” എന്റെ കുഞ്ഞോളെ ഇന്ന് നിന്റെ കല്യാണ ദിവസമായിട്ടു പോലും ഞാൻ തന്നെ നിന്നെ വന്നു വിളിച്ചെഴുനേപ്പിക്കണം അല്ലെ.. നാളെ തൊട്ട് ആര് വിളിക്കുമെന്ന് കാണാം.. ”
അമ്മ ഇങ്ങനെയൊക്കെ നിന്ന് പറയുമ്പോഴും ഗായു എല്ലാത്തിനും യാന്ത്രികമായി മൂളി കൊണ്ടേയിരുന്നു…
കുളിച്ച് ഈറൻ മുടി ഒതുക്കി അമ്മയെ ബോധിപ്പിക്കാനായി അമ്പലത്തിൽ പോയെങ്കിലും അകത്തേക്ക് കയറിയില്ല.. ജീവിതത്തിൽ ഇതുവരെ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിച്ചിട്ടില്ല.. തന്നെ കൊണ്ട് പറ്റാവുന്നത് പോലെ എല്ലാരേയും സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്…പക്ഷെ ഇതിനെല്ലാം കൂലിയായി സ്വന്തം ജീവിതം വെച്ചാണ് ഇപ്പോൾ ദൈവം കളിക്കുന്നതെന്ന് മാത്രം.. ദുഷ്ടനെ പനപോലെ വളർത്തുകയും നല്ല മനുഷ്യർക്ക് കഷ്ട്ടപാടും കൊടുക്കുന്ന ദൈവത്തിനു മുന്നിൽ ഇനി ഗായു തലകുനിക്കില്ല. അമ്പലത്തിൽ നിന്ന് തിരികെ ചെന്നപ്പോൾ നെറ്റിയിൽ കുറിയൊന്നും കാണുന്നില്ലല്ലോ എന്നും പറഞ്ഞ് അമ്മ അടുത്തേക്ക് വന്നപ്പോൾ അത് മാഞ്ഞു പോയി അമ്മേ എന്നും പറഞ്ഞ് മുറിയിലേക്ക് പോയി..
ബ്യൂട്ടീഷന് മുന്നിൽ ഒരു പാവ കുട്ടിയെ പോലെ ഇരുന്നു കൊടുക്കുമ്പോൾ ഇടക്കെപ്പോഴോ എന്തൊക്കെയോ ആലോചിച്ച് കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി… ഇനിയും കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ ഗായു തന്റെ ഇരു കണ്ണുകളും കൂട്ടിയടച്ച് അവിടെ ഇരുന്നു..
ഒന്നര മണിക്കൂറിന്റെ ഒരുക്കങ്ങൾക്ക് ശേഷം ഒരുക്കി കഴിഞ്ഞു കേട്ടോ എന്ന ബ്യൂട്ടീഷന്റെ സൗണ്ട് ആണ് ഗായത്രിയെ ഉണർത്തിയത്. എഴുന്നേറ്റ് ചെന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ അവളെ തന്നെ ഒന്ന് നോക്കി..
ചുവന്ന പട്ടുസാരിയുംകഴുത്ത് നിറയെ അതിനനുസരിച്ചുള്ള സ്വർണാഭരണങ്ങളും തല നിറയെ മുല്ലപ്പൂവുമായി എല്ലാ കല്യാണ പെണുങ്ങളെയും പോലെ തന്നെയാണ് ഇന്ന് താനും.. മുഖത്ത് കോമാളികളെ പോലെ കുറെ കളറും പൊടിയും വാരി തേച്ചിട്ടുണ്ട്..
എന്തായാലും ഇനി ആടാൻ പോവുന്ന പുതിയ വേഷം കെട്ടലുകൾക്ക്, ഇങ്ങനെ ഒന്നിന്റെ ആവശ്യം നല്ലതാണ് പുറമെ എല്ലാം മോടി നിറഞ്ഞു തിളങ്ങുമ്പോൾ. അകമേ കത്തിയെരിയുന്ന പലതും പലരും കാണാതിരിക്കാൻ ..
അച്ഛന്റെ കയ്യിൽ പിടിച്ച് മണ്ഡപത്തിലോട്ട് കേറി ചെല്ലുമ്പോൾ ചുറ്റും കൂടി നിക്കുന്നവരെയോ എന്നെ നോക്കി നിൽക്കുന്നവരെയൊന്നും ഞാൻ കണ്ടില്ല.. പൂജാരി പറഞ്ഞ മന്ത്രങ്ങളെല്ലാം ഏറ്റു പറഞ്ഞ് പൂജിച്ചു വെച്ച മഞ്ഞ ചരടിലുള്ള താലി മാധവേട്ടൻ എന്റെ കഴുത്തിൽ കെട്ടുമ്പോൾ കണ്ണ് രണ്ടും നിറഞ്ഞൊഴുകി ചുറ്റിലും ഇരുട്ട് മാത്രമാണ് എനിക്ക് കാണാൻ പറ്റിയത്.. പിനീടുള്ള ചടങ്ങുകളെല്ലാം പെട്ടന്നായിരുന്നു.. ഫോട്ടോ സെക്ഷനും ബന്ധുക്കളെ പരിചയപ്പെടുത്തലും ഭക്ഷണം കഴിക്കലും എല്ലാം..
ഇതിനിടയിൽ ഞാനും മാധവേട്ടനും ഒരിക്കലും മുഖാമുഖം നോക്കുക പോലും ചെയ്തില്ല.. ഫോട്ടോ സെക്ഷനിടയിൽ പലപ്പോഴും മാധവേട്ടന് എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയത് കാരണം അത് മറ്റൊരു ദിവസത്തേക്ക് മാറ്റി..
എല്ലാം കഴിഞ്ഞ് മാധവേട്ടന്റെ വീട്ടിലോട്ടു ഇറങ്ങേണ്ട സമയമായി.. വീടിനകത്തു നിന്ന് സാരി തലപ്പു കൊണ്ട് കണ്ണെല്ലാം തുടച്ച് വരുന്ന എന്റെ അമ്മക്കുട്ടിയെ ഒന്ന് നോക്കി എന്റെ മുന്നിൽ നിന്ന് കരയാതിരിക്കാൻ നന്നായി പാടുപെടുന്നുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ മനസിലായി.. അമ്മയെ നോക്കി ഒന്ന് കണ്ണ് ചിമ്മി ആ മൂർദ്ധാവിൽ ഒരു ഉമ്മ കൊടുത്തു അപ്പോഴേക്കും കണ്ണുകളിൽ പെരുമഴക്കാലം തന്നെ വന്നു. എന്റെ രേണു നീയിങ്ങനെ കരഞ്ഞ് കൊച്ചിനെ കൂടി കരയ്ക്കലെന്ന് ആരോ പറയുന്നുണ്ടായി..
” ഏയ് ഞാനെന്തിനാ കരയുന്നെ… ഇത് സന്തോഷ കണ്ണീരാ.. എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കിട്ടിയില്ലേ അതിന്റെ സന്തോഷത്തിൽ.. ”
മനസ്സിൽ ഞാനും അപ്പോൾ കരയുകയായിരുന്നു.. അമ്മക്കറിയില്ലല്ലോ അമ്മേ അമ്മേടെ മോള് നാശത്തിലോട്ടാണ് പോവുന്നതെന്ന് .. അതിനാണ് അമ്മയിങ്ങനെ സന്തോഷിക്കുന്നതെന്ന്..
ദൂരെ മാറി നിൽക്കുന്ന മുത്തച്ഛനെ അപ്പോഴാണ് കണ്ടത്. അടുത്ത് ചെന്ന് കുഞ്ഞിന് മുത്തച്ഛന്റെ കാൽ തൊട്ട് വണങ്ങി.. കൂടെ മാധവേട്ടനും ഉണ്ടായി..
മുത്തച്ഛാ.. ഞാൻ.. പോട്ടെ…
എന്റെ കൈകൾ കൂട്ടി പിടിച്ച് മാധവേട്ടന്റെ കയ്യിൽ വെക്കുമ്പോൾ മുത്തച്ഛന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു ..
പോന്നു പോലെ നോക്കണേ മോനെ എന്റെ കുട്ടിയെ എന്ന് പറഞ്ഞ്..
മുത്തച്ഛനും കരയുന്നുണ്ടായി…
” ഞാൻ നോക്കി കോളാം മുത്തച്ഛാ..”
മാധവേട്ടന് അത് പറഞ്ഞതും ആ കൈകൾ ക്കുള്ളിൽ നിന്ന് ഞാനെന്റെ കൈകളെ സ്വാതന്ത്രമാക്കിയിരുന്നു..
തിരിഞ്ഞ് കാറിൽ കേറും നേരത്താണ് അച്ഛൻ എന്റെ അരികിലോട്ട് വന്നത്.. ആ മുഖം ഇപ്പൊ എന്റേത് പോലെ ശാന്തമാണ്.. പുറമെ ശാന്തമെങ്കിലും അകത്തു സങ്കടത്തിന്റെ ഒരു കടൽ തന്നെ അല തല്ലുന്നുണ്ടെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.. അച്ഛനെ വട്ടം ചുറ്റി പിടിച്ച് ഒരു നിമിഷം അവിടെ തന്നെ നിന്നു… ലോകത്ത് എവിടെയും കിട്ടാത്ത സുരക്ഷിതത്വവും ചൂടും ഒരു പെൺകുട്ടിക്ക് ആ നെഞ്ചിൽ നിന്നെ കിട്ടു.. അതിന് പകരം വെക്കാൻ ഒന്നും തന്നെയില്ല..
അച്ഛൻ തന്നെ എന്റെ കൈകൾ പിടിച്ചു മാറ്റി മാധവിന്റെ കയ്യിൽ വെക്കുമ്പോൾ നെഞ്ച് കീറി മുറിക്കുന്ന വേദനയായിരുന്നു എനിക്ക്..
ഒരിക്കൽ ഇതേ പ്രവൃത്തിയെ കുറിച്ചാലോചിച്ച് എന്റെ അച്ഛൻ ഇതിലും ഇരട്ടിയായി വിഷമിക്കുമല്ലോ…
പോവുന്ന വഴിയിൽ കാറിനുളിലും ഞാനും മാധവും പരസ്പരം ഒന്നും മിണ്ടിയില്ല.. സത്യങ്ങൾ എല്ലാം ഞാനറിഞ്ഞിട്ടുണ്ടെന്ന് മാധവിനറിയാം അതായിരിക്കാം ഈ മൗനത്തിന്റെ കാരണം.. പക്ഷെ എത്ര കാലം നിങ്ങൾ എന്നിൽ നിന്ന് ഒളിച്ചു കളിക്കും മാധവ് അതും നമുക്ക് കാണാം.. എല്ലാത്തിനുമുള്ള മറുപടി നിങ്ങളെക്കൊണ്ട് എണ്ണി എണ്ണി പറയിപ്പിച്ചിട്ടേ ഇനി ഈ താലിമാല ഗായത്രി കഴുത്തിൽ നിന്ന് ഊരുകയുള്ളു..
വീടിനു മുന്നിൽ തന്നെ അഞ്ചു തിരിയിട്ട നിലവിളക്കുമായി രാഗിണിയമ്മയും ലയയും ഞങ്ങളെ സ്വീകരിക്കുവാൻ നിൽപ്പുണ്ടായി.. എന്റെ കയ്യിൽ വിളക്ക് തരുമ്പോൾ അമ്മയുടെ കണ്ണെല്ലാം നിറയുന്നുണ്ടായിരുന്നു..പക്ഷെ ആ മുഖത്തു മാത്രം ആയിരം പൂർണ നിലാവുള്ള ചന്ദ്രൻ ഉദിക്കുന്നതുപോലെയുള്ള സന്തോഷവും ഞാൻ കണ്ടു ….
നിലവിളക്ക് പൂജ മുറിയിൽ കൊണ്ട് വെച്ചതിന് ശേഷം.. മുതിർന്നവരിൽ നിന്നെല്ലാം അനുഗ്രഹം വാങ്ങി.. ആദ്യം മാധവേട്ടന്റെ മുത്തശ്ശി.. പിന്നെ ഓരോ തലക്ക് മൂത്ത എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങി.. എല്ലാരും ദീർഘ സുമംഗലി ഭവ എന്ന് പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് കടിച്ചാൽ പൊട്ടാത്ത എന്തോ കള്ളം കേട്ട പോലെ..
ലയയാണ് എനിക്ക് മുറി കൊണ്ടു വന്ന് കാണിച്ചു തന്നത് പൂക്കളാൽ അലങ്കരിച്ച് സുന്ദരമാക്കിയിട്ടുണ്ട് മുറിയിൽ ഒത്ത നടുവിൽ തന്നെ എന്റെയും മാധവേട്ടന്റെയും എൻഗേജ്മെന്റ് നെടുത്ത ഒരു ഫോട്ടോ വലുതായി ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.. എനിക്കേറ്റവും ഇഷ്ട്ടപെട്ട ഫോട്ടോ ആയിരുന്നു അത്. വീടിനടുത്തുള്ള ചെമ്പരുത്തി ചെടികൾക്കിടയിൽ വെച്ച് മാധവേട്ടന് എന്നെ എടുത്ത് പൊക്കി നിൽക്കുന്ന ഫോട്ടോ… അന്ന് ആ ഫോട്ടോ എടുക്കുന്ന നേരത്ത് ഞാനെത്രമാത്രം മനസുകൊണ്ട് സന്തോഷിച്ചിരുന്നു എന്നറിയാമോ… എന്നോടൊന്നു മിണ്ടുവാനും പിണക്കം മാറ്റുവാനും മാധവേട്ടന് പിന്നാലെ നടന്നിരുന്നു അന്ന് . അതേ മാധവേട്ടന് എല്ലാ സത്യങ്ങളും ഞാൻ അറിഞ്ഞെന്നായപ്പോൾ ഇപ്പൊ എന്നെ ഫേസ് ചെയ്യാൻ പറ്റാതെ എന്നിൽ നിന്നൊഴിഞ്ഞു മാറുന്നു.. വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കുമ്പോൾ കഴിഞ്ഞു പോയതെല്ലാം എന്തിന് ഈ കഴിഞ്ഞു പോയ കല്യാണമെല്ലാം കല്ലുവെച്ച നുണയായിരുന്നു എനിക്ക് തോന്നി പോയി..
പിന്നിൽ ആരോ വന്ന് തട്ടി വിളിച്ചപ്പോഴാണ് തിരിഞ്ഞു നോക്കിയത്…
ലയ യാണ്..
” ഗായൂ.. നിനക്കുള്ള ഡ്രെസ്സെല്ലാം ആ അലമാരിക്കകത്തുണ്ട്.. ആമ്…. പിന്നെ നാളെ കഴിഞ്ഞ് ഒരു റിസെപ്ഷൻ വെച്ചിട്ടുണ്ട് ഏട്ടന്റെ ഫ്രണ്ട്സിനും കുറച്ച് അടുത്ത ബന്ധുക്കളെയും വെച്ച്.. അതിനുള്ള ഡ്രെസ്സ് സെലക്ട് ചെയ്യാൻ നാളെ നമ്മുക്ക് പോവാം.
കൊച്ചിയിൽ വെച്ചാണ് ഫങ്‌ഷൻ.. ”
ലയ പറയുന്നതിനെല്ലാം ഞാൻ ഒറ്റ വാക്കിലൂടെയും മൂളിയും മറുപടി കൊടുത്തു. അതവളെ നന്നായി വിഷമിപ്പിക്കുന്നുണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി..
” ഗായൂ നിനക്ക് എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ ?”
” ഇല്ലാ.. ”
” പിന്നെ നീയെന്താ എന്നോട് ഇങ്ങനെ പെരുമാറുന്നത്.. !!”
ശെരിയാണ് മാധവേട്ടനുമായുള്ള കല്യാണം ഉറപ്പിച്ചപ്പോൾ മനസ്സ് കൊണ്ട് ഏറ്റവും സന്തോഷിച്ചത് എന്റെ ആത്മ സുഹൃത്തിന്റെ ഏട്ടന്റെ ഭാര്യ ആവുന്നത് ആലോചിച്ചപ്പോഴാണ്. അവളും ഞാനും ഒരുമിച്ച് ഒരു വീട്ടിൽ ചേട്ടത്തിയും നാത്തൂനുമായി ആലോചിക്കുമ്പോഴെല്ലാം എനിക്ക് ചിരിയാണ് വന്നിരുന്നത്. പക്ഷെ എല്ലാ സത്യവും അറിഞ്ഞപ്പോൾ എല്ലാരുടേം കൂടെ അവളും എന്നെ ചതിച്ചെന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടുന്ന വേദനയാണ് എനിക്ക് വന്നത്..
” പിന്നെ എങ്ങനെയാ ഞാൻ പെരുമാറേണ്ടത്. നിന്റെ ഏട്ടന് തട്ടി കളിക്കുവാൻ വില കൊടുത്ത് വാങ്ങിയതാണ് എന്നെ.. ആ കൂട്ടത്തിൽ നിനക്കും തട്ടി കളിക്കാം.. ഇനി ഞാനെങ്ങനെ നിങ്ങളോടൊക്കെ പെരുമാറണം എന്നുള്ളതും കൂടി നിങ്ങളൊക്കെ എനിക്ക് പറഞ്ഞു തന്നാൽ നല്ലത്.. പക്ഷെ അതൊരിക്കലും പഴയ ഗായത്രി ആയി മാറില്ല എന്ന് മാത്രം. ”
” ഗായൂ.. ഇങ്ങനെയൊന്നും പറയല്ലെടീ …. നീ അറിഞ്ഞതൊന്നും സത്യമല്ല.. ”
“അപ്പൊ നിനക്കറിയാം ഞാൻ എല്ലാം അറിഞ്ഞെന്ന്.. സ്വന്തം കൂടപ്പിറപ്പായാണ് ലയ നിന്നെ ഞാൻ കണ്ടത്. നിനക്കെങ്കിലും എന്നോട് എല്ലാം പറയാമായിരുന്നില്ലേ.. എല്ലാരും കൂടി എന്റെ ജീവിതമാണ് തട്ടി കളിക്കുന്നത്.. അതെങ്ങനെയാ തെമ്മാടിയും തോന്നിവാസിയുമായ ഏട്ടന് ഉറ്റ സുഹൃത്തിനെ കൊണ്ട് കല്യാണം കഴിപ്പിച്ച് എന്ത് വൈര്യാഗ്യമാണ് നീ എന്നോട് തീർക്കുന്നെ.. ”
ഞാനിതൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ലയ കരഞ്ഞ് അവശതയായിരുന്നു…
” ഇല്ല ഗായൂ..നീ അറിയാത്ത ചില കാര്യങ്ങൾ എന്റെയും ഏട്ടന്റെയും ജീവിതത്തിൽ നടന്നിട്ടുണ്ട് ഞാനൊരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ചില വൃത്തികെട്ട ഓർമ്മകൾ… അതെല്ലാം നിന്നോട് പറയണമെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചതാണ് പക്ഷെ പലപ്പോഴും സാഹചര്യം കിട്ടിയില്ല… നീ കരുതുന്ന പോലൊരു ആളല്ല…
ലയ എന്നോടത് പറയാൻ വന്നതും രാഗിണിയമ്മ മുറിയിലോട്ട് കേറി വന്നത്.. കരഞ്ഞു കലങ്ങി നിക്കുന്ന മുഖവുമായി രണ്ടുപേരെയും കണ്ടതോടെ..അമ്മ രണ്ടുപേരെയും മാറി മാറി നോക്കി.. പിന്നെ അമ്മ ലയയോട് പുറത്തേക്ക് പോവാനും എന്നോട് കുളിച്ച് റെഡി ആയി താഴേക്ക് ചെല്ലാനും പറഞ്ഞു..
അലമാരിയിൽ നിന്ന് ഒരു ഇളം നീല കോട്ടൺ സാരി എടുത്തുടുത്ത് കുളിച് മുടി വെറുതെ കൊത്തിയിട്ട് ഞാൻ താഴേക്ക് ചെന്നു. വീടിനടുത്തുള്ള കോളനി റെസിഡൻസി അംഗങ്ങൾ പുതുപെണ്ണിനെ കാണാൻ വന്നതാണ്.. എല്ലാർക്കും അമ്മ എന്നെ പരിചയപ്പെടുത്തി കൊടുത്തു.. വീട്ടിലെ കാര്യങ്ങളും.. പഠിപ്പിന്റെ കാര്യങ്ങളുമൊക്കെയാണ് കൂടുതലും ചോദിച്ചത് .. എല്ലാവരുടെയും നോട്ടം മുഴുവൻ എന്റെ കയ്യിലും കാതിലും എന്തൊക്കെയാ കിടക്കുന്നതാണ്.. ചിലരെല്ലാം മാലയും വളയുമൊക്കെ പിടിച്ചും നോക്കുന്നുണ്ട്.
ഇതിനിടയിൽ മാധവ് ആ വഴി മുറിയിലോട്ട് പോയി എന്നെ കണ്ടപ്പോൾ ഒരുനിമിഷം ഞാനും മാധവും മുഖാമുഖം നോക്കി.. പക്ഷെ പെട്ടെന്ന് തന്നെ അകത്തോട്ടു ഉൾവലിഞ്ഞു ..
” മാധവിന്റെ ഇപ്പോഴത്തെ നിലക്കും വിലക്കും ഒരു ഡോക്ടറെയൊ മറ്റോ ഒക്കെ കെട്ടേണ്ടതാണ്.. അല്ലാ അറിയപ്പെടുന്ന ഒരു സിനിമ നടൻ അല്ലെ.. പക്ഷെ നറുക്ക് വീണത് ഈ കൊച്ചിനാണെന്ന് മാത്രം… മോളെന്തായാലും ഇനിയും പഠിക്കാൻ പൊക്കോ.. അല്ലെങ്കിൽ നാണക്കേടാണ്..ഈ ഡിഗ്രിക്കൊന്നും ഇപ്പൊ ഒരു വിലയും ഇല്ല.. നമ്മുടെ തയ്യൽ കടയിലെ സിനി ഇല്ലേ അവൾക്ക് പോലും ഉണ്ട് ഡിഗ്രി..
ഞാൻ പറഞ്ഞൂന്നേ ഒള്ളൂട്ടോ മോള് മോൾടെ ഇഷ്ട്ടം പോലെ ചെയ്‌തോ… ”
കൂട്ടത്തിലെ ഒരു പരിഷ്ക്കാരി സ്ത്രീയുടെ കമന്റ് ആണ്…
ഇതെല്ലാം പറഞ്ഞ് അവർ മുപ്പത്തി രണ്ടു പല്ലും കാണിച്ച് എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ മുഖം അടച്ച് ഒന്ന് കൊടുക്കാനാണ് തോന്നിയത്..
പക്ഷെ പെട്ടെന്ന് പ്രകാശച്ചൻ വന്ന് എന്റെ തലയിൽ തലോടി കൊണ്ട്… അവരോടായി പറഞ്ഞു…
” ഞങ്ങൾടെ മരുമോളുടെ ഭാവിയെ കുറിച്ചാലോചിച്ച് നിങ്ങളാരും വിഷമിക്കണ്ട. അവളെ എന്റെ മോന്റെ ഭാര്യാ പട്ടം കൊടുത്ത് ഈ വീട്ടിൽ തളച്ചിടാൻ അല്ല കൊണ്ടുവന്നേ..പകരം അവൾടെ എല്ലാ സ്വപ്നങ്ങളിലും കൂടെ നിൽക്കാനാണ്.. അതിനെല്ലാം നിറം പകരാൻ ഇനി മോൾടെ അച്ഛനും അമ്മയും കൂടാതെ ഇവിടുത്തെ എല്ലാവരും കാണും മോളെ ക്കൂടെ.. ”
അച്ഛൻ ഇതെല്ലാം പറയുമ്പോൾ ഞാൻ അച്ഛനെ തന്നെ നോക്കി നിൽക്കുകയാണ്.. കഴിഞ്ഞ ദിവസം ഈ വിവാഹം നിന്നെ വില കൊടുത്ത് വാങ്ങിയാണ് നടത്തുന്നതെന്ന് ഈ മനുഷ്യൻ എന്റെ മുഖത്തു നോക്കി പറഞ്ഞത് എനിക്കവരോടൊക്കെ വിളിച്ചു പറയണമെന്ന് തോന്നി ..
വന്നവരുടെ ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞപ്പോൾ ഞാൻ പതിയെ അവിടെ നിന്ന് മാറി… കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് അമ്മ വിളിച്ചു..
അമ്മ ചോദിച്ചതിനൊക്കെ മറുപടി കൊടുത്തു.. തിരിച്ചങ്ങോട്ട് എന്ത് ചോദിക്കണമെന്ന് അറിയില്ല.. ഇതുവരെ ഇങ്ങനെയൊരു സന്ദർഭം വന്നിട്ടില്ല.. കാരണം നിഴലുപോലെ കൂടെ ഉണ്ടായിരുന്നവർ ഇപ്പോൾനമ്മുടെ അടുത്തില്ല.. പകരം ദൂരെയിരുന്ന് കൊണ്ട് അവർ നമ്മുടെ വിശേഷങ്ങളൊക്കെ ചോദിക്കുന്നു.. അന്യരെ പോലെ…
വിശക്കുന്നില്ല എന്ന് പറഞ്ഞ് രാത്രി ഒന്നും കഴിച്ചില്ല… മുറിയിൽ തന്നെയിരുന്നു.. അച്ഛനും അമ്മയും മാറി മാറി വന്ന് എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞു.. ഒന്നും വേണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ മുറിയിലോട്ട് കുറച്ചു പാലും പഴവും കൊണ്ടു വെച്ചു..എന്റെ തലയിൽ തലോടി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി..
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും അമ്മ താഴെ മുറിയിൽ ഉണ്ടാവുമെന്ന് പറഞ്ഞു..
കട്ടിലിനോട് ചേർന്ന് ഒരു ഓരം തിരിഞ്ഞു കിടന്നു ഒരുപാട് കരഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു കണ്ണുകൾ പെട്ടെന്ന് അടഞ്ഞു പോവുന്നു.. ഉറങ്ങാതെ ഇരിക്കണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല.. കണ്ണുകൾ താനെ അടഞ്ഞു പോവുകയാണ് അനുസരണയില്ലാതെ..
വാതിൽ തുറന്നു ആരോ അകത്തു കയറിയ ഒച്ച കേട്ടപ്പോഴാണ് ഞെട്ടി പിടഞ്ഞെഴുന്നേറ്റത്. മാധവ്…
ഒന്നും മിണ്ടാതെ അകത്തു കയറി വാതിൽ കുറ്റിയിട്ടു.. കയ്യിൽ എന്തോ സാധനം ഉണ്ട്..
അതും കൊണ്ട് നേരെ എന്റെ അരികിലോട്ട് പാഞ്ഞു വന്നു…
കൈയിലുള്ള സാധനം താഴെ വെച്ച് എന്റെ മുഖം നോക്കി ഒന്ന് തന്നു.. കിട്ടിയ അടിയുടെ വേദനയിൽ ഞാൻ താഴേക്ക് വീഴാൻ പോയതും ആ കൈകൾ തന്നെ എന്നെ താങ്ങി പിടിച്ചു..
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission