ഞാൻ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ടിവി എത്തുന്നത്. അച്ഛനും ചാച്ചനും ഉച്ചക്കെ പോയതാണ്. അവർ ടിവിയും കൊണ്ട് വരുന്നതും നോക്കി ഞാൻ അടുക്കളയിൽ ജനലിൻറെ കീഴിൽ ഒരു സ്റ്റൂളും വലിച്ചു നീക്കി ഇരിക്കുന്നത് മറ്റെയമ്മക്ക് അത്ര പിടിച്ചിട്ടില്ല. ഇടയ്ക്കിടക്ക് ‘അങ്ങോട്ടെങ്ങാനും മാറിയിരിക്ക് പെണ്ണെ’ എന്ന് മുരടനക്കി പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിലും കേട്ട ഭാവം നടിച്ചില്ല. മണിയഞ്ചാകാറായപ്പോൾ ദാ വരുന്നു അച്ഛനും ചാച്ചനും. പിന്നാലെ ഒരു പെട്ടിവണ്ടിയും. തിരുവിതാംകൂറിൽ നമ്മുടെ നാട്ടിൽ ഓട്ടോയുടെ മുഖവും ടെംപോയേക്കാൾ കുറുകിയ പിന്നാമ്പുറവുമുള്ള അത്തരം വണ്ടികൾ ‘പെട്ടിവണ്ടി’കൾ എന്നാണ് വിളിക്കപ്പെട്ട് പോന്നത്. കോളേജിലെത്തിയപ്പോളാണ് ‘പെട്ടിവണ്ടി’ എന്ന പ്രയോഗത്തിന് ആഢ്യത്തം കുറവാണെന്നും അതിനെ ‘ആപ്പ’ എന്ന് വിളിക്കണമെന്നും മനസിലായത്. നീട്ടിയൊരു ആട്ട് കണക്കെയുള്ള ആ പേര് എനിക്ക് തീരെ പിടിക്കാതെ വന്നപ്പോൾ ഞാൻ ‘പെട്ടിവണ്ടി’ പ്രയോഗം തുടർന്നുകൊണ്ടേയിരുന്നു. പിന്നെയും കുറെ വർഷങ്ങൾക്കു ശേഷം കല്യാണവും കഴിഞ്ഞു വീടുപണിയെടുത്തു കൊണ്ടിരിക്കുമ്പോളൊരിക്കലാണ് സിമെന്റ് ഇനിയും വേണമെന്ന് മേസ്തിരിയുടെ വക അറിയിപ്പ് വന്നത്. ഇന്നിനി സിമെന്റ് വാങ്ങാതെ പണി തുടരാൻ ആവില്ല പോലും. ഇത് കുറച്ചു നേരത്തെ പറഞ്ഞാൽ എന്തായിരുന്നു എന്ന് മുറുമുറുത്തും കൊണ്ട് ഞാൻ മുറ്റത്തു തെക്കുവടക്കു നടന്ന് അങ്ങതിർത്തിയിലുള്ള പ്രാണേശ്വരന്റെ നമ്പർ കുത്തിക്കൊണ്ടിരിക്കുമ്പോളാണ്, ‘പത്തു ചാക്കെ വേണ്ടു, അതൊരു നായ്കുറുക്കനുള്ളത് മതിയല്ലോ’ എന്നും പറഞ്ഞ് അച്ഛന്റെ വരവ്. നായ്കുറുക്കന് പത്തു ചാക്ക് സിമെന്റോ? ശ്രീകൃഷ്ണൻ പണ്ട് യശോദാമ്മയുടെ മുന്നിൽ വായും പൊളിച്ചു നിന്നതു പോലെ ഞാൻ കുറെ നേരം അങ്ങനെ നിന്നു. അതിനിടയിൽ അങ്ങ് ബർമാ അതിർത്തിയിലെ കൊടുംകാട്ടിൽ ഫോൺ മണിയടിച്ചു.
“ഞാൻ ഡ്യൂട്ടിയിലാണ്.”
“ഏട്ടാ, എന്താ ഈ നായ്കുറുക്കൻ?”
നിശ്ശബ്‌ദത.
“പറ ഏട്ടാ, നായ്കുറുക്കൻ എന്താ?”
“നീ ഇത് ചോദിക്കാനാണോ ഇപ്പോ വിളിച്ചത്?”
“ഉം…..”
മൂളലിന്റെ നീളം അല്പം കൂടിയപ്പോൾ ഞാൻ നായും കുറുക്കനും ചേർന്ന ആ രൂപത്തെ മനസ്സിൽ വരയ്ക്കാനുള്ള പ്രയത്നത്തിലാണെന്നു പുള്ളിക്കാരന് മനസിലായി. വല്ലതും പറഞ്ഞാലും ഇവൾ കേൾക്കില്ല എന്ന കണക്കുകൂട്ടലിൽ ഫോൺ കട്ട് ചെയ്തു. ഞാൻ പിന്നെയും കുറേനേരം ഫോൺ ചെവിയോട് ചേർത്തുവച്ചുകൊണ്ട് ആ നിൽപ്പ് നിന്ന്. അതിനിടയിൽ അച്ഛൻ ആരെയൊക്കെയോ വിളിക്കുകയും ക്രയവിക്രയങ്ങളുടെ വില നിശ്ചയിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. പത്തിരുപതു മിനിറ്റു കഴിഞ്ഞപ്പോൾ വീടിനു മുന്നിൽ പത്തുചാക്ക് സിമെന്റും കൊണ്ട് മഞ്ഞയും ചെമപ്പും നിറത്തിൽ ഒരു പെട്ടിഓട്ടോ വന്നുനിന്നു. ഡ്രൈവർ ഇറങ്ങിവന്നു കാശ് കണക്കുപറഞ്ഞു വാങ്ങി. മേസ്തിരിയുടെ കിങ്കരന്മാരിൽ രണ്ടുപേർ വന്ന് അവരുടെ പണിസാധനം ഇറക്കിക്കൊണ്ടുപോയി. ഞാൻ അപ്പോളും നായയേത് കുറുക്കനേത് എന്ന് അന്തംവിട്ടു നിൽക്കുകയാണ്. അന്ന് രാത്രി പട്ടാളക്കാരൻ പറഞ്ഞു, “എടീ, നമ്മുടെ നാട്ടിൽ നിന്റെ പെട്ടിവണ്ടിക്കു നായ്കുറുക്കൻ എന്നാണ് പേര്.” അപ്പോഴേക്കും അതങ്ങനെ ആയിരിക്കുമെന്നു ഞാൻ ഊഹിച്ചു കഴിഞ്ഞിരുന്നു. ആ വിചിത്രമായ പേര് കേട്ട് ഞാൻ വീണ്ടും വല്ലാത്തൊരു വികാരത്തിനടിമപ്പെട്ട് കുറെനേരം ഒന്നും പറയാനാകാതെയിരുന്നു. ‘എന്നാലും എന്റെ പെട്ടിഓട്ടോ ഇതിലും നല്ല പേരാണ്’, എന്ന് സമാധാനിച്ചുകൊണ്ടാണ് അന്ന് ഞാനുറങ്ങിയത്.
അച്ഛന്റെയും ചാച്ചന്റെയും കൂടെ വന്ന പെട്ടിഓട്ടോയിൽ നിന്നും ആദ്യത്തെ പെട്ടിയും കമ്പികഴുക്കോലുകളും ചാച്ചന്റെ വീട്ടിലേക്കാണ് പോയത്. ആകാംക്ഷ സഹിക്കാൻ പറ്റാതിരുന്നതുകൊണ്ടു ഞാൻ കഴുക്കോലുകൾ താങ്ങിക്കൊണ്ടുപോയ ചേട്ടന്മാരെ അനുഗമിച്ചു. കഴുക്കോലുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ച് അങ്ങേയറ്റത്ത് യാഗി-ഉടയും (പിൽക്കാലത്തെ എഞ്ചിനീയറിംഗ് പഠനത്തിൽ ഏറ്റവും രസകരമായി തോന്നിയ ഒരു പദം, അന്നത്തെ ആന്റിന ഈ വിഭാഗത്തിൽ ഉള്ളവയായിരുന്നു) ഘടിപ്പിച്ചു ഒടുക്കം ആകാശത്തേക്ക് ഉയർത്താൻ ഒരുങ്ങുമ്പോളാണ് അമ്മയുടെ ആ കുപ്രസിദ്ധമായ വിളി, ‘വന്നുകുളിക്കെടി പെണ്ണേ’. ഇനി അവിടെ നിന്നാൽ പന്തിയല്ല. പെട്ടിഓട്ടോയിൽ തന്നെയിരിക്കുന്ന മറ്റേ പെട്ടിയും കഴുക്കോലുകളും എന്റെ വീട്ടിലെത്തുന്നതിനു മുന്നേ കുളിച്ചു വരണം എന്നുള്ളതുകൊണ്ട് ഞാൻ ഒരു സെക്കന്റ് പോലും പാഴാക്കാതെ വീട്ടിലേക്കോടി. ഞാൻ കുളിയും കഴിഞ്ഞു വന്നപ്പോളേക്കും എന്റെ വീട്ടിലെ യാഗി-ഉട ഓടിനു മുകളിൽ തലയുയർത്തിയിരുന്നു.ഒപ്പത്തിനൊപ്പം നിൽക്കുന്ന ആന്റിനകൾ നോക്കി ഞാൻ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു. എന്റെ വീട്ടിൽ ടിവിയുണ്ടെന്നുള്ള വിളംബരം ആയിരുന്നു ആ സ്തംഭം. അകത്തുകയറിനോക്കുമ്പോളുണ്ട് പെട്ടിയുടെ കവർ പൊട്ടിച്ചു ഒരുന്തുവണ്ടിയിലാക്കി ഞങ്ങളുടെ മുറിയുടെ മുന്നിൽ വച്ചിരിക്കുന്നു. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഇനി എനിക്ക് ഇഷ്ടമുള്ളപ്പോളൊക്കെ വന്നിരുന്നു ടിവി കാണാമല്ലോ. അതും ഞങ്ങളുടെ മുറിയുടെ പടിയിലിരുന്നും കൊണ്ട്. ഞങ്ങളുടെ പഴയ തറവാടിന്റെ വാതിൽപ്പടികൾ ഉയർന്നാണിരുന്നത്. കാലുയർത്തി വച്ചുകൊണ്ടു വേണം വാതിൽ കടക്കുവാൻ. ഞാൻ വാതിൽപ്പടിയിൽ കുത്തിയിരുന്ന് ടിവി സ്ക്രീനിലെ അരിമണികൾ കറുത്തും വെളുത്തും കനത്തും മെലിഞ്ഞും കളിക്കുന്നത് കണ്ടുകൊണ്ടിരുന്നു. സന്ധ്യ കഴിഞ്ഞു. മറ്റെയമ്മ അന്ന് നിലവിളക്കു കൂടി വച്ചില്ല. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഞാൻ എല്ലാവരും കേൾക്കെ നിലവിളിച്ചു, ‘ടിവി വന്നൂ’. അരിമണികളുടെ സ്ഥാനത്തു വർണചിത്രങ്ങൾ. ഞാൻ പറയുന്നത് അപ്പാടെ വിശ്വസിക്കുന്ന രീതി പണ്ടേ ഇല്ലാത്തതിനാൽ അച്ഛൻ എന്ത് പറ്റിയെന്നറിയാനായി വീട്ടിനകത്തേക്ക് ഓടിക്കയറിവന്നു. കൂട്ടത്തിൽ നേരത്തെ കഴുക്കോലേന്തിയ ചേട്ടന്മാരിലൊരാളും.ഞാൻ പറഞ്ഞത് സത്യമാണെന്ന് കണ്ടുബോധിച്ച ശേഷം ആ ചേട്ടൻ പുരപ്പുറത്തിരിക്കുന്നയാൾക്കു നിർദേശങ്ങൾ നല്കാൻ തുടങ്ങി. വലത്തോട്ടും ഇടത്തോട്ടും യാഗി-ഉട തിരിച്ചുതിരിച്ച് ഒടുക്കം ഏഴു മണിയായപ്പോൾ ദൂരദർശൻ കറങ്ങിത്തിരിഞ്ഞു വന്നു മുന്നിൽ നിന്നു. രാജേശ്വരി മോഹൻ ആണോ ഹേമലത ആണോ അന്ന് വാർത്ത വായിച്ചത് എന്ന് ഇപ്പോൾ ഓർമിക്കുന്നില്ല. അതല്ല ഇവിടെ പ്രധാനം. ഞാൻ ആദ്യമായി ഞങ്ങളുടെ ടിവിയിൽ കണ്ടത് ഏഴുമണി നേരത്തെ വാർത്തയാണ്. പ്രൈം ടൈം ന്യൂസ് എന്റെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ പരിപാടി ആയതിനു പിന്നിലെ ചരിത്രത്തിനു ഞങ്ങളുടെ ആദ്യത്തെ ടിവിയോളം പഴക്കം ഉണ്ട് എന്നതാണ് ഇവിടെ പ്രധാനം.
വെള്ളിയാഴ്ച്ച രാത്രികളിൽ സിനിമ കാണാനിരിക്കുമ്പോൾ ഒരു തലയിണയും പുറകിൽ വച്ചാണിരുപ്പ്. ഇടയ്ക്കിടെ ഉറങ്ങിപ്പോകും. പിന്നെയും കണ്ണുതിരുമ്മി ആയാസപ്പെട്ട് തുറന്നിരിക്കും. വെള്ളിയാഴ്ച്ചകളിലെ സിനിമകാണലിനിടയിലാണ് ശനിയാഴ്ചകളിൽ പത്തരയ്ക്ക് ഹിന്ദിയിൽ സിനിമയുണ്ടെന്നു അറിഞ്ഞത്. ഹിന്ദി സിനിമ കാണാറുണ്ടെന്നും ഹിന്ദി നടീനടന്മാരെ അറിയാം എന്നുമുള്ള കീർത്തിയൊന്നിന് വേണ്ടി മാത്രമാണ് ആ ഇരുപ്പ്. ഒരു ചുക്കും മനസിലായിട്ടുണ്ടാവില്ല. ‘രാജാ ഹിന്ദുസ്ഥാനി’യും ‘അമർ അക്ബർ ആന്റണി’യും ഗോവിന്ദയുടെ ‘നം.വൺ’ സിനിമകളും ഒക്കെ കുറെ കണ്ടുതീർത്തു എന്നല്ലാതെ അക്കാലത്ത് എൻറെ ഹിന്ദിപരിജ്ഞാനം വട്ടപ്പൂജ്യമായിരുന്നു. അക്കാലത്താണ് ഹിന്ദി സീരിയലുകളുടെ മലയാളപരിഭാഷകളാണ് ജയ് ഹനുമാൻ, ഓം നമഃശിവായ, ശ്രീകൃഷ്ണൻ, ശക്തിമാൻ, ജാസൂസ് വിജയ് എന്നിവയൊക്കെ എന്ന ഞെട്ടിക്കുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. രാത്രികളിൽ മലയാളംപതിപ്പും അവധി ദിവസങ്ങളിൽ പകൽ കുത്തിയിരുന്ന് ഹിന്ദിപ്പതിപ്പും കാണുന്നതായി പിന്നീടുള്ള വിനോദം. എന്നിട്ടും അഞ്ചാംക്ലാസ്സിലെ ഹിന്ദി പുസ്തകം തുറക്കുമ്പോളൊക്കെ എൻറെ കണ്ണുനിറയുമായിരുന്നു. അക്ഷരമൊക്കെ വടിവൊപ്പിച്ച് എഴുതുമെന്നല്ലാതെ ഒരൊറ്റ വാക്ക് പോലും ഓർമയിൽ നിന്നെടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പോരാത്തതിന് ഡി.പി.ഇ.പി., എല്ലിൻ കഷ്ണം കിട്ടിയ പട്ടിയുടെ കഥ കുറെ ചിത്രങ്ങളാക്കി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ക്ലാസ്സിൽ വച്ച് ചിത്രം നോക്കി കഥ എഴുതികൊടുക്കാൻ ടീച്ചർ പറഞ്ഞപ്പോൾ എനിക്കു ഹൃദയാഘാതം വന്നു എന്ന് ഞാൻ ഉറപ്പിച്ചതാണ്. അന്നേരമാണ് രണ്ടാം ക്ലാസ്സിലെ ബെസ്ററ് ഫ്രണ്ട് അഞ്ചാം ക്ലാസ്സിലും എൻറെ രക്ഷയ്‌ക്കെത്തിയത്. അവൾ ഒന്നാം ക്ലാസ്സ് വരെ ഗുജറാത്തിൽ ആണ് പഠിച്ചത്. പോരാത്തതിന് അവളുടെ അമ്മ ഗുജറാത്തിയും. അച്ഛൻറെയും അമ്മയുടെയും സംസാരഭാഷ ഹിന്ദിയാകാതെ തരമില്ല. കഥയെഴുതാൻ സഹായത്തിനു ആകെ പുസ്തകത്തിലുള്ളത് നാല് വാക്ക് ആണ്- ‘കുത്താ’, ‘ഹഡ്ഡി’, ‘പുൽ’, ‘പാനി’. അത് തന്നെ മലയാളത്തിൽ യഥാക്രമം പട്ടി, എല്ല്, പാലം, വെള്ളം എന്നിങ്ങനെ ആണെന്ന് തിരിഞ്ഞുപോകാതെ മസ്തിഷ്കത്തിലെ അനുയോജ്യമായ ഇടത്തേക്ക് രജിസ്റ്റർ ചെയ്യാൻ ഞാൻ പെട്ട പാട് ഇതുവരെ എനിക്കും എൻറെ ദൈവത്തിനും മാത്രം അറിയാവുന്ന രഹസ്യം ആണ്. രണ്ടു ബെഞ്ചിലിരിക്കുന്നവർ ഒരു ഗ്രൂപ്പായി അര മണിക്കൂറിൽ കഥ എഴുതിത്തീർക്കണം എന്നാണ് നിബന്ധന. രണ്ടു ബെഞ്ചിലും കൂടിയിരുന്ന ഞങ്ങൾ പത്തുപേർക്കിടയിൽ അവൾ ഒരു മാലാഖയെപ്പോലെ വെണ്മതൂകിയിരുന്നു. അവൾ കഥ പറയുകയും ഞാൻ അത് എഴുതുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കു വാക്കുകൾ മനസിലാകാതെ വരുമ്പോൾ ഞാൻ അവളെ അപേക്ഷയോടെ നോക്കും. അപ്പോൾ അവൾക്കിരുവശവും നനുത്ത വെള്ളത്തൂവലുകളോടുകൂടിയ ചിറകുകൾ മുളച്ചിരിക്കുന്നതായി കാണപ്പെട്ടു. അവൾ എല്ലാവരിൽ നിന്നും ഉയരത്തിൽ വായുവിൽ തെന്നിനീങ്ങുന്നതുപോലെ തോന്നി. അവൾക്കു ചുറ്റും അതാ ഒരു പ്രഭാവലയം. എൻറെ മാലാഖ! അജ്ഞതയുടെ നിലയില്ലാക്കയത്തിലേക്ക് എന്നെ തള്ളിയിട്ടിരുന്ന ഹിന്ദി ക്ലാസ്സുകളിൽ എന്നെ രക്ഷിക്കാൻ വേണ്ടി ഭൂമിയിലേക്ക് വന്ന എൻറെ മാലാഖ! അല്ല, അതിലിപ്പം എന്താ വലിയ കാര്യം? എനിക്കവളുടെ ‘സുകുമാരക്കുറുപ്പ്’ ആകാമെങ്കിൽ അവൾക്കെൻറെ മാലാഖ ആയിക്കൂടെ.
മൂന്നാം ക്ലാസ്സിൽ വച്ചൊരിക്കൽ ഒരു ഫ്രീ പിരീഡിലാണ് അവൾ എന്നോട് ആ വേദനിപ്പിക്കുന്ന സത്യം പറഞ്ഞത്. അവളുടെ അച്ഛൻ ഗുജറാത്തിയമ്മയെയും കൂട്ടി വന്നത് ഒട്ടും തന്നെ ബോധ്യമാകാത്ത ഒരപ്പച്ചി അവൾക്കുണ്ട്. ഇടയ്ക്കിടയ്ക്ക് അവർ വീട്ടിൽ സന്ദർശനത്തിന് വരും. വന്നാൽ നാലഞ്ച് ദിവസം കഴിഞ്ഞേ പോക്കുള്ളു. പോകുന്നതുവരെയും വീട്ടിൽ ഒരു സമാധാനവും ഇല്ല. അമ്മ തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റമാണ്. അവളോടും ചേച്ചിയോടും ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടും. വലിയ നരകം തന്നെ. ഓഹോ! എൻറെ രക്തം തിളക്കാൻ തുടങ്ങി. ഒരാളുടെ വീട്ടിൽ വലിഞ്ഞുകയറിവന്ന് അവരുടെ സമാധാനം കളയുക എന്നുവച്ചാൽ, ഇതെന്താ വെള്ളരിക്കപട്ടണമോ?
“ഈ അപ്പച്ചി എങ്ങനെയാ?”
“വലിയ ബഡായിക്കാരിയാ, അപ്പച്ചി ഉള്ളപ്പോൾ അങ്ങനെ ആയിരുന്നു, ഇങ്ങനെ ആയിരുന്നു എന്നൊക്കെ പറഞ്ഞാ അമ്മയോട് ദേഷ്യപ്പെടുന്നെ.”
“അച്ഛൻ വിളിക്കുമ്പോൾ ഒന്നും പറയില്ലേ?” (അവരെ നാട്ടിലാക്കിയ ശേഷം അച്ഛൻ വീണ്ടും ഗുജറാത്തിൽ പോയിരുന്നു.)
“ഉം.. അച്ഛനോടും അങ്ങനെതന്നെ. എനിക്കാരെയും പേടിയില്ല. എന്നെ ആരും പേടിപ്പിക്കണ്ട എന്ന് പറഞ്ഞാണ് പിന്നെ..”
അപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം അങ്ങനെയാണ്. ആരെയും പേടിയില്ല.
ഞാൻ രാത്രി ഏറെവൈകി മുറ്റത്ത് കവാത്തു നടത്തുമ്പോളൊരിക്കൽ മറ്റെയമ്മയുടെ വക വിരട്ടൽ, ‘ഇങ്ങോട്ടു കേറിക്കോ, സുകുമാരക്കുറുപ്പ് വരും’. സുകുമാരക്കുറുപ്പോ? അതാരാ. സാധാരണ പോക്കാച്ചി വരും, മറുതാ വരും എന്നൊക്കെ പറയാറുള്ളതാ. ഇന്നു ലൈൻ മാറ്റിപിടിച്ചിരിക്കുകയാണല്ലോ. പിന്നെ സുകുമാരക്കുറുപ്പാരെന്നായി. അയാൾ ഒരു മനുഷ്യപ്പറ്റില്ലാത്ത കൊലപാതകി ആണെന്നും ഒരുത്തനെ ജീവനോടെ കത്തിച്ചുകളഞ്ഞവനാണ് അക്ക്രൂരനെന്നും അയാൾ അടുത്തുതന്നെയുള്ള നാട്ടുകാരനാണെന്നും പിടികിട്ടാപ്പുള്ളിയാണെന്നുമുള്ള കഥകളൊക്കെ അംഗവിക്ഷേപങ്ങളോടുകൂടി മറ്റെയമ്മ വിവരിച്ചുതന്നു. സുകുമാരക്കുറുപ്പ് വരുന്നു എന്ന് കേട്ടാൽ തന്നെ ആളുകൾ പേടിച്ചുവിറക്കും പോലും. ഒന്നുകിൽ കുറുപ്പുവഴി അല്ലെങ്കിൽ പോലീസ്‌വഴി പണി കിട്ടിയതുതന്നെ. എന്നും പറഞ്ഞു മറ്റെയമ്മ ഈണത്തിൽ ഈശ്വരനെ വിളിക്കാൻ തുടങ്ങി. “ഈശ്വരാ..ആ …”. അന്നെ മനസിൽ കയറിക്കൂടിയതാണ് അദൃശ്യനായ സുകുമാരക്കുറുപ്പിൻറെ രൂപം.
“അല്ല, അപ്പച്ചിക്ക് സുകുമാരക്കുറുപ്പിനെയും പേടിയില്ലേ?”
അവൾ ആ പേര് കേട്ടപ്പോൾ ഞെട്ടി. അപ്പോൾ അവൾക്കും പേടിയാണ്. പേടിയുടെ സർവ്വസമ്മതമായ ധ്വനിയാണ് ‘സുകുമാരക്കുറുപ്പ്’ എന്ന ശബ്ദം. അപ്പോൾ അതുതന്നെ. അപ്പച്ചിക്കും കുറുപ്പിനെ പേടിയായിരിക്കും. അങ്ങനെ കുറുപ്പിൻറെ പേരിൽ അപ്പച്ചിയെ ഒന്നുപേടിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടു. അമ്മക്കു പുതിയ കുഞ്ഞുവാവ ഉണ്ടായ കാരണം അമ്മ എന്നെയും കൂട്ടി അമ്മയുടെ വീട്ടിൽ ആയിരുന്നു അക്കാലത്തു താമസം. ആ വീട്ടിലുള്ളവർക്കും അയൽവക്കങ്ങളിലുള്ളവർക്കുമെല്ലാം കൂടി അന്നേ അവിടെ ഒരു ഫോൺ കണക്ഷൻ ഉണ്ടായിരുന്നു. ആദ്യം രണ്ടുമൂന്നു ദിവസം അപ്പച്ചിയെ ഫോണിൽ വിളിച്ച് മിണ്ടാതിരിക്കുകയാണ് പദ്ധതിയുടെ ആദ്യപടി. അതുപ്രകാരം എന്നും അത്താഴം കഴിഞ്ഞു ഡൈനിങ്ങ് ടേബിളിൽ നിന്നും ഞാൻ ആദ്യമേ എഴുന്നേൽക്കും. മുതിർന്നവരെല്ലാം നാട്ടുകാര്യങ്ങൾ പറഞ്ഞുംകൊണ്ട് അവിടെത്തന്നെയിരിക്കുമ്പോൾ ഞാൻ മുൻവശത്തെ ഹാളിൻറെ ഒരു കോണിൽ വന്നിരുന്ന് ഫോൺ വിളി തുടങ്ങും. അവൾ അന്നേരം ഫോൺ മണിയടിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരിക്കും. ഒന്നുകിൽ അവൾ ഫോൺ എടുത്ത് അപ്പച്ചിക്കെന്നും പറഞ്ഞ് കൊടുക്കും. അല്ലെങ്കിൽ എന്തെങ്കിലും സൂത്രവിദ്യ കാണിച്ചു അപ്പച്ചിയെകൊണ്ടെടുപ്പിക്കും.
“ഹലോ..”
മറുപടിയില്ല.
“ഹലോ..”
വീണ്ടും മറുപടിയില്ല.
“ഹലോ..ആരാ വിളിക്കുന്നത്?”
വീണ്ടും കട്ടനിശ്ശബദ്ധത.
“ഫോൺ വിളിച്ചാൽ വല്ലതും പറഞ്ഞു കൂടെ? ഇതെന്തൊരു കൂത്താ!”
അപ്പച്ചി നീരസത്തോടെ ഫോൺ കട്ട് ചെയ്യും. ഒരു ദിവസം രണ്ടു മൂന്നു തവണയൊക്കെ ഇത് ആവർത്തിക്കും. മൂന്നാമത്തെ രാത്രി ഇരുട്ടിവെളുത്തപ്പോൾ മുതൽ അപ്പച്ചി ഇത് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു. ‘എന്നാലും ആരാ ഇങ്ങനെ എന്നും വിളിച്ചോണ്ടിരിക്കുന്നെ? ഞാനെന്താ സ്കൂളിലോ കോളേജിലോ പോകുന്ന കുട്ടിയാണോ? ശ്ശെ, ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും?’ എന്നിങ്ങനെ പോയി അപ്പച്ചിയുടെ പരിഭവം പറച്ചിൽ. അതുകേട്ടപ്പോൾ ഞങ്ങൾക്ക് ആകെ സംശയം. ‘ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും?’ ഞങ്ങൾ രണ്ടാളും മുഖത്തോടുമുഖം നോക്കി കുറേനേരമിരുന്നിട്ടും കേൾക്കുന്നവർ എന്ത് വിചാരിക്കുമെന്ന് രണ്ടാൾക്കും പിടികിട്ടിയില്ല. അപ്പോളാണ് അവളുടെ ചേച്ചി സഹായത്തിനെത്തിയത്. സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികളുടെ ഇഷ്ടക്കാർ അവരുടെ ഇഷ്ടഭാജനങ്ങളുടെ ശബ്ദശ്രവണസുഖാനുഭവത്തിനുവേണ്ടി അവരുടെ വീടുകളിലേക്ക് ഇങ്ങനെ വിളിക്കാറുണ്ടെന്നും അപ്പച്ചിയുടെ കഠോരശബ്ദത്തിനു കാതോർത്തുകൊണ്ട് ഏതോ ഇഷ്ടക്കാരൻ വിളിക്കുകയാണെന്ന് കേൾക്കുന്നവർ പറയുമെന്നും ചേച്ചി പറഞ്ഞുതന്നു. ഇന്ന് നമ്മൾ ‘ബ്ലാങ്ക് കാൾ’ എന്ന് പറഞ്ഞു പുച്ഛത്തോടെ തള്ളുന്ന ഈ ഏർപ്പാടിന് രണ്ടു പതിറ്റാണ്ടുകാലം മുൻപ് ഇത്രക്കും വൈകാരികമായ ഒരു വ്യാഖ്യാനതലം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഈ ‘ട്രൂ-കാളർ’ യുഗത്തിൽ സ്കൂളിലും കോളേജിലും പോകുന്ന ഒരൊറ്റ കുഞ്ഞും വിശ്വസിക്കുകയില്ല.
ശ്ശെ, ഈ പ്രായത്തിൽ അപ്പച്ചിക്കിനി പുതിയ ഇഷ്ടക്കാരനോ? പ്രത്യേകമായ സദാചാരക്ലാസ്സുകളിലൊന്നും പങ്കെടുക്കാതെതന്നെ അങ്ങനെ ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് അന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നു. അതിനാൽ അജ്ഞാതകാമുകനായി രൂപം മാറിയ സുകുമാരക്കുറുപ്പിൻറെ അധ്യായം ഉടൻ തന്നെ അവസാനിപ്പിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. കുറുപ്പിൻറെ പേരിൽ ഒരു ഭീഷണിക്കത്താണ് അടുത്ത നടപടി. കുറുപ്പല്ലേ? മനുഷ്യപ്പറ്റില്ലാത്തവനല്ലേ? ഒരു മനുഷ്യപ്പറ്റില്ലാത്ത കടലാസിലാവണം കത്ത്. അവളുടെ നോട്ടുബുക്കിലെ കടലാസുകളൊക്കെ നല്ല തൂവെള്ള നിറത്തിൽ മിനുസമുള്ളതായിരുന്നു. സാക്ഷരതാ മിഷനും പഞ്ചായത്ത് രാജും എല്ലാം കൂടി അച്ഛന് പഞ്ചായത്ത് ഓഫീസിൽ ജോലിക്കു പോകണോ അതോ പഠിക്കാൻ പോകണോ എന്നറിയാതെ നട്ടം തിരിഞ്ഞിരിക്കുന്ന സമയം. പഠിക്കാൻ പോകുമ്പോഴൊക്കെ കുറെ പുസ്‌തകങ്ങളും പിന്നെ തടിച്ച പുറംചട്ടയ്ക്കുകീഴിൽ വരയുള്ള പരുപരുത്ത പേജുകളോടുകൂടിയ ബുക്കുകളും കൊണ്ടുവരുമായിരുന്നു. മിക്കവാറും പുസ്‌തകങ്ങളുടെ പുറംചട്ടയിൽ സാക്ഷരതാമിഷൻറെ ലോഗോ വലിപ്പത്തിൽ പ്രിൻറ് ചെയ്തുവച്ചിരിക്കുകയായിരിക്കും. ഒരു വൃത്തത്തിനുള്ളിൽ ‘Y’ ആകൃതിയിൽ മൂന്ന് ആരക്കാലുകളും മുകളിലെ രണ്ടു കാലുകൾക്കിടയിൽ പൊട്ടുകുത്തിയതുപോലെ ഇമ്മിണി ബല്യ ഒരു വട്ടവും ആയിരുന്നു ആ ചിഹ്നത്തിൽ ഉണ്ടായിരുന്നത്. അതുകാണുമ്പോളൊക്കെ രണ്ടുകൈയും നീട്ടി സാക്ഷരതയെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഒരു സ്ത്രീയായിട്ടാണെനിക്കു തോന്നിയിട്ടുള്ളത്. ഒരു സമൂഹം സാക്ഷരത കൈവരിക്കുന്നത് അതിലെ സ്ത്രീജനങ്ങൾ അതിനെ ഉൾക്കൊള്ളുമ്പോഴാണെന്നു പറയാതെ പറഞ്ഞു വയ്ക്കാൻ ആ ചിത്രത്തിനു കഴിഞ്ഞിരുന്നു. അത് വെറും അക്ഷരജ്ഞാനവും പുസ്‌തകപരിചയവും മാത്രമായിപ്പോയോ എന്നു ചിലപ്പോഴെങ്കിലും തോന്നിപ്പോകാതിരുന്നിട്ടില്ല.
കിളുന്തുപിള്ളേരൊക്കെ മായാവിയെയും കാലിയായെയും ചമതകനെയും ഡൂഡുവിനെയും ഒക്കെ വായിച്ചു നടക്കുമ്പോൾ ഞാൻ സാക്ഷരതയെപറ്റിയും അങ്കണവാടികളെപറ്റിയും പഞ്ചായത്ത് രാജിനെപറ്റിയുമൊക്കെ വായിച്ചുകൊണ്ടിരുന്നു. അന്നൊരിക്കൽ പഠിച്ചുവച്ചതാണ് പതിനാലുജില്ലകളോടുകൂടിയ കേരളത്തിൻറെ ഭൂപടം. അതിൽ മലബാർ എവിടെയെന്നു രേഖപെടുത്താതിരുന്ന ഒരൊറ്റകാരണം കൊണ്ടുമാത്രം ആ പേരിലുള്ള ഭൂപ്രദേശം അങ്ങ് ദൂരെ വെളിനാട്ടിലെവിടെയോ ആണെന്ന് ഞാൻ ഏറെക്കാലം കരുതിപ്പോന്നു. ആ യമണ്ടൻ ബുക്കുകൾ ഇന്നത്തെ നോട്ട്-പാഡുകൾക്കു പകരമുള്ള ഒരു ഏർപ്പാടായിരിക്കണം. അവയ്ക്കു പത്തിരുന്നൂറ്റമ്പതോളം പേജുകളുണ്ടായിരുന്നു. ഒരു മനുഷ്യപ്പറ്റില്ലാത്ത പരുക്കൻ പേജുകൾ. ഓരോ പേജിലും രസീതുബുക്കിലേതു പോലെ നമ്പറും അടിച്ചിരുന്നു. അതുകൊണ്ടു ബുക്കിൽനിന്ന് ഒരു പേജുപോലും വലിച്ചുകീറുവാൻ ഞാൻ ധൈര്യപ്പെട്ടിരുന്നില്ല. പേജുനമ്പർ നോക്കി എനിക്കു വീട്ടിൽ ചീത്തവിളി ഉറപ്പാണ്. എന്നിട്ടും അന്ന് രണ്ടും കല്പിച്ചു ഞാൻ അതിലൊന്നിൻറെ ഏറ്റവും അവസാനത്തെ പേജ് വലിച്ചുകീറിയെടുത്തു. വീട്ടിലെത്തി ആരും കാണാതെ വട്ടമരത്തിൽ തൂങ്ങി കുറച്ചു വട്ടപ്പശയും സംഘടിപ്പിച്ചു കീറിയ പേജിൻറെ എതിർപേജ് ഒട്ടിക്കുന്നതുവരെ ഉള്ളിൽ എന്തെന്നില്ലാത്ത കുറ്റബോധം ആയിരുന്നു. ആ പരുക്കൻ കടലാസ്സിൽ പരുക്കൻ അക്ഷരങ്ങളിൽ എഴുതുന്ന പണിയും എന്റേതായിരുന്നു. കരടുരൂപം ആദ്യം അവളുടെ ബുക്കിൽ എഴുതി നോക്കി. അതിൽ പേജ് നമ്പർ ഇല്ലാത്തതുകൊണ്ട് യഥേഷ്ടം വലിച്ചുകീറിക്കളയാമെന്നതുതന്നെ കാരണം. വട്ടെഴുത്തും കോലെഴുത്തും ചേർന്ന പ്രാകൃതമെന്നു തോന്നുന്ന ഒരുതരം ലിപിയിൽ അക്ഷരങ്ങൾ ചിട്ടപ്പെടുത്തി ഞാൻ കുറുപ്പിൻറെ കത്ത് എഴുതിതയാറാക്കി. കത്തിലെ വരികൾ ഇപ്പോൾ ഓർമയില്ല. എന്നാൽ അത് തുടങ്ങിയത് ‘എടീ..’ എന്നുള്ള ധിക്കാരത്തോടെയുള്ള സംബോധനയിലായിരുന്നു. ചെറിയ ക്ലാസ്സുകളിൽ അത് ധിക്കാരത്തിൻറെ ശബ്ദം ആയിരുന്നു. വലുതായപ്പോൾ അത് അടുപ്പമുള്ളവരുടെ അധികാരത്തിൻറെ ശബ്ദം ആയി. അങ്ങനെയങ്ങനെ നിനച്ചിരിക്കാത്ത നേരത്തു പട്ടാളക്കാരൻ ‘ടീ..’ വിളി ഒഴിവാക്കി പേര് വിളിക്കുമ്പോൾ കണ്ണുനിറയുമെന്നായി. പിന്നെ വായ്ത്താരിയും, “ഞാൻ എന്നാ ചെയ്തിട്ടാ?”. അന്നുരാത്രി അപ്പച്ചി കിടക്കുന്നതിനുമുന്നെ അവൾ കത്ത് തലയിണക്കീഴിൽ കൊണ്ടുവച്ചു. ഒറ്റക്കൊരു മുറിയിൽ കതകടച്ചുകിടക്കുന്നതുകൊണ്ട് കത്ത് വായിച്ചോ വായിച്ചെങ്കിൽ അതുകഴിഞ്ഞുടനെയുള്ള പ്രതികരണം എന്തായിരുന്നു എന്നുള്ള വിവരങ്ങളൊന്നും ഞങ്ങൾക്കു ലഭിച്ചില്ല. ‘കുട്ടികളാരോ ആണെന്നുതോന്നുന്നു ഇപ്പണി ഒപ്പിച്ചത്’ എന്ന് പറഞ്ഞുകൊണ്ടാണ് രാവിലെ എഴുന്നേറ്റുവന്നതെന്ന് അവൾ പറഞ്ഞു. എന്തായാലും ഇത്തവണത്തെ പ്രകടനപരമ്പര അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു എന്ന ഉൾവിളിയുണ്ടാകുകയും അപ്പച്ചി അന്നുതന്നെയോ അതിനുപിറ്റേന്നോ എന്നാണെന്നോർമ്മയില്ല സ്ഥലം കാലിയാക്കുകയും ചെയ്തു. അങ്ങനെ അവൾക്കു വേണ്ടി എനിക്കു സുകുമാരക്കുറുപ്പാകാമെങ്കിൽ അവൾക്ക് ഇടക്കിടക്ക് എൻറെ മാലാഖ ആകുന്നതിൽ എന്താ പ്രശ്‍നം? ഒരു പ്രശ്നവുമില്ല. മറിച്ച് അതെൻറെ അവകാശം ആണെന്ന മട്ടിൽ ഞാൻ അവളെക്കൊണ്ട് ഇതേപോലെ ആനയുടെയും തയ്യൽക്കാരൻറെയും ആമയുടെയും മുയലിൻറെയും മുന്തിരി കിട്ടാത്ത കുറുക്കൻറെയും ഒക്കെ കഥകൾ ഹിന്ദിയിൽ നിർബാധം പറയിപ്പിച്ചു പോന്നു.
ഹൈസ്കൂളിൽ ചെന്നപ്പോൾ ബെസ്ററ് ഫ്രണ്ടിന് അറിയാവുന്ന മലയാളമല്ലാത്ത ഒരേയൊരു ഭാഷ-തമിഴ്. എനിക്കാണെങ്കിൽ അതന്നും അറിയില്ല ഇന്നും അറിയില്ല. ചെന്നൈയിലെ ലോക്കൽ ട്രെയിനിൽ കയറുന്ന ഭൂരിഭാഗം ആൾക്കാർക്കും മലയാളം തെരിയുന്നതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ പലവട്ടം തമിഴൻറെ നാട്ടിൽ പോയിവന്നു എന്നുമാത്രം. എങ്ങാനും തമിഴ്‌നാട്ടിലെവിടെങ്കിലും താമസിക്കേണ്ടിവന്നാൽ ‘അവിടെന്തൊരു ചൂടാ!’ എന്നാണ് ഒരു ശരാശരി മലയാളി ചിന്തിക്കുന്നത്. ‘ഞാൻ എങ്ങനെ തമിഴ് പഠിക്കും?’ എന്നാണ് എൻറെ ചിന്ത. തമിഴ് പരിജ്ഞാനത്തിന്റെ പേരിൽ ഇടയ്ക്കിടെ അവളെ ‘പാണ്ടി’ എന്നു വിളിച്ച് ഞാൻ ദേഷ്യം പിടിപ്പിക്കാറുണ്ടെങ്കിലും അവളോട് എനിക്ക് അക്കാര്യത്തിൽ വലിയ ബഹുമാനം ആണ്. അവൾ തമിഴ് സിനിമ കണ്ടാണ് ഈ പാണ്ഡിത്യം അത്രയും നേടിയെടുത്തത് പോലും. ഞാനാണെങ്കിൽ കൊല്ലം കുറെയായി ഹിന്ദി സിനിമയും സീരിയലും കണ്ടു നടക്കാൻ തുടങ്ങിയിട്ട്, ഒരു പുരോഗതിയുമില്ല. അതിനിടയിൽ ഒരു വട്ടം ഹിന്ദിനാട്ടിലും പോയി. ഒരു ഹരിയാനക്കാരൻ ചെറുക്കൻ വന്ന് ‘ഞങ്ങളുടെ നാടിനെപ്പറ്റി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?’ എന്ന് ചോദിച്ചപ്പോൾ ‘ആ പിന്നേ…ഈ മഹാഭാരതയുദ്ധം, പാനിപ്പത്ത് യുദ്ധം ഇത്യാദി സംഭവങ്ങളൊക്കെ നടന്നയിടമല്ലേ?’ എന്നെങ്ങനെ ചോദിക്കുമെന്ന് അറിയാതെ വിഷമിച്ച കഥ സ്കൂളിൽ വന്ന് ക്ലാസ് മുഴുവൻ കേൾക്കെ ഹിന്ദി മാഷിനോട് പറയേണ്ടിയും വന്നു. അന്നേരമേ നിങ്ങളോടു ഞാൻ പറഞ്ഞതല്ലേ, ‘ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ!” എന്നും പറഞ്ഞു ക്ലാസിനെ ഒന്നടങ്കം പുച്ഛിച്ചു തള്ളിയത് നീ ഒരൊറ്റ ഒരുത്തി കാരണമാണെന്നും പറഞ്ഞു എല്ലാരും എന്നെ തുറിച്ചുനോക്കി. പറഞ്ഞാൽ മാത്രം പോരല്ലോ ഇതിങ്ങനെ അനർഗ്ഗളനിർഗളം പുറത്തേക്കു വരാനുള്ള പദസമ്പത്തിനായി എവിടെപോകുമെന്നറിയാതെ ഞങ്ങൾ കബീർദാസിനെയും സൂർദാസിനെയും പ്രേംചന്ദിനെയും ബച്ചനേയും ഒക്കെ പഴിച്ചുകൊണ്ടു ഹിന്ദിക്ളാസ്സിലിരുന്നുപോന്നു. അപ്പോഴാണ് ചുറ്റുവട്ടത്തുള്ള യാഗി-ഉടയൊക്കെ നിലംപൊത്തിയത് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. എല്ലായിടവും കേബിൾ ടിവി ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. അതിൽ ദിവസം മുഴുവൻ മലയാളമോ ഹിന്ദിയോ ഇംഗ്ലീഷോ എന്ത് വേണമെങ്കിലും കാണാം.
“അമ്മേ, എനിക്കു കേബിൾ ടി വി വേണം.”
“ഇല്ലാ, അടുത്ത കൊല്ലം പത്തിലാ, നടക്കത്തില്ല.”
“പത്തും ടിവിയും തമ്മിൽ എന്ത് ബന്ധമാ? ഞാൻ പഠിച്ചുകഴിഞ്ഞേ ടിവി കാണൂന്ന് അമ്മക്ക് അറിഞ്ഞുടേ?”
അതമ്മക്കറിയാം. ദൂരദർശൻ അല്ലെ? പഠിച്ചുകഴിഞ്ഞു കണ്ടാൽതിരിയുന്നതൊക്കെ കണ്ടുംകഴിഞ്ഞു അയ്യത്തൊക്കെ കുറെ കറങ്ങി നടന്നുകഴിഞ്ഞും പിന്നെയും സമയം ബാക്കിയാണ്. എന്നാലും പത്താം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന് ആരെങ്കിലും കേബിൾ കണക്ഷൻ എടുത്തു കൊടുക്കുമോ? കേൾക്കുന്നവർ വിചാരിക്കും ‘നൊസ്സ്’ ആണെന്ന്. അച്ഛൻ കേട്ടഭാവം നടിച്ചില്ല. കട്ടപുച്ഛം. ‘കേബിളേ, അതും പത്തിലേ..’ എന്ന ലൈൻ. ഞാൻ വിടുമോ? ‘നിർജലനിരാഹാര’മാണ് എന്റെ ഏറ്റവും കരുത്തുറ്റ സമരമുറ. അത് തന്നെ പുറത്തെടുത്തു. ഒടുവിൽ അമ്മ വഴങ്ങി. പത്താം ക്ലാസ്സിലെ മോഡൽപരീക്ഷയും കഴിഞ്ഞു വലിയ പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് ടെൻഷൻ അടിച്ചിരിക്കേണ്ട സമയത്തു ഞാൻ അങ്ങനെ ടിവിയും കണ്ടിരിപ്പായി. ടിവിയുമായി ഒരു ബന്ധവുമില്ലെങ്കിലും പിന്നെയും കുറേനാൾ അവഗണനയുടെ അപമാനസ്തംഭത്തിലേറി യാഗി-ഉട വീടിൻറെ വടക്കേപുറത്തേക്കു നിന്നിരുന്നു. അതിനിടയിലൊരു ദിവസം കണക്കിന്റെ രണ്ടാംപേപ്പറിലെ വരകളൊന്നും കൂട്ടിമുട്ടുന്നില്ല എന്ന് പറഞ്ഞ് വർഷ ഒരു പുസ്തകക്കെട്ടുമായി വീട്ടിലേക്കുവന്നു. വന്നപ്പോളുണ്ട് ഉപ്പേരിയും കൊറിച്ചു കാലൻ അമരീഷ് പുരിയെയും ശപിച്ചുകൊണ്ട് ഷാരൂഖ്ഖാനുവേണ്ടി കണ്ണുനീരും പൊഴിച്ചു ഞാൻ അങ്ങനെയിരിക്കുന്നു. അവൾ വാതില്ക്കൽ വന്ന് വായുംപൊളിച്ചു നില്ക്കുകയാണ്.
“ടീ..അടുത്ത ആഴ്ച പരീക്ഷയല്ലേ? നീ ഇവിടെ സിനിമയും കണ്ടിരിക്കുവാണോ?”
“അല്ലെടി.. ഞാൻ ഈ സിനിമ കണ്ടിട്ടില്ല, നീ കണ്ടതാണോ?”
ഞാൻ സങ്കടപ്പെട്ടങ്ങനെ പറയുന്നത് കേട്ടിട്ട് അവൾ നിന്നുറഞ്ഞുതുള്ളി.
“പബ്ലിക് പരീക്ഷക്കു പഠിക്കണ്ട നേരത്തു ആരെങ്കിലും ഇങ്ങനെ സിനിമയും കണ്ടിരിക്കുമോ? ഞാൻ നിൻറെ അമ്മ വരുമ്പോൾ പറഞ്ഞുകൊടുക്കും.” അവൾ അങ്ങനെ പറഞ്ഞെന്നെ ഭീഷണിപ്പെടുത്താൻ നോക്കി. കൂട്ടത്തിൽ അവളുടെ കൈയിലെ കണക്കിൻറെ പുസ്‌തകവും നോട്ടുബുക്കും ലേബർ ഇന്ത്യയും സ്കൂൾ മാസ്റ്ററും വേറെ എന്തൊക്കെയോ എല്ലാം കൂടി സോഫയുടെ മറ്റേ അറ്റത്തു ഒരു ശബ്‍ദത്തോടു കൂടി വീഴുകയും ചെയ്തു.
കാര്യം പന്തിയല്ലെന്നു മനസിലാക്കി ഞാൻ ഒന്നിളകിയിരുന്നു. സംശയങ്ങളൊക്കെ അറിയുംവിധമൊക്കെ ഞങ്ങൾ രണ്ടാളും കൂടി പറഞ്ഞുതീർത്തു. അപ്പോഴും ഞാൻ ടിവി ഓഫ് ചെയ്തിരുന്നില്ല. അവൾ കോംപസിൽ പെൻസിൽ ഉറപ്പിക്കുന്ന നേരത്തും മട്ടം കൊണ്ട് കോണളവ് തിട്ടപ്പെടുത്തുമ്പോഴുമൊക്കെയുള്ള ഇടവേളകിൽ ഞാൻ അങ്ങോട്ടേക്ക് നോക്കിയിരുന്നു. ചിലപ്പോളൊക്കെ അവൾ മുറുമുറുത്തെങ്കിലും ടിവി കണ്ടിരുന്നു പഠിക്കുന്ന കലയിൽ ഞാൻ അപ്പോഴേക്കും സാമാന്യപ്രാവീണ്യം നേടിയിരുന്നത് കൊണ്ട് അവൾ അമ്മയോട് പറയുകയൊന്നും ഉണ്ടായില്ല. എങ്കിലും ഏറെ താമസിയാതെ ‘ടിവി കണ്ടിരുന്നു പഠിക്കുന്നവൾ’ എന്ന കീർത്തി കുടുംബക്കാർക്കിടയിൽ സമ്പാദിക്കുവാൻ എനിക്ക് സാധിച്ചു. പിന്നീട് കുറേനാളുകൾക്കു ശേഷം ഉത്തരേന്ത്യയിൽ പഠിക്കാനെത്തിയപ്പോൾ കൂടെയുള്ള വാരാണസിക്കാരി ചോദിച്ചു,
“തും ഇത്നി അച്ചി ഹിന്ദി കൈസേ ബോൽ ദേതി ഹോ?”
അഭിമാനം കൊണ്ട് രോമങ്ങളെല്ലാം കൂപങ്ങളിൽ നിന്നെഴുന്നേറ്റു നിന്ന നിമിഷം. ഞങ്ങൾ രണ്ടാളെയും കൂടാതെ ക്ലാസിൽ ഉള്ളത് രണ്ട് ആന്ധ്രക്കാരികൾ മാത്രം.(അന്ന് ആന്ധ്രക്കാരികൾ ആയിരുന്നു. പഠിച്ചിറങ്ങുമ്പോഴേക്കും ഒരാൾ ആന്ധ്രക്കാരിയും മറ്റൊരാൾ തെലങ്കാനക്കാരിയും ആയിരുന്നു). അവരെക്കാൾ നന്നായി ഞാൻ സംസാരിക്കുന്നതുകൊണ്ടാകും അവൾ അങ്ങനെ പറഞ്ഞത്. പിന്നെയും പലരും ചോദിച്ചു. “കേരളത്തിൽ തന്നെയല്ലേ പഠിച്ചത്? പിന്നെങ്ങനാ?”
ഞാൻ വാരാണസിക്കാരിയോട് പറഞ്ഞു.
“ബസ്, ഐസേ ബോൽതി ഹും…”.
അവൾ ‘എടീ ഭയങ്കരീ..’ എന്ന മട്ടിൽ എന്നെ നോക്കി. അങ്ങനെ ഒടുവിൽ ഹിന്ദി പരിജ്ഞാനത്തിൽ ഞാനും അസാമാന്യആത്മവിശ്വാസം നേടിയിരിക്കുകയാണ്. പിന്നെയും വർഷങ്ങൾ കഴിഞ്ഞു കുടുംബിനികളായതിനു ശേഷം ഞാനും വർഷയും കൂടി ഒരു ബിരിയാണി ഷോപ്പിങ്ങിനിറങ്ങിയതാണ്. അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്നും റൈസും മസാലയും എല്ലാം വലിച്ചിട്ടുകൊണ്ടുപോന്നു പാതിവഴിയിൽ ആയപ്പോഴാണ് അവൾക്കു മല്ലിയില വേണമെന്ന് പറയുന്നത്. ഞാൻ ചുറ്റും നോക്കി. റോഡിൻറെ അപ്പുറത്തു ഉന്തുവണ്ടിയും കൊണ്ട് നിൽക്കുന്ന ചേട്ടൻറെ കൈയിൽ ഉണ്ടല്ലോ. “പോയി വാങ്ങിക്കോ”. ഞാൻ അവളുടെ മകനെയും അവൻറെ കൈയിലുള്ള ഇരുപത്തിനായിരത്തിൻറെ മൊബൈലും നോക്കാനെന്ന പേരിൽ അവിടെ തന്നെ നിന്നു. അവൾ വീണ്ടും എന്നെ തന്നെ നോക്കിനിൽക്കുകയാണ്. ഞാൻ ഒന്നും പിടികിട്ടാതെ അവളുടെ മുഖത്തേക്ക് നോക്കി.
“ഈ മല്ലിയിലക്കെന്താ ഹിന്ദിയിൽ പറയുന്നത്?”
ഓഹോ.. അപ്പോൾ അതാണ് കാര്യം. പണ്ട് ഞാൻ ‘കൊയ്‌ലാ’യും കണ്ടിരുന്നപ്പോൾ കണക്കുപുസ്‌തകവും കൊണ്ട് വന്നതല്ലേ നീ? അന്നേരം എന്തായിരുന്നു പുച്ഛം! ഞാൻ കൊച്ചിനെയും കൂട്ടത്തിൽ മൊബൈലിനെയും ഒക്കത്തെടുത്തുവച്ച് അവളുടെയൊപ്പം റോഡ് മുറിച്ചുകടന്നു. ഉന്തുവണ്ടിക്കരികിൽ ചെന്നുനിന്നുകൊണ്ടു പറഞ്ഞു. “ഭയ്യാ.. വോ ധനിയ-പത്താ ദേനാ..” അയാൾ അഞ്ചു രൂപയുടെ ഒരുകെട്ട് ഞങ്ങൾക്ക് നേരെ നീട്ടി. അതും വാങ്ങി കവറിലിട്ടു നടക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.
“നീ എന്തുവേണമെന്നാ പറഞ്ഞത്?”
“ടീ.. ധനിയ-പത്താ, ധനിയയുടെ പത്താ, ധനിയ-പത്താ…“
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission