അച്ഛന്റെ കൂടെ വർക്ക് ചെയ്യുന്ന സുധിയേട്ടൻ ആയിരുന്നു അത്.. എന്തോ വല്ലാതിരുക്കുന്ന സുധിയേട്ടന്റെ മുഖം കണ്ടതോടെ ഞാനും അമ്മയും ഒരുമിച്ച് പുറത്തേക്ക് ചെന്നു..
” എന്താ സുധീ.. എന്തുപറ്റി.??”
“രേണുവേച്ചി വേഗം പേട്ടനൊന്ന് ഒരുങ്ങിയെ.. നമ്മുക്ക് ആശുപത്രി വരെ ഒന്നു പോണം.. ”
സുധിയേട്ടൻ അതു പറഞ്ഞതോടു കൂടി അമ്മേടെ മുഖം പെട്ടന്ന് വല്ലാതായി..
അച്ഛനിതുവരെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല..
” എന്താടാ സുധി.. എന്റെ ചന്ദ്രേട്ടന് എന്താ പറ്റ്യേ.. ??”
” ഒന്നുമില്ല ചേച്ചി ചെറിയൊരു നെഞ്ചു വേദന അപ്പൊ തന്നെ ഹോസ്പിറ്റലിലോട്ട് കൊണ്ടുപോയി.. ചേച്ചി പെട്ടന്ന് വാ . പുറത്തു വണ്ടി കിടപ്പുണ്ട്.. ”
അത്രയും നേരം മാധവേട്ടനെ വിളിക്കാനായി കയ്യിലെടുത്തിരുന്ന ഫോൺ എന്റെ കയ്യിൽ നിന്ന് വഴുതി താഴെ വീണു..
മുറിയിൽ ചെന്ന് കയ്യിൽ കിട്ടിയ ഏതോ ഒരു ഡ്രെസ്സ് എടുത്തിട്ട് താഴേക്ക് ചെന്നു അപ്പോഴേക്കും അമ്മയും മുത്തച്ഛനും വണ്ടിയിലോട്ട് കേറുന്നുണ്ടായിരുന്നു.. പോവുന്ന വഴി ആരും ഒന്നും മിണ്ടിയിരുന്നില്ല.. കഴുത്തിലെ താലി മാലയിൽ കൂട്ടിപ്പിടിച്ച് അമ്മ ഏതൊക്കെയോ ദൈവങ്ങളെ വിളിച്ച് കരയുന്നുണ്ടായിരുന്നു ..തൊണ്ടയിൽ നിന്ന് ശബ്ദം ഒന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല.. ഒരു കൈ കൊണ്ട് അമ്മയെ ചുറ്റിപിടിച്ചു.. മറ്റേ കയ്യിൽ മുത്തച്ഛന്റെ കയ്യും ചേർത്തു പിടിച്ച് ഞാനിരുന്നു..
ആശുപത്രിയിൽ ചെന്ന് icu വിന്റെ മുന്നിലോട്ട് നടക്കും തോറും കയ്യും കാലും ഒരുപോലെ തളരുന്നത് പോലെ തോന്നി .Icu വിനു മുന്നിൽ തന്നെയുള്ള ഒരു ബെഞ്ചിൽ അമ്മയും മുത്തച്ഛനും ഞാനും ഇരുന്നു അച്ഛന്റെ കൂടെ വർക്ക് ചെയ്യുന്ന വേറെ കുറച്ചാളുകളും അവിടെ ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ രാഗിണിയമ്മയും പ്രകാശനച്ചനും കൂടി വന്നു.. രാഗിണിയമ്മ അമ്മക്കരികിലായി ചെന്നു നിന്നു. പ്രകാശച്ചനും സുധിയേട്ടനും കൂടി മാറിനിന്നു സംസാരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നി..
സുധിയേട്ടനോട് ചെന്ന് എന്താ സംഭവിച്ചേ എന്ന് ചോദിച്ചപ്പോഴെല്ലാം.. ഒന്നുല്ല്യ കുഞ്ഞോളെ എന്നും പറഞ്ഞ് സുധിയേട്ടൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു… അവസാനം എന്റെ നിർബന്ധത്തിന് മുന്നിൽ സുധിയേട്ടൻ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി..
ഇന്ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങുന്ന നേരത്ത് ചന്ദ്രേട്ടന് ഒരു ഫോൺ വന്നു.. നമ്മുടെ ബാങ്ക് മാനേജർ അശോകേട്ടനാണ് വിളിച്ചത്.. കഴിഞ്ഞ തവണത്തെ നമ്മടെ കാവിലെ അമ്പലത്തിലെ പിരിവ് കാശും ദേവിക്ക് കിട്ടിയ കാശുമെല്ലാം കൂടി ട്രെഷറർ ആയ അച്ഛനും ഹരിയേട്ടനുമാണ് ഏൽപ്പിച്ചിരുന്നത് ബാങ്കിലിട്ടുരുന്ന പൈസ മുഴുവൻ ഹരി വന്ന് ഇന്നലെ എടുത്തു കൊണ്ടുപോയെന്ന്..മോൾക്ക് അറിയാലോ നമ്മള് നാട്ടുകാരും അമ്പലക്കാരും ആ പൈസ മാറ്റിവെച്ചിരുന്നത് നാട്ടിലെ പാവപെട്ട പെങ്കുട്ട്യോൾടെ വിവാഹം നടത്താനായിട്ടാണെന്ന്. മൂന്നു കോടിയോളം രൂപ കാണും മോളെ.. കാശെടുക്കാൻ അമ്പലകമ്മിറ്റിക്കാര് ബാങ്കിൽ ഇന്ന് ചെന്നപ്പോഴാണ് സംഭവം എല്ലാരും അറിഞ്ഞത് അപ്പൊ തൊട്ട് ഹരിയെ തപ്പി നടക്കുന്നതാ .. അവൻ കാശും കൊണ്ട് മുങ്ങിന്ന കേട്ടത്…
ശെരിയാണ് പൈസ ബാങ്കിൽ നിന്ന് എടുക്കണമെന്നും പറഞ്ഞ് ഇന്നലെ ഹരിയേട്ടൻ അച്ഛന്റെ കയ്യിൽ നിന്ന് വന്നു ഒപ്പ് വാങ്ങുന്നത് താനും കണ്ടതാ.. ഞാൻ വരണോ ഹരിയെ ന്ന് അച്ഛൻ ചോദിച്ചപ്പോൾ വേണ്ട ചന്ദ്രേട്ടാ എന്നും പറഞ്ഞ് ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു അയാള്.
പക്ഷെ അതച്ഛനെ ഇങ്ങനെ ഒരു കോലത്തിലാക്കാനുള്ള കൊല ചിരിയാണെന്ന് മനസിലായില്ല..
Icu വിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നപ്പോൾ ഞാനും അമ്മയും പ്രകാശച്ചനും കൂടി ഡോക്ടറുടെ അടുത്തേക്ക് ചെന്നു
ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല എന്ന് പറഞ്ഞു ഡോക്ടർ പോയി . കുറച്ച് കഴിഞ്ഞ് ഒരു നേഴ്സ് icu മുന്നിലെ കർട്ടൻ മാറ്റി അച്ഛനെ കാണിച്ചു തന്നു …….. ഒരു ചെറിയ വട്ടത്തിനുള്ളിലൂടെ ഒന്നേ കണ്ടുള്ളു ഞാനെന്റെ അച്ഛയെ കണ്ണടച്ച് കുറച്ചുനേരം അതെ നിൽപ്പ് അവിടെ തന്നെ നിന്നു.. കണ്ണ് തുറക്കുമ്പോഴെല്ലാം വീണ്ടും അതെ കാഴ്ച തന്നെ മനസിലോട്ട് കുത്തി കേറി വരുന്നു.
കരഞ്ഞു തളർന്നു വീണ അമ്മേനെ രാഗിണിയമ്മ അവിടെ തന്നെ ബെഞ്ചിൽ ചാരി ഇരുത്തി.. തൊട്ടടുത്ത് തന്നെ മുത്തച്ഛനും ഇരിപ്പുണ്ട്..
പ്രകാശനച്ചന്റെ കൂടെ ഡോക്ടറുടെ മുറിയിലോട്ട് നടക്കുമ്പോൾ അറിയുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചിരുന്നു.. ദൈവമേ എന്റച്ഛനൊന്നും വരുത്തല്ലേ എന്നും പ്രാർത്ഥിച്ചുകൊണ്ട്..
” സീ മിസ്റ്റർ പ്രകാശ്.. ഒരു മേജർ അറ്റാക്ക് ആണ് ചന്ദ്രശേഖരൻ ഇപ്പൊ വന്നത് കൃത്ത്യ സമയത്ത് എത്തിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി.. ബ്ലോക്ക് മാറ്റാൻ ഒരു സർജറി ഉണ്ട്.. അത് കഴിഞ്ഞു റൂമിലോട്ട് ചേഞ്ച് ചെയ്യാം.. ”
ഡോക്ടർ പറഞ്ഞെതെല്ലാം ഒരു മരവിപ്പോടെ കേട്ടിരുന്നു . അപ്പോഴേക്കും അറിഞ്ഞും പറഞ്ഞും ആരെല്ലാമൊക്കെ ആശുപത്രിയിലോട്ട് വന്നിരുന്നു. ആ കൂട്ടത്തിൽ ബന്ധുക്കളായി ആരും തന്നെ കാണില്ല. വീട്ടുകാരെ വെറുപ്പിച്ചുള്ള ഒരു കല്യാണമായത് കാരണം പടിയടച്ച് പിണ്ഡം വെച്ച സന്തതി ആണ് അമ്മവീട്ടുകാർക്ക് അമ്മ. ഞാൻ ജനിച്ചിട്ട് പോലും തിരിഞ്ഞു നോക്കാത്ത അവരെ നമുക്കും വേണ്ടെന്ന് പറഞ്ഞ് പിന്നെ അച്ഛയും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.. പിന്നെ അച്ഛന് ആകെയുള്ള പെങ്ങളായ ശാരദ അമ്മായി മാത്രമാണ് കൂടപ്പിറപ്പുകളെന്ന് പറയാനുള്ളത്…
എന്തായാലും വീഴാൻ നേരം താങ്ങാനായുള്ള നേടും തൂണാണ് ഇപ്പൊ ആ കിടക്കുന്നത്. എന്തൊക്കെ ഉണ്ടായാലും ആ നെഞ്ചിൽ ചാഞ്ഞ് കിടക്കുമ്പോൾ കിട്ടുന്ന ചൂടും സുരക്ഷയും വേറെവിടെയും തനിക്കു കിട്ടിയിട്ടില്ല.. അച്ഛന്റെ കുഞ്ഞോളെ എന്നുള്ള ഒറ്റ വിളിയിൽ എല്ലാ പിണക്കവും മാറ്റുന്ന ലോകത്തെ ഒരേ ഒരാൾ..
ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി വീണ്ടും അമ്മക്കരികിലേക്ക് ചെന്ന് നെഞ്ചോടു ചേർത്തു നിർത്തി..
” ഒന്നുല്ല്യ അമ്മേ നാളെ ഒരു സർജറി ഉണ്ട് അത് കഴിഞ്ഞാൽ അച്ഛയെ റൂമിലോട്ട് മാറ്റും.. ദേ ഇങ്ങനെ കരഞ്ഞു കഴിഞ്ഞാൽ അച്ഛ വരുമ്പോ എന്നെ വഴക്ക് പറയും നീയെന്റെ രേണുനെ നോക്കീല്ലേടീ കുഞ്ഞോളെ എന്നും പറഞ്ഞ്…”
ഇത്രയും ഞാൻ പറഞ്ഞിട്ടും അമ്മ കരച്ചില് നിർത്തുന്നുണ്ടായില്ല.. താലിയിലുള്ള അമ്മേടെ പിടിത്തം മുറുകെ തന്നെയിരുപ്പാണ്.. ഇപ്പൊ പൊട്ടി തെറിക്കും എന്റെ കണ്ണുകളെന്ന് തോന്നിയത് കൊണ്ട്.. അമ്മയെ രാഗിണിയമ്മ ക്കൊപ്പം ഇരുത്തി ഞാൻ വീണ്ടും icu ലോട്ട് ചെന്ന് നോക്കി. ഓക്സിജൻ മാസ്ക് വഴി പതിയെ ശ്വാസം വലിക്കുന്ന അച്ഛനെ ഒന്ന് നോക്കി നിന്നു.. താൻ തല ചാഞ്ഞുറങ്ങിയ ആ നെഞ്ച് ഇപ്പോൾ വേദന കൊണ്ട് നീറുകയായിരിക്കും അല്ലെ.. കുറച്ചു മണിക്കൂറുകൾകൊണ്ട് തന്റെ അച്ഛൻ ആകെ ക്ഷീണിച്ചിരിക്കുന്നു കൺ തടമെല്ലാം നീര് വന്നു വീർത്തു കരുവാളിച്ചു.. ഒരുതവണ ഒന്ന് കുഞ്ഞോളെ ഒന്ന് വിളിക്കെന്റെ അച്ഛാ…. പലപ്പോഴും വിളികേട്ടിട്ടും കേൾക്കാത്ത പോലെ നടന്നിട്ടുണ്ട്… അന്നതൊക്കെ കളിയായി ചെയ്തതാണ്.. പക്ഷെ ഇന്ന് അതേ അച്ഛൻ കുഞ്ഞോളെ എന്നൊന്ന് വിളിക്കുന്നത് കേൾക്കാൻ മനസ്സ് കൊണ്ട് ഒരായിരം തവണ ആഗ്രഹിക്കുകയും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അവിടെ തന്നെ നിന്നാൽ ഇത്രയും നേരം കരയാതെ പിടിച്ചു നിർത്തിയ കണ്ണുനീർതുള്ളിയെല്ലാം അനുസരണയില്ലാതെ പുറത്തേക്ക് വരുമെന്ന് തോന്നി..
ഹോസ്പിറ്റലിൽ തന്നെയുള്ള ഒരു റൂമിലോട്ട് അമ്മേനേം മുത്തച്ഛനേം മാറ്റി. കുറച്ചു പൈസ മാത്രമേ കയ്യിലെടുത്തു പിടിച്ചിട്ടുണ്ടായിരുന്നുള്ളു. പ്രകാശച്ചനേം രാഗിണിയമ്മേനേം അമ്മയ്ക്കും മുത്തച്ഛനും ഒപ്പം നിർത്തി ഹോസ്പിറ്റലിനടുത്തുള്ള എടിഎംഇൽ നിന്ന് പോയി പൈസ എടുത്തു..
സർജറി ക്കുള്ള പൈസയും ഹോസ്പിറ്റൽ ചെലവുമായി ഒന്നര ലക്ഷത്തോളം പൈസ അടക്കേണ്ടി വന്നു..പ്രൈവറ്റ് ഹോസ്പിറ്റൽ ആയതുകൊണ്ട് ചെലവ് ഒരുപാടുണ്ടാവും..
റൂമിലോട്ട് ചെന്നപ്പോൾ കണ്ടത് പുറത്ത് പ്രകാശച്ചനുമായി സംസാരിച്ചു നിൽക്കുന്ന അമ്പലകമ്മിറ്റിക്കാരെയാണ്..
” ഇങ്ങനെ ഒരവസ്ഥയിൽ പൈസയല്ല പ്രധാനം ചന്ദ്രന്റെ ജീവൻ തന്നെയാ.. പക്ഷെ അത് മറ്റുള്ളോർക്കും കൂടി തോന്നേണ്ടേ പ്രകാശാ.. ഇപ്പൊ തന്നെ ഹരിയും ചന്ദ്രനും കൂടിയുള്ള ഒത്തു കളിയാണ് ഇതൊക്കെയെന്നാണ് നാട്ടിലെ സംസാരം.. പത്തു അൻപതു പെണ്പിള്ളേരുടെ ജീവിത പ്രശ്നമാണ് പൈസ കിട്ടിയാൽ മാത്രമേ കല്യാണം നടത്താൻ പറ്റോള്ളൂ… ” കൂട്ടത്തിലെ ഒരു മുതിർന്ന മനുഷ്യനാണ് പറയുന്നത്..
നിങ്ങളാരും പേടിക്കണ്ട വീടും പറമ്പും വിറ്റിട്ടായാലും പൈസ തരാം മെന്ന് അവരോടൊക്കെ പറയുമ്പോൾ. എന്ത് ധൈര്യത്തിലാണ് ഞാനവരോട് അങ്ങനെ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. അപ്പോഴും അച്ഛൻ പറയാറുണ്ടായിരുന്ന വാക്കുകളാണ് ഓർമ്മ വന്നത് ഒരു കടവും ബാക്കി വെക്കാതെ ഒരു ദിവസമെങ്കിൽ ഒരു ദിവസം സന്തോഷത്തോടെ ജീവിക്കുന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നത് ..
വീണ്ടും റൂമിലോട്ട് ചെന്നപ്പോൾ ശാരദ അമ്മായി എത്തിയിട്ടുണ്ട്. രാഹുലേട്ടൻ ബാംഗ്ലൂർ ആണ് നാളെ എത്തുമെന്ന് അമ്മായി പറഞ്ഞു. ക്യാന്റീനിൽ ചെന്ന് ചൂടുള്ള കഞ്ഞി വാങ്ങി അമ്മയ്ക്കും മുത്തച്ഛനും കൊടുത്തു രണ്ടുപേരും എന്നെ സമാധാനിപ്പിക്കാനായി ഓരോ കവിൾ കുടിച്ചെന്ന് വരുത്തി..
എന്തെങ്കിലും കഴിക്ക് കുഞ്ഞോളെ എന്നമ്മ പറഞ്ഞപ്പോൾ അമ്മയെ ബോധിപ്പിക്കാനായി ക്യാന്റീനിൽ ചെന്ന് കഴിച്ചോളാമെന്നും പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി.. ഓരോ തവണയും ആ മുറിക്കുള്ളിൽ കേറുമ്പോൾ അമ്മേടേം മുത്തച്ഛന്റേം കരഞ്ഞു വാടി തളർന്നിരിക്കുന്ന മുഖം കാണുമ്പോൾ ഞാൻ ചേർത്തു വെച്ച എന്റെ ധൈര്യമെല്ലാം എങ്ങോട്ടോ ചോർന്നൊലിച് പോവുന്നപോലെ.. അധിക നേരം അവിടെ നിന്നാൽ അമ്മക്കൊപ്പം ഞാനും തളർന്നു പോകും അത് പാടില്ല..
ആളൊഴിഞ്ഞ ആശുപത്രി വരാന്തയിൽ ഇരിക്കുമ്പോൾ മനസ്സ് മരവിച്ചു ചത്തിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊക്കെ. ഇതുവരെയും ഒറ്റമോളായിട്ട് പോലും ഒറ്റക്കാണെന്നൊരു തോന്നൽ തോന്നിയിട്ടില്ല.. എവിടെ പോയാലും മുറുകെ പിടിക്കാൻ, തണലായി മാറാനും ഒരു വൻമരം പോലെ തന്റെ അച്ഛനുണ്ടായിരുന്നു കൂടെ.. കാലം കടന്ന് പോകും തോറും ആ മരത്തിന്റെ ഇലകൾ പൊഴിയുന്നതും മരത്തിന്റെ കാതൽ നഷ്ടപ്പെട്ടു പോവുന്നതൊന്നും താനറിഞ്ഞില്ല. പെട്ടന്നൊരു ദിവസം ആ തണൽ നഷ്ട്ടപ്പെട്ടപ്പോഴാണ് അത് തനിക്കെത്ര മാത്രം വേണ്ടപെട്ടതാണെന്ന് മനസിലായത്..
ഹോസ്പിറ്റലിലെ ഒപി യിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കുമ്പോൾ കണ്ടത് ഇൻജെക്ഷൻ കിട്ടി കരയുന്ന ഒരു പെണ്കുഞ്ഞിനെയാണ്.. നാലോ അഞ്ചോ പ്രായം കാണും അമ്മേടെ തോളിൽ കിടന്ന് കരഞ്ഞ അവളെ എവിടെ നിന്നോ ഓടി വന്ന ഒരു മനുഷ്യൻ കൈയിലുള്ള മരുന്നെല്ലാം ആ സ്ത്രീടെ കയ്യിൽ കൊടുത്ത് ആ കുഞ്ഞിനെ വാങ്ങുന്നുണ്ടായിരുന്നു അതുവരെ ഉണ്ടായിരുന്ന അവൾടെ കരച്ചിലെല്ലാം ആ മനുഷ്യന്റെ ദേഹത്ത് ഒട്ടിപ്പിടിച്ചു കിടക്കുമ്പോൾ പതുക്കെ മാറുന്നുണ്ടായിരുന്നു… കുത്ത് കിട്ടിയ കാൽ കാണിച്ച് എന്തെല്ലാമോ പറയുന്നുണ്ടവൾ അയാളോട്.. എല്ലാത്തിനും തലകുലുക്കി സാരമില്ലെന്ന് പറയുന്നത് കണ്ടാലേ അറിയാം അച്ഛനാണതെന്ന്..
അല്ലെങ്കിലും ഒരുപാടർത്ഥമുള്ള വാക്ക് ‘അമ്മ’ യെന്നാണെങ്കിൽ.ഒരിക്കലും നിർവചിക്കാൻ പറ്റാത്ത ഒരു വാക്കാണ് അച്ഛൻ. കൂടുതലും ഞങ്ങൾ പെൺമക്കൾക്ക്..
ഉള്ളിലടക്കി വെച്ചിരുന്ന എല്ലാ സങ്കടവും അപ്പൊ അവിടെ തന്നെയിരുന്ന് കരഞ്ഞു തീർത്തു. ഒരിക്കലും അമ്മേടേയോ മുത്തച്ഛന്റെയോ മുന്നിൽ വെച്ച് കരയരുതെന്ന് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. അവർക്കൊപ്പം ഞാനും കൂടി ചേർന്നാൽ ശെരിയാവില്ല. നിനക്കൊരു പെണ്കുട്ടിയാണല്ലേ ചന്ദ്രാ എന്ന് പുച്ഛത്തോടെ ചോദിച്ചവരോടൊക്കെ ആണും പെണ്ണുമായി എനിക്കിവളൊന്ന് മാത്രം മതിയെന്ന് പലരുടെ മുന്നിലും തന്നെ ചേർത്തുപിടിച്ച് അച്ഛൻ പറഞ്ഞിട്ടുണ്ട്. തനിക്കും അങ്ങനെ തന്നെ ആദ്യമായി അച്ഛന്റെ കയ്യിൽ തൂങ്ങി വീടിനടുത്തുള്ള തിയേറ്ററിൽ കാണാൻ പോയ സിനിമ തന്മാത്ര യാണ്. അന്ന് ഒരഞ്ചു വയസുകാരിക്ക് ആ സിനിമയിൽ കണ്ടത് ഒരച്ഛന്റെ സ്നേഹം മാത്രമാണ്. അതുകൊണ്ടായിരിക്കും അന്ന് സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അച്ഛന്റെ തോളിൽ കിടന്ന് താനേന്തി വലിഞ്ഞു കരഞ്ഞിരുന്നത്. ഒരിക്കലും അച്ഛൻ എന്റെ കുഞ്ഞോളെ ഒറ്റക്കാക്കി എങ്ങും പോവില്ലാന്നൊക്കെ പറഞ്ഞ് അന്നച്ചൻ തന്നെ സമാധാനിപ്പിച്ചിരുന്നു…
അതുകൊണ്ട് തന്നെ പഴയത് പോലെ എന്റെ അച്ഛനെ തിരിച്ചു കൊണ്ടുവരാൻ ഞാനിതുപോലെ തന്നെ നിൽക്കണം…..
എത്ര നേരം അങ്ങനെ അവിടെയിരുന്നെന്ന് അറിയില്ല അടുത്ത് ആരോ വന്നിരുന്ന് തന്നെ ചേർത്ത് പിടിച്ചപ്പോഴാണ് കൈമുട്ടിനിടയിൽ നിന്ന് മുഖമുയർത്തി നോക്കിയത്..
മാധവേട്ടൻ.. !!
അത്രയും ആരോടും പറയാതെ നിർത്തിയ എന്റെ സങ്കടങ്ങെളെല്ലാം ആ നെഞ്ചിൽ തല വെച്ചു കരയുമ്പോൾ മനസ്സിന്റെ പകുതി ഭാരം പോയി കിട്ടിയിരുന്നു..
ഇടക്കെല്ലാം എന്റച്ഛൻ.. മാധവേട്ടാ. എന്ന് പറഞ്ഞപ്പോഴെല്ലാം എന്റെ തലയിൽ തലോടി കൊണ്ട്. അച്ഛന് ഒന്നും പറ്റില്ല എന്റെ പെണ്ണേ.. ഇങ്ങനെ കരയല്ലേ എന്റെ കൊച്ചേ എന്നും പറഞ്ഞ് എന്റെ മൂർദ്ധാവിൽ മാധവേട്ടന്റെ ചുണ്ടുകൾ അമർന്നിരുന്നു.
നിന്റെ മിസ്സ് കാൾസ് ഞാൻ കണ്ടിരുന്നു ആ നേരത്ത് ഞാൻ കുറച്ചു ബിസി ആയിരുന്നു അതാ തിരിച്ചു വിളിക്കാഞ്ഞത്. പിന്നെ വിളിച്ചപ്പോൾ നീ ഫോണെടുക്കു
ന്നുണ്ടായിരുന്നില്ല. പിന്നെയാ കാര്യങ്ങളൊക്കെ അച്ഛൻ വിളിച്ചു പറഞ്ഞത്. രാവിലെ കോളേജിൽ വീണ എന്നെ കാണാൻ വന്നത് മാധവേട്ടനോട് പറയാൻ പോവുമ്പോഴാണ് ദൂരെ നിന്ന് എന്നെയും മാധവേട്ടനെയും തന്നെ നോക്കി നിൽക്കുന്നു ആ രണ്ടുപേരെ ഞാൻ കണ്ടത്.. അവരെ കണ്ടതും മാധവേട്ടന്റെ കയ്യിൽ നിന്ന് എന്റെ കൈ തട്ടി മാറ്റി ഞാൻ ചാടിയെഴുന്നേറ്റു .
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission