഞെ.. !!” സീരിയലിലെ അമ്മായി അമ്മ തോറ്റ് പോകും ആ കണ്ണുരുട്ടലിൽ..
“പറേ ടീ.. ആരാ ടീ നിന്നെ ഉമ്മ വച്ചേ..”
എന്ത് പറഞ്ഞാലും ഇപ്പൊ ഒരടി കവാലത്ത് വീഴും.. “അതല്ല അമ്മേ അത് പിന്നെ.. ഞങ്ങള് സഞ്ചുവേട്ടന്റെ കാര്യം….”
ഠപ്പേ..!!
അടിയല്ല, പേടിച്ച് തനൂന്റെ കയ്യിന്ന് അടുത്ത പത്രം താഴെ വീണതാ.. അമ്മയ്ക്ക് ഒരു പുച്ഛവും.. “ഓ സഞ്ജു ആയിരുന്നോ.. ബെർതെ പേടിച്ചു..”
” അതെന്താ അങ്ങേര് പെണ്ണുങ്ങളെ കിസ്സടിക്കാറില്ലേ..”
“പോടീ അവിടുന്ന്.. അവൻ നല്ല പയ്യനാ.. നിന്നെ പോലല്ല..”
ഓ അങ്ങോട്ടാണ് ചായ്‌വ്.. ലവൻ മാത്രം വല്യ മറ്റവൻ, നമ്മളെ മാത്രം വിശ്വാസമില്ല.. ഹും.. പറയാൻ ഒരു പഞ്ച് ഡയലോഗ് പോലും കിട്ടണില്ലല്ലോ ഈശ്വരാ..
എന്തായാലും മാനം പോയ സ്ഥിതിക്ക് ഇനി ഇവിടെ നിക്കണ്ട.. എന്നാലും ഒരു വെയിറ്റിന് തനുവിനേം അമ്മേം പുച്ഛിച്ച് തള്ളി, ഞാൻ സിറ്റൗട്ടിൽ വന്നിരുന്നു.. ചിലപ്പോ ഗൃഹനാഥനെങ്ങാനും വില തന്നാലോ, അച്ഛനും ഇരിപ്പുണ്ട് അടുത്ത്..
പെട്ടെന്നാ അച്ഛന്റെ ഫോൺ റിങ് ചെയ്തേ.. “ഹെലോ…. ആ പറേ ടാ.. ഞാൻ വീട്ടിൽ തന്നാ എന്തേയ്.. ഏഹ് എപ്പോ.. ആര് പറഞ്ഞു.. അയ്യോ ഇല്ല ടാ നമുക്ക് അറിയാവുന്ന പയ്യനാ.. ശെടാ സത്യായും.. നീ ഫോൺ വച്ചേ, ഞാനൊന്ന് സതീശനെ വിളിക്കട്ടെ..”
അതും പറഞ്ഞ് അച്ഛൻ ഫോൺ കട്ടാക്കി.. “ഈശ്വരാ എന്തൊക്കെയാ കേൾക്കണേ.. നാക്കിന് എല്ലില്ലെന്ന് വച്ച് എന്തും പറയാന്നാ ന്റെ കുട്ടികളെ പറ്റി..”
“ന്ത് പറ്റി അച്ഛാ..”
ഇനി ഞങ്ങള് കറങ്ങാൻ പോയത് ആരേലും കണ്ടോ..
എന്റെ ചോദ്യം അച്ഛൻ കേട്ട ഭാവമില്ല.. ഇണക്കുരുവിയെ ഫോണിൽ കുത്തുവാണ്.. “ഹലോ ടാ സതീശാ.. നീ എവിടാ.. വീട്ടിലോ, ആ നീ അവിടെ നിൽക്ക്, ഞാൻ ദാ വരുന്നു….. വേണ്ട വേണ്ട, നീ വരണ്ട, ഞാൻ തന്നെ അങ്ങോട്ട് വരാം… ഓക്കേ ശരി..”
“ന്താ അച്ഛാ.. ന്താ കാര്യം.. ഒന്ന് പറയുന്നുണ്ടോ..”
“ഞാനിത് എങ്ങനാ ടീ മോളെ പറയാ.. നമ്മുടെ സഞ്ജു ഇല്ലേ, പാവം, കൊച്ചു പയ്യൻ, എന്തൊക്കെയാ ഈ ആൾക്കാര് ഇണ്ടാക്കി പറയണേ..”
ആ മൊതലിനെ പറ്റി ആയിരുന്നോ..
“ആൾക്കാര് ന്തോ പറഞ്ഞെന്നാ..” ഓട്ടോമാറ്റിക്കായി പുച്ഛം തള്ളിക്കേറി വരുന്നുണ്ട്..
“ഇപ്പൊ ഒരുത്തൻ വിളിച്ചിട്ട് പറയുവാ, അവൻ വെള്ളമടിക്കുംന്ന്.. നെറ്റിൽ എവിടെയോ അവൻ ആ കൊച്ചന്റെ ഫോട്ടോ കണ്ടെന്ന്..”
നെറ്റില് കണ്ടതേ ഒള്ളൂ, ഞാനിവിടെ നേരിട്ട് കണ്ടേക്കുന്നു, പിന്നെയാ.. മട് മടാന്നല്ലേ സാധനം കുടിച്ചത്.. പോസ്റ്റിയതേ ഞാനാ, അല്ലാ, അപ്പൊ അവനാ പോസ്റ്റ് ഡിലീറ്റ് ചെയ്തില്ലേ..
അച്ഛന്റെ സ്നേഹം കണ്ടാ തോന്നും അച്ഛനാ അതിനെ പെറ്റതെന്ന്..
“ഇതൊക്കെ ആർക്കേലും വിശ്വസിക്കാൻ പറ്റോ.. എനിക്ക് നല്ലോണം അറിയാവുന്ന പയ്യനാ ടീ..”
എനിക്ക് അതിനേക്കാളും നല്ലോണം അറിയാവുന്ന മൊതലാ..
ഒടുവിൽ അച്ഛന്റെ കൊലവിളി കേട്ട് അമ്മേം തനൂം ഓടി വന്നു.. ഇനീപ്പോ ഇതൊരു പൂരപ്പറമ്പ് തന്നെ..
“പ്രമീ നീ കേട്ടോ.. നമ്മടെ സഞ്ജുനെ പറ്റി..”
അയ്യടാ നമ്മടെ സഞ്ജു പോലും.. വിസ്തരിച്ച് പറയുന്നുണ്ട് അച്ഛൻ..
“എങ്ങനാ ഈ ആൾക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കാ.. പാവം സതീശൻ, ഞാനൊന്ന് പോയി കണ്ടിട്ട് വരട്ടെ..”
“അതും പറഞ്ഞ് നിങ്ങളിവിടെ തന്നെ ഇരിക്കുവാണോ, വേഗം പോയേച്ചും വാ മനുഷ്യാ.. ”
അമ്മ ക്യാറ്റലിസ്റ് ഇട്ടതും അച്ഛന് സ്പീഡ് കൂടി.. പോർച്ചിലേക്ക് ഒരു ഓട്ടമായിരുന്നു വിമാനമെടുക്കാൻ..
പെട്ടെന്നാ എവിടെന്നോ രു ബുദ്ധി.. ന്റെ ഫോൺ..
“അച്ഛാ..!!”
“ന്താ ടീ..!!” അച്ഛന് സഞ്ജു മോനെ കാണാതിരിക്കാൻ വയ്യ..
“ഇങ്ങനെ ഒരു ദുരന്തം നടന്നിട്ട് അച്ഛൻ ഒറ്റയ്ക്ക് പോവാ.. നമ്മള് ഫാമിലി ആയിട്ടല്ലേ പോയി സപ്പോർട്ട് ചെയ്യാൻ സതീശൻ അങ്കിളിനെ..”
അച്ഛൻ അമ്മയെ നോക്കി.. അപ്രൂവൽ വേണം..
കോപ്പ് തനു പോലും കുന്തം വിഴുങ്ങി നിൽപ്പാ.. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി, അടക്കത്തിൽ പറഞ്ഞു.. “ടീ കോപ്പേ നിനക്ക് നിരഞ്ജൻ ചേട്ടനെ കാണണ്ടേ..”
അവൾക്കും ബുദ്ധി ഉദിച്ചു.. “ലച്ചു പറഞ്ഞതിലും കാര്യമുണ്ടഛാ.. എല്ലാരും സങ്കടത്തിലായിരിക്കും, നമ്മളൊക്കെ അല്ലേ ഇപ്പൊ കൂടെ നിക്കാൻ.. അല്ലെ അമ്മേ..”
അമ്മയെം അവൾ വീഴ്ത്തി.. “ശരിയാ.. നിങ്ങള് നിൽക്ക്, ഞങ്ങളും കൂടി റെഡിയായി വരാം..”
മൊതലാളീ… ജങ്ക ജക ജക.. അപ്പൊ തന്നെ ഞാനോടി കാറിൽ കേറി.. ആ നാറിയെ കാണാൻ കുളീം നനേം വേണ്ടല്ലോ.. തനു ഫുൾ ഹാപ്പി, ഇനീപ്പോ പോയിരുന്ന് സൊള്ളാല്ലോ.. അപ്പോഴേക്കും അമ്മ സമാധാന സന്ദേശവുമായി വെള്ള സാരിയുടുത്ത് വന്നു..
വിമാനം പറ പറന്നു.. ഈശോയെ, ഞാനിതാ വരുന്നു എന്റെ ഫോൺ തേടി.. ആ കാലൻ മണ്മറഞ്ഞ് കാണണേ..
സഞ്ജു മോനെ കാണാനുള്ള വെപ്രാളത്തിൽ, തലങ്ങും വിലങ്ങും അച്ഛൻ വിമാനം പറത്തി.. ഒടുവിൽ സതീശൻ അങ്കിളിന്റെ കാർ പോർച്ചിൽ കൊണ്ട് വന്ന് ഇടിച്ചിറക്കി..
വരവേൽക്കാൻ എല്ലാരും മുന്നിൽ തന്നെയുണ്ട്, അങ്കിളും ആന്റിയും നിരഞ്ജൻ ചേട്ടനും.. കാലൻ മാത്രമില്ല, കൂട്ടിലായിരിക്കും..
അങ്കിൾ എല്ലാരേം അകത്തേക്കിരുത്തി.. ആന്റി അപ്പോഴേക്കും ചായയുമായി വന്നു.. പിന്നെ തുടങ്ങി വിശേഷങ്ങൾ.. എന്നാലും ഈ ആൾക്കാർക്കെങ്ങനെ ഇതൊക്കെ പറയാൻ തോന്നി.. അതും സഞ്ജു തനി തങ്കമല്ലേ.. സമയദോഷം, അല്ലാതെന്താ പറയാ.. അക്കാര്യത്തിൽ എല്ലാർക്കും പൂർണ സമ്മതം..
കേട്ട് മടുത്ത് നിരഞ്ജൻ ചേട്ടൻ മേലേക്ക് കേറി പോയി..
“പാവം ചേട്ടൻ.. നല്ല സങ്കടമുണ്ട്.. നമുക്കൊന്ന് പോയി ആശ്വസിപ്പിച്ചാലോ തനു..”
എന്താ ഒരു സന്തോഷം മുഖത്ത്.. ആരേലും കണ്ടാൽ, പിന്നെ അത് മതി.. ആഞ്ഞൊരു തൊഴി, അതോടെ അവളുടെ മുഖം വിങ്ങി പൊട്ടാറായി..
“അമ്മേ ഞങ്ങളൊന്ന് നിരഞ്ജൻ ചേട്ടനെ സമാധാനിപ്പിച്ചിട്ട് വരാം.. എങ്ങനെയാ ഇതൊക്കെ സഹിക്ക..”
“ശരി മോളെ..”
എന്റെ ടോപ്പിന്റെ വാലിൽ പിടിച്ച് തനൂം പോന്നു..
പിന്നങ്ങോട്ട് മേലോട്ടുള്ള സ്റ്റെപ്പ് ചാടി കടക്കുകയായിരുന്നു ഞങ്ങൾ.. ഗോവണി കേറി ഫസ്റ്റ് കണ്ട റൂമിൽ തന്നെയുണ്ട് നിരഞ്ജൻ ചേട്ടൻ.. അപ്പൊ ആ കാലന്റെ മുറിയേതാ.. അടുത്തതായിരിക്കും..
“ലച്ചൂ നീ എങ്ങോട്ടാ.. ഇതാ ഏട്ടന്റെ മുറി..”
ഓ ഈ സാധനത്തിന്റെ വിചാരം ഇപ്പോഴും, അവൾക്ക് വേണ്ടിയാ ഞാനിതൊക്കെ ചെയ്യുന്നതെന്നാ..
“നാണമില്ലല്ലോ തനു നിനക്ക്.. ഇതിനൊക്കെ ഞാനും കൂടെ വരണോ…”
“അയ്യോ സോറി..”
“ഒരു ചോരി.. പോ അങ്ങോട്ട്..”
അവളെ തള്ളി വിട്ട്, ഞാൻ ചെന്ന് കേറിയത് കാലന്റെ ഗുഹയിലാണ്.. കാലൻ അദ്ദേഹം ഇല്ല..
ഭിത്തി നിറയെ കുറെ ചിത്രങ്ങളാണ്, പക്ഷെ റൂമിൽ കഴുകാത്ത തുണിയുടെ ഒക്കെ നല്ല സ്മെല്ലും.. എങ്ങനെ ജീവിക്കുന്നോ ആ ജന്തു ഇതിനകത്ത്..
ഇനി വന്ന പണിയിലേക്ക്.. തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരി മണിയും ഞാൻ പെറുക്കിയെടുത്തു.. തപ്പി തപ്പി ഒടുവിൽ കയ്യെത്തി നിന്നതോ ന്റെ ഫോണിലും… “യുറേക്കാ…. കിട്ടിപ്പോയേ…”
പറഞ്ഞ് കൊണ്ട് രണ്ട് ചാട്ടം ചാടി ഞാൻ തിരിഞ്ഞതും, കുറുക്കനെ പോലെ നിന്ന് നോക്കുന്നു ആ ജന്തു.. “എന്തെടുക്കുവാ ടീ ഇവിടെ.. നിന്നെയാരാ ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളിച്ചേ..”
“ഓ പാറാവുകാരൊന്നും പറഞ്ഞില്ല, ഇന്ന് മ്യൂസിയം ക്ലോസ്ഡ് ആണെന്ന്..”
അവൻ വീണ്ടും കണ്ണുരുട്ടി.. പേടിപ്പിക്കാനാണ് ശ്രമം.. ഇനി നടക്കില്ല മോനെ.. ഒരു കള്ളച്ചിരിയോടെ ഞാനെന്റെ ഫോൺ ഉയർത്തി കാണിച്ചു.. ഹും..
ഇച്ചിരി അല്ല, ഇച്ചിരി അധികം ഹുങ്കോടെ തന്നാ, വാതിലിനടുത്തേക്ക് നടന്നത്.. വഴി മാറെടാ മുണ്ടക്കൽ ശേഖരാ, അതായിരുന്നു മനസ്സിൽ.. പക്ഷെ ശവം മാറുന്നില്ല..
“അങ്ങോട്ട് മാറി നിക്ക് മനുഷ്യാ..”
അവൻ മാറുന്നില്ല.. പോരാഞ്ഞിട്ട് ഒരു മറ്റേ റൂട്ട് നോട്ടവും..
ഇവനെന്താ ലവ് സീൻ കളിക്കാൻ വല്ല പ്ലാനും ഉണ്ടോ.. ഞാനും കണ്ണ് ബൾബ് പോലെ ഉരുട്ടി.. അവൻ എന്നെ തന്നെ നോക്കുവാ.. ന്നിട്ട് ഒരു ചിരി.. പിരി പോയാ..
പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്ത് അവൻ എന്റെ മുഖത്തിന് മുന്നിൽ വച്ചു.. “നല്ല കീറാണല്ലോ ടീ..”
“അ അ..” പറയാനൊരു കോപ്പും കിട്ടണില്ല.. എങ്ങനെ കിട്ടാനാ, കണ്മുന്നിലിരുന്ന് തിളങ്ങുവല്ലേ, ഞാൻ വെള്ളമടിക്കുന്ന ഫോട്ടോ.. അടുത്തത് ഞാൻ സിഗരറ്റ് വലിച്ച് മൂക്കിലൂടെ പുക വിടുന്നത്.. ചുമ്മാതൊന്നും അല്ല പുക അങ്ങനെ ചുരുള് ചുരുളായി മേലോട്ട് ഉയരുന്നത്, എത്ര കഷ്ടപ്പെട്ട് ചെയ്തതാന്നോ.. അതിനിങ്ങനെ ഒരുമാതിരി പ്രതിക്കൂട്ടില് നിക്കും പോലെ..
“കോളേജിൽ ടൂറ് പോയപ്പോ എടുത്തതാ.. ചുമ്മാ ഒരു രസത്തിന്..”
“മ്മ് കാണാനും നല്ല രസോണ്ട്..”
ലവൻ ആക്കിയതാ..
“താഴെ ഇപ്പൊ കച്ചേരി നടക്കണേ ഞാൻ വെള്ളമടിച്ചെന്ന് കരുതിയല്ലേ.. മ്മക്ക് ഇതൂടി അങ്ങ് കാണിച്ചാലോ ടീ.. എനിക്കൊരു കമ്പനിക്ക്..”
ഇവനെന്നെ കൊന്നേ അടങ്ങൂ.. വാഴക്കുഴി വല്ലതും എടുത്തത് ബാക്കിയുണ്ടേൽ ഞാൻ തന്നെ ചാടാമായിരുന്നു.. ഇച്ചിരി പച്ചമണ്ണ് തൂകിയാ മതി..
അവൻ പിന്നേം നോക്കി ഇളിക്കുവാ.. ന്താ ചെയ്യാ ന്റെ ദേവീ.. പിന്നൊന്നും നോക്കീല, എന്തും വരട്ടെ.. ഫോണും വലിച്ചെടുത്തോണ്ട് ഞാനിറങ്ങി ഓടി.. “ടീ..!!”
അവനെന്നെ പിടിക്കും എന്ന് പിന്നെ ഉറപ്പാണല്ലോ.. പക്ഷെ അതിനിടയ്ക്ക് ഞാനൊരു പണി ഒപ്പിച്ചു.. ഓട്ടത്തിനിടയിൽ, ഫോൺ തുറന്ന് എസ് ഡി കാർഡ് കയ്യിലെടുത്തു..
സഞ്ജു പിന്നിലൂടെ പിടിച്ച് നിർത്തിയപ്പോഴും, നിർബന്ധിച്ച് ഫോൺ പിടിച്ച് വാങ്ങിയപ്പോഴും, മറ്റേ കയ്യിൽ എസ് ഡി കാർഡ് സേഫാ.. നിക്ക് അത് മതി.. ഒടുവിൽ അവനെന്റെ പിടി വിട്ടു.. എന്നിട്ടൊരു നോട്ടം..
നോക്കിക്കോ നോക്കിക്കോ..
പിന്നെ അവിടെ നിന്നില്ല.. ഇച്ചിരി സ്പീഡിൽ തന്നെ സ്റ്റെപ്പിറങ്ങി.. അവൻ മേലെ നിന്ന് ഫോൺ ചെക്ക് ചെയ്യുവാ..
“ടീ പുല്ലേ….!!!! നിക്കെടീ അവിടെ..!!” മേലെ നിന്നാ.. ഇപ്പോ ലവന് പിടികിട്ടി ഫോണിൽ എസ് ഡി കാർഡ് ഇല്ലാന്ന്.. ചുരുക്കി പറഞ്ഞാ അവൻ കോപ്പി ചെയ്തെടുത്ത ഫോട്ടോയും, അവന്റെ സകലമാന ഫോട്ടോയും ഇപ്പൊ നമ്മടെ ഈ കൈക്കുള്ളിലാ..
ഓടി ഞാൻ വന്ന് അച്ഛന്റെ അടുത്ത് നിന്നു.. ലവൻ മേലെ നിന്ന് കണ്ണുരുട്ടുന്നുണ്ട്.. ഇവരുടെ മുന്നിൽ വച്ച് എന്തായാലും അടിയുണ്ടാക്കില്ലല്ലോ..
തനു എനിക്കും മുൻപ് താഴെയുണ്ട്..
കുറച്ച് കഴിഞ്ഞ് അവനും താഴേക്ക് ഇറങ്ങി വന്നു.. എല്ലാരേം ചെറഞ്ഞ് തള്ളുന്നു.. എന്നെ പിന്നെ പ്രത്യേക പരിഗണനയോടെ ചെറയുന്നു..
“അച്ഛാ നമുക്കെന്നാ ഇറങ്ങിയാലോ..”
പറയാൻ പറ്റില്ല എപ്പോഴാ ഈ ജീവി വയലന്റ് ആകുകാന്ന്..
“എന്നാ പിന്നെ സതീശാ, ഞങ്ങൾ ഇറങ്ങട്ടെ.. നിങ്ങള് ഇതൊന്നും കാര്യമാക്കണ്ട.. ഈ ആൾക്കാര്..”
“അതൊക്കെ അറിയാമെടാ.. നീ വിട്ടോ..”
കൂടും കുടുക്കയും പെറുക്കി ഞങ്ങൾ കാറിൽ വന്ന് കേറി.. വണ്ടി ഗേറ്റ് കടന്നതും അകത്ത് നിന്നൊരു അലർച്ച കേട്ട പോലെ.. എനിക്കാണേൽ ചിരിയടക്കാനും പറ്റുന്നില്ല.. ന്താ പറയാ, ശ്വസിക്കാനൊക്കെ ഒരുപാട് വായു കിട്ടിയ പോലെ..
രാത്രി കിടക്കുമ്പോഴും ഇത് തന്നെയായിരുന്നു ചിന്ത.. ആ കാലമാടൻ ഇന്ന് ഉറങ്ങില്ല.. ഹഹഹഹ ചിന്തിക്കുമ്പോ തന്നെ, എന്താ ഒരു സുഖം..
“നീ കിടന്ന് ഉറങ്ങുന്നുണ്ടോ.. കൊറേ നേരായി..”
ഈ തനു.. അവൾക്കറിയില്ലല്ലോ ഞാൻ സ്വർഗ്ഗത്തിലാന്ന്..
രാവിലെ എണീറ്റപ്പോഴും അതേ, നല്ല ഉറക്ക ക്ഷീണം.. കുറച്ച് കൂടുതൽ ഉറങ്ങിയ കൊണ്ടാവും.. കയ്യും കാലും നിവർത്തി ഞാൻ അടുക്കളയിലേക്ക് വന്നു…
അപ്പൊ അതാ പുറത്തിന്നൊരു ഒച്ച….
“ലക്ഷ്മീ………”
ലക്ഷ്മിയോ.. അതാരാ എന്നെ അങ്ങനെ വിളിക്കാൻ..
കണ്ണും ചിമ്മി ചിമ്മി, മുറ്റത്ത് വന്ന് നോക്കിയപ്പോ, ന്റമ്മോ കാണ്ടാമൃഗം ദേ കുളിച്ച് റെഡിയായി വന്ന് നിൽക്കുന്നു.. ഈ തിരുവായിൽ നിന്ന് തന്നാണോ എന്റെ പേര് വന്നത്.. അതോ എന്റെ സൗണ്ട് സിസ്റ്റം മൊത്തത്തിൽ അടിച്ചു പോയോ..
“ആരാ ലച്ചൂ അവിടെ..” അമ്മയാ അകത്തിന്ന്..
“ഏതോ രു പിച്ചക്കാരൻ അമ്മേ.. വല്ല ചില്ലറെം ഒണ്ടേൽ എടുത്തോണ്ട് വാ..”
അത് കേട്ടിട്ടും ലവന്റെ കിണിയിൽ ഒരു മാറ്റവുമില്ല.. ഇത് കൈവിട്ട് പോയെന്നാ തോന്നുന്നേ..
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission