നാട്ടിലില്ലാത്ത സമയത്ത് ഫെയ്സ്ബുക്കിലും യുട്യൂബിലും കാണുന്ന പാചക കുറിപ്പുകൾ സേവ് ചെയ്തു വക്കുന്ന ശീലം പണ്ടേ ഉണ്ട്. നാട്ടിൽ ചെല്ലുമ്പോൾ ഇതൊക്കെ പരീക്ഷിച്ചു ഉമ്മയേയും ഭാര്യ മിനി യേയും ഒക്കെ ഞെട്ടിക്കണം എന്നാണു ഉദ്ദേഷം. സേവ് ചെയ്ത വീഡിയോസ് അവിടെത്തന്നെ തന്നെ കിടക്കുകയല്ലാതെ ഒന്നും സംഭവിക്കാറില്ല.സാധാരണ ഞാൻ വല്ല പരീക്ഷണവുമായി അടുക്കളയിൽ ചെന്നാൽ ഉമ്മാന്റെ വക സ്നേഹത്തിൽ പൊതിഞ്ഞ ഒരു ഡയലോഗ് ഉണ്ട്….. ഈ ലീവിനു വന്ന നിന്നെ കൊണ്ട് അടുക്കള പണി എടുക്കാൻ ഞാൻ സമ്മതിക്കില്ല. അത് കൊണ്ട് തന്നെ എന്റെ റെസീപ്പികള്‍ ഒന്നും തന്നെ പുറം ലോകം കണ്ടില്ല.
നവംബര്‍ ഒന്നിന് ഞാൻ നാട്ടിൽ എത്തി. നവംബര്‍ മൂന്നിന് ഉംറ നിർവഹിക്കാനായി ഉമ്മ മക്കയിലേക്കു പോയി. ഇനി മുതൽ 15 ദിവസത്തേക്കു മിനി ആണു അടുക്കള ഭരണം. ഇത് തന്നെ എന്റെ പരീക്ഷണങ്ങൾക്കു പറ്റിയ സമയം….
ഉമ്മ പോയതിന്റെ തൊട്ടടുത്ത ദിവസം, വെള്ളിയാഴ്ച മിനി പാകം ചെയ്ത ബീഫ് കറി ചെറുതായൊന്നു പാളി. ചോർ വെന്തില്ലെങ്കിലും ഞാൻ സഹിക്കും….പക്ഷെ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ബീഫ് കറി കുളമക്കിയാൽ…….അന്നൊരു ആവേശത്തിനു ഞാൻ പറഞ്ഞു, ഒരു ദിവസത്തെ മുഴുവൻ ഫുഡ് ഞാൻ ഉണ്ടാക്കാം. ഞാൻ തമാശക്കു പറഞ്ഞതാണെങ്കിലും മിനി അത് സീരിയസ് ആയെടുത്തു. എന്നാൽ പിന്നെ ഒരു കൈ നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അപ്പോഴാണു ഓർമ്മ വന്നത്, ഒരു ഫെയ്സ്ബൂക് പേജിൽ കണ്ട ഇൻസ്റ്റന്റ് ബ്രഡ് ഇഡലിയെ കുറിച്ച്.
ബ്രേക്ക് ഫാസ്റിനു ഇത് തന്നെ, ഞാനുറപ്പിച്ചു. അങ്ങനെ എങ്കിൽ ചമ്മന്തി എന്റെ വക എന്നു പറഞ്ഞു മിനി അതിനെ പിന്താങ്ങി. ലഞ്ചിനു നെയ്ചോറും ചിക്കൻ കറിയും ആയാലോ മിനിയേ…
അതിനെന്താ ഒക്കെ ഇങ്ങളെ ഇഷ്ടം…..നാളെ ഇങ്ങളുടെ ദിവസമല്ലേ…..
അതിലൊരു പരിഹാസമില്ലേ എന്നു എനിക്കു വെറുതെ തോന്നി….പോട്ടെ പാവം
അങ്ങനെ അടുത്ത ദിവസം രാവിലെ എനിക്കു വേണ്ടി മാത്രം നേരം വെളുത്തു. സാധാരണ 10 മണിക്കു എണീക്കുന്ന എന്നെ 6.30 നു തന്നെ വിളിച്ചെണീപ്പിച്ചു അടുക്കളയിലേക്കു പറഞ്ഞു വിട്ടു. ഇവൾക്കു ഇത്രയും കൃത്യ നിഷ്ടയോ എന്നു ഞാൻ അത്ഭുതപ്പെട്ടു. പോരാത്തതിനു ഒരു ഉപദേശവും…എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട….ഇതിനുള്ള മറുപടി ഞാൻ പാചകത്തിലൂടെ കാണിച്ച് തരാടീ എന്നു മനസിൽ പറഞ്ഞു. ഉറക്കെ പറയുവാനുള്ള
കൊണ്ഫിടന്‍സ് പാചകത്തിൽ ഇല്ലാത്തത് കൊണ്ട് അതിനു മുതിർൻന്മില്ല.
വലതു കാൽ വച്ചു അടുക്കളയിൽ കയറി. വലതു കാലാണൊ ഇടത് കാലാണോ എന്നു നോക്കാതെ ദിവസവും കയറുന്നതാണെങ്കിലും ഇന്നൊരു
സ്പെഷ്യല്‍ ആയിക്കോട്ടെ എന്ന് വിചാരിച്ചാണു ഈ ‘വലത് കാൽ’ പ്രയോഗം.
എന്നെ സംബന്ധിച്ചിടത്തോളം ഒരു കൂക്കിനു ആദ്യം വേണ്ടതു ഇന്റർനെറ്റ് ഉള്ള ഒരു മൊബൈൽ ആണു. കാരണം പാചകവിധികൾ ഇരിക്കുന്നത് അതിലാണല്ലോ.
ഇനി വാചകം നിർത്തി പാചകം തുടങ്ങാം….
ബ്രഡ് ഇഡലി ഉണ്ടാക്കുന്നതിനു വേണ്ട സാധനങ്ങൾ….ബ്രഡ്, റവ, തൈർ, ഉപ്പ്,
ബെയ്കിംഗ് സോഡാ, വെള്ളം…ഇത്രേം മതി….
വെരി സിമ്പിള്‍ …ഇപ്പൊ ശരിയാക്കി തരാം….
ആദ്യമായി ബ്രഡ് സൈഡ് കട്ട് ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിട്ട് പൊടിച്ചു. ഒരു അപരിചിതന്റെ കരസ്പർശ്ശം മിക്സിക്കു അത്ര പിടിച്ചില്ലെന്നു തോന്നുന്നു.
പൊടിച്ച ബ്രഡ് ഒരു പാത്രത്തിലേക്കു മാറ്റി, അതിലേക്കു 2 കപ്പ് റവയും 2 കപ്പ് തൈരും ചേർത്തു. അൽപം വെള്ളമൊഴിച്ചു ആവശ്യത്തിനു ഉപ്പുമിട്ടു നന്നായി മിക്സ് ചെയ്തു.ഇതെല്ലാം നോക്കി നിൽക്കുന്ന
ബെയ്കിംഗ് സോഡയെ ഞാൻ അപ്പോഴാണു ശ്രധിച്ചത്. “തലയണമന്ത്രത്തിൽ” ഡ്രൈവിംഗ് പഠിക്കുന്ന ശ്രീനിവാസനെ ഞാൻ ഒരു നിമിഷം ഓർത്തു…റവയും തൈരും ഇട്ടിട്ടാണോ അതോ അതിനു മുൻപാണോ ബെയ്കിംഗ് സോഡ ഇടേണ്ടത്..? ഒരിക്കൽ കൂടി മൊബൈൽ എടുത്ത് വീഡിയോ കണ്ടു…..എല്ലാം മനസിലായി…..ക്ലച്ച് അമർത്തിയതിനു ശേഷമാണു ബ്രേക്ക് ചവിട്ടേണ്ടത്…..അതായത് ഇപ്പോൾ മിക്സ് ചെയ്തിരിക്കുന്നത് ഒരു 20 മിനിറ്റ് വെച്ചതിനു ശേഷമാണു ബെയ്കിംഗ് സോഡ ഇടേണ്ടത്. അപ്പൊ ഇനി 20 മിനുറ്റ് റസ്റ്റ്. ഞാൻ വീടിന്റെ മുൻ വശത്തിരുന്ന് പത്ര വായന തുടങ്ങി. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിന്റെ വാർത്തകൾ പത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ഈ സമയത്താണു പണിക്കു വന്ന തൊഴിലാളികളെ നോക്കാൻ മുതലാളി വരുന്ന പോലെ മിനിയുടെ വരവ്….ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനെന്നും പറഞ്ഞു പോയിട്ടു ഇവിടിരുന്നു പത്രം വായിക്കുകയാണോന്ന് …. എന്നോട്….പാവം അവൾകറിയില്ലല്ലോ ബ്രഡ് ഇഡലി ഉണ്ടാക്കുന്നതിനിടക്ക് 20മിനുറ്റ് ബ്രേക്ക് ഉള്ള കാര്യം….സംഗതി പറഞ്ഞപ്പോൾ അവൾ ചമ്മിപ്പോയി……
20 മിനുറ്റ് കഴിഞ്ഞു. അൽപം ബെയ്കിംഗ് സോഡ യും വെള്ളവുമൊഴിച്ചു ഇഡലിക്കുള്ള മാവ് റെഡിയാക്കി. ഇഡലി ചെമ്പിൽ വെള്ളമൊഴിച്ചു അടുപ്പിൽ വച്ചു. ഇഡലിക്കുഴികളിൽ മാവ് ഒഴിച്ച് ചെമ്പിൽ ഇറക്കി വച്ചു, എന്റെ “മാനത്തെ” ആവി കൊള്ളിക്കാൻ… കാരണം ഇഡലി കുളമായാൽ എന്റെ മാനം പോകും….
അൽപ സമയത്തെ കാത്തിരിപ്പിനു ശേഷം പുറത്തെടുത്ത ഇഡലിക്കുഞ്ഞുങ്ങളെ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി… നല്ല സുന്ദരൻ ഇഡലികൾ…. ഞാൻ തന്നെ സര്ടിഫിക്കട്ടും നൽകി.
ഞാൻ മിനിയെ വിളിച്ചു….കുറച്ചു അഹങ്കാരത്തോടെ….നോക്കെടീ എന്റെ രക്തത്തിൽ പിറന്ന എന്റെ സ്വന്തം ഇഡലികൾ ….
എന്റെ പുറത്ത് തട്ടി ഇങ്ങളു റംഷാദല്ല “പാചകക്കാരൻ നൗഷാദാണു” എന്നു പറയും എന്നു വിചാരിച്ച എന്നോട് അവൾ പറയാണു… ഇനി എന്നും നിങ്ങൾ തന്നെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയാൽ മതീന്നു…..
(ഇന്റർനെറ്റിൽ നോക്കി ബ്രഡ് ഇഡലി ഉണ്ടാക്കിയ എനിക്കു ഇത്രക്കു അഹങ്കാരം തോന്നിയെങ്കിൽ ഇതൊന്നുമില്ലാതെ ദിവസവും പലതരം വിഭവങ്ങൾ ഉണ്ടാക്കുന്ന വീട്ടിലെ പെണ്ണുങ്ങൾ എത്രത്തോളം അഹങ്കരിക്കണം……)
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission