Skip to content

ഗായത്രി – 6

kathakal in malayalam

ഇതുവരെ തോന്നാത്ത ഒരു പേടി ആ ഒരറ്റ മനുഷ്യന്റെ വാക്കുകളിൽ നിന്ന് അവൾക്കനുഭവപ്പെട്ടു .. ഇനി മാധവ് തന്നെയാവുമോ ഇതൊക്കെ ചെയ്യുന്നത് തന്നെ പേടിപ്പിക്കാനായി..
പക്ഷെ എന്തിന്.. അല്ല ആ മാരണത്തിന്റെ സ്വഭാവം അനുസരിച്ച് ഇങ്ങനെയൊക്കെ ചെയ്യാനും സാധ്യതയുണ്ട്..

ഓർക്കും തോറും ഗായത്രിക്ക് വല്ലാത്തൊരു പേടി മനസ്സിൽ വന്ന് കൂടി..

ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നിട്ടും.. തന്റെ വീടിന്റെ നാല് ചുവരിനുള്ളിൽ പോലും ഗായത്രിക്ക് താൻ അരക്ഷിതയാണെന്ന് തോന്നി..

പിറ്റേ ദിവസം ഞായറാഴ്ച കാവിലെ അമ്പലത്തിൽ ഉത്സവ കൊടിയേറ്റം ആണ് പതിനാല് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് .. ദേശഅമ്പലം ആയതിനാൽ ദൂരെ നിന്ന് പോലും ആള് വരും..

അമ്പലത്തിൽ പോയാൽ അവിടെ വെച്ച് എങ്ങനെ ആയാലും മാധവേട്ടനെ കാണേണ്ടി വരും.. പുള്ളി നാട്ടിലുള്ളപ്പോഴൊക്കെ അമ്പലത്തിലെ കാര്യങ്ങളിലെല്ലാം നല്ല പോലെ പങ്കു വഹിക്കുന്ന ആളാണ് .. അതുകൊണ്ട് ആ ഭാഗത്ത്‌ എവിടെയെങ്കിലുമൊക്കെ ആയി നടക്കുന്നത് കാണാം . പിന്നെ ഇപ്പൊ അറിയപ്പെടുന്ന ഒരു സിനിമാ നടൻ കൂടി ആയതിനാൽ പിന്നാലെ വാല് പോലെ കുറെ പെൺപിള്ളേരും കാണും .. മാധവേട്ടാ ന്നും വിളിച്ച് ഒലിപ്പിച്ചു കൊണ്ട്..
അവരെ പറഞ്ഞിട്ടും കാര്യമില്ല ഒള്ള ഗ്ളാമറും വെച്ച് കാണുന്നവരോടെക്കെ ആ മുപ്പത്തി രണ്ട്‍ പല്ലും കാണിച്ചു ചിരിച്ചാൽ ഏതവള്ന്മാരായാലും നോക്കി പോവും..

അല്ല അതൊക്കെ ഞാനെന്തിനാ നോക്കുന്നെ… വേണ്ട മോളെ ഗായൂ… വെറുതെ എന്തിനാ ചീറി പാഞ്ഞു പോകുന്ന കെസ്ർ ടി സി ക്ക്‌ നീ തല വെച്ച് കൊടുക്കുന്നെ… നമ്മുക്ക് വല്ല ലോക്കലും പിടിച്ച് പോയാൽ പോരെ..

പക്ഷെ അപ്പൊ ഇന്നലെ കിട്ടിയതും പറഞ്ഞതും കേട്ടതുമൊക്കെ… അതൊക്കെ എന്ത് ചെയ്യും..

കണ്ണാടിയിൽ നോക്കി ഗായു തന്റെ ചുണ്ടുകളിലോട്ട് തന്നെ നോക്കി നിന്നു ഒരു ചെറിയ ചിരി അവള്ടെ മുഖത്ത് മിന്നി മാറി …

‘ കുഞ്ഞോളെ നീയെവിടെ എന്തെടുക്കുവാ.. ?”

അമ്മയുടെ വിളിയാണ് ഗായത്രിയെ സ്വപ്നലോകത്തു നിന്ന് ഉണർത്തിയത്..

” ദാ വന്നെന്റെ അമ്മക്കുട്ടി… എന്തിനാ ഇനി വിളിച്ച് കൂവുന്നേ.. ”

” നീ ഇതുവരെ ഒരുങ്ങിയില്ലേ കുഞ്ഞോളെ.. ഇന്നാ കാവില് കൊടിയേറ്റം.. എന്റെ മോള് പോയി വേഗം ഒരുങ്ങിക്കോ… ”

” ഞാൻ വരണില്ല… അമ്മേ.. എനിക്ക് വയ്യ.. ”

” ദേ കുഞ്ഞോളെ നല്ല അടികിട്ടും എന്റെ കയ്യിന്നു.. വല്ല്യ പെണ്ണായിന്ന് നൊന്നും നോക്കില്ല… നിന്നെയും കൂട്ടി വരാൻ പറഞ്ഞ് അച്ഛൻ ദേ ഇപ്പൊ തന്നെ വിളിച്ചിരുന്നു . ”

അമ്പലത്തിലെ ഉത്സവ കമ്മിറ്റിയിൽ ഉള്ളത് കാരണം.. ഇനി കുറച്ച് നാളേക്ക് അച്ഛനെ കാണാനേ കിട്ടില്ല… അമ്മയുമായി അധികം അടിയുണ്ടാക്കാൻ നിൽക്കാതെ ഓടിപ്പോയി കുളിച്ച് കറുത്ത കരയുള്ള സെറ്റ്സാരി എടുത്തുടുത്തു..

കണ്ണാടിയിൽ നോക്കി നിന്നപ്പോൾ ചെറിയൊരു ടെൻഷൻ… അല്ല ഞാനെന്തിനാ പേടിക്കുന്നെ… എന്റെ ഗായൂ… മാധവിനോട് പോവാൻ പറ… ഈ ലോകത്ത് അവനെക്കാൾ നല്ല ആണ്പിള്ളേര് ഉണ്ട്.. അതിലൊന്നിനെ നിനക്ക് നിന്റെ അച്ഛനും അമ്മയും തന്നെ കണ്ടുപിടിച്ച് തരും… ഒരു സിനിമാ നടൻ വന്നിരിക്കുന്നു… ഹും…

” കുഞ്ഞോളെ… കണ്ണാടിയുടെ മുന്നിൽ നിന്നുള്ള നിന്റെ കോപ്രായം കാട്ടൽ കഴിഞ്ഞെങ്കിൽ താഴോട്ട് വാ… ഇനീം നേരം വൈകിയാൽ പൂജ കഴിയും.. “താഴെ നിന്ന് അമ്മ വീണ്ടും വിളിച്ച് കൂവുന്നുണ്ടായിരുന്നു..

ഇത് തന്റെ സ്ഥിരം സ്വഭാവമാണ്.. ഈ കണ്ണാടിക്ക് മുന്നിൽ നിന്നുള്ള ഗോഷ്ട്ടി കാണിക്കൽ.. അമ്മക്ക് നന്നായി അറിയുകയും ചെയ്യാം എവിടെയെങ്കിലും പോവുന്നതിനു മുന്നേ തനിക്കു ഈ ഏർപ്പാട് ഉണ്ടെന്ന് .. എന്തായാലും ഇപ്പൊ കണ്ണാടിക്ക് മുന്നിൽ നിന്ന് പറഞ്ഞതൊന്നും അമ്മ കേൾക്കാതിരുന്നത് നന്നായി… ഇല്ലെങ്കിൽ ഉത്സവ കൊടിയേറ്റിന് മുന്നേ അമ്മ എന്റെ പതിനാറടിയന്തിരം നടത്തിയേനെ..

അമ്പലത്തിന്റെ അകത്തോട്ടു കയറി ചെന്നപ്പോൾ തന്നെ കണ്ട തിരുമുഖം മാധവേട്ടന്റെ തന്നെയാണ്.. എന്റെ പടച്ചോനെ… ചുവന്ന ഷർട്ടും മുണ്ടുമാണ് വേഷം നെറ്റിയിൽ ഒരു ചന്ദന കുറിയും.. നാട്ടിലെ സകല പെൺപിള്ളേരും പുള്ളിക്കാരന്റെ പിന്നിൽ വാലായുണ്ട്…സെൽഫി യെന്നും പറഞ്ഞ് ഇവളുമാർക്കൊന്നും ബോധമില്ലേ ഇതൊരു അമ്പലമാണെന്ന്..

അമ്മയുടെ പിന്നാലെ അമ്പലത്തിനകത്തോട്ട് പോയെങ്കിലും കണ്ണ് പലപ്പോഴും മാധവിന്റെ അടുക്കലോട്ട് പോയി…നോക്കരുത് നോക്കരുതെന്ന് ഒരുപാട് തവണ മനസിനോട് പറഞ്ഞു… എവടെ… മനസ്സ് പറയുന്നതേ കണ്ണ് ചെയുള്ളുന്ന് ആരോ പറഞ്ഞത് ശെരിയാണ്..

ഞാൻ ഇത്രയും നോക്കിയിട്ടും ദുഷ്ടൻ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല.. അവിടെ കിടന്ന് സെൽഫിക്ക് വേണ്ടി പെൺപിള്ളേരോടൊപ്പം ചാഞ്ഞും ചെരിഞ്ഞും കിടക്കുന്നത് കാണുമ്പോൾ ഒന്നങ്കിട് കൊടുക്കാനാണ് തോന്നുന്നത്..

പക്ഷെ അതിനും മാത്രം താനാരാണ് മാധവിന്റെ ??..

തൊഴുതു കഴിഞ്ഞ് പുറത്തൊരിടത്ത് നമ്മുടെ പിള്ളേര് സെറ്റിന്റെ കൂടെ മാറി നിന്നു എങ്ങനെയെങ്കിലും വീട്ടിലോട്ടു പോന്നാൽ മതിയെന്നാണ് ഇപ്പൊ തോന്നുന്നത്.. അത്രക്കും ദേഷ്യം വരുന്നുണ്ട്.. പക്ഷെ എന്തിനാണെന്ന് മാത്രം മനസിലാവുന്നില്ല..
മാധവേട്ടൻ തന്നെ ശ്രെദ്ധിക്കാതെ മറ്റു പെണ്പിള്ളേരുമായി സംസാരിക്കുമ്പോൾ തനിക്കെന്തിനാ ഇത്ര ദേഷ്യം വരുന്നേ…
എന്റെ കാവിലമ്മേ അരുതാത്ത വല്ലതും മനസ്സിൽ കയറിയിട്ടുണ്ടെങ്കിൽ നീ തന്നെയത് മാറ്റിയേക്കണേ ..

നടയിലോട്ട് നോക്കി പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പിന്നിൽ ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയത്.. കണ്ണ് തുറക്കാതെ തന്നെ കുറച്ച് മുന്നോട്ട് നീങ്ങി നിന്നു.. കുറച്ച് കഴിഞ്ഞ് വീണ്ടും ആരോ പിന്നിലുള്ളത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ മാധവേട്ടൻ.. കുറച്ചു നേരം പുള്ളിക്കാരനെ തന്നെ അങ്ങനെ നോക്കി നിന്നു…

” എടി പെണ്ണെ ഇവിടെയല്ല പ്രതിഷ്ഠ ദാ മുന്നിലാണ്.. ”

അതു കേട്ടതും ഗായു തിരിഞ്ഞു നേരെ നോക്കി കണ്ണടച്ച് നിന്നു..

” ഇതിനുമാത്രം എന്താണാവോ എന്റെ പെണ്ണ് പറയുന്നത്.. എന്നോടും കൂടി പറ ഗായൂ… ഞാനും കൂടി കേൾക്കട്ടെ… ”

” അത് അങ്ങനെ വഴിപോക്കൊരോടൊന്നും പറയേണ്ട ആവശ്യമില്ല.. ”

” ഓഹോ ഞാനപ്പോ നിനക്ക് വഴിപോക്കനാണ് അല്ലേ.. ??”

” എന്നാ എനിക്ക് പറയാനുള്ളത് എന്റെ പെണ്ണ് കേട്ടോ.. എന്റെ കാവിലമ്മേ.. ദേ ഈ നിക്കണ കുരിപ്പിനെ നീ എനിക്ക് കെട്ടിച്ചു തന്നാൽ ഉണ്ടല്ലോ… ഒരേഴ് ശയന പ്രദക്ഷിണവും.. ഞങ്ങക്ക് ഉണ്ടാവണ അഞ്ചു പിള്ളേരുടെയും ചോറൂണും ഇവിടെ വച്ച് തന്നെ നടത്താന് ഞാൻ സത്യം ചെയ്യാം.. ”

” അഞ്ചോ ??…”

” ആ നാമൊന്ന് നമ്മുക്ക് അഞ്ചെനാണ് എന്റെ പോളിസി.. ”

” അയ്യെടാ.. ആ പൂതി മനസ്സിൽ അങ്ങ് വെച്ചാൽ മതി.. നാമൊന്ന് നമുക്കൊന്ന് അതാണെന്റെ പോളിസി… ”

പെട്ടന്ന് ഞാനത് പറഞ്ഞതും മാധവേട്ടൻ നിന്ന് ചിരിക്കാൻ തുടങ്ങി..

പുരികം പൊക്കി എന്താന്നു ചോദിച്ചപ്പോൾ..

“അല്ലാ.. ഒരു മഞ്ഞ താലി ചരട് കിട്ടിയിരുന്നെങ്കിൽ നിന്നെ ഇപ്പൊ തന്നെ കെട്ടി കൊണ്ട് പോവായിരുന്നു.. ഇപ്പൊഴാവുമ്പോ എല്ലാവരും ഉണ്ടിവിടെ.. ”

അപ്പോഴാണ് എനിക്ക് വെളിവ് വന്നത് നോക്കുമ്പോൾ ചുറ്റിലുമുള്ളവരെല്ലാം ഞങ്ങളെ തന്നെയാണ് നോക്കുന്നത്..

തൊഴുത് തിരിഞ്ഞു നോക്കാതെ വേഗം നടന്ന് അമ്മേടെ പിന്നിൽ പോയി നിന്നു.. അമ്മക്കൊപ്പം രാഗിണി ആന്റിയും ഉണ്ടായി അവിടെ, മാധവേട്ടന്റെ അമ്മ… പാഞ്ഞുള്ള എന്റെ വരവ് കണ്ട് അമ്മയൊന്നു പേടിച്ചു..

” കുഞ്ഞോളെ സെറ്റുസാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട് രേണു… സാരിയുടുത്തപ്പോ വല്യ പെണ്ണായി…”രാഗിണിയമ്മ യാണ് പറഞ്ഞത്.

അമ്മ അതിനൊന്ന് ചിരിക്ക്യ മാത്രം ചെയ്തു..

അല്ല രേണു ഇവള്ടെ കല്യാണം വല്ലതും നോക്കുന്നുണ്ടോ.. അമ്മാളുന്റെ അമ്മയാണ് ചോദിച്ചത് .

ദൈവമേ. ദേ ഇവിടേം കല്യാണക്കാര്യം.. അമ്പലത്തിൽ പോലും കുറച്ച് സമാധാനം തരൂല്ലന്ന് വെച്ചാൽ.. ഞാൻ മനസ്സിൽ പറഞ്ഞു..

‘ ഇല്ല ഓമനേച്ചി.. രണ്ടു കൊല്ലം കൂടി കഴിഞ്ഞു മതിയെന്നാണ് ചന്ദ്രേട്ടൻ പറഞ്ഞത്.. അവള് പഠിക്കട്ടെ. ”

” ആ അതെന്തായാലും നന്നായി രേണു ആന്റി. അങ്ങനെയെങ്കിലും ഇവൾക്ക് കുറച്ചു ബുദ്ധി വളരട്ടെ.. “ശബ്ദം കേട്ട ഭാഗത്തോട്ട് നോക്കിയപ്പോൾ..

ദൈവമേ.. ദേ മാരണം ഇങ്ങോട്ട് വരുന്നു..

” ആഹാ ഇതാരാ.. മാധു വോ.. ഇവിടെ ഉണ്ടായിരുന്നൊ നീ… ”

” ആ കുറച്ചു ദിവസമായി രേണു ആന്റി…
ഗായു പറഞ്ഞില്ലേ.. അന്ന് വീട്ടിൽ വന്നപ്പോൾ ഗായു എന്നെ കണ്ടതാണല്ലോ… ഗായു ന്റെ കയ്യിൽ ഞാൻ ഒരു സാധനോം കൊടുത്ത് വിട്ടിരുന്നു.. ”

സാധനമോ.. എന്നിട്ട് ഇവളൊന്നും പറഞ്ഞില്ലല്ലോ…

എന്റെ ഭഗവാനെ ഈ ദുഷ്ടൻ ഇതെന്തൊക്കെയാ ഈ പറയുന്നേ..

“ഒന്നുമില്ല.. രേണു… അവനാ ചക്കയുടെ കാര്യമാണ് പറയണത്.. ”

രാഗിണിയമ്മ അങ്ങനെ പറഞ്ഞതും… അമ്മ മാധവിനോട് അത് ഇവള് തന്നെ തിന്നു തീർത്തു മോനെ ഇങ്ങനെയൊരു ചക്ക പ്രാന്തി .. നല്ല ആളുടെ കൈയിലാണ് കൊടുത്ത് വിട്ടത്..

അങ്ങനെയെങ്കിൽ നമുക്കിവളെ ഒരു ചക്കകടക്കാരനെ കൊണ്ട് തന്നെ കെട്ടിക്കാം.. രേണു ആന്റി… അതാവുമ്പോ നമ്മളും ഹാപ്പി.. ഇവളും ഹാപ്പി..

മാധവേട്ടൻ അത് പറഞ്ഞതും അമ്മയും രാഗിണി ആന്റിയും അവിടെ ഉണ്ടായിരുന്നവരെല്ലാം കൂടി പൊരിഞ്ഞ ചിരി. എനിക്കാണെങ്കിലോ ഇതൊക്കെ കണ്ടിട്ട് നല്ല കലിയും വരുന്നുണ്ട്..

” അമ്മേ ഞാൻ വീട്ടിലോട്ടു പോവുകയാ.. നാളെ ഒരു അസൈൻമെന്റ് വെക്കാനുണ്ട്.. ”

” ഈ നേരത്ത് ഒറ്റക്കെങ്ങനെയാ പോവാ കുഞ്ഞോളെ… ”

” ഞാൻ മുത്തച്ഛനേം കൂട്ടി പൊക്കോളാം.. അമ്മ അച്ഛെടൊപ്പം വന്നാൽ മതി… ”

അമ്മ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ മുത്തച്ഛന്റെ അടുത്തൊട്ട് ഓടി..

വീട്ടിലെത്തിയിട്ടും മാധവേട്ടനോടുള്ള കലി കൂടി കൂടി വന്നു.. ഇയാളെന്താ വല്ല അരണയുടെ ജന്മമോ എത്ര പെട്ടന്നാണ് സ്വഭാവം മാറുന്നത്. അയാൾടെ ഒരു ചക്കകടക്കാരൻ…

ഒരുപാട് നേരം ടീവി യിൽ ചാനൽ മാറ്റി മാറ്റി ഇരുന്നിട്ടും കലിപ്പ് മാറുന്നില്ല.. എന്തായാലും പൂജ കഴിഞ്ഞ് അച്ഛനും അമ്മയും അമ്പലത്തിൽ നിന്ന് വരാൻ വൈകും.. മുത്തച്ഛനുള്ള ഭക്ഷണമെടുത്ത് കൊടുത്ത്..പാത്രമെല്ലാം അടുക്കളയിൽ ഒതുക്കി വെക്കുന്നതിനിടയിൽ പിന്നിലെ വാതിലിന്റെ അരികിലൂടെ ആരുടെയോ നിഴൽ മാറുന്നത് കണ്ടത് .. ആരെന്നു നോക്കാൻ ചെന്ന് നോക്കിയതും.. രണ്ട് കരുത്തുറ്റ കൈ എന്റെ വായും കൈയിലും കേറി പിടിച്ചതും ഒരുമിച്ചായിരുന്നു…

ഒരുപാട് കുതറി മാറാൻ നോക്കിയെങ്കിലും പറ്റിയില്ല.. അപ്പോഴെല്ലാം ആ കൈകൾ എന്നെ കൂടുതൽ ബലത്തോടെ പിടിച്ചു.. പിന്നെ ഒന്നും നോക്കാതെ കയ്യിൽ കേറി ഒരു കടിയും കാലിനു നോക്കി നല്ലൊരു ചവിട്ടും കൊടുത്തു..

” എന്റെ പൊന്നു ഗായൂ ഒച്ച വെക്കല്ലേ.. ഇതു ഞാനാ.. എന്ന് പറഞ്ഞു നിൽക്കുന്ന ആളെ കണ്ട്.. ഗായത്രി ശെരിക്കും ഞെട്ടി..

” താനോ.. താനെന്താ ഇവിടെ.. അതും ഈ നേരത്ത്. താനെന്തിനാ എന്റെ കയ്യിൽ കേറി പിടിച്ചേ… !!”

” എടി പിശാചേ ഓരോന്നായി ചോദിക്കേടി.. അവൾടെ ഒടുക്കത്തെ കടിയും ചവിട്ടും … ഓ ഇതിലും ഭേദം നീയെന്റെ കയ്യും കാലും തല്ലി ഒടിക്കുന്നതായിരുന്നു…”

” പിന്നെ പാതിരാത്രി അടുക്കള പുറത്തു വന്ന് പെൺപിള്ളേരെ കേറിപിടിച്ചാൽ പിന്നെ കെട്ടിപിടിച്ചു ഉമ്മ തരണോ… ?”

” നീ എന്നെ കെട്ടിപിടിച്ചോ അല്ലാതെയോ ഉമ്മ വെച്ചോ എനിക്കൊരു പ്രശ്നോമില്ല… പക്ഷെ വേറെ ആർക്കും കൊടുക്കരുത്.. ”

” ഐയ്യെടാ… മനസിലെ പൂതി കൊള്ളാല്ലോ… നല്ല നടക്കാത്ത മോഹം.. ”

“അതെന്താടി നീയങ്ങനെ പറഞ്ഞേ.. ”

” എനിക്ക് കെട്ടിപ്പിടിക്കാൻ ചക്കകടക്കാരൻ ഉണ്ടല്ലോ… ഞാൻ അയാൾക്ക്‌ കൊടുത്തോളാവും.. ”

അത്രയും നേരം വേദനിച്ച കാലും പിടിച്ച് നിന്നിരുന്ന മാധവേട്ടൻ എനിക്ക് നേരെ നടന്നു വരാൻ തുടങ്ങി..” നീ കൊടുക്കുമോ.. ”

” ആ ഞാൻ കൊടുക്കും.. ”

” എന്നാ ഞാൻ തന്ന ആ സമ്മാനം ഇങ്ങ് തിരിച്ചു തന്നേക്ക്.. ”

” എന്ത് ചക്കയോ… അത് ഞാൻ നാളെ വാങ്ങി വീട്ടിൽ കൊണ്ട് തരാം.. പോരെ.. ”

” ഓ ചക്കയല്ലെടി.. ചുക്ക്.. ഇവളെ ഞാൻ… അന്ന് മുറിയിൽ വെച്ച് മോൾക്ക്‌ മാത്രമായി മാധവേട്ടൻ ഒരു സാധനം തന്നില്ലേ.. അത് ഇങ്ങ് തന്നേക്ക് വേഗമാവട്ടെ.. ”

എന്റെ തൊട്ടടുത്ത് വന്ന് നിന്ന് എന്റെ മുഖത്തോട്ട് മാധവേട്ടന്റെ മുഖം വന്നതും.. ഞാൻ ബാലൻസ് തെറ്റി പിന്നിലോട്ട് വീഴാൻ പോയതും മാധവേട്ടനെന്നെ പിടിച്ചു.തൊട്ടടുത്തിരുന്ന പത്രം കൈ തട്ടി വീണതും ഒപ്പമായിരുന്നു ….

” എന്താ കുഞ്ഞോളെ അവിടെ ഒരു ശബ്ദം…”

മാധവേട്ടന്റെ കൈ വിടീച്.. തിരിഞ്ഞു നോക്കുമ്പോ ദേ വരുന്നു മുത്തച്ഛൻ …

മുത്തച്ഛനെങ്ങാനും മാധവേട്ടനെയും എന്നെയും ഈ കോലത്തിൽ ഇവിടെ കണ്ടാൽ കഴിഞ്ഞു…

” എന്താ കുട്ടി…ആരോടാ സംസാരിച്ചിരുന്നെ…. ”

അത് മുത്തച്ഛാ ഞാൻ എന്നും തിരിഞ്ഞു നോക്കിയപ്പോൾ മാധവേട്ടൻ നിന്നിടത്ത് ഒരു മനുഷ്യനില്ല… പകരം അമ്മേടെ കിങ്ങിണി പൂച്ച എന്നെയും മുത്തച്ഛനേയും നോക്കി അവിടെ ഇരിപ്പുണ്ടായിരുന്നു..

” ഈ പാതിരാത്രി പൂച്ചനോടും പട്ടിയോടും നിന്ന് കഥ പറയാൻ നിൽക്കാതെ അകത്തോട്ടേക്ക് പോന്നേക്ക് കുഞ്ഞോളെ.. ”

മുത്തച്ഛനൊപ്പം അകത്തോട്ടു വരുമ്പോഴും ഞാൻ മാധവേട്ടനെ അവിടെയെല്ലാം നോക്കി..എവടെ പോയാവോ.. ഇനി ഞാൻ വല്ല സ്വപ്നം കണ്ടതാണോ.. ഏയ്…

ഓരോന്നാലോചിച്ച് മുറിയിൽ കേറി വാതിലടച്ച് ലൈറ്റിട്ടപ്പോൾ ദേ എന്റെ കട്ടിലിൽ ചിരിച്ചു കൊണ്ട് കിടക്കുന്നു… മഹാൻ..

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!