മുംബൈയിൽ പോയതിനു ശേഷമുള്ള ഓരോ ദിവസവും പിന്നെ മാധവിന് യുഗങ്ങൾ പോലെയാണ് തോന്നിയത്.. എല്ലാ ദിവസവും ഗായത്രിയെ വിളിച്ച് ഫോണിൽ സംസാരിക്കുമെങ്കിലും അവളെപ്പോഴും തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിരുന്നെങ്കിൽ എന്ന് അവനാശിച്ചു …ഇതിനിടയിൽ ചെറിയ ചെറിയ പിണക്കങ്ങളും കുസൃതികളുമായി ഇരുവരും പരസ്പരം വിട്ടുപോവാൻ പറ്റാത്ത രീതിയിൽ അടുത്തിരുന്നു.. തനിക്കൊരു ജീവിതമുണ്ടെങ്കിൽ തന്റെ പാതി അത് മാധവ് മാത്രമായിരിക്കുമെന്ന് ഗായത്രിയും ഉറപ്പിച്ചിരുന്നു.. അതിനി ഈ ജന്മത്തിലായാലും ഏത് ജന്മത്തിലായാലും..
രണ്ടാഴ്ചക്ക് ശേഷംമുംബൈയിൽ നിന്ന് നാട്ടിലെത്തിയിട്ടും മാധവിന് ഗായത്രി യെ കാണാൻ പറ്റിയില്ല. ലാസ്റ്റ് ഇയറിലെ ക്ലാസ്സെല്ലാം കഴിഞ്ഞ് പരീക്ഷക്കായി ലീവ് ആണിപ്പോൾ ഗായത്രിക്ക് .. എന്തായാലും നാട്ടിലെത്തിയിട്ട് പെണ്ണിനോട് എല്ലാം പറയാമെന്നാണ് കരുതിയത് .. അപ്പോഴാണ് ഈ പരീക്ഷ വന്നത് .
എന്തായാലും എക്സാം കഴിഞ്ഞിട്ട് എല്ലാം പറയാം.. എല്ലാം അറിഞ്ഞു കഴിയുമ്പോൾ ഗായു തന്നെ വിട്ടു പോവുമോ എന്നുള്ള ഒരു ഭയം അവന്റെ ഉള്ളിൽ ആർത്തു പെയ്തു. ഇനി എന്തൊക്കെ സംഭവിച്ചാലും മാധവിന്റെ ഹൃദയത്തിൽ എന്നും ഗായത്രി മാത്രമേ ഉണ്ടാവുള്ളു വേറൊരു പെണ്ണും ആ സ്ഥാനത്തേക്ക് വരില്ല കാരണം ആ സ്ഥാനത്തേക്ക് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ അവന് കഴിയുമായിരുന്നില്ല ..
സ്റ്റഡി ലീവ് കഴിഞ്ഞ് എക്സാം തുടങ്ങിയിട്ട് ഒരുമാസമായി.. ഓരോ എക്സമിനും ശേഷം പഠിക്കാൻ ഒരാഴ്ച ലീവുമുണ്ടായി.. പരീക്ഷ ആയതു കാരണം ഇപ്പൊ മാധവേട്ടനുമായി അധികം സംസാരമൊന്നുമില്ല.. അച്ഛനും അമ്മയും ജോലിക്ക് പോവുന്ന പകൽ സമയത്താണ് ഒന്ന് വിളിക്കാൻ പറ്റുക.. ആ സമയത്താണെങ്കിൽ പുള്ളി വല്ല ഷൂട്ടിംഗ് സെറ്റിലോ മറ്റുമായിരിക്കും.. പിന്നെ ഫ്രീ ആവുന്നത് രാത്രി മാത്രമാണ് .. എക്സാം ആയതു കാരണം രാത്രി അമ്മ ഫോൺ വാങ്ങിച്ചു വെക്കും പാതിരാത്രി വരെ ഫോണിൽ കുത്തി കളിച്ചിരുന്നു ഉറക്കം കളയണ്ടെന്നും പറഞ്ഞ്..
അപ്പൊ പറഞ്ഞു വരുമ്പോൾ ഇപ്പൊ മര്യാദക്ക് ഒന്ന് മിണ്ടിയിട്ട് തന്നെ ദിവസം കൊറേ ആയി എന്നാലും എന്നും സ്വപ്നത്തിൽ ഞാനെന്റെ മാധവേട്ടനെ കാണാറുണ്ട് ..
നാളത്തെ ലാസ്റ്റ് പരീക്ഷ കൂടി കഴിയുമ്പോൾ പിന്നെ ഫ്രീ ആണ്.. ഫുൾ ടൈം ഫോൺ കയ്യിലുണ്ടാവും പോരാത്തതിന് അടുത്ത ആഴ്ച കഴിഞ്ഞാൽ മാധവേട്ടൻ നാട്ടിൽ തന്നെ ഉണ്ടാവും എറണാകുളത്ത് നിന്ന് നാട്ടിലേക്കു എത്തുമെന്നാ പറഞ്ഞത്.. നാളെ ഒരൊറ്റ ദിവസം വരാനായി മാസം ഒന്നായി വെയിറ്റ് ചെയ്യുന്നു..
അവസാനത്തെ പരീക്ഷയും എഴുതി എല്ലാരോടും യാത്രയും പറഞ്ഞ് കോളേജിനകത്ത് നിൽക്കുമ്പോഴാണ് എന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്നും വന്ന ആൾ വിസിറ്റിംഗ് റൂമിൽ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് ജിജോ വന്നു പറഞ്ഞത്.
മാധവേട്ടൻ ആയിരിക്കുമോ…ഇനി വല്ല സർപ്രൈസ് താരനും മറ്റുമായി.. ഏയ് ചാൻസ് കുറവാ .. അങ്ങനെയെങ്കിൽ ജിജോ അത് പറയാതിരിക്കില്ല.. പിന്നെ ഇത്രയും റിസ്ക് എടുത്ത് പുള്ളി കോളേജിനകത്തോട്ടൊന്നും വരില്ല…
ഗൗരിയെയും കൂട്ടി വിസിറ്റിംഗ് റൂമിലോട്ട് ചെന്നപ്പോൾ കണ്ടത് ഷർട്ടും ജീൻസും ധരിച് ഫോണിൽ കുത്തിയിരിക്കുന്ന ഒരു പെൺകുട്ടിയെയാണ് ഒരു ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കും.. മേക്കപ്പ് ഉണ്ടെങ്കിലും ബോർ അല്ല.. കാണാനും കൊള്ളാം ആരായാലും നോക്കി പോവും..
ആരാഡീ ഇതെന്നുള്ള ഭാവത്തിൽ ഗൗരി എന്നെ ഒന്ന് പാളി നോക്കി.. അറിയില്ലെന്ന് ഞാൻ ഇരു ചുമലും പൊക്കി കാണിച്ചു അവളോട്..
പുറത്തെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ ഫോണിൽ നിന്ന് തലയുയർത്തി അവരെന്നെ നോക്കി…
പരിചിത ഭാവത്തോടെ എന്റെ അരികിലോട്ട് വന്നു… “ഹായ് ഗായത്രി കൃഷ്ണ.. അല്ലെ.. ”
“അതേ… ആരാ മനസിലായില്ല…?”
“ഗായത്രി എന്നെ ആദ്യമായിട്ടാണ് കാണുന്നത്. പക്ഷെ നമ്മൾ തമ്മിൽ അതിന് മുന്നേ പരിചയമുണ്ട്.. എന്റെ പേര് വീണ മഹാദേവൻ.. ”
എന്നിട്ടും മനസിലാവാതെ ഞാൻ വീണ്ടും അവരെ തന്നെ നോക്കി നിന്നു..
“ഒരിക്കൽ ഞാൻ ഗായത്രിയെ വിളിച്ച് ഒന്ന് ഭീഷണി പെടുത്തിയിരുന്നു.. മാധവിന്റെ കാര്യം പറഞ്ഞു കൊണ്ട് .. ”
അവരത് പറഞ്ഞതും ഗായത്രിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.. ശെരിയാണ് പെട്ടന്ന് അവരുടെ ശബ്ദം താനെവിടെയോ കേട്ടിട്ടുള്ളത് പോലെ തനിക്കു തോന്നിയിരുന്നു..
നമ്മുക്കിരുന്നു സംസാരിച്ചാലോ ഗായത്രി.. ഇങ്ങനെ നിന്ന് സംസാരിക്കുന്നത് ബോർ ആണ്.. വിസിറ്റിംഗ് റൂമിൽ തന്നെയുള്ള മേശക്ക് അഭിമുഖമായി ഗായത്രിയും വീണയും ഇരുന്നു..
” ആദ്യം തന്നെ അന്ന് അങ്ങനെയൊക്കെ സംസാരിച്ചതിന് ഐആം എക്സ്ട്രീമിലി സോറി… ചില സമയത്ത് എനിക്ക് ദേഷ്യം വന്നാൽ എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റില്ല.. അതാ അന്ന് ഞാനെങ്ങനെയൊക്കെ പറഞ്ഞത്.. ”
വീണ ഗായത്രിയുടെ കണ്ണിൽ നോക്കി ഇതൊക്കെ പറയുമ്പോഴും വീണയും മാധവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളതെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഗായത്രി… ഒന്നും പിടികിട്ടാതെ ഗൗരിയും അവൾടെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.
“മ്മ്.. ഗായത്രി ഒറ്റ മോൾ ആണല്ലേ… ഇതാരാ ഈ കൂടെയുള്ളത് കൂട്ടുകാരിയാണോ ..”
ഗൗരിയെ നോക്കിയാണ് ചോദിച്ചത് ആ അതെ ഗൗരി അവർക്ക് നേരെ കൈ നീട്ടി ഷേക്ക് ഹാൻഡ് കൊടുത്തു..
“എനിക്ക് ഒരേട്ടനും ചേച്ചിയുമുണ്ട് ഞങ്ങള് മൂന്നു മക്കളാണ്…ചേച്ചി എനിക്ക് സ്വന്തം അമ്മയെ പോലെയാ. ഏട്ടൻ ഇപ്പൊ കെടപ്പിലാണ്… കുറച്ച് മനുഷ്യ പറ്റില്ലാത്തവരുടെ കർമ്മം കാരണം… ”
ഞാനും ഗൗരിയും ഇതെല്ലാം കേട്ട് ഇവരിതൊക്കെയെന്തിനാ എന്നോട് പറയുന്നേ എന്നും നോക്കിയിരുപ്പാണ്..
“ചിലപ്പോ ഗായത്രി ആ മനുഷ്യന്മാരെയൊക്കെ അറിയാൻ പാടുണ്ടാവും.. കൈപ്പമംഗലം വീട്ടിലെ പ്രമാണി പ്രകാശനും അയാളുടെ മകൻ മാധവും… ”
അത് കേട്ടതും ഗായത്രിയും ഗൗരിയും ഒന്ന് ഞെട്ടി പരസ്പരം നോക്കി..
അത്രയും നേരം ശാന്തമായി സംസാരിച്ചു കൊണ്ടിരുന്ന വീണയുടെ മുഖം പെട്ടന്ന് വലിഞ്ഞു മുറുകി കണ്ണുകളിൽ ആരോടൊക്കെയോ ഉള്ള പ്രതികാരം കത്തി എരിയുന്നുണ്ടായിരുന്നു.. ഗായത്രി അത് കാണുന്നുണ്ടായിരുന്നു.
” മാധവേട്ടൻ നിങ്ങളോട് എന്ത് ചെയ്തെന്നാ പറയുന്നേ… നിങ്ങള് തമ്മിൽ എന്ത് ബന്ധം.. ?”
” മാധവേട്ടൻ…നീയറിയുന്നതിന് മുന്നേ എനിക്കവനെ അറിയാം. ഞാനും എന്റെ കുടുംബവും അറിയുന്നതുപോലെ വേറെയാർക്കും അവനെ അറിഞ്ഞുകൂടാ.. ചെന്നായയുടെ സ്വഭാവമുള്ള വൃത്തികെട്ടവൻ. നിന്നെ പോലെയൊരു പഞ്ചപാവം പെണ്ണിനേം കൂടി ഇനിയവന് ചതിക്കാനുള്ളു…എന്തായാലും എന്റെ ചേച്ചിയോട് ചെയ്തതു പോലെ ഇനി ഒരു പെണ്ണിനോടും അവൻ ചെയ്യരുത്.
അതിനവനെ ബാക്കി വെക്കില്ല ഈ വീണ.അതാ അന്ന് രാത്രി പെട്ടന്ന് ദേഷ്യം വന്നപ്പോൾ ഞാൻ നിന്നെ വിളിച് അങ്ങനെയൊക്കെ പറഞ്ഞത്..
അവന്റെം കുടുംബത്തിന്റേം നാശം കാണാതെ അടങ്ങില്ല ഞാൻ.. ആ കൂട്ടത്തിൽ അറിയാതെ ആയാൽ പോലും നിന്നെ പോലെ ഒന്നുമറിയാത്തവൾ വന്നു പെട്ടുപോവരുതെന്ന് കരുതിയിട്ടാണ് ഞാനിതെല്ലാം നേരിട്ട് വന്നു പറയുന്നത്..
എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടുകൊണ്ട് പറയുകയാണ് ഗായത്രി.. ഒരിക്കലും മാധവിനെ പോലെയൊരു വൃത്തികെട്ടവന്റെ വലയിൽ വീണ് നശിപ്പിക്കരുത് നീ നിന്റെ ജീവിതം.. അവന് എല്ലാ പെൺപിളേരും കളിപ്പാട്ടങ്ങളാണ് അവന്റെ ഇഷ്ട്ടതീരുവോളം ഉപയോഗിക്കുന്ന വെറും വിലയില്ലാത്ത ജീവിതങ്ങൾ.. ”
വീണ ഇത്രയും പറഞ്ഞു നിർത്തുമ്പോഴേക്കും ഗായത്രിയുടെ കൈകൾ വീണക്ക് നേരെ പൊന്തിയിരുന്നു..
” നിർത്തുന്നുണ്ടോ.. കുറച്ചു നേരമായല്ലോ നിങ്ങള് വലിച്ചെറിഞ്ഞെന്നും, നശിപ്പിച്ചെന്നുമൊക്കെ പറയുന്നത്… ആര് ആരെ നശിപ്പിച്ചുന്ന്.. മാധവേട്ടനെ എനിക്കറിയാം.. ഒരിക്കലും അറിഞ്ഞു കൊണ്ട് മാധവേട്ടൻ ആരെയും ഉപദ്രവിക്കില്ല.. നിന്നെ പോലെയുള്ള ഒരുത്തിക്ക് പെട്ടന്ന് വന്നു ഇങ്ങനെയൊക്കെ പറഞ്ഞാൽ അവസാനിക്കുന്നതല്ല എനിക്ക് ആ മനുഷ്യനോടുള്ള വിശ്വാസം.. ഇനിമേലിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് എന്നെ വിളിക്കാനോ കാണാനോ വന്നാൽ എന്റെ വേറൊരു മുഖമായിരിക്കും നീ കാണാനിരിക്കുന്നത്.. ”
വീണയോട് അതും പറഞ്ഞ് തിരിഞ്ഞു നടക്കാനിറങ്ങിയ ഗായത്രിയെ നോക്കി പുച്ഛിച്ചു ഒരു ചിരി ചിരിച്ച് വീണ അവിടെ തന്നെയിരുന്നു…
” എല്ലാ സത്യവും അറിയുന്ന ഒരു ദിവസം ഇതേ നാവ് കൊണ്ട് തന്നെ നീ പറയും അവനെ പോലെ ഒരു വൃത്തികെട്ടവനെ സ്നേഹിച്ച നീ വെറും വിഡ്ഢിയാണെന്ന് ഗായത്രി.. ആ ഒരു ദിവസം വരാൻ അധിക സമയമൊന്നും വേണ്ടവരില്ല..
എന്തായാലും പറഞ്ഞുതന്നിട്ടും മനസിലായില്ലെങ്കിൽ ഇനി തെളിവുകളോടുകൂടി തന്നെ നിന്നെ കാണാൻ ഞാൻ വരാം. അന്ന് ഇതുപോലെ തന്നെ ഗായത്രികൃഷ്ണ എന്റെ മുന്നിൽ നിൽക്കണം തന്റെ പ്രാണനായകന്റെ വീരത്വം പറഞ്ഞുകൊണ്ട്.. ”
തിരിഞ്ഞു നടക്കുമ്പോഴെല്ലാം വീണ പറയുന്നതെല്ലാം ഗായത്രിയുടെ ചെവിയിൽ കൂരമ്പു പോലെ വന്നു തറഞ്ഞു നിന്നു.. ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്റൂമിന്റെ അകത്തു കേറി അത്രയും നേരം പിടിച്ച് വെച്ചിരുന്ന തന്റെ പേടിയെല്ലാം ഗൗരിയുടെ നെഞ്ചിൽ വീണ് കിടന്ന് കരഞ്ഞുകൊണ്ട് അവള് തീർത്തു..
” എന്റെ ഗായു പെണ്ണെ ഇത്രേ ഒള്ളു എന്റെ കൊച്ച്.. ഏതോ ഒരു ഭ്രാന്തി വന്ന് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞെന്നു കരുതി അതൊക്കെ കേട്ട് കരയുന്നോ… അവളോട് പോവാൻ പറ പുല്ല്… എടി മാധവ് സാർ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ് പുള്ളിയോട് കടുത്ത ആരാധനയുള്ള ഏതോ പെണ്ണാണത്.. നീയും പുള്ളിയുമായുള്ള റിലേഷൻ അറിഞ്ഞപ്പോൾ അതൊന്നു പൊളിച്ചടുക്കാൻ ഏതോ സിനിമയിലെ കൊറേ ഡയലോഗ് കാണാതെ പഠിച്ച് വന്നിരിക്കുകയാണ് ഓരോരോ മാരണങ്ങൾ… അത് കേട്ട് കരയാനായി എന്റെയി പൊട്ടി പെണ്ണും.. ”
ഗൗരി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഗായത്രി തന്റെ കരച്ചിലൊക്കെ നിർത്തി..
മുഖമെല്ലാം കഴുകി ഗൗരിയോട് യാത്രയും പറഞ്ഞ് ബസ്സിൽ കേറുമ്പോഴെല്ലാം വീണ യുടെ ഓരോ വാക്കും ഗായത്രിയെ കൂടുതൽ കൂടുതൽ അസ്വസ്ഥയാക്കി.. വീണക്ക് എങ്ങനെ അറിയാം താനും മാധവുമായുള്ള ബന്ധം… ?അവളുടെ ഓരോ വാക്കും ഒരു സാധാരണ ആരാധികയിൽ നിന്ന് വന്നതല്ല.. അത് പകയുള്ള ഒരു പെണ്ണിന്റെ വായിൽ നിന്ന് തന്നെ വന്നതാണ്…
***********************
വീടിനുപുറത്ത് വണ്ടിയുടെ ഒച്ച കേട്ടപ്പോൾ ആരാണെന്നു ചെന്ന് നോക്കിയതാണ് മഹാദേവൻ …
പ്രായം അറുപത്തിയഞ്ചോളം അടുത്തിരിക്കുന്ന മനുഷ്യൻ മുടിയെല്ലാം പാതിയോളം നരച്ചിരിക്കുന്നു .. കൈക്ക് താങ്ങായി ഒരു വടിയുണ്ട്.. മുണ്ടും മേല്മുണ്ടുമാണ് വേഷം.. ഇടതു കണ്ണിനു മേലെ വെട്ടേറ്റു കിടക്കുന്ന ഒരുപാടും
വണ്ടിയിൽ നിന്നിറങ്ങുന്ന വീണയെ കണ്ടപാടെ അയാൾ വടിയും കുത്തിപിടിച്ച് വീണക്കരികിലേക്ക് ചെന്നു..
” ആ മോള് വന്നോ ?എന്തായി പോയ കാര്യം..”
” ഞാൻ കണ്ടു അച്ഛാ ആ പെൺകുട്ടിയെ.. ഞാൻ പറഞ്ഞതൊന്നും അവള് വിശ്വസിച്ചിട്ടില്ല.. എങ്കിലും അവൾടെ മനസ്സിൽ അവനെതിരെ സംശയത്തിന്റെ ഒരു വിത്ത് പാകാൻ എനിക്ക് പറ്റിയിട്ടുണ്ട്.. തെളിവുകൾ നിരത്തിയിട്ടും അവള് വിശ്വസിക്കുന്നില്ലെങ്കിൽ.. ഇവടെ അവന്റെ ക്രൂരതക്ക് ഇരയായ കുറച്ച് ജീവിക്കുന്ന മനുഷ്യരുണ്ടല്ലോ.. അവരെ തന്നെ അങ്ങ് കാണിച്ചു കൊടുക്കാം.. എന്നിട്ടും വിശ്വസിച്ചില്ലെങ്കിൽ അവന്റെ വിധവയായി ജീവിക്കേണ്ടി വരുമെന്നുള്ളത് അവൾടെ യോഗമായി കാണാം അച്ഛാ നമുക്ക് . ”
” മ്മ് വിടരുത് മോളെ ആ നായയെ.. അവനെ മാത്രമല്ല.. അവന്റെ ജീവന്റെ ജീവനായ അവന്റെ അനിയത്തിയില്ലേ അവളേം. അവനറിയണം നമ്മുടെ വിദ്യയോട് അവൻ ചെയ്തതു പോലെ അവന്റെ പെങ്ങൾക്കും സംഭവിക്കുമ്പോഴുള്ള വേദന.. ഒറ്റയടിക്ക് കൊല്ലരുത് ഇഞ്ചിഞ്ചായി കൊല്ലണം.. എന്റെ ഈ ഇടതു കണ്ണിന്റെ കാഴ്ചയും വെട്ടി പറിച്ച്. നമ്മളെ കുടുംബത്തിന്റെ സന്തോഷം മൊത്തം നശിപ്പിച്ച് ഈ കുടുംബത്തെ മുഴുവൻ ഇരുട്ടിലാക്കിയവനാണവൻ. ”
മഹാദേവൻ ഇതെല്ലാം പറയുമ്പോൾ വീണയുടെ മുഖം പ്രതികാരത്താൽ കത്തുകയായിരുന്നു.. പെട്ടന്ന് എന്തോ ആലോചിച്ച് അവള് അയാൾക്കുനേരെ തിരിഞ്ഞു..
” മ്മ്..വിദ്യയേച്ചി എന്തെങ്കിലും കഴിച്ചോ അച്ഛാ.. ?”
” ഇല്ല മോളെ.. നിനക്കറിഞ്ഞുകൂടേ.. നിന്നെയല്ലാതെ വേറെ ആരെയും അവളടുത്തേക്ക് ചെല്ലാൻ സമ്മതിക്കില്ലെന്ന്..”
“മ്മ്.. ഞാൻ പോയി നോക്കിയിട്ട് വരാം അച്ഛാ..
അച്ഛൻ വരുന്നുണ്ടോ വിദ്യയേച്ചിടെ അടുത്തൊട്ട്… ”
“ഇല്ല മോളെ നീ ചെല്ല്..എനിക്ക് വയ്യ എന്റെ കുട്ടിയെ ആ കോലത്തിൽ കാണാൻ.. അതു പറയുമ്പോഴേക്കും അയാളുടെ മുഖത്ത് സങ്കടം വരുന്നതുപോലെ അയാൾ തല കുമ്പിട്ടു നിന്നു
പിന്നീട് നടന്നു പോകുന്ന വീണയെ നോക്കി മഹാദേവൻ വശ്യമായൊന്ന് ചിരിച്ചു തന്റെ ഇടതു കണ്ണിൽ തടവികൊണ്ട്.. “അവളെ ഞാൻ വിശദമായി പിന്നെ കണ്ടോളാം” എന്ന് പതുക്കെ പറഞ്ഞു കൊണ്ട് കാമം വിരിയുന്ന കഴുകന്റെ കണ്ണുകളുമായി കയില്ലെ വടി വായുവിൽ വീശികൊണ്ട് അയാൾ തിരിഞ്ഞു നടന്നു..
കരഞ്ഞു കലങ്ങിയ മുഖവുമായി വീട്ടിലേക്ക് കേറി ചെന്നപ്പോൾ തന്നെ അമ്മ പിടിച്ചു..
എന്തുപറ്റി കുഞ്ഞോളെ മുഖോക്കെ ആകെ വല്ലാതിരിക്കന്നു..
ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ കിടന്നപ്പോഴേക്കും കണ്ണെല്ലാം നിറഞ്ഞൊഴുകുകയായിരുന്നു. എന്തിനെന്നറിയാതെ….
ഇഷ്ട്ടപെട്ട ആരോ തന്നെ വിട്ടുപോവാൻ പോവുന്നത് പോലെ തോന്നുന്നു.. കോളേജിലെ അവസാന ദിവസം കൂട്ടുകാരെയെല്ലാം പിരിഞ്ഞു പോന്നതിന്റെ സങ്കടമാണെന്ന് കരുതി അമ്മയെന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.. അമ്മേടെ മടിയിൽ കിടന്നപ്പോൾ എല്ലാ സങ്കടവും എങ്ങോട്ടോ പറന്നുപോയതുപോലെ ആയിരുന്നു.. അതുവരെ കലങ്ങി മറിഞ്ഞു കിടന്നിരുന്ന മനസ്സ് ഇപ്പൊ ശാന്തമാണ്.
വീട്ടിലെത്തി മാധവേട്ടനെ വിളിച്ച് ഇന്നുണ്ടായ കാര്യങ്ങളെല്ലാം പറയണമെന്ന് ഗൗരി പ്രത്യേകം പറഞ്ഞിരുന്നു.
കുളി കഴിഞ്ഞ് നേരെ പോയി ഫോണെടുത്ത് മാധവേട്ടനെ വിളിച്ചു ബിസി ആണ്.. തിരിച്ചു വിളിക്കുമെന്ന് കരുതി, പക്ഷെ വിളിച്ചില്ല.. രാത്രി ആയിട്ടും വിളിക്കാത്തതു കണ്ടപ്പോൾ വീണ്ടും വിളിക്കാനായി ഫോൺ കയ്യിലെടുത്തപ്പോഴാണ് ആരോ വീട്ടിലേക്ക് ഓടി കയറി വന്നത്…
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission