എന്റെ നോട്ടം കണ്ട് മാധവേട്ടനും ചാടിയെഴുന്നേറ്റു. വേറാരുമല്ല പ്രകാശച്ചനും രാഗിണിയമ്മയും ആയിരുന്നു.
അവര് അടുത്തേക്ക് നടന്നു വരും തോറും എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി. എന്നെയും മാധവേട്ടനെയും ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരുമിച്ച് കാണുമ്പോൾ തീർച്ചയായും സംശയം കാണും..
ഞാൻ മാധവേട്ടന്റെ നെഞ്ചിൽ വീണുകിടക്കുന്നത് അവര് രണ്ടുപേരും കണ്ടതാണ്..
അടുത്ത് വന്നുനിന്ന് രാഗിണിയമ്മ ഞങ്ങളെ രണ്ടുപേരെയും നോക്കി കൊണ്ട് ഞങ്ങള് പോട്ടെ മോളെ നാളെ രാവിലെ തന്നെ വരാമെന്ന് പറഞ്ഞു .. പ്രകാശച്ഛൻ വന്ന് കൈപിടിച്ച് മോളൊന്നും കൊണ്ട് വിഷമിക്കണ്ട എന്താവശ്യമുണ്ടെങ്കിലും അച്ഛനെ വിളിച്ചാൽ മതി സ്വന്തം അച്ഛനാണെന്ന് കരുതിയാൽ മതി.. പിന്നെ വീടും പറമ്പും വിക്കുന്ന കാര്യമൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. ആ പൈസേടെ കാര്യമാലോചിച്ച് മോള് ടെൻഷൻ ഒന്നും അടിക്കേണ്ട.. അത് ഞാൻ റെഡിആക്കിക്കോളാം.. പ്രകാശച്ചൻ അത്രയും പറയുമ്പോഴും തിരിച്ചൊന്നും പറയാൻ പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ..
പിന്നീടുള്ള ഓരോ ദിവസവും ഒരു നിഴലുപോലെ മാധവേട്ടനും പ്രകാശച്ചനും രാഗിണിയമ്മയും മുഴുവൻ സമയവും ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു.താലി കെട്ടിയിലെങ്കിലും മാധവേട്ടന്റെ പെണ്ണായി അവരെന്നെ മനസാൽ സ്വീകരിച്ചെന്ന് എനിക്ക് മനസിലായി. സ്വന്തം മോളെ പോലെ തന്നെ എന്നെ ചേർത്തു നിർത്തി.. അമ്പലത്തിലേക്കുള്ള പൈസ മുഴുവൻ മാധവേട്ടൻ കൊടുത്തെന്നു രാഹുലേട്ടൻ പറഞ്ഞറിഞ്ഞു..
എന്തിനാ മാധവേട്ടൻ ആ പൈസ കൊടുത്തത്. എങ്ങനെയെങ്കിലും ഞാൻ കൊടുക്കൂലേ എന്ന് ചോദിച്ചപ്പോൾ..
നിന്നെ കെട്ടുന്നതിന് നിന്റച്ഛന് ഞാൻ കൊടുക്കുന്ന സ്ത്രീധനമാണ് ആ പൈസ… ഇതുപോലെയൊരു തങ്ക പെട്ട കൊച്ചിനെ വളർത്തി വലുതാക്കിയില്ലേ.. അതിന് എന്റെ അമ്മായിഅച്ഛനു എന്റെ വക ചെറിയ സ്നേഹം..
മറുപടിയായി പറയാൻ ഉത്തരമൊന്നുമില്ലാത്തതിനാൽ എന്റെ സങ്കടവും സന്തോഷവുമെല്ലാം ആ നെഞ്ചിലേക്ക് വീണ് കരഞ്ഞു തീർത്തു ഞാൻ…
സർജറി കഴിഞ്ഞ് പിറ്റേ ദിവസം തന്നെ അച്ഛയെ റൂമിലോട്ട് മാറ്റി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾ തിരികെ വീട്ടിലോട്ടു പോന്നു.
തിരികെ പോരും നേരം ഡോക്ടർ പ്രത്യേകം പറഞ്ഞത് മനസിന് വിഷമം തട്ടുന്ന ഒന്നും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രധിക്കണമെന്നാണ്..
ആ ആഴ്ച തന്നെ മാധവേട്ടൻ തിരികെ പുതിയ ഫിലിമിന്റെ ഷൂട്ടിങ്ങിനുപോയി. അധിക ദിവസം മാറിനിൽക്കാൻ പറ്റില്ല അവർക്ക് ഡേറ്റ് കൊടുത്തു പോയി. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നൊക്കെ പ്രത്യേകം പറഞ്ഞേൽപ്പിച്ചാണ് പോയത്. പോവുന്നതിനു മുന്നേ വീട്ടിൽ വന്ന് അച്ഛനെ കണ്ടിരുന്നു .
ഒരു ദിവസം രണ്ടു നേരമെങ്കിലും വിളിക്കും അച്ഛന്റെ വിവരങ്ങളൊക്കെ അന്വേഷിക്കും. എപ്പോഴൊക്കെയോ… ജീവിതാവസാനം വരെ എല്ലാ വീഴ്ചയിലും കൂടെ നിൽക്കുന്ന എന്റെ പാതിയായി മാധവേട്ടൻ മാത്രം മതിയെന്ന് മനസ്സ് പലതവണ മന്ത്രിച്ചു.. അത്രക്കും ഞാൻ മാധവേട്ടനെ സ്നേഹിച്ചിരുന്നു..
വീട്ടിൽ എത്തിയ ശേഷം അച്ഛനിൽ പഴയ ഉന്മേഷവും സന്തോഷോം കണ്ടില്ല.. എപ്പോഴും ഞാനോ അമ്മയോ കൂടെ വേണം. കാണാൻ വരുന്നവരോടും അധികം സംസാരിക്കാൻ അച്ഛന് താത്പര്യമുണ്ടായിരുന്നില്ല. പിന്നെയും സംസാരിക്കുന്നത് പ്രകാശനച്ചനോടും സുധിയേട്ടനോടും മാത്രമായിരുന്നു. ഒരുതവണ യെങ്കിൽ പോലും കള്ളനെന്ന പേരിൽ അച്ഛൻ നാട്ടുകാരുടെ മുന്നിൽ അറിയപെട്ടിലേ എന്നുള്ള ചിന്തയായിരുന്നു അച്ഛനെപ്പോഴും ..
ഒരു ദിവസം രാവിലെ അച്ഛന് കുടിക്കാനുള്ള കഞ്ഞിയുമായി മുറിയിലോട്ട് കേറി ചെല്ലുമ്പോഴാണ് ശാരദ അമ്മായിയോട് അച്ഛനെന്റെ ജാതകത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. കുഞ്ഞോൾക്ക് ഇപ്പൊ ഒരു കല്യാണയോഗം ഉണ്ട് ഓപ്പോളേ അത് ഇരുപത്തി ഒന്നിനുളിൽ കഴിയണമെന്നാണ്.. പിന്നെയുള്ളത് ഇരുപത്തിഅഞ്ചിലാണ് അതുവരെ നീട്ടി കൊണ്ടു പോവണോന്നാണ് ഞാനിപ്പോ ആലോചിക്കന്നെ…
ഒരു ജോലിയൊക്കെ ആയിട്ട് മതി എന്റെ കുട്ടീടെ കല്യാണമൊക്കെ എന്നാണ് ഞാനാദ്യം കരുതിയത്. പക്ഷെ ഇപ്പോഴത്തെ എന്റവസ്ഥ വെച്ച് എത്രയും പെട്ടന്ന് എന്റെ കുട്ടിയെ ഒരു സുരക്ഷിതമായ കയ്യിലേൽപ്പിക്കണം അതുമാത്രമേ എനിക്ക് വേണ്ടു..
” എന്റെ ചന്ദ്രാ… നീയെന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടണെ.. നിനക്കൊന്നും പറ്റൂല്ല.. കുഞ്ഞോളെ കല്യാണം കഴിഞ്ഞ് അവൾടെ പിള്ളേര് ഈ മുറ്റത്തു ഓടി കളിക്കണത് കാണണ്ട ആളാണ് നീ.. അപ്പോഴാ ഇങ്ങനെയോരോ വേണ്ടാത്തത് പറയാൻ നിക്കണേ..”
അല്ല ശാരദഓപ്പോളേ… രേണുനേം കുഞ്ഞോൾക്കും അച്ഛനും ഞാൻ പോയാലും
സ്വന്തമെന്നു പറയാൻ ആരെങ്കിലും വേണം. അതുകൊണ്ടാണ് ഞാനിതു ഉറപ്പിച്ചത്.. എന്റെ കുട്ടിനെ ഒരാളെ ഏൽപ്പിച്ചാൽ പകുതി സമാധാനം കിട്ടും എനിക്ക് .. ആ ബ്രോക്കർ വിജയേട്ടനോട് ഈ വഴി വരാൻ ഓപ്പോള് രാഹുലിനെ വിട്ടൊന്നു പറ… അയാളാവുമ്പോ നമ്മളെ കുറിച്ച് നന്നായി അറിയാം..
അച്ഛനത് പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ ഞാൻ മുറിയിലോട്ട് കേറി ചെന്നു. പക്ഷെ നേരത്തെ പറഞ്ഞതൊന്നും കേട്ടതായി ഭാവിച്ചില്ല..
ചൂട് കഞ്ഞി അച്ഛന് കോരി കൊടുക്കുമ്പോൾ ഞാനച്ഛനെ മുഴുവനായി നോക്കി. ബീഡിയോ സിഗരറ്റോ വലിക്കാതെ തന്നെ ചുണ്ട് മുഴുവൻ കരുവാളിച്ചു.. കറുത്തിരുണ്ട മുടിയെല്ലാം ഇപ്പൊ പകുതിയിലേറെ നരച്ചു.. നനഞ്ഞിരിക്കുന്ന കൺതടവും കണ്ണുമെല്ലാം ഇപ്പൊ തന്നെ കരഞ്ഞിട്ടുണ്ടെന്ന് മനസിലാക്കി തന്നു..
മരുന്നെല്ലാം എടുത്തു കൊടുത്ത് അച്ഛന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് തിരികെ നടക്കുമ്പോൾ മനസ്സ് നിറയെ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളായിരുന്നു.. മാധവേട്ടനും താനുമായുള്ള ബന്ധം അച്ഛൻ സമ്മതിച്ചു തരുമോ എന്നുള്ളതായിരുന്നു അതിൽ ആദ്യത്തേത്.. ഒരിക്കലും അച്ഛനെ വിഷമിപ്പിക്കുന്ന ഒരു തീരുമാനവും താനെടുക്കില്ല.. പക്ഷെ മാധവേട്ടനല്ലാതെ വേറൊരാളെ തനിക്കു ആ സ്ഥാനത്തേക്ക് ചിന്തിക്കാൻ പോലും പറ്റില്ല..
മാധവേട്ടനെ വിളിച്ച് ഇതൊക്കെ പറഞ്ഞപ്പോഴും ഫോണിന്റെ അങ്ങേ തലക്കലെ മൗനം എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
” വിഷിങ്ങ് യു ഓൾ ദി ബെസ്റ്റ് ഫോർ യുവർ മാരീഡ് ലൈഫ് ” എന്നുള്ള മറുപടിയും എന്നെ ഞെട്ടിച്ചു.. ഒരു മനുഷ്യന് എത്ര പെട്ടെന്നാണ് ഇങ്ങനെ മാറാൻ പറ്റുന്നത്.. അന്ന് വീണ വന്നു പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്നറിയാൻ പലതവണ മാധവേട്ടനോട് ചോദിക്കാമെന്ന് കരുതിയതാണ്. ഒരുപക്ഷെ അത് ഞങ്ങൾക്കിടയിലെ വിശ്വാസത്തെ ബാധിച്ചാലോ എന്ന് കരുതി ഞാൻ തന്നെ വിട്ടു കളഞ്ഞു.
ഗൗരി വീണ്ടും വീണ്ടും അത് മാധവേട്ടനോട് ചോദിക്കാൻ എന്നോട് പറഞ്ഞെങ്കിലും. എനിക്ക് എന്റെ മാധവേട്ടനെ വിശ്വാസമാണെന്ന് പറഞ്ഞ് ഞാൻ തന്നെ അത് കുഴിച്ചു മൂടി.
പക്ഷെ ഇപ്പൊ അത് സത്യമാണെന്ന് മാധവേട്ടൻ തന്നെ കാണിച്ചു തന്നു.
പിന്നീട് രണ്ടു മൂന്നു ദിവസത്തേക്ക് ഫോൺ വിളി ഒന്നും തന്നെ ഉണ്ടായില്ല. ഗൗരിയെ വിളിച് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവള് മാത്രമേ തന്നെ സമാധാനിപ്പിക്കാൻ കൂടെ ഉണ്ടായിരുന്നുള്ളു..
ഒരുദിവസം രാവിലെ തന്നെ അമ്മ വന്ന് ഒരുങ്ങി താഴേക്ക് ചെല്ലാൻ പറഞ്ഞപ്പോഴാണ് പെണ്ണുകാണൽ വരെ കാര്യങ്ങളെത്തിയെന്ന് മനസിലായത്.
മനസ്സ് ചത്തുകിടക്കുകയാണെങ്കിലും പുറമെ അത് കാണിക്കാതെ വന്നവർക്ക് മുന്നിൽ ഒരു ബൊമ്മ പോലെ നിന്ന് അവര് ചോദിച്ചതിന് മറുപടിയും കൊടുത്ത് അകത്തേക്ക് പോന്നു..
ചെറുക്കൻ സർക്കാർ ജോലിക്കാരനായതിനാൽ അച്ഛന് ഒരുപാടിഷ്ടപ്പെട്ടു ആ പ്രൊപോസൽ.
കല്യാണം ഒരു വിധം ഉറക്കും എന്ന് തോന്നി. കാരണം വാക്കുകൊടുക്കൽ വരെയെത്തി കാര്യങ്ങൾ. മാധവേട്ടനുമായി മിണ്ടിയിട്ട് ഒരാഴ്ചയായി ഫോൺ വിളിച്ചാൽ ഒന്നിലെങ്കിൽ സ്വിച്ച് ഓഫ് അല്ലെങ്കിൽ ബിസി. ഇനി എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എന്ന് കരുതി രാഗിണിയമ്മക്ക് വിളിച്ചപ്പോൾ മനസിലായി എന്നോട് മാത്രം സംസാരിക്കാൻ സമയമില്ലായ്ക ഉള്ളു.
മനഃപൂർവം ഒഴിവാക്കുകയാണെന്ന് മനസിലായപ്പോൾ മാറി കൊടുക്കാൻ ഞാനും തയ്യാറായി.. എങ്കിലും ഒരുപാട് തവണ വെറുതെ ആഗ്രഹിച്ചു. മാധവേട്ടൻ വന്ന് അച്ഛയോട് എന്നെ പെണ്ണ് ചോദിക്കുന്നത്.അച്ഛൻ ആ കയ്യിലോട്ട് എന്നെ ഏൽപ്പിക്കുന്നതും. ഇനിയൊരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും…
അടുത്ത ഞായറാഴ്ച വാക്ക് തരാനായി ചെക്കന്റെ വീട്ടിൽ നിന്ന് ആളുവരട്ടെ എന്ന് ചോദിച്ചു… മോൾക്ക് വല്ല ഇഷ്ട്ടകുറവുണ്ടോ എന്നുള്ള അച്ഛന്റെ ചോദ്യത്തിന് മറുപടി പറയാനായി ആ കണ്ണിൽ നോക്കിയപ്പോൾ ഒരിക്കലും അച്ഛന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഞാനായി തല്ലിക്കെടുത്താൻ പാടില്ലെന്ന് തോന്നി. ഗൗരിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൾടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനമായി നിൽക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ..
പകൽ അച്ഛനും അമ്മയ്ക്കും മുന്നിൽ ചിരിച്ചു കളിച്ച് നടന്ന് ആരും കാണാതെ ഒളിപ്പിച്ചു ഞാനെന്റെ സങ്കടങ്ങളെ.. ഒരുദിവസം രാവിലെ നനഞ്ഞു കുതിർന്നു കിടക്കുന്ന എന്റെ തലയിണ കണ്ടപ്പോൾ അമ്മക്ക് മനസിലായി ഞാൻ കരഞ്ഞിട്ടുണ്ടെന്ന്.. പക്ഷെ പെട്ടന്ന് തന്നെ ഒരു കല്യാണം കഴിച്ച് അമ്മയേം അച്ഛനേം വിട്ടുപോകുന്ന സങ്കടം കാരണമാണെന്ന് പറഞ്ഞ് ഞാനതിനെ ഒഴിവാക്കി.
അന്ന് മുതൽ ഞാൻ അമ്മyum അച്ഛനും എനിക്കൊപ്പമായിരുന്നു കിടന്നിരുന്നത് ഞാൻ സങ്കടപ്പെടാതിരിക്കാൻ അവരെത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കാൻ വേറൊന്നും വേണ്ടായിരുന്നു ..
നിശ്ചയത്തിന്റെ അന്ന് അമ്മ തന്ന നീല പട്ടുസാരി ബ്യൂട്ടീഷൻ എന്നെ ഉടുപ്പിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. എങ്കിലും മുകളിൽ മുറിയിൽ നിന്ന് നോക്കിയപ്പോൾ താഴെ പുറത്ത് ഓടി നടന്ന് വരുന്നവരെയെല്ലാം സ്വീകരിച്ചിരുത്തുന്ന അച്ഛനെ കണ്ടപ്പോൾ എല്ലാ വേദനയും ഒരു നിമിഷം സന്തോഷമായി മാറി. ആശുപത്രിയിൽ നിന്ന് വന്നതിൽ പിന്നെ അച്ഛനെ ഇതുപോലെ സന്തോഷത്തോടെ കണ്ട ഒരു ദിവസം ഉണ്ടായിട്ടില്ല…. നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരാണ് അച്ഛനമ്മമാർ അവരുടെ സന്തോഷത്തിനു വേണ്ടി ചില ഇഷ്ടങ്ങളെല്ലാം വേണ്ടെന്ന് വെക്കുന്നതായിരിക്കും നല്ലത്. അകത്ത് അഗ്നി പർവതം പോലെ പൊട്ടി തെറിക്കാൻ നിൽക്കുന്ന എന്റെ മനസിനെ സ്വയം പറഞ്ഞു മനസിലാക്കി ഞാൻ താഴേക്ക് ചെന്നു..
കൂടെ പഠിച്ചതിൽ ആകെ ഗൗരിയെ മാത്രമേ ഫങ്ങ്ഷന് ക്ഷണിച്ചുള്ളൂ. ബാക്കിയുള്ള എല്ലാരേം കല്യാണത്തിന് വിളിക്കാമെന്ന് ഞാൻ തന്നെയാണ് അച്ഛയോട് പറഞ്ഞത്.
പക്ഷെ താഴെ ചെന്നപ്പോൾ എല്ലാ വാനര പടയും എത്തിയിരുന്നു.. എല്ലാരേം ഗൗരി യാണ് അറിയിച്ചതെന്ന് പെട്ടെന്ന് തന്നെ മനസിലായി. അല്ലെങ്കിലും വിളിക്കാതെ എവിടെ ആയാലും ഓടിയെത്തുന്നവരാണ് ഈ ചങ്ങാതിമാരെന്ന് പറയുന്ന ദുരന്തങ്ങൾ. അന്ന് അച്ഛൻ ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴും ആരൊക്കെയോ പറഞ്ഞറിഞ്ഞ് എല്ലാവരും ഇടയ്ക്കിടെ വരുമായിരുന്നു..
ചെക്കന്റെ ഊരും പേരും ചോദിച്ചിരുന്ന ഫ്രണ്ട്സിന്റെ ഇടയിൽ ഞാൻ ശെരിക്കും പെട്ടു.. ഗൗരിയാണ് അവർക്കെല്ലാം മറുപടി കൊടുത്തിരുന്നത്..
അന്ന് പെണ്ണുകാണാൻ വന്നപ്പോൾ ഒരു തവണ മാത്രമേ ആ മുഖത്തോട്ട് ഒന്ന് നോക്കിയുള്ളൂ. അധികം സംസാരിക്കില്ലെന്ന് ആളെ കണ്ടപ്പോൾ തന്നെ മനസിലായി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്ആയി ജോലി ചെയ്യുന്നു.. പേര് അരുൺ വയസ് 28 ഒരു ചേച്ചിയുണ്ട് കല്യാണം കഴിഞ്ഞു, വീട്ടിൽ അച്ഛനും അമ്മയും പുള്ളിയും മാത്രം. അത്രമാത്രമേ അന്നറിയാൻ പറ്റിയുള്ളൂ. പിന്നെ കൂടുതലൊന്നും അറിയാൻ താല്പര്യമുണ്ടായില്ല. ഒരിക്കൽ പോലും ആദ്യത്തെ പെണ്ണുകാണലിൽ തന്നെ കല്യാണം ഉറക്കുമെന്ന് കരുതിയില്ല അതാണ് കൂടുതലൊന്നും ചോദിക്കാതിരുന്നത്..
ചെറിയൊരു ചടങ്ങായി നടത്തുന്നുള്ളൂന്നാണ്
അച്ഛൻ ആദ്യം പറഞ്ഞത് ഇതിപ്പോ പത്തിരുനൂറ്റിഅൻപതോളം ആളുകൾ വീട്ടിൽ തന്നെ ക്ഷണിച്ചിട്ടുണ്ട്.. ഇതുവരെ ചെക്കന്റെ ആളുകൾ എത്തിയിട്ടില്ല.. വന്നവരെല്ലാം എന്റെ അടുത്ത് വന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു കൂടുതലും അയൽവക്കകാരും, അച്ഛന്റേം അമ്മേടേം പരിചയക്കാരും ആയിരുന്നു. സ്വന്തം ആങ്ങളയുടെ സ്ഥാനത്തു നിന്ന് ഓടി നടന്ന് പണിയെടുക്കുന്ന രാഹുലെട്ടനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. മാധവേട്ടൻ എന്റെ മനസിലുണ്ടാക്കിയ മുറിവ് പെട്ടന്നൊന്നും മാഞ്ഞു പോവില്ലെങ്കിലും.. എന്റെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തിനു മുന്നിൽ അതൊന്നുമല്ല എന്ന് മനസിലായി ..
വന്നവരുടെ കൂട്ടത്തിൽ പ്രകാശച്ചനും രാഗിണിയമ്മയും ഉണ്ടോന്ന് ഒരുപാട് തവണ ഞാൻ നോക്കി.. ഇല്ല… വന്നിട്ടില്ല..
ചെക്കനും കൂട്ടരും എത്തിയെന്ന് സുധിയേട്ടൻ വന്ന് പറഞ്ഞപ്പോൾ എല്ലാരും പന്തലിലോട്ട് പോയി. അമ്മ എന്നെ ഗൗരിക്കൊപ്പം മുറിയിലിരുത്തി പന്തലിലോട്ട് പോയി. മോതിരം മാറേണ്ട മുഹൂർത്തമാവുമ്പോൾ പുറത്തേക്ക് പന്തലിലോട്ട് വന്നാൽ മതിയെന്ന് പറഞ്ഞു..
പുറമെ ശാന്തമായിരിക്കുന്നുണ്ടെങ്കിലും അകത്ത് ഇളകി മറിയുന്ന കലുഷിതമായ ഒരു മനസുമായാണ് ഞാൻ ഇരിക്കുന്നതെന്ന് ഗൗരി അവൾക്ക് മാത്രം മനസിലായി.. ഗായൂ നീ ഇപ്പോഴും അയാളെ കുറിച്ച് തന്നെ ആലോചിച്ചിരിക്കെണോ… ?
എന്റെ കണ്ണിൽ നിന്നുതിർന്നു വീണ കണ്ണുനീരാണ് ഗൗരിക്ക് അതിനുള്ള മറുപടി കൊടുത്തത്..
അര മണിക്കൂർ കൂടി കഴിഞ്ഞാൽ മറ്റൊരാളുടെ പേരുള്ള മോതിരം എന്റെ വിരലിൽ അണിയും. പിന്നീട് ഒരിക്കലും മാധവ് എന്റെ മനസിലോട്ട് വരാൻ പാടില്ല.. അല്ലെങ്കിൽ പിന്നെ ഇപ്പൊ ഇവടെ വെച്ചു നിർത്തണം ഈ ചടങ്ങ്. അതൊരിക്കലും പാടില്ല…തന്റെ അച്ഛൻ… അച്ഛന്റെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുത്..
ഉതിർന്നുവന്ന കണ്ണീരെല്ലാം തുടച്ച് ഗായത്രി ഗൗരി യെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ആ ചിരിയിലും അവളെത്രമാത്രം വേദന ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ഗൗരിക്ക് പോലും മനസിലായില്ല..
പുറത്ത് നിന്ന് പെൺകുട്ടിയെ വിളിച്ചോളൂ എന്ന് ഏതോ കാരണവർ പറഞ്ഞപ്പോൾ ഗായത്രി അച്ഛന്റെ കയ്യും പിടിച്ച് പന്തലിലേക്ക് ഇറങ്ങി ചെന്നു.. ദൈവങ്ങളെ സാക്ഷിയാക്കി അരുണേട്ടന്റെ പേരുള്ള മോതിരം തന്റെ കയ്യിലണിഞ്ഞ് പുതിയൊരു ഗായത്രി ആവാൻ. പക്ഷെ അപ്പോഴും മനസ്സ് നിറയെ അയാളായിരുന്നു മാധവ്…
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission