‘നീയെന്താ ഇവിടെ?”ദേവുവാണ് ചോദിച്ചത്
” ഇന്ന് ദേവേട്ടന്റെ പിറന്നാളല്ലേ? നിങ്ങളൊക്കെ ഇവിടെ വരുമെന്ന് അറിയാമായിരുന്നു… ” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ അസുരനെ തേടുന്നുണ്ടായിരുന്നു
“ഈ വേഷം എങ്ങനെയുണ്ട് ദേവു. ദേവേട്ടന് നീലയാണ് ഇഷ്ടമെന്ന് അമ്മ പറഞ്ഞു ”
“അമ്മയോ?”
“അ…. അത്.,, ജീനയാന്റി. ”
”ഉം “ദേവു ഒന്ന് ഇരുത്തി മൂളി.
സത്യം പറയാല്ലോ എനിക്കവളോട് ഒരു ബഹുമാനമൊക്കെ തോന്നിപ്പോയി. ജനിച്ചപ്പോൾ മുതൽ കാണുന്നതാ ഞാൻ അസുരനെ. ഇതുവരെ പുളളിയുടെ നാളെന്താ ?ഇഷ്ടപ്പെട്ട നിറമെന്താ ഒന്നും അറിയില്ല. ഇവിടെയിതാ ഒരാൾ പരിചയപ്പെട്ടിട്ട് രണ്ട് മാസം തികച്ചായിട്ടില്ല പുള്ളിയുടെ നാളും പക്ക നാളും നിറവും എല്ലാം മനപാoമാക്കി വന്നു നിൽക്കുന്നു. “നിനക്ക് വല്ല പൊട്ടക്കിണറ്റിലും ചാടി ചത്തൂടെ കാർത്തു എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി.
അസുരൻ അപ്പോഴേക്കും അമ്പലത്തിനുള്ളിലേക്ക് പോയിരുന്നു. ഞങ്ങളും പിന്നാലെ പോയി. അമ്പലത്തിനുള്ളിലും പാറു പരമാവധി അസുരനൊപ്പം നിന്ന് തൊഴുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ പ്രതിഷ്ഠയ്ക്ക് മുന്നിലും തൊഴുതിട്ട് പുള്ളി നടക്കുമ്പോൾ ദാവണിയും പൊക്കിപ്പിടിച്ച് തപ്പിപ്പിടഞ്ഞ് അവളും
പിറകെ പോകും. ഞാനും ദേവുവും അന്തം വിട്ട് ഇതൊക്കെ നോക്കി നടന്നു.
അമ്പലത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അസുരൻ ഫോൺ ഓൺ ചെയ്തു.തുരുതുരാ കോൾ വരുന്നുണ്ടായിരുന്നു. “ഓക്കെ വൈകിട്ട് കാണാം ” ,നാലുമണി അങ്ങനെ കുറച്ച് വാക്കുകൾ കേൾക്കുന്നുണ്ട്. കുറെ നന്ദി പറച്ചിലും ഇടയ്ക്ക് കേൾക്കാം. ഞാൻ ദേവൂനെ നോക്കി.
“ഏട്ടന്റെ ഫ്രണ്ട്സാടി “വൈകുന്നേരത്തെ ഫങ്ഷനെക്കുറിച്ച് ചോദിക്കാനാ”
“ഫങ്ഷ നോ? ”
“ഉം ഹോട്ടൽ പാരഡൈസിൽ ” മറുപടി പറഞ്ഞത് പാറുവാണ്. എന്റമ്മോ നമിച്ചു. ഞാൻ മനസ്സിൽ പറഞ്ഞു.
“ഫങ്ഷനോ? ” വീണ്ടും എന്റെ ചോദ്യം കേട്ടപ്പോൾ ദേവു പറഞ്ഞു
“എടീ എല്ലാ പ്രാവശ്യം ദേവേട്ടനും ഫ്രണ്ട്സും കൂടി ഏതെലും ഹോട്ടലിൽ ബർത്ത് ഡേ ആഘോഷിക്കാറാണ് പതിവ്. അന്ന് ദേവേട്ടനും അച്ഛനും തമ്മിൽ ഉടക്കല്ലേ.ഏട്ടന്റെ ഫ്രണ്ട്സിനെ അച്ഛനും വലിയ തൃപ്തിയല്ല. അതു കൊണ്ട് ഞങ്ങളാരും പങ്കെടുക്കാറില്ല.ഏട്ടൻ വീട്ടിൽ വരുമ്പോൾ അമ്മ പായസം കൊടുക്കും ഞങ്ങൾ വാങ്ങിയ ഗിഫ്റ്റും കൊടുക്കും.കാർത്തിയേട്ടനും ഗിഫ്റ്റ് കൊടുക്കും. അങ്ങനെയായിരുന്നു ആഘോഷം. ഇപ്പോൾ ആൾ നല്ല കുട്ടിയല്ലേ. അതു കൊണ്ടാ എല്ലാരും ചേർന്ന് ഗംഭീരമാക്കാൻ തീരുമാനിച്ചേ.ഞാൻ തന്നെ ഇന്നലെയാ അറിഞ്ഞേ ” അവൾ പറഞ്ഞു നിർത്തി. ഞാനും പാറുവും കഥ കേൾക്കുമ്പോലെ കേട്ടുകൊണ്ട് നിന്നു.
“വാ പോകാം.”അസുര ശബ്ദമാണ് ഉണർത്തിയത്. എല്ലാരും കാറിൽ കയറി വീട്ടിലെത്തി. പിന്നെ മേളമായിരുന്നു ജീനയാന്റിയോടൊപ്പം കൂടി . പുറത്ത് ബൈക്കുകളുടെ ശബ്ദം കേട്ടു .പരിചയമില്ലാത്ത കുറെ ചേട്ടൻമാർ വന്നു. എല്ലാരും അസുരനെ കെട്ടിപ്പിടിക്കുന്നു. ബർത്ത് ഡേ വിഷ് ചെയ്യുന്നു.അസുരനും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. “ദൈവമേ ഇങ്ങേർക്ക് ചിരിക്കാനൊക്കെ അറിയോ?”
ആൻറി എല്ലാർക്കും പായസം കൊടുത്തു. അപ്പോഴേക്കും അസുരൻ ഒരു ബാഗുമായി വന്നു വാ പോകാം എന്ന് പറഞ്ഞു.
ഫുഡ് കഴിക്കുന്നില്ലേ എന്ന് ജീനയാന്റി വിളിച്ചു ചോദിച്ചു. അതൊക്കെ ഞങ്ങൾ കഴിച്ചോളാം എന്ന് പറഞ്ഞ് അസുരനേയും കൊണ്ട് അവർ പോയി. ആന്റി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും പുറത്ത് കാറിന്റെ ശബ്ദം കേട്ടു .”അച്ഛൻ വന്നു.” എന്ന് പറഞ്ഞ് പാറു പുറത്തേക്ക് ഓടി. രണ്ടു മിനിട്ടുനുള്ളിൽ തിരിച്ചു വന്നു
“നിങ്ങളൊക്കെ എപ്പോഴാ പോവുക?”
” 3 മണി കഴിയുമ്പോൾ ഇറങ്ങും നാലു മണി മുതലാണ് ഫങ്ഷൻ ” ദേവു പറഞ്ഞു
” എന്നാൽ ശരി ഞാനപ്പോഴേക്കും ഒരുങ്ങി വരാട്ടോ ” അതും പറഞ്ഞ് ചാടിത്തുള്ളി അവള് പോയി .
” വായിനോക്കി ഇരിക്കാതെ കഴിച്ചിട്ട് പോയി ഒരു ങ്ങെടി “ദേവു അവളോടുള്ള ദേഷ്യം എന്റെ തലയിൽ തട്ടി തീർത്തു.
” ബർത്ത് ഡേ എന്റെ അല്ലല്ലോ അസുരന്റെ അല്ലേ അതിന് ഞാൻ എന്തിനാ ഒരുങ്ങുന്നേ?”
“ഓ ഇങ്ങനെ ഒരു പൊട്ടി. എന്തായാലും കുറച്ച് ആളുകൾ കൂടുന്ന സ്ഥലമല്ലേ ഒന്ന് വൃത്തിയായി വന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ. പോടി” അതും പറഞ്ഞ് അവൾ എന്നെ തള്ളിവിട്ടു.
വീട്ടിൽ ചെന്നപ്പോൾ കാർത്തിയേട്ടനും അമ്മയുമൊക്കെ പോകാനുളള ഒരുക്കത്തിലാ
അമ്മ ഓരോ സാരി എടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കുന്നു. മാറ്റി വയ്ക്കുന്നു.
” എന്റ അമ്മേ അവിടെ വരുന്നതെല്ലാം ചെറുപ്പക്കാരാ എക്സ്പെയറി ഡേറ്റ് കഴിഞ്ഞവരെ അവൻമാര് നോക്കുല്ല എന്തേലും വാരി ചുറ്റിക്കൊണ്ട് പോകാൻ നോക്ക്…”
പോടി.. എന്ന് പറഞ്ഞ് അമ്മ വാതിലടച്ചു. ഞാൻ റൂമിൽ ചെന്നു. കുളിച്ചു വൃത്തിയായി. എത് ഡ്രെസ് ഇടും എന്നൊരു കൺഫ്യൂഷൻ വന്നു. എനിക്ക് ഫങ്ഷന് ഗൗൺ ഇടുന്നതാണ് നഷ്ടം. അലമാരയിൽ നിന്ന് എന്റെ പ്രിയപ്പെട്ട പിങ്ക് ഗൗൺ എടുത്ത് ധരിച്ചു. ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോഴാണ് ദേവു വന്നത്
“നിനക്ക് ബ്ളൂ കളർ ഡ്രെസ്സൊന്നും ഇല്ലേ?”
“ഇതെന്താ കൊളളില്ലേ?”
“കൊള്ളാം ഒരു പാവക്കുട്ടിയെ പോലുണ്ട് ഇപ്പോൾ ”
”ബ്ളൂ അസുരന്റ നിറമല്ലേ എനിക്ക് പിങ്കാണ് ഇഷ്ടം.”
“എന്നാലും ഞാൻ ബ്ളൂ കളർ ലാച്ചയല്ലേ ഇട്ടത് നീയും ബ്ളൂ ഇട്ടേൽ മാച്ചായിരുന്നു .” ഒന്ന് ആലോചിച്ചിട്ട് അവൾ പറഞ്ഞു.
“നിങ്ങൾ കുടുംബത്തോടെ ബ്ളൂ ആയിക്കോളൂ എനിക്ക് ഇത് മതി.”
അപ്പോഴേക്കും കാറിന്റെ ശബ്ദം കേട്ടു .”ഓ ആ പാറു വന്നു കാണും നീ വാ ” എന്നു പറഞ്ഞ് അവൾ താഴേക്ക് ഇറങ്ങികൂടെ ഞാനും
താഴെ ബ്ളൂ കളർലാച്ചയിൽ സുന്ദരിയായി പാറു നിൽപ്പുണ്ടായിരുന്നു .അതു കണ്ടതും ദേവു ദേഷ്യത്തോടെ എന്റെ ഗൗണിലേക്ക് നോക്കി.
“കുടുംബത്തോടെ ബ്ളൂ ആണെന്ന് പറഞ്ഞത് വെറുതെ ആയില്ല വന്നല്ലോ നാത്തൂൻ – ഇനിയിപ്പോൾ നാത്തൂനും നാത്തൂനും കൈകോർത്ത് നടക്കാല്ലോ.”
ഞാനത് പറഞ്ഞതും ദേവു എന്റെ കൈ പിടിച്ച് ഞെരിച്ചു. അപ്പോഴേക്കും അമ്മയും ഒരുങ്ങി വന്നിരുന്നു.കാർത്തിയേട്ടനും എത്തി – പുളളിയും ബ്ളൂ തന്നെ. എല്ലാരും കൂടി ഹോട്ടലിലേക്ക് പുറപ്പെട്ടു. അച്ഛൻമാർ രണ്ടു പേരും നേരത്തെ പോയിരുന്നു.
ഹോട്ടലിലെ ഫങ്ഷൻ നടക്കുന്ന ഹാൾ മനോഹരമായി അലങ്കരിച്ചിരുന്നു.
“അസുരൻ എവിടെ കാണുന്നില്ലല്ലോ” ഞാൻ ചോദിച്ചു.
” കൂട്ടുകാരൊക്കെ ചേർന്ന് ഒരുക്കുവായിരിക്കും ”
അതും പറഞ്ഞ് അവൾ ചിരിച്ചു. ഹാളിലെ ഒരു മേശയ്ക്ക് ചുറ്റുമായി ഞങ്ങൾ ഇരുന്നു.ബാലനങ്കിളിന്റെ കുറച്ച് ഫ്രണ്ട്സും ഫാമിലിയും ഉണ്ടായിരുന്നു. ഞാൻ ടെമ്പിളിന് മുകളിൽ വെച്ചിരുന്ന റോസാപ്പൂ പരിശോധിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.
“ടീ അത് നോക്കിക്കേ ” ദേവു എന്നെ ആക്രാന്തപ്പെട്ട് വിളിക്കുന്നു. ഞാനും പാറുവും അവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി. എന്റെ കണ്ണും തള്ളിപ്പോയി
“ഇന്നലെ ഞാൻ സെലക്ട് ചെയ്ത പിങ്ക് ഷർട്ടിൽ അസുരൻ നിൽക്കുന്നു”
ഞാൻ തിരിഞ്ഞ് ദേവു വിനെ നോക്കി – ”ഇന്നലെ നീ ഇത് സെലക്ട് ചെയ്തായിരുന്നോ? ”
“ഇല്ലെടി ഇനി സെലക്ട് ചെയ്തതാൽ തന്നെ ഞാൻ ഗിഫ്റ്റ് ഇതുവരെ കൊടുത്തില്ലല്ലോ?”
“അതും ശരിയാണല്ലോ?” ഞാനത് പറയുമ്പോൾ പാറു ഞങ്ങളെ രണ്ടാളേം കുലുക്കി വിളിച്ചു
എന്താ എന്തു പറ്റി.?”
“ഓ അതോ ഇന്നലെ ഇവൾ സെലക്ട് ചെയ്തതാ ഈ പിങ്ക് കളർ ഷർട്ട് ഞാനാ ദേവേട്ടന് അതിഷ്ടമല്ല എന്നു പറഞ്ഞ് മാറ്റിയത്.ഇപ്പോൾ ദേ അതേ ഷർട്ട് എട്ടൻ ഇട്ടിരിക്കുന്നു.”
“ഓ അതാണോ – ചിലപ്പോൾ കൂട്ടുകാർ ആരെങ്കിലും ഗിഫ്റ്റായി കൊടുത്തതായിരിക്കും “പാറു വല്യ താല്പര്യമില്ലാത്തതുപോലെ പറഞ്ഞു
“അതു ശരിയാ “ഞാൻ പറഞ്ഞു
“എന്തു കുന്തമായാലും ഇപ്പോൾ നീയും ദേവേട്ടനുമാണ് പെർഫെക്ട് മാച്ച്.”ദേവു അത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. ശരിയാണ് ആ ഹാളിൽ ഞാനും ദേവേട്ടനും മാത്രമെ പിങ്ക് കളർ ഡ്രെസ് ധരിച്ചിട്ടുള്ളൂ.ദേവുവിന്റെ മറുപടിയിലെ അതൃപ്തി പാറുവിന്റെ മുഖത്ത് പ്രകടമായിരുന്നു .കുറച്ച് കഴിഞ്ഞ് അരൂണേട്ടനും വരുണേട്ടനും എത്തി.
പിന്നെ മേളമായിരുന്നു -അസുരൻ കേക്ക് മുറിക്കുന്നു കൂട്ടുകാരെല്ലാം ചേർന്ന് പുളളിയെ ക്രീമിൽ കുളിപ്പിക്കുന്നു. പിന്നെ പാട്ടും മേളവും ആകെ ജഗപൊക.
ഇടയ്ക്ക് ഞാൻ കൈ കഴുകാനായി വാഷ് റൂമിലേക്ക് പോയി. മദ്യപാന സത്ക്കാരം അതിനടുത്തായിരുന്നു. ഞാൻ നോക്കുമ്പോൾ അസുരൻ കയ്യിൽ ഒരു മദ്യ ഗ്ലാസ്സുമായി നിൽക്കുന്നു. എന്നെ കണ്ടതും ആ ഗ്ലാസ്സ് താഴെ വെച്ച് എങ്ങോട്ടോ പോയി. ഞാനൊന്നു തിരിഞ്ഞ് നോക്കി. വേറെ ആരെങ്കിലും പുറകിൽ ഉണ്ടോ? എന്നെ കണ്ടിട്ട് തന്നെയാണോ അത് താഴെ വെച്ചിട്ട് പോയത്. എന്നെ പേടിയോ? എയ് അതായിരിക്കില്ല ആരേലും വിളിച്ചു കാണും.
ഒടുവിൽ കൂട്ടുകാരെല്ലാം യാത്ര പറഞ്ഞ് പോയപ്പോഴേക്കും നേരം പാതിരയായി – ഞാനുംദേവുവും പാറുവുമെല്ലാം ഗിഫ്റ്റ് കൊടുത്തു.ദേവു എന്റെ ഗിഫ്റ്റ് ആണ് ആദ്യം തുറന്നത്. ഷർട്ടെടുത്ത് അസുരന്റെ ദേഹത്ത് വെച്ചു കൊണ്ട് പറഞ്ഞു
” ദേ കാർത്തു നിന്റെ സെലക്ഷൻ കൊള്ളാട്ടോ? അടിപൊളിയായിട്ടുണ്ട് അല്ലേ ഏട്ടാ?”
ഉം എന്നൊരു മൂളക്കം മാത്രം – അതു പറഞ്ഞിട്ട് ഷർട്ട് മടക്കി മാറ്റി വെച്ചു.
പാറുവും ബ്ളൂ കളറിൽ പ്രിൻറുള്ള ഷർട്ടാണ് കൊടുത്തത് ”
“കൊള്ളാം നന്നായിരിക്കുന്നു” എന്ന് അവളോട് പറയുന്നത് കേട്ടു.
“ഏട്ടാ ഏട്ടൻ ഇട്ടിരിക്കുന്ന ഈ ഷർട്ടായിരുന്നു ആദ്യം ഇവൾ സെലക്ട് ചെയ്തത് ഏട്ടന് പിങ്ക് ഇഷ്ടമായിരുന്നില്ലല്ലോ അതുകൊണ്ട് ഞാനാണ് വേണ്ടെന്ന് പറഞ്ഞത് .”.
അതിന് മറുപടി ഉണ്ടായില്ല. എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു.
കുറച്ചു സമയം കൂടി കഴിഞ്ഞ് എല്ലാരും പോകാനിറങ്ങി. സാധനങ്ങളെല്ലാം പെറുക്കി എടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. ദേവുവും
പാറുവും കാറിലേക്ക് എല്ലാം കൊണ്ടുപോയി വയ്ക്കാനായി പോയി. ഞാൻ റിസപ്ഷന് സമീപം നിന്നു –
“കുറച്ചിങ്ങോട്ട് മാറി നിന്നോ അല്ലേൽ അവൻമാര് പാവയാണെന്ന് കരുതി ആ ടേബിളിന്റെ മുകളിലെടുത്ത് വയ്ക്കും”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അസുരൻ.മുഖത്തൊരു പുച്ഛ ചിരിയുണ്ട്.
“ഞാനാരോടും മാർക്കിടാൻ പറഞ്ഞിട്ടില്ല” ഞാനും വിട്ടുകൊടുത്തില്ല
” ഇടണം എന്നു പറഞ്ഞാലും പറ്റില്ല പൂജ്യത്തിൽ താഴെ മാർക്കിടാൻ എനിക്കറിയില്ല”
ഞാനൊന്നു ചിറഞ്ഞ് നോക്കി.
“എന്താടി നോക്കുന്നേ?”
“ഇയാള് കുടിക്കുമോ?”
” എന്താ?”
“കള്ള് കുടിക്കുമോന്ന്?”
“ഏ… ഏയ് ഇല്ല”
“ഞാൻ കണ്ടതാണല്ലോ കുടിക്കുന്നത്..”
“നീയെന്തിനാ എന്നെ വായിനോക്കി നടക്കുന്നെ? ”
“ഇയാളെ ഞാൻ വായിനോക്കിയെന്നോ? ”
”നീ ഇടയ്ക്ക്ക്കിടക്ക് വായിനോക്കുന്നുണ്ടായിരുന്നല്ലോ കാണാൻ കൊള്ളാവുന്ന ആമ്പിള്ളേരെ കണ്ടാൽ ചോരയും നീരും ഊറ്റിക്കുടിച്ചോണം. ഹൊ ഇനി വീട്ടിൽ ചെന്നിട്ട് വേണം കുറച്ച് ഉപ്പും മുളകും ഉഴിഞ്ഞിടാൻ.”
ഭഗവാനേ പകച്ചുപോയി എന്റെ ബാല്യം. അങ്ങനെ വിട്ടു കൊടുക്കാൻ പാടില്ലല്ലോ ഞാൻ ചോദിച്ചു.
” വായിനോക്കാൻ പറ്റിയ ഒരു കോലം. അതേയ് ചേട്ടോ എന്റെ കോളേജിലേ നല്ല കിടുക്കാച്ചി അമ്പിള്ളേരൊണ്ട് വായിനോക്കാൻ. അതുപോട്ടെ ഞാൻ ഇടയ്ക്കിടയ്ക്ക് വായിനോക്കുന്നുണ്ടായിരുന്നു എന്ന് ഉറപ്പാണോ?
“അതെല്ലോ”
“ചേട്ടനെങ്ങനാ മനസ്സിലായേ ഞാൻ ഇടയ്ക്കിടയ്ക്ക് ചേട്ടനെ വായിനോക്കുന്നുണ്ടെന്ന്…”
“അത് … അത് പിന്നെ…. ”
അസുരൻ അവിടെക്കിടന് തപ്പിക്കൊണ്ടിരുന്നപ്പോഴാ ദേവുവും ഗീതയാന്റിയും അമ്മയും അങ്ങോട്ട് വന്നത്.ദേവു ഓടി വന്ന് എന്റെ കയ്യിൽ പിടിച്ചു.
“രണ്ടും നല്ല കൂട്ടാണല്ലോ” ഗീതയാന്റിയാണ്
“രണ്ടാളും ജനിച്ചപ്പോൾ മുതൽ ഒരുമിച്ചല്ലേ “അമ്മയാണ് മറുപടി പറഞ്ഞത് –
“കൂട്ടുകെട്ട് പിരിക്കണ്ട രണ്ടാളേം എനിക്ക് തന്നേക്ക് ഞാൻ കൊണ്ടു പൊയ്ക്കോളാം എന്റെ മരുമക്കളായിട്ട് ”
(തുടരും…)
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission