പതിനാറു വർഷങ്ങൾക്ക് ശേഷം,.
“ഈ കുട്ടി ഇതൊക്കെ എന്താ കാണിച്ചിട്ടിരിക്കണേ? ഒന്നും അടുക്കി പെറുക്കി വെക്കണ സ്വഭാവം ഇല്ല്യ !”
ബാല പരാതി പറഞ്ഞുകൊണ്ട് ഓരോരോ സാധനങ്ങളായി ഒതുക്കി വെച്ചു,…
“ബാലേ !”
“ദാ വരുന്നു അമ്മാവാ !”
എല്ലാടത്തും എന്റെ കണ്ണുകൾ തന്നെ എത്തണം എന്ന് വെച്ചാൽ,..
“എന്താ അമ്മാവാ? ”
“കുട്ടി പൂജാമുറിയിൽ ചെന്ന്,. അമ്പലത്തിലെ താക്കോൽകൂട്ടമിങ്ങ് എടുത്തിട്ട് വരൂ !”
“ശരി അമ്മാവാ !” അമ്പലകമ്മറ്റിയിൽ നിന്ന് ആളുകൾ വന്നിട്ടുണ്ട്,. കുറേ കാലങ്ങളായി മുടങ്ങികിടക്കുന്ന പൂജകൾ പുനരാരംഭിക്കുവാനാണ്,. ശുദ്ധികലശം നടത്തേണ്ടിയിരിക്കുന്നു,..
രവീന്ദ്രന്റെ വാക്ക് കേട്ട് ബാല താക്കോൽ കൂട്ടം എടുക്കുമ്പോഴാണ്,. ചുവന്ന പട്ടിട്ട് മൂടിയ എന്തോ ഒന്ന് അവളുടെ ശ്രദ്ധയിൽ പെട്ടത്,. ബാല അതും കയ്യിലെടുത്തു,..
“ഇന്നാ അമ്മാവാ !”
താക്കോൽ കൂട്ടം രവീന്ദ്രന്റെ കൈയിൽ കൊടുത്തിട്ട്,. ബാല അതുമായി മുറിയിലേക്ക് നടന്നു,…
കുറേ പഴയതാണ്,.. എന്തായിരിക്കും എന്തോ? അവൾ പതിയെ അത് തുറന്നു,… ഒരു താളിയോലക്കെട്ടാണ്,… ബാല അതിലെ പൊടിയെല്ലാം തട്ടി കളഞ്ഞു ആദ്യത്തെ താള് തുറന്നു,…
*****—–******
“ആയിരത്തി അറുന്നൂറാമാണ്ട് ”
അനന്തപുരി രാജ്യത്തെ രാജാവായിരുന്ന ചിത്രാംഗത മഹാരാജാവിന്റെ,. മൂന്ന് മക്കളിൽ ഇളയവളായിരുന്നു,. അളകനന്ദ,. സുന്ദരിയും സമർത്ഥയുമായ അവളെ ഒരു നോക്ക് കാണുവാനായി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ചെറുപ്പക്കാർ എത്തിയിരുന്നു,.
വിവാഹപ്രായമായ കുമാരിക്ക് അയൽ രാജ്യത്തെ രാജാവായ രാജചന്ദ്രവർമയുടെ മകനും യുവരാജാവായ അഭിമന്യുവുമായി വിവാഹം ഉറപ്പിച്ചു,…
“അളകനന്ദ,. അഭിമന്യു സുന്ദരനും, അതീവ ബുദ്ധിശാലിയുമാണെന്നാണ് കേട്ടിട്ടുള്ളത്,. നിന്റെ ഒരു ഭാഗ്യം !”
“ശരിയായിരിക്കും ജേഷ്ഠത്തി, എന്നിരുന്നാലും അഭിമന്യുവിനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യം തോന്നുന്നില്ല,. ”
“അദ്ദേഹത്തെ കണ്ടിട്ട് കൂടിയില്ലല്ലോ, പിന്നെങ്ങനെ? ”
“എന്തോ എന്റെ മനസ്സ് പറയുന്നത്, അഭിമന്യുവല്ല മറ്റാരോ ആണ് എനിക്കായി പിറന്നതെന്നാ !”
“മ്മ്,. പിതാശ്രീ കേൾക്കണ്ട !”
പിതാശ്രീ കേട്ടാൽ എന്താണ്,. എന്തോ എന്റെ മനസ്സ് മാറ്റാർക്കോ വേണ്ടിയാണ് കാത്തിരിക്കുന്നത്,..
****
“പിതാവേ,. ഇന്ന് താങ്കൾക്കൊപ്പം ഞാനും കാട്ടിലേക്ക് വന്നുകൊള്ളട്ടെ,. ”
“കൊടും വനമാണ്,. വന്യമൃഗങ്ങൾ ഉണ്ടാകും !”
“കഴിഞ്ഞ ദിവസം,. മുഖം കാണിക്കുവാനായി വന്ന കനി എന്ന സ്ത്രീ,. രാത്രി മാത്രം പൂക്കുന്ന ഒരു പ്രേത്യേക പുഷ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു,. പാരിജാതം ”
“മടങ്ങി വരുമ്പോൾ ഞാൻ കൊണ്ട് വരാം പുത്രി,.. ”
അളകനന്ദയുടെ മുഖം മങ്ങിയത് രാജാവിന്റെ ഉള്ളിൽ ഒരു വേദനയായി പടർന്നു,..
“ശരി,. തോഴിമാരെയും ഭടൻമാരെയും കൂട്ടി പൊയ്ക്കോളൂ !”
ആനന്ദത്താൽ അളകനന്ദ പിതാവിന്റെ കവിളിൽ ചുംബിച്ചു,…
*****
“കുമാരി ഇവിടെ വിശ്രമിച്ചു കൊള്ളു. ഞങ്ങൾ ആ മരത്തെ കുറിച്ച് അന്വേഷിച്ചു വരാം !”
ഏറെ ദൂരം നടന്ന അളകനന്ദ ക്ഷീണിച്ചിരുന്നു,.. കൈയിൽ കരുതിയ ജലവും തീർന്നിരുന്നു,..
“അടുത്തെവിടെയോ ഒരു പൊയ്ക ഉണ്ടെന്ന് തോന്നുന്നു,. ഞാൻ ജലം ശേഖരിച്ചു വരാം !”
“ഒറ്റയ്ക്ക് പോകുന്നത് അപകടം ആണ്, വന്യമൃഗങ്ങൾ ഉണ്ടാകും,. നിങ്ങൾ രണ്ടു പേരും കൂടെ പോയിട്ട് വരൂ !”
“അപ്പോൾ കുമാരി ഒറ്റയ്ക്കാവില്ലേ?”
“നിങ്ങൾ പോയിട്ട് വരൂ,. ഞാനിവിടെ ഇരുന്നുകൊള്ളാം, ഇവിടം സുരക്ഷിതമാണെന്ന് തോന്നുന്നു,. ”
അവർ ജലമന്വേഷിച്ചു പോയി,.. അളകനന്ദ ക്ഷീണത്തിൽ മയങ്ങിപ്പോയി,..
*********
കണ്ണ് തുറക്കുമ്പോൾ അവളേതോ കുടിലിൽ ആയിരുന്നു,. അർപ്പിതയും ആദ്യയും ഇല്ല,. ഭടന്മാരുമില്ല,. ആരാണ് തന്നെ ഇവിടെ എത്തിച്ചത്,. അളകനന്ദ പതിയെ എഴുന്നേറ്റു,. ചുവരിൽ കുറേ ചിത്രങ്ങൾ,.. അതിൽ തന്റെയുമുണ്ട്,.. താൻ ഉറങ്ങിക്കിടക്കുന്ന ചിത്രം,.. ഇപ്പോൾ വരച്ചു കഴിഞ്ഞതാവണം,. അളകനന്ദ ആ ചിത്രവും നോക്കി നിന്നു,. ഇതേതോ ചിത്രകാരന്റെ വീടാണ്,. അവൾ ചുറ്റും നോക്കി,. അടുത്തെങ്ങും ആരുമില്ല,.
ഇളം കാറ്റിൽ മനസ്സിനെ മഥിക്കുന്ന ഒരു ഗന്ധം അവളുടെ നാസ്യരന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി,. അളകനന്ദ പുറത്തേക്കിറങ്ങി,.. ഒരു മരത്തിന്റെ കീഴിൽ മനോഹരമായ ചെറിയ വെള്ളപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്നു,.. അവൾ അതിൽ നിന്നുമൊന്നെടുത്ത് നാസികത്തുമ്പോട് ചേർത്തു,..
“അതെടുക്കരുത് !” ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ,.. അയാളവളുടെ സമീപത്തേക്ക് വന്നു,..
“അതെന്താ? ”
“എന്റെ അനുവാദം കൂടാതെ,. എന്റെ വസ്തുക്കളിൽ കൈ വെയ്ക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല !”
“ശരി,. പക്ഷേ ഇതെല്ലാം പ്രകൃതിയുടെ ഉപഹാരമല്ലേ? ഇതിൽ എല്ലാവർക്കും അവകാശമില്ലേ? ”
“പ്രകൃതിയുടെ വരദാനമാണ്,. എന്നാൽ ഇതിലെ പുഷ്പങ്ങളെടുക്കാൻ എനിക്കല്ലാതെ വേറെയാർക്കും അവകാശമില്ല,. കാരണം ഇത് ഞാൻ നട്ടതാണ് !”
അവൾ ഒരു നിമിഷം അയാളെ നോക്കി,..
“ശരിയായിരിക്കാം,. അതുപോലെ എന്നെ ഇവിടെ എടുത്തു കൊണ്ട് വരാൻ താങ്കൾക്ക് ആരാണ് അധികാരം നൽകിയത്? ”
“അത് മരച്ചുവട്ടിൽ ബോധരഹിതയായി കിടക്കുന്നത് കണ്ടപ്പോൾ,.. ”
“അത് തന്നെയേ ഞാനും ചെയ്തുള്ളു,. കൊഴിഞ്ഞു കിടക്കുന്ന ഒരു പൂ പെറുക്കി,. പിന്നെ താങ്കൾ ആരുടെ അനുവാദത്തോടെയാണ് എന്റെ ചിത്രം വരച്ചത്? ”
അയാൾ ഉത്തരമില്ലാതെ നിന്നു,..
“ഇനിയെനിക്ക് പൂ പെറുക്കാമല്ലോ? ”
അയാൾ മറുപടി പറഞ്ഞില്ല,. അളകനന്ദ വീണ്ടും പൂവുകൾ പെറുക്കിയെടുത്തു,.
“ഇതേത് പുഷ്പമാണ്? ”
“പാരിജാതം !”
അപ്പോൾ ഇത് തന്നെയാണ് താൻ തേടിയിറങ്ങിയ പുഷ്പവും,..
“ഞാനും ഇത് അന്വേഷിച്ചാണ് ഇറങ്ങിയത്? ”
“ഏത് ഈ ദുഃഖപുഷ്പത്തെയോ? ”
“ദുഃഖ പുഷ്പമോ? ”
“അതേ,. പാരിജാതയുടെ പ്രണയം നിരസിച്ച സൂര്യദേവനോടുള്ള കണ്ണീരാണ്,. ഈ പൂക്കൾ,. അത് കൊണ്ടാണിവ രാത്രി പൂക്കുന്നതും,. സൂര്യനുദിക്കും മുൻപേ കൊഴിഞ്ഞു വീഴുന്നതും !”
“അതെയോ,. പക്ഷേ ഇത് സ്വർഗ്ഗപുഷ്പമാണ്,. പാലാഴി കടഞ്ഞപ്പോൾ കിട്ടിയ ദിവ്യ പുഷ്പം,. ഈ പുഷ്പത്തിന് വേണ്ടിയാണ് കൃഷ്ണഭഗവാൻ ഇന്ദ്രന്റെ അടുത്ത് യുദ്ധം ചെയ്തത്,. തന്റെ ഭാര്യമാരുടെ പ്രണയാഭിലാഷങ്ങൾ സാക്ഷാത്കരിച്ചത്, അത് കൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇത് പ്രണയപുഷ്പമാണ് ! ഇതിന്റെ ഗന്ധം നമ്മളിൽ പ്രണയം നിറയ്ക്കും !”
“എന്നിട്ട് കുമാരിക്ക് ആരോടാണ് പ്രണയം തോന്നിയത്? ”
“താങ്കളോട് തന്നെ? ”
അയാൾ അത്ഭുതത്തോടെ അവളെ നോക്കി,..
“എന്നോടോ? ഈ പാവം ചിത്രകാരനോടോ? ”
“അതേ.. താങ്കളാണ് മനോഹരമായി എന്റെ ചിത്രം വരച്ചത് !”
“ആ പ്രണയം എന്നോടല്ല കുമാരി,. ചിത്രകലയോടാണ് !”
അപ്പോഴേക്കും ഭടൻമാരും തോഴിമാരും തിരിച്ചെത്തി,.. അവർ അയാൾക്ക് നേരെ ചാടി വീണു,…
“അയാളെ ഒന്നും ചെയ്യരുത്,. അയാളാണ് എന്നെ സുരക്ഷിതമായി ഇവിടെ എത്തിച്ചത് !”
അവർ മാറി നിന്നു,..
“അത്ഭുതമായിരിക്കുന്നു !”
“അത്ഭുതപ്പെടാൻ ഒന്നുമില്ല,. താങ്കളുടെ നാമം എന്താകുന്നു? ”
“ഹർഷവർധൻ !”
“ശരി,. നമുക്ക് വീണ്ടും ദർശിക്കാം !”
അവൾ അയാൾക്ക് നേരെ പുഞ്ചിരിച്ചു,..
********
“പറയ് അളകനന്ദ ആരാണയാൾ? ”
“അയാളൊരു ചിത്രകാരനാണ് !”
“സുന്ദരനാണോ അയാൾ? ”
“അറിയില്ല എങ്കിലും അയാളുടെ കണ്ണുകൾക്കൊരു തീക്ഷ്ണതയുണ്ട് !”
“നിന്റെ മനസ്സിൽ ശരിക്കും അയാളോട് പ്രണയം തോന്നിയോ? ”
അവൾ തലയാട്ടി,..
“രാജകുമാരിയെ മുഖം കാണിക്കാൻ ഹർഷവർധൻ എന്നൊരു ചിത്രകാരൻ വന്നിരിക്കുന്നു,.. ”
കേട്ടപാതി കേൾക്കാത്ത പാതി,. അളകനന്ദ രാജസന്നിധിയിലേക്കോടി,.. ഹർഷവർദ്ധൻ അവിടെ എത്തിയിരുന്നു,. അവനെ കണ്ടതും അവളിൽ പ്രണയം നിറഞ്ഞു,..
“പുത്രി,. ഇത് ഹർഷവർദ്ധൻ,. അയൽനാട്ടിൽ നിന്നും വന്ന ചിത്രകാരനാണ്,.. പുത്രിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നില്ലേ ചിത്ര കല അഭ്യസിക്കണമെന്നത്,. ഇദ്ദേഹത്തേക്കാൾ അഗ്രഗണ്യനായ ഒരു ഗുരു വേറെയുണ്ടാവില്ല !”
അപ്പോൾ തന്നെ തേടിഎത്തിയിരിക്കുന്നു ഹർഷവർധൻ,..
“തീർച്ചയായും പിതാവേ,.. ”
“കുമാരിക്ക് ഞാൻ മറ്റൊരു ഉപഹാരം കൂടി കൊണ്ട് വന്നിട്ടുണ്ട് !”
പാരിജാതമരത്തിന്റെ തൈ, അന്ന് മുതൽ ഹർഷവർദ്ധന്റെ കീഴിൽ അളകനന്ദ ചിത്രകല അഭ്യസിച്ചു പോന്നു,… ഓരോ ദിവസം ചെല്ലുംതോറും അവൾക്കയാളോടുള്ള പ്രണയം ഇരട്ടിയായി,…
“ഞാനന്ന് പറഞ്ഞതിനെക്കുറിച്ച്,. ഹർഷൻ മറുപടിയൊന്നും പറഞ്ഞില്ല,.. ”
“താങ്കൾ ഒരു രാജ്യത്തിന്റെ രാജകുമാരിയാണ്,. എനിക്കെന്തുണ്ട്? ഞാനൊരു പാവം ചിത്രകാരൻ,. കൂടാതെ അവിടത്തെ ഗുരുവും,. ഗുരുശിഷ്യർ തമ്മിൽ അത്തരത്തിലൊരു ബന്ധം പാപമാണ് !”
ഹർഷന്റെ അവഗണന കുമാരിയെ മാനസികമായി തളർത്തി,. അവളിലെ പ്രസരിപ്പെല്ലാം അപ്രത്യക്ഷമായി,. പുത്രിയുടെ ഈ വിഷാദഭാവത്തിന് കാരണമെന്തെന്നറിയാതെ പിതാവും ഉത്കണ്ഠാകുലനായി,…
“എനിക്കിനി ചിത്രകല പഠിക്കേണ്ട പിതാവേ !”
“എന്ത് പറ്റി പുത്രി നിനക്ക്? ”
അവൾ മറുപടി പറഞ്ഞില്ല,. ധർമസങ്കടത്തിലായ ഹർഷൻ വനത്തിലേക്ക് തിരികെപ്പോയി,…
ആ നാളിലാണ് യുവരാജാവായ അഭിമന്യു അവളെ കാണുവാനായി എത്തുന്നത്,.. കണ്ടമാത്രയിൽ ആദ്യാനുരാഗം തോന്നിയ അഭിമന്യു,. അവളെ വിവാഹം കഴിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു,..
******
“എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല,. ” അളകനന്ദ പറഞ്ഞു,…
“പക്ഷേ,. ഹർഷൻ നിന്റെ പ്രണയം നിഷേധിച്ചതല്ലേ? പിന്നെന്തിനാണ് നീ അയാൾ മതിയെന്ന് വാശിപിടിക്കുന്നത് ! പിതാവറിഞ്ഞാൽ !”
“എനിക്ക് ഹർഷനെ ഒരിക്കൽ കൂടി കാണണം,. ജ്യേഷ്ഠത്തി !”
*********
“ഇതാരാണ് വന്നിരിക്കുന്നത് കുമാരിയോ? ഉപവിഷ്ടയായാലും !”
“ഞാൻ താങ്കളുടെ ആതിഥേയത്വം സ്വീകരിക്കാൻ വന്നതല്ല,. ”
അവളുടെ നിർദേശമനുസരിച്ച് ഭടൻമാരിൽ ഒരാൾ ഒരു പാരിജാതതൈ എടുത്ത് കൊണ്ട് വന്നു,..
“ഇത് താങ്കൾ എനിക്ക് സമ്മാനിച്ചതാണ്,. ഞാനിത് തിരിച്ചേൽപ്പിക്കാൻ വന്നതാണ് !”
“അതെന്ത് പറ്റി കുമാരി? ”
“താങ്കൾ പറഞ്ഞത് ശരിയാ,. ദുഃഖത്തിന്റെ വൃക്ഷമാണ് പാരിജാതം,. എങ്ങനെയാണോ പാരിജാത തന്റെ പ്രണയിയായ സൂര്യനിൽ നിന്നും അവഗണന ഏറ്റു വാങ്ങിയത്,. അതേ പോലെ ഞാനും !” അളകനന്ദ ഹർഷനെ നോക്കി,..
“ഒരിക്കൽ താങ്കൾ എന്റെ പ്രണയത്തെ അവഗണിച്ചതോർത്ത് ദുഃഖിക്കും,. അന്ന് എന്റെ കണ്ണീരെന്ന പോലെ ഈ വൃക്ഷം പൂവുകൾ പൊഴിക്കും !”
അളകനന്ദ ആ മരം അവിടെ നട്ടു,.. ഹർഷൻ നിശബ്ദനായി എല്ലാം നോക്കി നിന്നു,… അവൾ പോകാനായി തുനിഞ്ഞു,…
“ഒരു നിമിഷം കുമാരി !” ഹർഷൻ അവൾക്ക് മുന്നിലേക്ക് വന്നു,…
“നിന്റെ കണ്ണുകളിൽ തെളിയുന്ന എന്നോടുള്ള പ്രണയം സത്യമാണ് ,. അതെനിക്കറിയാം, എന്നാൽ അത് മാഞ്ഞുപോവാൻ അധികം സമയം എടുക്കില്ല !”
“ശരിയാണ് ഹർഷൻ,. എന്റെ വിവാഹമാണ് വരുന്നത്,. വരൻ കൃഷ്ണപുരിയിലെ യുവരാജാവ് അഭിമന്യു, താങ്കളും തീർച്ചയായും ചടങ്ങിൽ പങ്കെടുക്കണം !”
ഹർഷൻ ഒന്നും മിണ്ടാതെ പാരിജാതത്തിന് ചുവട്ടിൽ വെള്ളമൊഴിച്ചു,..
ഹർഷന്റെ തണുത്ത പ്രതികരണം,. അവളിൽ നിരാശയുണ്ടാക്കി,…
“ഇന്നേക്ക് മൂന്നാം നാൾ നിന്റെ വിവാഹം,. അന്ന് ഈ പാരിജാതമരം പൂവണിയും !”
അവൻ പറഞ്ഞു,… അവൾ അത്ഭുതത്തോടെ അവനെ നോക്കി
***********
ഇന്ന് അളകനന്ദയുടെ വിവാഹമാണ്, അഭിമന്യുവിനൊപ്പം,..
“ഹർഷനെ മറക്കാൻ നിനക്കാകുമോ അളകനന്ദ? ”
“അറിയില്ല ജ്യേഷ്ഠത്തി,.. ”
“കുമാരിക്കൊരു സന്ദേശമുണ്ട് !
അർപ്പിതയാണ് അവൾക്കത് കൊടുത്തത്,.. അളകനന്ദ അത് തുറന്നു നോക്കി,..
“എന്താണതിൽ? ”
“എന്നോടൊന്നും ചോദിക്കരുത് ജ്യേഷ്ഠത്തി,.. ഞാൻ പോകുന്നു !”
“എങ്ങോട്ടേക്ക്? ”
“ഹർഷന്റെ അരികിലേക്ക്,. അദ്ദേഹമെന്റെ സ്നേഹം തിരിച്ചറിഞ്ഞു ജ്യേഷ്ഠത്തി !”
“ഇന്ന് നിന്റെ വിവാഹമാണ് അളകനന്ദ,. ഈ നാട് ആവേശത്തോടെ കാത്തിരുന്ന ആഘോഷം,. അവരുടെ സന്തോഷം കെടുത്തി,. പിതാവിനെ വേദനയിലാഴ്ത്തി നീ പോകുകയാണെന്നോ? ”
“എനിക്കറിയാം ജ്യേഷ്ഠത്തി,. എല്ലാവർക്കും അപമാനമാണെന്ന്,. പക്ഷേ ഹർഷനില്ലാതെ അളകനന്ദക്കൊരു ജീവിതമില്ല,. എല്ലാവരുമെന്നോട് പൊറുക്കണം !”
താൻ പോകുമ്പോൾ പിതാവിനും അഭിമന്യുവിനും അത് അപമാനമാണെന്ന് അവൾക്കുറപ്പുണ്ടായിരുന്നു,. എന്നാൽ ഹർഷനോടുള്ള പ്രണയം അതിലുമാഴത്തിൽ അവളുടെ ഹൃദയത്തെ കീഴടക്കിയിരുന്നു,. തന്റെ പ്രണയത്തെ അവഗണിച്ചിട്ട് പോലും ഹർഷനെ തേടി പോകാൻ അവളെ പ്രേരിപ്പിച്ചത് ആ സന്ദേശത്തെക്കാളുപരി സിരകളിൽ ആഴ്ന്നിറങ്ങിയ പ്രണയമായിരുന്നു,.
*********
“നീ വരുമെന്നെനിക്കറിയാമായിരുന്നു,. ഞാൻ പറഞ്ഞത് പോലെ, കണ്ടില്ലേ പാരിജാതം മൊട്ടിട്ടിരിക്കുന്നു,.. ”
ഹർഷൻ പറഞ്ഞത് ശരിയാണ്,.. പാരിജാതം മൊട്ടിട്ടിരിക്കുന്നു,..
“ഇന്ന് നിന്റെ വിവാഹമായിരുന്നു അളകനന്ദ,.”
“ആയിരുന്നു,. ”
“യുവരാജൻ നിനക്കായി അവിടെ കാത്തു നിൽക്കും !”
“നിന്നോട്ടെ,.. ”
“ഞാൻ നിന്റെ പ്രണയം തള്ളിക്കളഞ്ഞവനാണ് !”
“അതേ !”
“എന്നിട്ടും നീയെന്നെ മറന്നില്ലേ? ”
“മറക്കാൻ കഴിയില്ല ഹർഷൻ !”
അവളവന്റെ നെഞ്ചിലേക്ക് ചേർന്നു,..
“ഇത് പാപമാണ് അളകനന്ദ,. ഞാൻ നിന്റെ ഗുരുവാണ്,… ”
“പ്രണയത്തിൽ നോക്കാനായി എന്താണുള്ളത് ഹർഷൻ,. ഞാനെന്ന് ചിത്രകല പഠനം നിർത്തിയോ അന്ന് നിങ്ങളെന്റെ ഗുരു അല്ലാതായി,. എന്റെ പ്രണയി മാത്രമായി !”
“എന്നെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ നീയെന്നെ വെറുക്കും അളകനന്ദ !”
“ഇല്ല ഹർഷൻ,. നീയെങ്ങനെയാണെങ്കിലും, നിന്നെ ഞാൻ സ്നേഹിച്ചത് എന്റെ ഹൃദയം കൊണ്ടാണ്,. നീയെനിക്ക് സ്വന്തമാകുന്ന നിമിഷം,. അതാണ് എന്നെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടത് !”
“അഭിമന്യു വെറുതെ വിടില്ല !”
“അതുമറിയാം,. എനിക്കെന്റെ പ്രണയത്തിൽ വിശ്വാസമുണ്ട് !”
ഹർഷനവളെ ചേർത്ത് പിടിച്ചു,..
“എപ്പോഴായിരിക്കും ഇതിൽ ആദ്യത്തെ പൂ വിരിയുക? ” അവന്റെ ചുമലിലേക്ക് അവൾ ഒന്ന് കൂടി ചാഞ്ഞിരുന്നു,..
“കാത്തിരിക്കാം അളകനന്ദ !”
ഇരുവരും കണ്ണിമ ചിമ്മാതെ പാരിജാത മരം നോക്കിയിരുന്നു,…
പൂ വിരിഞ്ഞില്ല,. പകരമെത്തിയത് കോപാകുലനായ അഭിമന്യുവും പടയാളികളും,..
“നീയെന്റെയൊപ്പം വരണം അളകനന്ദ !”
“ഞാൻ വരില്ല,. എനിക്ക് ഹർഷനൊപ്പം ജീവിച്ചാൽ മതി,… ”
“കൃഷ്ണപുരിയിലെ യുവരാജനെ വെടിഞ്ഞു ,. ഈ ചിത്രകാരനൊപ്പമോ? ”
“അതേ,. ഞാൻ പ്രണയിച്ചത് ഈ ചിത്രകാരനെയാണ് !”
“എങ്കിൽ ഇവൻ നമ്മോട് യുദ്ധം ചെയ്തു ജയിക്കട്ടെ,. പോരാടാതെ ഒന്നും വിട്ട് കൊടുത്ത ചരിത്രമില്ല ഈ അഭിമന്യുവിന്,… ”
“ഞാൻ തയ്യാർ !”
“അത് വേണ്ട ഹർഷൻ,.. ”
“ചായം പുരണ്ട കൈകളിൽ രക്തക്കറ പുരളേണ്ടതല്ല !”
“അപ്പോൾ കുമാരിക്ക് ആത്മവിശ്വാസം ഇല്ലേ? !”
“എനിക്കെന്റെ പ്രണയത്തിൽ വിശ്വാസമുണ്ട് !”
“എങ്കിൽ ആയിക്കോട്ടെ,.. ” അഭിമന്യു അവന് നേരെ വാള് നീട്ടി,…
ഹർഷൻ ഇരു കൈയും നീട്ടി വാൾ സ്വീകരിച്ചു,.. അഭിമന്യുവിന്റെ അസാധ്യമെയ് വഴക്കത്തിൽ,. ഹർഷനൊന്നു പാളിപ്പോയി,.. അളകനന്ദ വിശ്വാസം കൈ വെടിഞ്ഞില്ല,.. അവൻ തിരിച്ചു വന്നു,. അതും ശക്തമായി,.. പെട്ടന്നാണത് സംഭവിച്ചത്,.. ചോര തുപ്പിക്കൊണ്ട് ഹർഷൻ നിലത്തേക്ക് വീണു,..
“ഹർഷാ,…. ”
അളകനന്ദ ഉറക്കെ വിളിച്ചു,.. പാരിജാതം പൂക്കൾ പൊഴിച്ചു,.. അതിന് മുകളിൽ അവന്റെ രക്തത്തുള്ളികൾ പടർന്നൊഴുകി,…
*********
ബാലയെ ആകെ വിയർത്തു,.. ഇതിന്റെ ബാക്കി താളുകൾ മിസ്സിങ് ആണ്,.. എന്തോ എല്ലാത്തിനും അമ്മുവിന്റെ ലൈഫും ആയി ഒരു കണക്ഷൻ തോന്നുന്നു,. അന്ന് അഭിമന്യു ഹർഷനെ വധിച്ച് അളകനന്ദയെ തട്ടിയെടുത്തു,.. അതിന്റെ പ്രതികാരം തീർത്തതാവുമോ ഹർഷന്റെ പുനർജന്മമായ രോഹിത് ഈ ജന്മത്തിൽ?
പുറത്ത് എന്തൊക്കെയോ ശബ്ദം കേട്ട ബാല ഇറങ്ങി ചെന്നു…
“എന്താ സേതു അങ്കിൾ ഇവിടെ? ”
“മരം മുറിക്കാൻ ആള് വന്നതാണ് മോളേ,.. ”
“ഈ മരങ്ങളൊക്കെ എന്തിനാ മുറിക്കണത്? ”
“രവിയേട്ടന്റെ ഹെറിറ്റേജ് ഹോട്ടൽ ഇവിടെയാണ് പണിയുന്നത് !”
“ഹോട്ടലോ? ”
“ആ അതേ,.. ”
“എന്നിട്ട് അമ്മാവനൊന്നും പറഞ്ഞില്ലാലോ !”
“സേതുകുഞ്ഞേ,.. എന്നാ ഇത് മുറിക്കാലോ അല്ലേ? ”
“ആയിക്കോളൂ രാമേട്ടാ !”
പാരിജാതം അത് മുറിക്കാനാണ് സേതു അങ്കിൾ നിർദേശം കൊടുത്തത്,..
“ഒരു മിനിറ്റ് രാമേട്ടാ ! അതിന് ഹോട്ടൽ അപ്പുറത്തല്ലേ പണിയുന്നത്, അതിന് മുറ്റത്തെ പാരിജാതം മുറിക്കേണ്ട ആവശ്യമെന്താ !”
“അതിന് ഇത് പൂവിട്ടിട്ട് കൊല്ലങ്ങളായില്ലേ കുഞ്ഞേ,. വെറുതെ ഇവിടെ നിർത്തുന്നതെന്തിനാന്നാ സേതു കുഞ്ഞും രവി കുഞ്ഞും ചോദിക്കണത് !”
“ഷ്യൂലി അറിഞ്ഞാൽ !”
“അതല്ലേ ഷ്യൂലി മോള് ടൂർ പോയ സമയം നോക്കി മുറിക്കണത് !”
“വേണ്ട അങ്കിളേ ഇത് മുറിക്കണ്ട,. ”
“നിനക്കും പാരിജാതത്തിന്റെ വട്ട് തലയ്ക്കു പിടിച്ചോ ബാലേ,.. ഈയൊരു ഭ്രാന്ത് കാരണം എന്തൊക്കെയാ ഇവിടെ സംഭവിച്ചതെന്ന് മറന്നോ നീയ്? ” രവിവർമ അങ്ങോട്ടേക്ക് വന്നു,…
“എന്നാലും അമ്മാവാ,. ”
“എനിക്കും രവിയേട്ടന്റെ അതേ അഭിപ്രായമാണ് !” സേതുവും രവിവർമ്മയെ സപ്പോർട്ട് ചെയ്തു,..
അപ്പോഴാണ് ബാലയുടെ ഫോൺ ബെല്ലടിച്ചത് !
“ഫോണെടുക്ക് !”
“ഹലോ? ”
“ക്യാൻ ഐ ടോക്ക് ടു ശ്രീബാല കൃഷ്ണകുമാർ ,.. ”
“യെസ് !”
“മാഡം, താങ്കളുടെ മകൾ ഷ്യൂലി വർമ്മയ്ക്കൊരു ആക്‌സിഡന്റ് !!”
ശ്രീബാലയുടെ കൈകളിൽ നിന്നും ഫോൺ നിലത്തേക്ക് വീണു,…
“എന്താ ബാലേ? ”
ഭാമ ഓടി വന്നു,…
“അമ്മേ,. എന്റെ മോള് !”
“പറയാൻ? ”
“ഷ്യൂലിക്ക് ഒരു ആക്‌സിഡന്റ് !”
വാർത്ത കേട്ട എല്ലാവരും ഞെട്ടലിൽ അവളെ നോക്കി,…
*********
“എന്താ സംഭവിച്ചത്? എവിടെ എന്റെ മോൾ? ”
“രാവിലെ ട്രക്കിങ്ങിനു പോയ കുട്ടികൾക്കൊപ്പം മിസ്സ് ഷ്യൂലി വർമ്മയും ഉണ്ടായിരുന്നു,.. പക്ഷേ !”
ബാല അവളുടെ കൂട്ടുകാരെ നോക്കി,..
“പറയ് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നതല്ലേ, പിന്നെങ്ങനാ അവൾക്ക്? എന്നിട്ട് എന്റെ മോളെവിടെ? ”
“ഷ്യൂലി രാവിലെ തൊട്ട് മിസ്സിംഗ് ആണ് !”
ബാല ഞെട്ടലിൽ അവരെ നോക്കി,..
“മിസ്സിങ്ങോ? ആക്‌സിഡന്റ് എന്ന് പറഞ്ഞിട്ട്? ”
“ആന്റി അത് !” ഒരു കുട്ടി പറയാനായി ശ്രമിച്ചു,..
*********
“ഷ്യൂലി നീയവിടെ എന്തെടുക്കുവാ? വേഗം വാ മിസ്സ് കണ്ടാൽ വഴക്ക് പറയൂട്ടോ ! ”
“ഞാൻ വരുന്നു അങ്കിതാ !”
ഷ്യൂലി,. നിലത്ത് കിടന്ന പൂവെടുത്ത് മൂക്കിൻതുമ്പോട് ചേർത്തു,…
“ഇതെന്തെടുക്കുവാ നീയിവിടെ? ”
അങ്കിത അവൾക്കരികിലേക്ക് ഓടി ചെന്നു,..
“നോക്ക്,. ദിസ് ഈസ് കോൾഡ് പാരിജാതം,. നല്ല സ്‌മെല്ലാ ഇതിന്,.. നീ നോക്കി നോക്ക് !”
“അതവിടെ ഇട്ടിട്ട് വരുന്നുണ്ടോ ഷ്യൂലി,. എല്ലാവരും പോയി,.. ”
“നിക്ക്, ഞാനിതിന്റെ മരം എവിടെയാന്നൊന്ന് നോക്കട്ടെ,. വീട്ടിലുമുണ്ട് ഒരെണ്ണം,. ബട്ട് അത് ഇത് വരെ പൂത്ത് കണ്ടിട്ടില്ല !”
“ഷ്യൂലി പ്ലീസ് !” അവൾ അങ്കിതയുടെ വാക്കുകൾക്ക് വില കൊടുക്കാതെ പാരിജാതത്തിന്റെ സുഗന്ധം വരുന്ന വഴിയേ നടന്നു,..
“ഇതിന്റെ ഒരു തൈ കിട്ടുവോ എന്ന് നോക്കണം ! ദേ നോക്ക് അങ്കിതാ അപ്പുറെ പാരിജാത മരം,. എന്തോരും പൂക്കളാണെന്ന് നോക്കിക്കേ,.. ”
ഒരു തോടിനപ്പുറം പാരിജാതമരം !
“ഇറങ്ങല്ലേ ഷ്യൂലി നല്ല ഒഴുക്ക് കാണും !”
“വല്ല്യ ആഴമൊന്നും ഇല്ലന്നേ,. വീട്ടിൽ കുളമൊക്കെ ഉള്ളതാ,.. ഞാനതിൽ സ്വിമിങ് പഠിച്ചതാ,.. യൂ സ്റ്റേ ദെയർ ജസ്റ്റ് മിനിറ്റ് ഐ വിൽ കം !”
*******
“ഞാൻ പറഞ്ഞത് കേട്ടില്ല ആന്റി,. നല്ല ആഴമുണ്ടായിരുന്നു,.. ഇറങ്ങിയതും ഷ്യൂലി വീണു പോയി ,. ”
“അപ്പോഴേക്കും അങ്കിത ഒച്ച വെച്ച് ഞങ്ങളെ വിളിച്ചിരുന്നു,..,.. ഫോറെസ്റ്റ് ഗാർഡ്‌സ് അപ്പോൾ തന്നെ ഇറങ്ങി,. നല്ല ഒഴുക്കുള്ള സമയം ആയത് കൊണ്ട്,.. ”
ബാല പൊട്ടിക്കരഞ്ഞു,…
“എത്ര ഈസിയായിട്ടാ നിങ്ങളിത് പറയുന്നത്. ഞങ്ങൾ ഇറങ്ങി,. തിരഞ്ഞു,. നിങ്ങൾക്കവളെ കിട്ടിയില്ല,.. ഐ ഹാവ് ലോസ്റ്റ് മൈ ഡോട്ടർ !”
“പ്ലീസ് കൂൾ ഡൗൺ ശ്രീബാല,.. ”
“ഞങ്ങളും ഫോറെസ്റ്റ് ഡിപ്പാർട്മെന്റും തിരച്ചിൽ സജ്ജമാക്കിയിട്ടുണ്ട്,.. വീ വിൽ ഫൈൻഡ് ഹെർ,.. ”
“അതേ,. മാഡം വീട്ടിൽ പൊയ്ക്കോളൂ,.. ”
ഷ്യൂലി ഇല്ലാതെ താനെങ്ങനെ വീട്ടിലേക്ക് ചെല്ലും,.. എല്ലാവരും എതിർത്തിട്ടും ബാംഗ്ലൂർക്ക് ടൂർ പോകണമെന്ന അവളുടെ വാശിയെ സപ്പോർട്ട് ചെയ്തത് താനാണ്,. എന്ത് മറുപടി കൊടുക്കും ഞാൻ എല്ലാവർക്കും,.. അമ്മുവിന്, കണ്ണേട്ടന്,. ബാല മിഴികൾ തുടച്ചു,..
“മാഡം വണ്ടി എയർപോർട്ടിലേക്കോ അതോ? ”
“ഇവിടത്തെ വീട്ടിലേക്ക് പൊയ്ക്കോളൂ ധ്യാൻ ചന്ദ് !”
ശ്രീബാലയുടെ ഫോൺ ഒരിക്കൽ കൂടി റിംഗ് ചെയ്തു,. അൺനോൺ നമ്പർ ആണ്,. കർണാടക രെജിസ്ട്രേഷൻ,….
“ഹലോ !”
“ഈസ് ഇറ്റ് ശ്രീബാല? ”
“യെസ് !”
“ഐ ആം രോഹിത് !”
ബാല ഞെട്ടിപ്പോയി,.. രോഹിത്ത് അവൻ തിരിച്ചു വന്നിരിക്കുന്നു,….
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission