തല വേദനിച്ച് മുറിയിൽ വന്നു കിടന്ന് ഒന്ന് കണ്ണടഞ്ഞപ്പോൾ ആരോ നെറുകയിൽ തലോടുന്നത് പോലെ തോന്നി.. കണ്ണ് തുറന്നപ്പോൾ എന്റെ അടുത്ത് തന്നെ ഇരിക്കുന്ന അച്ഛനെയും അമ്മയേയുമാണ് കണ്ടത്..
പതിയെ തലയിണയിൽ നിന്ന് തലയെടുത്ത് അമ്മയുടെ മടിയിലോട്ട് മാറി കിടന്നു.. കുറച്ചു നേരം ആരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടിയില്ല..
വെറുതെ കിടക്കുകയാണെങ്കിൽ പോലും കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ വരുന്നുണ്ടായിരുന്നു. എത്ര പിടിച്ചു നിർത്താൻ നോക്കിയിട്ടും അനുസരണയില്ലാത്ത കുട്ടിയെ പോലെ അതിങ്ങനെ പുറത്തോട്ട് വന്ന് കൊണ്ടേയിരുന്നു…
അത് കണ്ടതും അച്ഛൻ എന്നെ എഴുനേൽപ്പിച്ചിരുത്തി കണ്ണെല്ലാം തുടച്ചു..
എന്തിനാ എന്റെ കുട്ടി കരയുന്നെ.. ഒരു ദിവസം അച്ഛനേം അമ്മയേം വിട്ട് പിരിഞ്ഞതിന്റെ സങ്കടം ആണോ ഈ കാണാണെ… അപ്പൊ ഇനി ഒട്ടും കാണാൻ പറ്റിയില്ലെങ്കിലോ..
അച്ഛനങ്ങനെ പറഞ്ഞതും ഞാനച്ഛന്റെ വാ കേറി പൊത്തി പിടിച്ചു..
അങ്ങനെയൊന്നും പറയല്ലേ അച്ഛാ നിങ്ങളൂടെ പോയാൽ പിന്നെ ഞാനൊറ്റക്കാവും..
ആരാ പറഞ്ഞേ എന്റെ കുഞ്ഞോൾ ഒറ്റക്കാവുംന്ന്… ജീവിതകാലം മൊത്തം എന്റെ കുഞ്ഞിനെ ഒരു കുറവും ഉണ്ടാവാതെ പൊന്നുപോലെ നോക്കുന്നവരുടെ കൈയിലാണ് ഞാനെന്റെ കുഞ്ഞിനെ ഏൽപ്പിച്ചിരിക്കുന്നത്… മാധു നിന്നെ പൊന്നുപോലെ നോക്കുമെന്ന് അച്ഛനുറപ്പുണ്ട്… അതുകൊണ്ട് തന്നെ ഇനി ഇപ്പൊ അച്ഛെടെ ദൈവം അച്ഛനെ അങ്ങ് മോളിലോട്ട് വിളിച്ചാലും പ്രശ്നമില്ല… മാധു മാത്രമല്ല പ്രകാശനും രാഗിണിയും എല്ലാം എന്റെ കുഞ്ഞിനെ സ്വന്തം മോളെ പോലെ തന്നെ നോക്കും…
എല്ലാതും കൂടി കേൾക്കുമ്പോൾ.. എല്ലാ സത്യങ്ങളും അറിയുമ്പോൾ തകർന്നു പോകുന്ന എന്റെ അച്ഛന്റെ അവസ്ഥയെ കുറിച്ചാലോചിച്ചായിരുന്നു എന്റെ സങ്കടം..
അച്ഛനും അമ്മയും ഞാനും സംസാരിച്ചിരിക്കുന്നിടത്തോട്ട് പെട്ടന്നാണ് മാധവേട്ടൻ വന്നത്..
അച്ഛനൊപ്പം ഇരുന്നു സംസാരിക്കുന്ന മാധവേട്ടനെ ഞാൻ ഇടം കണ്ണിട്ട് ഞാനൊന്നു നോക്കി.. ചിരിച്ചു കൊണ്ട് സൗമ്യനായി വളരെ നല്ല രീതിയിൽ തന്നെ അച്ഛനോടും അമ്മയോടും പെരുമാറുന്നുണ്ടായി… അല്ലെങ്കിലും അഭിനയിക്കാൻ പണ്ടേ മിടുക്കൻ ആണല്ലോ..
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും പോയപ്പോൾ ഞാനും മാധവും മാത്രമായി മുറിയിൽ. ഇന്നലെ രാത്രിക്ക് ശേഷം ഒന്നടുത്ത് ഒരുമിച്ച് രണ്ടുപേരും മാത്രമായി കാണുന്നത് ഇപ്പോഴാണ്.. കല്യാണത്തിന് മുൻപ് രണ്ടുപേരും ഒരുമിച്ചുള്ള നിമിഷങ്ങൾ കിട്ടാൻ കൊതിച്ചിട്ടുണ്ട് മനസ്സ്.. പക്ഷെ ഇപ്പൊ അങ്ങനെ ഒന്ന് ആഗ്രഹിക്കുന്നു പോലുമില്ല.. കാരണം പരസ്പരം കാണുമ്പോൾ ഒന്നും സംസാരിക്കുന്നില്ല.. പലതും ചോദിക്കണമെന്നും പറയണമെന്നുമുണ്ട് … പക്ഷെ എല്ലാം മനസ്സിനകത്ത് തന്നെ കിടക്കുന്നു ഒന്നും പുറത്തോട്ട് വരുന്നില്ല… മൗനം മാത്രം…
കുറച്ചു കഴിയുമ്പോൾ എറണാകുളത്തേക്ക് പോവണം… നാളെയാണ് റിസപ്ഷൻ… കൊണ്ടുപോവാനുള്ള സാധനങ്ങളെല്ലാം ബാഗിൽ റെഡി ആക്കി വെക്കുന്നതിനിടയിൽ ആണ്.. പുറകിലൂടെ വന്ന് ആരോ കൂട്ടി പിടിച്ചത്.. അറിയാത്ത ആളല്ല.. ആ ആളുടെ ഓരോ സ്പന്ദനം പോലും എനിക്ക് മനഃപാഠമായിരുന്നു…
വിട് മാധവ് എന്താ ഈ കാണിക്കുന്നേ… നിങ്ങള്ടെ ഇഷ്ട്ടത്തിനൊത്തു തുള്ളുന്ന ഒരു പാവയാണ് ഞാനെന്ന് കരുതി.. അത് എന്തിനുമുള്ള ലൈസെൻസ് ആയി കാണണ്ട.
ആഹാ… ഞാൻ നിന്നെ കെട്ടിപ്പിടിക്കും എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യും… നീ എന്ത് ചെയ്യും..
അതിനു വേരൊരുപാട് ആളുകളെ കിട്ടും.. ആ കൂട്ടത്തിൽ പ്പെടാൻ ഒരിക്കലും ഗായത്രിയെ കിട്ടില്ല.. എന്റെ അവസ്ഥയെ മൊതലെടുക്കുകയാണ് നിങ്ങൾ..
അതേ ഗായൂ.. ഞാൻ മൊതലെടുക്കുകയാണ് എന്റെ ഭാര്യയെ ഞാനല്ലാതെ പിന്നെ ആര് മൊതലെടുക്കാ നാണ്.. തല്ക്കാലം എന്റെ മോള് മിണ്ടാതെ ഇരുന്നോ വെറുതെ കിടന്ന് ഒച്ചയും വിളിയും എടുത്ത് താഴെയുള്ള പാവം അമ്മായി അച്ഛനേം അമ്മായിയമ്മേം എല്ലാം അറിയിക്കണോ…
മാധവേട്ടൻ അങ്ങനെ പറഞ്ഞതും പിന്നെ ഞാനൊന്നും മിണ്ടിയില്ല.. മകൾ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്ന് ആ പാവങ്ങൾ വിശ്വസിച്ചോട്ടെ…
ഒന്നും മിണ്ടാതെ ആ നിൽപ്പ് അവിടെ തന്നെ നിന്നു.. ഇനി ഇതുകൂടിയുള്ളു ബാക്കി.. മനസ്സ് കൊണ്ട് വേദനിപ്പിക്കാവുന്നിടത്തോളം വേദനിപ്പിച്ചു.. ബാക്കിയുള്ളത് ശരീരമാണ്..
ചുറ്റി പിടിച്ച കൈകൾ താനെ അയയുകയുണ്ടായി.. പകരം അവ എന്നെ തിരിച്ചു മാധവിന് മുഖാമുഖം നിർത്തി… എന്നെ തന്നെ നോക്കി നിൽക്കുകയാണ് ആ കണ്ണുകൾ എന്നെനിക്കറിയാം.. എങ്കിലും മുഖമുയർത്തി നോക്കിയില്ല.. താഴേക്ക് തല കുമ്പിട്ട് നിന്നു… ഇതുവരെ സംഭരിച്ചു വെച്ച വെറുപ്പ് മുഴുവൻ വേണമെങ്കിൽ ആ ഒറ്റ നോട്ടത്തിൽ അലിഞ്ഞില്ലാതാവും.. കാരണം അത്രക്ക് ഞാൻ സ്നേഹിച്ചു പോയി ആ മനുഷ്യനെ… ഇപ്പോഴും കുന്നോളം വെറുപ്പിനുള്ളിലും എന്റെ ഹൃദയത്തിൽ മാധവിന് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ പോലും എനിക്ക് കഴിയില്ല..
ഇറുകി അടച്ചിരിക്കുന്ന എന്റെ കണ്ണുകളിൽ മാധവിന്റെ ചുടു നിശ്വാസം ഞാനറിയുന്നുണ്ടായി… ആ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിയെ അമർന്നു…
നീ എന്തിനാണ് ആവശ്യമില്ലാതെ അമ്മുവിനോട് സോറി പറഞ്ഞത്… അത് ഞാനല്ലേ പൊട്ടിച്ചത്.. നിനക്ക് പറഞ്ഞുകൂടായിരുന്നോ നിന്റെ കയ്യിൽ നിന്നല്ല അത് പൊട്ടിയതെന്ന്…. എനിക്ക് വേണ്ടി നീ ആരുടെ മുന്നിലും താഴ്ന്നു കൊടുക്കുന്നത് എനിക്കിഷ്ടമല്ല…
മാധവ് ഇത്രയൊക്കെ പറഞ്ഞിട്ടും ഞാനെന്റെ കണ്ണുകൾ തുറക്കാനോ മാധവിനെ ഒന്ന് നോക്കാനോ പോയില്ല.. പക്ഷെ കൂടുതൽ ഞാൻ അവഗണിക്കും തോറും മാധവ് എന്നോട് ചേർന്നു നിന്നു… വീണ്ടും ആ നെഞ്ചിന്റെ ചൂട് എന്റെ മുഖത്ത് തട്ടി…
പതിയെ ഞാൻ കണ്ണ് തുറന്ന് മാധവിനെ നോക്കിയ നേരത്താണ് പെട്ടന്ന് മുറിയിലേക്ക്
അമ്മു കയറി വന്നത്..
മാധു…. എന്ന് നീട്ടി വിളിച്ച് മുറിയിലേക്ക് ഓടി വന്ന അവൾ പെട്ടന്ന് എന്നെയും മാധവിനെയും ഒരുമിച്ച് അങ്ങനെ കണ്ടപ്പോൾ മുറിയിൽ നിന്ന് ഒന്നും മിണ്ടാതെ വന്നപോലെ തിരികെ പോവുന്നുണ്ടായി…
ഞാനും അപ്പൊ തന്നെ മാധവിന്റെ കൈ വിടീപ്പിച്ച് കുളിക്കാനുള്ള ടവൽ എടുത്ത് ബാത്‌റൂമിൽ കേറി കുറ്റിയിട്ടു… ഷവർ തുറന്നിട്ട് ഒരുപാട് നേരം അതിനടിയിൽ നിന്നു. പഴയ മോഹങ്ങളൊന്നും വീണ്ടും മനസിനകത്തേക്ക് കയറ്റണ്ട എന്ന് സ്വയം തീരുമാനിച്ചു.. ഒരിക്കൽ കണ്ണടച്ചു വിശ്വസിച്ചതിന്റെ ബാക്കി പത്രമാണ് ഇന്ന് വെന്തുരുകുന്ന ഈ ജീവിതം തന്നെ .. അതുകൊണ്ട് തന്നെ ഇനി എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞതിനു ശേഷം മാത്രം മതി ആരെ വിശ്വസിക്കണം, സ്നേഹിക്കണം എന്നുള്ളതൊക്കെ…
മൂന്നു വണ്ടിയിലായാണ് എറണാകുളത്തേക്ക് പോവാനുള്ളത്.. ആദ്യത്തേതിൽ അച്ഛനും അമ്മയും മുത്തച്ഛനും പ്രകാശച്ചനും രാഗിണി അമ്മയും..
രണ്ടാമത്തേതിൽ അമ്മുവിന്റെ അച്ഛനും അമ്മയും.. വാസന്തി അമ്മായി പ്രത്യേകം പറഞ്ഞതാണ് അവർ ഫാമിലി മാത്രം ഒറ്റക്ക് യാത്ര ചെയ്യുന്നതാണ് പുള്ളിക്കാരിക്ക് ഇഷ്ടമെന്ന്.. അതുകൊണ്ട് തന്നെ അവരുടെ കൂടെ വേറാരും പോയുമില്ല… വണ്ടിയിൽ കേറുന്നതിന് മുന്നേ അമ്മായി മാധവേട്ടന്റെ അച്ഛനോടും അമ്മയോടും ആ വണ്ടിയിൽ പോകാമെന്നു പറഞ്ഞെങ്കിലും മാധവേട്ടന്റെ അമ്മ അത് മൈൻഡ് ചെയ്തില്ല…
ഇവരെല്ലാം പോയി കഴിഞ്ഞ് ഇനി ബാക്കിയുള്ളത് ഞാനും ലയയും മാധവും രാഹുലേട്ടനും പിന്നെ അമ്മുവും കൂടിയാണ്..
വണ്ടി ഡ്രൈവ് ചെയ്യാനായി കീ യുമായി രാഹുലേട്ടൻ ഡ്രൈവിംഗ് സീറ്റിലിരുന്നു ഒപ്പം അപ്പുറത്തായി മാധവും.. ഞാനും ലയയും പിന്നിലും.. അവസാനമാണ് അമ്മു വീടിനകത്തു നിന്ന് ഇറങ്ങി വന്നത്… മാധവേട്ടൻ ധരിച്ചിരുന്ന ഷർട്ടിന്റെ സെയിം കളർ ആയ ടോപ് ആയിരുന്നു അമ്മുവും ഇട്ടിരുന്നത് . ഞാനത് കണ്ടെങ്കിലും ശ്രെദ്ധിക്കാതെ പുറത്തോട്ടും നോക്കിയിരുന്നു. ലയക്കാണെങ്കിൽ ഇതൊക്കെ കണ്ടു ചൊറിഞ്ഞു വരുന്നുണ്ടെന്ന് അവൾടെ മുഖം കണ്ടപ്പോൾ മനസിലായി…
ഡ്രൈവിംഗ് സീറ്റിനടുത്ത് ചെന്ന് അമ്മു രാഹുലേട്ടനോട് ഞാൻ ഡ്രൈവ് ചെയ്‌തോട്ടെ രാഹുൽ പ്ലീസ്… എന്ന് പറഞ്ഞതോടെ കീ അമ്മുവിനെ ഏൽപ്പിച്ച് രാഹുലേട്ടൻ മുന്നിൽ നിന്നിറങ്ങി പിന്നിൽ എനിക്കും ലയക്കുമൊപ്പം ഇരുന്നു…
കേട്ടോ മാധവേട്ടാ ഒരുപാട് നാളായി കേരളത്തിൽ വന്ന് ഡ്രൈവ് ചെയ്തിട്ട്.. എനിക്കിവിടുത്തെ ലൈസെൻസ് ഉണ്ടെങ്കിലും അതുപയോഗം ചെയ്യാൻ പറ്റിയിട്ടില്ല.. സൊ ഇന്ന് എന്തായാലും നിങ്ങളുടെയൊക്കെ സാരഥി ഈ അമ്മുവാണ്…
അമ്മു എല്ലാരേം നോക്കി അത് പറഞ്ഞപ്പോൾ ഞാനും രാഹുലേട്ടനും ചെറുതായൊന്നു പുഞ്ചിരിച്ചു.. ലയ ഉറക്കം വരുന്നത് പോലെ എന്റെ തോളിൽ ചാഞ്ഞു കിടന്നു.. മാധവ് അപ്പോഴും ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുകയാണ്..
യാത്രയിലുടനീളം അമ്മു മാധവേട്ടനോട് പണ്ട് അമേരിക്കയിൽ അവരൊരുമിച്ചുണ്ടായിരുന്നപ്പോൾ ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു ചിരിക്കുന്നുണ്ടായി.. ലയയും രാഹുലേട്ടനും അന്താക്ഷരിയും കളിച്ച് തല്ലും പിടിച്ചിരുന്നു… രണ്ടും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ ആയിരുന്നു…
ഇടയിലെപ്പോഴോ ലയയും രാഹുലേട്ടനും പതുക്കെ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായി.. എന്നെ നോക്കി ചിരിക്കുന്നുണ്ടായി.. പകുതി വഴി ആയപ്പോൾ ലയയ്ക്ക് ശർധിക്കാൻ വരുന്നെന്നു പറഞ്ഞു വണ്ടി നിർത്തിച്ചു രണ്ടും കൂടി…
ലയ റോഡിൽ ഇറങ്ങി കുഞ്ഞിന് നിന്ന് ശര്ധിക്കുന്നത് പോലെയൊക്കെ കാണിക്കുന്നുണ്ടായി ഞാനും രാഹുലേട്ടനും മാധവും പുറത്തേക്കിറങ്ങി ലയയുടെ മുതുക് ഉഴിഞ്ഞു കൊടുക്കുകയും, കുടിക്കാനായി വെള്ളം കൊടുക്കുകയും ചെയ്തു..
അമ്മു അവിടെ തന്നെ ഇരുന്നു പുറത്തേക്കിറങ്ങിയില്ല.. ഇടക്ക് രാഹുലേട്ടൻ അമ്മുവിനോട് വേണമെങ്കിൽ ഇനി ഞാൻ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അവളതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു..
കുറച്ചു കഴിഞ്ഞ് ലയ പോവാമെന്ന് പറഞ്ഞു..പക്ഷെ ഇത്തവണ അമ്മുവിനൊപ്പം കാറിന്റെ മുന്നിൽ കയറിയത് ലയയാണ്..
അമ്മു ഞാൻ മുന്നിലിരിക്കാട്ടോ ഇനി…. പുറകിലിരുന്നാൽ ആണ് കൂടുതലും ശർധിക്കാൻ വരിക.. അതാ..
ലയ അതും പറഞ്ഞ് മുൻ സീറ്റിൽ കേറി കണ്ണും പൂട്ടി ചാരിയിരുന്നു രാഹുലേട്ടൻ പിന്നിലുള്ള സീറ്റിൽ ഒരറ്റത്ത് ഒന്നും മിണ്ടാതെ ചെന്നിരുന്നു… ബാക്കിയുള്ളത് ഞാനും മാധവും മാത്രമാണ്…
സ്വപ്നം കണ്ടു നിൽക്കാതെ വണ്ടിയിൽ കേറേന്റെ ഭാര്യേ…
മാധവ് അങ്ങനെ പറഞ്ഞതും ഗായത്രി ഒന്നും മിണ്ടാതെ അകത്തോട്ടു കേറി…
ലയേടേം രാഹുലിന്റെ മുഖത്തെ കള്ളച്ചിരി കണ്ടപ്പോൾ തന്നെ മാധവിന് ഇതവരൊപ്പിച്ച പണിയാണെന്ന് മനസിലായി… എന്തായാലും ഇത്രയും നേരം താനും ഇതാഗ്രഹിച്ചിരുന്നു.. എന്തായാലും കിട്ടിയ സന്ദർഭം പാഴാക്കേണ്ട എന്ന് കരുതി മാധവ് പതിയെ തന്റെ കണ്ണുകളടച്ച് കിടന്നു..പിന്നെ പതിയെ പതിയെ തല കൊണ്ടുപോയി ഗായുവിന്റെ തോളിൽ ചേർത്തു കിടന്നു..
അപ്പോഴും ഗായത്രി ശ്രദ്ധിച്ചത് അമ്മുവിന്റെ മുഖം മാത്രമാണ്.. പെട്ടന്ന് അവളുടെ മുഖത്തുണ്ടായ മാറ്റം… അത് നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടാനായി വെമ്പുന്ന പോലെ…
ഹോട്ടലിൽ എത്തിയതിനു ശേഷം മാധവേട്ടനെ പിന്നെ അധികം കാണാൻ പറ്റിയില്ല.. കൂടുതൽ നേരവും ആരെങ്കിലുമായി ഫോൺ വിളിക്കുകയോ.. വേറെന്തെങ്കിലും തിരക്കിലോ ആയിരിക്കും അതിനിടയിൽ വീണ വിളിച്ച് നാളെ റിസെപ്ഷൻന്റെ ഇടയിൽ വരുമെന്നും കാണണമെന്നും പറഞ്ഞു..
ഒരുഭാഗത്ത് മാധവിനെ നശിപ്പിക്കാനായി നടക്കുന്ന വീണ മറുഭാഗത്ത് മാധവിനോട് കൂടുതൽ അടുക്കാൻ നടക്കുന്ന അമ്മു..
അമ്മു ഒരിക്കലും മാധവിനെ ഒരു സഹോദരന്റെ സ്ഥാനത്തല്ല കാണുന്നതെന്ന് അവളുടെ പല പ്രവൃത്തികളിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുള്ളതാണ്..
എല്ലാതും കൂടി ആലോചിക്കുമ്പോൾ തലക്ക് ഭ്രാന്തു പിടിക്കുന്ന അവസ്ഥ..
എറണാകുളത്തെ ലുലു ഇന്റർനാഷണൽ കൺവെൻഷണൽ സെന്ററിൽ വെച്ചായിരുന്നു റിസെപ്ഷൻ .. ഞാൻ ബ്ലൂ കളർ ലഹങ്കയും റോസ് കളർ ദുപ്പട്ടയുമായിരുന്നു വേഷം.മാധവ് റോസ് കളറിലുള്ള ഷർട്ടും വൈറ്റ് കോട്ടും ബ്ലാക്ക് പാന്റും ആയിരുന്നു.. എന്തായാലും ലയ യുടെ സെലെക്ഷൻ കൊള്ളാം ഡ്രെസ്സ് എനിക്ക് നന്നായി ചേരുന്നുണ്ടെന്ന് എല്ലാരും പറയുന്നുണ്ടായി… ചെറിയൊരു വൈറ്റ് ഡയമണ്ട് നെക്‌ലേസും അതിനോട് ചേർന്ന വളയും കമ്മലും ഞാനിട്ടുള്ളു.. അധികം ആഭരണങ്ങൾ ഒന്നും വേണ്ടെന്ന് നേരത്തെ ബ്യൂട്ടീഷനോട് പറഞ്ഞു..
പക്ഷെ താഴെ ചെന്നപ്പോൾ എന്നെ ഞെട്ടിച്ചത് വേറൊന്നായിരുന്നു മാധവിന്റെ ഡ്രെസ്സിന്റെ സെയിം കളർ ലഹങ്കയിൽ ഒരു കല്യാണ പെണ്ണിനെ പോലെ ഒരുങ്ങി നിൽക്കുന്ന അമ്മു ആയിരുന്നു അത് … റിസെപ്ഷന് വന്ന എല്ലാവരും എന്നെയും മാധവിനെയും ശ്രദ്ധിക്കുന്നത് പോലെ അമ്മുവിനെയും ശ്രദ്ധിച്ചിരുന്നു..
അതിഥികൾക്ക് നടുവിലൂടെ റെഡ് കാര്പെറ്റിലൂടെ ഗായത്രിയും മാധവും നടന്നു നീങ്ങുമ്പോൾ അവർക്ക് പിന്നിൽ തന്നെ അമ്മുവും ഉണ്ടായിരുന്നു..
ആരും കേൾക്കാതെ അമ്മു സ്വയം മന്ത്രിച്ചു അധികം വൈകാതെ നീ നിൽക്കുന്ന ആ സ്ഥാനത്ത് ഞാൻ നിൽക്കും ഗായത്രി.. മാധവ് എന്നും അമ്മുവിന്റെ മാത്രമായിരിക്കും…അമ്മുന്റെ സ്വന്തം മാധു …
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission