തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു.
ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട് താൻ തരമാക്കാം എന്നും മേനോൻ അയാളോട് പറഞ്ഞു.
അഭിക്ക് ആ വാക്കുകളിൽ വിശ്വാസം വന്നില്ല.അയാൾ നിഷേധ സൂചനയോടെ തല വെട്ടിച്ചു.
തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവും.പക്ഷേ സത്യം അതൊരിക്കലും മാറ്റപ്പെടുന്ന ഒന്നല്ല.രുദ്രൻ അഭിയെ നോക്കി ചിരിച്ചു.
ഒരു കാര്യം ചെയ്യൂ.കൈയ്യും കാലും കഴുകി മന്ത്രപ്പുരയിലേക്ക് വരൂ.തനിക്ക് സത്യം കണ്ടറിയാം.
കഴിഞ്ഞ കാര്യങ്ങൾ കണ്ടറിയുകയോ,അതെങ്ങനെ സാധ്യമാവും തിരുമേനി.
താൻ പറഞ്ഞത് അനുസരിക്കുക.
മറുചോദ്യം വേണ്ടാ.രുദ്രന്റെ മുഖം ഗൗരവപൂർണ്ണമായി.
പെട്ടന്ന് അയാളിലുണ്ടായ മാറ്റം അഭിയുടെ നാവിനെ നിശബ്ദമാക്കി.
മറുത്തൊന്നും ചോദിക്കാതെ അയാൾ രുദ്രന്റെ വാക്കുകളെ അക്ഷരം പ്രതി അനുസരിച്ചു.
മാന്ത്രികപ്പുരയിലെ തേവാര മൂർത്തികൾക്ക് മുൻപിൽ നിറഞ്ഞു കത്തുന്ന വിളക്കുകളിൽ നെയ്യ് പകർന്ന് അവയെ കൂടുതൽ ജ്വലിപ്പിച്ചു രുദ്രൻ.
അഭിമന്യു ഭക്ത്യാദരപൂർവ്വം തൊഴുതു നിന്നു.ശേഷം മുൻപിൽ വിരിച്ചിരുന്ന പായയിൽ ഇരുന്നു.
രുദ്രശങ്കരൻ മന്ത്രോച്ചാരണങ്ങൾ ഉരുക്കഴിച്ചു.അരിയും പൂവും എടുത്ത് അഭിയുടെ കൈയ്യിൽ കൊടുത്ത് മൂന്ന് തവണ തലയ്ക്ക് ഉഴിയാൻ കല്പ്പിച്ചു.
അഭി തലയ്ക്കുഴിഞ്ഞു നൽകിയ അരിയും പൂവും രുദ്രൻ ദേവിയുടെ കാൽക്കൽ സമർപ്പിച്ച് ദേവിയെ സ്തുതിച്ചു.
ഓം ദുർഗ്ഗായെ നമ:
ഓം ചണ്ഡികേ നമ:
ഓം മഹാതന്ത്രന്ജ്ജേ നമ:
ഓം മഹാ കാളീ നമ:
തന്റെ കണ്ണുകൾ അടഞ്ഞു വരുന്നത് അഭി അറിഞ്ഞു.രുദ്രൻ ചൊല്ലുന്ന മന്ത്രങ്ങൾ വിദൂരതയിൽ നിന്നെന്ന വണ്ണം അയാൾ കേട്ടു.
ശക്തമായ ദേവീ മന്ത്രങ്ങൾ പതിയെ അയാളുടെ മനസ്സിനെ വർഷങ്ങൾ പിന്നോട്ട് സഞ്ചരിപ്പിച്ചു.
മേനോനും കൂട്ടരും കൃഷ്ണ വാര്യരുടെ വീട്ടിൽ ഇരിക്കുന്നത് മുതലുള്ള കാര്യങ്ങൾ അയാൾ സ്വപ്നത്തിലെന്ന പോലെ കണ്ടു.
വാര്യരെ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.എന്ത് ചെയ്യാം സമൂഹത്തിലുള്ള എന്റെ നിലയും വിലയും അത് വാര്യരെ ഞാൻ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ.
കൃഷ്ണ വാര്യർ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.മേനോനെ കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിലുണ്ടെങ്കിലും അയാളത് പ്രകടിപ്പിച്ചില്ല.
അപ്പോ വാര്യരെ,പറഞ്ഞു വന്നത് ന്താ വച്ചാൽ.ഈ കുഴപ്പങ്ങളിൽ നിന്നും രക്ഷപെടാൻ ഞാൻ ഒരു വഴി പറയാം.
വാര്യർ പ്രതീക്ഷയോടെ മേനോനെ നോക്കി.മേനോൻ അദ്ദേഹം പറയും പോലെ.ഞാൻ ന്ത് വേണം പറഞ്ഞാൽ മതി.
നല്ലത്.പിന്നെ ഞാൻ ഒരു സഹായം ചെയ്യുമ്പോൾ തിരിച്ച് എനിക്കെന്താ തരിക.
വാര്യർ എന്ത് പറയും എന്നറിയാതെ പകച്ചു.അതിപ്പോ ഞാൻ അയാൾ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നത് കണ്ട കൃഷ്ണ മേനോൻ ഇടയ്ക്ക് കയറി.
ഒരു കാര്യം ചെയ്യൂ വാര്യരെ.തന്റെ ഈ ഭാര്യയെ ഒരു ദിവസത്തേക്ക് മംഗലത്തേക്ക് അയക്ക്.അയാൾ കുമാരനെ നോക്കി ഒരു കണ്ണടച്ചു ചിരിച്ചു.
വെറുതെ വേണ്ട തനിക്ക് രക്ഷപെടാൻ വേണ്ടുന്ന എല്ലാ സഹായവും ചെയ്യാം പറ്റിയാൽ തന്റെ മകൾക്ക് ഒരു കൂട്ടും ആക്കിത്തരാം.
അത്രയും പറഞ്ഞുകൊണ്ട് ഒരു വഷളൻ ചിരിയോടെ അയാൾ വാര്യരുടെ ഭാര്യയെ നോക്കി.
പ്രായം അറിയിക്കാത്തത്ര സൗന്ദര്യം അവർക്കുണ്ടായിരുന്നു.നല്ല ഐശ്വര്യം വിളങ്ങുന്ന മുഖമുള്ള അവരെ ആരും ഒന്ന് നോക്കിപ്പോകും.
ആ സാധു സ്ത്രീ മേനോന്റെ വാക്കുകൾ കേട്ട് ഞെട്ടി.പൊതുജന മധ്യത്തിൽ വിവസ്ത്രയാക്കപ്പെട്ടത് പോലെ അവർക്ക് തോന്നി.
അവർ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി മറഞ്ഞു.
വാര്യരുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.മേനോൻ അദ്ദേഹം… അയാൾ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു.
വീട്ടിലെ പെണ്ണുങ്ങളുടെ മാനം വിറ്റ് ജീവിക്കേണ്ട ഗതികേട് എനിക്കില്ല.
അദ്ദേഹമെന്നും തമ്പ്രാൻ എന്നുമൊക്കെ വിളിച്ച നാവ് കൊണ്ട് തന്തയ്ക്ക് വിളിക്കേണ്ട എങ്കിൽ ഇറങ്ങിക്കോ എന്റെ വീട്ടിൽ നിന്നും.വാര്യർ ബാധ കൂടിയവനെപ്പോലെ വിറച്ചു.
ഛീ നിർത്തേടോ പരമ ചെറ്റേ. മേനോൻ ചാടിയെഴുന്നേറ്റ് വാര്യരുടെ നേരെ കുതിച്ചു.
രംഗം പന്തിയല്ല എന്ന് മനസ്സിലായ കുമാരനും കൂട്ടരും മേനോനെ വട്ടം പിടിച്ച് വലിച്ച് അവിടെ നിന്നുമിറങ്ങി.
തിരികെ വീട്ടിലെത്തിയ കൃഷ്ണ മേനോൻ വെരുകിനെപ്പോലെ നടന്നു.
ആ പകൽ തീരും മുൻപേ ഗ്രാമത്തിൽ മേനോന്റെ ഉത്തരവിറങ്ങി കള്ളൻ വാര്യർക്കൊ വീട്ടുകാർക്കോ പച്ചവെള്ളം പോലും കൊടുക്കരുത്.
ഗ്രാമത്തിലെ എല്ലാ കടകളിലും വീടുകളിലും മേനോന്റെ ഉത്തരവ് കുമാരൻ എത്തിച്ചു.
വാര്യരുടെ അവസ്ഥയിൽ വിഷമം തോന്നിയെങ്കിലും ഗ്രാമവാസികൾ മേനോന്റെ ഉത്തരവ് ലംഘിച്ചില്ല.
മേനോന്റെ വാക്കുകൾ ധിക്കരിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർത്ത് കടക്കാർ വാര്യർക്ക് സാധങ്ങൾ നൽകുന്നതിൽ നിന്നും പിന്മാറി.
ശ്രീപാർവ്വതി മംഗലത്ത് എത്തി ദേവകിയമ്മയെ കണ്ട് കാല് പിടിച്ചു.രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞു.
ദേവകിയമ്മ കരുണ കാണിക്കും എന്ന പ്രതീക്ഷയാണ് അവളെ അവിടെയെത്തിച്ചത്.
പക്ഷേ അവളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയാണ് ദേവകിയമ്മ സ്വീകരിച്ചത്.
ഛീ.ഇറങ്ങിപ്പൊയ്ക്കോ.നിന്റെ അമ്മ ആ ശീലാവതീടെ അഹങ്കാരം തീരട്ടെ. എന്നിട്ട് അവളോടും നിന്റെ തന്തയോടും ഇവിടെ വന്ന് അദ്ദേഹത്തോട് മാപ്പ് പറയാൻ പറ.
അദ്ദേഹം ഒന്ന് തൊട്ടാൽ അങ്ങ് ഉരുകിപ്പോകുമോ അവളുടെ ശരീരം. അവർ പുച്ഛം നിറഞ്ഞ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുടിക്ക് പിടിച്ച് മുറ്റത്തേക്ക് തള്ളി.
തെറിച്ചു വീണ ശ്രീപാർവ്വതിയുടെ നെറ്റി മുറിഞ്ഞു ചോരയൊഴുകി.മുറിഞ്ഞത് നെറ്റിയെങ്കിലും അവളുടെ ഹൃദയമാണ് വേദനിച്ചത്.
ദേവകിയമ്മ ഒരു സ്ത്രീയാണോ എന്ന് അവൾ ചിന്തിച്ചു.ഒരു സ്ത്രീയിൽ നിന്നും കേൾക്കാൻ സാധിക്കുന്ന വാക്കുകളല്ല അവർ പറഞ്ഞത്.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇതിലും ഭേദം മരിക്കുന്നെ അല്ലെ ന്റെ ദേവീ.അവൾ കരഞ്ഞു കൊണ്ട് സ്വയം ചോദിച്ചു.
വള്ളക്കടത്ത് ഗ്രാമത്തെ ഞെട്ടിച്ചു കൊണ്ടാണ് അടുത്ത പകൽ ഉദിച്ചുയർന്നത്.
ക്ഷേത്രത്തിന്റെ ആറാട്ട് കടവിൽ ഒരു ശവം പൊന്തിയിരിക്കുന്നു.
കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേക്ക് കുതിച്ചു.
കടവിലേക്ക് ഇറങ്ങാൻ കെട്ടിയിരിക്കുന്ന കരിങ്കൽ പടവുകളോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ശരീരം.
ഇന്നലത്തെ മഴയിൽ ഒലിച്ചു വന്നതാവും,ഹേയ് ആത്മഹത്യ തന്നെ ആൾക്കൂട്ടത്തിൽ നിന്നും ഓരോ വാദങ്ങൾ ഉയർന്നു.
ന്റെ ദേവി ആരാ ഇപ്പോ ഇവിടെ വന്ന് ആത്മഹത്യ ചെയ്യാൻ.ക്ഷേത്രത്തിലെ വെളിച്ചപ്പാട് പള്ളിവാള് കുലുക്കി മേൽപ്പോട്ട് നോക്കി.
ചെളിയിൽ പുതഞ്ഞു കിടക്കുന്നതിനാൽ സ്ത്രീയോ പുരുഷനോ എന്ന് ആർക്കും വ്യക്തമായില്ല.
ആരെങ്കിലും ഒന്നിറങ്ങി നോക്കൂ.വെളിച്ചപ്പാട് ചുറ്റും നോക്കി.
ചെറുപ്പക്കാരായ രണ്ട് പേർ ഇറങ്ങാൻ തയ്യാറായി മുൻപോട്ട് വന്നു.
കനത്ത ഒഴുക്ക് ഉണ്ടെങ്കിലും പടവിനോട് ചേർന്നുള്ള മരക്കുറ്റിയിൽ തങ്ങിയാണ് മൃതദേഹം നിൽക്കുന്നത്.
പടവിന്റെ ഇടക്കല്ലിൽ കാലുറപ്പിച്ച് അവർ ആ ശരീരം വലിച്ചടുപ്പിച്ചു.
ഹാ.നീയ്യ് അതൊന്ന് തിരിച്ചിട് കണ്ണാ ആണോ പെണ്ണോന്ന് അറിയട്ടെ.
കരയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.
ചെറുപ്പക്കാരിൽ ഒരാൾ പതിയെ മൃതദേഹം മലർത്തി കിടത്തി.
ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി.
ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു.
#തുടരും..
രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission