Skip to content

മീര

മീര malayalam story

ഹായ്… ഞാൻ ശ്രീ… ശ്രീക്കുട്ടൻ.. ശ്രീനികേത് എന്നു മുഴുവൻ പേര്. അച്ഛൻ ആർമിയിലാണ്. പേര് രാമചന്ദ്രമേനോൻ. അമ്മ ലത. ജോലി… അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. കുറേ പശുക്കളെയും കിളികളെയും ഒക്കെ നോക്കി കഴിയുന്നു.

ഒരു കാര്യത്തിൽ അച്ഛനോടും അമ്മയോടും എനിക്കു വല്യ ദേഷ്യമുണ്ട്.. എനിക്കൊരു പെങ്ങളില്ല.. ചേട്ടാനിയന്മാരുമില്ല. അതു സാരമില്ല. ഒരു പെങ്ങള് വേണ്ടതായിരുന്നു. അതിലെനിക്കു നല്ല വിഷമമുണ്ട്. പിന്നെ… എനിക്കു കല്യാണപ്രായമായി.. വീട്ടുകാര്…

”ഓ. നിർത്തടാ. ഇവൻ മൊത്തം കൊളമാക്കും. നിന്നെ ആരാടാ പ്രൊപ്പോസ് ചെയ്യാൻ പഠിപ്പിച്ചത്?”

ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒപ്പം പഠിച്ച കൂട്ടുകാരൻ വിനോദാണ്.

“എന്തേ? ഇഷ്ടായില്ലാ?”

“ഇല്ല..”

“നന്നായില്ലാ….!….”

”ഉവ്വ്. ഭേഷായി. നിന്നേംകൊണ്ടെറങ്ങിയ ഞങ്ങളെ തല്ലണം.”

അടുത്ത കൂട്ടുകാരന്റെ കമന്റ്.

” അവന്റെ ഒരു ഊശാൻ താടീം കോപ്പും. മണ്ണാങ്കട്ട.”

വായിൽ വന്ന തെറി മാറ്റിവച്ച് തൽക്കാലം അവൻ മണ്ണാങ്കട്ട എന്നാക്കി.

” നീയീ പറഞ്ഞ പോലാ ആ പെണ്ണിനോടു പറയാൻ പോണതെങ്കിൽ… പൊന്നുമോനേ.. നീ കുറിച്ചിട്ടോ.. അവള് … പൊടീം തട്ടി പാടുനോക്കി പോകും.”

“പോടാ പോ. ഇത്തവണ ഞാൻ ഉറപ്പായിട്ടും അവളോടു മുട്ടും.”

”ഉം. മുട്ടും. ചെവിക്കല്ല് പൊട്ടാതെ സൂക്ഷിച്ചോ നീയ്.”

“ഏയ്.. ഒന്നുമില്ലടാ. ഞാനറിയാത്ത പെൺകുട്ടിയൊന്നുമല്ലല്ലോ മീര?”

”ആണോ…? അവളെപ്പറ്റി നിനക്ക് എന്തറിയാം….? ആലുവയിൽ എവിടെയോ ആണ് വീട്. അവിടെ ഏതോ കോളജിൽ പഠിക്കുന്നു. അതല്ലാതെ മീരയുടെ വീട്ടിൽ ആരൊക്കെയുണ്ട്, അവരൊക്കെ എന്തു ചെയ്യുന്നു. വീട്ടിലെ സാഹചര്യം. ഇതൊന്നും ഇപ്പോഴും നിനക്കറിയില്ല. കുറേക്കാലമായി എല്ലാ ഇംഗ്ലീഷ് മാസവും മലയാളം മാസവും ഒന്നാം തീയതി നീ ഗുരുവായൂരിൽ പോകുന്നു. അവിടെ വച്ച് അവളെ കണ്ടുമുട്ടുന്നു. ഇത്രയുമല്ലേ എല്ലാത്തവണയും നടക്കുന്നുള്ളൂ…?”

ശ്രീക്കുട്ടന്റെ മുഖം ഒന്നു വാടി. അവൻ പറഞ്ഞതും ശരിയാണ്.

” എടാ. അപ്പോൾ.. രണ്ടുപേരോടും… നാളെ കാണാം. ഞാൻ റൂമിലേക്കു ചെല്ലട്ടെ..”

”നീ ടെൻഷനടിക്കണ്ടാ. ആദ്യം അവളുമായി സംസാരിക്കൂ… ഓരോന്ന് ആലോചിച്ച് മനസു വിഷമിപ്പിക്കണ്ട…”

അവൻ മുറിയിലേക്കു പോയി…

മേശപ്പുറത്തിരിക്കുന്ന ടൈംപീസിൽ സമയം 8.30 ആയി. ചെറുതായി ഒന്നു മയങ്ങാൻ സമയമുണ്ട്. രാത്രി പന്ത്രണ്ടു മണിയോടെയേ ഗുരുവായൂർ പാസഞ്ചർ എറണാകുളത്തെത്തൂ. ഇവിടെ നിന്ന് ഒരു പതിനഞ്ച് ഇരുപതു മിനിറ്റ്. 11 മണി വരെ മയങ്ങാം.

മീര…

അവളുണ്ടാകും ട്രെയിനിൽ.. ആലുവ സ്റ്റേഷനിൽനിന്ന് അവളും ആ യാത്രയിൽ…

ഏഴുമാസമായി അവളെ പതിവായി കാണാൻ തുടങ്ങിയിട്ട്. ഗുരുവായൂരിൽ കണ്ണനെ കണ്ടു തൊഴാനെത്തുന്നത് ജനലക്ഷങ്ങളാണ്. പക്ഷേ, ഓരോ മാസത്തെയും ഒന്നാം തീയതികളിൽ ഈ തിരക്കിനിടയിലും അവളെ കണ്ടെത്താറുണ്ട്.

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ആ തിരക്കിനിടയിലും അവളെ ഇങ്ങനെ മുറ തെറ്റാതെ കാണാൻ കഴിയുന്നത്. ഏഴു മാസത്തിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് കാണാതിരുന്നിട്ടുള്ളത്. അതൊരുപക്ഷേ, അവൾ വരാണ്ടിട്ടാകും, ശരീരം അനുവദിക്കാഞ്ഞിട്ടാവും.

ഒരു ഏപ്രിൽ മാസത്തിൽ പുലർച്ചെ ഗുരുവായൂർ സ്റ്റേഷനിൽ വച്ചാണ് അവളെ ആദ്യം കണ്ടത്. മടക്കയാത്രയിൽ ടിക്കറ്റെടുക്കാൻ നിന്നപ്പോൾ ക്യൂവിൽ തന്റെ മുന്നിൽ നിന്നത് ഒരു പെൺകുട്ടിയായിരുന്നു. അവളോടു വർത്തമാനം പറഞ്ഞുനിൽക്കുന്ന ഇളംറോസ് ചുരിദാർ ധരിച്ച കൂട്ടുകാരിയിലായിരുന്നു എന്റെ ശ്രദ്ധ പതിച്ചത്. അടക്കവും ഒതുക്കവുമുള്ള ഒരു ശാലീനസുന്ദരി. ഇവരുടെ കൂടെ വന്നവർ അവിടെ എവിടെയോ ഉണ്ട്. ക്യൂ നിൽക്കാൻ ഇവരെ നിയോഗിച്ചതാണ്. അവരുടെ സംഭാഷണത്തിൽ നിന്നും എന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ പേര് ശ്രുതി എന്നും കൂട്ടുകാരിയുടെ പേര് മീര എന്നുമാണെന്നു മനസിലാക്കി.

ടിക്കറ്റെടുക്കാൻ ശ്രുതിയുടെ ഊഴമായപ്പോൾ ചെറിയൊരു പ്രശ്നം. അഞ്ഞൂറു രൂപ നോട്ട് കൊടുത്തപ്പോൾ ചില്ലറ വേണമത്രേ. അവരുടെ കൈയിലാണെങ്കിൽ ചില്ലറയില്ല താനും. കൗണ്ടറിലിരിക്കുന്ന മനുഷ്യൻ വല്ലാതെ രോഷം കൊള്ളുന്ന സാഹചര്യത്തിൽ എന്റെ കൈയിലുണ്ടായിരുന്ന ചില്ലറ അവർക്കു നൽകി.

അൽപനേരത്തിനു ശേഷം ഞാൻ ടീ സ്റ്റാളിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവർ അവിടേക്കുവന്നു. നേരത്തേ ഞാൻ കൊടുത്ത രൂപ തിരികെ തന്നു. പരിചയപ്പെട്ടു വരുമ്പോഴേക്കും ട്രെയിൻ പുറപ്പെടാൻ ഹോൺ മുഴങ്ങി.

ഒരേ കോച്ചിലാണെങ്കിലും അകലെയാണ് സീറ്റ് കിട്ടിയത്.

അടുത്ത മാസം ഗുരുവായൂരിൽ പോയപ്പോൾ പുലർച്ചെ ക്ഷേത്രത്തിൽ വച്ചാണ് അവളെ കണ്ടത്. കണ്ണനെ തൊഴുതു മാറി ഗണപതി ഭഗവാന്റെ തിരുനടയ്ക്കു മുന്നിലെത്തിയപ്പോഴാണ് അവളെ കണ്ടത്. കുറേ നേരം കൂട്ടുകാരെപ്പോലെ വർത്തമാനം പറഞ്ഞു പിരിഞ്ഞു. പിന്നെയും ഓരോ തവണയും ഇതു തന്നെ ആവർത്തിച്ചു.

പിന്നീടെപ്പോഴോ അവൾ മനസിൽ കയറിപ്പറ്റി. വീട്ടിൽ അച്ഛനോടും അമ്മയോടും കാര്യം സൂചിപ്പിച്ചു. ആ കുട്ടിയോടു കാര്യം പറയൂ. ആലോചനയ്ക്ക് വീട്ടുകാരെ വിടാമെന്നു പറയാനായിരുന്നു അവരുടെ മറുപടി.

കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരുടെ അഭിപ്രായവും അതുതന്നെയാണ്…

*********************

രാത്രി ട്രെയിൻ വന്നപ്പോൾ 15 മിനിട്ട് വൈകി. ഒരു കമ്പാർട്ട്മെന്റിലും തിരക്കുണ്ടായിരുന്നില്ല. ഒരു കമ്പാർട്ട്മെന്റിലെ വിൻഡോ സീറ്റിൽ ശ്രീ സ്ഥാനം പിടിച്ചു. ട്രെയിൻ സ്റ്റേഷൻ വിട്ടു. കടന്നുപോകുന്ന കാഴ്ചകളിലൊന്നുമായിരുന്നില്ല ശ്രീക്കുട്ടന്റെ ശ്രദ്ധ. അവളെ കാണണം, കാര്യം അവതരിപ്പിക്കണം.

ആലുവ എത്തിയപ്പോൾ അയാൾ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. അവളെ കണ്ടില്ല. കടകളിലേക്കെല്ലാം കണ്ണു പായിച്ചു. അവസാനം തെല്ലു നിരാശനായി. സാരമില്ല.. ക്ഷേത്രത്തിൽ വച്ച് എന്തായാലും കാണാൻ പറ്റും. അയാളുടെ മനസ്സു പറഞ്ഞു.

ആലോചനയിലാണ്ടിരിക്കുമ്പോൾ ആരോ പുറത്ത് തട്ടി. തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകളെ വിശ്വസിക്കാനായില്ല. മീര…
നേരേ എതിരേയുള്ള സീറ്റിൽ അവൾ ഇരിപ്പുറപ്പിച്ചു. കലപില കലപില വർത്തമാനം പറയാൻ തുടങ്ങി.

”ഒപ്പം ആരുമില്ലേ?”

”ഉവ്വ്.. അപ്പുറത്തുണ്ട്. ഞാൻ കേറിയപ്പോഴേ ഇയാളെ കണ്ടതുകൊണ്ട് ഇവിടെ ഇരുന്നതാണ് ..”

നേരത്തേ കൂട്ടുകാർ കളിയാക്കിയ കാര്യം ഓർമ്മയിലുള്ളതുകൊണ്ട് അവളോടു കാര്യം പറയാൻ എന്തോ ഒരു ഭയം.

അപ്പോഴേക്കും അവൾ പറഞ്ഞു:

”എനിക്കൊരു വിശേഷം പറയാനുണ്ട്…”

”പറയൂ.”

”ഏയ്. ഇപ്പോൾ വേണ്ട. ഗുരുവായൂരിൽ എത്തട്ടെ. പറയാം.”

” ശരി. ആയിക്കോട്ടെ. എനിക്കും ഒരു കാര്യം പറയാനുണ്ട്. എനിക്കു സസ്പെൻസ് ഒന്നുമില്ല. ഇപ്പോൾത്തന്നെ പറയാം.”

”പറയൂ.”

“ഇനിയിപ്പോൾ ക്ലാസെല്ലാം കഴിഞ്ഞ സ്ഥിതിക്ക് കല്യാണം ആയിക്കൂടേ? നോക്കിത്തുടങ്ങിയോ? താൽപര്യക്കുറവില്ലെങ്കിൽ ഞാൻ വീട്ടിൽ വരാം. കാര്യം അവതരിപ്പിക്കാം.”

”’ഓഹോ. ആരാ ആള്?”

” തമാശയല്ല. കാര്യമായി പറഞ്ഞതാണ്. എനിക്കു വേണ്ടിത്തന്നെയാണ്. എനിക്ക് ഇഷ്ടമാണ്. ”

ഒരു നിമിഷം കൊണ്ട് അവളുടെ മുഖം മാറിയപോലെ തോന്നി. ആ കണ്ണുകൾ കലങ്ങിത്തുടങ്ങിയോ?

ശ്രീക്കുട്ടൻ എന്തെങ്കിലും പറയുംമുമ്പേ മീര എഴുന്നേറ്റു പോയി. ട്രെയിൻ അപ്പോഴേക്കും പൂങ്കുന്നം സ്റ്റേഷനിലെത്തിയിരുന്നു. അവളെ നോക്കിയെങ്കിലും കണ്ടില്ല. വേറേ കമ്പാർട്ട്മെന്റിൽ കയറിയോ ആവോ?
ശ്ശെ.. പറയേണ്ടിയിരുന്നില്ല ഇത്ര ധൃതി പിടിച്ച്..
തൊണ്ടക്കുഴിയിലെ ഉമിനീർ വറ്റുന്നതു പോലെ തോന്നി ശ്രീക്കുട്ടന്.

കൈയിലിരുന്ന മൊബൈൽ ശബ്ദിച്ചു. വിനോദായിരുന്നു. എന്തായി കാര്യം എന്നറിയാൻ വിളിക്കുന്നതാണ്. എന്തു പറയണം.. ഏതായാലും ഫോണെടുത്ത് അവനോടു സംഭവിച്ച കാര്യം പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള ഒരു വഴി കാണാൻ അയാൾക്കും സാധിച്ചില്ല.

ഗുരുവായൂരിൽ ട്രെയിനിറങ്ങുമ്പോൾ സ്‌റ്റേഷനിൽ വച്ച് മീരയെ കാണാമെന്ന ധാരണയും തെറ്റി. സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ അവൾ ഓട്ടോയിൽ കയറി പോകുന്നതാണ് കണ്ടത്. മറ്റാരൊക്കെയാണ് ഒപ്പമുണ്ടായിരുന്നതെന്നു കണ്ടതുമില്ല.

ക്ഷേത്രത്തിൽ ക്യൂ പതിവിലും കൂടുതലായിരുന്നു. ഉദയാസ്തമന പൂജയുള്ള ദിവസമായതിനാൽ ദർശനത്തിന്റെ സമയമൊക്കെ തെറ്റും. പ്രവേശനവാതിൽ കടന്ന് ക്യൂവിൽ തിക്കും തിരക്കും കൊണ്ട് അകത്തേക്കു കയറിയപ്പോൾ ക്ഷേത്രത്തിനുള്ളിലെ ഫ്ലൈ ഓവറിൽ മീരയെ കണ്ടു. അവിടേക്കെത്താൻ ഏറെ നേരം വേണ്ടിവരും. അപ്പോഴേക്കും അവൾ തിരുനടയിൽ എത്തിക്കഴിയും. എന്താ വേണ്ടതെന്ന് ആലോചിക്കുമ്പോഴാണ് ശ്രീക്കുട്ടൻ മീരയ്ക്കൊപ്പം നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടത്. അയാളോട് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അവളുടെ നിൽപ്പ്. ഒരു സാഗരം അലയടിച്ചു തന്റെ നേർക്കു വരുന്നതു പോലെ ശ്രീക്കുട്ടനു തോന്നി. ഒരുപക്ഷേ, അവൾ പറയാമെന്നു പറഞ്ഞ കാര്യം ഇതാകുമോ? അവളുടെ കല്യാണം…?
‘വൈകിപ്പോയി, വളരെ…..’

ക്യൂ മുന്നോട്ടു നീങ്ങി. കൊടിമരവും കടന്ന് കണ്ണന്റെ മുന്നിലെത്തിയപ്പോഴേക്കും കണ്ണു നിറഞ്ഞു, മനം ഇടറി. പക്ഷേ, കണ്ണനോടൊന്നും പറയാൻ കഴിഞ്ഞില്ല. സെക്യൂരിറ്റിക്കാർ തള്ളിനീക്കി. അല്ലെങ്കിൽത്തന്നെ എല്ലാമറിഞ്ഞു കൊണ്ട് കള്ളച്ചിരിയോടെ നിൽക്കുന്ന അമ്പാടിക്കണ്ണനോട് എന്തു പറയേണ്ടു.? കണ്ണന്റെ മുഖത്തും ഒരു തെളിച്ചക്കുറവുണ്ടോ? ഏയ്. കണ്ണൻ കരയുകയോ?

” എന്തുകൊണ്ടോ ശൗരി കണ്ണീരണിഞ്ഞു,
ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞിട്ടുള്ളൂ.”

കണ്ണാ നീയേ തുണ…

തൊഴുതിറങ്ങുമ്പോഴും മനസ് ശാന്തമായില്ല. പ്രസാദമൂട്ടിനു സദ്യാലയത്തിൽ കയറാൻ പടിയിൽ ക്യൂ നിന്നപ്പോഴും അവളെക്കുറിച്ചായിരുന്നു ചിന്ത. സദ്യാലയത്തിലേക്കു നിശ്ചിത എണ്ണം ആൾക്കാരെ കയറ്റിവിടും. നിറയുമ്പോൾ ഗേറ്റടയ്ക്കും. പിന്നെയും കാത്തുനിൽക്കണം.

” മോൻ… ശ്രീക്കുട്ടനല്ലേ.??”

പിന്നിൽ നിൽക്കുന്ന സ്ത്രീയാണ്.

”ഞാൻ മീരയുടെ അമ്മയാണ്…”

”അമ്മേ.. ഞാൻ.. എന്തോ തമാശ പറഞ്ഞു… അവൾ… പിണങ്ങി.. ”

”ഏയ്. അവൾ അങ്ങിനെ പിണങ്ങില്ല. പ്രത്യേകിച്ച് ശ്രീക്കുട്ടനോട്….

പിന്നെ… കുട്ടിക്കുറുമ്പ് മാറിയിട്ടില്ല. ഞങ്ങൾക്കു രണ്ടു മക്കളായിരുന്നു. അവളെ കൂടാതെ ഒരു മൂത്ത ആൺകുട്ടി കൂടി ഉണ്ടായിരുന്നു. മുകിൽ. അവൾക്ക് ജീവനായിരുന്നു അവനെ. രണ്ടു വർഷം മുമ്പ് ഒരു ഓണത്തിനു ടൂർ പോയിട്ടു വരുന്ന അവനെ കൂട്ടിക്കൊണ്ടുവരാൻ പോയതാ അച്ഛൻ. ആ യാത്രയിൽ.. ഒരു ലോറി ഇടിച്ചതാ. മുകിൽ അവിടെ വച്ചു തന്നെ പോയി. അച്ഛൻ രണ്ടു ദിവസം കഴിഞ്ഞും. ജീവൻ പോലെ സ്നേഹിച്ച അച്ഛനും ആങ്ങളയും പോയിട്ടും മീര കരഞ്ഞില്ല. പിന്നീട് കുറേ കാലത്തേക്ക് അവൾ ചിരിച്ചിട്ടുമില്ല. കൗൺസലിംഗ് ഒക്കെ നോക്കിയതാ…

പിന്നെ അവൾ അടുത്തകാലത്താ മാറിത്തുടങ്ങിയത്. മോനെ കണ്ടതിനു ശേഷമാ അവൾക്കു പഴയ ചിരിയും കളിയുമൊക്കെ വന്നത്….”

അപ്പോഴേക്കും ഗേറ്റ് തുറന്നു. അതു കൊണ്ട് കൂടുതലൊന്നും പറയാനും പറ്റിയില്ല. അല്ലെങ്കിൽത്തന്നെ എന്തു പറയാൻ? ഇക്കാലമത്രയും മനസിൽ കൊണ്ടു നടന്നിട്ട് ഇപ്പോൾ ഞാനാരായി. മുമ്പേ പറഞ്ഞുകൂടായിരുന്നോ അവൾക്ക്…??

ശ്രീക്കുട്ടൻ സദ്യ കഴിച്ചെന്നു വരുത്തി പുറത്തിറങ്ങി. നടന്നകന്നു. കിഴക്കേനടയിലെ പ്രവേശന കവാടത്തിനു മുന്നിൽച്ചെന്ന് ഒന്നുകൂടി തൊഴുതു തിരിച്ചുനടന്നു.

**********************

”ശ്ശെ.. ഒന്നും വേണ്ടിയിരുന്നില്ല.. കണ്ടുമുട്ടേണ്ടിയിരുന്നില്ല.”

റൂമിലെത്തി കൂട്ടുകാരോടു ശ്രീ കാര്യങ്ങൾ പറഞ്ഞു നിർത്തി.

സാരമില്ല, പോട്ടെ, എല്ലാം ശരിയാകും തുടങ്ങിയ പതിവു സമാശ്വാസ വാക്കുകൾക്കൊന്നും അയാളെ ആശ്വസിപ്പിക്കാൻ കഴിയില്ലെന്നു മനസിലായതു കൊണ്ട് അവർ പിന്നെ ഒന്നും പറഞ്ഞില്ല.

പിന്നീടു കുറേ യാത്രകളിൽ അവളെ കണ്ടില്ല. കാണാൻ ശ്രമിച്ചതുമില്ല. കുറേക്കാലം കഴിഞ്ഞ് ഒന്നു രണ്ടു തവണ കണ്ടെങ്കിലും അപരിചിതരെപ്പോലെ കടന്നുപോയി.

പിന്നീടൊരു ദിവസം മറ്റൊരു യാത്രയിൽ അവളെ കണ്ടു. തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു അത്. അടുത്തടുത്ത സീറ്റിലാണിരുന്നതെങ്കിലും ഒരക്ഷരവും മിണ്ടിയില്ല. ജനാലയിലൂടെ ദൂരേക്കു നോക്കിയിരിക്കുകയായിരുന്നു അവൾ അധികനേരവും. പഴയ പ്രസരിപ്പൊന്നും കാണാനില്ല.

ഏറെ നേരത്തെ മൗനത്തിനു ശേഷം
അയാൾ ചോദിച്ചു.

” എവിടേക്കാ? ഒറ്റയ്ക്കേയുള്ളോ? അമ്മ..?”

അൽപനേരം അവൾ ഒന്നും മിണ്ടിയില്ല. പിന്നീടു പതിയെ പറഞ്ഞു:

”വർക്കലയ്ക്ക്. ”

”അവിടെ?”

മറുപടിയൊന്നും വന്നില്ല.

വർക്കലയെത്തിയപ്പോൾ മീര ഇറങ്ങിപ്പോയി; ഒന്നും മിണ്ടാതെ.

*****************************

പിന്നീടവളെ മറന്നുകളയാൻ തന്നെ ശ്രീ തീരുമാനിച്ചു. അങ്ങനെ ശ്രീയുടെ അർദ്ധസമ്മതത്തോടെ അച്ഛനും അമ്മയും കൂടി കല്യാണാലോചന തുടങ്ങി.

ഒരു പ്രശസ്ത മാട്രിമോണിയൽ സൈറ്റിൽ ഫോട്ടോ സഹിതം വിവാഹാലോചന പരസ്യം ചെയ്യുകയും ചെയ്തു. അതിൽ താൽപര്യം പ്രകടിപ്പിച്ചെത്തിയ ഒരാലോചന അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കുറേക്കാലം മനസിൽ കൊണ്ടു നടന്ന മീരയെന്ന പെൺകുട്ടിയുടെ ആലോചന. അപ്പോൾ അന്നു കൂടെയുണ്ടായിരുന്ന അയാൾ…?

ഇപ്പോളവൾ വെറുമൊരു പെൺകുട്ടി മാത്രമാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുവരികയായിരുന്നു ശ്രീ. താനെന്തു തെറ്റു ചെയ്തിട്ടാണ് ഇത്രയും കാലം ഈ അവഗണന? ഒരു സിനിമയിൽ ലാലേട്ടൻ പറയുന്ന ഡയലോഗ് പോലെ ”ഒരിക്കല്എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് …അത് മറക്കാന് …എല്ലാം മറന്നു കഴിഞ്ഞപ്പോള്ഓര്മ്മിപ്പിക്കാന് വീണ്ടും…”

ഏറെ നേരം ആലോചിച്ച ശേഷം ”അതു വേണ്ട” എന്നു തന്നെ അമ്മയോടു പറഞ്ഞു.

***********************

മാസങ്ങൾ വീണ്ടും കടന്നുപോയി. മീരയുടെ ആലോചനയുമായി കഴിഞ്ഞ ദിവസം കൂടി അവളുടെ വീട്ടുകാർ വിളിച്ചെങ്കിലും ഒരു പോസിറ്റീവായ മറുപടി കൊടുത്തില്ല.

”നിനക്ക് ഭ്രാന്താ ”
എന്ന കൂട്ടുകാരുടെ വാക്കുകൾ മനസിൽ നിന്നു മായുന്നില്ല. അവർ പറയുന്നത് ആ ആലോചന സ്വീകരിക്കാനാണ്. പക്ഷേ, ഒരു കാര്യവുമില്ലാതെ പിണങ്ങിനടന്ന അവളെ ഞാൻ എങ്ങനെ …?

”നിനക്ക് ഒരു തരം വിഭ്രാന്തിയാ.. സാഡിസം.. ജാഡ. അല്ലാതെ ഇതിനു മറ്റൊന്നും പറയാനില്ല.”

വിനോദ് പറഞ്ഞപ്പോൾ തിരിച്ചു പറയാൻ ഒന്നുമില്ലാതായി പോയിരുന്നു ശ്രീയ്ക്ക്.

”നിന്റെ അമ്മയെ തൊട്ടു സത്യം ചെയ്യാൻ പറ്റുമോ നിനക്കവളെ ഇഷ്ടമല്ലാന്ന്…..? അവളോടു വെറുപ്പാണെന്ന്…..?”

ആ വാക്കുകളെല്ലാം ശ്രീയുടെ മനസിൽ ശക്തമായ പ്രഹരങ്ങളായാണ് വന്നു പതിച്ചത്.

“എടാ…. അവര് നിന്നെക്കുറിച്ച് നന്നായി അന്വേഷിച്ചറിഞ്ഞ് അവൾക്ക് ഇഷ്ടമായിട്ടു തന്നെയാ ഈ ആലോചനയ്ക്കു വേണ്ടി വീണ്ടും വീണ്ടും മെനക്കെടുന്നത്. അല്ലാതെ വേറെ ചെക്കൻമാരെ കിട്ടാത്തതു കൊണ്ടല്ലേ? ഒന്നു പോടാപ്പാ….

പിന്നെ, അവള് പിണങ്ങിപ്പോയത്… അത് ആരായാലും അതു തന്നെ ചെയ്യും. അന്തസ്സുള്ള ഒരു പെൺകുട്ടിയും ഇഷ്ടമാണെന്നു കേട്ടാൽ ഉടനേ ഇറങ്ങിവരാൻ പോണില്ല. അവർ ആലോചിച്ചു മാത്രമേ മറുപടി പറയൂ.. കോളജിലെ പ്രേമം പോലെയല്ല മോനേ… കണ്ട മാത്രയിൽ അനുരാഗവിവശയാകാൻ നീയാര് ഗന്ധർവ്വനോ…..?..

ങാ… ഒന്നു കൂടി… അവളുടെ കൂടെ ഒരാളെ കണ്ടു. ഉടനെ നീയത് അവരുടെ കാമുകനാക്കി. ഇന്നത്തെ കാലത്തും ഇങ്ങനെയുള്ളവൻമാരുണ്ടല്ലോ എന്റീശ്വരാ… ഞങ്ങള് പറയാനുള്ളതു പറഞ്ഞു. നീ എന്തു വേണേൽ ചെയ്യ്…..”

മറുപടിക്കു കാക്കാതെ വിനോദ് തിരിഞ്ഞു നടന്നകന്നു.

അടുത്ത ദിവസം മകരം ഒന്നാം തീയതിയായിരുന്നു. ഗുരുവായൂരേക്കുള്ള പതിവു യാത്ര. ട്രെയിൻ ആലുവയിലെത്തിയപ്പോൾ എതിർവശത്തെ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. മീര കണ്ടേക്കുമെന്നു ശ്രീ വെറുതേ ചിന്തിച്ചു. അവളെ പ്ലാറ്റ്ഫോമിൽ കണ്ടെങ്കിലും ട്രെയിൻ കുറേ മുമ്പോട്ടു നീങ്ങിയിരുന്നു. പിന്നിലത്തെ കോച്ചുകളിൽ ഏതിലെങ്കിലും കയറിക്കാണും.

എതിർവശത്തെ സീറ്റിൽ ഒരു സ്ത്രീ വന്നിരുന്നു. മുപ്പതു വയസിൽ കൂടുതൽ കാണില്ല. കയറിയ മാത്രയിൽ അവർ കണ്ണടച്ചു മയക്കം തുടങ്ങി. കൈയിൽ ഒരു തുണിസഞ്ചിയുണ്ട്. മയക്കത്തിനിടയിലും അവർ അതിൽ മുറുകെ പിടിക്കുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തോടെ തൊട്ടടുത്ത പാളത്തിലൂടെ എതിരേ മറ്റൊരു ട്രെയിൻ കടന്നു പോയപ്പോൾ അവർ ഞെട്ടിയുണർന്ന പോലെ കണ്ണു തുറന്നു നോക്കി. വീണ്ടും കണ്ണടയ്ക്കാൻ തുടങ്ങിയപ്പോൾ സഞ്ചി മുകളിലത്തെ കൊളുത്തിൽ തൂക്കിയിട്ടോളാൻ ശ്രീ അവരോട് പറഞ്ഞു. വേണ്ട എന്നർത്ഥത്തിൽ അവർ കൈ ചലിപ്പിച്ച ശേഷം വീണ്ടും കണ്ണടച്ചു.

കുറേ നേരം കഴിഞ്ഞപ്പോൾ ചായ വിൽപ്പനക്കാരനെത്തിയപ്പോൾ അവർ ഒരു ചായ എന്ന് ആംഗ്യം കാണിച്ചു. സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് ഒരു 20 രൂപ നോട്ടെടുത്ത് ചായക്കാരനു നൽകി ചായ വാങ്ങി. അപ്പോഴും അവരുടെ കൈ സഞ്ചിയിൽ മുറുകെ പിടിച്ചിരുന്നു. ഒരു കൈ കൊണ്ട് ചായയും ബാക്കി പത്തു രൂപയും വാങ്ങാൻ അവർ പാടുപെടുന്നതു കണ്ട് ചായയും രൂപയും ശ്രീ വാങ്ങി… അവർ നന്ദിസൂചകമായി ചിരിച്ചു.

” എവിടേക്കാ… ഗുരുവായൂർക്കാ?”

” തൃശൂർ…”

“ഓ. വടക്കുംനാഥനെ കാണാനാ?”

” അല്ല. വാരണാസി.”

അവരുടെ മറുപടി ശ്രീയെ അമ്പരപ്പിച്ചു. പിന്നീടാണ് ശ്രീ അവരുടെ കഴുത്തിലെ കുരിശുമാല കണ്ടത്…

തൃശൂരിൽ ഇറങ്ങിയിട്ട് അവിടെനിന്നു പോകാനാകും.

” കൂടെ ആരാ?”

”അമ്മയും അനിയനും.. പിന്നെ…”

പിന്നിലേക്കു കൈ ചൂണ്ടിക്കാട്ടി.

” പിന്നെ എന്നു പറഞ്ഞത്…..?”

മറുപടി വരാതായപ്പോൾ ശ്രീ വീണ്ടും ചോദിച്ചു.

”ഭർത്താവ്……?”

അവർ ജനാലയിലൂടെ അകലേക്കു നോക്കിക്കൊണ്ടിരുന്നു.

” പോക്കറ്റടിക്കാരെ പേടിച്ചാണോ സഞ്ചി കൈയ്യിൽത്തന്നെ…? ഞാനുണ്ടല്ലോ ഇവിടെ. ആരും കൊണ്ടുപോകില്ല….”

” മറ്റുള്ളവർക്കു വേണ്ടതൊന്നും ഇതിലില്ല. ഇതിലുള്ളത് എൻറെ ജീവനാണ്.”

”എന്താ….?”

”എന്റെ ഭർത്താവിന്റെ ചിതാഭസ്മം…”

ഞാൻ മറ്റൊരു മതവിശ്വാസിയാണെങ്കിലും അദ്ദേഹം ഉറച്ച ഹിന്ദുമത വിശ്വാസിയാണ്. അദ്ദേഹത്തിന്റെ ചിതാഭസ്മം കാശിയിൽ കൊണ്ടുപോയി നിമജ്ജനം ചെയ്യണം. ഈ സഞ്ചിയിലുള്ള അദ്ദേഹത്തിന്റെ അംശം എനിക്കു തരുന്ന സുരക്ഷിതത്വം വേറാർക്കും തരാൻ പറ്റില്ല. ഒരു വർഷം പോലും ഞങ്ങൾ ഒന്നിച്ചു ജീവിച്ചില്ല… അതിനു മുമ്പ്……”

ശ്രീയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

”ഈ പ്രണയം, ജീവിതം ഒക്കെ ഒരു വല്ലാത്ത അനുഭവമാ…”

അപ്പോഴേക്കും ട്രെയിൻ തൃശൂരെത്തി. അവർ ഇറങ്ങി..

സ്നേഹത്തിന് എത്രയെത്ര മുഖങ്ങളാണ്… ശ്രീ ചിന്തിച്ചു.

ഗുരുവായൂരിൽ ഇറങ്ങി ഓട്ടോകൾ വരിവരിയായി കിടക്കുന്നിടത്തെത്തിയപ്പോൾ മീരയെയും വീട്ടുകാരെയും കണ്ടു.

ട്രെയിനിൽ കണ്ട സ്ത്രീയുടെ കഥകളും വർത്തമാനവും കേട്ടതോടെ ശ്രീയുടെ പിണക്കം എവിടെയോ പോയ് മറഞ്ഞിരുന്നു.

“പിണക്കം മാറിയില്ലല്ലേ?”

“എനിക്കെന്തു പിണക്കം?”

“സോറി… അന്നു പെട്ടെന്നു കല്യാണം എന്നൊക്കെ കേട്ടപ്പോൾ… എന്റെ കൂടെ വീട്ടുകാരൊക്കെ ഉണ്ടായിരുന്നതുകൊണ്ട് … സോറി, സോറി…”

“സാരമില്ല. നിന്റെ കൂടെ നീ കെട്ടാൻ പോണ ആളും ഉണ്ടായിരുന്നല്ലേ? ഞാൻ അറിയാതെ…. എന്തൊക്കെയോ മനസിൽ ചിന്തിച്ചുകൂട്ടി.”

”ആര്…..? എന്തൊക്കെയാ ഈ പറയുന്നത്……?”

” നിന്റെ കൂടെ… ഞാൻ കണ്ടു. എന്നേക്കാൾ മിടുക്കനാ..”

“അയ്യോ. അതു ശ്രീക്കുട്ടനാ. എന്റെ പഴയൊരു സുഹൃത്താ. ഞങ്ങൾ എൽ.പി. സ്കൂളിൽ ഒന്നിച്ചു പഠിച്ചതാ…. പിന്നെ ഒത്തിരിക്കാലം കൂടിയാ അവന്റെ നമ്പർ എനിക്കു കിട്ടിയത്. അത് വല്ലാത്തൊരു എക്സൈറ്റ്മെന്റ് ആയിരുന്നു. അതാ ഞാൻ അന്ന് ഒരു വിശേഷം പറയാനുണ്ടെന്നു പറഞ്ഞത്….”

” അപ്പോൾ നിന്റെ അമ്മ പറഞ്ഞതോ..?”

“അമ്മയ്ക്ക് ആളുമാറിപ്പോയതാ. അമ്മ ഉദ്ദേശിച്ചത് ഇയാളെയല്ല……ശ്രീക്കുട്ടനെയാണ്. അമ്മയ്ക്ക് ഞാൻ ഇയാളെ കാണിച്ചുകൊടുത്തിരുന്നു. അമ്മ കണ്ട ആൾ മാറിപ്പോയതാണ്.”

” അന്നത്തെ പോലെ വീണ്ടും പിണങ്ങില്ലെങ്കിൽ … ആ ആലോചന മുന്നോട്ടു കൊണ്ടു പോയാലോ?”

ശ്രീയുടെ ചോദ്യത്തിനു പിറകെ തൊട്ടടുത്തുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽ മണി മുഴങ്ങി.. ആ നാദത്തിൽ അവരുടെ ചിരികളും ലയിച്ചു ചേർന്നു….?

Gayathri Das
4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!