എന്നെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനും കുഞ്ഞമ്മയും കൂടി വന്നപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചു. അമ്മയെവിടെ? ഞാന്‍ പുറത്ത് കാറിനുള്ളിലേക്ക് നോക്കി; ഡ്രൈവര്‍ മാത്രമേ ഉള്ളു അതില്‍. എന്റെ നോട്ടം അച്ഛന്റെ നേരെയായി.
“അച്ഛാ അമ്മയെവിടെ?”
അച്ഛന്‍ കുഞ്ഞമ്മയെ പാളിയൊന്നു നോക്കി. രണ്ടുപേരുടെയും മുഖത്ത് പരിഭ്രമമോ പരുങ്ങലോ എന്ന് വേര്‍തിരിക്കാന്‍ സാധിക്കാത്ത ഒരുതരം ഭാവം. എന്നോടൊപ്പം ചോദ്യഭാവത്തില്‍ ചേട്ടന്റെ അച്ഛന്റെയും അമ്മയുടെയും കൂടി നോട്ടങ്ങള്‍ എത്തിയപ്പോള്‍ അച്ഛന് സ്ഥലകാലബോധമുണ്ടായി.
“അവള്‍ക്ക് നല്ല സുഖമില്ല..അതാ..”
അച്ഛന്‍ പറഞ്ഞൊപ്പിച്ചു. പക്ഷെ ആ പരുങ്ങലോടെയുള്ള മറുപടി എന്നില്‍ സംശയം ജനിപ്പിച്ചെങ്കിലും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് അച്ഛനെ കൂടുതല്‍ ചോദ്യം ചെയ്ത് വിഷമിപ്പിക്കേണ്ട എന്ന് കരുതി ഞാനത് വിശ്വസിച്ചതായി നടിച്ചു.
“എന്നാലും മോളെ വിളിച്ചോണ്ട് പോകാന്‍ അമ്മയല്ലേ വരേണ്ടത്?”
എന്റെ വീട്ടുകാരില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അമ്മായിയമ്മ കിട്ടിയ അവസരം പാഴാക്കിയില്ല. ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം സ്ത്രീകളുടെ മുഖങ്ങളില്‍ ക്ഷണിക്കാതെ തന്നെ എത്തുന്ന ആ പുച്ഛവും പരിഹാസവും കലര്‍ന്ന ഭാവം കൃത്യമായിത്തന്നെ തള്ളയുടെ മോന്തയില്‍ വിലസുന്നുണ്ട്.
“തീരെ വയ്യ..യാത്ര ചെയ്യാന്‍ പ്രയസമായത് കൊണ്ട് ഞാന്‍ തന്നാ വരണ്ടാന്നു പറഞ്ഞത്”
അച്ഛന്‍ വിശദീകരിച്ചു. പക്ഷെ ആ സംസാരത്തിനൊരു വിശ്വസനീയതയില്ല. അച്ഛന്‍ കള്ളം പറയാന്‍ പരിശ്രമിക്കുന്നത് പോലെ. ആ മുഖത്തെ കള്ളഭാവം എനിക്ക് നന്നായി അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. അച്ഛനെത്ര അഭിനയിച്ചാലും എന്റെ മുന്‍പിലത് വിലപ്പോവില്ല. ജനിച്ചത് മുതല്‍ എനിക്ക് അമ്മയേക്കാള്‍ ഏറെ അച്ഛനോടായിരുന്നു അടുപ്പം. അച്ഛന്റെ മുഖത്തെ ഓരോ ഭാവവും എനിക്ക് വ്യക്തമായി മനസിലാകും. ഒന്നും ഒളിപ്പിക്കാന്‍ എന്റെ അച്ഛന് അറിയില്ല. അഥവാ അതിനു ശ്രമിച്ചാലും അതിയാന്‍ അക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടും. ഇവിടെയും അത് തന്നെ സംഭവിച്ചിരിക്കുന്നു.
വീട്ടിലേക്കുള്ള യാത്രയിലുടനീളം ഞാന്‍ അമ്മയുടെ കാര്യം സംസാരിച്ചതേയില്ല. കുഞ്ഞമ്മയോട് മറ്റു പലതും സംസാരിച്ച് അമ്മയുടെ വിഷയം ഞാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി. എങ്കിലും ചിലപ്പോള്‍ അച്ഛന്‍ പറഞ്ഞത് സത്യമായേക്കാം എന്നൊരു തോന്നലും എനിക്കില്ലാതിരുന്നില്ല. കാര്‍ വീടിനോട് അടുക്കാറായപ്പോള്‍ അമ്മ എന്നെ കാത്ത് നില്‍പ്പുണ്ടാകും എന്നാശിച്ചു കൊണ്ട് ദൂരെ വച്ചുതന്നെ ഞാന്‍ വീടിന്റെ മുന്‍പിലേക്ക് നോട്ടം ആരംഭിച്ചിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. കാര്‍ വീട്ടുമുറ്റത്ത് എത്തി നിന്നപ്പോഴും അമ്മ വീട്ടില്‍ നിന്നും ഇറങ്ങി വന്നെന്നെ സ്വീകരിക്കുമെന്ന് ഞാന്‍ ആശിച്ചു. കാറില്‍ നിന്നും ഇറങ്ങിയ എന്നെ കാത്ത് അനുജത്തി മാത്രമേ ഉള്ളായിരുന്നു അവിടെ. അവള്‍ ചിരിച്ചുകൊണ്ട് ഓടിയെത്തി എന്നെ കെട്ടിപ്പുണര്‍ന്നു. എന്റെ കണ്ണുകള്‍ അപ്പോഴും അമ്മയെ തിരയുകയായിരുന്നു.
“അമ്മ എവിടെടി?” ബാഗ് എടുത്ത് എന്റെ കൈയും പിടിച്ച് ഉള്ളിലേക്ക് നടക്കാനാരംഭിച്ച അവളോട് ഞാന്‍ ചോദിച്ചു.
“അച്ഛന്‍ പറഞ്ഞില്ലേ?” ഒരു മറുചോദ്യമായിരുന്നു ഉത്തരം.
“സുഖമില്ലെന്നു പറഞ്ഞു”
“ഉം സുഖമില്ല; അമ്മ ആശുപത്രിയിലാ” തീരെ നിസ്സാരമായിട്ടായിരുന്നു അവളുടെ മറുപടി.
“ങേ? ആശുപത്രിയിലോ? സത്യമാണോടീ? എനിക്കുടനെ അമ്മയെ കാണണം. അമ്മയ്ക്കെന്താണ് പറ്റിയത്..ങേ?” ആധിയോടെ ഞാന്‍ ചോദിച്ചു. അനുജത്തി മറുപടി നല്‍കാതെ ബാഗുമായി ഉള്ളിലേക്ക് കയറിയപ്പോള്‍ ഞാന്‍ അവള്‍ക്ക് പിന്നാലെ ചെന്നു.
“എടി പറയാന്‍..അമ്മയ്ക്കെന്ത് പറ്റി? എനിക്കമ്മയെ ഇപ്പൊ കാണണം..” ഞാന്‍ ആവര്‍ത്തിച്ചു.
“നീ ഒന്നടങ്ങടി..ഞാനീ ബാഗൊന്നു വച്ചിട്ട് വരട്ടെ” മുറിയിലേക്ക് കയറിപ്പോയ അവള്‍ എന്നെ ഗൌനിച്ചതേയില്ല.
നിരാശയോടെ മുറ്റത്ത് നിന്ന് ടാക്സിക്കാരന് പണം നല്‍കുന്ന അച്ഛനിലേക്ക് എന്റെ കണ്ണുകളെത്തി. മനസ്സ് കടല്‍ പോലെ ഇരമ്പുകയാണ്; സ്വസ്ഥത പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹശേഷം ഒരു പെണ്ണിന്റെ ഏറ്റവും വലിയ സുഹൃത്ത് സ്വന്തം അമ്മയായിരിക്കും. കല്യാണാനന്തരം ഭര്‍തൃഗൃഹത്തിലേക്ക് പോയ ഞാന്‍ അമ്മയെ വിളിച്ചു സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. വിളിക്കുമ്പോള്‍ ഒക്കെ ഒന്നുകില്‍ അമ്മ പുറത്താണ്, കുളിക്കുകയാണ് എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയിരുന്നത്. ഇങ്ങോട്ട് വരാനിരിക്കുന്നതിന്റെ പേരില്‍ ഞാനതത്ര കാര്യവുമാക്കിയിരുന്നുമില്ല. ഏറ്റവും ഒടുവില്‍ തമ്മില്‍ സംസാരിച്ച സമയത്തും ഒരു കുഴപ്പവുമില്ലാതിരുന്ന അമ്മയ്ക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത്?
“മോളെ നീ പോയി വേഷം മാറ്. അമ്മ കുറെ ദൂരെയാണ്. ഉടനെ പോയി കാണാന്‍ ഒന്നും പറ്റില്ല” അച്ഛന്‍ പരിക്ഷീണിതനായി കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
“എനിക്ക് കാണണം; അമ്മയ്ക്ക് എന്താണ് സംഭവിച്ചത്? പറ അച്ഛാ..എന്റെ അമ്മയ്ക്ക് എന്ത് പറ്റി?” അച്ഛന്റെ കാല്‍ക്കല്‍ ഇരുന്നുകൊണ്ട് ഞാന്‍ കരയാന്‍ തുടങ്ങി.
“എടി ചേച്ചി നീ ചുമ്മാ സെന്റിയായി അച്ഛനെ വിഷമിപ്പിക്കാതെ എഴുന്നേറ്റ് വാ. അമ്മ കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് കാലുതെറ്റി ഒന്ന് വീണ് നട്ടെല്ലിന് ചെറിയ പരുക്ക് പറ്റി. നട്ടെല്ലിന്റെ ഡിസ്കിന് പറ്റിയ തകരാറിന് ഓപ്പറേഷന്‍ വേണമെന്ന് ഇവിടെയുള്ള ആശുപത്രിയില്‍ കാണിച്ചപ്പോള്‍ പറഞ്ഞു. പക്ഷെ അങ്ങനെ ഓപ്പറേഷന്‍ ചെയ്‌താല്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്നും ആ ഡോക്ടര്‍ തന്നെ പറഞ്ഞു. തന്നെയുമല്ല ഭയങ്കര വേദനയും ആയിരിക്കുമത്രേ. അപ്പഴാണ് അച്ഛന്റെ പരിചയത്തിലുള്ള ഒരാള്‍ പരമ്പരാഗത ചികിത്സ നടത്തുന്ന ഒരു വൈദ്യന്റെ കാര്യം പറഞ്ഞത്; അങ്ങ് കോയമ്പത്തൂരില്‍. ഇതുപോലെയുള്ള കേസുകള്‍ അവര്‍ ചികിത്സിച്ചു ഭേദമാക്കുന്നുണ്ടത്രേ. പക്ഷെ അവിടെ താമസിച്ചു ചികിത്സിക്കണം. അതിനായി അമ്മയെ അങ്ങോട്ട് കൊണ്ടുപോയിരിക്കുകയാണ്. രണ്ടു മാസത്തെ തിരുമ്മലും ചികിത്സയുമുണ്ട്. അതിനിടെ സന്ദര്‍ശകരെയും ഫോണ്‍ വിളികളും ഒന്നും അവര്‍ അനുവദിക്കില്ല. പഴയ കാലത്തെ രീതിയിലാ അവരുടെ ചികിത്സയും സമ്പ്രദായങ്ങളും. ഗര്‍ഭിണിയായ നിന്നെ ഇതൊന്നും അറിയിക്കണ്ട എന്ന് അമ്മ തന്നെയാണ് പറഞ്ഞതും”
ബാഗ് വച്ചിട്ടിറങ്ങി വന്ന അനുജത്തിയുടെ വിശദീകരണം കേട്ട ഞാന്‍ തളര്‍ന്നിരുന്നു പോയി. വീട്ടിലേക്ക് വരാന്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുകയായിരുന്ന എനിക്ക് അമ്മയുടെ അഭാവം വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. വീണ്ടും അമ്മയുടെ വാത്സല്യം ആവോളം അനുഭവിച്ച് അച്ഛനോടും അനുജത്തിയോടും കുറുമ്പ് കാട്ടി ജീവിക്കാന്‍ കിട്ടുന്ന ഈ അവസരം ആഘോഷിക്കാന്‍ അത്യാര്‍ത്തിയോടെ വന്നതായിരുന്നു ഞാന്‍. പ്രസവത്തെക്കാള്‍ ഉപരി, നഷ്‌ടമായ ആ പഴയ ജീവിതം കുറച്ചു നാള്‍കൂടി കിട്ടുമല്ലോ എന്ന ചിന്തയായിരുന്നു എന്നെ ഭരിച്ചിരുന്നത്. അമ്മയുണ്ടാക്കി നല്‍കുന്ന രുചികരങ്ങളായ വിഭവങ്ങളും ഗര്‍ഭാവസ്ഥയിലുള്ള എനിക്ക് അമ്മയില്‍ നിന്നും കിട്ടുന്ന പരിചരണങ്ങളും എല്ലാം എന്റെ മനസിലുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍..അമ്മയില്ലാത്ത ഈ വീട് ശ്മശാനതുല്യമാണ് എന്നെനിക്ക് തോന്നി.
“ചെല്ല് മോളെ..അമ്മ പൂര്‍ണ്ണ സുഖമായി തിരികെ എത്തും. നീ അതെപ്പറ്റി ആലോചിച്ച് വിഷമിക്കണ്ട. കുഞ്ഞമ്മ നിന്റെ കാര്യം നോക്കാനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്. അമ്മ ഇല്ലാത്തതിന്റെ വിഷമം അതുകൊണ്ട് നീ അറിയില്ല; ഉം ചെല്ല്..” അച്ഛന്‍ എന്റെ ശിരസില്‍ വാത്സല്യത്തോടെ തഴുകിക്കൊണ്ട് പറഞ്ഞു.
അമ്മയില്ലാത്ത കുറവ് എനിക്കുണ്ടാകാതിരിക്കാന്‍ അച്ഛനും അനുജത്തിയും കുഞ്ഞമ്മയും എന്നെ മത്സരിച്ചു സ്നേഹിച്ചു. അവരുടെ നിഷ്കളങ്ക സ്നേഹവും പരിചരണവും അമ്മയുടെ അഭാവത്തെ വലിയ ഒരളവു വരെ എന്നെ ബാധിക്കാതിരിക്കാന്‍ കാരണമായി. എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞു തന്നെ അവരെന്നെ പരിചരിച്ചു. രണ്ടു മാസങ്ങള്‍ കഴിഞ്ഞു പോയത് വേഗമായിരുന്നു.
“അച്ഛാ..അമ്മ എന്ന് വരും? എന്റെ കുഞ്ഞിനെ ആദ്യം കൈയിലെടുക്കേണ്ടത് അമ്മയല്ലേ?” പ്രസവത്തിനായി ആശുപത്രിയിലായ സമയത്ത് ഞാന്‍ ചോദിച്ചു.
“അവര്‍ ഫോണ്‍ ചെയ്ത് അറിയിക്കും മോളെ. അങ്ങനെ ഫോണ്‍ വന്നാല്‍ ഞാന്‍ പോയി വിളിച്ചു കൊണ്ടുവരാം..മോള് ഇപ്പോള്‍ അതെപ്പറ്റി ഒന്നും ആലോചിക്കണ്ട. അമ്മ സുഖപ്പെട്ടു വരുന്ന സമയത്ത് നിന്റെ പ്രസവം നടന്നാല്‍ നിന്റെ ആഗ്രഹം പോലെ നടക്കും..അല്ലെങ്കില്‍ വിധിയാണെന്ന് കരുതുക..” എന്റെ മുഖത്തേക്ക് നോക്കാതെയാണ് അച്ഛനത് പറഞ്ഞത്.
അമ്മ പക്ഷെ വന്നില്ല. സുഖപ്രസവം ആയിരുന്നു എനിക്ക്. അച്ഛനും അമ്മയ്ക്കും ഉണ്ടായതുപോലെ എനിക്കും സുന്ദരിയായ ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത്. അവളെ കണ്ടതോടെ ഞാന്‍ മറ്റെല്ലാം മറന്നു കഴിഞ്ഞിരുന്നു; അമ്മയുടെ അഭാവം പോലും. എന്റെ മാത്രമെന്ന് പറയാവുന്ന ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടായിരിക്കുന്നു. അമ്മയാകുന്നതിന്റെ നിര്‍വൃതി എത്ര വലുതാണ് എന്ന് അനുഭവിച്ചുതന്നെ അറിയണം. ഒരിക്കലും ഒരു പുരുഷനും പ്രാപ്യമല്ലാത്ത ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ അനുഭൂതിയാണ് അത്.
പ്രസവാനന്തരം എന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന്‍ വന്നിരുന്നില്ല. കുഞ്ഞമ്മയും അനുജത്തിയും കുഞ്ഞമ്മയുടെ മകളുമാണ് എന്നെ ആശുപത്രിയില്‍ നിന്നും കൊണ്ടുപോയത്. കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ എന്നെ എതിരേറ്റത് അവിശ്വസനീയമായ കാഴ്ച തന്നെയായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് പൊട്ടിപ്പോകും എന്നെനിക്ക് തോന്നിപ്പോയി. കാറില്‍ നിന്നും കുഞ്ഞുമായി ഇറങ്ങിയ എന്റെ നേരെ ഒരു നവവധുവിനെപ്പോലെ നാണിച്ച് കൈകള്‍ നീട്ടുന്ന അമ്മ! അമ്മയാകെ മാറിയിരിക്കുന്നത് പോലെ എനിക്ക് തോന്നി. പ്രായം ഒരുപാട് കുറഞ്ഞത് പോലെ. കണ്ണുകള്‍ക്കും കവിളുകള്‍ക്കും മുന്‍പില്ലാതിരുന്ന തിളക്കം. ചികിത്സ അമ്മയെ അടിമുടി മാറ്റിയിരിക്കുന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ച ശേഷം കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി.
“അമ്മെ..അമ്മ എപ്പോഴാണ് വന്നത്? അമ്മയുടെ അസുഖം മാറിയോ..അമ്മെ കാണാതെ ഞാന്‍ എന്തുമാത്രം വിഷമിച്ചെന്നറിയാമോ? എന്നാലും എന്നോട് പറയാതെ പോകാന്‍ എങ്ങനെ തോന്നി? ചികിത്സയൊക്കെ നല്ലതയിരുന്നോ അമ്മെ? വേദന പൂര്‍ണ്ണമായി മാറിയോ..” അമ്മയെ കണ്ടു മതിമറന്ന ഞാന്‍ പരിഭവവും സ്നേഹവും എല്ലാം ഒന്നിച്ചു കുടഞ്ഞിട്ടു.
അമ്മ മറുപടി നല്‍കാതെ തലയാട്ടിക്കൊണ്ട് മോളെ ചുംബിച്ചു. അമ്മൂമ്മയുടെ കൈകളിലിരിക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണെന്ന് തോന്നി. കൈകാലുകള്‍ ഇളക്കിക്കൊണ്ട് അമ്മൂമ്മയുടെ മുഖത്തേക്കാണ് അവളുടെ നോട്ടം.
പെട്ടെന്ന് ഞാനൊരു ശബ്ദം കേട്ടു. ഒരു കുഞ്ഞിന്റെ കരച്ചില്‍ പോലെ ഒന്ന്! ഞാന്‍ അമ്മയുടെ കൈയിലേക്ക് നോക്കി. മോളല്ല കരഞ്ഞത് എനെന്നിക്ക് മനസിലായി. വീണ്ടും ആ കരച്ചില്‍. അമ്മ പിടയ്ക്കുന്ന മിഴികളോടെ എന്നെ നോക്കി. ആ മുഖം ലജ്ജ കൊണ്ട് തുടുക്കുന്നത് എന്നില്‍ സംശയങ്ങളുടെ പെരുമഴ തീര്‍ത്തു.
“ഇനി നാണിച്ചിട്ട് കാര്യമില്ല. കുഞ്ഞിനെ ഇങ്ങു തന്നിട്ട് പോയി അവന് പാലുകൊടുക്കമ്മേ” അനുജത്തി അമ്മയുടെ പക്കല്‍ നിന്നും മോളെ വാങ്ങിയിട്ട് പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി. അമ്മ അവിടെ നില്‍ക്കാനാകാതെ ഉള്ളിലേക്ക് ഓടിയപ്പോള്‍ ഞാന്‍ അങ്കലാപ്പോടെ അവളെ നോക്കി. അവളുടെ കണ്ണുകളിലും ചുണ്ടുകളിലും തത്തിക്കളിക്കുന്ന കുസൃതിച്ചിരി.
“പാല് കൊടുക്കാനോ? ആര്‍ക്ക്? ഏതാടി ആ കുഞ്ഞ്?”
“അതേടീ..എനിക്കും നിനക്കും ഒരു അനുജന്‍ പിറന്നിരിക്കുന്നു; ഈ മുത്തിന് ഒരു അമ്മാവനും”
അവളുടെ വെളിപ്പെടുത്തല്‍ കേട്ട ഞാന്‍ ഞെട്ടി എന്ന് പറഞ്ഞാല്‍ അത് തീരെ കുറഞ്ഞുപോകും. അതു കേട്ടപ്പോഴുള്ള എന്റെ മാനസികാവസ്ഥ വര്‍ണ്ണിക്കാന്‍ എനിക്കെന്നല്ല, ലോകത്തൊരാള്‍ക്ക് കഴിയുമെന്നെനിക്ക് തോന്നുന്നില്ല. സന്തോഷമാണോ അത്ഭുതമാണോ സംശയമാണോ എന്നൊന്നും തിരിച്ചറിയാന്‍ സാധിക്കാത്ത സമ്മിശ്ര വികാരങ്ങളുടെ ഒരുമിച്ചുള്ള ഒരു തള്ളിക്കയറ്റം. ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടി. അവിടെ നാണിച്ച് മുഖം കുനിച്ച് സുന്ദരനായ ഒരു ആണ്‍കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മ. അടുത്തുതന്നെ എന്നെ നോക്കാനാകാതെ വിരണ്ടു നില്‍ക്കുന്ന അച്ഛന്‍.
എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചിരിച്ചു; മതിമറന്നു ഭ്രാന്ത് പിടിച്ചതുപോലെയുള്ള ചിരി. ചിരിച്ചുചിരിച്ച് എനിക്ക് വയറ്റില്‍ വേദനയെടുത്തു. കുഞ്ഞമ്മയും അനുജത്തിയും കുഞ്ഞമ്മയുടെ മകളും എന്റെ ചിരിയില്‍ പങ്കു ചേര്‍ന്നിരുന്നു.
“എന്നാലും എന്റെ അമ്മെ..പെരുങ്കള്ളീ …” ചിരിച്ചുകൊണ്ട് അമ്മയുടെ കവിളില്‍ ഞാന്‍ നുള്ളി. പിന്നെ അനുജനെ സ്വന്തം കൈകളിലേക്ക് സ്വീകരിച്ചു. എന്റെ കൈകളുടെ സ്പര്‍ശനം അറിഞ്ഞ അവന്‍ കൈകാലുകള്‍ ഇളക്കി മോണ കാട്ടി എന്നെ നോക്കിയൊരു ചിരി; കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി എനിക്ക്.
“അനുജനെയും മോളെയും ഒരുമിച്ചു ലഭിക്കുന്ന ലോകത്തെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് ഞാനാണ്..അല്ലേടാ കുട്ടാ” അവന്റെ നെറ്റിയില്‍ മുത്തം ചാര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“അതിലേറെ ഭാഗ്യമല്ലേടി അച്ഛനും അമ്മയ്ക്കും ഉണ്ടായിരിക്കുന്നത്? മകനെയും കൊച്ചുമകളെയും ഒരുമിച്ച് കിട്ടി ലോട്ടറി അടിച്ചിരിക്കുകയല്ലേ രണ്ടിനും. എന്തായാലും ഞാനുണ്ടായതോടെ ഇവര് കുടുംബാസൂത്രണം ചെയ്യാഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഈ കൊച്ചു കള്ളനെ നമുക്ക് കിട്ടുമായിരുന്നോ?”
ബെല്ലും ബ്രേക്കും ഇല്ലാത്ത അനുജത്തിയുടെ സംസാരം വിരണ്ടു നില്‍ക്കുകയായിരുന്ന അച്ഛനെയും നാണിച്ച് സ്വയം ഇല്ലാതായത് പോലെ ഇരിക്കുകയായിരുന്ന അമ്മയെയും വരെ ചിരിപ്പിച്ചു.
Samuel George
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission