എന്റെ ദൈവമേ ഇതെപ്പോ ഇതിന്റെ അകത്തു കേറി …
“ആരോട് ചോദിച്ചിട്ടാ എന്റെ മുറിയിൽ കേറിയത്.. ഞാനിപ്പോ വിളിച്ചു കൂവും .. വേഗം പൊയ്ക്കോ മാധവേട്ടാ… ”
” നീ ഒറ്റക്ക് വിളിച്ചു കൂവണ്ട.. ഒരു കമ്പനിക്ക് ഞാനും കൂടാം.. അതാവുമ്പോ കാര്യങ്ങളെല്ലാം പെട്ടന്ന് സെറ്റവും. ”
മാധവ് അത് പറഞ്ഞതും എന്തെന്നുള്ള ഭാവത്തിൽ ഗായു അവനെ നോക്കി..
“എന്ത് കാര്യം.. ?”
” അല്ല നമ്മടെ കല്യാണക്കാര്യം… നീ ഒച്ചവെക്കുമ്പോൾ നാട്ടുകാരെല്ലാം ഓടിക്കൂടും.. ഇല്ലെങ്കി നിന്റെ മുത്തച്ഛൻ വിളിച്ച് കൂട്ടും.. ഈ അസമയത്ത് പുരനിറഞ്ഞു നിൽക്കണം പെണ്ണിനേം അവിവാഹിതനായ സുന്ദരനായ ഒരു ചെറുപ്പക്കാരനേം ഒരുമിച്ച് ഒരു മുറിയിൽ കണ്ടാൽ പിന്നെ ബാക്കി കാര്യമെല്ലാം നാട്ടുകാരായിക്കൊള്ളും.. പിന്നെ നീ വിളിച്ചിട്ടാണ്.. ഞാൻ വന്നതെന്ന് കൂടി പറഞ്ഞാൽ. രണ്ടെണ്ണം കിട്ടിയാലും…. കെട്ട് ഇന്നോ നാളെയോ ആയി നടത്തി തരും.. ”
” ദേ മനുഷ്യാ…മാധവേട്ടാ എന്ന് വിളിച്ച വായ കൊണ്ട് വേറൊന്നും വിളിപ്പിക്കല്ലേ.. പുരനിറഞ്ഞു നിൽക്കുന്നത് തന്റെ കെട്ട്യോള്… ”
ഗായത്രി കണ്ണുരണ്ടും ഉരുട്ടി നോക്കി അത് പറഞ്ഞതും മാധവ് വേറെവിടെയോ നോക്കി പറഞ്ഞു
“അത് തന്നെയല്ലേ.. ഞാനും പറഞ്ഞേ…
എന്റെ പെണ്ണ് ഏട്ടന് കുടിക്കാൻ ഒരു ഗ്ലാസ് പാലെടുത്ത് കൊണ്ടുവാ… നല്ല ദാഹം..”
” പാലോ അതിപ്പോ എന്തിനാ.. ?”
” അല്ലാ ഇന്ന് നമ്മളോരുമിച്ചുള്ള ആദ്യത്തെ രാത്രി അല്ലേ.. “!!
” ദേ മാധവേട്ടാ.. വേഗം എഴുന്നേറ്റു പോയെ.. അച്ഛനും അമ്മേം അമ്പലത്തിന്ന് എപ്പോഴാ വരാന്നു അറിയില്ല..”
“എന്റെ പെണ്ണേ നീയിങ്ങനെ പേടിക്കല്ലേ . നിന്നോടെനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. അത് ചോദിച്ച് അതിന് കൃത്യമായ ഒരു മറുപടി കിട്ടിയാൽ ഞാൻ പൊക്കോളാം… “”
മാധവ് ഗായത്രിയെ നോക്കി കൊണ്ട് പറഞ്ഞു..
“എന്താന്ന് വെച്ചാൽ ചോദിച്ച് തുലക്ക് വേഗം … ”
പാത്തും പതുങ്ങിയുമുള്ള ഗായു വിന്റെ സംസാരം കാണുമ്പോൾ തന്നെ മാധവിന് ചിരിയാണ് വന്നത്..
” വേറൊന്നുമല്ല… എടി കുറച്ച് നാളും കൂടി കഴിയുമ്പോൾ ലയ യെ കെട്ടിച്ചു വിടും.. അപ്പൊ വീട്ടിൽ അമ്മയും അച്ഛനും ഒറ്റക്കാവും… പിന്നെ എനിക്കാണെങ്കിൽ ഈ പുറത്തോട്ടൊക്കെ ഷൂട്ടിങ്ങിനൊക്കെ ഒറ്റക്ക് പോവാൻ ഇപ്പൊ ഭയങ്കര മടിയാ.. അപ്പൊ ഒരു പെണ്ണുകെട്ടിയാലോന്ന് ഒരു ചിന്ത..
എന്താണാവോ കല്യാണം ന്ന് പറയുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് നിന്റെ മുഖം ആണ്..
ആദ്യമൊക്കെ തോന്നി ചുമ്മാ തോന്നുന്നതാവുമെന്ന്.. പിന്നെ പിന്നെ നീ എന്നെ കാണുമ്പോൾ മൈൻഡ് ചെയ്യാതെ പോവുമ്പോഴൊക്കെ എനിക്ക് ഭയങ്കര ദേഷ്യം വരും.. പിന്നെ അന്ന് നീ ആ വണ്ടിയുമായി വന്ന് എന്റെ കാറിൽ ഇടിച്ചില്ലേ.. അത് മനഃപൂർവം സംഭവിച്ചതാ പെട്ടന്ന് നിന്റെ പിന്നിൽ വേറൊരുത്തനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്ന് പറ്റിപോയതാ അന്ന് അങ്ങനെ..
ഇത്രയും കാലം ഇത് മനസ്സിൽ കൊണ്ട് നടന്നു ഇനി പറഞ്ഞില്ലെങ്കിൽ നിന്നെ വേറെ വല്ല അവന്മാരും കെട്ടി കൊണ്ട് പോവുന്നത് ഞാൻ നോക്കി നിൽക്കേണ്ടി വരും..
അതുകൊണ്ട് മുഖവരയില്ലാതെ കാര്യത്തിലേക്ക് കടക്കാം..
വിൽ യു മാരി മി… ഗായത്രികൃഷ്ണ..
അത്രയും നേരം ഇരുന്നിരുന്ന മാധവേട്ടൻ പെട്ടെന്നെഴുനേറ്റ് എന്റെ മുന്നിൽ മുട്ട്കുത്തിനിന്ന് കയ്യിൽ നിറയെ ആമ്പൽ പൂവുമായി നിൽക്കുന്നത് കണ്ടപ്പോൾ.. ഏതോ സിനിമയിൽ നായിക പറഞ്ഞപോലെ
അടിവയറ്റിൽ മഞ്ഞ് വീഴുന്ന ഒരു സുഖം തോന്നി
ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നപ്പോഴും കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു സങ്കടം കൊണ്ടല്ല.. മറിച്ച് സന്തോഷം കൊണ്ട്.. എപ്പോഴൊക്കെയോ താനും ആഗ്രഹിച്ചിരുന്നു ഇതുപോലെ മാധവേട്ടൻ തന്നോട് പറയുവാനായി…
” എടി പെണ്ണെ ആലോചിച്ചു നിൽക്കാതെ എന്തെങ്കിലും ഒന്ന് പറ… ഇന്ന് മൊത്തം ഇങ്ങനെ നിൽക്കാനാണ് പ്ലാനെങ്കിൽ നേരത്തെ പറയണം. എനിക്കൊന്നു എഴുന്നേറ്റ് നിൽക്കാനാണ്.. ”
” അത്… മാധവേട്ടാ… നമ്മള് തമ്മില് ഒട്ടും മാച്ച് അല്ല.. മാധവേട്ടൻ നല്ല വെളുത്ത് കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട്..
പക്ഷെ ഞാനോ ഇരു കളറും.. പഴഞ്ചൻ കോലവും ഇത് ശെരിയാവൂല്ല.. “!
” ദേ ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ… മനുഷ്യൻ എത്ര കഷ്ട്ടപെട്ടാണെന്നറിയോ പാതിരാത്രി ഈ ആമ്പലും പറിച്ച് ഇല്ലാത്ത ധൈര്യവുമുണ്ടാക്കി നിന്റെ മുന്നിൽ ഈ വന്ന് നിക്കണേ .. എന്റെ ഗായു നീ ഈ പറയുന്ന ഈ ബാഹ്യസൗന്ദര്യംഉണ്ടല്ലോ…ഒരാപകടമോ പൊള്ളല്ലോ ഏറ്റാൽ അവിടെ തീരുമാനമാവുന്ന ഒന്നാണ്. എന്തായാലും ആ സൗന്ദര്യം കണ്ടല്ല ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.. എന്തൊക്കെ സംഭവിച്ചാലും ജീവിതാവസാനം വരെ കൂടെ നിൽക്കണം എന്റെ പാതിയായി.. എടി പെണ്ണെ എന്റെ മരണം വരെ നിന്റെ ഈ സിന്ദൂര രേഖ എന്റെ പേരിൽ തന്നെ ചുവന്നിരിക്കനാടി ഞാൻ ആഗ്രഹിക്കുന്നെ.. ”
ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന ഗായത്രിയെ കണ്ടപ്പോൾ മാധവ് പിന്നെ ഒന്നും പറഞ്ഞില്ല..
” സോറി ഗായു നിനക്കൊരിക്കലും എന്നെ അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വേണ്ടാ… സ്നേഹമെന്ന് പറയുന്നത് ഒരിക്കലും വാശി പിടിച്ചു തട്ടിപ്പറിച്ചു വാങ്ങാൻ പറ്റില്ലല്ലോ… ”
തിരിഞ്ഞു നടന്ന മാധവിന്റെ കയ്യിൽ ഗായത്രി കയറി പിടിച്ചത് പെട്ടന്നായിരുന്നു ..
” കഷ്ടപ്പെട്ട് ഈ പാതിരാത്രി ആമ്പൽ പൂവും പറിച്ച് വന്നതല്ലേ.. അപ്പൊ അങ്ങനെയങ്ങ് പോയാലോ.. ആ പൂ എനിക്ക് തന്നിട്ട് പൊക്കോ മാധവേട്ടാ… ”
” ആ അതിനി ഞാൻ വേറെ വല്ല പെൺപിള്ളേർക്കും കൊടുത്തോളാം… ”
” ഓ മുട്ടീം തട്ടീം ഫോട്ടോ എടുക്കാനൊക്കെ കൊറേ എണ്ണം കാണൂല്ലോ പിന്നാലെ ഹ് മ്മ്..
അതിലേതെങ്കിലും ഒന്നിനായിരിക്കും കൊടുക്കാൻ പോവുന്നത്.. ”
” ഞാൻ മുട്ടീം തട്ടീം ഫോട്ടോ എടുത്താൽ നിനക്കെന്താ…നിനക്കെന്നെ ഇഷ്ട്ടമല്ലല്ലോ..?”
“ഇഷ്ടമല്ലാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ…!
“ഇഷ്ടമാണെന്നും പറഞ്ഞില്ല.. ” മാധവ് അവളുടെ കണ്ണുകളിൽ നോക്കി അത് പറഞ്ഞപ്പോൾ ഒരു കള്ള ചിരിയോടെ മാധവിന്റെ കയ്യിലെ ആമ്പൽ പൂക്കൾ വാങ്ങി കൊണ്ട് അവന്റെ ചെവിയോരം ചേർന്ന് ഗായു ഇങ്ങനെ പറഞ്ഞു..
“അതേ ഇനി ഏതെങ്കിലും ആരാധികമാർ സെൽഫിയൊ ഫോട്ടോയോ മറ്റും എടുക്കാൻ വരുമ്പോ അധികം ടച്ച് ചെയ്യാതെ ഫോട്ടോ എടുത്താ മതി… ആരെങ്കിലും ചോദിച്ചാൽ തട്ടാനും മുട്ടാനുമൊക്കെ വീട്ടിൽ ആളുണ്ടെന്ന് പറഞ്ഞേക്ക്… ”
“അതാരാണാവോ… ?????” മാധവിന്റെ അറിയാത്ത പോലുള്ള ഭാവവും നിൽപ്പും കണ്ടപ്പോൾ ഗായത്രിക്ക് കലിയാണ് വന്നത്..
” ദേ മാധവേട്ടാ… എന്റെ വായിൽ നിന്ന് അത് കേട്ടിട്ടേ പോവുള്ളു ന്നുണ്ടെങ്കി… നോക്കിയിരുന്നോ.. ഞാൻ പറയില്ല.. ”
പെട്ടന്ന് മാധവ് ഗായത്രിയെ അവനരികിലേക്ക് ചേർത്തുപിടിച്ച് അവൾടെ കണ്ണിലേക്കു നോക്കി നിൽക്കുമ്പോഴാണ്. പുറത്ത് വാതിലിൽ ആരോ മുട്ടിയത്…
” ദൈവമേ അച്ഛനും അമ്മയും വന്നു.. ഇനിപ്പോ എന്ത് ചെയ്യും.. ഞാനപ്പോഴേ പറഞ്ഞതല്ലേ മാധവേട്ടനോട് പോവാൻ.. ഐയ്യോ എന്റെ ദേവി കാത്തോളണേ.. ”
“എടി പെണ്ണെ നീയിങ്ങനെ ഒച്ച വെക്കല്ലേ… നിന്റെ ഈ പാറപ്പുറത്ത് കല്ലിട്ട് ഒരക്കണ സൗണ്ട് കേട്ടാ അവരിപ്പൊത്തന്നെ ഇങ്ങ് വരും..
നീ വേഗം ചെന്ന് ആ ലൈറ്റ് ഓഫ് ചെയ്യ്.. ”
“അയ്യെടാ ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി… കല്യാണം കഴിയാതെ അമ്മാതിരി ഒരു പരിപാടിക്കും എന്നെ കിട്ടില്ല.. ”
” ഓ.. ഇവളെ ഞാൻ… എടി റൂമിൽ ലൈറ്റ് കാണാതിരിക്കുമ്പോൾ അവര് വിചാരിച്ചോളും നീ കിടന്നുറങ്ങിയെന്ന്…പിന്നെ ഇങ്ങോട്ട് വരവ് ഉണ്ടാവുല്ലല്ലോ…
കുറച്ച് കഴിഞ്ഞ് എല്ലാരും ഉറങ്ങുമ്പോൾ ഞാനും പൊക്കോളാം… ”
ആ പറഞ്ഞത് ശെരിയാണ് അച്ഛനും അമ്മയും മുകളിലോട്ടു കേറി വരുന്നതിനു മുന്നേ ഗായത്രി മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു..
മുറിയിലെ കട്ടിലിന്റെ രണ്ടറ്റത്തായി മാധവും ഗായത്രിയും സ്ഥാനം പിടിച്ചു..
അൽപനേരം കഴിഞ്ഞപ്പോൾ ആരോ മുകളിലോട്ടു കേറി വരുന്ന ശബ്ദം കേട്ടു… വാതിലിനടുത്തെത്തിയ ആൾ കുറച്ച് കഴിഞ്ഞപ്പോൾ തിരികെ പോയി..
പുറത്തെ സംസാരം വാതിലിന്റെ അരികിൽ ചെവി ചേർത്ത് ഗായത്രി കേട്ടു
“മോളൂറങ്ങിയോ രേണു.. ??”
” ആ ഉറങ്ങിന്ന് തോന്നണു ചന്ദ്രേട്ടാ.. ആൾടെ അനക്കം ഒന്നുമില്ല… മുറിയിലാണെങ്കിൽ വെളിച്ചം ഇല്ല.. അസൈൻമെന്റ് എഴുതാനെന്നും പറഞ്ഞ് ഓടി പോന്നപ്പോഴേ ഞാൻ കരുതിയതാ.. ഇവിടെ വന്ന് കിടന്നുറങ്ങാനാവുംന്ന്.. ”
അപ്പുറത്ത് നിന്ന് അച്ഛന്റെ ചിരി മാത്രമാണ് മറുപടിയായി കേട്ടത്..
എന്തായാലും ലൈറ്റ് ഓഫ് ചെയ്തത് നന്നായി ഇല്ലെങ്കി അമ്മ അകത്തോട്ടു കേറി വന്നേനെ..
ആദ്യമായാണ് സ്വന്തം വീട്ടിൽ ഒരു കള്ളനെ പോലെ ഇരിക്കേണ്ട അവസ്ഥ… ഇതൊക്കെ ഉണ്ടാക്കി വെച്ച് ദേ മലർന്നു കിടക്കുന്നു എന്റെ കട്ടിലിൽ ദുഷ്ടൻ…
എന്റെ ഗായൂ.. നീ എന്തിനാ ഇങ്ങനെ നിന്ന് കാല് വേദനിക്കണേ… ഇങ്ങ് വന്നെന്നും പറഞ്ഞ് മാധവ് അവളുടെ കൈ പിടിച്ചു വലിച്ചതും മാധവിന്റെ നെഞ്ചിലോട്ട് ഗായത്രി വീണതും ഒരുമിച്ചായിരുന്നു..
കണ്ണ് രണ്ടും ഇറുക്കി അടച്ച് തന്റെ നെഞ്ചിൽ വീണു കിടക്കുന്ന ഗായത്രിയെ കണ്ടപ്പോൾ മാധവിന് ചിരിയാണ് വന്നത്..
അവൾടെ നീണ്ടു കിടക്കുന്ന മുടിയിലെ കൃഷ്ണ തുളസി ഗന്ധം അവന്റെ നാസികക്ക് കുളിരേകി.. അമ്പലത്തിൽ വെച്ച് തൊട്ട മഞ്ഞൾ പ്രസാദം അതുപോലെ തന്നെ നെറ്റിയിലിരുപ്പുണ്ട്.. ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന അവൾടെ നുണകുഴി കവിളും കണ്മഷി പരന്നു കിടക്കുന്ന കണ്ണുകളും നോക്കി മാധവ് അൽപനേരം അവളെ തന്നെ നോക്കി കിടന്നു..
” മാധവേട്ടാ കൈ എടുത്ത് മാറ്റിയേ.. എനിക്കെഴുന്നേക്കാൻ പറ്റണില്ല… ”
” വിട്ടില്ലെങ്കിൽ നീ എന്ത് ചെയ്യും..??”
” ഞാൻ ഉറക്കെ വിളിച്ച് കൂവും.. ”
” ആ ഉറക്കെ വിളി അച്ഛനും അമ്മേം എഴുന്നേറ്റ് വന്നു കാണട്ടെ പുന്നാര മോൾടെ കയ്യിലിരുപ്പ്.. പാതിരാത്രി ഒരു അവിവാഹിതനായ ഒരു ചെക്കന്റെ കൂടെ മുറിയിൽ ഒറ്റക്ക് . അതും ഉറ്റകൂട്ടുകാരിയുടെ ആങ്ങള… ആഹാ… വളർത്തു ദോഷം ന്ന് പറഞ്ഞ് പിന്നെ നാട്ടുകാരും ബന്ധുക്കാരും കൂടെ ഒരു ലഹള… എല്ലാതും കൂടി കഴിയുമ്പോൾ അച്ഛനും അമ്മേം പിന്നെ വീടിനു പുറത്തിറങ്ങേണ്ട… ”
അവളൊച്ച വെക്കുംന്ന് പറഞ്ഞപ്പോൾ ഒരു തമാശക്കാണ് അങ്ങനെയൊക്കെ പറഞ്ഞത്. പറഞ്ഞു കഴിഞ്ഞ് പെണ്ണിനെ നോക്കിയപ്പോൾ ദേ കിടന്നു കരയുന്നു..
” ഗായൂ ഞാനൊരു തമാശക്ക് പറഞ്ഞതാണ് പെണ്ണെ ഇതൊക്കെ.. അപ്പോഴേക്കും കിടന്നു കരഞ്ഞോ. . രേണു ആന്റിയും അങ്കിളും നിന്നെ നല്ല രീതിയിൽ തന്നെയാണ് വളർത്തിയതെന്ന് എല്ലാർക്കും അറിയാം നീയങ്ങനെ തെറ്റൊന്നും ചെയ്യില്ലെന്നും വേറെ ആരെക്കാളും അവർക്ക് മനസിലാവും.. ”
ഇത്രയൊക്കെ പറഞ്ഞിട്ടും പെണ്ണ് കരച്ചില് നിർത്തുന്നില്ല. എന്റെ നെഞ്ചിൽ കിടന്നു വിങ്ങി വിങ്ങി കരയുകകയാണ് ..
ഗായുവിന്റെ മുഖം എന്റെ കൈകളിലെടുത്ത് അവൾടെ നെറ്റിയിൽ എന്റെ ചുണ്ടുകൾ അമർത്തുമ്പോൾ തമാശക്കാണെങ്കിൽ പോലും ഇനിയൊരിക്കലും അവൾടെ കണ്ണ് നിറയാൻ താൻ കരണമാവരുതെന്ന് ഉറപ്പിച്ചിരുന്നു..
” എന്റെ ഗായു സോറി ഡീ.. ഇനി നിന്നെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ പറയില്ല സത്യം.. ”
പതിയെ എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ സങ്കടം വന്നു … കരഞ്ഞ് കണ്ണൊക്കെ ആകെ ചുവന്നു കലങ്ങി കണ്മഷിയെല്ലാം മാഞ്ഞുപോയി.. മുണ്ടിന്റെ തല കൊണ്ട് അവൾടെ മുഖം തുടക്കുമ്പോഴും ഒന്നും മിണ്ടിയില്ലവൾ..
പിന്നെ പതിയെ ഒന്നും മിണ്ടാതെ എന്റെ തോളിലേക്ക് തലയും വെച്ച് എന്നോട് ചേർന്നിരുന്നു..
മാധവേട്ടാ.. ഞാനൊരു കാര്യം പറയട്ടെ… അച്ഛൻ കൈ പിടിച്ചു തരാതെ ഒരിക്കലും ഞാൻ മാധവേട്ടന്റെ ജീവിതത്തിലോട്ട് വരത്തില്ലട്ടോ .. എന്ന് വെച്ച് ഞാൻ മാധവേട്ടനെ അല്ലാതെ വേറെ ആരെയും കെട്ടാനും പോകുന്നില്ല.. ദേ മരണം വരെ ഗായുന്റെ നെഞ്ചിലിനി മാധവൻ മാത്രമേ കാണു…
പെട്ടന്ന് അവള് മരണത്തിന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ ഞാനവളെ മുറുകെ പിടിച്ചു. മനസ്സിൽ മരണത്തിനു പോലും നിന്നെ ഒറ്റക്ക് വിട്ടുകൊടുക്കില്ലെടി പെണ്ണെ എന്നുറപ്പിച്ചു.
“അച്ഛന്റേം അമ്മേടേം കാര്യമല്ലേ അതൊക്കെ ഞാനേറ്റു … നിന്റെ അച്ഛനും അമ്മയ്ക്കും എന്നെ പോലെ സദ്ഗുണ സമ്പന്നനായ ഒരു മരുമകനെ വേറെവിടുന്നു കിട്ടാനാ.. ഇതുപോലെ തങ്കപ്പെട്ട സ്വഭാവമുള്ള ഒരു ചെറുക്കനെ അവര് വിട്ടുകളയുമെന്നു നിനക്ക് തോന്നുണ്ടോ… ”
” ഓ തള്ളി മരിക്കല്ലേ ദുഷ്ട്ടാ… ഈ കട്ടിലോട് കൂടി തെറിച്ചു വീഴും ഞാൻ …”
” ഐയ്യെടാ തള്ളല്ലോ… എത്ര പെണ്പിള്ളേരുടെ അപ്പന്മാരാണെന്നറിയാവോ എന്റെ പിന്നാലെ എന്റെ മോളെ കേട്ടാവോന്ന് ചോദിച്ച് നടക്കുന്നത് .. അതും പോരാതെ കുറെ ആരാധികമാരും… ”
” ഓഹോ ഈ തള്ളലിൽ ഉൾപ്പെട്ട ഏതോ ഒരു ആരാധികയാവും ഇന്നലെ രാത്രി എന്നെ വിളിച് മാധവ് എന്റെ മാത്രമാണ്… ആർക്കും വിട്ട് തരില്ലെന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയത്…”
” നീയെന്താ ഗായൂ ഈ പറയുന്നേ.. കൊല്ലുമെന്ന് പറഞ്ഞെന്നോ ആര്… ??”
” ദേ വീണിടത്തു കിടന്നു ഉരുളണ്ട മാധവേട്ടാ… എനിക്കപ്പോഴേ തോന്നി അത് ഏട്ടന് തന്നെയാവുമെന്ന്.. എന്താ ഒരഭിനയം അഭിനയകുലപതിടെ… എന്നാലും ആ പെണ്ണിന്റെ സൗണ്ട് കൊള്ളാട്ടോ കേട്ടിട്ട് തന്നെ എനിക്ക് പേടിയായി.. ”
ഗായത്രി ഇതെല്ലാം പറയുമ്പോൾ ഉള്ളിൽ വന്ന ഭയം പുറമെ കാണിക്കാതെ മാധവ് അവളെ തന്നെ നോക്കിയിരുന്നു…ഒന്നും മിണ്ടാതെ… എന്തൊക്കെയോ ആലോചിച്ചുകൊണ്ട്….
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission