പതിയെ താങ്ങി കട്ടിലിലിരുത്തി അടി കിട്ടിയ കവിൾ പൊത്തി പിടിച്ച് ഇരിക്കുന്ന ഗായത്രിയെ മാധവ് നോക്കി നിന്നു ആദ്യ രാത്രി ഇങ്ങനെയൊന്ന് പൊട്ടിക്കണമെന്ന് ഒരാണും ആഗ്രഹിക്കുന്നതല്ല..പക്ഷെ ഇന്ന് ഇപ്പൊ ഇങ്ങനെ ഒന്ന് കൊടുത്തില്ലെങ്കിലാണ് പ്രശ്നം
കയ്യിലിരുന്ന കവറിൽ നിന്ന് ഒരു പൊതി പുറത്തേക്കെടുത്തു.. തുറന്ന് അവൾടെ മുന്നിലോട്ട് നീക്കി വെച്ചു.
നല്ല ചൂടുള്ള മസാല ദോശയും ചട്നിയും ആയിരുന്നു അത്.. പതുക്കെ അടിക്കാനാണ് ഉദ്ദേശിച്ചത് പക്ഷെ പെണ്ണിന്റെ കണ്ണിൽ നിന്ന് ധാരയായി ഒഴുകുന്ന കണ്ണുനീർ കണ്ടാലറിയാം അടി കുറച്ചു സ്ട്രോങ്ങ് ആയി പോയെന്ന് …
ഒന്ന് ചേർത്ത് നിർത്തി നെറ്റിയിലെ സിന്ദൂരപൊട്ടിൽ ഒരു മുത്തം കൊടുക്കണമെന്നുണ്ട്. പക്ഷെ സാഹചര്യം ശെരിയല്ല എല്ലാം കലങ്ങി തെളിഞ്ഞിട്ടാവാം.
എന്നെയും മുന്നിലിരിക്കുന്ന ഭക്ഷണ പൊതിയെയും മാറി മാറി നോക്കുകയാണ് പെണ്ണ്..
രാവിലെ മുതൽ ഒന്നും കഴിക്കാതെ വാശി കാണിച്ചു നടക്കുകയാണ്.. ഉച്ചക്ക് സദ്യക്കും പേരിനു ആരെയോ ബോധിപ്പിക്കാനായി മാത്രം അവളൊരു പിടി ചോറ് മാത്രം കഴിച്ചിട്ടുള്ളു..
വീട്ടിലെത്തിയ ശേഷം വൈകുന്നേരവും രാത്രിയും ഒന്നും കഴിച്ചിട്ടുമില്ല.. അച്ഛനും അമ്മയും മാറി മാറി വന്ന് വിളിച്ചു. വിശപ്പില്ലെന്ന് പറഞ്ഞ് വന്നില്ല.. താഴെ ഡൈനിങ്ങ് ഹാളിൽ എല്ലാരും അവളെയും കാത്തിരിക്കുകയായിരുന്നു..
ഇതുവരെ ഒന്നും കഴിച്ചിട്ടില്ലല്ലോ എന്നാലോചിച്ചപ്പോൾ തനിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല…അതാണ് പിന്നെ ഒന്നും നോക്കാൻ നിൽക്കാതെ ഇതു തന്നെ പോയി വാങ്ങിയത് മസാല ദോശ അവൾക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് തനിക്കറിയാം …
ഇപ്പോഴും മുന്നിലിരിക്കുന്ന ഭക്ഷണം ശ്രദ്ധിക്കാതെ ഇരിക്കുന്ന ഗായത്രിയെ കണ്ടപ്പോൾ മാധവിന് ദേഷ്യം വന്നു വീണ്ടും..
” ഡീ നിനക്ക് നോക്കിയിരിക്കാനല്ല ഇത് കൊണ്ടു വെച്ചത് എടുത്ത് കഴിക്കാൻ ഇനി പ്രത്യേകം പറയണോ.. ??!”
മാധവിന്റെ ഒച്ച നല്ല ദേഷ്യത്തിലായത് കാരണമോ പേടിച്ചിട്ടോ.. ഗായത്രി അത് കഴിക്കാൻ തുടങ്ങി.. അപ്പോഴും കണ്ണിൽ നിന്ന് വരുന്ന കണ്ണുനീരിനെ അവൾ മറ്റേ കൈ വെച്ച് തുടക്കുന്നുണ്ടായി..
” നിനക്ക് എന്ത് ദേഷ്യം തോന്നിയാലും എങ്ങനെ വേണമെങ്കിലും തീർത്തോ പക്ഷെ അത് ഭക്ഷണം കഴിക്കാതെ ഇരുന്നു വേണ്ടാ.. ഒരുനേരത്തെ ഭക്ഷണം കിട്ടാതെ അതിന് വേണ്ടി തെണ്ടി നടക്കുന്ന എത്രയൊ മനുഷ്യരുണ്ടെന്നോ നമുക്ക് ചുറ്റും.. നാല് നേരം കഴിക്കാനായി ഭക്ഷണം കിട്ടുന്ന നമ്മളൊക്കെ ഭാഗ്യം ചെയ്തവരാണെന്ന് കരുതിയാൽ മതി… അതുകൊണ്ട് ഇനി മുതൽ പട്ടിണി കിടന്ന് ആരോടുമുള്ള ദേഷ്യം തീർക്കാൻ നിൽക്കണ്ട.. ”
മാധവ് ഇതൊക്കെ പറയുമ്പോഴും ഗായത്രി ഒന്നും മിണ്ടാതെ ആ ഭക്ഷണം കഴിക്കുകയായിരുന്നു.. അവൾ ഭക്ഷണം മുഴുവൻ കഴിച്ചതും മാധവ് മുറിയിൽ നിന്നെഴുന്നെറ്റു പോവാൻ തുടങ്ങിയതും. ഗായു മാധവിന്റെ കയ്യിൽ കേറി പിടിച്ചതും ഒരുമിച്ചായിരുന്നു..
നിറഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകൾ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തന്നിൽ നിന്ന് അറിയാനാഗ്രഹിക്കുന്നതെന്ന് മാധവിന് മനസിലായി…
” അറിയാം പൈസ കൊടുത്ത് വാങ്ങിയ ഒരു കളിപ്പാട്ടമാണ് ഞാനെന്ന്.. കീ കൊടുക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ഒരു ജീവനുള്ള വസ്തു അല്ലെ … എങ്കിലും അറിയാനുള്ള ഒരു കൗതുകത്തിന് ചോദിക്കുകയാ ഞാൻ എത്ര കാലത്തേക്കാണ് നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ വേഷം കെട്ടി ആടേണ്ടത്.. ”
ഒന്നും മിണ്ടാതെ നിൽക്കുന്ന മാധവിനെ ഗായത്രി പുച്ഛത്തോടെ ഒന്ന് നോക്കി.. വീണ്ടും തുടർന്നു…
” മറുപടി ഇല്ലല്ലേ… ഇതിനുമാത്രം എന്ത് വൈര്യഗമാണ് നിങ്ങൾക്കും കുടുംബത്തിനും എന്നോട്… ഒരു കുടുംബം മൊത്തം നിങ്ങളോരൊറ്റ ആൾ കാരണം നരകിച്ചു ജീവിക്കുന്നത് കണ്ണിൽ കണ്ടതാണ് ഞാൻ.
ഒരു മനുഷ്യന് ഇത്രത്തോളം ദുഷ്ടനാവാൻ പറ്റുമോ… ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്താണെന്ന് ഇപ്പൊ എനിക്കറിയാം..നിങ്ങളുടെ കപട മുഖം തിരിച്ചറിയാതെ സത്യസന്ധമായി നിങ്ങളെ പ്രണയിച്ചു… അതിനുള്ള ശിക്ഷയാണ് ഈ കഴുത്തിൽ കിടക്കുന്ന താലി… പക്ഷെ ഇതിനൊരിക്കലും ഒരു ഭാര്യഭർതൃ ബന്ധത്തിന്റെ പവിത്രതയൊന്നും നിങ്ങൾ കൊടുക്കുന്നില്ലെന്ന് എനിക്ക് നന്നായി അറിയാം.. പൈസ കൊടുത്ത് വാങ്ങിയ ഒരു വെപ്പാട്ടി മാത്രമാണ് ഞാൻ നിങ്ങൾക്കെന്ന് അല്ലെന്ന് പറയാൻ പറ്റുമോ..”
” മതി നിർത്തുന്നുണ്ടോ നീ… !!”
ഗായത്രി അത് പറഞ്ഞു തീർന്നതും മാധവിന്റെ ഒച്ച അവിടെ ഉയർന്നതും ഒരുമിച്ചായിരുന്നു..അടുത്തിരുന്ന ഫ്ലവർവേസ് കൈ കൊണ്ട് തട്ടി തെറിപ്പിച്ച് മുറിയിൽ നിന്നിറങ്ങി പോവുന്ന മാധവിനെ ഗായത്രി നോക്കി നിന്നു..
########################
വീടിന്റെ ടെറസിൽ ആരും കാണാതെ ഒറ്റക്ക് ചെന്നിരിക്കുമ്പോൾ പത്തു വർഷമായി അനുഭവിക്കുന്ന വേദനയുടെ ഭാണ്ഡം ആരും കാണാതെ അവൻ പൊഴിച്ചു തീർക്കുകയായിരുന്നു .. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളാണ് ഇന്ന് ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത്.. പലപ്പോഴായി കല്യാണത്തിന് മുന്നേ എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാണ്… എല്ലാം അറിയുമ്പോൾ അവൾ തന്നെ തന്നോട് നെഞ്ചോടു ചേർത്തു പിടിക്കുമെന്നറിയാം..
പക്ഷെ അതിന് മുന്നേ എല്ലാം കൈവിട്ടു പോയി..
പലപ്പോഴായി ഒരു സാഹചര്യം കിട്ടാത്തത് കൊണ്ടാണ് ഗായുവിനോട് ഒന്നും പറയാൻ കഴിയാതിരുന്നത്.. ഇനി എല്ലാം തെളിവുകൾ സഹിതം അവളുടെ മുന്നിൽ കൊണ്ടു നിരത്തി അവളുടെ മാധവേട്ടന് നിരപരാധിയാണെന്ന് തെളിയിച്ചിട്ടേ തനിക്കും ഗായത്രിക്കും ഒരു ജീവിതമുള്ളു ….
അതിന് മുന്നേ ഗായു അവൾ തന്നെ വിട്ടു
പോവുമോ എന്നുള്ള ഭയവും തനിക്കുണ്ട്. അങ്ങനെയൊന്ന് സംഭവിക്കുന്നതിന് മുന്നേ എല്ലാം എല്ലാവരും അറിയണം..
തോളിൽ ആരോ കൈ വെച്ചപ്പോഴാണ് തിരിഞ്ഞു നോക്കിയത്..
” അച്ഛൻ…. അച്ഛൻ ഇതുവരെ ഉറങ്ങിയില്ലേ…??”
” മക്കള് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞാലല്ലേടാ അച്ഛനമ്മമാർക്ക് സമാധാനമായി ഉറങ്ങാൻ പറ്റു.. ”
ഒന്നും മിണ്ടാതെ ഒരുപാട് സമയം മാധവ് അച്ഛന്റെ തോളിൽ ചാരി അവിടെ തന്നെയിരുന്നു…
” മാധു നിനക്ക് അച്ഛനോട് ദേഷ്യമുണ്ടോ ??അന്ന് ഗായത്രി മോളോട് അങ്ങനെയൊക്കെ ചെന്നു പറഞ്ഞതിന്.. ”
” ഇല്ല അച്ഛാ… ഈ വിവാഹം നടക്കാൻ വേണ്ടിയാണ് അച്ഛന് അന്ന് അവളോട് അങ്ങനെയൊക്കെ പറഞ്ഞതെന്ന് എനിക്കറിയാം.. വേറൊരു വഴി നമ്മുക്ക് മുന്നിലുണ്ടായില്ലല്ലോ… ”
മ്മ് മ്മ്… പക്ഷെ ഇനി എത്ര നാൾ മോള് എല്ലാം എല്ലാരോടും പറയാതെ ഇവടെ ഇങ്ങനെ നിൽക്കുമെന്ന് നമ്മുക്ക് പറയാൻ പറ്റിയില്ല.. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അവളുടെ കല്യാണം. പക്ഷെ നമ്മളെല്ലാവരും കൂടി ഗായത്രിമോളുടെ കല്യാണം അവൾക്ക് മുന്നിലൊരു കച്ചവടമാക്കി മാറ്റി… എത്ര നാൾ ആ കുട്ടി ഇങ്ങനെ പിടിച്ചു നിൽക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല…
അതിന് മുന്നേ നമ്മുക്ക് എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരണം… ”
” പക്ഷെ അച്ഛാ ലയമോളുടെ ഭാവിയെ കുറിച്ചു കൂടി നമ്മൾ ആലോചിക്കണം … ഇതിനിടയിൽ കിടന്ന് ഒരിക്കലും അവളുടെ ഭാവി നമ്മൾ നശിപ്പിക്കരുത്. ഒരിക്കൽ കണ്ണീരു കുടിച്ചതാണ് എന്റെ കുട്ടി. അതിൽ നിന്നവളെ മുന്നോട്ടു കൊണ്ടുപോവാൻ നമ്മളൊക്കെ എത്ര മാത്രം ബുദ്ധിമുട്ടിയതാണെന്ന് അച്ഛന് അറിയാല്ലോ.. വീണ്ടും അവളെ പഴയതെല്ലാം ഓർമ്മ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അച്ഛാ… ”
” പക്ഷെ എന്നായാലും എല്ലാം എല്ലാരും അറിയണം മാധു ..ഇത്രയും നാളും എന്റെ മക്കളുടെ ഭാവിയെ ഓർത്താണ് അച്ഛൻ ആ ദുഷ്ടനെ പനപോലെ വളരുന്നത് ഒന്നും മിണ്ടാതെ നോക്കി നിന്നത്.. പക്ഷെ ഇനി അതനുവദിച്ചു കൂടാ.. അവന്റെ ആ വൃത്തികെട്ട മുഖം എല്ലാരും എത്രയും പെട്ടെന്ന് തിരിച്ചറിയണം.. ”
” പക്ഷെ അച്ഛാ ലയ മോൾ…!!!”
” അതിനുമാത്രം അവൾക്കൊന്നും സംഭവിച്ചിട്ടില്ലെടാ… പിന്നെ ഇപ്പൊ എല്ലാം തിരിച്ചറിയാനും പിടിച്ചു നിൽക്കാനും എന്റെ കുട്ടിക്കറിയാം… അവൾ തന്നെയാണ് എന്നോട് എല്ലാം എല്ലാരും അറിയണമെന്ന് പറഞ്ഞതു മോനെ.. ”
എല്ലാം കേട്ട് മാധവ് അച്ഛനെ തന്നെ നോക്കി നിന്നു…
” തല്ക്കാലം ഗായത്രി മോള് ഇതൊക്കെ അറിയണ്ട.. വിശ്വസിച്ചെന്നു വരില്ല ആ കുട്ടി. സാവധാനം എല്ലാം നമുക്ക് മനസിലാക്കി കൊടുക്കാം.. ”
രാവിലെ തന്നെ ഉറക്കമുണർന്ന് ഗായത്രി ചുറ്റുമൊന്ന് നോക്കി.. ഇന്നലെ രാത്രി കരഞ്ഞ് കരഞ്ഞ് എപ്പോഴോ കിടന്നുറങ്ങി.
കണ്ണിനു ചുറ്റും കരിവാളിച്ചിരിപ്പുണ്ട് അടി കിട്ടിയ കവിളിൽ നീര് വന്നിട്ടുമുണ്ട്. ഇതും കൊണ്ട് താഴേക്ക് ചെന്നാൽ ആകെ പ്രശ്നമാവും നാളെ റിസെപ്ഷൻ ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് അച്ഛനും അമ്മയും രാഹുലേട്ടനും അമ്മായിയും എല്ലാം എറണാകുളത്തേക്ക് പോവാൻ ഇന്ന് വൈകുന്നേരം വരുമെന്നാണ് ഇന്നലെ അമ്മ വിളിച്ചപ്പോൾ പറഞ്ഞത്.. അതിനു മുന്നേ ഈ നീരൊന്ന് വറ്റിയാൽ മതിയായിരുന്നു..
കുളി കഴിഞ്ഞ് മുഖം നോക്കാൻ കണ്ണാടിക്ക് അടുത്തേക്ക് പോവാൻ പോയപ്പോഴാണ് കാലിൽ എന്തോ കുത്തി കൊണ്ടത്. അമ്മേ എന്ന് വിളിച്ചുകൊണ്ട് കട്ടിലിന്റെ കാലിൽ പിടിച്ച് നിന്ന് കാലിലോട്ട് നോക്കിയപ്പോഴാണ് മനസിലായത് കുപ്പിച്ചില്ല് കുത്തി കേറിയതാണെന്ന് മനസിലായത്.
ഇന്നലെ ആ പൊട്ടി പോയ ഫ്ലവർവേസിന്റെ കഷ്ണങ്ങളെല്ലാം താൻ അപ്പൊ തന്നെ എടുത്തു കളഞ്ഞതാണ്.. പക്ഷെ …അതിന്റെ ബാക്കിയുള്ള താൻ കാണാതെ പോയ ഒന്നാണ്…
ഇന്നലെ രാത്രി ടെറസിൽ തന്നെയാണ് കിടന്നുറങ്ങിയത് നേരം വെളുത്തപ്പോൾ മുറിയിലോട്ട് ചെന്നു കിടക്കാനായി ചെന്നപ്പോഴാണ് ഗായു വിന്റെ കാലിൽ നിന്ന് ചോര വരുന്നത് കണ്ടത്.. ഓടിച്ചെന്ന് കാലിൽ പിടിച്ചപ്പോൾ പെണ്ണ് ദേ കൈയൊക്കെ തട്ടി മാറ്റുന്നു. പക്ഷെ എന്റെ ഒരൊറ്റ നോട്ടത്തോടെ അവളൊന്ന് പേടിച്ചു കൈ പിൻവലിച്ചു .. ഇനി ഇങ്ങനെ മുരടനായി നിന്നാലേ പെണ്ണ് പേടിച്ചായാലും പറയുന്നതൊക്കെ കേൾക്കു…
കാലിലെ കുപ്പിച്ചില്ല് വലിച്ചൂരിയപ്പോൾ അവളെന്റെ ഷിർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു.. വേദന കൊണ്ട് പുളയുകയാണ് പെണ്ണ്.. ഞാൻ കാരണം ഓരോ തവണയും അവൾക്ക് വേദനകൾ കിട്ടികൊണ്ടിരിക്കുകയാണല്ലോ എന്നാലോചിച്ചപ്പോൾ മനസിനൊരു നീറ്റൽ അനുഭവപെട്ടു .
അലമാരിയിൽ ഇരുന്നിരുന്ന ഫ്രസ്‌ട്രെയ്ഡ് ബോക്സിലുള്ള ഡെറ്റോൾ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കി പതിയെ ഒരു ബാൻഡേജ് ഒട്ടിച്ചു കൊടുത്തു.. കണ്ണ് രണ്ടും ഇറുക്കി അടച്ചിരുപ്പാണ് പെണ്ണ്.. ഇപ്പോഴും കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്..ഒരിക്കലും അറിഞ്ഞുകൊണ്ട് ആ കണ്ണിനി നിറക്കില്ലെന്ന്
മനസ്സുകൊണ്ട് ഉറപ്പിച്ചതാണ്. പക്ഷെ ഈ കല്യാണം കഴിഞ്ഞതിൽ പിന്നെ എന്റെ പെണ്ണ് ഒന്ന് മനസ്സ് നിറഞ്ഞ് ചിരിച്ചു പോലും ഞാൻ കണ്ടില്ല…
” ഗായു… ”
ഞാൻ വിളിച്ചപ്പോഴാണ് അവൾ കണ്ണ് തുറന്നത്.. പെട്ടെന്ന് തന്നെ എന്റെ മേലിലുള്ള അവൾടെ പിടുത്തം വിട്ടു.. മുറിവുള്ള കാൽ പതിയെ നിലത്ത് കുത്തി തോർത്തുമുണ്ട് കൊണ്ട് കെട്ടി വെച്ചിരിക്കുന്ന മുടി അഴിച്ച് വെറുതെ കൊത്തിയിട്ട് അവൾ തിരിഞ്ഞ് പുറത്തോട്ട് പോവാൻ നിന്നതും ഞാനവളുടെ കയ്യിൽ പിടിച് തിരിച്ചു നിർത്തി കണ്ണാടിയുടെ മുന്നിൽ കൊണ്ടു നിർത്തി അലമാരിക്കുളിൽ നിന്ന് സിന്ദൂര ചെപ്പെടുത്ത് അതിൽ നിന്നൊരു നുള്ള് കുങ്കുമം എടുത്ത് അവളുടെ സിന്ദൂര രേഖയിൽ തൊട്ടു..
രണ്ടുണ്ട കണ്ണും വെച്ച് എന്നെ തന്നെ തുറിച്ചു നോക്കുകയാണ് പെണ്ണ്..
” നീയിങ്ങനെ നോക്കി പേടിപ്പിക്കേണ്ട… പണ്ട് തൊട്ടേ എന്റെ എല്ലാ കളിപ്പാട്ടങ്ങളും ഭംഗിയായി സൂക്ഷിച്ചു കൊണ്ടു നടക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്… ”
” ഓ അപ്പൊ ഞാൻ കാശു കൊടുത്ത് വാങ്ങിയ കളിപ്പാട്ടം തന്നെയാണെന്ന് നിങ്ങൾ സമ്മതിച്ചു അല്ലെ.. ”
അത് ചോദിക്കുമ്പോൾ അവൾടെ കണ്ണിൽ ഒരു വിഷമം ഞാൻ കണ്ടിരുന്നു . എങ്കിലും അത് കാണാത്ത ഭാവത്തിൽ ഞാൻ പറഞ്ഞു..
” അതേ . ഞാൻ കീ കൊടുക്കുമ്പോൾ ഓടുകയും ചാടുകയും ചെയുന്ന ഒരു പാവ തന്നെയാണ് എനിക്ക് നീ .. മൂന്നുകോടി രൂപ വിലയുള്ള പാവ.. ആ പാവയെ ഞാൻ ചിലപ്പോ തല്ലും വഴക്ക് പറയും.. ചിലപ്പോ ദാ ഇങ്ങനെ കെട്ടിപിടിച്ച് ഉമ്മയും തരും… “അത് പറഞ്ഞ് ഞാനവളെ കേട്ടിപിടിച്ചൊരു ഉമ്മ കൊടുത്തത് പെട്ടന്നായിരുന്നു..
പെട്ടെന്നുള്ള ആക്രമണമായതിനാൽ പെണ്ണ് കണ്ണും തള്ളി നിൽപ്പാണ്.. ഞാൻ ഒന്നും മിണ്ടാതെ കട്ടിലിലേക്ക് ചാടി കിടന്നു..കുറച്ചു കഴിഞ്ഞപ്പോൾ ഇടക്കൊന്ന് ഒളികണ്ണിട്ട് അവളെ നോക്കി.. ഇപ്പോഴും കറന്റ് അടിച്ചപോലെ അവിടെ തന്നെ നിൽപ്പുണ്ട് .. എന്റെ നോട്ടം കണ്ടതും എന്നോടുള്ള ദേഷ്യം മൊത്തം റൂമിന്റെ വാതിൽ ശക്തിയായി അടച്ചു കൊണ്ട് അവൾ താഴേക്ക് പോയി..
കട്ടിലിൽ കിടന്ന തലയിണ ചുറ്റി പിടിച്ച് മാധവ് ഒന്ന് പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു … എന്തൊക്കെ ആരൊക്കെ പറഞ്ഞാലും നീ എന്റേത് മാത്രമാണ് ഗായൂ… എത്രയെന്നു കരുതിയാ കണ്ട്രോൾ ചെയ്തു നിൽക്കുന്നത്. അതാണ് പെട്ടന്ന് കേറി ഒരുമ്മ കൊടുത്തത്.. ഞാൻ കരുതിയത് പെണ്ണെന്റെ മുപ്പത്തി രണ്ടു പല്ലും കൊഴിക്കുമെന്നാണ്.. ഭാഗ്യം കൊണ്ട് ഒന്നും ചെയ്തില്ല…
പഴയ ഗായത്രി ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ ഒരു യുദ്ധം തന്നെ നടത്തിയേനെ…
മ്മ്.. അധികം വൈകാതെ നമുക്കുളിലെ തെറ്റിദ്ധാരണകൾ എല്ലാം മാറ്റി ആ പഴയ ഗായത്രി ആയി ഞാൻ നിന്നെ മാറ്റും ഗായൂ…
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission