അമ്മുവും കാർത്തിക്കും പരസ്പരം നോക്കി, തന്നെപ്പോലെ തന്നെ അവനും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നവൾക്ക് തോന്നി,..
ബാലേച്ചി എവിടെ ? അമ്മു തിരിഞ്ഞു നോക്കി,. ഇത്ര നേരം തന്റെ പുറകിൽ ഉണ്ടായിരുന്നു,.. ഇപ്പോൾ?
അമ്മു ബാലയെ തിരഞ്ഞു അകത്തേക്ക് പോയി,..
“കണ്ടില്ലേ അമ്മൂന് നാണം വന്നു, അകത്തേക്ക് പോയത് കണ്ടില്ലേ ?” സാവിത്രി കുഞ്ഞമ്മ പറഞ്ഞു,. അച്ഛന്റെ ഇളയ പെങ്ങളാണ്,. തീരുമാനങ്ങളെടുക്കാൻ എല്ലാവരെയും വിളിച്ചു വരുത്തിയിരുന്നു,..
അതാവില്ല കാരണമെന്ന് സേതുവിന് ഉറപ്പുണ്ടായിരുന്നു,.
“കതക് തുറക്ക് ബാലേച്ചി പ്ലീസ്,… ”
ബാല മിഴികൾ തുടച്ചു,..
“കുറച്ചു നേരം ഞാനൊന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ അമ്മൂ,. നീയൊന്ന് പോവോ,… ആരെങ്കിലും കണ്ടാൽ ?”
“കണ്ടാൽ എന്താ ബാലേച്ചി ? ഞാനല്ല ചേച്ചിയാ കണ്ണേട്ടനെ സ്നേഹിച്ചത്,. ചേച്ചി തന്നെയാണ് കണ്ണേട്ടന്റെ ഭാര്യ ആവേണ്ടതും,.. ”
ബാല പൊട്ടിക്കരഞ്ഞു,..
“പ്ലീസ് അമ്മൂ,.. ഒന്ന് പോയിത്താ !”
“ഞാനെല്ലാം എല്ലാരോടും തുറന്നു പറയും,.. ” കതകുകൾ തുറക്കപ്പെട്ടു,. ബാല അമ്മുവിനെ മുറിക്കകത്തേക്ക് വലിച്ചു കയറ്റി,.
“നീയാരോടും ഒന്നും പറയില്ല അമ്മൂ,.. സത്യം ചെയ്യ് !”
“ഇല്ല,. എനിക്ക് പറ്റില്ല !”
“നീ സത്യം ചെയ്തേ പറ്റൂ,. അല്ലേൽ നിന്റെ മുന്നിൽ വെച്ച് ഞാനെന്റെ ജീവനെടുക്കും !”
അമ്മു ഞെട്ടിപ്പോയി,. തൽക്കാലം ബാലയെ അനുസരിക്കുകയല്ലാതെ അവൾക്ക് വേറെ വഴി ഉണ്ടായിരുന്നില്ല,..
**********
“എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല !”
“ഒന്ന് പതുക്കെ പറയൂ കണ്ണാ,. അച്ഛൻ കേൾക്കും !”
“കേൾക്കട്ടെ,. അമ്മയ്ക്ക് എല്ലാം അറിയാവുന്നതല്ലേ,. അമ്മൂനെ ഒരിക്കലും എന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല,… ”
“അതെന്താ നിനക്ക് കഴിയാത്തത് ?”
രവീന്ദ്രൻ മുറിയിലേക്ക് കേറി വന്നു,. ലതിക അവനോട് ഒന്നും പറയരുതെന്ന് അപേക്ഷിച്ചു,..
“ചോദിച്ചത് കേട്ടില്ലേ, എന്താ കഴിയാത്തതെന്ന് ?”
“അത്, പിന്നെ,. അവളെ ഞാനെന്റെ പെങ്ങളെപ്പോലെയാ കണ്ടത് !”
“അത് കുഴപ്പമില്ല, ഇനി മാറ്റി കണ്ടാൽ മതി !”
“അച്ഛാ,.. ”
“എന്തെങ്കിലും പറയാനുണ്ടോ ?”
ഒന്നുമില്ലെന്ന് അവൻ തലയാട്ടി,. ലതികയ്ക്ക് കരച്ചിൽ വന്നു,..
“എന്നാ,. ഈ വെക്കേഷനിൽ തന്നെ കല്ല്യാണം,. സേതു തിരിച്ചു പോകും മുൻപ് !”
കാർത്തിക്ക് ഞെട്ടലിൽ അച്ഛനെ നോക്കി,.
“ഇത്ര പെട്ടന്ന് ?”
“എന്താ പറ്റില്ലേ ?”
അവൻ മറുപടി പറഞ്ഞില്ല,..
“കണ്ണനെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം !”
“മ്മ്,. എന്നാൽ നിനക്ക് കൊള്ളാം !”
രവീന്ദ്രൻ പോയതും ലതിക വാതിലടച്ചു,.
“അച്ഛന്റെ ഈ സ്വഭാവം കാരണം സഹികെട്ടിട്ടാവും ഭാനു ആന്റി സേതു അങ്കിളിന്റെ കൂടെ ഇറങ്ങിപ്പോയത്,.. ”
“ഒന്ന് പതുക്കെ പറ കണ്ണാ,.. ”
“എത്ര കാലം അമ്മയ്ക്കെന്റെ ശബ്ദം അടക്കിവെയ്ക്കാൻ കഴിയും ?”
ലതിക അവനെ ചേർത്തുപിടിച്ചു കരഞ്ഞു,..
*******
“എന്താ അച്ഛാ ഇവിടെ നടക്കുന്നത്? എന്തിനാ എന്നെ ഇത്ര പെട്ടന്ന് കല്ല്യാണം കഴിപ്പിക്കണത്? ”
“അമ്മു അത് നിന്റെ ജാതകം നോക്കിയപ്പോൾ,.. ”
“ജാതകം നോക്കിയപ്പോ എന്താ അച്ഛാ? ” സേതുമാധവൻ തല കുനിച്ചു,..
“പറയാൻ? ”
“പതിനെട്ടാം വയസ്സിൽ നിന്റെ കല്ല്യാണം നടത്തണം അല്ലെങ്കിൽ,. പിന്നെ 30 വയസ്സ് കഴിഞ്ഞുപോകുമെന്ന് പറഞ്ഞു…. ”
“അച്ഛാ ആർ യൂ സീരിയസ്? ജാതകം,.. അച്ഛനും ഇതിലൊന്നും വിശ്വാസമില്ലായിരുന്നല്ലോ,.. ഇപ്പോ ഇതെന്തു പറ്റി? ”
“അമ്മൂ മോളെ, അത്,.. ”
“ഏതോ വിഡ്ഢിയായ ജ്യോത്സ്യൻ എന്തോ പറഞ്ഞെന്നും പറഞ്ഞ്,. ഇപ്പോഴേ എന്നെ വിവാഹം കഴിപ്പിച്ചയക്കാനാണോ? അതയാളുടെ വയറ്റിപിഴപ്പ്,. എനിക്കതിലൊന്നും തീരെ വിശ്വാസം ഇല്ല,.. ”
“ശരിയാ എനിക്കും വിശ്വാസമില്ലായിരുന്നു,. എന്നാൽ നിന്റെ ജീവൻ വെച്ചു കളിക്കാൻ എനിക്ക് വയ്യ,. എന്റെ ഭാനുവിന് സംഭവിച്ചത് നിനക്ക് സംഭവിച്ചുകൂടാ !” അമ്മു ഞെട്ടലിൽ സേതുവിനെ നോക്കി.. എങ്കിലും സംയമനം പാലിച്ച് അവൾ ചോദിച്ചു
“അമ്മ നമ്മളെ വിട്ട് പോയത് അതിന് അച്ഛന്റെയും അമ്മയുടെയും ജാതക ദോഷം കൊണ്ടാണെന്ന് ആരാ അച്ഛന്റെ അടുത്ത് പറഞ്ഞത്? ”
“എനിക്ക് നീ മാത്രേ ഉള്ളൂ അമ്മൂ,!”
സേതുവിൻറെ മിഴികൾ നിറഞ്ഞു,. അച്ഛന്റെ അവസ്ഥ കണ്ട് അമ്മുവും ധർമ്മസങ്കടത്തിലായി,..
“ഓക്കേ,. സമ്മതിച്ചു,.. ബട്ട് വൈ ഡിഡ് യൂ ചൂസ് കണ്ണേട്ടൻ? ”
“കണ്ണൻ നല്ലവനാ മോളെ, പിന്നെ നിന്റെ മുറച്ചെറുക്കനും ആണ്, !”
നല്ലവനാണ് പോലും എന്നിട്ടാണോ,. ബാലേച്ചിയെ ചതിച്ചത്,..
“എന്റെ മാത്രമാണോ, ബാലേച്ചിയുടെ കൂടെ മുറച്ചെറുക്കനല്ലേ കണ്ണേട്ടൻ? ”
“സ്ഥാനം കൊണ്ട് നീയാണ്,. ബാലയെക്കാൾ മൂത്തത്,… പിന്നെ നിന്റെയും കണ്ണന്റെയും ജാതകങ്ങൾ തമ്മിൽ പത്തിൽ പത്തു പൊരുത്തമാണ്,.. ജന്മാന്തര ബന്ധം ആണത്രേ ”
” ജന്മാന്തര ബന്ധം ! ഒരു ജോലി പോലും ഇല്ലാത്ത ഒരാളെക്കൊണ്ടാണോ അച്ഛനെന്നെ വിവാഹം കഴിപ്പിക്കണത്? എന്റെ ഭാവിക്ക് എന്ത് സെക്യൂരിറ്റിയാ ഉള്ളത്? ”
“കണ്ണൻ എം. ബി. എ ഫൈനൽ ഇയർ ആണ്,. ഈ വർഷം കഴിയുമ്പോൾ ജോലിയും ആകും,. ഇനി ജോലി ആയില്ലെങ്കിൽ തന്നെ രവിയേട്ടനെത്ര ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്,. പിന്നെ എനിക്കുള്ള സമ്പാദ്യമെല്ലാം നിന്റേതല്ലേ? ”
അച്ഛന്റെ അടുത്ത് ഇനിയൊരു ഐഡിയയും ഏൽക്കില്ലെന്ന് അമ്മുവിന് ബോധ്യമായി… കാരണം അച്ഛന്റെ മനസ്സിലിപ്പോഴും അമ്മയുടെ മരണത്തെക്കുറിച്ചാണ് ചിന്ത,. അതായിരിക്കും പറഞ്ഞു പതിപ്പിച്ചത്,. അച്ഛന്റെയും അമ്മയുടെയും ജാതകങ്ങൾ തമ്മിൽ ചേരാത്തത് കൊണ്ടാണെന്ന്,..
“പിന്നെ അമ്മൂ,. നിന്നെ വേറെ എവിടെ പറഞ്ഞ ഇനിയെന്തെങ്കിലും ചെയ്യാൻ കണ്ണനെ കൊണ്ട് മാത്രമേ പറ്റൂ,.. പക്ഷേ ആരോടും ഒന്നും തുറന്നു പറയില്ലെന്ന് ബാലയ്ക്ക് വാക്ക് കൊടുത്തതാണ്,.. എന്തായാലും കാർത്തിക്കിനെ കണ്ടേ പറ്റുള്ളൂ,.. അവൾ കാർത്തിക്കിന്റെ മുറിയുടെ നേരെ നടന്നു,…
“കുട്ടിയിതെങ്ങോട്ടാ? ” സാവിത്രി കുഞ്ഞമ്മ.
“അത് പിന്നെ കണ്ണേട്ടനെ കാണാൻ !”
“കണ്ണനെ കാണാതെ ഇരിക്കവയ്യെന്നായീല്ലേ? ”
“അതോണ്ടല്ല,”
“എന്തായാലും വിവാഹം കഴിയുന്ന നേരം വരെയും പരസ്പരം കാണാൻ പാടില്ല എന്നൊരു ആചാരമുണ്ട് ഈ ഇല്ലത്ത്, കാര്യം നമ്മൾ ഈ ഇല്ലത്തെ അല്ലെങ്കിലും,. ഇവിടേക്ക് ചേരേണ്ടതല്ലേ കുട്ടി? ആചാരങ്ങൾ തെറ്റിക്കണത് ശരിയല്ലല്ലോ,. കുട്ടി വര്വാ… ചടങ്ങുകൾ തുടങ്ങാനായി !”
സാവിത്രി അമ്മുവിന്റെ കൈ പിടിച്ചു നടന്നു,.
അവസാനവഴിയും അടഞ്ഞിരിക്കുന്നുവെന്ന് അമ്മുവിന് ബോധ്യമായി,..
അമ്മുവിന്റെ പിറന്നാളാഘോഷ ചടങ്ങുകളിലെങ്കിലും കാർത്തിക്ക് വരുമെന്നവൾ പ്രതീക്ഷിച്ചു,. എന്നാൽ അതുണ്ടായില്ല,..
പതിനെട്ട് ആവേണ്ടിയിരുന്നില്ല അമ്മു മനസ്സിലോർത്തു,.
വിവാഹത്തിന് മുൻപുള്ള ചടങ്ങുകളും ആഘോഷമായിത്തന്നെ നടന്നു,.. ഒരാഴ്ച്ച കടന്നു പോയതറിഞ്ഞില്ല,. നാളെ മേലേപ്പാട്ടില്ലത്തെ കണ്ണൻ തമ്പുരാന്റെ വേളിയായി മാറും ഈ അമ്മു,.
അമ്മുവിനെ ഏറ്റവും കൂടുതൽ തളർത്തിയത് ബാലയുടെ അസാന്നിധ്യമായിരുന്നു,. ഒരിക്കൽ പോലും തന്നെയൊന്ന് കാണാൻ കൂടി കൂട്ടാക്കിയില്ല ബാലേച്ചി ! മുന്നിൽ പോവാൻ തനിക്കും ധൈര്യമുണ്ടായിരുന്നില്ല,. ഇനി വയ്യ,.
രണ്ടും കൽപ്പിച്ചു അമ്മു ബാലയുടെ കതകിൽ മുട്ടി,…
“കതക് തുറക്ക് ബാലേച്ചി,… ”
“അമ്മു, കുട്ടി അവിടേക്ക് പോവണ്ട , ബാലയ്ക്ക് വയ്യാണ്ടിരിക്കുവാ,. ചടങ്ങിലൊന്നും പങ്കെടുക്കാൻ പറ്റില്ല,… ”
ചിറ്റയ്ക്കും എല്ലാം അറിയാമായിരുന്നോ?
“എല്ലാവരോടും പറയുന്ന കള്ളം ചിറ്റ എന്നോടും ആവർത്തിക്കണമെന്നില്ല,… ”
“പിന്നെന്താ അമ്മു പറയേണ്ടത് ? അവൾ സ്നേഹിച്ച പയ്യൻ അനിയത്തിയെ വിവാഹം ചെയ്യുന്നത് കണ്ടു നിൽക്കാൻ മനക്കട്ടി ഇല്ലാത്തോണ്ട്, മുറിയിൽ കേറി ഒളിച്ചിരിക്കുവാണെന്നോ ?”
അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി,.
“ചിറ്റേ ഞാനെല്ലാം അറിഞ്ഞു വെച്ചുകൊണ്ട് എന്റെ ബാലേച്ചിയെ ചതിക്കുമെന്ന് തോന്നുന്നുണ്ടോ? ഇഷ്ടമുണ്ടായിട്ടാണ് ഈ വിവാഹത്തിന് ഞാൻ സമ്മതം മൂളിയതെന്ന്ചിറ്റയ്ക്ക് തോന്നുന്നുണ്ടോ? ”
“നിനക്കൊന്നും അറിയില്ല അമ്മു,.. അല്ലെങ്കിലും ഈ തറവാട്ടിൽ പെണ്ണുങ്ങളുടെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയുമില്ല,. എന്താണോ എന്റെയും ഭാനു ഒപ്പുവിന്റെയും അടുത്ത് സംഭവിച്ചത്,. അത് തന്നെ നിന്റെയും ബാലയുടേയുമൊക്കെ ജീവിതത്തിൽ ആവർത്തിക്കുന്നു,.. ”
അമ്മു ഒന്നും മനസിലാവാത്തത് പോലെ ഭാമയെ നോക്കി,.
“ഭാനു ഓപ്പു പക്ഷേ സേതുവേട്ടന്റെ ഒപ്പം ഇറങ്ങി പോവാൻ ധൈര്യം കാണിച്ചു,.. എന്നാൽ എനിക്കത് കഴിഞ്ഞില്ല,.. ”
ഭാമ ഭിത്തിയിൽ തൂക്കിയ ഫോട്ടോയിലേക്ക് നോക്കി,. അതവരുടെ ഭർത്താവ് കൃഷ്ണനമ്മാവന്റെ ഫോട്ടോ ആയിരുന്നു,…
“ഇവിടെ എന്നും പെണ്ണുങ്ങൾ നിശ്ശബ്ദരായിരുന്നു,. എന്റെ മുത്തശ്ശന്റെ കാലം തൊട്ടേ അങ്ങനെയാ, അവരുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കാനുള്ള അവകാശവും കുടുംബത്തിലെ ആണുങ്ങൾക്കായിരുന്നു,. അങ്ങനെയാ,. മുറച്ചെറുക്കനായ കൃഷ്ണേട്ടനുമായി ഭാനു ഓപ്പുവിന്റെ വിവാഹം നിശ്ചയിച്ചത്,. ഓപ്പു ഡിഗ്രിക്ക് പഠിക്കുമ്പോൾ,. മുക്കുടിയനായ അയാളെ വിവാഹം ചെയ്യാൻ ഓപ്പു സമ്മതിച്ചില്ല,.. ഓപ്പു സേതുവേട്ടനുമായി പ്രണയത്തിലായിരുന്നു ,.
രവിയേട്ടനും മുത്തശ്ശനും അമ്മാവന്മാരും ചേർന്ന് ഭാനു ഓപ്പുവിനെ തല്ലിചതച്ചു, രാവുകളും പകലുകളും ഇരുട്ട്മുറിയിൽ പൂട്ടിയിട്ടു,. എന്നാൽ ഓപ്പുവിന് രക്ഷപെടാൻ ഞാനാണ് വഴിയൊരുക്കികൊടുത്തത്,. അങ്ങനെ വിവാഹത്തലേന്ന് ഓപ്പു സേതുവേട്ടനൊപ്പം ഒളിച്ചോടി,.. പക്ഷേ ആ ധീരമായ രക്ഷപെടുത്തലിന് എന്റെ ജീവിതം ബലി കൊടുക്കേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല,. പറഞ്ഞ മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നു,. കുടുംബത്തിന്റെ മാനം കാക്കാൻ ചേച്ചിയ്ക്ക് പകരം പതിനെട്ട് പോലും തികയാത്ത അനിയത്തിക്ക് തന്റെ ഇരട്ടി പ്രായമുള്ള ആളുടെ താലിക്ക് മുൻപിൽ കഴുത്ത് നീട്ടേണ്ടി വന്നു .. ”
ഭാമ നേര്യതിൻ തുമ്പാൽ മിഴികൾ തുടച്ചു,…
ചിറ്റ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചു അമ്മ പണ്ട് അച്ഛനോട് പറഞ്ഞത് കേട്ട ഓർമയുണ്ട്. ചിറ്റയുടെ ജീവിതം നശിക്കാൻ താനാണ് കാരണമെന്ന് പറഞ്ഞു ഇടക്കിടക്ക് കരയുമായിരുന്നു,. എന്നാൽ ഇതാണ് ആ കാരണമെന്ന് ഇപ്പോഴാണറിയുന്നത്,..
“ചിറ്റേ എങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഓടി പോവാണെങ്കിൽ,. എനിക്ക് പകരം ബാലേച്ചി കണ്ണേട്ടന്റെ വധുവാകില്ലേ? ” അമ്മു ഭാമയെ പ്രതീക്ഷയോടെ നോക്കി,.
“ഇല്ല മോളെ,. ” അമ്മുവിന്റെ മുഖം മങ്ങി,.
“അതെന്താ ചിറ്റേ? ”
“അമ്മൂ,. ഞാൻ പറയുന്നത് കേൾക്ക്,. ഭാനു ഓപ്പു ഇറങ്ങിപ്പോയതിന്റെ നാണക്കേട് ഇതുവരെ തീർന്നിട്ടില്ല,. നീയും ആ ചരിത്രമാവർത്തിച്ചാൽ പിന്നെ,… ”
വല്ലാത്തൊരു ധർമ്മസങ്കടത്തിലാണ് താൻ പെട്ടിരിക്കുന്നതെന്ന് അമ്മുവിന് മനസിലായി,…
“മോള് പോയി കിടന്നോ,. നാളെ നേരത്തെ എണീക്കേണ്ടതാ,. ബാലയെ ഓർത്ത് വിഷമിക്കണ്ട,.. ഇപ്പോ വിഷമമൊക്കെ ഉണ്ടാകും,. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും,.. ”
“എന്നാലും !”
“നീയും എനിക്ക് ബാലയെ പോലെ തന്നെയാ,.. ഒരമ്മയുടെ സ്ഥാനത്തല്ല നിന്റെ അമ്മയായിതന്നെ പറയുകയാ,. എന്റെ മോൾ നല്ലൊരു ഭാര്യയായിരിക്കണം,. അവന്റെ ഭാഗത്ത് നിന്നും വെറുപ്പും അവഗണനയും ഒക്കെ ഉണ്ടാകാം എങ്കിലും നാളെ അവൻ നിന്റെ കഴുത്തിൽ കെട്ടാൻ പോകുന്ന താലിക്കൊരു മഹത്വമുണ്ട്,. അത് മറന്നെന്റെ കുട്ടി ഒരിക്കലും പെരുമാറരുത് !”
ഭാമ അവളുടെ നെറുകിൽ ചുംബിച്ചു,.
“പോയി കിടന്നോ !” അവരുടെ ചുംബനം മനസ്സിൽ കത്തിയെരിയുന്ന ചിന്തകൾക്ക് മേൽ ഒരു നനവായി അമ്മുവിന് തോന്നി,..
എല്ലാം ഒരുക്കവും പൂർത്തിയായിരിക്കുന്നു,.. പൊതുവെ എല്ലാ കല്യാണവീടുകളിലും കണ്ടു വരാറുള്ള പതിവ് പോലെ തന്റെ അച്ഛനും ഓടി നടക്കുകയാണ്,.. സന്തോഷത്തോടെ,. അതിലേറെ ടെൻഷനോടെ,.
താനായിട്ട് ഈ സന്തോഷങ്ങൾ നശിപ്പിച്ചാൽ,, തന്റെ അമ്മ വീട്ടുകാരോട് ചെയ്ത അതേ തെറ്റു താനും ആവർത്തിച്ചാൽ,.. അച്ഛനത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല,. വീണ്ടും ഒരു ദുരന്തം കൂടി ആവർത്തിക്കാൻ വയ്യ…
ഈശ്വരാ എല്ലാം സഹിക്കാനുള്ള കരുത്ത് നീയെൻറെ ബാലേച്ചിക്ക് കൊടുക്കണേ !
അമ്മു കതകടച്ചു,.. ഇത്രയും നേരം ചിരിച്ചു പിടിച്ച മുഖത്ത് കണ്ണുനീർ ചാലുകൾ ഒലിച്ചിറങ്ങി,… ബാലയുടെയും അവസ്ഥ വിപരീതമായിരുന്നില്ല,.. ഭാമയുടെ മടിയിൽ ഒരു കണ്ണീർമഴയായി അവളുടെ സങ്കടങ്ങൾ പെയ്തിറങ്ങി !
*********
“മുഹൂർത്തമാവാനായി,. നീയിത് വരെ ഒരുങ്ങിയില്ലേ? ”
കാർത്തിക്ക് മറുപടി പറഞ്ഞില്ല,. അത് രവീന്ദ്രനെ കുറച്ചൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്,.
“നിന്റെ മനസിലുള്ളത് എന്തായാലും നടക്കാൻ പോണില്ല,. ഇവിടെ ഒരുപാട് പേർ വരുന്നതാ,. വെറുതെ അവരെക്കൊണ്ടൊന്നും പറയിപ്പിക്കാൻ നിൽക്കരുത്,.. ”
“കണ്ണൻ ഇതുവരെ റെഡി ആയില്ലേ ?” ലതിക അവർക്കരികിലേക്ക് വന്നു,..
“ഞാൻ പറയുകയായിരുന്നു നിന്റെ മോനോട്,.. വെറുതെ ഓരോന്ന് പറയിപ്പിക്കരുതെന്ന് !”
“അവനെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം,. രവിയേട്ടൻ പൊയ്ക്കോളൂ !” ലതിക മകനെ അപേക്ഷയെന്നവണ്ണം നോക്കി,…
“എനിക്ക് മനസിലായി,. ഇനിയങ്ങോട്ടേക്കും ഒരാഴ്ച്ചയായി ഞാൻ കെട്ടിക്കൊണ്ടിരിക്കുന്ന വേഷം തുടരണമെന്നല്ലേ? ” അവൻ ലതികയുടെ കൈയ്യിൽ നിന്നും വിവാഹ വസ്ത്രങ്ങൾ ദേഷ്യത്തോടെ പിടിച്ചു വാങ്ങിച്ചു,.
*******
“അമ്മൂ,.. ന്റെ കുട്ടി ഹാപ്പി അല്ലേ? ”
സേതു മാധവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു,.. അമ്മു പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“അതേ അച്ഛാ,… ”
“സേതുവേട്ടാ,.. മുഹൂർത്തമാവാനായി,. ” ഭാമ പറഞ്ഞു,.
അമ്മുവിന്റെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു,…
ഈ അവസാനനിമിഷമെങ്കിലും ആരെങ്കിലും രക്ഷകനായി ഓടിയെത്തിയിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു,.. കൈക്കുമ്പിൾ നിറയെ പാരിജാതപ്പൂക്കളുമായി !
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission