മുറിവുള്ള കാലുമായി നേരെ ചെന്നത് താഴെ അടുക്കളയിലേക്കാണ് അവിടെ അമ്മയും രാധ ചേച്ചിയും കൂടി രാവിലേക്കുള്ള പ്രാതലിനുള്ള തയ്യാറെടുപ്പിലാണ്.
മോളെഴുന്നേറ്റോ എങ്ങനെഉണ്ടായി ഉറക്കമൊക്കെ അതും ചോദിച്ച്..
അമ്മയും രാധ ചേച്ചിയും മുത്തശ്ശിയും എന്റെ മുഖത്തോട്ട് നോക്കിയതും ഒരുമിച്ചായിരുന്നു .. മുഖത്തെ നീരും കരുവാളിപ്പും കണ്ടതോടെ എല്ലാരും ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു..
” മോളിന്നലെ ഉറങ്ങിയില്ലേ.. മുഖമെല്ലാം ആകെ നീര് വന്നു വീർത്തു കെട്ടിയിരിക്കുന്നു.
രാധ ചേച്ചിയാണ് ചോദിച്ചത്…
ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നെ നോക്കി അമ്മയാണ് രാധ ചേച്ചിക്ക് മറുപടി പറഞ്ഞത്..
” അത് വീട് മാറി കിടന്നതിന്റെ ആയിരിക്കും ശീലമായിക്കോളും മോളെ.. ”
അമ്മ അത് പറഞ്ഞു തീർന്നതും രാധചേച്ചി എന്നെ നോക്കി ഒരു ആക്കി ചിരി പാസാക്കി.
” പിന്നെ ഇന്നലെ രാത്രി ഒരു പെണ്ണുങ്ങൾക്കും ഉറങ്ങാൻ പറ്റാത്ത രാത്രികൂടിയാണല്ലോ.. ഇനി ഒരാഴ്ചത്തേക്ക് മോള് ഉറക്കത്തെ കുറിച്ച് ആലോചിക്കാനേ പോണ്ട.. ഉറങ്ങാൻ പോയിട്ട് ഒന്ന് കണ്ണടക്കാൻ പോലും സമ്മതിക്കില്ല…
മധുവിധു രാവുകളെ
സുരഭില യാമങ്ങളെ
ന ന ന നാ നാ….
കൊള്ളിച്ചു വെച്ചുള്ള രാധ ചേച്ചിയുടെ സംസാരവും പോരാത്തതിന് ഒലക്കേടെ മൂട്ടിലെ ആ സിനിമാ പാട്ടും മൂളി പോവുന്ന പോക്കും കൂടി കണ്ടപ്പോൾ പെണ്ണുംപിള്ളയെ വലിച്ചു കീറി ചുമരുമ്മേൽ ഒട്ടിക്കാനാണ് എനിക്ക് തോന്നിയത്..
പക്ഷെ അമ്മയുടെ ഒരൊറ്റ നോട്ടം മതിയാരുന്നു രാധ ചേച്ചിയുടെ പാട്ട് അവസാനിക്കാനായി..
” മോള് ഈ ചായ കൊണ്ടുപോയി അച്ഛനും മാധവിനുമൊക്കെ കൊടുക്ക് എന്ന് പറഞ്ഞ് അമ്മ എന്നെ അടുക്കളയിൽ നിന്ന് മുറിയിലേക്ക് തന്നെ വീണ്ടും വിട്ടു.. ചായ പാത്രവും പിടിച്ച് ഞൊണ്ടി ഞൊണ്ടി പോകുന്ന എന്നെ കണ്ടപ്പോഴാണ് അമ്മ എന്റെ കാലിലെ മുറിവ് കണ്ടത് .
ഓടി വന്ന് ചായപ്പാത്രം എന്റെ കയ്യിൽ നിന്ന് വാങ്ങി അമ്മ എന്നെ അടുത്തുള്ള കസേരയിൽ ഇരുത്തി കാലിലൊട്ടും എന്നെയും മാറി മാറി നോക്കി…
ഇന്നലെ രാത്രി കൈ തട്ടി വീണ് മുറിയിലെ ഫ്ലവർവേസ് താഴെ വീണ് പൊട്ടി അതിലെ ഒരു ചില്ല് കഷ്ണം കൊണ്ടതാണ് അമ്മേ. വേറെ പ്രശ്നമൊന്നും ഇല്ല.. വേഗം ഉണങ്ങിക്കോളും.. ഞാനത് പറഞ്ഞു തീരുമ്പോഴേക്കും മുത്തശ്ശി ലയയെ വിട്ട് മാധവേട്ടനെ താഴേക്ക് വരുത്തിയിരുന്നു..
” മാധു… മോളെ വേഗം ആശുപത്രിയിലേക്ക് കൊണ്ടു പോ… ഇന്നലെ ഈ വീട്ടിലേക്ക് കേറി വന്ന കുട്ടിയാണ് ഒറ്റരാത്രി കൊണ്ട് നീയതിനെ കൊന്ന് തിന്നല്ലോ… “!!
മുത്തശ്ശി അത് പറഞ്ഞതും മാധവ് വായും പൊളിച്ചു ഞാനവളെ അതിനൊന്നും ചെയ്തില്ല മുത്തശ്ശി എന്ന ഭാവത്തിൽ നിൽപ്പാണ്.
” ആ കുട്ടിയുടെ കണ്ണും മുഖവുമൊക്കെ നോക്ക്.. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് മുഖം കണ്ടാലേ അറിയാം.. എങ്ങനെയാ വേദനിച്ചിട്ട് അതിനുറങ്ങാൻ പറ്റിയിട്ടുണ്ടാവില്ല.. ”
അതിനു മുത്തശ്ശി ഗായു ന്റെ കാല് മുറിഞ്ഞത് ഇന്ന് രാവിലെയാണ് …
” ആ ഞാൻ നേരത്തെ പറഞ്ഞില്ലേ.. മോൾടെ ഉറക്കം കളഞ്ഞത് മാധവൻ കുഞ്ഞ് തന്നെയായിരിക്കുമെന്ന്.. ഇപ്പൊ എങ്ങനെയുണ്ട് രാഗിണിയേച്ചി.. ”
രാധ ചേച്ചി അത് പറഞ്ഞതും അണ്ടി വിഴുങ്ങിയ അണ്ണാനെ പോലെ നിൽപ്പാണ് മാധവ് ….
” മാധു നീ മോളെ വേഗം ആശുപത്രിയിൽ കൊണ്ടു പോയെ… ചില്ലാണ് കൊണ്ടിരിക്കുന്നത് പോയ്‌സന്റെ ഇൻജെൻഷൻ എടുക്കേണ്ടി വരുമായിരിക്കും …അതിനി ഇൻഫെക്ഷൻ ആയി വല്ല പനിയോ മറ്റുമാവും. പിന്നെ നാളെ റിസപ്ഷൻ ഉള്ളതാണ് അതിനിടയിൽ മോള് ഈ കാലും വെച്ച് എറണാകുളം വരെ എങ്ങനെ എത്തും. അതുകൊണ്ട് ഇപ്പൊ തന്നെ ഡോക്ടറുടെ അടുത്തോട്ടു കൊണ്ടുപോവാം… ”
അച്ഛനത് പറഞ്ഞതും മാധവ് ഡ്രെസ്സ് മാറാനായി മുറിയിലോട്ട് പോയി ..ഞാൻ താഴെ തന്നെ നിന്നു..
അപ്പോഴേക്കും ലയ ഗായത്രിടെ കാലെടുത്ത് തന്റെ മടിയിൽ വെച്ച് വേദനയുണ്ടോ ഗായൂ എന്ന് ചോദിച്ചു…
തന്റെ വേദന മനസിലാക്കി ആ മുറിവിലോട്ട് തന്നെ നോക്കിയിരിക്കുന്ന ലയയെ കണ്ടതും ഗായു വിന് അവളോട് മിണ്ടാതിരിക്കാൻ പറ്റിയില്ല…
” അധികം വേദനയില്ല പെണ്ണേ… ചെറിയ മുറിവേയുള്ളൂ.. “ഞാൻ അവൾടെ മടിയിൽ നിന്ന് കാൽ വലിച്ചു മാറ്റാൻ നോക്കിയിട്ടും പെണ്ണെന്റെ കാൽ വിട്ട് തരുന്നില്ല…
എന്തൊക്കെ പറഞ്ഞാലും ലയയോട് തനിക്കധികം നാൾ ഇങ്ങനെ മിണ്ടാതെ പിണക്കമായി ഇരിക്കാൻ പറ്റില്ലെന്ന് എനിക്ക് നന്നായി അറിയാം.. ഒരേ ആത്മാവും രണ്ടു ശരീരവുമായി ജീവിച്ച സുഹൃത്തുക്കളാണ് ഞങ്ങൾ ..
മാധവേട്ടന് ഒരുങ്ങി താഴെ വരുന്നത് വരെ നിലത്ത് വെക്കാതെ അവളെന്റെ കാൽ മടിയിൽ തന്നെ വെച്ചു .. ശെരിയാണ് കാൽ നിലത്ത് കുത്തുമ്പോഴാണ് കൂടുതൽ വേദന.
കാറിന്റെ കീ യുമെടുത്ത്.. എന്റെ അരികിൽ വന്ന് മറ്റേ കൈ കൊണ്ട് എന്നെ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു മാധവ്.. മുത്തശ്ശി ഇരിക്കുന്നത് കൊണ്ട് ആ കൈ ഞാൻ തട്ടി മാറ്റിയില്ല..
പതിയെ പുറത്തേക്കുള്ള ഡോറിന്റെ അവിടേക്ക് നടക്കുമ്പോഴാണ് ആരോ വന്ന് കാളിങ് ബെൽ അടിച്ചത്..
എല്ലാരും കൂടി ഒരുമിച്ചു മുറ്റത്തേക്ക് ചെന്നപ്പോൾ കണ്ടത് സ്ലീവെലെസ്സ് ടോപ്പും ജീൻസും കൂളിംഗ് ഗ്ലാസും വെച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെയാണ്…
” അമ്മു.. ”
മാധവേട്ടന് ഒരു ഞെട്ടലോടെ അത് പറഞ്ഞു തീരും മുന്നേ ആ പെൺകുട്ടി മാധവേട്ടനെ ഓടി വന്നു കെട്ടിപിടിച്ചു… അപ്പോഴും മാധവേട്ടന് എന്റെ കയ്യിലെ പിടുത്തം വിട്ടിരുന്നില്ല.. ഒരു കൈകൊണ്ട് ആ പെൺകുട്ടിയെയും പിടിച്ചിരുന്നു.. ആ പെൺകുട്ടിക്ക് പിന്നാലെ മധ്യവയസ്കരായ ഒരച്ഛനും അമ്മയും അകത്തേക്ക് വന്നു..
” എന്റെ ഗോപീ നിങ്ങള് ഇന്ന് വരുമെന്നറിയുമെങ്കിൽ കൂട്ടി കൊണ്ടു വരുവാൻ എയർപോർട്ടിലേക്ക് ആളെ അയക്കുമായിരുന്നില്ലേ…. ?”
മുത്തശ്ശിയാണ് ചോദിച്ചത്..
” ഞാനാ മുത്തശ്ശി അച്ഛയോട് വരുന്ന കാര്യം പറയണ്ടാന്ന് പറഞ്ഞേ… അതുകൊണ്ട് ഇപ്പൊ എന്തായി എല്ലാരും ഞെട്ടി നിൽക്കുന്നത് കാണാൻ പറ്റിയില്ലേ…”?
അതും പറഞ്ഞ് അവൾ മുത്തശ്ശിയെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കുന്നുണ്ടായി..
പിന്നെ ആ കുട്ടി ഓരോരുത്തരെയായി ചെന്ന് കെട്ടിപിടിക്കുന്നുണ്ടായിരുന്നു.. എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോഴേ മനസിലായി വേണ്ടപെട്ട ആരോ ആണെന്ന്…
അവസാനം എന്റെ ഊഴവുമെത്തി..
” ഇത് ഗായത്രി.. അതായത് ലയേടെ ഗായൂ..
അല്ലെ…. ???
സോറി ഇപ്പൊ മാധു ന്റെ ഗായു അല്ലെ…
എനിക്കാദ്യം തൊട്ടേ തന്നെ തന്നെ അറിയാം.. പക്ഷെ അത് ലയ പറഞ്ഞായിരുന്നു.. അവൾടെ ചങ്ക് കൂട്ടുകാരി ഗായു നെ കുറിച്ച് പറയുമ്പോ നൂറു നാവായിരുന്നു പെണ്ണിന്.. എന്നാലും ഗായത്രിയെ ഞാൻ സമ്മതിച്ചു ലയ വഴി ഈ കലിപ്പൻ മാധു നെ കറക്കി പോക്കറ്റിലാക്കിയല്ലോ… നീ… സമ്മതിച്ചു.. അപാര കഴിവ് തന്നെ.. ”
ലയ അങ്ങനെ പറഞ്ഞതും ഞാനാകെ വല്ലാതായി..എന്റെ മുഖം വല്ലാതായതും അമ്മ പെട്ടന്ന് തന്നെ എന്റെ കയ്യിൽ പിടിച്ച് എനിക്ക് അമ്മുവിനെയും കുടുംബത്തിനെയും പരിചയപ്പെടുത്തി തന്നു.
മോളെ ഇത് ഗോപി അമ്മാവൻ.. അമേരിക്കയിലുള്ള വാസന്തി അമ്മായിയേം ഗോപി അങ്കിൾനേം പറ്റി അമ്മ മോളോട് പറഞ്ഞിട്ടില്ലേ…
പിന്നെ ഇത്… അമ്മ അമ്മുവിനെ എനിക്ക് പരിചയപ്പെടുത്താൻ പോയതും..
അതിന് മുന്നേ അവൾ തന്നെ എനിക്ക് മുന്നിൽ വന്നു നിന്ന് ഞാൻ തന്നെ ഗായു വിന് എന്നെ പരിചയപ്പെടുത്തി തരാം എന്ന് പറഞ്ഞു..
ഞാൻ , ഇവരെല്ലാവരും അമ്മു എന്ന് വിളിക്കുന്ന അമൃത… ഈ നിൽക്കുന്ന ഗോപി നാഥന്റെയും വാസന്തിയുടെയും ഒരേ ഒരു സന്തതി.. അപ്പൊ പറഞ്ഞു വരുമ്പോ ഗായു എന്റെ ചേട്ടത്തി ആയി വരും… പക്ഷെ പ്രായത്തിൽ ഞാൻ ഗായുവിനേക്കാൾ മൂന്ന് ഓണം കൂടുതൽ ഉണ്ടിട്ടുള്ളത് കൊണ്ട് ചേട്ടത്തി വിളി ഒഴിവാക്കാം.. പകരം ഇവരെല്ലാം വിളിക്കുന്നത് പോലെ ഗായൂന്ന് വിളിക്കാം.. പിന്നെ ഐആം എക്സ്ട്രീമിലി സോറി.. കല്യാണത്തിൽ പങ്കെടുക്കാതിരുന്നതിന്. അച്ഛന്റെ ബിസിനസ് ആയുള്ള കുറച്ച് ഇഷ്യൂസ് കാരണമാണ് ഇന്നലെ എത്താതിരുന്നത്..
“അത് സാരമില്ല ഇപ്പോഴായാലും നീ എത്തിയില്ലേ ചട്ടമ്പി കല്യാണി…” മുത്തശ്ശി അമ്മുവിന്റെ ചെവിയിൽ പിടിച്ചുകൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ അവിടെ നിന്നിരുന്ന എല്ലാവരും ചിരിക്കാൻ തുടങ്ങി..
പെട്ടന്നാണ് അമ്മു ചിരിച്ചു കൊണ്ട്… എടാ മുറചെറുക്കാ ഇങ്ങ് വാ ചോദിക്കട്ടെ..എന്നും പറഞ്ഞ് മാധവേട്ടന്റെ കയ്യിൽ പിടിച്ച് വലിച്ച് അകത്തോട്ടു പോയത്..
അമ്മു മാധവിനേം വലിച്ച് അകത്തേക്ക് പോവുന്നതും നോക്കി മുത്തശ്ശി പറയുന്നുണ്ടായി..
” ഇവള്ടെ ഒരു കാര്യം പണ്ട് തൊട്ടേ മാധവിനെ അവൾക്ക് ജീവനാണ്… ഇപ്പോഴും അങ്ങനെതന്നെ…”
” അതു പിന്നെ മാധവ് കുറെ കാലം അവിടെ അമേരിക്കയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നപ്പോ ഒരു ദിവസം പോലും മാധവേട്ടനെ കാണാതെ നിൽക്കാൻ പറ്റിലായിരുന്നല്ലോ അവൾക്ക്… അമ്മേ… ”
വാസന്തി അമ്മായിയുടെ വകയായിരുന്നു ആ കമന്റ്..
എന്തായാലും ഇവരുടെ വരവോടെ ആശുപത്രിയിൽ പോക്ക് ക്യാൻസൽ ആയിട്ടുണ്ടാവുമെന്നും കരുതി അകത്തോട്ടു പോവാൻ പോയപ്പോഴാണ് അച്ഛൻ എന്നോട് കാറിനകത്തോട്ട് കേറാൻ പറഞ്ഞത്..
കാറിന്റെ താക്കോലും വാങ്ങി എനിക്കൊപ്പം പുറത്തേക്കിറങ്ങുമ്പോൾ ഗോപി മാമ്മനെ നോക്കി..” ഗോപി ഞാൻ മോളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വരാം മോൾടെ കാൽ ഒന്ന് മുറിഞ്ഞു.. ”
ഇത് പറയുമ്പോഴേക്കും വാസന്തി അമ്മായി എന്റെ കാല് വന്നു നോക്കിയിട്ട് ഇത് ചെറിയ മുറിവാണല്ലോ ഏട്ടാ ഹോസ്പിറ്റലിൽ പോവണ്ട ആവശ്യമുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായി ..
അതിന് മറുപടി കൊടുക്കാതെ അച്ഛന് എന്നെ നോക്കി കാറിനകത്തേക്ക് കേറി..
വണ്ടി ഗേറ്റ് കടന്നുപോവുമ്പോൾ കാറിന്റെ മിററിലൂടെ ഞാൻ കണ്ടു ഉമ്മറത്തേക്ക് ഓടി വന്ന് ഞാൻ പോവുന്നത് നോക്കി നിൽക്കുന്ന മാധവേട്ടനെ… ഒപ്പം അമ്മുവുമുണ്ടായിരുന്നു..
ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കാണുമ്പോഴും .. കാലിൽ മരുന്ന് വെക്കുമ്പോഴുമെല്ലാം അച്ഛൻ എന്നെ ഒരു ചെറിയക്കുട്ടിയെ നോക്കും പോലെ അടുത്ത് തന്നെ നിന്ന് നോക്കിയിരുന്നു.. അതെല്ലാം കണ്ടപ്പോൾ പെട്ടന്ന് അച്ഛനെയാണ് ഓർമ്മ വന്നത് ..
പക്ഷെ എല്ലാം കാണുമ്പോഴും പിന്നെയും സംശയങ്ങൾ മാത്രമായിരുന്നു മനസ്സിൽ..കാരണം ഇതേ മനുഷ്യൻ തന്നെയാണ് ഒരു കച്ചവട കണക്കുപോലെ കോടികളുടെ കണക്ക് പറഞ്ഞ് തന്നെ അയാളുടെ മകന്റെ താലിക്ക് മുന്നിൽ തല കുഞ്ഞിപ്പിച്ചത്. തന്റെ അച്ഛനെയും അമ്മയെയും വീട്ടുകാരെയും തെരുവിലിറക്കുമെന്ന് ഭീഷണി പെടുത്തിയത് .. ആലോചിക്കും തോറും ചുറ്റിലുമുള്ളതിൽ ആരാണ് ശത്രു ആരാണ് മിത്രം ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ…
മരുന്ന് വാങ്ങിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിക്ക് ഇടക്ക് വെച്ച് അച്ഛൻ എനിക്ക് ചായ വാങ്ങി തരാനായി ഒരു ചെറിയ കടയുടെ മുന്നിൽ നിർത്തി . മോൾക്ക് കഴിക്കാനായി എന്തെങ്കിലും വേണോ എന്നുള്ള ചോദ്യത്തിന് ഞാൻ വേണ്ടെന്ന് മറുപടി കൊടുത്തിട്ടും. അച്ഛൻ ചെറിയൊരു കടി വാങ്ങി എന്റെ കയ്യിൽ തന്ന് രാവിലെ ഒന്നും കഴിക്കാത്തതല്ലേ, കഴിക്കാൻ പറഞ്ഞു തന്നു. വേണ്ട എന്ന് വീണ്ടും പറഞ്ഞെങ്കിലും അത് കേൾക്കാതെ എന്നോട് കഴിക്കാൻ പറഞ്ഞു…
തിരിച്ചു വീട്ടിലേക്ക് പോവാൻ വണ്ടി എടുക്കും മുന്നേ അച്ഛൻ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു ..
” മോളെ ഇവിടടുത്താണ് നമ്മുടെ കുടുംബ ക്ഷേത്രം.. അവിടെ ഒന്ന് കേറിയിട്ട് പോവാം.. മോള് കാറിൽ തന്നെ ഇരുന്നാൽ മതി അച്ഛൻ ഈ പൈസ അവിടെ ഒന്ന് ഏൽപ്പിച്ചു പെട്ടന്ന് തന്നെ വരാം. ”
തലയാട്ടി കൊണ്ട് പോവുന്നതിൽ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പ്രകാശച്ഛനോട് പറയുമ്പോൾ.. ഞാനാലോചിച്ചിരുന്നത് മൊത്തം അച്ഛനെ കുറിച്ച് തന്നെയായിരുന്നു..
ചെറിയ ചെറിയ ഊടു വഴികളിലൂടെ പോയാണ് അമ്പലത്തിന് മുന്നിൽ വണ്ടി ചെന്ന് നിർത്തിയത്..
വണ്ടിയിലിരുന്ന് തന്നെ അച്ഛൻ ആരെയോ ഫോണിലൂടെ വിളിച്ച് ഞാൻ പുറത്തു നിൽക്കുന്നുണ്ടെന്ന് പറയുന്നുണ്ടായി…
രണ്ടു മൂന്നു മിനുട്ട് കഴിഞ്ഞപ്പോൾ നെറ്റിയിലും നെഞ്ചിലും കയ്യിലുമൊക്കെ വലുതായി ചന്ദനകുറി വരച്ച ഒരു മനുഷ്യൻ അമ്പലത്തിനകത്തു നിന്ന് പുറത്തേക്ക് വന്നു. അയാൾ കാറിനടുത്തോട്ട് നടന്നു വരുന്നുണ്ടായിരുന്നു..
അയാളുടെ വേഷവുംഅടുത്ത് വരുമ്പോഴുള്ള ശരീരത്തിലെ ചന്ദന ഗന്ധവും എല്ലാം അയാള് അമ്പലത്തിലെ ആരോ ആണെന്ന് മനസിലായി..
ഒരുകെട്ട് പൈസ എടുത്ത് അയാളുടെ കയ്യിൽ കൊടുത്ത് എന്തൊക്കെയോ പറഞ്ഞ് അച്ഛൻ പെട്ടന്ന് തന്നെ കാറിനടുത്തോട്ട് വന്നു .. അപ്പോഴാണ് ഞാനവർ തമ്മിൽ സംസാരിക്കുന്നത് കേട്ടത്…
വണ്ടിയെടുക്കുന്നതിന് മുന്നേ അയാള് അച്ഛനോട് ഒന്ന് കേറി തൊഴുതിട്ട് പോവാം അമ്പലത്തിലെ നട ഇതുവരെ അടച്ചിട്ടില്ല എന്ന് പറയുന്നുണ്ടായി ..
അതിന്റെ ആവശ്യമില്ല വാര്യരെ.. അമ്പലത്തിന്റെ അറ്റ കുറ്റ പണികൾക്ക് പൈസ വേണമെന്ന് വാര്യര് വിളിച്ചു പറഞ്ഞതു കൊണ്ടാണ് ഞാനിവിടെ വരെ വന്നത് . എന്നുവെച്ച് അകത്തുകേറി അവിടെ ഇരിക്കുന്ന ദൈവത്തിന്റെ മുന്നിൽ കുമ്പിട്ട് നിൽക്കാൻ എനിക്കാവില്ല.. നിങ്ങൾക്കൊക്കെ അതൊരു പ്രതിഷ്ഠ ആയിരിക്കാം.. പക്ഷെ എനിക്കത് വെറും കരിങ്കല്ല് കൊണ്ട് പണിത പ്രതിമ മാത്രമാണ്. ഒരുപാട് തൊഴുത് നിന്നിട്ടുണ്ട് ആ പ്രതിഷ്ഠക്ക് മുന്നിൽ പണ്ട്.. പക്ഷെ വേദന മാത്രം തിരികെ തന്നിട്ടേ ഒള്ളു… അന്ന് തീരുമാനിച്ചതാണ് ഇനി ഇതിനകത്ത് കയറില്ല എന്നുള്ളത് അതങ്ങനെ തന്നെ നിക്കട്ടെ …
കുറച്ചു നേരം അമ്പലത്തിലോട്ട് തന്നെ നോക്കി നിന്ന് അച്ഛൻ കാറിനകത്തോട്ട് കേറി കണ്ണ് രണ്ടും നിറഞ്ഞു നിൽക്കുന്നുണ്ടായി.. ഒന്നും മിണ്ടാതെ വണ്ടി തിരിച്ച് വീട്ടിലോട്ടു പോവുമ്പോഴും ആ മൗനം എന്നെയും വേദനിപ്പിച്ചു…
അതുകൊണ്ട് തന്നെയാണ് അങ്ങോട്ട് കേറി അച്ഛൻ ‘ ഓക്കേ ‘അല്ലേ എന്ന് ചോദിച്ചത് .
ഒന്നുമില്ല മോളെ എന്ന് ഒരു ചെറു പുഞ്ചിരി മുഖത്തു വരുത്തി പറയുമ്പോഴും.. ഉള്ളിൽ ഒരായിരം സങ്കടങ്ങൾ കടിച്ചമർത്തുന്നുണ്ട് അച്ഛനെന്ന് എനിക്ക് തോന്നി..
ഒരല്പ നേരത്തെ ഇടവേളയ്ക്കു ശേഷം അച്ഛൻ തന്നെയാണ് എന്നോട് സംസാരിച്ചു തുടങ്ങിയത്..
” മോൾക്ക് അച്ഛനോട് ദേഷ്യം കാണുമെന്ന് അച്ഛനറിയാം . അന്ന് മോള് വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് ഭയന്നാണ് അച്ഛന് അങ്ങനെയൊക്കെ പറഞ്ഞത്..പിന്നെ എല്ലാ സത്യങ്ങളും അറിയുമ്പോൾ മോൾക്ക് അച്ഛനോടുള്ള ഈ ദേഷ്യം മാറുമെന്ന് അച്ഛനൊരു വിശ്വാസം ഉണ്ട് … അധികം വൈകാതെ മോളെല്ലാ സത്യങ്ങളും തിരിച്ചറിയും.. പിന്നെ…
മോള് ഇന്നലെ ലയയോട് അങ്ങനെയൊക്കെ പറഞ്ഞത് മോൾടെ സങ്കടത്തിന്റെ പുറത്താണെന്ന് അച്ഛനറിയാം. പക്ഷെ മോളെ നീയെന്ന് പറഞ്ഞാൽ ലയക്ക് ജീവനാണ് അതായിരിക്കാം ഇന്നലെ അതും പറഞ്ഞ് അവളൊരുപാട് നേരം കരഞ്ഞത്. ലയ അവളൊരിക്കലും അറിഞ്ഞു കൊണ്ട് മോളെ വിഷമിപ്പിക്കില്ല. സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് അവൾ മോളെ കാണുന്നത്.
ഒരിക്കൽ ദേഷ്യത്തിന്റെ പുറത്ത് നമ്മൾ പലതും പറഞ്ഞു പോവുമെങ്കിലും.. പിന്നീട് സത്യം തിരിച്ചറിയുമ്പോൾ നമുക്കതിനെ കുറിച്ചാലോചിച്ച് പശ്ചാത്തപിക്കാൻ അല്ലാതെ പറഞ്ഞ വാക്കൊന്നും നമുക്ക് തിരിച്ചെടുക്കാൻ പറ്റില്ല…
മോളും ലയേം എനിക്കൊരു പോലെയാണ്. രണ്ടുപേരും പഴയ പോലെ തന്നെ സ്നേഹത്തോടെ കഴിയുന്നത് കാണാനാണ് അച്ഛനാഗ്രഹിക്കുന്നത്.. ഒരിക്കൽ ഒരുപാട് കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയതാണ് മോളെ അവൾ.. അതിൽ പിന്നെ ആരോടും ഒന്നും മിണ്ടാതെ നടന്നിരുന്ന എന്റെ കുട്ടി വീണ്ടും പഴയത് പോലെ ആയത് മോളുമായിട്ടുള്ള കൂട്ട് കാരണമാണ് . വീണ്ടും അവളതേ അവസ്ഥയിലോട്ട് പോവാതിരിക്കാനാണ് അച്ഛൻ മോളോടിതൊക്കെ പറഞ്ഞത്… ”
അതിനുമാത്രം ലയ ക്ക് എന്ത് സംഭവിച്ചെന്നാണ് അച്ഛൻ പറഞ്ഞു വരുന്നത്.
ഞാനത് ചോദിച്ചതും അച്ഛൻ വീടിനു മുന്നിൽ കാർ കൊണ്ടു നിർത്തിയതും ഒരുമിച്ചായിരുന്നു..
സമയമാവുമ്പോൾ അവൾ തന്നെ മോളോട് എല്ലാം പറയും എന്ന ഒറ്റ ഉത്തരത്തിൽ മറുപടി പറഞ്ഞുകൊണ്ട് അച്ഛൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങി..
മരുന്നുമായി എന്തൊക്കെയോ ആലോചിച്ച് മുകളിൽ മുറിയിലോട്ട് ചെന്ന് കേറിയതും കണ്ടത്.. റൂമിൽ ബെഡിൽ മലർന്നടിച്ചു കിടക്കുന്ന അമ്മുവിനെയാണ് തൊട്ടടുത്ത് തന്നെ മാധവും ഇരിപ്പുണ്ടായി… അതുകണ്ടതോടെ അകത്തോട്ടു കേറി ചെല്ലാൻ തോന്നിയില്ല… മരുന്നുമായി പുറത്ത് ബാൽക്കണിയിൽ ചെന്നിരുന്നു..
എല്ലാം വീണ്ടും വീണ്ടും ആലോചിക്കും തോറും മനസ്സിനൊരു പിടച്ചിൽ മാത്രമായിരുന്നു.. വീണ പറഞ്ഞതും വിദ്യ യുടെ മുഖവും.. അച്ഛൻ പറയാതിരുന്ന ലയ യെ കുറിച്ചുള്ള കാര്യങ്ങളും എല്ലാം.. പിന്നെ അതുകൂടാതെ ഇപ്പോ കേറി വന്ന അമ്മുവും… എല്ലാം എന്തൊക്കെയോ ഒളിക്കുന്നത് പോലെ.. ഞാനറിയാത്ത പലതും ഇനി ബാക്കിയുണ്ടെന്ന് മനസ്സ് പറയുന്നത് പോലെ…
എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അറിയാത്ത നമ്പറിൽ നിന്ന് ഫോണിലോട്ട് ഒരു കാൾ വന്നത് …
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission